Top

'അവനൊക്കെ ഒരു കല്ലെടുത്തെറിഞ്ഞാല്‍ മതി, ഞങ്ങളിത് എവിടെ നിന്നുണ്ടാക്കും?' മിഠായിത്തെരുവില്‍ നടന്നത് ആസൂത്രിത കലാപ ശ്രമം; ഇനി പേടിച്ച് പിന്മാറില്ലെന്ന് വ്യാപാരികള്‍

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരേ നടത്തിയ ഹര്‍ത്താലില്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്ത ആക്രമണ പരമ്പരകള്‍ക്കു ശേഷം കോഴിക്കോടിന്റെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ മിഠായിത്തെരുവ് പതിവ് തിരക്കുകളിലേക്ക് വീണു കഴിഞ്ഞു. ഷോപ്പിംഗിനായും സായാഹ്ന നടത്തങ്ങള്‍ക്കായും എത്തിച്ചേരുന്നവരും, അവരെ കടകളിലേക്ക് വിളിച്ചു കയറ്റുന്ന കച്ചവട തന്ത്രങ്ങളുമായി വ്യാപാരികളും ഏതൊരു ദിവസത്തേയും പോലെ തിരക്കിലാണ്. എങ്കിലും മിഠായിത്തെരുവിലേക്ക് പ്രവേശിക്കാനുള്ള പ്രധാനപാതയിലടക്കം പൊലീസ് സാന്നിധ്യം ഇപ്പോഴുമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയിലെ ഹര്‍ത്താല്‍ ദിനത്തില്‍ അപ്രതീക്ഷിതമായുണ്ടായ അതിക്രമങ്ങളെത്തുടര്‍ന്ന് കര്‍ശന നിരീക്ഷണത്തിലാണ് തെരുവ്.

വ്യാപാരി വ്യവസായി ഏകോപന സമിതിയും കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സുമടക്കം 96- ഓളം സംഘടനകള്‍ സംയുക്തമായി ഹര്‍ത്താലിനെതിരെ നിലപാടെടുത്തതിനെത്തുടര്‍ന്നാണ് മിഠായിത്തെരുവിലെ മുന്നൂറോളം വരുന്ന കടകള്‍ ഹര്‍ത്താല്‍ ദിനത്തിലും തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായത്. തുടര്‍ച്ചയായി വരുന്ന ഹര്‍ത്താലുകള്‍ കച്ചവടത്തിന് സൃഷ്ടിക്കുന്ന ആഘാതം തിരിച്ചറിഞ്ഞുകൊണ്ട് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഹര്‍ത്താലിനോടും ഇനി മുതല്‍ സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതനുസരിച്ച്, കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഹര്‍ത്താലിന് തലേന്നു തന്നെ ഹര്‍ത്താല്‍ വിരുദ്ധ സമിതിയംഗങ്ങള്‍ പ്രസ്താവനയിറക്കിയിരുന്നു. ഇതിനോട് ചേര്‍ന്നു നില്‍ക്കാനായിരുന്നു എല്ലാ കടയുടമകളുടേയും തീരുമാനം.

എന്നാല്‍, നിശ്ചയിച്ചുറപ്പിച്ചതനുസരിച്ച് ഹര്‍ത്താല്‍ ദിനം രാവിലെ പത്തുമണിയോടെ കട തുറക്കാനെത്തിയ വ്യാപാരികള്‍ക്കും കടകള്‍ക്കും നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമമുണ്ടാവുകയായിരുന്നു. വലിയങ്ങാടിയിലും മിഠായിത്തെരുവിലും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്ന അവസ്ഥയുണ്ടായി. മിഠായിത്തെരുവില്‍ പലയിടത്തും കടകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഉച്ചയോടെ ജില്ലാ കലക്ടറും കൂടുതല്‍ പൊലീസ് സേനയും സ്ഥലത്തെത്തിയാണ് അക്രമികളെ മാറ്റിയതും കടകള്‍ തുറക്കാനുള്ള സാഹചര്യമുണ്ടാക്കിയതും. ഇത്തവണ അനിഷ്ട സംഭവങ്ങളുണ്ടായെങ്കിലും ഇനി വരാനിരിക്കുന്ന ഹര്‍ത്താലുകള്‍ക്കും കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനമെന്നാണ് വ്യാപാരികളുടെ പക്ഷം.

