TopTop

മണ്ഡലകാലത്തെത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കുമോ? പോലീസിന് അവ്യക്തത; എല്ലാ ആസൂത്രണങ്ങളും പൂര്‍ത്തിയായെന്ന് ഹൈന്ദവ സംഘടനകള്‍

മണ്ഡലകാലത്തെത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കുമോ? പോലീസിന് അവ്യക്തത; എല്ലാ ആസൂത്രണങ്ങളും പൂര്‍ത്തിയായെന്ന് ഹൈന്ദവ സംഘടനകള്‍
മണ്ഡല -മകരവിളക്ക് തീര്‍ഥാടന കാലത്തിനായി ശബരിമല നടതുറക്കാന്‍ ഇനി രണ്ട് ദിവസം. വീണ്ടും ചര്‍ച്ചകളില്‍ ശബരിമല സജീവമായി. ഇക്കാലയളവില്‍ യുവതികള്‍ എത്തുമെന്ന് ഉറപ്പിക്കുന്നതാണ് ഇതേവരെയുള്ള കാര്യങ്ങള്‍. 555 യുവതികള്‍ ശബരിമലയില്‍ ദര്‍ശനത്തിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ നടതുറക്കാന്‍ രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുവതികള്‍ ദര്‍ശനത്തിനായി എത്തിയാല്‍ ഏത് തരത്തില്‍ സംരക്ഷണം ഒരുക്കണമെന്ന കാര്യത്തില്‍ ഇതേവരെ തീരുമാനമായിട്ടില്ല. 16,000 പോലീസുകാരെ ശബരിമലയില്‍ വിന്യസിക്കുമെന്ന് പറഞ്ഞിരുന്ന പോലീസ് അധികൃതര്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ അവസാന തീരുമാനമായിട്ടില്ല എന്ന മറുപടിയാണ് നല്‍കുന്നത്. അതേസമയം യുവതികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഇതേവരെ കണ്ടതിലും വലിയ പ്രതിഷേധങ്ങള്‍ക്ക് ശബരിമല സാക്ഷിയാവും എന്ന മുന്നറിയിപ്പാണ് ഹൈന്ദവ സംഘടനകള്‍ നല്‍കുന്നത്. ഇതിനിടെ ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം. വെള്ളിയാഴ്ചയാണ് നടതുറപ്പ്.

പുന:പരിശോധനാ ഹര്‍ജികളില്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന സുപ്രീംകോടതി തീരുമാനം ചൊവ്വാഴ്ച വന്നു. ഇതിനെ ഒന്നാംഘട്ട വിജയമായാണ് ഹൈന്ദവസംഘടനകള്‍ കണക്കാക്കുന്നത്. എന്നാല്‍ വിധി നിലനില്‍ക്കുകയും, പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി പറയുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇനി ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഏവരും ശ്രദ്ധയോടെ വീക്ഷിക്കുന്നത്. ചിത്തിരയാട്ട വിശേഷങ്ങള്‍ക്കായി രണ്ട് ദിവസത്തേക്ക് ശബരിമല നടതുറന്നത് ഒരാഴ്ച മുമ്പാണ്. എന്നാല്‍ അന്ന് നടതുറക്കുന്നതിന് മൂന്ന് ദിവസങ്ങള്‍ മുമ്പ് തന്നെ ശബരിമലയിലും പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും 7500 പോലീസുകാരെ സുരക്ഷാ ചുമതലയേല്‍പ്പിക്കുകയും ചെയ്തു. ഐജി, എസ്പി, ഡിവൈഎസ്പി, സിഐ, എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരും സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കും ശബരിമലയില്‍ വിവിധിടങ്ങളിലായി ചുമതല നല്‍കിയിരുന്നു. സന്നിധാനത്തുള്‍പ്പെടെ വനിതാപോലീസിനെയും നിയോഗിച്ചു. എന്നാല്‍ ഇത്തവണ നടതുറക്കാന്‍ രണ്ട് ദിവസമുള്ളപ്പോള്‍ ഇത്തരത്തിലുള്ള സജ്ജീകരണങ്ങളൊന്നും നടപ്പാക്കിയിട്ടുമില്ല. സുരക്ഷ നടപ്പിലാക്കുന്നതിനുള്ള ആസൂത്രണങ്ങളോ, എത്ര പോലീസുകാരെ നിയോഗിക്കുമെന്നത് സംബന്ധിച്ചോ ഇതേവരെ തീരുമാനമോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് പറയുന്നു. 'പോലീസിനെ വിന്യസിക്കുന്നതിന് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ലിസ്റ്റ് എല്ലാം തയ്യാറാക്കുന്നതേയുള്ളൂ. ബുധനാഴ്ച വൈകിട്ടോടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ അറിയാന്‍ കഴിയൂ. ഇത് വരെ അത് സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.' എന്നാണ് പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് ടി.നാരായണന്‍ പറഞ്ഞത്. മണ്ഡലകാലത്ത് കൂടുതല്‍ തീര്‍ഥാടകര്‍ എത്തുമെന്നിരിക്കെ യുവതികള്‍ ദര്‍ശനത്തിനെത്താനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. എന്നാല്‍ ഇവര്‍ക്ക് സംരക്ഷണം ഒരുക്കുന്ന കാര്യത്തില്‍ ഉന്നതതല നിര്‍ദ്ദേശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

സെപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി വരുന്നത്. പിന്നീട് തുലാംമാസ പൂജകള്‍ക്കായി നടതുറന്നപ്പോള്‍ നിലയ്ക്കലും സന്നിധാനത്തും വലിയ തോതില്‍ പ്രതിഷേധങ്ങളും സംഘര്‍ഷവും ഉണ്ടായി. ഒമ്പത് യുവതികള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയെങ്കിലും ഇവര്‍ക്കെല്ലാം പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസിനായതുമില്ല. പിന്നീട് ചിത്തിരയാട്ട വിശേഷങ്ങള്‍ക്കായി നവംബര്‍ അഞ്ചിന് നട തുറന്നു. നവംബര്‍ മൂന്ന് മുതല്‍ ശബരിമലയിലും പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും 20 കിമീ പ്രദേശം പോലീസ് വലയത്തിലാവുകയും ചെയ്തു. മാധ്യമങ്ങള്‍ക്ക് പോലും നിയന്ത്രണം കൊണ്ടുവരികയും ചെയ്തു. നടതുറക്കുന്ന അന്ന് മാത്രമേ മാധ്യമങ്ങളെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചുള്ളൂ. കഠിന പരിശോധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നെങ്കിലും നട തുറന്ന ദിവസം മുതല്‍ നട അടക്കുന്നത് വരെയുള്ള 29 മണിക്കൂറുകള്‍ ശബരിമലയില്‍ പൂര്‍ണമായും പ്രതിഷേധക്കാരുടെ നിയന്ത്രണത്തിലായി. ഇരുമുടിക്കെട്ടുമായി എത്തിയ തീര്‍ഥാടകരെ തടയാന്‍ കഴിയാതെ വന്നതോടെ പോലീസിന് നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വന്നു. ദര്‍ശനത്തിനെത്തിയ 52കാരി തൃശൂര്‍ സ്വദേശിനിക്ക് നേരെ പ്രതിഷേധക്കാര്‍ അസഭ്യവര്‍ഷവും ആക്രമണവും നടത്തി. അവരെ സന്നിധാനത്തെത്തിക്കാന്‍ പോലീസിന് അവരുടെ പ്രായം പ്രതിഷേധക്കാരെ ബോധ്യപ്പെടുത്തേണ്ടതായി വന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കൂടുതല്‍ അക്രമികളുടെ ഫോട്ടോ ആല്‍ബം പോലീസ് തയ്യാറാക്കുകയും അക്രമം നടത്തിയവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു. എന്നാല്‍ നിരോധനാജ്ഞ നിലവിലുണ്ടായിട്ടുകൂടി നടതുറന്നിരിക്കുന്ന സമയമത്രയും പോലീസിന് മറ്റ് നടപടികളിലേക്ക് നീങ്ങാന്‍ കഴിഞ്ഞില്ല.

