TopTop
Begin typing your search above and press return to search.

അഭിമുഖം/വെള്ളാപ്പള്ളി നടേശന്‍; എന്‍എസ്എസ്സും ആര്‍എസ്എസ്സും ഇരട്ട സഹോദരങ്ങള്‍, ശബരിമലയില്‍ നടക്കുന്നത് സവര്‍ണലോബിയുടെ സമരം

അഭിമുഖം/വെള്ളാപ്പള്ളി നടേശന്‍; എന്‍എസ്എസ്സും ആര്‍എസ്എസ്സും ഇരട്ട സഹോദരങ്ങള്‍, ശബരിമലയില്‍ നടക്കുന്നത് സവര്‍ണലോബിയുടെ സമരം

ശബരിമയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും തുടരുകയാണ്. 16ന് മണ്ഡലകാല തീര്‍ഥാടനത്തിലായി വീണ്ടും നടതുറക്കുമ്പോള്‍ ശബരിമല എന്താവും എന്ന ആശങ്ക പലരിലും ഉണ്ട്. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ ശ്രമിക്കുന്നു. അതിനൊപ്പമാണ് അതിനെ എതിര്‍ക്കുന്നവരുടെ പ്രക്ഷോഭങ്ങളും. രഥയാത്രയും, സമരപ്രഖ്യാപനങ്ങളും, സമരം വ്യാപിപ്പിക്കലുമായി സംഘപരിവാര്‍ സംഘടനകള്‍ കച്ചമുറുക്കിയിറങ്ങിയിരിക്കുകയാണ്. ഈ അവസരത്തില്‍ കേരളത്തിലെ രാഷ്ട്രീയ സാമുദായിക നേതാക്കള്‍ ഈ വിഷയത്തെ എങ്ങനെ കാണുന്നു, സമീപിക്കുന്നു എന്ന് നോക്കുകയാണ് അഴിമുഖം.

സമരത്തിനിറങ്ങില്ല, എന്നാല്‍ വിശ്വാസികള്‍ക്കൊപ്പമെന്ന നിലപാടാണ് എസ്എന്‍ഡിപി യോഗം എടുത്തിരിക്കുന്നത്. എന്നാല്‍ രണ്ടിടത്തും തൊടാതെയുള്ള ഈ നിലപാട് ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നു. സമരത്തോട്, അതുയര്‍ത്തുന്ന രാഷ്ട്രീയത്തോട്, ശബരിമലയിലെ യുവതീ പ്രവേശനത്തോട്, കേരളത്തിലെ പൊതു രാഷ്ട്രീയ സാമൂഹിക സാമുദായിക അവസ്ഥയോടുള്ള തന്റെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

സമരം, രാഷ്ട്രീയം

ചിത്തിരയാട്ടമെല്ലാം നമ്മള്‍ കണ്ടതാണല്ലോ? ആ സമരത്തില്‍ വ്യക്തമായ ചില അജണ്ട അതിലുണ്ടായിരുന്നു. ബിജെപി ബിജെപിയുടെ നിലയില്‍ അവിടെ തടയാനുള്ള ശ്രമം നടത്തുന്നു. അതിനെ നേരിടാന്‍ പോലീസ്. ഈ തക്കം നോക്കി ചില സ്ത്രീകള്‍, പത്ത് വയസ്സിനും അമ്പത് വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ കയറണ്ട എന്നുള്ള തീരുമാനത്തിനും അത് വിശ്വസിക്കുന്നവര്‍ക്കും എതിരെ, ഒന്ന് കയറിക്കളയാമെന്ന വിചാരത്തിലുള്ള ചിലര്‍ (അത് ആചാരത്തിന്റെ പേരിലോ അല്ലെങ്കില്‍ അയ്യപ്പനോടുള്ള ബഹുമാനം കൊണ്ടോ ആണ് എന്ന് വിശ്വസിക്കാന്‍ നിവൃര്‍ത്തിയില്ല). അങ്ങനെ സംഘട്ടനത്തിന്റെ കാലഘട്ടമായിരുന്നു. ഈ സംഘട്ടനങ്ങളെക്കുറിച്ചെല്ലാം ആലോചിച്ചാല്‍, എല്ലാവര്‍ക്കും ഓരോ അജണ്ടകളുണ്ട്. രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയത്തിന് ആളെക്കൂട്ടാനുള്ളതായിരുന്നു. കോണ്‍ഗ്രസ് ആണെങ്കിലും ബിജെപി ആണെങ്കിലും സുപ്രീംകോടതി വിധിയെ ഒരുകാലത്ത് അംഗീകരിച്ചവരാണ്. അത് അംഗീകരിക്കുന്നു, ശരിയാണ്, നല്ലതാണ് എന്ന് പറഞ്ഞ ആളുകളാണ്. അതുകഴിഞ്ഞ് സ്വരം മാറി, ഭാവം മാറി, പ്രവര്‍ത്തനം മാറി. ആത്മീയതയുടെ പേരില്‍ പ്രവര്‍ത്തിച്ചാല്‍, ദൈവനാമത്തില്‍ പറഞ്ഞാല്‍ ആളെക്കിട്ടും. ആളുകളെ വികാരം കയറ്റി, അത് മാധ്യമങ്ങളായാലും, ആത്മീയതയെ മാര്‍ക്കറ്റ് ചെയ്തു. ആളെക്കിട്ടി. ജാതിയും മതവും ഇല്ലാതെ ആളെ കിട്ടി. അത് പ്രോത്സാഹിപ്പിക്കാന്‍ രാഷ്ട്രീയക്കാരും വന്നപ്പോള്‍, എല്ലാ രാഷ്ട്രീയക്കാര്‍ക്കും ആളെക്കിട്ടുന്നു എന്നു കണ്ടപ്പോള്‍, രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇറങ്ങി. ബിജെപിയുടെ കേന്ദ്രനേതൃത്വം പാടില്ല എന്ന് ആദ്യം പറഞ്ഞു. കേരളത്തിലെ പരിതസ്ഥിതി വച്ച് ആയിക്കോളാന്‍ രണ്ടാമത്. ഇത് തന്നെ കോണ്‍ഗ്രസും. രാഹുല്‍ ഗാന്ധി പാടില്ല എന്ന് പറയുമ്പോഴും കേരളത്തില്‍ നിങ്ങള്‍ ആയിക്കോ എന്ന് പറയും. ഇവര്‍ക്കെല്ലാം വേറിട്ട് മുഖമാണ് കാണാന്‍ സാധിക്കുന്നത്. പൊതുജനം കഴുതയാണെന്ന് പറഞ്ഞവന്‍ ആരാണോ അവനെ നമിക്കേണ്ടിയിരിക്കുന്നു. നമ്മുടെ അറിവില്ലായ്മയും ചിന്താശക്തിയും ചൂഷണം ചെയ്തുകൊണ്ട് ഇവരെല്ലാം നടത്തുന്ന ഒരു കോലാഹലം.