ഹര്‍ത്താല്‍ ദിനത്തില്‍ കച്ചവടം നന്നേ കുറവായിരിക്കുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് കടകള്‍ തുറന്നതെന്നും നിലപാടിന്റെ ഭാഗമായാണ് അതു ചെയ്തതെന്നുമാണ് കടയുടമകള്‍ വിശദീകരിക്കുന്നത്. പൊലീസ് സംരക്ഷണം പ്രതീക്ഷിച്ച് കട തുറക്കാനെത്തിയ തങ്ങള്‍ക്കു മുന്നില്‍ അന്ന് അരങ്ങേറിയത് തീര്‍ത്തും നാടകീയമായ സംഭവങ്ങളാണെന്ന് മിഠായിത്തെരുവിലെ വ്യാപാരികള്‍ ഒന്നടങ്കം പറയുന്നു.

https://www.azhimukham.com/news-update-jan-8-9-national-strike-shopes-will-be-opened-says-citu-tourism-also-get-relaxation/

അക്രമം കനത്ത മിഠായിത്തെരുവിലെ കൊയന്‍കോ ബസാറില്‍ മാത്രം പതിനഞ്ചോളം കടകളാണ് അക്രമികള്‍ തല്ലിത്തകര്‍ത്തത്. തുറന്ന ചുരുക്കം കടകളല്ല, മറിച്ച് അടച്ചിട്ട കടകളാണ് അക്രമത്തിനിരയായതെന്ന് വ്യാപാരികളായ ജയ്‌സലും റാഷിദും പറയുന്നു. "കുറച്ചു കടകളേ തുറന്നിരുന്നുള്ളൂ. പക്ഷേ കച്ചവടക്കാരെല്ലാം ഇവിടെത്തന്നെ ഉണ്ടായിരുന്നു. പോലീസ് സുരക്ഷ കിട്ടുമെന്ന് തലേന്ന് പറഞ്ഞത് വിശ്വസിച്ച് കട തുറക്കാന്‍ എല്ലാവരും എത്തിയിരുന്നു. അപ്പോഴാണ് ഇവരുടെ സംഘം വരുന്നത്. കുറേയധികം ആളുകളുണ്ടായിരുന്നു, പത്തുനൂറു പേരൊക്കെയുണ്ടെന്ന് തോന്നുന്നു. കസ്റ്റമര്‍മാരില്ലെന്നതൊഴിച്ചാല്‍ ഇപ്പോള്‍ ഇവിടെയുള്ള ആളുകളൊക്കെ ആ സമയത്തും ഇങ്ങനെ പരിസരത്തൊക്കെയായി നില്‍ക്കുന്നുണ്ടെന്നോര്‍ക്കണം. രണ്ടാം ഗേറ്റില്‍ നിന്നുള്ള എന്‍ട്രന്‍സ് വഴിയാണ് അവര്‍ കയറി വന്നത്. വരുന്ന വഴിക്കുള്ള കടകളെല്ലാം അടിച്ചു തകര്‍ത്തിട്ടുണ്ട്. എല്ലാം അടച്ചിട്ട കടകളായിരുന്നു. അല്ലാതെ ഈ പറയുന്ന പോലെ തുറന്ന കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ വേണ്ടി അടിച്ചുപൊട്ടിച്ചതൊന്നുമല്ല. ആ എന്‍ട്രന്‍സില്‍ നിന്നും ഇവിടെയെത്തുന്നതിനിടെയുള്ള അഞ്ചു മിനുട്ടിനുള്ളില്‍ ചുരുങ്ങിയത് ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ടാകും അവര്‍."


ഹര്‍ത്താല്‍ ദിനത്തില്‍ തുറക്കുന്ന കടകള്‍ക്കു നേരെ അക്രമസാധ്യതയുണ്ടെന്നറിഞ്ഞിട്ടും വേണ്ടത്ര പൊലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചില്ലെന്നാണ് വ്യാപാരികളുടെ പരാതി. അത്രയേറെ അക്രമികളെ നിയന്ത്രിക്കാനുള്ള പൊലീസുകാര്‍ സ്ഥലത്തില്ലാതിരുന്നതാണ് സ്ഥിതിഗതികള്‍ വഷളാക്കിയതെന്നാണ് അവര്‍ക്ക് പൊതുവായി ഉന്നയിക്കാനുള്ള വിഷയം. എട്ടോളം വഴികളാണ് മിഠായിത്തെരുവിലേക്ക് പ്രവേശിക്കാനുള്ളത്. ഈ എട്ടു വഴികളിലേക്കുമായി ആകെ എട്ടു പൊലീസുകാരേ ഉണ്ടായിരുന്നുള്ളൂ എന്നും കൊയന്‍കോ ബസാറിലെ കച്ചവടക്കാര്‍ പറയുന്നു. മിഠായിത്തെരുവില്‍ നിന്നു നേരിട്ടും, മറുവശത്ത് രണ്ടാം ഗേറ്റിനടുത്തു നിന്നും ബസാറിലേക്ക് പ്രവേശിക്കാം. മിഠായിത്തെരുവിന്റെ വശത്ത് പൊലീസ് നില്‍ക്കുമ്പോഴായിരുന്നു അവരുടെ ശ്രദ്ധ പതിയാതിരുന്ന മറുവശത്തു നിന്നും അക്രമികള്‍ ബസാറിലേക്ക് പ്രവേശിച്ചത്.

