TopTop

സര്‍ഫാസി വിരുദ്ധ സമര നേതാക്കളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത് സമരങ്ങളെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമോ?

സര്‍ഫാസി വിരുദ്ധ സമര നേതാക്കളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത് സമരങ്ങളെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമോ?
സര്‍ഫാസി വിരുദ്ധ സമര പ്രവര്‍ത്തകരായ പി.ജെ മാനുവലിനെയും വി.സി ജെന്നിയെയും ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റ് ചെയ്തത്  കേരളത്തിലെ സര്‍ഫാസി വിരുദ്ധസമരങ്ങളേ തകര്‍ക്കുന്നതിനോ ? സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലം മാനത്തുപാടത്തെ പ്രീത ഷാജിയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നീക്കം കോടതി ഉത്തരവ് ലംഘിച്ച് തടഞ്ഞതിന്റെ പേരിലാണ് ഇരുവര്‍ക്കുമെതിരെയുള്ള പൊലീസ് നടപടി. ജീവിതം വഴിമുട്ടിയ സര്‍ഫാസി ഇരകള്‍ക്ക് കൈത്താങ്ങായി വിവിധ സമരമുറകളിലൂടെ പ്രതിഷേധിക്കുന്ന നേതാക്കള്‍ക്കെതിരെയുള്ള നടപടി സര്‍ഫാസി വിരുദ്ധ സമരങ്ങളുടെ തകര്‍ച്ചയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും സര്‍ഫാസി വിരുദ്ധ ജനകീയസമിതി വൈസ് ചെയര്‍മാന്‍ സി.എസ് മുരളി അഴിമുഖത്തോട് പറഞ്ഞു. പ്രീത ഷാജിയുടേതടക്കം സര്‍ഫാസി ഇരകളായവരുടെ രാപ്പകല്‍സമരം കൊച്ചിയിലെ ഡിആര്‍ടി ഓഫീസിനു മുന്നില്‍ 17,18 തീയതികളില്‍ നടക്കാനിരിക്കെ ഈ സമരത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പോലീസ് നടപടിയെന്നും സി.എസ് മുരളി പറയുന്നു.


സര്‍ഫാസി വിരുദ്ധ ജനകീയ സമിതിയുടെ ചെയര്‍മാനായ പി.ജെ മാനുവല്‍ സംസ്ഥാനത്ത് മുപ്പതിലധികം സര്‍ഫാസി വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഈ സമരങ്ങളെ തകര്‍ക്കുന്നതിന് കോടതി ഉത്തരവിന്റെ മറവില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റു മാഫിയകളുടെയും ബാങ്കുകളുടെയും ഇടപെടലുണ്ട്. എറണാകുളം ജില്ലയില്‍ ഇടനിലക്കാര്‍ സാധാരണക്കാരുടെ പ്രമാണങ്ങള്‍ വാങ്ങി വായ്പ തരപ്പെടുത്തി തട്ടിപ്പ് നടത്തിയ പനമ്പുകാട് വായപാ തട്ടിപ്പ് വിഷയത്തില്‍ പി.ജെ മാനുവല്‍ അടക്കമുള്ളവരുടെ ഇടപെടല്‍ മൂലമാണ് 19 ഓളം കുടുംബങ്ങളുടെ കുടിശിക കാര്യം സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്നത്.   വല്ലാര്‍പാടം, പനമ്പുകാട്, പുതുവയ്പ് പ്രദേശങ്ങളിലെ കുടുംബങ്ങളാണ് ഈ വായ്പാ മാഫിയയുടെ തട്ടിപ്പിനിരയായത്. 2002-ലെ സര്‍ഫാസി ആക്ട് പ്രകാരമാണ് ഇവര്‍ ബാങ്ക് നടപടികള്‍ക്കിരയായത്. പാവപ്പെട്ട ഇരകളെ  നിസഹയാരാക്കുന്ന ഈ നിയമത്തിന്റെ പഴുതുകളാണ് വായ്പാ മാഫിയ കൊഴുക്കുന്നതിന് കാരണമാകുന്നത്.  കടക്കണയില്‍ അകപ്പെടുന്നവര്‍ നിരന്തരം ആത്മഹത്യ ചെയ്യുന്ന അവസ്ഥയില്‍ നിന്ന് മാറി നീതിക്കായി പോരാടാന്‍ ഇവരെ പഠിപ്പിച്ച സര്‍ഫാസി വിരുദ്ധ സമിതിയുടെ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന പി.ജെ മാനുവല്‍, വി.സി ജെന്നി എന്നിവരുടെ അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്നും സി.എസ് മുരളി പറയുന്നു.