ഒരു കൂട്ടര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഓരോന്ന് നടത്തുമ്പോള്‍ മറ്റൊരു കൂട്ടര്‍ക്ക് വേറെ നേട്ടവും ലക്ഷ്യവുമുണ്ട്. സവര്‍ണ വിഭാഗങ്ങള്‍ക്ക് കേരളത്തിലെ ദേവസ്വങ്ങളുടെ പ്രമാണിത്തം അവരുടെ കയ്യിലിരിക്കണം. ആ ഇരിക്കണത് വെറുതെയിരിക്കാന്‍ വേണ്ടിയല്ല. സാമ്പത്തിക ലാഭമാണ് അവരുടെ പ്രശ്‌നം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആയാലും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആയാലും മലബാര്‍ ദേവസ്വം ബോര്‍ഡ് ആയാലും കേരളത്തിലെ എല്ലാ ദേവസ്വം ബോര്‍ഡുകളുടേയും നേര്‍ അവകാശക്കാര്‍ ആരാണ്? ഇവിടുത്തെ പിന്നോക്കക്കാരല്ല. അവരാണ് എന്ന് പറയാന്‍ സമ്മതിക്കുകയുമില്ല. മുന്നോക്കക്കാരുടെ കൈവശമിരിക്കുന്ന അവരുടെ സ്വകാര്യമായ സ്വത്ത്. അതിന്റെ പേരില്‍ സ്വകാര്യ അഹങ്കാരവും വച്ച് പുലര്‍ത്തുകയാണ് സവര്‍ണ വിഭാഗങ്ങള്‍. ഈ തക്കം നോക്കി അവരുടെ പ്രാമാണിത്തം ഉറപ്പിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തുന്നു. സവര്‍ണവിഭാഗം, അതിനെചുറ്റിപ്പറ്റി നില്‍ക്കുന്ന പന്തളംകൊട്ടാരം, തന്ത്രി- ഇത് മൂന്നും കൂടി ചേര്‍ന്നാല്‍ ഇവിടെ എല്ലാം ആയല്ലോ? ബാക്കിയുളളവരെല്ലാം നോക്കുകുത്തികള്‍. ഇതില്‍ നിന്ന് മഹാഭൂരിപക്ഷത്തിനും എന്ത് പ്രയോജനം? 15 ശതമാനം വരുന്ന സവര്‍ണരുടെ ആധിപത്യം ഇവിടെ നിലനിര്‍ത്തുവാനുള്‌ള അങ്കം കുറക്കലാണിത്. അതിന് ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് നല്ല പങ്കുണ്ട്. അവരാണ് ഇത് ഊതിവീര്‍പ്പിച്ച്, ആളിക്കത്തിച്ചത്. ഇതെല്ലാം അയ്യപ്പനോടുള്ള സ്‌നേഹമാണോ? അയ്യപ്പനോട് ഒരു സ്‌നേഹവുമില്ല. അയ്യപ്പനോടുള്ള സ്‌നേഹമോ ഭക്തിയോ അല്ല, അയ്യപ്പനോടുള്ള വിഭക്തിയാണെന്നാണ് എനിക്ക് തോന്നുന്നത്. അവിടെ ഓരോരുത്തരും കാട്ടിക്കൂട്ടിയതെന്താണ്? തലയില്‍ക്കെട്ടുമൊക്കെക്കെട്ടി. അയ്യപ്പനിങ്ങനെയാണോ? ഇരുമുടിക്കെട്ടില്ലാതെ, ഭക്തരെന്ന് വേഷം കെട്ടി എത്ര രാഷ്ട്രീയക്കാരാണ് അവിടെ കയറിയിറങ്ങിയത്? പിന്നെ മതേതരമാണ്, എല്ലാവര്‍ക്കും കയറാം എന്ന് പറഞ്ഞാല്‍, സത്യത്തില്‍ അവിടെ ഒരു മതേതരവുമില്ല. എത്ര മുസ്ലീങ്ങളും ക്രിസ്ത്യാനികളും അവിടെ കെട്ടും കെട്ടി ചെല്ലുന്നുണ്ട്? മതേതരം എന്ന് പറുന്നത് ഒരു കള്ളനാണയമാണ്. ഈ ക്ഷേത്രങ്ങളിലെല്ലാം തന്നെ ഹിന്ദുക്കളേ പോവാറുള്ളൂ.

സവര്‍ണര്‍ തട്ടിയെടുത്തത്

ശബരിമലയില്‍ എല്ലാ മുന്നോക്ക പിന്നോക്ക വിഭാഗങ്ങള്‍ക്കും അവകാശമുണ്ടായിരുന്നു. ചീരപ്പന്‍ ചിറക്കാര്‍ അവിടെ നിന്ന് എങ്ങനെ പോയി? വെടിവഴിപാട് അവരുടേതായിരുന്നില്ലേ? എന്റെ ഓര്‍മ്മയിലുണ്ടായിരുന്നതാണ്. അത് ദേവസ്വം ബോര്‍ഡ് കളഞ്ഞു. ദേവസ്വം ബോര്‍ഡ് ആരുടേതാണ്? സവര്‍ണാധിപത്യമല്ലേ അതിലുള്ളത്? ആ ആധ്യപത്യം ഊട്ടിയുറപ്പിച്ചുകൊണ്ട് ചീരപ്പന്‍ചിറക്കാരുടെ അവകാശം തട്ടിദൂരെക്കളഞ്ഞു.മകരജ്യോതി ആരാണ് കത്തിച്ചുകൊണ്ടിരുന്നത്? ആദിവാസികളായിരുന്നു. അപ്പോള്‍ ആദിവാസികളുടേയും ഈഴവന്റേയുമായ എല്ലാ അവകാശങ്ങളും തൂത്തെറിഞ്ഞുകൊണ്ട് അവിടെ സവര്‍ണര്‍ക്ക് മാത്രം അവകാശം നല്‍കി. ജനാധിപത്യം നിലവില്‍ വന്നിട്ട് എത്രയോ കൊല്ലങ്ങളായി. ഇപ്പോഴും ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടെ കണക്കെടുത്താല്‍ 96 ശതമാനവും ഒരൊറ്റ വിഭാഗത്തിലുള്ളതാണ്. 3.7 ശതമാനം ഈഴവന്‍. ഒരു ശതമാനത്തിലും താഴെ പട്ടികജാതിക്കാരന്‍. എന്തേ ഇങ്ങനെ വന്നു? 24,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ശമ്പളം വാങ്ങിക്കുന്നവരുണ്ട്. പ്രാദേശിക സമിതികളും, ക്ഷേത്ര ഉപസമിതികളുമുണ്ട്. ഈ കമ്മിറ്റികള്‍ എന്തെല്ലാ ചൂഷണങ്ങള്‍ നടത്തുന്നുണ്ട്? അവരെല്ലാം ആരാണ്? അങ്ങനെ ഒരു വിഭാഗം സവര്‍ണര്‍ക്ക് ഊറ്റിയൂറ്റി ജീവിക്കാനുള്ള ഒരു സംവിധാനമായി ദേവസ്വം മാറി. നമ്മള്‍ വലിയ പ്രബുദ്ധരാണെന്നൊക്കെ പറയും. ഗുരുവായൂര്‍ ക്ഷേത്രം നോക്കാം. ആനപ്പിണ്ടം പെറുക്കാനെങ്കിലും ഒരു ദളിതനെ വച്ചിട്ടുണ്ടോ? ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുന്നൂറില്‍ താഴെ ജീവനക്കാരുണ്ട്. പട്ടികജാതിക്കാരനോ പിന്നോക്കക്കാരനോ അവിടെ ജീവനക്കാരായുണ്ടോ? അമ്പലങ്ങളിലെയെല്ലാം ആധിപത്യം ഇന്നും ഇന്നലെയും നാളെയും തങ്ങളിലുറപ്പിക്കണമെന്ന വിചാരത്തോടുകൂടി ഈ നമ്പൂതിരി, നായര്‍ സവര്‍ണ ലോബികള്‍ ഒന്നിച്ചുനീങ്ങുകയാണ്. യഥാര്‍ഥത്തില്‍ നമ്പൂതിരിമാരെയും അടിച്ചോടിച്ചു. എന്നിട്ട്‌ നായര്‍ ലോബി ആധിപത്യം ഉറപ്പിപ്പിക്കുകയും വരുമാനം അവര്‍ സ്വകാര്യ ജീവിതത്തില്‍ പ്രയോജനപ്പെടുത്തുകയുമാണ്.