"അവര്‍ വരുന്നതു കണ്ടപ്പോള്‍ ഞങ്ങളെല്ലാം കെട്ടിടത്തിന്റെ മുകളിലേക്ക് കയറി. അവര്‍ ജാഥ വിളിച്ച് പൊയ്‌ക്കൊള്ളുമെന്ന് കരുതിയിട്ടാണോ എന്നറിയില്ല, പോലീസുകാര്‍ കൂടി നിന്ന ഞങ്ങളെ ലാത്തി ചൂണ്ടി മാറ്റി അവര്‍ക്ക് പോകാന്‍ വഴിയുണ്ടാക്കിക്കൊടുക്കുകയായിരുന്നു. സിനിമയിലൊക്കെ കണ്ടിട്ടില്ലേ, പട്ടാളക്കാരൊക്കെ വരുമ്പോള്‍ ആളുകള്‍ വഴി മാറിക്കൊടുക്കുന്നത്. അതുപോലെ ഞങ്ങളെ മാറ്റി പൊലീസുകാര്‍ അവര്‍ക്കു പോകാന്‍ സ്ഥലമുണ്ടാക്കി. അതിലേ കയറിവന്ന വഴിക്കാണ് കടകള്‍ അടിച്ചുപൊട്ടിച്ചുകൊണ്ട് അവര്‍ കടന്നുപോയത്. പൊലീസുകാരൊന്നും ആദ്യ ഘട്ടത്തില്‍ ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. കടകള്‍ അടിച്ചുപൊട്ടിച്ചാല്‍ നോക്കി നില്‍ക്കാന്‍ പറ്റുമോ. ഞങ്ങളെല്ലാം കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെയിറങ്ങി തടഞ്ഞു. മൂന്നാലു പേരെ ഞങ്ങള്‍ തന്നെയാണ് പൊലീസിനു പിടിച്ചു കൊടുത്തത്. അതിലൊരാളെ കുറച്ചപ്പുറത്തു കൊണ്ടുപോയി പൊലീസുകാരന്‍ വിട്ടുകളഞ്ഞത് ഞാന്‍ നേരിട്ടു കണ്ടതാണ്. പൊലീസുകാര്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഞങ്ങള്‍ തന്നെ ഒരു പത്തുപതിനഞ്ചു പേരെയെങ്കിലും പിടിച്ചേനെ. സമരക്കാര്‍ക്കൊരു കല്ലെടുത്തെറിഞ്ഞാല്‍ മതി. ഞങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം വളരെ വലുതായിരിക്കും",
 പേരു വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇതു പറയുമ്പോള്‍ കച്ചവടക്കാരിലൊരാള്‍ക്ക് രോഷമാണുള്ളത്.

https://www.azhimukham.com/kerala-this-is-the-reason-why-not-hartal-affected-in-valapattanam-panchayath-sreeshma/

