UPDATES

ട്രെന്‍ഡിങ്ങ്

‘മരിച്ചാലും കിടപ്പാടം വിട്ടുകൊടുക്കില്ല’; നീതി നിഷേധത്തിനെതിരെ ലോങ് മാര്‍ച്ചുമായി പ്രീത ഷാജിയും സര്‍ഫാസി വിരുദ്ധ സമര മുന്നണിയും

തന്നെയും കുടുംബത്തെയും വിട്ടില്‍ നിന്ന് കുടിയിറപ്പിക്കാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും. അതിന്റെ തുടക്കമെന്നോളമാണ് ഈ വീട്ടുമുറ്റത്ത് നിന്നാരംഭിച്ച ലോങ്മാര്‍ച്ച്.

ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ജപ്തി നടപടികള്‍ നടത്താനുള്ള അധികാരം കൊടുക്കുന്ന സര്‍ഫാസി നിയമത്തിന്റെ ഇരയാണ് ഇടപ്പള്ളി സ്വദേശിയായ പ്രീതയും കുടുംബവും. ബന്ധുവിന് ബാങ്ക് വായ്പ എടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരിലാണ് ഇടപ്പള്ളി മാനത്തുപാടം സ്വദേശി പ്രീതയും കുടുംബവും താമസിക്കുന്ന വീട് ജപ്തി ഭീഷണി നേരിടുന്നത്.

പാര്‍പ്പിട സംരക്ഷണ സമിതി, സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം, സര്‍ഫാസി ബാങ്ക് ജപ്തി വഞ്ചനയ്ക്കെതിരായ സമരസമിതി, ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധസമിതി എന്നീ സംഘനകളുടെ നേതൃത്വത്തില്‍ നിരാഹാര സമരം ഉള്‍പ്പെടെ പ്രീത ഷാജി വിവിധ സമരങ്ങള്‍ നടത്തിയെങ്കിലും ഒന്നിനും ഫലം ഉണ്ടായില്ല. ജപ്തി നടപടികള്‍ നിന്ന് ഒഴിവാക്കാമെന്നും പ്രശ്‌ന പരിഹാരം കാണാമെന്നും വാഗ്ദാനം നല്‍കി സര്‍ക്കാരുകള്‍ ഈ നിര്‍ധന കുടുംബത്തെ വഞ്ചിക്കുകയായിരുന്നു. ഒടുവില്‍ കുടുംബപരമായി കിട്ടിയ ഇടപ്പള്ളി മാനത്തുപാടത്തെ വീടും പറമ്പും നഷ്ടപ്പെടാതിരിക്കാന്‍ വീണ്ടും സമര പോരാട്ടത്തിനിറങ്ങുകയാണ് പ്രീതയും കുടുംബവും. ഇതിന്റെ ഭാഗമായി ഇടപ്പള്ളിയിലെ തന്റെ വീട്ടില്‍ നിന്നും റിയല്‍ എസ്‌റ്റേറ്റ് ഏജന്‍റായ സുധീര്‍ കുഞ്ഞുമ്മുഹമ്മദിന്റ പാനായികുളം ചിറയത്തെ വീട് ലക്ഷ്യമാക്കി പ്രീത ഉള്‍പ്പെടെയുള്ളവര്‍ ലോങ്മാര്‍ച്ച് നടത്തിയത്.

”തന്നെയും കുടുംബത്തെയും വിട്ടില്‍ നിന്ന് കുടിയിറക്കാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും. അതിന്റെ തുടക്കമെന്നോളമാണ് ഈ വീട്ടുമുറ്റത്ത് നിന്നാരംഭിച്ച ലോങ്മാര്‍ച്ച്. മരിക്കേണ്ടി വന്നാലും കിടപ്പാടം നഷ്ടപ്പെടുത്താന്‍ തയാറല്ല. തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നത്, അതിനായി ജീവന്‍ മരണ പോരാട്ടങ്ങള്‍ക്കും തയറാണ്. രണ്ട് ലക്ഷം രൂപയുടെ വായ്പയ്ക്ക് ആള്‍ ജാമ്യം നിന്നതിന് രണ്ടരകോടിയുടെ കിടപ്പാടം വിട്ടുകൊടുക്കാന്‍ തയാറല്ല. ഈ തട്ടിപ്പിന് സര്‍ക്കാരും കൂട്ടു നില്‍ക്കുന്നു. നീതി ലഭിക്കുന്നതിനായി പല ചര്‍ച്ചകളിലും പങ്കെടുത്തു ഒരു വിട്ടു വീഴ്ചയ്ക്കും അവര്‍ തയ്യാറല്ല ” ഇടപ്പള്ളി മാനത്തുപാടം സ്വദേശി പ്രീത ഷാജി പറഞ്ഞു.