ചിത്തിരയാട്ട വിശേഷങ്ങള്‍ക്കായി നട തുറക്കുന്നതിന്ന മുമ്പ് തന്നെ മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് 16,000 പോലീസുകാരെ ശബരിമലയില്‍ നിയോഗിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. 15 ദിവസം കൂടുന്ന നാല് ഘട്ടങ്ങളിലായി 16,000 പോലീസുകാരെ നിയോഗിക്കാനാണ് തീരുമാനിച്ചിരുന്നത്. ഓരോ ഘട്ടത്തിലും വനിതാ പോലീസും ഐജി, എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നാലായിരം പേരെ വീതം സുരക്ഷാ ചുമതല ഏല്‍പ്പിക്കാനാണ് തീരുമാനമായത്. എന്നാല്‍ 7500 പോലീസുകാരും 30 കമാന്‍ഡോകളുമുണ്ടായിട്ടും ഒരു ദിവസം പോലും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയാതിരുന്ന സാഹചര്യത്തില്‍ നാലായിരം പോലീസുകാരെ നിയോഗിച്ച് 15 ദിവസം എങ്ങനെ കാര്യങ്ങള്‍ നിയന്ത്രിക്കും എന്ന ആശയക്കുഴപ്പം പോലീസ് അധികൃതര്‍ക്കും ഉണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഈ ആശയക്കുഴപ്പം സര്‍ക്കാര്‍ തലത്തിലും നിലനില്‍ക്കുന്നു എന്നതാണ് ലഭിക്കുന്ന വിവരം.

മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ സജ്ജീകരണങ്ങള്‍ തയ്യാറാണോ എന്ന ചോദ്യത്തിന് 'അതിന് ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ല, ആലോചിച്ചതിന് ശേഷം പിന്നീട് പ്രതികരിക്കാം' എന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഴിമുഖത്തോട് പ്രതികരിച്ചത്. 'യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മകരവിളക്ക് തീര്‍ഥാടനകാലം ജനുവരി 21നു അവസാനിച്ചതിന് ശേഷം ജനുവരി 22ന് സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജികളിലുള്ള വാദം കേള്‍ക്കും. സര്‍ക്കാര്‍ നിയമവിദഗ്ദ്ധരുമായി സംസാരിച്ചതിന് ശേഷം മുന്നോട്ട് പോവും' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രീംകോടതി തീരുമാനം വന്നയുടന്‍ പ്രതികരിച്ചത്.

യുവതീ പ്രവേശനത്തില്‍ നിന്ന് പിന്നോട്ട് പോവില്ല എന്ന ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന മുഖ്യമന്ത്രി പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കും എന്ന തീരുമാനം നിയമവിദഗ്ധരുമായി ആലോചിക്കും എന്ന് നിലപാട് മാറ്റിയത് ശുഭസൂചനയായാണ് ഹൈന്ദവ സംഘടനകള്‍ കണക്കാക്കുന്നത്. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി തയ്യാറായിരിക്കെ മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് യുവതീ പ്രവേശനം അനുവദിക്കുമെന്ന നിലപാടെടുത്താല്‍ അത് സര്‍ക്കാരിന്റെ മാത്രം ബാധ്യതയായി വരുമെന്നും അത്തരത്തില്‍ ഒരു സാഹസത്തിന് സര്‍ക്കാര്‍ മുതിരില്ലെന്നുമാണ് സംഘടനാ പ്രതിനിധികളുടെ പ്രതീക്ഷ. എന്നാല്‍ കോടതി വിധി നിലവിലിരിക്കെ യുവതികള്‍ ശബരിമലയില്‍ സംരക്ഷണമാവശ്യപ്പെട്ടെത്തിയാല്‍ സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് വരികയും ചെയ്യും. അല്ലാത്തപക്ഷം അത് കോടതിയലക്ഷ്യമായും കണക്കാക്കപ്പെട്ടേക്കും.