മിഠായിത്തെരുവിലെയും കൊയന്‍കോ ബസാറിലെയും കടകളില്‍ മിക്കതിനും ചില്ലുകൊണ്ടുള്ള മുന്‍വശവും വാതിലുകളുമാണുള്ളത്. കടയടയ്ക്കാനുള്ള ഷട്ടറുകള്‍ ഈ ചില്ലുപാളികള്‍ക്ക് അകത്തും. അക്രമികള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്താന്‍ എളുപ്പമായതിന്റെ കാരണങ്ങളിലൊന്ന് ഇതാവാമെന്ന് ജെസ്‌ലോ പറയുന്നു. ഹര്‍ത്താലിന് അടഞ്ഞു കിടന്ന തന്റെ തുണിക്കടയുടെ ചില്ലുവാതിലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജെസ്‌ലോ. കച്ചവടം മുടക്കാനാകാത്തതിനാല്‍ രാത്രി തന്നെ പതിനായിരം രൂപ ചെലവഴിച്ച് പുതിയ ഗ്ലാസ്സിട്ട കട ചൂണ്ടിക്കാണിച്ച് ജെസ്‌ലോ പറഞ്ഞതിങ്ങനെ: "
ഞങ്ങള്‍ കട തുറന്നിരുന്നില്ല. സംഭവം നടക്കുമ്പോള്‍ ഞങ്ങളാരും ഇവിടെയില്ലായിരുന്നു താനും. ഹര്‍ത്താലിന് തലേന്ന് രാത്രി തന്നെ ഹര്‍ത്താല്‍ അനുകൂലികളില്‍ ചിലര്‍ കടയിലെത്തി നാളെ തുറക്കരുതെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. കടയിലുണ്ടായിരുന്ന കസ്റ്റമര്‍മാരക്കം പേടിച്ചുപോയി. സാധാരണ ഹര്‍ത്താലിന് തുറക്കാറില്ലാത്ത കടയാണിത്. ഇന്നലെയും തുറന്നിരുന്നില്ല. അടുത്ത കടകളില്‍ ജോലി ചെയ്യുന്നവരും സുഹൃത്തുക്കളുമൊക്കെ വിളിച്ചു പറഞ്ഞപ്പോഴാണ് സംഭവമറിയുന്നത്. നഷ്ടമെല്ലാം നികത്താമെന്ന് വ്യാപാരി വ്യവസായി സംഘടനക്കാര്‍ പറഞ്ഞിട്ടുണ്ട്. ഇനി ഹര്‍ത്താലുണ്ടായാലും എല്ലാ കടക്കാരും തുറക്കാന്‍ തയ്യാറാണെങ്കില്‍ ഞങ്ങളും തുറക്കും."


ഉച്ചയോടെ മാത്രമെത്തിയ പൊലീസ് സംഘം രാവിലെ മുതല്‍ക്കു തന്നെ സ്ഥലത്തുണ്ടാകേണ്ടിയിരുന്നെന്നാണ് കച്ചവടക്കാരുടെ വാദം. "ഞങ്ങള്‍ക്ക് ഇന്ന പാര്‍ട്ടിയെന്നൊന്നുമില്ല. ഒരു ഹര്‍ത്താലിനും സഹകരിക്കേണ്ട എന്നായിരുന്നു തീരുമാനം. അതിനു ശേഷം ആദ്യം വന്ന ഹര്‍ത്താല്‍ ഇവരുടേതായി എന്നു മാത്രം. ഞങ്ങള്‍ക്ക് ജീവിക്കണ്ടേ? എത്ര വലിയ നഷ്ടമാണ് ഓരോ ഹര്‍ത്താലിനും ഉണ്ടാകുന്നത് എന്നറിയാമോ? ഇപ്പോഴത്തെ ഈ അവസ്ഥയില്‍ എല്ലാവര്‍ക്കും ഭയവും അമര്‍ഷവുമുണ്ട്. മിഠായിത്തെരുവില്‍ ഇങ്ങനെയൊരു അനുഭവം ഇല്ലാതിരുന്നതാണ്."


'മിഠായിത്തെരുവിലെ വ്യാപാരികള്‍ പറയുന്നു; ഇനി പേടിച്ച് പിന്മാറില്ല' വീഡിയോ കാണാം..നിപയും പ്രളയവും സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും പുതുവര്‍ഷത്തോടെയെങ്കിലും കരകയറാനുള്ള ശ്രമത്തിലാണ് കോഴിക്കോട്ടെ വ്യാപാരികള്‍. അതിനിടെ മാസത്തിലൊന്ന് എന്ന കണക്കിലുണ്ടാകുന്ന ഹര്‍ത്താലുകളും കൂടിയാകുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ് ഇവര്‍ക്കുണ്ടാകുന്നത്. അതിനെതിരെയുള്ള ചെറുത്തു നില്‍പ്പു മാത്രമായിരുന്നു ഇവരുടെ ഉദ്ദേശം. മിഠായിത്തെരുവ് നവീകരിച്ച് തെരുവിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുക കൂടി ചെയ്തതോടെ കൊയന്‍കോ ബസാറിലേക്കുള്ള ആള്‍ത്തിരക്കിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത്തരം ധാരാളം പ്രതിസന്ധികളിലൂടെ കടന്നു പോകുന്നതിനിടെയാണ് അടച്ചിട്ട കടകളടക്കം തല്ലിത്തകര്‍ത്ത ഹര്‍ത്താല്‍ അനുകൂലികളും ഇവരുടെ നഷ്ടം വര്‍ദ്ധിപ്പിച്ചത്. കടകളും ഒപ്പം വാഹനങ്ങളും തകര്‍ക്കപ്പെട്ടവര്‍ ഏറെയുണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു മാത്രം പ്രവര്‍ത്തനമാരംഭിച്ച ഫുട്ട്‌വെയര്‍ കടയും തകര്‍ക്കപ്പെട്ടവയുടെ ലിസ്റ്റിലുണ്ട്.

