Top

തൃപ്തി മടങ്ങില്ല; കുടുങ്ങിയിട്ട് ഏഴ് മണിക്കൂര്‍

തൃപ്തി മടങ്ങില്ല; കുടുങ്ങിയിട്ട് ഏഴ് മണിക്കൂര്‍
സുരക്ഷ ശക്തമാക്കി പോലീസ്. പ്രതിഷേധങ്ങള്‍ക്ക് അയവില്ല. ശബരിമല നടതുറക്കുന്ന ദിവസത്തെ ആദ്യ മണിക്കൂറുകള്‍ നല്‍കുന്നത് ശുഭസൂചനകളല്ല. പുലര്‍ച്ചെ അഞ്ച്മണിയോടെ നെടുമ്പാശേരി വിമനത്താവളത്തില്‍ എത്തിയ തൃപ്തി ദേശായിക്ക് ഇതേവരെ പുറത്തുകടക്കാനായിട്ടില്ല. ആയിരക്കണക്കിനാളുകള്‍ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധങ്ങളുമായി തടിച്ചുകൂടിയിരിക്കുകയാണ്. തൃപ്തിയെ പുറത്തുകടക്കാന്‍ അനുവദിക്കില്ല എന്ന് പ്രതിഷേധക്കാര്‍ ഉറപ്പിച്ച് പറയുന്നു. എന്നാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടും പ്രതിഷേധം ഒഴിവാക്കാനോ പ്രതിഷേധക്കാരെ നീക്കാനോ പോലീസിനായിട്ടില്ല. ഏഴ്‌ മണിക്കൂറായി വിമാനത്താവളത്തില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്. പ്രതിഷേധമവസാനിപ്പിക്കാനുള്ള നടപടികള്‍ ചെയ്യണമെന്ന് വിമാനത്താവള അധികൃതര്‍ പോലീസിനോട് അപേക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ സാഹചര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി തൃപ്തി ദേശായിയെ തിരികെ അയക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. എന്നാല്‍ താന്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങൂ എന്ന തീരുമാനത്തില്‍ തൃപ്തി ദേശായി ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ ഇവരെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോവാന്‍ പ്രീപെയ്ഡ് ടാക്‌സിക്കാരടക്കം വിസമ്മതിച്ചു. വിമാനത്താവളത്തിലേക്ക് കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമയം ചെല്ലുന്തോറും വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ മുതല്‍ പെയ്യുന്ന മഴയെ അവഗണിച്ചുകൊണ്ട് വിമാനത്താവളത്തിന്റെ അറൈവല്‍ ഗേറ്റും കടന്ന് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിരിക്കുകയാണ്. തൃപ്തിയുടെ വരവില്‍ പ്രതിഷേധിച്ച് കോട്ടയം തിരുനക്കര ക്ഷേത്രത്തിലും നാമജപ പ്രതിഷേധം തുടരുകയാണ്.

വിമാനത്താവളത്തില്‍ എത്തുന്നത് മുതല്‍ തനിക്കും സംഘത്തിനും സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ തൃപ്തിക്ക് മാത്രമായി പ്രത്യേകം സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നും എല്ലാവര്‍ക്കും ലഭ്യമാവുന്ന സംരക്ഷണം തൃപ്തിക്കും ലഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആറ് മണിക്കൂറുകളായി വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ കുടങ്ങിക്കിടക്കുന്ന തൃപ്തി ദേശായിക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ താരുമാനമായില്ലെന്ന് ഡിജിപിയും പറഞ്ഞു.

ശബരിമലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. കനത്ത സുരക്ഷാസംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ബാരിക്കേഡുകളടക്കം ശബരിമലയില്‍ നിരത്തിയാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. സന്നിധാനത്ത് രാത്രി ആരെയും തങ്ങാനനുവദിക്കില്ല എന്ന നിര്‍ദ്ദേശം പോലീസ് പുറപ്പെടുവിച്ചു. നടപ്പന്തലിലുള്ള പോലീസുകാര്‍ക്ക് ലാത്തി,ഷീല്‍ഡ്,ഹെല്‍മറ്റ് എന്നിവ നിര്‍ബന്ധമാക്കി. നടപ്പന്തലിലുള്ള ഉദ്യോഗസ്ഥര്‍ ലാത്തി ഉപയോഗിക്കണം. പതിനെട്ടാംപടിക്ക് താഴെയും യൂണിഫോം ധരിക്കണം. പതിനെട്ടാംപടിയിലും സോപാനത്തും മാത്രമാണ് ഡ്രസ്‌കോഡിന് ഇളവുള്ളത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സല്യൂട്ട് നല്‍കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പോലീസുകാര്‍ക്ക് കൈമാറിയിട്ടുള്ളത്. അഴുത പരമ്പരാഗത കാനനപാതയിലും തീര്‍ഥാടകര്‍ക്ക് പാസ് ഏര്‍പ്പെടുത്തി. ആദ്യമായിട്ടാണ് കാനനപാതയില്‍ ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പേരും വിലാസവും നല്‍കിയതിന് ശേഷമേ കാനനപാതയിലൂടെ ഭക്തര്‍ക്ക് പോവാനാവൂ. ആയിരക്കണക്കിന് ഭക്തരാണ് നിലവില്‍ ശബരിമലയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയോടെ മാത്രമേ തീര്‍ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടൂ എന്ന് പോലീസ് തീരുമാനിച്ചിരുന്നു. ഇതിനിടെ പമ്പയില്‍ വിരിവക്കാന്‍ പോലീസ് അനുവദിക്കാത്തതില്‍ തീര്‍ഥാടകരില്‍ ചിലര്‍ പ്രതിഷേധിച്ചു.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശബരിമലയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കുന്ന കാര്യം ഇന്ന് തീരുമാനമാവും എന്ന് ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു.

https://www.azhimukham.com/trending-who-is-trupti-desai/

Next Story

Related Stories