ബാങ്ക് അധികൃതര്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയയും ചേര്‍ന്ന് കടം പെരുപ്പിച്ച് കാണിച്ച് വീടും പുരയിടവും സ്വന്തമാക്കാന്‍ ശ്രമിച്ചതയാണ് പ്രീത ആരോപിക്കുന്നത്. റിയല്‍ എസ്‌റ്റേറ്റ് മാഫിയ 37,80,000 രൂപയ്ക്ക് ലേലത്തില്‍ പിടിച്ച വീടും സ്ഥലവും തിരിച്ച് പിടിക്കാന്‍ 60 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞിട്ടും അധികൃതര്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നില്ലെന്നും പ്രീത പറയുന്നു. വീടും പറമ്പും വിട്ടുകൊടുത്താല്‍ പറവൂരില്‍ തങ്ങള്‍ക്ക് നല്‍കാമെന്ന് പറയുന്ന വീടും സ്ഥലവും വാസയോഗ്യമല്ലെന്നും പ്രശ്‌ന പരിഹാരത്തിനായി ഒടുവില്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനം ആകാതെ വന്നതോടെയാണ് മൂന്നാം ഘട്ട സമരത്തിനിറങ്ങുന്നതെന്ന് പ്രീത ഷാജി പറയുന്നു.

ഇന്ന്  രാവിലെ 10.30 ടെ ഇടപ്പള്ളിയിലെ ജപ്തി ഭീഷണി നേരിടുന്ന പ്രീതയുടെ വീട്ടുപടിയിലേക്ക് വീണ്ടും അവര്‍ സംഘടിതരായി എത്തി. 11 മണിയോടെ അമ്പതോളം പേരടങ്ങുന്നവര്‍ പ്രീതയ്‌ക്കൊപ്പം ലോങ്മാര്‍ച്ചിന് തയാറെടുത്തു. മൂന്നാറിലെ പെമ്പിളെ ഒരുമെ നേതാവ് ഗോമതിയാണ് ലോങ്മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ സുധീര്‍ കുഞ്ഞുമ്മുഹമ്മദിന്റ വീട്ടില്‍ എത്തുന്നതിന് മുന്നെ ചിറയത്ത് 3.30 ഓടെ പോലീസ് മാര്‍ച്ച് തടയുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രീത ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചു.

1994ലാണ് ഇടപ്പള്ളി ലോഡ് കൃഷ്ണ ബാങ്കില്‍ നിന്ന് കെ.ആര്‍ സാജന്‍ രണ്ട് ലക്ഷം രൂപ വായ്പയെടുക്കുന്നത്. അവിവാഹിതനായ സാജന് സ്വന്തമായി ഭൂമിയൊന്നും ഇല്ലെന്ന് പറഞ്ഞിരുന്നതുകൊണ്ടാണ്, ബന്ധുത്വത്തിനപ്പുറം സാജനുമായി സൗഹൃദം ഉണ്ടായിരുന്ന പ്രീതയുടെ ഭര്‍ത്താവ് ഷാജി തന്റെ വീടിന്റെയും പറമ്പിന്റെയും ആധാരം നല്‍കി ആള്‍ജാമ്യവും നിന്ന് ലോണ്‍ എടുക്കാന്‍ സഹായിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞ് ലോഡ് കൃഷ്ണ ബാങ്കിനെ സെഞ്ച്വൂറിയന്‍ ബാങ്ക് ഏറ്റെടുത്തു. 1998ല്‍ സെഞ്ച്വൂറിയന്‍ ബാങ്കിനെ എച്ച്ഡിഎഫ്സി ബാങ്കും ഏറ്റെടുത്തു. ബാധ്യതകളും വായ്പകളും ഏറ്റെടുക്കുന്ന സമയത്ത് വായ്പ തുകകളുടെ തിരിച്ചടവ് തുക എച്ച് ഡി എഫ് സി പെരുപ്പിച്ചു. രണ്ട് ലക്ഷം രൂപയാണ് വായ്പ എടുത്തതെങ്കിലും പ്രീതയോടും ഷാജിയോടും എച്ച്ഡിഎഫ്സി ബാങ്ക് ആവശ്യപ്പെട്ടത് രണ്ട് കോടി എഴുപതു ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു.

