Top

വനിതാ മതിലോ? അയ്യപ്പ ജ്യോതിയോ? ബലാബലത്തില്‍ ആര് ജയിക്കും?

വനിതാ മതിലോ? അയ്യപ്പ ജ്യോതിയോ? ബലാബലത്തില്‍ ആര് ജയിക്കും?
ശബരിമല മണ്ഡല കാലം അവസാനിക്കാനിരിക്കെ, തമിഴ്നാട്ടില്‍ നിന്നുള്ള മനിതി കൂട്ടായ്മ മല കയറാന്‍ എത്തിയതുമായി ബന്ധപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ക്ക് ജീവന്‍ വയ്പിച്ച ബിജെപിയും വിവിധ സംഘപരിവാര്‍ സംഘടനകളുടെ കൂട്ടായ്മയായ അയ്യപ്പ കര്‍മസമിതിയും പ്രതിഷേധക്കാരെ നേരിടാന്‍ കഴിയാതെ മനിതി കൂട്ടായ്മക്കാരെ തിരിച്ചയച്ചതില്‍ പ്രതിരോധത്തിലായ സര്‍ക്കാരും നേര്‍ക്കു നേര്‍. ഇനി നടക്കാനിരിക്കുന്ന നവോത്ഥാന മതിലിലും അയ്യപ്പ ജ്യോതിയിലും കരുത്തുകാട്ടാനുള്ള ഒരുക്കത്തിലാണ് ഇരു വിഭാഗവും.

ജനുവരി ഒന്നിന് നടക്കുന്ന നവോഥാന വനിതാ മതില്‍ വിജയിപ്പിക്കാന്‍ ന്യൂനപക്ഷങ്ങളുടേയും സഹകരണം തേടിയിട്ടുണ്ട് സര്‍ക്കാര്‍. മതില്‍ തീര്‍ക്കുന്നതിന് മുന്നേ അയ്യപ്പ ജ്യോതിയുമായി കരുത്ത് കാട്ടാനുറച്ചാണ് അയ്യപ്പ കര്‍മ്മ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍. നവോത്ഥാന മതിലിനും അയ്യപ്പ ജ്യോതിക്കും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചരണ പരിപാടികളും ആളെക്കൂട്ടാനുള്ള ശ്രമങ്ങളുമായി സജീവമാണ് ഇരുകൂട്ടരും. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തുന്ന വനിതാ മതിലിന് മുപ്പത് ലക്ഷം സ്ത്രീകളെ അണിനിരത്താനാവുമെന്ന പ്രതീക്ഷയാണ് സംഘാടകര്‍ക്ക്. വനിതാ മതിലിനെ പ്രതിരോധിക്കാനായി പത്ത് ലക്ഷം പേരെ, കത്തിച്ച എള്ളുതിരിയുമായി നിരത്തിലിറക്കാനാണ് അയ്യപ്പകര്‍മ്മ സമിതിയുടെ നീക്കം.

വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന തരത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ മതന്യൂനപക്ഷങ്ങളേയും വനിതാ മതിലിന്റെ ഭാഗമാക്കി ഈ വിമര്‍ശനത്തെ നേരിടാനാണ് സിപിഎമ്മിന്റെ തീരുമാനം. ന്യൂനപക്ഷങ്ങളുടെയും മതമേലധ്യക്ഷന്‍മാരുടേയും പിന്തുണ തേടാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സമൂഹത്തില്‍ വര്‍ഗീയതയും വിഭജനവുമുണ്ടാക്കാനേ വനിതാ മതില്‍ ഉപകരിക്കൂ എന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലും കഴിഞ്ഞ ദിവസം ആക്ഷേപമുന്നയിച്ചിരുന്നു. ഇത്തരം വിമര്‍ശനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ എല്ലാ മതവിഭാഗങ്ങളേയും കൂട്ടുപിടിക്കാനാണ് സിപിഎം തീരുമാനം. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. "
സമൂഹത്തിലെ സ്ത്രീകളുടെയാകെ പരിഛേദം എന്ന നിലയില്‍ രൂപപ്പെടുന്ന വനിതാ മതിലിനെ വര്‍ഗീയത കലര്‍ത്തി പൊളിക്കാനാണ് പ്രതിപക്ഷ ശ്രമം. അത് വിലപ്പോവില്ലെന്ന് ജനുവരി ഒന്നിന് തെളിയിക്കും. ഭൂരിപക്ഷ, ന്യൂപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളേയും ഉള്‍ക്കൊള്ളുന്നതായിരിക്കും വനിതാ മതില്‍. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി സ്ത്രീകളൊന്നാകെ പങ്കെടുക്കുമെന്ന് വന്നതോടെ ഒരു വിഭാഗത്തെയെങ്കിലും പിന്തിരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് തെറ്റിദ്ധാരണ പരത്തല്‍",
എന്ന പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