അതേസമയം സര്‍ക്കാര്‍ യുവതീ പ്രവേശന വിധി നടപ്പിലാക്കാന്‍ ഉറച്ച് മുന്നോട്ട് പോയാല്‍ എന്ത് വിധേനയും അത് തടയാനുറച്ച് മുന്നോട്ട് നീങ്ങുകയാണ് അയ്യപ്പകര്‍മ്മ സമിതിയും ആര്‍എസ്എസും ഉള്‍പ്പെടുന്ന സംഘപരിവാര്‍ സംഘടനകള്‍. 'വിധി കോടതി സ്‌റ്റേ ചെയ്തില്ലെങ്കില്‍ നമുക്ക് ചെയ്യാമല്ലോ?' എന്നാണ് അയ്യപ്പകര്‍മ്മ സമിതി വര്‍ക്കിങ് പ്രസിഡന്റ് കെ പി ശശികല പ്രതികരിച്ചത്. 'ജനുവരി 22വരെ വിധി സ്റ്റേ ചെയ്യാന്‍ ഞങ്ങള്‍ക്കറിയാം. അതിനുള്ള എല്ലാ ആസൂത്രണങ്ങളും പൂര്‍ത്തിയായി. എത്ര ദിവസം എന്നത് പ്രശ്‌നമല്ല. ഇത്രയും ജനങ്ങളില്ലേ? എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളെ സംബന്ധിച്ച് അത് പാടുള്ള കാര്യമല്ല' എന്നും കെ പി ശശികല സുപ്രീംകോടതി തീരുമാനം വന്നതിന് പിന്നാലെ അഴിമുഖത്തോട് പറഞ്ഞു. ചിത്തിരയാട്ടത്തിനായി നടതുറന്നപ്പോള്‍ ചേര്‍ത്തല സ്വദേശിനിയായ അഞ്ജു ദര്‍നത്തിന് സംരക്ഷണമാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ യുവതി എത്തിയെന്ന് മനസ്സിലാക്കിയ സമയം മുതല്‍ അവര്‍ ദര്‍ശന ആവശ്യത്തില്‍ നിന്ന് പിന്‍മാറുന്നത് വരെ പമ്പയില്‍ നടന്ന പ്രതിഷേധ നാമജപയജ്ഞത്തിന് നേതൃത്വം നല്‍കിയത് കെ പി ശശികലയായിരുന്നു. ശബരിമലയില്‍ ആചാരലംഘനം അനുവദിക്കില്ല എന്ന് അവര്‍ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സാഹചര്യങ്ങള്‍ മനസ്സിലാക്കി സര്‍ക്കാര്‍ സ്റ്റാറ്റസ്‌കോ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും അല്ലാത്തപക്ഷം കഴിഞ്ഞതവണകളിലേതിലും വലിയ ഭക്തജനപ്രവാഹം ശബരിമലയില്‍ ഉണ്ടാവുമെന്നും ആര്‍എസ്എസ് കേരള പ്രാന്ത കാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. 'സാധാരണ ഗതിയില്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കാറില്ല. എന്നാല്‍ മകരവിളക്ക് കഴിഞ്ഞതിന് ശേഷം തുറന്ന കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കും. ഇതില്‍ നിന്നും, വിധിയില്‍ അപാകതകള്‍ ഉണ്ടെന്ന് കോടതിക്ക് തന്നെ ബോധ്യപ്പെട്ടിരിക്കുകയാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ വിധി സങ്കേതികമായി സ്‌റ്റേ ചെയ്തില്ല എന്ന് പറയും. എന്നാല്‍ പുനപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുക എന്ന് പറഞ്ഞാല്‍ വേണ്ടത്ര ആലോചനകളോടെയല്ല കോടതി മുമ്പ് തീരുമാനം എടുത്തത് എന്ന് ബോധ്യപ്പെട്ടിരിക്കണം. മുമ്പും അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കാനുള്ള വിധിയല്ല കോടതി പുറപ്പെടുവിച്ചത്. പൊതുവായ ഒരു കാര്യത്തെക്കുറിച്ചുള്ള ഡിക്ലറേറ്റീവ് ജഡ്ജ്‌മെന്റ് ആയിരുന്നു. അത് സര്‍ക്കാര്‍ നടപ്പിലാക്കേണ്ട ഒരു നയത്തെക്കുറിച്ചുള്ളതാണ്. അല്ലാതെ ഇത്ര പെട്ടെന്ന് നടപ്പിലാക്കേണ്ട ഒന്നായിരുന്നില്ല. ഇപ്പോഴെങ്കിലും സ്റ്റാറ്റസ്‌കോ നിലനിര്‍ത്താനുള്ള നിര്‍ദ്ദേശം ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കും എന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ 16ന് നടതുറക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാനിടയില്ല. മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലം സമാധാനപരമായി കടന്നുപോവുകയും ഭക്തര്‍ സമാധാനത്തോടെ ദര്‍ശനം നടത്തി മടങ്ങുകയും ചെയ്യും.


