TopTop
Begin typing your search above and press return to search.

ഇരിക്കാത്ത സ്ത്രീ പ്രതിമകള്‍

ഇരിക്കാത്ത സ്ത്രീ പ്രതിമകള്‍

ശ്രീരേഖ സതി


വടിവൊത്ത സ്ത്രീ പ്രതിമകളും വടിവൊത്ത സ്ത്രീ ശരീരങ്ങളുമാണ് പുതിയകാല കോര്‍പറേറ്റ് ഷോറൂമുകളുട ഒരു ആകര്‍ഷണ കേന്ദ്രം. വിശാലമായ മുറികള്‍, കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങള്‍, അവയ്ക്കിടയില്‍ പ്രതിമകളെ ഓര്‍മിപ്പിക്കുവിധം അവര്‍ നില്‍ക്കണം. ഇരിക്കരുത്, പകരം ചിരിക്കണം.കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ചടുലമായ, വേഗതയേറിയ, കുഞ്ഞുവിരലുകളുള്ള (nimble fingers phenomenon) സ്ത്രീകളെ മാത്രം തേടിയിരുന്ന ഫാക്ടറികളുടെ ഒരു കാലം ഉണ്ടായിരുന്നു. സ്ത്രീ തൊഴിലാളികളുടെ ചരിത്രം മുഴുനീളെ, ഇങ്ങനെ മുതലാളിത്തത്തിന് ചേരുംവിധം 'സ്ത്രീകള്‍ക്ക് ഇണങ്ങിയ' തൊഴിലുകള്‍ അവരെ തേടിവന്നിട്ടുണ്ട്. യൂറോപ്പിലെ വ്യവസായ വിപ്ലവകാലത്ത് ഫാക്ടറികളില്‍ അടിമകളായി മാറിയ സ്ത്രീകളുടേയും കുട്ടികളുടേയും അവസ്ഥയെ കുറിച്ച് മാര്‍ക്‌സ് വേദനയോടെ എഴൂതിയിരുന്നു. പക്ഷേ അവരെ ഫാക്ടറികളില്‍ നിന്ന് രക്ഷിച്ച് വീട്ടില്‍ കൊണ്ടുചെന്നിരുത്തിയപ്പോഴും പ്രശ്‌നം അവസാനിച്ചില്ല. പകരം സ്ത്രീകളുടേതു മാത്രമായ ഒരു തൊഴില്‍ ലോകം ഫാക്ടറികള്‍ക്കുള്ളില്‍ രൂപപ്പെട്ടു. ഒപ്പം വീട്ടിലിരിക്കുന്ന സ്ത്രീകളെ തേടി ഫാക്ടറികള്‍ വീട്ടിലെത്തി. തുണിക്കഷ്ണങ്ങളും മുത്തുകളും ബട്ടണ്‍സുകളും തുന്നിച്ചേര്‍ക്കുന്ന സ്ത്രീകളുടേതു മാത്രമായ ഒരു തൊഴില്‍ലോകം കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന കാലഘട്ടങ്ങളില്‍ മുതലാളിത്തത്തിന്റെ പ്രധാന ലാഭസ്രോതസായി മാറി.കാലം മാറി. ഇന്നിപ്പോള്‍ ആഗോളവത്ക്കരണത്തിന്റെ അണിഞ്ഞൊരുങ്ങിയ മുഖങ്ങളിലാണ് ഒരുവിഭാഗം സ്ത്രീകള്‍ നിലനില്‍പ്പിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നത്. സ്ത്രീകളെ മാത്രം തൊഴിലാളികളായി തെരഞ്ഞെടുക്കാന്‍ മുമ്പ് മുതലാളിത്തം ചില കാരണങ്ങള്‍ കണ്ടെത്തിയിരുന്നു. അവയില്‍ പ്രധാനം അവര്‍ സമരം ചെയ്യാനോ സംഘടിക്കാനോ ഉള്ള സാധ്യതക്കുറവ്, കുറഞ്ഞ വേതനത്തില്‍ ആത്മാര്‍ഥതയോടെയുള്ള പ്രവര്‍ത്തനം, ഒപ്പം, ക്ഷമയോടെ, ശ്രദ്ധയോടെ കൃത്യനിഷ്ഠയോടെയുള്ള സേവനം ഇതൊക്കെയായിരുന്നു. ഇന്നും ഇതൊന്നും മാറിയിട്ടില്ല. ഇതേ കാരണങ്ങള്‍ കൊണ്ട് തന്നെ, ഇന്ന് ഭീമാകാരമായി വളര്‍ന്നുവരുന്ന നമ്മുടെ അസംഘടിത തൊഴില്‍ മേഖലയില്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് സ്ത്രീകള്‍ അച്ചടക്കത്തോടെ പണിയെടുക്കുന്നു.