എന്‍എസ്എസും ഹൈന്ദവസംഘടനകളും

ആധിപത്യം നഷ്ടപ്പെടും എന്ന് തോന്നുമ്പോള്‍ അത് ഉറപ്പിക്കാനാണ് നായര്‍ സമുദായം ശ്രമിക്കുന്നത്. ഞങ്ങള്‍ ബിജെപി അല്ല, കോണ്‍ഗ്രസ് അല്ല എന്നാണ് പണ്ടെല്ലാം അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇന്നിപ്പോ ആ പൊയ്മുഖം മാറി. ഇപ്പോള്‍ ഇതെല്ലാം ഒന്നാണെന്ന് വളരെ വ്യക്തമായി തെളിഞ്ഞു കഴിഞ്ഞു. ലക്ഷ്യം അയ്യപ്പനെ നന്നാക്കാനല്ല. ഒരു കൂട്ടര്‍ക്ക് രാഷ്ട്രീയം വളര്‍ത്താനാണെങ്കില്‍ മറ്റൊരു കൂട്ടര്‍ക്ക് അവരുടെ സമുദായത്തിന് ഈ ക്ഷേത്രങ്ങളിലെ സാമ്പത്തികമായ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഭത്മാസുരന് വരം കൊടുത്തത് പോലെയായില്ലേ? മുന്നോക്കക്കാര്‍ക്ക് എന്തെല്ലാമാണ് ഈ സര്‍ക്കാര്‍ നടത്തിക്കൊടുത്തത്. മുന്നോക്ക ക്ഷേമ വകുപ്പ് രൂപീകരിച്ച് നല്‍കി. 96 ശതമാനം ജീവനക്കാരിക്കെ ദേവസ്വം ബോര്‍ഡില്‍ പിന്നെയും 10 ശതമാനം സാമ്പത്തിക സംവരണം വരെ അനുവദിച്ച് കൊടുത്തില്ലേ? ചങ്ങനാശേരിയില്‍ നിന്ന് എന്താ പറഞ്ഞത്? ആരേക്കാളും ഞങ്ങളുടെ ആവശ്യങ്ങള്‍ സാധിച്ച് തന്നിട്ടുള്ളത് പിണറായി സര്‍ക്കാരാണെന്ന് പ്രഖ്യാപനം വരെ നടത്തിയില്ലേ? അപ്പോള്‍ എന്നും കബളിപ്പിക്കപ്പെട്ടത് പിന്നോക്കക്കാരാണ്. കൗശലത്തോടെ, ഏത് സര്‍ക്കാര്‍ വന്നാലും കാര്യങ്ങള്‍ സാധിച്ചുകൊണ്ടുപോവാന്‍ അവര്‍ മിടുക്കന്‍മാരാണ്. അവര്‍ വിവേകമുള്ളവരും ബുദ്ധിമാന്‍മാരുമാണ്. നമ്മളെ സംബന്ധിച്ചിടത്തോളം വികാരജീവികളാണ്. വിവേകമില്ല. അതുകൊണ്ട് പിന്നോക്കക്കാരെപ്പോഴും പിന്നോട്ടടിച്ചുപോവുകയാണ്.

എന്‍എസ്എസും ആര്‍എസ്എസും തമ്മിലുള്ള ബന്ധം പണ്ടേ രൂപപ്പെട്ടതാണ്. അവര്‍ ഇരട്ടസഹോദരന്‍മാരാണ്. എന്‍എസ്എസിന് പകല്‍ ഒരു നയം രാത്രി വേറെ നയം. പറച്ചിലില്‍ ഞങ്ങള്‍ക്ക് ബിജെപിയോട് അയിത്തമാണെന്നൊക്കെ പറയും. അതില്‍ വലിയ കഥയൊന്നുമില്ല. ശ്രീധരന്‍പിള്ളയ്ക്ക് ചെങ്ങന്നൂരില്‍ കിട്ടിയ വോട്ട് ഏതാണ്? 45,000 വോട്ടാണ് കിട്ടിയത്. അത് നായന്‍മാരുടെ വോട്ടല്ലേ? പിന്നെ ബിജെപിക്കാരല്ല എന്ന് പറയുന്നതെങ്ങനെയാണ്. പിന്നെ ഞങ്ങള്‍ കയറ്റിയില്ല, ഇരുത്തിയില്ല എന്നൊക്കെ പറയും. അതൊക്കെം അവരുടെ അടവ് നയമാണ്.

സമരത്തിന് തെരുവിലിറങ്ങരുതെന്ന് പറഞ്ഞത്

ഈ സത്യം മനസ്സിലാക്കിക്കൊണ്ടാണ് പിന്നോക്ക വിഭാഗക്കാര്‍ സമരത്തിന് തെരുവിലറങ്ങരുതെന്ന് ഞാന്‍ പറഞ്ഞത്. ഞങ്ങള്‍ ഭക്തരോടൊപ്പമാണ്. എങ്കില്‍ പോലും ഇതിന് വേണ്ടി സമരഭൂവില്‍ തെരുവിലിറങ്ങി യുദ്ധം ചെയ്യരുതെന്ന് ഞാന്‍ പറയാന്‍ കാരണം, നമുക്ക് ഒരു ഗുണവുമില്ല, അതുകൊണ്ടാണ്. എള്ളുണങ്ങുന്നത് എണ്ണയ്ക്ക്. പാറ്റാക്കാട്ടം എന്തിനാണ് ഉണങ്ങുന്നത്? പാറ്റാക്കാട്ടം ഉണങ്ങിയാല്‍ എന്ത് പ്രയോജനം? അവര്‍ക്ക് ഉണങ്ങിയാല്‍ എണ്ണകിട്ടും. ഞങ്ങള്‍ ഉണങ്ങിയാല്‍ എന്ത് കിട്ടും? ഒന്നും കിട്ടില്ല. ഞങ്ങളെയെല്ലാം ഓരോ അവസരത്തില്‍ ഓരോ ആയുങ്ങളായി ഉപയോഗിക്കുകയായിരുന്നു.

വിമോചന സമരം ഇവിടെ വന്നു. ആരാണ് വിമോചന സമരം നടത്തിയത്? എന്തിനാണ്? കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ ഇറക്കാന്‍ ആദ്യം കൊണ്ടുവന്നത് ആര്‍.ശങ്കറിനെയായിരുന്നു. ആദ്ദേഹത്തെ മുന്നില്‍ നിര്‍ത്തിയാണ് കളിച്ചത്. അത് കഴിഞ്ഞ് ശങ്കറിനെ ഉപയോഗിച്ച് ഇന്ദിരാഗാന്ധി വഴി നെഹ്രുവിനെക്കൊണ്ട് ഭരണം പിരിച്ച് വിട്ടതിന് ശേഷം ഇവിടെ വേറൊരു ഭരണമുണ്ടായപ്പോള്‍ എന്താ സംഭവിച്ചത്? സര്‍ക്കാരിനെ പിരിച്ച് വിട്ട് പിന്നീട് ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടായില്ലെങ്കില്‍ ഞാന്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ 63 സീറ്റ് ജയിച്ച് താന്‍ ഇവിടെ വരുമെന്ന് ശങ്കര്‍ ഉറപ്പ് നല്‍കി. ആര്‍ ശങ്കര്‍ നിന്ന് ജയിച്ചു. പക്ഷെ ആ ശങ്കര്‍ മുഖ്യമന്ത്രിയായോ? കോണ്‍ഗ്രസിന് സിംഗിള്‍ മജോരിറ്റി ഉണ്ടായിരുന്നു. എന്തിനാ ശങ്കറിനെകൊണ്ടുവന്നത്? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അടിസ്ഥാനവര്‍ഗം ഈഴവനും പിന്നോക്കക്കാരനുമാണെന്നുള്ളതുകൊണ്ട് ശങ്കറിനെ മുന്നില്‍ നിര്‍ത്തിക്കളിപ്പിച്ചാല്‍ ഈഴവനെക്കൂടി ഇങ്ങോട്ട് കിട്ടും എന്നുള്ളതുകൊണ്ട്. പക്ഷെ ഭരണം വന്നപ്പോള്‍ ശങ്കറല്ല, പതിനഞ്ചില്‍ താഴെ എംഎല്‍എമാരുണ്ടായിരുന്ന പട്ടംതാണുപിള്ളയാണ് മുഖ്യമന്ത്രിയായത്. വിമോചന സമരത്തിന്റെ ലക്ഷ്യമെന്തായിരുന്നു? ഒരു സമുദായത്തിന് ഭൂതോദയം വന്നതിലുള്ള വിഷമം. മറ്റൊരു സമുദായത്തിന് വിദ്യാഭ്യാസം വന്നതിലുള്ള വിഷമം. അങ്ങനെ ക്രിസ്ത്യാനിയുടേയും നാരുടേയും വിദ്വേഷം ഒഒന്നിച്ചുകൂടിയാണ്, അവരുടെ സ്വകാര്യ താത്പര്യം സംരക്ഷിക്കാനാണ് വിമോചന സമരമുണ്ടായത്. അല്ലാതെ ഈഴവനെ നന്നാക്കാനോ, പിന്നോക്കക്കാരനെ നന്നാക്കാനോ, രാജ്യതാത്പര്യത്തിനായിട്ടോ ആയിരുന്നില്ല. പക്ഷെ അന്നും കെണിയില്‍ വീണു. ആ വിമോചന സമരം കഴിഞ്ഞതില്‍ പിന്നെ ഒരു ഏകകക്ഷി ഭരണം കേരളത്തില്‍ നാളിതുവരെയുണ്ടായിട്ടില്ല. അങ്ങനെ എന്നും ആര് വന്നാലും എന്ന് വന്നാലും പിന്നോക്കക്കാരനെ എന്നും കബളിപ്പിച്ച ചരിത്രമേയുള്ളൂ.