വായ്പയെടുക്കുന്നവരുടെ വസ്തുവകകള്‍ നേരിട്ട് ബാങ്കുകള്‍ക്ക് ജപ്തി ചെയ്യാന്‍ അധികാരം നല്‍കുന്ന സര്‍ഫാസി നിയമത്തിനെതിരെ പ്രതിഷേധം  ശക്തമാകുകയാണ്. ബാങ്കുകള്‍ക്ക് അതിന് പരമാധികാരം നല്‍കുന്ന സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീ കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ് ആന്‍ഡ് റീ കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് (സര്‍ഫാസി ആക്ട്) 2002ല്‍  വാജ്‌പേയി സര്‍ക്കാരാണ് കൊണ്ടുവന്നത്. മുമ്പ് കോടതി മുഖേന മാത്രമേ ജപ്തിയും ഏറ്റെടുക്കലും സാധ്യമാകുമായിരുന്നെങ്കില്‍, സര്‍ഫാസി നിയമം വന്നതോടെ  ബാങ്കുകള്‍ക്ക് ജപ്തി നടപടികള്‍ സാധ്യമായി. പല കേസുകളിലും സര്‍ഫാസി വിരുദ്ധ സമരം ബാങ്കുകള്‍ക്ക് ജപ്തി നടപടികള്‍ നടത്തുന്നതിന് തടസമായി. ജപ്തി ചെയ്തവേ സമര സമിതി പിടിച്ചെടുത്തു.


ഇടപ്പള്ളിയിലെ പ്രീതയുടെയും കുടുംബത്തിന്റെയും വീട് ബാങ്ക് ലേലത്തില്‍ വെച്ച്  രതീഷ് നാരായണന്‍ എന്നയാള്‍ക്ക് വില്‍ക്കുകയായിരുന്നു. ബാങ്കില്‍ നിന്ന് താന്‍ വാങ്ങിയ വസ്തു വകകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന്  ഈ മാസം ഒമ്പതിന് അധികൃതര്‍  പോലീസ് സഹായത്തോടെ പ്രീതയുടെ വീട് പിടിച്ചെടുക്കാന്‍ എത്തുകയായിരുന്നു. ഇതേ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ നാലോളം സമര സമിതി പ്രവര്‍ത്തകരെ അന്ന് അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പി.ജെ മാനുവല്‍, വി.സി ജെന്നി, എന്നിവരള്‍പ്പെടെയുള്ളവരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.


ബ്ലേഡ്‌ലോണ്‍ മാഫിയയുടെ പിടിയിലാണ് കേരളത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളും നഗരങ്ങളും. രോഗം, മരണം, വിവാഹം, വീടുവെക്കല്‍, വിദ്യാഭ്യസം, തൊഴില്‍ തുടങ്ങിയ അടിയന്തരാവശ്യങ്ങള്‍ക്കാണ് സാധാരണക്കാര്‍ വായ്പ എടുക്കുന്നത്. എന്നാല്‍ സാധാരണക്കാര്‍ക്കും ഈടുവെക്കാന്‍ ഒന്നുമില്ലാത്തവര്‍ക്കും ബാങ്കുകള്‍ വായ്പ നല്‍കാറില്ലെന്നാണ് പരാതി. കേരളത്തില്‍ വായ്പാതട്ടിപ്പു സംഘങ്ങളും ബ്ലേഡ് മാഫിയയും സജീവമാവുകയും സര്‍ഫാസി നിയമം ഉപയോഗിക്കപ്പെടുകയും ചെയ്തതോടെയാണ് ഇരകള്‍ സമരത്തിലേക്ക് നീങ്ങിയത്.  ഏറ്റവും ഒടുവിലായി നേതാക്കള്‍ക്കെതിരെയുള്ള നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കാനൊരുങ്ങുകയാണ് സര്‍ഫാസി ഇരകളെന്ന് സമരസമിതി പ്രവര്‍ത്തക ജിനി ബൈജു പറഞ്ഞു. ഡബ്റ്റ്  ട്രൈബ്യുണല്‍ റിക്കവറി ഓഫീസര്‍ എ.രംഗനാഥന്‍ നടത്തിയ കോഴ ലേലങ്ങള്‍ റദ്ദാക്കുക, വഴിവിട്ട കടംപിടിച്ചെടുക്കല്‍ വിലയിരുത്താന്‍ ജുഡീഷ്യല്‍ കമ്മീഷനെയും റിയല്‍ എസ്‌റ്റേറ്റ് കോഴ ലേലം എന്നിവ അന്വേഷിക്കാന്‍ സിബിഐയെയും നിയോഗിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഈ മാസം 17,18 ദിവസങ്ങളില്‍ എറണാകുളം ഡിആര്‍ടി ഓഫീസിന് മുന്നില്‍ രാപ്പകല്‍ സമരം പ്രഖ്യാപിച്ചിരുന്നത്.

Next Story

Related Stories