https://www.azhimukham.com/kerala-bjp-protest-becomes-active-again-after-manithi-visits-sabarimala/

ജില്ലാ തലത്തില്‍ പ്രത്യേകം സംഘാടക കമ്മറ്റികള്‍ നിശ്ചയിച്ച് വനിതാ മതിലിന്റെ പ്രചരണത്തിനും നടത്തിപ്പിനുമായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. സിപിഎം പ്രവര്‍ത്തകര്‍ വാര്‍ഡ് തലത്തില്‍ ഇതിനായി പ്രചരണം നടത്തുന്നുണ്ട്. അതിന് പുറമെ മതില്‍ സംഘാടക സമിതിയുടെ നേതൃത്വത്തിലുള്ള എസ്എന്‍ഡിപി, കെപിഎംഎസ് എന്നിവരും ശാഖകളും യൂണിറ്റുകളും കേന്ദ്രീകരിച്ചും പ്രവര്‍ത്തനം നടത്തുന്നുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരോട് വനിതാമതിലില്‍ പങ്കുചേരണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി സിഡിഎസ് അംഗങ്ങള്‍ പറയുന്നു. അയല്‍ക്കൂട്ടങ്ങളിലും, മൈക്രോഫിനാന്‍സ് യൂണിറ്റുകളിലും, സ്വാശ്രയസംഘങ്ങളിലും,സാമുദായിക സംഘടനകള്‍ക്ക് കീഴിലുള്ള പുരുഷ-വനിതാ കൂട്ടായ്മകളിലും ഇത് സംബന്ധിച്ച പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരോടും, കോളേജ് വിദ്യാര്‍ഥികളോടും മതിലില്‍ പങ്കെടുക്കാന്‍ വിവിധ തൊഴിലാളി സംഘടനകള്‍ വഴിയും വിദ്യാര്‍ഥി സംഘടനകള്‍ വഴിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പതിനെട്ട് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കുന്നത് ഒവിവാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കുട്ടികള്‍ പങ്കെടുക്കുന്നത് തടയേണ്ടതില്ല എന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് അറിയുന്നത്.