വിശ്വാസികള്‍ക്കൊപ്പം, എന്നാല്‍ സമരത്തിനില്ല- എസ്എന്‍ഡിപിയുടെ ഇരട്ടത്താപ്പ് എന്ന ആരോപണം

വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറയാന്‍ കാരണം- പത്ത് വയസ്സിനും അമ്പതിന് വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ പോവണ്ട എന്ന പാരമ്പര്യമാണുള്ളത്. അത് അതുപോലെ നില്‍ക്കട്ടെ. അതിനെ ധിക്കരിച്ചുകൊണ്ട് ഇപ്പോള്‍ നമ്മള്‍ എന്തിന് പോവുന്നു? നമ്മള്‍ പറയാതെ പോലും നമ്മുടെ വീട്ടില്‍ ഋതുമതികളായ സ്ത്രീകള്‍ വിളക്ക് കത്തിക്കാറില്ല. ആസമയത്ത് ഒരമ്പലത്തിലും സ്ത്രീകള്‍ പോവാറില്ല. ഈ ഒരു സത്യം അറിയാവുന്നിടത്തോളം, തീര്‍ച്ചയായും സ്ത്രീകള്‍ ഈ കാലഘട്ടത്തില്‍ ശബരിമലയില്‍ പോവില്ല എന്ന നമുക്ക് അറിയാം. ഒരു നിയമമില്ലെങ്കിലും പോവില്ല. അതുകൊണ്ട് തന്നെയാണ് ഞാന്‍ വിശ്വാസികള്‍ക്കൊപ്പമുണ്ടെന്ന് പറഞ്ഞത്. പിന്നെ, സമുദായത്തെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു സമരത്തിന് ഇറങ്ങാന്‍ പാടില്ല. ഞങ്ങളുടെ കൂട്ടത്തില്‍ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ബിജെപിക്കാരും ബിഡിജെഎസുകാരും ഉണ്ട്. എല്ലാവരും ചേര്‍ന്നതാണ് എസ്എന്‍ഡിപി യോഗം. പക്ഷെ അവര്‍ അവരുടെ നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് ഞങ്ങള്‍ക്ക് എതിര്‍ക്കാന്‍ കഴിയില്ല. കൂട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാരാണ് ഏറ്റവും കൂടുതല്‍. വേറെയും പാര്‍ട്ടിക്കാരുണ്ട്. അവര്‍ അവരുടെ ബാനറില്‍ പൊയ്‌ക്കോട്ടെ. സമുദായത്തിന്റെ ബാനറില്‍ തെരുവിലിറങ്ങാന്‍ പാടില്ല. സമുദായത്തെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രസിഡന്റ്, സെക്രട്ടറി, വൈസ്പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ കൂടി തെരുവിലിറങ്ങേണ്ട, ഭക്തജനങ്ങളോടൊപ്പമാണ് എന്ന തീരുമാനം എടുത്തിട്ടുണ്ട്. ആ തീരുമാനം അങ്ങനെ നിലനില്‍ക്കുമ്പോള്‍ അതിനെ മാറ്റേണ്ട ആവശ്യം വരുന്നില്ല. മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ബാനറില്‍ എസ്എന്‍ഡിപി സമുദായമെന്ന നിലയില്‍ പോവാന്‍ പാടില്ല. ഞങ്ങള്‍ക്കതുകൊണ്ട് പ്രയോജനമില്ല. രാഷ്ട്രീയക്കാര്‍ക്ക് രാഷ്ട്രീയ ഗുണം കിട്ടുമെങ്കില്‍ അതിന് പോവുന്നതില്‍ തെറ്റ് പറയാനും പറ്റില്ല. എസ്എന്‍ഡിപി യോഗത്തിന് ഒരു തീരുമാനമുണ്ട്. ആ തീരുമാനത്തിന് ന്യായവും സത്യവും ധര്‍മ്മവുമുണ്ട്. ഒന്നാം വിമോചന സമരത്തിന്റെ അതേ ലക്ഷ്യം വച്ചുകൊണ്ട് തന്നെയല്ലേ ഈ രണ്ടാമത്തെ സമരവും. അന്ന് ഭൂനയ ബില്ല് വന്നു, പള്ളിക്കൂടത്തെ തൊട്ടു എന്നതായിരുന്നു. ഇന്നിപ്പോള്‍, ക്ഷേത്രത്തെ തൊട്ടു. ഇത് രണ്ടും ആരുടെ കയ്യിലായിരുന്നു. അമ്പലത്തില്‍ ആരെങ്കിലും തൊട്ടോ? അത് സുപ്രീംകോടി വിധിച്ചതല്ലേ? അല്ലാതെ ഇടുപക്ഷ സര്‍ക്കാരോ പിണറായി വിജയനോ എന്ത് റോളാണുള്ളത്? സുപ്രീംകോടതി വിധിയുണ്ടായാല്‍ അത് നടപ്പാക്കാന്‍ ഏത് സര്‍ക്കാരും ബാധ്യസ്ഥരല്ലേ? ആ കടമ സര്‍ക്കാര്‍ നിര്‍വ്വഹിച്ചെന്നല്ലേയുളളൂ. ഈ സമരത്തിന് വല്ല പ്രസക്തിയുമുണ്ടോ?

