TopTop

'എന്റെ ജനങ്ങളെ രക്ഷിക്കൂ'; രാജ്യം ഈ നിലവിളി കേട്ടതുകൊണ്ടാണ് ഇവിടെ സഹായമെത്തിയത്; സജി ചെറിയാന്‍ സംസാരിക്കുന്നു

"എന്റെ ജനങ്ങളെ രക്ഷിക്കണം. ഒരു ഹെലികോപ്റ്ററെങ്കിലും എനിക്ക് തരൂ. ഇനിയും ഇടപെട്ടില്ലെങ്കില്‍ അമ്പതിനായിരത്തോളം പേര്‍ മരിക്കും", പ്രളയകാലത്ത് ടിവി ചാനലുകളിലൂടെയാണ് ഒരു ജനപ്രതിനിധിയുടെ നിലവിളിയുടെ സ്വരത്തിലുള്ള ഈ അപേക്ഷ കേരളം കേട്ടത്. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ ആയിരുന്നു അത്. അന്നുവരെ റാന്നിയിലേയും ആലുവയിലേയും വെള്ളപ്പൊക്കമായിരുന്നു ശ്രദ്ധാകേന്ദ്രമെങ്കില്‍ പിന്നീട് ചെങ്ങന്നൂരിലേക്ക് കേരളമൊന്നാകെ എത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.  വെള്ളമിറങ്ങിത്തുടങ്ങിയ ചെങ്ങന്നൂര്‍ സ്വാഭാവികതയിലേക്ക് എത്തിച്ചേരാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. അതിനുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതും കുടിവെള്ളം മുതലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും സജി ചെറിയാനാണ്. താലൂക്ക് ഓഫീസില്‍ ഇരുന്നുകൊണ്ട് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന അദ്ദേഹം തിരക്കിനിടയില്‍
അഴിമുഖ
വുമായി പങ്കുവച്ച കാര്യങ്ങള്‍.


നിലവില്‍ ചെങ്ങന്നൂര്‍

ചെങ്ങന്നൂരില്‍ വെള്ളം ഒഴിയുകയാണ്. താഴ്ന്ന പ്രദേശത്തുള്ള വീടുകളില്‍ വെള്ളം ഒഴിഞ്ഞിട്ടില്ല. വെള്ളമൊഴിഞ്ഞ വീടുകളിലെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അയ്യാരിരത്തിലധികമാളുകള്‍ സഹായിക്കാനായി എത്തിയിട്ടുണ്ട്. ഞങ്ങളുടെ നാട്ടിലെ ചെറുപ്പക്കാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും നേതൃത്വം നല്‍കുന്നു. ക്യാമ്പുകളില്‍ താമസിക്കുന്നവരെ വീടുകള്‍ ശുചിയാക്കി പരമാവധി മാറ്റിക്കൊണ്ടിരിക്കുകാണ്. വീടുകള്‍ പൂര്‍ണമായും നഷ്ടമായവര്‍ക്ക് പ്രത്യേക സൗകര്യം ചെയ്തുകൊടുക്കുന്ന കാര്യം ആലോചിക്കുന്നു. നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്കായി മാത്രം പ്രത്യേക അദാലത്ത് നടത്തും. നഷ്ടങ്ങളുണ്ടായവര്‍ക്ക് വില്ലേജ് ഓഫീസ് വഴി പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും ആരംഭിച്ചിട്ടുണ്ട്. കൃത്യമായി പരിശോധനകള്‍ നടത്തി അതിനുള്ള നഷ്ടപരിഹാരം ലഭ്യമാക്കും.