ഹര്‍ത്താല്‍ അനുകൂലികള്‍ നശിപ്പിച്ച വസ്തുവകകളുടെ നഷ്ടപരിഹാരം അവരുടെ പക്കല്‍ നിന്നു തന്നെ ഈടാക്കി കടയുടമകള്‍ക്കു നല്‍കുമെന്ന് കളക്ടര്‍ വാക്കു നല്‍കിയിട്ടുണ്ടെങ്കിലും പലരും ആ വാക്കില്‍ വിശ്വാസമര്‍പ്പിക്കുന്നില്ല. നഷ്ടപരിഹാരം ലഭിക്കുമെന്ന് എന്താണുറപ്പെന്നും, ലഭിച്ചാല്‍ത്തന്നെ എത്ര വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും ലഭിക്കുക എന്നുമാണ് മിക്കപേരുടെയും ചോദ്യം. മറ്റേത് സര്‍ക്കാര്‍ വാഗ്ദാനവും പോലെ ഇതും കടലാസ്സിലൊതുങ്ങുമെന്ന ഭയം ഇവര്‍ക്കുണ്ട്.

https://www.azhimukham.com/kerala-operation-broken-window-to-catch-sanghparivar-activists-who-indulged-in-sabarimala-hartal-violence/

ഹര്‍ത്താലിനു തൊട്ടടുത്ത ദിവസമാണ് മിഠായിത്തെരുവിലെ ഹനുമാന്‍ മഠത്തിനു തൊട്ടു മുന്നിലുള്ള രണ്ടു കടകള്‍ കത്തിക്കാനുള്ള ശ്രമവും നടന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതിനുള്ള പ്രതികാരമായാണ് കട കത്തിക്കാന്‍ ശ്രമിച്ചതെന്ന് പരിസരത്തുള്ളവര്‍ പറയുന്നുണ്ടെങ്കിലും, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ കടയെന്ന് തെറ്റിദ്ധരിച്ചാണ് അക്രമികള്‍ മറ്റു രണ്ടു കടകള്‍ ആക്രമിച്ചതെന്നാണ് സംഘടനാ പ്രവര്‍ത്തകരുടെ പക്ഷം. രാത്രിയോടെയാണ് സംഭവമെന്നതിനാല്‍ അക്രമികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. വിഷയത്തില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് സമിതിയുടെ ജാഥയും യോഗവും നടന്നിരുന്നു. എത്ര പ്രകോപനമുണ്ടായാലും ഹര്‍ത്താലുകളോട് സഹകരിക്കേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്നാണ് സമിതി ഭാരവാഹികളുടെ ഉറച്ച നിലപാട്. ഭൂരിഭാഗവും പഴക്കം ചെന്ന കെട്ടിടങ്ങളുള്ള മിഠായിത്തെരുവില്‍ ഒരു ചെറിയ അഗ്‌നിബാധയുണ്ടായാല്‍പ്പോലും വലിയ അപകടമാണ് ഫലം എന്നത് കണക്കിലെടുത്തുകൊണ്ട് പൊലീസ് സാന്നിധ്യം കഴിഞ്ഞ ദിവസങ്ങളിലെല്ലാം പരിസരത്തുണ്ടായിരുന്നു.

കോഴിക്കോടിന്റെ ജീവനാഡികളിലൊന്ന് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന, ചരിത്രപ്രധാനമായ മിഠായിത്തെരുവ് ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര സംഘര്‍ഷഭരിതമായ അവസ്ഥകളിലൂടെ കടന്നു പോയിരിക്കുന്നു. എത്ര വലിയ തെരുവുയുദ്ധങ്ങളുണ്ടായാലും നിലപാടില്‍ മാറ്റമില്ലെന്ന് കച്ചവടക്കാരും ഉറപ്പിക്കുന്നു. ചെറുകിട വ്യാപാരികളുടെ പ്രതിരോധങ്ങള്‍ക്ക് പൊലീസിന്റെ സഹായവുമുണ്ടാകണമെന്നു മാത്രമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.https://www.azhimukham.com/say-no-to-hartal-kerala-join-hands/

Next Story

Related Stories