ബിജെപിയുടേയും സംഘപരിവാറിന്റേയും വളര്‍ച്ച

ശ്രീധരന്‍പിള്ള ഇപ്പോള്‍ പ്രസിഡന്റായി വന്നപ്പോള്‍ അദ്ദേഹത്തിന് വീണ് കിട്ടിയ ഒരവസരമാണ്. അതദ്ദേഹം നല്ലപോലെ ആടിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിഞ്ഞതും ശ്രീധരന്‍ പിള്ളയ്ക്ക് തന്നെയാണ്. കോണ്‍ഗ്രസിന് പോലും അത് സാധിക്കുന്നില്ല. കോണ്‍ഗ്രസ് എന്തായാലും ഇവിടെ സീറോ ആയി നില്‍ക്കുകയാണ്. കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തില്‍ മറന്നുപോയ ഒരു പാര്‍ട്ടിയാണ്. മുല്ലപ്പള്ളിയെ കൊണ്ടുവന്നു. ആ മുല്ല വന്നതുകൊണ്ടും മണം എന്തുമാത്രം ഉണ്ടാവും എന്നത് കണ്ടറിയണം. അദ്ദേഹം വന്നിട്ടും അതിന്റെ ചലനം സൃഷ്ടിക്കാന്‍ നാളിതുവരെ സാധിച്ചിട്ടില്ല. നാളെ സാധിക്കുമോയെന്ന് നമുക്ക് അറിയുകയുമില്ല. ബിജെപിക്ക് ഇവിടെ ഒരു നാഥനെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കാതെയിരിക്കുകയായിരുന്നു. ബിജെപിയ്ക്ക് അടിസ്ഥാനം ഉറപ്പിക്കാന്‍ ഇവിടെ സാധിക്കില്ല. ആ അടിസ്ഥാനം ഒന്ന് വര്‍ധിപ്പിക്കാനായിട്ട് ഒരുപാട് നാളായി അതിന് പ്രാപ്തനായ ഒരു പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ശ്രമം ഇവിടെ പരാജയപ്പെട്ടപ്പോള്‍, അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ വന്ന് നോമിനേറ്റ് ചെയ്ത ആളാണ് ശ്രീധരന്‍പിള്ള. അദ്ദേഹമാണെങ്കില്‍ ലീഗിന്റേയും എന്‍എസ്എസിന്റേയുമെല്ലാം അഡ്വൈസറുമാണ്. ഒന്നാന്തരം അഭിഭാഷകനുമാണ്.അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം തെളിയിക്കാനായി ഭവവാന്‍ ഒരു അവസരം നല്‍കി. അത് അദ്ദേഹം നല്ലപോലെ ആടിത്തകര്‍ക്കുകയാണ്. അതുകൊണ്ട് ബിജെപിക്ക് കുറേയാളെ കിട്ടും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍ ആളെക്കിട്ടിയാല്‍ കേരളരാഷ്ട്രീയത്തില്‍ ഭരിക്കാന്‍ ഒക്കുന്ന ഒരു സാഹചര്യവും ഇവിടെയില്ല. കാരണം ബിജെപി എന്ന് പറഞ്ഞാല്‍ സവര്‍ണ വിഭാഗത്തിന്റെ ഒരു പാര്‍ട്ടിയാണെന്ന് എസ്റ്റാബ്ലിഷ് ചെയ്തുപോയി. അത് തെറ്റായാലും ശരിയായാലും ജനങ്ങള്‍ അത് വിശ്വസിക്കും. അതുകൊണ്ട് അവരെ സംബന്ധിച്ചടത്തോളം ഒരു നിയോജകമണ്ഡലത്തില്‍ ജയിക്കാന്‍ സാധിച്ചതിനുപരിയായി ഒന്നും സാധിക്കില്ല. പക്ഷെ ശ്രീ അയ്യപ്പന്റെ പേരില്‍ നല്ലൊരു നേട്ടം കൊയ്യാന്‍ സാധിച്ചിട്ടുണ്ട്. പക്ഷെ ഇതെല്ലാം താല്‍ക്കാലികമാണ്. അയ്യപ്പന്‍ പോവും, മണ്ഡലകാലം പോയിക്കഴിഞ്ഞാല്‍ അതും പോവും.

ബിജെപിയുടെ വളര്‍ച്ചയുടെ പ്രധാന കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കാന്‍ പറ്റുന്ന ശക്തി ഏതെന്ന് നോക്കുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ ശക്തിയുള്ള ഒരു പാര്‍ട്ടി ഇന്ന് ബിജെപിയാണ് എന്നുള്ളതുകൊണ്ട്, കോണ്‍ഗ്രസിന് പോലും സാധിക്കാത്തത് അവര്‍ക്ക് സാധിക്കും എന്നുള്ളതുകൊണ്ട് ആളുകള്‍ അങ്ങോട്ട് പോവും. അവന്റെ വേലി പൊളിക്കണമെങ്കില്‍ കോണ്‍ഗ്രസ് ആയിട്ട് കാര്യമില്ല, ബിജെപി ആവാം എന്ന സ്വകാര്യ അജണ്ടയും കൂടിയുണ്ട് ഇതിനകത്ത്. ശക്തമായ നിലപാടും സംരക്ഷിക്കാനുള്ള ആര്‍ജ്ജവുമായി നില്‍ക്കുന്നതാരോ അവനൊപ്പം ആളുകള്‍ പോവും. അത് ആദര്‍ശത്തിന്റെ പുറത്താവണമെന്നില്ല.

ബിഡിജെഎസും എസ്എന്‍ഡിപിയും

ബിഡിജെഎസ് എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയല്ല. അതില്‍ എല്ലാവരുമുണ്ട്. സാമൂഹിക നീതിക്ക് വേണ്ടി ഉണ്ടായതാണ്. ക്രിസ്ത്യാനിയും നായരും ഈഴവനും എല്ലാവരും സ്ഥാനാര്‍ഥിയായി നിന്നിട്ടുണ്ട്. ബിഡിജെഎസ് എന്നത് ഒരു പ്രത്യേക പാര്‍ട്ടിയാണ്. ബിജെപിയല്ല. ബിജെപിയുടേയും ബിഡിജെഎസിന്റേയും അജണ്ട രണ്ടും രണ്ടാണ്. പക്ഷെ ഐക്യത്തിനായി എന്‍ഡിഎയുടെ ഭാഗമായി എന്ന് മാത്രം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അജണ്ടയും സിപിഐയുടെ അജണ്ടയും വേറെയല്ലേ? കേരള കോണ്‍ഗ്രസിന്റെ അജണ്ട വേറെയല്ലേ? എന്നാല്‍ എല്‍ഡിഎഫ് എന്നും യുഡിഎഫ് എന്നും പറഞ്ഞ് വരുമ്പോള്‍ ഒരു കോമണ്‍ പ്ലാറ്റ്‌ഫോമില്‍ പൊതുവായ ഒരു കാര്യത്തോട് യോജിക്കുന്നു എന്ന് മാത്രമേയുള്ളൂ.

രഥയാത്രയും തുഷാര്‍വെള്ളാപ്പള്ളിയും സംഘപരിവാര്‍ ലക്ഷ്യങ്ങളും

ശ്രീധരന്‍ പിള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും അല്ലാത്തവരും അതിലുണ്ട്. ഞാന്‍ പടത്തില്‍ കണ്ടു. രാജന്‍ ബാബുവിന്റെയും നീലകണ്ഠന്‍ മാഷിന്റെ പാര്‍ട്ടിയുടെ ആളുകള്‍ അതിലുണ്ട്. ലീഡര്‍ഷിപ്പില്‍ ഇവര്‍ രണ്ടാളും എന്നതേയുള്ളൂ. പലരും അക്കൂട്ടത്തിലുണ്ട്. ഒരാളെയും രണ്ടാളെയുമല്ലേ ലീഡറാക്കാന്‍ പറ്റുള്ളൂ. എല്ലാരേയും ലീഡറാക്കാന്‍ പറ്റുമോ? അവരിപ്പോള്‍ പ്രയോഗിച്ച് ഒരു കൗശലമുണ്ട്. ഇവിടെ എന്‍ഡിഎ ഇല്ലായിരുന്നു. വല്ലപ്പോഴും പിച്ചുപേയും പറയുന്ന പോലെ എന്‍ഡിഎ ഉണ്ട്, എന്‍ഡിഎ ഉണ്ട് എന്ന് പറയുന്നതല്ലാതെ എന്‍ഡിഎ എന്ന ഒരു ചുക്കും ഇവിടെയില്ല. അങ്ങനെ ആക്ഷേപം വന്ന സാഹചര്യത്തില്‍, ഈ കൂട്ടായ യജ്ഞത്തില്‍ എന്‍ഡിഎ ഇവിടെയുണ്ട് എന്ന് പറഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനമാണ്. എന്‍ഡിഎയെ കാണുന്നത് ഇപ്പോഴാണ്. അതിന് മുമ്പ് എന്‍ഡിഎ ഒരു പൊതു പ്രക്ഷോഭം നടത്തിയതായി കേട്ടിട്ടുണ്ടോ? അതാണ് കേരളത്തില്‍ ബിജെപിയുടെ തകര്‍ച്ചയ്ക്കുള്ള കാരണം.