മുന്നറിയിപ്പുണ്ടായില്ല എന്ന ആക്ഷേപം

മുന്നറിയിപ്പുണ്ടായില്ല എന്ന് പറയുന്നത് തെറ്റാണ്. ഓഗസ്ത് 15ന് പുലര്‍ച്ചെ അഞ്ച് മണിക്ക് തന്നെ വെള്ളം കയറുമെന്ന് ഔദ്യോഗികമായി തന്നെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എനിക്ക് അറിയിപ്പ് ലഭിച്ചു. അഞ്ച് മണി കഴിയുമ്പോ തന്നെ ഞാന്‍ രംഗത്തിറങ്ങി. ഇടനാടിന് സമീപമുള്ള പൊടിയാട്ടുകര എന്ന സ്ഥലത്ത് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കാന്‍ പോവുന്നതിനിടെയാണ് എന്റെ കാറ് വെള്ളത്തിലാവുന്നത്. ഭൂരിപക്ഷം പഞ്ചായത്തുകളിലും ഇത് സംബന്ധിച്ച അറിയിപ്പ് കൊടുത്തിരുന്നു. പതിനഞ്ചാം തീയതിയാണ് വെള്ളമുയര്‍ച്ചയുണ്ടാവുന്നത്. പഞ്ചായത്ത് അംഗങ്ങള്‍ക്ക് അന്ന് തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പല പഞ്ചായത്തുകളും അന്ന് യോഗം ചേര്‍ന്നിരുന്നു. പത്ത് പഞ്ചായത്തുകള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി. റവന്യൂ ഉദ്യോഗസ്ഥരെ വിളിച്ചു, പോലീസിനെ അറിയിച്ചു. പലയിടത്തും, പമ്പയുടെ തീര പ്രദേശങ്ങളില്‍ എല്ലാം ഞാന്‍ തന്നെ നേരിട്ട് നടന്നുപോയി നാട്ടുകാരോട് വെള്ളം ഉയരുമെന്ന് പറഞ്ഞു. പാണ്ടനാട്, മാന്നാര്‍, ഇടനാട്, പുത്തന്‍കാവ് തുടങ്ങി പോകാവുന്ന എല്ലാ സ്ഥലങ്ങളും ഞാന്‍ ചെന്നുപറഞ്ഞു. നാട്ടുകാരോടും പ്രധാനപ്പെട്ട വ്യക്തികളോടുമെല്ലാം ഞാന്‍ പറഞ്ഞു. പക്ഷെ അവര്‍ മാറിയില്ല. അവര്‍ വിചാരിച്ചു, സാധാരണ ഡാം തുറക്കുന്നത് പോലെ വെള്ളമേ വരൂ എന്ന്.

ഡാമിലെ വെള്ളമല്ല

ഡാമിലെ വെള്ളമല്ല പ്രളയം ഉണ്ടാക്കിയത്. ഡാമിലെ വെള്ളമാണെങ്കില്‍ ചെളിയെങ്ങനെ വന്നു? കാലവര്‍ഷം കാരണം ഉരുള്‍പൊട്ടി, കിഴക്കും ഭാഗം മുഴുവന്‍ ഇളകി മറിഞ്ഞ് ഒരു രാക്ഷസിയെപ്പോലെ വന്ന നദിയാണ്, ആ നദിയിലെ ഉരുള് പൊട്ടിവന്ന മണ്ണാണ് ഇവിടുത്തെ നാല്‍പ്പതിനായിരം വീടുകളില്‍ കയറിയത്. ഡാമില്ലാത്ത അച്ചന്‍കോവില്‍ ആറില്‍ എങ്ങനെ വെള്ളം കയറി? വെണ്‍മണി പഞ്ചായത്ത് മുഴുവന്‍ നശിച്ചു. പമ്പയാറിന്റെ തീരത്തേക്കാള്‍ വലിയ നാശനഷ്ടമാണ് വെണ്‍മണിയില്‍. ഇത് മഴക്കെടുതി തന്നെയാണ്; ഉരുള്‍ പൊട്ടലും. രണ്ടും സംയുക്തമായി വന്നപ്പോള്‍ അത് സംഭവിച്ചു.

ഏകോപനത്തിലെ പിഴവ് എന്ന ആരോപണം

ഏകോപനമില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് നന്ദികേടാണ്. വെള്ളം കയറിയപ്പോള്‍ മുഖ്യമന്ത്രിയോട് അക്കാര്യം ഞാന്‍ വിളിച്ചുപറഞ്ഞു. ആ സെക്കന്‍ഡില്‍ അദ്ദേഹം ഇടപെട്ടിട്ടാണ് എന്‍ഡിആര്‍എഫിന്റെ ആദ്യ സംഘം ഇവിടെ വന്നത്. ഏകോപനമില്ലെങ്കില്‍ എന്‍ഡിആര്‍എഫ് വരുമോ? പതിനഞ്ചിന് ഇവിടെ തഹസില്‍ദാറുടെ ഓഫീസില്‍ എന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ആര്‍ഡിഒ, തഹസില്‍ദാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, പോലീസ് എല്ലാവരുമുണ്ടായിരുന്നു. ഉച്ചയായപ്പോള്‍ കളക്ടറെ വിളിച്ച് പറഞ്ഞു. മൂന്ന് മണിയായപ്പോള്‍ കളക്ടര്‍ എന്റെ കൂടെ ഇടനാട്ടില്‍ വന്നു. ഞാനും കളക്ടറും ഇടനാട്ടില്‍ പോയി രൂക്ഷതയെല്ലാം കണ്ടു. ഏകോപനമില്ലായിരുന്നെങ്കില്‍ കളക്ടര്‍ ഇവിടെ വരുമോ? അന്ന് രാത്രിയാണ് മുഖ്യമന്ത്രിയോട് സംസാരിച്ചതും പതിനാറിന് രാവിലെ എന്‍ഡിആര്‍എഫ് ഇവിടെ വരുന്നതും. അഗ്നിശമനസുരക്ഷാസേനയുടേയും പോലീസിന്റേയും മുഴുവന്‍ സംവിധാനവും രംഗത്തിറങ്ങി. നാട്ടുകാരുടെ കിട്ടിയ വള്ളങ്ങളെല്ലാം ഇതിലൂടെ ഒഴുകി. 16ന് രാവിലെ ഞാന്‍ തന്നെ മുന്‍കയ്യെടുത്ത് ആലപ്പുഴയില്‍ നിന്ന് 42 ബോട്ടുകള്‍ ഇവിടെയെത്തിച്ചു. മത്സ്യത്തൊഴിലാളി വള്ളങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. 17-ന് രാവിലെ ഇരുന്നൂറോളം ബോട്ടുകള്‍ വന്നു, 18-ാം തീയതിയായപ്പോള്‍ നാനൂറോളം ബോട്ടുകള്‍ വന്നു. 19-ാം തീയതിയായപ്പോള്‍ അറുന്നൂറോളം ബോട്ടുകളായി. ഏകോപനമില്ലായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ നന്ദികെട്ടവരാണെന്ന് ഞാന്‍ പറയും.