അങ്ങനെ ഏറ്റവും കുറഞ്ഞ ദിവസക്കൂലിയില്‍, നഗരങ്ങളിലെ ഒറ്റമുറികളില്‍, മത്സരിച്ച് തൊഴില്‍ തേടിപ്പിടിക്കുന്ന സ്ത്രീകളും അതേ നഗരങ്ങളിലെ വലിയ ഷോറൂമുകളില്‍ യൂണിഫോമുകളും അത്യാവശ്യം മേക്കപ്പും പുഞ്ചിരിയുമായി നില്‍ക്കുന്ന സ്ത്രീകളും തമ്മിലെന്താണ് ദൂരം?കേരളം പോലെ വളര്‍ന്നുകൊണ്ടേയിരിക്കുന്ന നഗരങ്ങളില്‍, രണ്ടക്ഷരം പഠിച്ചിട്ടും കുടുംബം പുലര്‍ത്താന്‍ കഴിയാതെ വഴിമുട്ടി നില്‍ക്കുന്ന സ്ത്രീകളാണ് ടെക്‌സ്‌റ്റെല്‍ ഷോറൂമുകളില്‍ എത്തിപ്പെടുന്നത്. എന്നത്തേയും പോലെ ആണുങ്ങള്‍ ഉപേക്ഷിച്ചുപോയ ജോലികളിലേക്ക് ഗതികിട്ടാതെ തൊഴില്‍ തേടിയലയുന്ന ദരിദ്ര സ്ത്രീകള്‍ മുതലാളിമാര്‍ക്ക് ഏറ്റവും ആകര്‍ഷകമായ ഇരകളാണ്. കാലം മാറിയതു കൊണ്ട് ഷോറൂമുകളുടെ വലിപ്പവും വില്‍പ്പനയും എണ്ണവും കൂടി. പക്ഷേ, മറ്റൊന്നും മാറിയില്ല. തൊഴിലാളിസമരചരിത്രങ്ങളുടെ ഏടുകളില്‍ അഭിമാനപൂര്‍വം അക്കമിട്ട് പഠിപ്പിച്ചിരുന്ന 'എട്ടുമണിക്കുര്‍ മാത്രം ജോലി' എന്ന നിയമമൊക്കെ കാറ്റില്‍ പറന്ന് ജോലി സമയം 14 മണിക്കൂറിലെത്തി നില്‍ക്കുന്നു. ഒപ്പം, എത്രയെത്ര സുന്ദരവും വൃത്തിയുള്ളതുമായ മാളുകളും ഷോറൂമുകളും വന്നിട്ടും സ്ത്രീ ശരീരത്തിന്റെ 'അപാകത'കള്‍ക്ക് ഒരു മറുമരുന്നായില്ല. ചടുലമായ കുഞ്ഞുവിരലുകളിലും അതിന്റെ ക്ഷമയിലും ശരീരവടിവുകളിലും കണ്ണുറച്ചുപോയ കമ്പോള തന്ത്രങ്ങളില്‍, സ്ത്രീശരീരത്തിന്റെ മറ്റാവശ്യങ്ങള്‍ ഒന്നുംതന്നെ ഇതേവരെ കണക്കാക്കപ്പെട്ടിട്ടില്ല. ആര്‍ത്തവം തുടങ്ങി പ്രസവം വരെയുള്ള കാര്യങ്ങളെല്ലാം ഒരു സ്ത്രീ തൊഴിലാളിയുടെ ഏറ്റവും വലിയ മാര്‍ഗതടസങ്ങളാണ്. ഫോര്‍ഡിസ (fordism) ത്തിന്റെ കാലത്ത് ചാപ്ലിന്‍ സിനിമകളില്‍ കാണുംപോലെ, യന്ത്രങ്ങള്‍ കണക്കെ പണിയെടുത്തിരുന്ന ആണുങ്ങള്‍ക്കും ടോയ്‌ലറ്റില്‍ പോകാനോ വിശ്രമിക്കാനോ അനുവാദമുണ്ടായിരുന്നില്ല. ഇന്നും അതില്ല; എന്നാല്‍ ആ അനുഭവം ഇന്ന് ആണുങ്ങളുടെ ലോകത്തു നിന്ന് ഒരു വലിയ ശതമാനം സ്ത്രീകളുടെ ലോകത്തേക്ക് മാറിയെന്നു മാത്രം. നൂറ്റാണ്ടുകള്‍ക്കു ശേഷവും സുന്ദരമായ നഗരനിര്‍മാണങ്ങള്‍ക്ക് ശേഷവും ഉയര്‍ന്ന വിദ്യാഭ്യാസത്തിനു ശേഷവും ഇരിക്കാനോ മൂത്രമൊഴിക്കാനോ ആര്‍ത്തവത്തുണി മാറ്റാനോ സ്വാതന്ത്ര്യമില്ലാത്ത സ്ത്രീ തൊഴിലാളികള്‍. എന്നിട്ടും നമ്മള്‍ പറയും : ഇത് അടിമത്തത്തിന്റെ കാലമല്ല, മറിച്ച് മനുഷ്യാവകാശങ്ങളുടെ നൂറ്റാണ്ടത്രെ!

