TopTop
Begin typing your search above and press return to search.

റോഡില്‍ കണ്ടാല്‍ വെട്ടി നുറുക്കുമെന്നു ഭീഷണി; ശബരിമല പ്രവേശനത്തിനു ശ്രമിച്ച ആദിവാസി യുവതി അമ്മിണി പൊലീസ് സംരക്ഷണം തേടി

റോഡില്‍ കണ്ടാല്‍ വെട്ടി നുറുക്കുമെന്നു ഭീഷണി; ശബരിമല പ്രവേശനത്തിനു ശ്രമിച്ച ആദിവാസി യുവതി അമ്മിണി പൊലീസ് സംരക്ഷണം തേടി

ശബരിമല സന്ദര്‍ശനത്തിനു ശ്രമിച്ച ആദിവാസി അവകാശ പ്രവര്‍ത്തക അമ്മിണിയെ ആക്രമിക്കുമെന്ന് ഭീഷണി. അമ്മിണിയുടെ സഹോദരി താമസിക്കുന്ന വീടിനു നേരെ ഒരു സംഘമാളുകള്‍ കല്ലെറിയുകയും തനിക്കെതിരെ അധിക്ഷേപകരമായി സംസാരിക്കുകയുമായിരുന്നെന്ന് അമ്മിണി പറയുന്നു. റോഡില്‍ വച്ചു കണ്ടാല്‍ വെട്ടിനുറുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും, തനിക്കും സഹോദരിയുടെ കുടുംബത്തിനും പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നുമാണ് അമ്മിണിയുടെ പരാതി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് അമ്മിണി വയനാട് ജില്ലാ പൊലീസ് മേധാവിയോട് സുരക്ഷയാവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 31നാണ് അമ്മിണിയുടെ സഹോദരി ശാന്തയുടെ കളത്തുവയലിലെ വീട്ടില്‍ ആക്രമണമുണ്ടാകുന്നത്. പത്തോളം പേരടങ്ങുന്ന സംഘമെത്തി കല്ലെറിയുകയും അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. അമ്മിണിയുടെ വീടിന് ഒന്നര കിലോമീറ്റര്‍ മാത്രമകലെയാണ് സഹോദരി താമസിക്കുന്നത്. സംഭവം നടക്കുമ്പോള്‍ അമ്മിണി വീട്ടിലുണ്ടായിരുന്നില്ല. ഈ സംഭവത്തിനു മുന്‍പും ശേഷവും തനിക്കെതിരെ നാട്ടില്‍ വിദ്വേഷ പ്രചരണങ്ങള്‍ നടക്കുന്നതായും, താന്‍ ശബരിമല സന്ദര്‍ശനത്തിന് പുറപ്പെട്ടു എന്ന ഒറ്റക്കാരണത്താലാണ് ഇത്തരം അധിക്ഷേപങ്ങളും അക്രമങ്ങളും നേരിടേണ്ടി വരുന്നതെന്നും അമ്മിണി പറയുന്നു.

'ഒന്നര കിലോമീറ്റര്‍ ദൂരെ താമസിക്കുന്ന സഹോദരിയുടെ വീട്ടിലാണ് ആക്രമണമുണ്ടായത്. എവിടെയെങ്കിലും പോകണമെങ്കില്‍ ആ കവലയില്‍ നിന്നു വേണം എനിക്ക് വണ്ടി കയറാന്‍. ഡിസംബര്‍ മുപ്പത്തിയൊന്നിനാണ് അക്രമമുണ്ടായത്. ആ സമയത്ത് ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് എസ്.പിക്ക് പരാതി കൊടുത്തത്. വളരെ മോശമായ ഭാഷയില്‍ തെറി വിളിക്കുകയായിരുന്നു. അസഭ്യം പറഞ്ഞവരെല്ലാം അറിയാവുന്നവരാണെങ്കിലും ബി.ജെ.പിക്കാരാണ് ഇതിനു പിന്നിലെന്ന് ഞാന്‍ ന്യായമായും സംശയിക്കുന്നുണ്ട്. വീടിലേക്ക് നാമജപയാത്രയും നേരത്തേ നടത്തിയിരുന്നു. അതിനെതിരെ എസ്.പി കര്‍ശനമായി പ്രതികരിക്കുകയും ചെയ്തതാണ്. പൊലീസിന്റെ സംരക്ഷണമൊക്കെ കൃത്യമായി കിട്ടുന്നുണ്ട്.

കുറച്ച് ആദിവാസി യുവാക്കളെ കൈയിലെടുത്താണ് എനിക്കെതിരെ തിരിച്ചിരിക്കുന്നത്. നേരിട്ട് ഒന്നും ചെയ്യാന്‍ സാധിക്കാത്തതിനാല്‍ അത്തരമൊരു വഴിയാണ് ഇപ്പോള്‍ അവര്‍ കണ്ടെത്തിയിരിക്കുന്നത്. ചേച്ചിയുടെ വീട്ടില്‍ വന്ന് എന്നെ പേരെടുത്തു വിളിച്ച് പുറത്തിറങ്ങാന്‍ പറയുകയും, റോഡില്‍ കണ്ടാല്‍ വെട്ടിനുറുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചിലരെ കണ്ടാലറിയാം. ചിലരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.'

അക്രമിസംഘത്തിലെ ജെന്‍സന്‍, വിനീഷ്, രാജന്‍, ഹരീന്ദ്രന്‍, രമേശന്‍, അരുണ്‍ എന്നിവരെ പേരെടുത്ത് സൂചിപ്പിച്ചിരിക്കുന്ന പരാതിയില്‍, തിരിച്ചറിയാനാകാത്ത ചിലര്‍ കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നതായും വിശദീകരിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കാനും, ഇത്തരം ആക്രമണങ്ങള്‍ തുടര്‍ന്നും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തങ്ങള്‍ക്ക് സുരക്ഷയേര്‍പ്പെടുത്താനുമാണ് അമ്മിണിയുടെ ആവശ്യം. വ്യക്തിഹത്യയടക്കം പലവിധം ഉപദ്രവങ്ങള്‍ നാട്ടില്‍ നേരിടേണ്ടി വരുന്നതായി അമ്മിണി പറയുന്നുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 24നാണ് മനിതി സംഘത്തിനൊപ്പം ആദിവാസി അവകാശ പ്രവര്‍ത്തകയായ അമ്മിണിയും ശബരിമലയിലേക്ക് യാത്ര തിരിച്ചത്. പ്രതിഷേധത്തെയും പൊലീസ് നിര്‍ബന്ധത്തെയും തുടര്‍ന്ന് മടങ്ങിപ്പോരുകയായിരുന്നു അമ്മിണി. ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യുവതികളുടെ വീടുകളിലെല്ലാം അക്രമസംഭവങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തിലും അമ്മിണിയുടെ വീട്ടില്‍ അനിഷ്ട സംഭവങ്ങളുണ്ടായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസത്തെ അനുഭവത്തോടെ തനിക്ക് സുരക്ഷയാവശ്യമാണെന്ന് തിരിച്ചറിയുകയായിരുന്നെന്ന് അമ്മിണി പറയുന്നു. ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ പ്രസിഡന്റും എസ്.സി/എസ്.ടി മോണിട്ടറിംഗ് കമ്മറ്റിയംഗവുമാണ് അമ്മിണി.


Next Story

Related Stories