അല്ലാതെ ഒരു തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് സാധ്യമല്ല. കാരണം കഴിഞ്ഞ രണ്ട് തവണയും സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇത്തവണയും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെങ്കില്‍ 15,000 പോലീസോ ഇരുപതിനായിരം പോലീസോ വന്നാല്‍ അതിനനുസരിച്ച് ഭക്തജനപ്രവാഹവും അവിടെയുണ്ടാവും. പോലീസ് എത്ര വരുന്നോ അതിനനുസരിച്ച് ഭക്തജനങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടാവും. പോലീസിന് ഡ്യൂട്ടി ചെയ്യാന്‍ പോലും ബുദ്ധിമുട്ടാവും. പോലീസുകാരും സാധാരണ മനുഷ്യരും ഭക്തജനങ്ങളുമെല്ലാമാണ്. കോടതി പറഞ്ഞതിന്റെ അന്തരാര്‍ഥം മനസ്സിലാക്കി സര്‍ക്കാര്‍ പെരുമാറും എന്ന് തന്നെയാണ് കരുതുന്നത്. സത്യത്തില്‍ ഇന്ന് കോടതി അങ്ങനെ പറഞ്ഞത് സര്‍ക്കാരിനും ആശ്വാസമായിട്ടുണ്ട്. അവരും പ്രശ്‌നത്തിലായി നില്‍ക്കുകയായിരുന്നു. ഇനി അത് ഉള്‍ക്കൊള്ളാതെ മുന്നോട്ട് പോവാനാണെങ്കില്‍ ഭക്തജനങ്ങള്‍ക്ക് അല്ലാത്ത തരത്തില്‍ നേരിടാനും അറിയാം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായതിലും രൂക്ഷമായ സമീപനമായിരിക്കും ഉണ്ടാവുക. ഇതിനായി നില്‍ക്കാനും മരിക്കാനും വരെ തയ്യാറായാണ് ഭക്തജനങ്ങള്‍ നില്‍ക്കുന്നത്. അതുകൊണ്ട് ഒരു ഭരണാധികാരി എന്ന നിലയില്‍ മുഖ്യമന്ത്രിക്ക് കോടതി പറഞ്ഞതിന്റെ അര്‍ഥം ബോധ്യപ്പെടും എന്ന പ്രതീക്ഷയുണ്ട്. മറിച്ച് വീണ്ടും ധാര്‍ഷ്ട്യം കാണിക്കാനാണെങ്കില്‍ അതിന്റെ അതിരൂക്ഷമായ തിക്തഫലം സര്‍ക്കാര്‍ അനുഭവിക്കും. ഞങ്ങള്‍ എന്തായാലും ഭീതിയില്ല.'


ചിത്തിരാട്ട വിശേഷങ്ങള്‍ക്ക് നടതുറക്കുന്നതിന് മുമ്പ് പോലീസ് മേധാവിയും ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയുമുള്‍പ്പെടെയുള്ളവര്‍ ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ തൃപ്തി ദേശായി ഉള്‍പ്പെടെയുള്ളവര്‍ ശബരിമലയില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിട്ടും സര്‍ക്കാരോ പോലീസോ ഒരു പ്രസ്താവനക്ക് പോലും മുതിര്‍ന്നിട്ടില്ല. ഇത് മണ്ഡലകാലത്ത് ദര്‍ശനം നടത്താമെന്ന ധാരണയില്‍ മുന്നോട്ട് പോവുന്ന യുവതികള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ പോലീസും സര്‍ക്കാരും ഒരു വശത്തും ഹൈന്ദവസംഘടനകള്‍ മറുവശത്തും നിന്നുള്ള വാദപ്രതിവാദങ്ങളും വെല്ലുവിളികളും കണ്ടെങ്കില്‍ ഇത്തവണ സംഘപരിവാര്‍ സംഘടനകള്‍ മാത്രമാണ് വെല്ലുവിളിയുമായി രംഗത്തെത്തിയിട്ടുള്ളത്. സ്ഥിതിഗതികള്‍ ഇങ്ങനെയായിരിക്കെ ഇനി സര്‍ക്കാര്‍ നിലപാടാണ് നിര്‍ണായകം.  സര്‍വകക്ഷി യോഗത്തിന്റെ തീരുമാനമനുസരിച്ചാവും മുന്നോട്ട് പോവുക എന്ന സൂചനയാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

https://www.azhimukham.com/kerala-sabaimala-women-entry-supreme-court-decision-will-be-challenge-for-cm-pinarayi-vijayan/

https://www.azhimukham.com/trending-pinarayi-government-wants-to-face-highly-experiments-in-this-sabarimala-season/

https://www.azhimukham.com/opinion-wagon-tragedy-freedom-movement-thirur-railway-satation-sanghparivar/

https://www.azhimukham.com/sabarimala-ayyappa-sasthavu-name-controversy-myth-history-krishna-govind-azhimukham/

https://www.azhimukham.com/trending-culture-writer-krmeera-sabarimala-women-entry-issues/

Next Story

Related Stories