എന്നാല്‍ വനിതാ മതിലിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ, ശബരിമലയില്‍ ആചാരവും അയ്യപ്പ ധര്‍മ്മവും സംരക്ഷിക്കപ്പെടണമെന്ന ആവശ്യമുയര്‍ത്തി ജനുവരി 26ന് കര്‍മ സമിതി അയ്യപ്പ ജ്യോതി തെളിയിക്കും. ഇതിനുള്ള ഒരുക്കങ്ങളും ഏതാണ്ട് പൂര്‍ത്തിയായതായി അയ്യപ്പ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ പറയുന്നു. സ്ത്രീകളും പുരുഷന്‍മാരുമുള്‍പ്പെടെ പത്ത് ലക്ഷം പേര്‍ അയ്യപ്പജ്യോതി തെളിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അയ്യപ്പ കര്‍മ്മ സമിതി വര്‍ക്കിങ് പ്രസിഡന്റ് കെ പി ശശികല പറഞ്ഞു. "
എല്ലാ അയ്യപ്പ വിശ്വാസികളും എള്ളുതിരി കത്തിക്കാന്‍ ഇറങ്ങും. മഞ്ചേശ്വരം മുതല്‍ അങ്കമാലി വരെ ദേശീയപാതയോരത്തും അങ്കമാലി മുതല്‍ തിരുവന്തപുരം വരെ എംസി റോഡിലും, തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെ ദേശീയപാതയിലും അയ്യപ്പജ്യോതി തെളിയും. 26ന് വൈകിട്ട് അഞ്ച് മണിയോടെ ഉദ്ഘാടന സമ്മേളനം നടക്കും. സ്വാമി ചിദാനന്ദപുരിയുടെ ഉദ്ഘാടന സന്ദേശം എല്ലായിടത്തും കേള്‍പ്പിക്കും. പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ചെറിയ ഉദ്ഘാടന സമ്മേളനവും ഉണ്ടാവും. അഞ്ചരയോടെ എല്ലാവരും നിരത്തില്‍ നിരയായി നില്‍ക്കും. ആറ് മണിയോടെ ദീപം തെളിയിക്കുകയും ശരണംവിളിക്കുകയും ചെയ്യും."


https://www.azhimukham.com/opinon-sabarimala-women-entry-vanitha-mathil-manithi-pinarayi-vijayan-kerala-renaissance-writes-sharon-pradeep/

അയ്യപ്പ ജ്യോതിക്കായി ആളുകളെ ഇറക്കാന്‍ പ്രചരണപരിപാടികള്‍ ശക്തമാണ്. ഓരോ കിലോമീറ്ററിലും ഓരോ പ്രമുഖിന്റെ നേതൃത്വത്തിലാണ് പ്രചരണവും അയ്യപ്പജ്യോതി തെളിയിക്കലും. ഓരോ നൂറ് മീറ്ററിലും രണ്ട് പ്രമുഖുകള്‍ മേല്‍നോട്ടത്തിനുണ്ടാവും. ഇത്തരത്തിലാണ് അയ്യപ്പ കര്‍മ്മ സമിതിയുടെ പ്രവര്‍ത്തനങ്ങള് മുന്നേറുന്നത്.

അതേസമയം വനിതാമതിലിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ സമുദായാംഗങ്ങളോട് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എന്നാല്‍ അയ്യപ്പജ്യോതിയോടും വനിതാ മതിലിനോടും സഹകരിക്കേണ്ട എന്ന നിലപാടിലാണ് യുഡിഎഫ്. യുഡിഎഫുകാരായ നായര്‍സമുദായക്കാര്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വനിതാമതിലില്‍ പങ്കെടുക്കരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും നിര്‍ദ്ദേശിച്ചു.

https://www.azhimukham.com/kerala-ezhava-community-sndp-vellappally-natesan-thushar-sabarimala-women-entry-pinarayi-amit-shah-report-by-kr-dhanya/

എന്നാല്‍ യഥാര്‍ഥത്തില്‍ വെട്ടിലായിരിക്കുന്നത് എസ്എന്‍ഡിപി പ്രവര്‍ത്തകരാണ്. വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കണമെന്ന നിര്‍ദ്ദേശമാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ശാഖകളില്‍ നല്‍കിയിരിക്കുന്നത്. ഇത് ശാഖാ അംഗങ്ങളില്‍ വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയിരിക്കുന്നത്. എസ്എന്‍ഡിപി സമുദായാംഗമായ സൗമിനി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു "അയ്യപ്പജ്യോതി തെളിക്കണമെന്ന് അവരും വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് മറ്റവരും പറഞ്ഞിട്ടുണ്ട്. രണ്ട് കൂട്ടരുമായും ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങളുണ്ട് എനിക്ക്. അതുകൊണ്ട് മിക്കവാറും രണ്ടിനും പങ്കെടുക്കണ്ടി വരുമായിരിക്കും."

Next Story

Related Stories