നവോത്ഥാനനായകരുടെ പേര് പറയുന്ന സിപിഎമ്മും സംഘപരിവാറും

ഗുരുവിനെയും അയ്യങ്കാളിയേയും ചട്ടമ്പിസ്വാമികളേയും എല്ലാം കുറിച്ച് പറയുന്നുണ്ട്. പറയിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു കഴിഞ്ഞു എന്നതാണ് ഞങ്ങളുടെ സമുദായങ്ങളുടെ നേട്ടം. മുമ്പ് ഗുരുവിനെപ്പറ്റി ആരെങ്കിലും പറയുമായിരുന്നോ? ശ്രദ്ധിക്കാറേയില്ലല്ലോ? ഈ വെളവനേതാണെന്ന് ചോദിച്ചവരില്ലേ? കഴുത്തില്‍ കയറുകെട്ടിയിട്ട് വലിച്ചില്ലേ? ഇപ്പോള്‍ നവോത്ഥാന നായകരെക്കുറിച്ച് സിപിഎമ്മും ബിജെപിയും പറയുന്നുണ്ട്. നാരായണഗുരുവിനെക്കുറിച്ചും അയ്യങ്കാളിയെക്കുറിച്ചും പറയുന്നുണ്ട്. ആ ഒരു ചിന്ത വേണമെന്നും ആ ഒരു സമുദായത്തെക്കൂടെ നിര്‍ത്തണമെന്നുമൊക്കെ തോന്നുന്നതുകൊണ്ടാണ് അത് പറയാനൊക്കെ തോന്നുന്നത്. ഒരുപാട് നഷ്ടം വന്നില്ലേ? ഇടതുപക്ഷത്തിന് നഷ്ടം വന്നത് എവിടെ നിന്നാണ്? അവര്‍ക്ക് ഒരുപാട് നഷ്ടം വന്നത് ഈ വിഭാഗം അവരുടെ കയ്യില്‍ നിന്ന് അടര്‍ന്നുപോയതുകൊണ്ടല്ലേ. അതെങ്ങോട്ട് പോയി? അവര്‍ പലഭാഗത്തേക്ക് പോയി. ബിജെപിയിലും കോണ്‍ഗ്രസിലും പോയി. ഇടതുപക്ഷത്തിന്റെ അടിസ്ഥാനവര്‍ഗത്തിന്റെ പിന്‍ബലം ഒരുകാലത്ത് ഈഴവരും പട്ടികജാതിക്കാരുമായിരുന്നു.ആ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് അടിസ്ഥാനവര്‍ഗം കുറേപ്പോയി. അവരെയെല്ലാം തൃപ്തിപ്പെടുത്തണമെന്നും നവോഥാന നായകരുടെ പേരുകള്‍ നാഴികക്ക് നാല്‍പ്പത് വട്ടം പറയണമെന്നും, അവരെ ഞങ്ങള്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്നും വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അവര്‍ക്ക് തോന്നാന്‍ തുടങ്ങി. അതുകൊണ്ട് അവര്‍ അത് ചെയ്ത് തുടങ്ങി. ഈഴവരേയും ദളിതരേയും കൂടെ നിര്‍ത്തേണ്ടത് ആവശ്യമാണെന്ന് അവര്‍ക്ക് തോന്നുന്നുണ്ട്. ഈഴവരും ദളിതരും ചേരുമ്പോള്‍ എതരശതമാനം വരും. ഈഴവര്‍ 28 ശതമാനവും ദളിതര്‍ 10 ശതമാനവുമുണ്ട്. 38 ശതമാനത്തിന്റെ നല്ലൊരു ശതമാനം കൂടെ നിര്‍ത്തിയാല്‍ ആ പാര്‍ട്ടി ആരായാലും വളരെ ശക്തമായ പാര്‍ട്ടിയായി മാറും. അപ്പോള്‍ ആ ശതമാനത്തെ കൂടെ നിര്‍ത്തണമെന്ന തോന്നലായി. ഇവരെല്ലാം കുറേനാളായി മുന്നോക്കക്കാരെയാണല്ലോ പൊക്കിക്കൊണ്ട് നടന്നത്. അവരെ കൊണ്ടുനടന്ന് ഇപ്പോള്‍ എവിടെയെത്തി. ചങ്ങനാശേരി ചുമന്നുകൊണ്ടാണല്ലോ ഇവര്‍ നടന്നത്. നടന്ന് നടന്ന് എല്ലാം കളിപ്പായി എന്ന് ഇപ്പോള്‍ അവര്‍ക്ക് തോന്നുന്നില്ലേ? തോന്നുന്നത് കൊണ്ടാണല്ലോ ഈ വിഭാഗത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ നോക്കുന്നത്. ഒരു കാലഘട്ടത്തില്‍ എന്താണ് നടന്നത്. ഞങ്ങളെ തള്ളുകയായിരുന്നു. ക്രിസ്ത്യാനിയെയും നായരേയും കൂട്ടിപ്പിടിക്കുകയായിരുന്നു. അങ്ങനെകൊണ്ടു നടന്ന രാഷ്ട്രീയ അടവു നയത്തില്‍ നിന്ന് മാറിയിട്ട്, ഇവരെ കൂടുതല്‍ അടുപ്പിച്ചതുകൊണ്ടും പ്രയോജനമില്ല, അല്ലെങ്കില്‍ ചതിവാണെന്ന് ഇപ്പോള്‍ തോന്നിയില്ലേ? ഞാന്‍ പറഞ്ഞില്ലേ ഭത്മാസുരന് വരം കൊടുത്തത് പോലെയായി. നെറുകയില്‍ വര വരച്ച് പാര്‍ട്ടിയെ തകര്‍ക്കാനല്ലേ ഇപ്പോള്‍ അവര്‍ നോക്കിക്കൊണ്ടിരിക്കുന്നത്? അതെല്ലാം തിരിച്ചറിഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ആര് സൃഷ്ടിച്ചതാണ്. ചങ്ങനാശേരിക്കാരന്റെ അനുവാദത്തോടെയല്ലേ? പാര്‍ട്ടിയും ചങ്ങനാശേരിയും തമ്മിലുള്ള പാലമായി നിന്നയാളെയാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റാക്കിയത്. അയാളല്ലേ ഇതെല്ലാം നശിപ്പിച്ചത്. ഏത് പാര്‍ട്ടി ഭരണത്തില്‍ നിന്നാലും ഈ സവര്‍ണ ലോബി ഇതിലുണ്ടാവും.അവരുടെ അജണ്ട കൗശലപൂര്‍വം നടപ്പാക്കുന്നതില്‍ അവര്‍ മിടുക്കരാണ്. ഇടതായാലും വലതായാലും അവരുടെ കാര്യം വരുമ്പോള്‍ അവര്‍ ഒന്നാണ്.

പിന്നോക്ക സമുദായങ്ങളെ കൂടെ നിര്‍ത്താമെന്നത് ഇടതുപക്ഷത്തിന്റെ ആഗ്രഹം

കേരളത്തിലെ പിന്നോക്ക സമുദായങ്ങളെ കൂടെ നിര്‍ത്താമെന്നത് ഇടതുപക്ഷത്തിന്റെ ആഗ്രഹമായിരിക്കും. അതിന് അവര്‍ ഇനിയും കുറേ കാര്യങ്ങള്‍ ചെയ്യേണ്ടി വരും. ഒറ്റ ദിവസം രണ്ട് അയ്യങ്കാളിയേയും പത്ത് ഗുരുദേവനേയും പറഞ്ഞതുകൊണ്ട് ആളെക്കിട്ടില്ല. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നു എന്ന് കാണിക്കണം. പിണറായി സര്‍ക്കാര്‍ ഞങ്ങള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും സാധിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ അതുപോലെ പറയാന്‍ എനിക്ക് സാധിക്കുമോ? പട്ടികജാതിക്കാര്‍ക്ക് പറ്റുമോ? അവര്‍ക്കും അത് പറയാന്‍ പറ്റുന്ന രീതിയിലേക്ക് കാര്യങ്ങള്‍ ചെയ്തുകൊടുക്കണം.ചെയ്തുകൊടുക്കാത്തിടത്തോളം കാലം പൂര്‍ണമായ ഒരു പിന്‍ബലത്തിലേക്ക് പോവാന്‍ സാധിക്കില്ല. പിണറായി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യത്തിനെ ഞങ്ങള്‍ നല്ലതെന്ന് പറയും. ചീത്തയെ ചീത്തയെന്നും പറയും.