'എന്റെ ജനങ്ങളെ രക്ഷിക്കണം' എന്ന നിലവിളിയിലേക്കെത്തിച്ചത്

പതിനാറ്, പതിനേഴ് തീയതികളില്‍ മത്സ്യത്തൊഴിലാളികള്‍ വന്ന് ആളുകളെ രക്ഷപെടുത്തുകയായിരുന്നു. അമ്പതിനായിരത്തോളമാളുകളെ രക്ഷിക്കാനായി. പക്ഷെ പമ്പയാറ് കടക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ എന്ത് ചെയ്യും? പമ്പയാറ് കടന്ന് അക്കരെ പോവേണ്ടതാണ് ഇടനാട്. അവിടേക്കെത്താന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു. മൂന്ന് ബോട്ട് വിട്ടു. മൂന്നും തകര്‍ന്ന് പോയി. മൂന്ന് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു. അതുപോലെയായിരുന്നു പമ്പയാറിന് അക്കരെയുള്ള നാക്കടയിലും. നാക്കടയിലും ഇടനാട്ടിലുമായി പതിനായിരക്കണക്കിനാളുകള്‍ കുടങ്ങിക്കിടക്കുകയായിരുന്നു. അവരെ രക്ഷപെടുത്തണമെങ്കില്‍ നേവിയുടേയോ എയര്‍ഫോഴ്‌സിന്റേയോ സഹായം വേണം. അവര്‍ക്ക് മാത്രമേ അതിനുള്ള സംവിധാനമുള്ളൂ. അത്രയുമാളുകളെ രക്ഷിക്കാനുള്ള സംവിധാനം സംസ്ഥാനത്തിനില്ല. പതിനേഴാം തീയതി പത്താമത്തെയാള് മരിക്കുകയാണ്. രണ്ട് ലക്ഷം ആളുകള്‍ അപകടത്തില്‍ പെട്ടു. അതില്‍ അമ്പതിനായിരത്തോളം ആളുകളെ മാത്രമാണ് രക്ഷിക്കാനായത്. അവിടെ കഥ കേട്ടുകൊണ്ടിരിക്കാനും സമയമില്ലായിരുന്നു. ഇവിടുത്തെ സര്‍ക്കാരും എംഎല്‍എ എന്ന നിലയില്‍ എനിക്കും ചെയ്യാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തു. 16ന് നേവിയും എയര്‍ഫോഴ്‌സും ആര്‍മിയും വരുമെന്ന് പറഞ്ഞിട്ട് ആരും വന്നില്ല. 17-ന് രാത്രിയായപ്പോഴേക്കും എനിക്ക് വിശ്വാസം നഷ്ടപ്പെട്ടു. വേണ്ടത്ര ഗൗരവത്തില്‍ ഈ അപകടസ്ഥിതി കേന്ദ്രഭരണാധികാരികള്‍ക്ക് മനസ്സിലായില്ല എന്നതാണ്. അല്ലാതെ സംസ്ഥാന ഭരണാധികാരികള്‍ക്കല്ല. ആ സാഹചര്യത്തിലാണ് ഞാന്‍ പ്രതികരിച്ചത്. ആ പ്രതികരണത്തിന്റെ ഫലം ഉണ്ടായല്ലോ? കേരളം മുഴുവന്‍, ഇന്ത്യ മുഴുവന്‍ ഇവിടെയെത്തിയില്ലേ? 18-ന് രാവിലെ നേവി വന്നില്ലായിരുന്നെങ്കില്‍ ഇടനാട്ടില്‍ എത്രയാളുകള്‍ മരിച്ചേനെ. അതിനെക്കുറിച്ചൊന്നും ആര്‍ക്കും പറയാനില്ല. ഇപ്പോള്‍ എല്ലാവരുടേയും കഴിവുകൊണ്ടും മഹത്വം കൊണ്ടുമാണ് രക്ഷപെട്ടതെന്നാണ് പലരും പറയുന്നത്.