പ്രീതയുടെ വീടും പുരയിടവും ലേലത്തില്‍ പിടിച്ച രതീഷ് നാരായണന്‍ എന്നയാള്‍ 2014-ല്‍ തങ്ങളുടെ വീട്ടില്‍ എത്തിയപ്പോഴാണ് സ്വന്തം കിടപ്പാടം നഷ്ടമായെന്ന വിവരം അറിയുന്നതെന്നാണ് പ്രീതയും ഷാജിയും പറയുന്നത്. 37,80,000 രൂപയ്ക്ക് ആയിരുന്നു രതീഷ് ഇവരുടെ വീടും പുരയിടവും ഓണ്‍ലൈന്‍ ലേലത്തില്‍ പിടിച്ചത്. എന്നാല്‍ അന്ന് രതീഷിനു മുന്നില്‍ ഇവര്‍ പ്രതിഷേധം തീര്‍ത്തു. അതോടെ രതീഷ് മടങ്ങിപ്പോയി. തങ്ങളുടെ വീടും സ്ഥലവും നഷ്ടമായെന്നറിഞ്ഞതോടെ പ്രീതയും ഷാജിയും നിവേദനങ്ങളും പരാതികളുമായി പലയിടത്തും കയറിയിറങ്ങി. തങ്ങള്‍ സ്വാഭാവിക നിയമനടപടികള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നു പറഞ്ഞ് ബാങ്ക് അവരെ കൈയൊഴിഞ്ഞു.

വീടും പറമ്പും ജപ്തി ചെയ്യുമെന്നതായതോടെ തങ്ങള്‍ക്കുള്ള പതിനെട്ടര സെന്റ് സ്ഥലത്ത് നിന്ന് ഏഴ് സെന്റ് ബാങ്കിന് നല്‍കാമെന്ന് പറഞ്ഞെങ്കിലും ബാങ്ക് ഭൂമി ഏറ്റെടുക്കാന്‍ തയാറായില്ലെന്നാണ് പ്രീത പറയുന്നത്. ഇതിനു പിന്നാലെ ബാങ്ക് വീടും സ്ഥലവും ഓണ്‍ലൈന്‍ ലേലത്തിന് വെച്ചു. തങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസ് പോലും അയച്ചില്ലെന്നും പ്രീത പറയുന്നു. ഓണ്‍ലൈന്‍ ലേലത്തില്‍ ഒരു സ്വകാര്യ വ്യക്തി വീടും പുരയിടവും സ്വന്തമാക്കുകയും ചെയ്തു.

ഹൈക്കോടതിയില്‍ സങ്കട ഹര്‍ജി നല്‍കിയിട്ടും കാര്യമുണ്ടായില്ല. മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി. ജനപ്രതിനിധികളെ കണ്ട് തങ്ങളുടെ ദയനീയാവസ്ഥ പറഞ്ഞു. പരിഹാരങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന് കണ്ടതോടെ വീടിനു മുന്നില്‍ ഒരു കട്ടില്‍ ഇട്ട് അതില്‍ കിടന്ന് പ്രീത സമരം തുടങ്ങി. ഈ സമരം ഒരു വര്‍ഷത്തോളം നീണ്ടിട്ടും ഒരു ഇടപെടലും ഉണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ ജപ്തി നടപടികളുമായി ബാങ്ക് അധികൃതര്‍ എത്തിയപ്പോള്‍ പ്രീതയും കുടുംബവും ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് വീട് ഏറ്റൈടുക്കാന്‍ നില്‍ക്കാതെ ബാങ്ക് അധികൃതര്‍ മടങ്ങുകയായിരുന്നു. ഇതിനുശേഷം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നിനും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് നീതിക്കായി മൂന്നാം ഘട്ടസമരത്തിന് പ്രീതയും കുടുംബവും ഒരുങ്ങുന്നത്.

സർഫാസി നിയമം: കോർപ്പറേറ്റുകൾക്ക് വാജ്പേയി സര്‍ക്കാര്‍ നൽകിയ സമ്മാനം

ഇനി പോകാനിടമില്ല, കാണാന്‍ ആളുകളില്ല; ചോദ്യം കേരള സമൂഹത്തോടും സര്‍ക്കാരിനോടുമാണ്; പ്രീതയും കുടുംബവും ഇനി എന്തു ചെയ്യണം?

 

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