സര്‍ക്കാര്‍ നടപ്പിലാക്കിയ അവര്‍ണ ശാന്തിനിയമനം

ശാന്തിനിയമനത്തിന്റെ കാര്യത്തില്‍- സര്‍ക്കാര്‍ അവര്‍ണരെ കൊണ്ടുവരാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാലേ, അത് ഞങ്ങള്‍ ടെസ്റ്റ് എഴുതി പാസ്സായതാണ്. മറ്റവര് പൂണൂലും പൊട്ടും കൊണ്ടാണ് ശാന്തിമാരായത്. ഇത് അങ്ങനെയല്ല. ഒരു പുലയനാണ് ഫസ്റ്റ് റാങ്ക് വാങ്ങിയത്. എങ്ങനെ വാങ്ങിച്ചു? അവന്‍ പഠിച്ചു. അവന്‍ ശാന്തി ജോലി പഠിച്ച്, ഫസ്റ്റ് റാങ്ക് വാങ്ങി. ഈഴവന് കിട്ടി. അവന്‍ ടെസ്റ്റിലും ഇന്റര്‍വ്യൂവിലും മെച്ചപ്പെട്ടു. പക്ഷെ എന്താ ബ്രാഹ്മണരും നായരും കയറാതിരുന്നത്? അവര്‍ ഇതൊന്നും പഠിച്ചിട്ടില്ല. പഠിക്കാതെ ചുമ്മാ ശാന്തിയാവുകയല്ലേ. ടെസ്റ്റ് വച്ച്, അതിലൂടെ നിയമിച്ചതുകൊണ്ടാണ് ഞങ്ങള്‍ക്ക് അകത്ത് കടക്കാന്‍ പറ്റിയത്. അത് ആരുടേയും ഔദാര്യമല്ല. ഞങ്ങള്‍ക്ക് കിട്ടിയ അവകാശമാണ്. എന്നാല്‍ നല്ലൊരു ക്ഷേത്രത്തിലെന്താ ഞങ്ങളെ നിര്‍ത്താത്തത്? കൊല്ലത്തടുത്ത് ഒരു അമ്പലമുണ്ട്. ഈഴവരുടെ പറയെടുക്കില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രമാണ്. വിവേചനം അല്ലേ? അങ്ങനെ എത്രയ സ്ഥലത്തുണ്ട്. പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തില്‍ ഞങ്ങള്‍ക്ക് നിയമനം ലഭിക്കുന്നുണ്ടോ. നയമിച്ചാല്‍ തന്നെ അവര്‍ വക്കുമോ? ക്ഷേത്രത്തിന്റെ ഉപദേശക സമിതി എന്ന് പറഞ്ഞിരിക്കുന്ന സവര്‍ണ ലോബി അവരെ അടിക്കുകയും ഓടിക്കുകയുമല്ലേ. എത്രയോ സംഭവമുണ്ടായിട്ടും അവിടെയൊന്നും ഇവരാരും പ്രതികരിക്കാന്‍ ചെന്നിട്ടില്ലല്ലോ? അവിടെയും ഞങ്ങളാണ് പ്രതികരിച്ചത്. ഇപ്പോഴും ആ ദുരിതവും ദു:ഖവും അനുഭവിക്കുകയാണ്. യഥാര്‍ഥ സ്വാതന്ത്ര്യം എന്ന് പറയുന്നത്, ക്ഷേത്രപ്രവേശനം എന്ന് പറയുന്നത് ഇന്നും ദളിതനും പിന്നോക്കക്കാരനും ലഭിച്ചിട്ടില്ല. സ്വാതന്ത്ര്യം കിട്ടിയിട്ടും എഴുപത്തിയഞ്ച് കൊല്ലമായില്ലേ? എന്നിട്ടും ഇവര് തന്നു അവര് തന്നു എന്ന് പറഞ്ഞാല്‍ എങ്ങനെയാ? 20 കൊല്ലം മുമ്പ് ഞാന്‍ കേസിന് പോയാണ് രാജേഷിനെ അകത്തുകയറ്റിയത്. അയാള്‍ക്ക് നിയമനം കൊടുക്കാഞ്ഞിട്ട് സുപ്രീംകോടതി വരെ ഞാന്‍ കേസ് പറഞ്ഞു. അന്നത്തെക്കാലത്ത് എനിക്ക് ഒരുലക്ഷം രൂപയാണ് ചെലവ്. എന്നിട്ട് അവന് കൊടുത്തത് പറവൂര് ഒരു കൊച്ച് അമ്പലത്തിലാണ്. അതും കയറ്റാഞ്ഞിട്ട് സമരം ചെയ്താണ് കയറ്റിയത്. പണ്ടും ഈഴവന്‍ കയറിയിട്ടുണ്ട്. അതിപ്പോഴല്ല. പിന്നെ ഇപ്പോള്‍ അവര്‍ റിക്രൂട്ടിങ് ബോര്‍ഡ് വച്ചിട്ടുണ്ട്. എന്നാല്‍ ആ റിക്രൂട്ടിങ് ബോര്‍ഡില്‍ തന്നെ കുറേ ഭാഗങ്ങള്‍ അവര്‍ ഉള്‍പ്പെടുത്തിയിട്ടില്ലല്ലോ? അതെന്താ? അവിടെയും ഇടതുപക്ഷം വിവേചനമാണ് കാണിക്കുന്നത്. സുധാകരന്‍ സഖാവ് ദേവസ്വം ബോര്‍ഡ് ബില്ലുണ്ടാക്കി. എന്ത് ചെയ്തു? അതാരും ചര്‍ച്ച ചെയ്യുന്നില്ലല്ലോ? ശബരിമലയില്‍ പോവാനാണല്ലോ എല്ലാവര്‍ക്കും താത്പര്യം. സ്ത്രീപ്രവേശനം, അത് ഇത്. നിങ്ങള്‍ യഥാര്‍ഥ പ്രശ്‌നം എന്താണ് പറയാത്തത്? 96 ശതമാനം ഒരു വിഭാഗം കൈവശം വക്കുകയാണെന്നും ഈഴവാദി പിന്നോക്ക സമുദായങ്ങള്‍ക്ക് നീതികൊടുക്കണമെന്ന് പറയാനും ഇവിടെ ആരുമില്ലല്ലോ? ഇവിടെ ചര്‍ച്ചമുഴുവനും അമ്പലത്തില്‍ കയറുന്നതും തന്ത്രി പറയുന്നതുമാണ്. ബില്ല് കൊണ്ടുവന്നയുടനെ സുധാകരന്റെ വകുപ്പ് മാറ്റി കടന്നപ്പള്ളിയ്ക് കൊടുത്തു. ചങ്ങനാശേരിയില്‍ ചെന്നിട്ട് അയ്യോ ഇത് നടപ്പിലാക്കില്ല തമ്പുരാനേ എന്ന് കടന്നപ്പള്ളിയെക്കൊണ്ട് പറയിപ്പിച്ചതാരാണ്? ഇടതുപക്ഷ സര്‍ക്കാരല്ലേ. അത് നടപ്പിലാക്കിയോ? സബ്ജക്ട് കമ്മറ്റിക്ക് വച്ചിട്ട് പിന്നെ അത് വെളിച്ചം കണ്ടിട്ടില്ല. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും വെളിച്ചം കണ്ടിട്ടില്ല. ഇപ്പോള്‍ ചങ്ങനാശേരിയില്‍ നിന്ന് കൊടുത്തത് അതുപോലെയല്ലേ ഒരെണ്ണം പാസ്സാക്കിയത്. 18 ശതമാനം നിയമനം പുറത്തു നടക്കുന്നതില്‍ 10 ശതമാനം സാമ്പത്തിക സംവരണം ഞങ്ങള്‍ക്ക് തന്നേക്കണം. ബാക്കിയാര്‍ക്കെങ്കിലും പങ്കിട്ടുകൊടുത്തോ എന്ന് പറഞ്ഞ ചങ്ങനാശേരി ഉത്തരവ് അതേപോലെ നടപ്പിലാക്കുകയല്ലേ ഈ സര്‍ക്കാര്‍ ചെയ്തത്. മര്യാദയ്ക്ക് സമുദായനേതാക്കളെയെല്ലാം വിളിച്ചുകൂട്ടി ഒരു ചര്‍ച്ചയെങ്കിലും സര്‍ക്കാര്‍ നടത്തിയോ? ഏകപക്ഷീയമായി നടപ്പാക്കി. അതിന്റെ കടുത്ത ശിക്ഷയാണ് സര്‍ക്കാരിന് ഇപ്പോള്‍ കിട്ടിയത്.