കേരളത്തിന്റെ മുക്കിനും മൂലയിലുമുളള നൂറുകണക്കിന് കുഞ്ഞു ഷോറൂമുകളിലും ഫാക്ടറികളിലും മാളുകളിയും മൂത്രപ്പുരയ്ക്കും ഇരിപ്പിടത്തിനും വേണ്ടി സമരം ചെയ്യുന്ന, സമരം ചെയ്യാനാഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും അഭിവാദ്യങ്ങള്‍. ചരിത്രത്തില്‍, ബുദ്ധിജീവികളായ ആണുങ്ങള്‍ ടോയ്ലറ്റ് പേപ്പറിൽ അവരുടെ ചിന്തകളും സിദ്ധാന്തങ്ങളും പകര്‍ത്തി രഹസ്യമായി പുറംലോകത്തേക്ക് കടത്തിയ കഥകള്‍ വായിച്ചിട്ടുണ്ടാകുമെല്ലോ. പകരം ഇനിയുള്ള കാലത്ത് നിങ്ങള്‍ സാനിറ്ററി പാഡുകള്‍ ടോയ്‌ലറ്റ് പേപ്പറുകളില്‍ പൊതിഞ്ഞ് ആ മനുഷ്യവിഭവശേഷി വിഭാഗ (HR) ത്തിന്റെ മേശപ്പുറത്ത് വയ്ക്കുക. അവിടെയുള്ള അലങ്കാരപ്പൂച്ചെടികളില്‍ മൂത്രമൊഴിക്കുക; കാലം മാറും.(ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ സരോജിനി നായിഡു സെന്‍റര്‍ ഫോര്‍ വിമണ്‍സ് സ്റ്റഡീസില്‍ അധ്യാപികയാണ് ശ്രീരേഖ)അഴിമുഖം പ്രസിദ്ധീകരിച്ച ശ്രീരേഖയുടെ മറ്റ് ലേഖനങ്ങള്‍നിര്‍ഭയം ഒരു ആണ്‍കുട്ടിആറളവും ആദിവാസിയും പുനരധിവാസത്തിന്റെ പിച്ചച്ചട്ടിയും*Views are personalNext Story

Related Stories