ചെങ്ങന്നൂരിനെ തിരിച്ചുകൊണ്ടുവരല്‍

ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് അതിനായി നടക്കുന്നത്. അമേരിക്കയില്‍ പോലും ദുരന്തമുണ്ടായിട്ട് ഇത്രയും പെട്ടെന്ന് തിരിച്ചുവരല്‍ സാധ്യമായിട്ടില്ല. അമേരിക്കയില്‍ ഒരു വിമാനം ഇടിച്ച് കയറിയപ്പോള്‍ എത്രപേര്‍ മരിച്ചു? ഇവിടെ ഇത്രയും വലിയ വെള്ളപ്പൊക്കമുണ്ടായിട്ടും ഒറ്റയാള്‍ പോലും വെള്ളത്തില്‍ വീണ് മരിച്ചില്ല. ആളുകള്‍ക്ക് ആപത്തൊന്നും കൂടാതെ എല്ലാവരേയും രക്ഷപെടുത്തി. അവരെയെല്ലാം ക്യാമ്പുകളിലേക്ക് മാറ്റി. ഒരു ലക്ഷമാളുകള്‍ ക്യാമ്പുകളിലും ബാക്കിയുള്ളവര്‍ പുറത്തും താമസിക്കുന്നു. രണ്ട് ലക്ഷമാളുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കിണറ് ശുചീകരിക്കണം, വെള്ളം പൂര്‍ണമായും താഴുന്ന മുറയ്‌ക്കേ അത് പൂര്‍ത്തിയാക്കാനാവൂ. എട്ട് കിയോസ്‌കുകള്‍ വഴി ഒമ്പതിനായിരം ലിറ്റര്‍ വെള്ളം വിതരണം ചെയ്യുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ ആവശ്യത്തിന് വെള്ളം എത്തിക്കാനാവും. ഇപ്പോള്‍ നാല്‍പ്പതിനായിരം വീടുകളിലേക്ക് വെള്ളം എത്തിക്കേണ്ടതുണ്ട്.

രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചരണമാവരുത്

ദുരിതാശ്വാസ പ്രവര്‍ത്തനം രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണമാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞാന്‍ പത്രസമ്മേളനം വിളിച്ചും അത് നിര്‍ദ്ദേശിച്ചു. പക്ഷെ പറഞ്ഞാല്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കാത്തതിന് എന്ത് പറയാന്‍ പറ്റും. എല്ലാവരും അവരുടെ രാഷ്ട്രീയപാര്‍ട്ടികളുടേയോ സമുദായ സംഘടനകളുടേയോ പേര് വച്ച് പ്രവര്‍ത്തനം നടത്തുമ്പോഴും നമ്മള്‍ അത് തടയുന്നില്ല. കാരണം അവരുടെയെല്ലാം സഹായം ലഭിക്കുന്നുണ്ട്. ആ സഹായം നമുക്ക് ആവശ്യവുമാണ്. പിന്നെ ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ അത് ഒഴിവാക്കാം എന്ന് മാത്രം. ഇവിടെ എല്ലാവിധ സംഘടനകളുടേയും സഹായം ലഭിക്കുന്നുണ്ട്. ഡിവൈഎഫ്‌ഐ ആണെങ്കിലും സിപിഎമ്മോ കോണ്‍ഗ്രസോ സേവാഭാരതിയാണെങ്കിലും അവരുടെ യെല്ലാം ധാരാളം വോളന്റിയേഴ്‌സ് ഇവിടെ പ്രവര്‍ത്തന രംഗത്തുണ്ട്. അതിനെ നമ്മള്‍ വിലമതിക്കുന്നു. അവര്‍ക്ക് അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കണമെന്ന ആഗ്രഹമുണ്ടാകും.

https://www.azhimukham.com/kerala-after-flood-chengannur-survive-report-by-kr-dhanya/
https://www.azhimukham.com/newsupdate-kerala-vs-development-perspective/

Next Story

Related Stories