രാഷ്ട്രീയ നിലപാട്

ഞങ്ങള്‍ ഒരു രാഷ്ട്രീയ കക്ഷികളുടേയും വാലും അല്ല ചൂലും അല്ല. ഒന്നിനെ തൂത്ത് കളയാനോ ഒന്നിനോട് സ്‌നേഹം കാണിച്ച് വാലാട്ടി നടക്കാനോ ഇല്ല. എല്ലാവരോടും ഒരേ നയം തന്നെയാണ്. ഇഷ്യൂ അടിസ്ഥാനമാക്കിയുള്ള അഭിപ്രായങ്ങള്‍ എപ്പോഴും പറയും. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും പറയും. ഒരു രാഷ്ട്രീയ കക്ഷികളോടും വിയോജിപ്പോ വിധേയത്വമോ ഇല്ല.

കേരള രാഷ്ട്രീയം യുവതീ പ്രവേശന വിധിക്ക് മുമ്പും പിമ്പും

ശബരിമല വിഷയത്തിന് ശേഷം കേരളത്തിലെ രാഷ്ട്രീയ സ്ഥിതി ഏറെ മാറിയിട്ടുണ്ട്. ഇടതുപക്ഷത്തിനെതിരായ വലിയ ഒരു വികാരം ഇവിടെയുണ്ടായിട്ടുണ്ട്. അത് താല്‍ക്കാലികമാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഇടതുപക്ഷത്തിനെതിരായ വികാരം വളര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും നല്ല പോലെ സാധിച്ചിട്ടുണ്ട്. അത് കൂടാതെ പാര്‍ട്ടിയുടെ അകത്തുള്ള പ്രശ്‌നങ്ങളും. അത് നന്നായി ഹൈലൈറ്റ് ചെയ്യാന്‍ മാധ്യമങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അല്‍പ്പം മാര്‍ക്കറ്റ് താണിട്ടുണ്ട് എന്നുള്ളത് ശരിയാണ്. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് മാര്‍ക്കറ്റ് കൂടിയോ എന്ന് ചോദിച്ചാല്‍, അതും അധോഗതി തന്നെയാണ്. പിന്നെ അല്‍പ്പം ആള്‍ക്കൂട്ടം ഉണ്ടാക്കാനും മാര്‍ക്കറ്റ് വളര്‍ത്താനും സാധിച്ചിട്ടുള്ളത് ബിജെപിക്ക് മാത്രമാണ്. ആ വളര്‍ച്ച എന്നുപറഞ്ഞാല്‍ രാജ്യം പിടിച്ചടക്കാനോ പത്ത് സീറ്റ് മേടിക്കാനോ തക്കവിധത്തിലേക്ക് വളര്‍ന്നിട്ടുമില്ല. വളരുകയുമില്ല. എന്നാല്‍ പണ്ടത്തേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട്.

ആചാരലംഘനം നടത്തിയ ഗുരുവിന്റെ പിന്‍ഗാമികളുടെ ആചാരലംഘനം വേണ്ട എന്ന നിലപാട്

ആചാരവും ദുരാചാരവുമുണ്ട്. ആചാരം അംഗീകരിക്കണം. ദുരാചാരം മാറ്റണം. കണിച്ചുകുളങ്ങര അമ്പലത്തില്‍ ഞാന്‍ ഇപ്പോള്‍ പ്രസിഡന്റായിട്ട് 52-ാമത്തെ കൊല്ലമാണ്. അവിടെ കോഴിവെട്ടുണ്ടായിരുന്നു, ആട് വെട്ടുണ്ടായിരുന്നു, വേലപടയണിയുണ്ടായിരുന്നു. ഇതെല്ലാം ഞാന്‍ നിര്‍ത്തി. ആചാരങ്ങളേയും ദുരാചാരങ്ങളേയും വേര്‍തിരിച്ച് കൊണ്ടുവേണം മുന്നോട്ട് പോവാന്‍. ഈഴവര്‍ക്കോ പിന്നോക്കക്കാര്‍ക്കോ ആര്‍ക്കും ഒരു പ്രതിഷ്ഠ നടത്താനാവില്ല, പൂജിക്കാനാവില്ല, ആരാധിക്കാനാവില്ല എന്നുള്ള ആചാരം ഇവിടെയുണ്ടായിരുന്നു. അത് ദുരാചാരമായിരുന്നു. അതിനെതിരെയാണ് ഗുരു പ്രവര്‍ത്തിച്ചത്. ഗുരു ഒരു അമ്പലം പിടിച്ചടക്കാനോ പൊളിക്കാനോ പോയില്ല. അതിന് പകരം സ്വന്തമായി അമ്പലം സ്ഥാപിക്കുകയായിരുന്നു. ആരാധനാ സ്വാതന്ത്ര്യം ഈഴവ സമുദായത്തിന് നല്‍കി. ഷര്‍ട്ടിടാതെ അമ്പലത്തില്‍ പോവാന്‍ പാടില്ല എന്ന് പറയുന്നത് ആചാരമല്ല, ദുരാചാരമല്ല. ശബരിമലയില്‍ ഇപ്പോള്‍ ഒരു ആചാരം നിലനില്‍ക്കുന്നുണ്ടല്ലോ? മുസ്ലിം പള്ളിയില്‍ സ്ത്രീകളെ കയറ്റാന്‍ തീരുമാനിക്കുമോ? അവിടെയും ഒരു ആചാരം നില്‍ക്കുകയല്ലേ? ശബരിമലയില്‍ സ്ത്രീകളെ കയറ്റില്ല എന്നില്ല. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഒരു നിയന്ത്രണം മാത്രമേയുള്ളൂ. ആ നിയന്ത്രണം സ്ത്രീകള്‍ അംഗീകരിക്കുകയും ചെയ്യുന്നു. പിന്നെയെന്താ പ്രശ്‌നം? ആ ആചാരം അവിടെ നില്‍ക്കട്ടെ. വിശ്വാസ സമൂഹം അത് അംഗീകരിക്കുന്നു. അപ്പോള്‍ കാലം മാറുമ്പോള്‍ അതും മാറ്റപ്പെടും എന്നതാണ് അതിന്റെ നിയതി.

സവര്‍ണ സമരല്ല

ശബരിമലയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത് സവര്‍ണ സമരമല്ല. ഒരു രാഷ്ട്രീയ സമരമാണ്. എല്ലാവരുടേയും രാഷ്ട്രീയ വളര്‍ച്ചക്ക് വേണ്ടിയുണ്ടാക്കുന്ന സമരമാണ്. മറ്റുള്ളവര്‍ അവരുടെ സവര്‍ണാധിപത്യം ക്ഷേത്രങ്ങളില്‍ കൂടുതല്‍ ശക്തമായി ഉറപ്പിക്കാനുള്ള അടവുനയം പ്രയോഗിക്കുന്നു. അവരുടെ പിന്തുണയുണ്ട്. വീഡിയോ കാണാം..https://www.azhimukham.com/offbeat-bjp-state-chief-ps-sreedharan-pillai-use-kerala-rerormation-leaders-for-his-radhayatha/

https://www.azhimukham.com/offbeat-thushar-vellappally-dont-forget-sree-narayana-guru-what-done-for-kerala-renaissance/

https://www.azhimukham.com/keralam-faced-discrimination-as-dalit-in-congress-says-palakkadu-muncipality-councilor-saravanan-who-joins-bjp-reports-jisha/

https://www.azhimukham.com/kerala-how-lost-cheerappanchira-ezhava-family-karanma-right-in-sabarimala/

https://www.azhimukham.com/offbeat-ezhava-women-lalitha-ayyappan-relationship/

https://www.azhimukham.com/offbeat-vellappallys-strong-reply-to-sukumarannairs-savesabarimala-protest-writes-rakeshsanal/

Next Story

Related Stories