TopTop
Begin typing your search above and press return to search.

എല്ലാം അവസാനിച്ചു എന്നാണ് കരുതിയത്; പ്രളയം മൂടിയ വീട്ടില്‍ നിന്ന് രക്ഷപെട്ടതിന്റെ ഓര്‍മയില്‍ ശാരിക

എല്ലാം അവസാനിച്ചു എന്നാണ് കരുതിയത്; പ്രളയം മൂടിയ വീട്ടില്‍ നിന്ന് രക്ഷപെട്ടതിന്റെ ഓര്‍മയില്‍ ശാരിക

പ്രളയത്തില്‍ മുഴുവന്‍ മുങ്ങിയ ചെങ്ങന്നൂരും പരിസരപ്രദേശങ്ങളും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്; എന്തായിരുന്നു സംഭവിച്ചത്, എന്താണ് ജനങ്ങള്‍ക്ക് പറയാനുള്ളത്... പ്രളയകാല ജീവിതത്തെ കുറിച്ചുള്ള പരമ്പര തുടരുന്നു.

"മൂന്നാം ദിവസം ഞങ്ങള്‍ പോയി കിടന്നു. ഇനി അങ്ങോട്ടില്ല, എല്ലാം അവസാനിച്ചു എന്ന് തന്നെ ഉറപ്പായി. പ്രതീക്ഷയെല്ലാം അവസാനിച്ചപ്പോള്‍ പിന്നെ പോയി കിടക്കാമെന്ന് തന്നെ കരുതി"; ജീവിതം അവസാനിച്ചു എന്നുറപ്പിച്ച് ഉറങ്ങാന്‍ പോയവരാണ് ശാരികയും ഭര്‍ത്താവ് രംഗനാഥും. വീടിന് ചുറ്റും വെള്ളം പൊങ്ങി. പുറത്തേക്കിറങ്ങാന്‍ പോലും സാധിക്കാത്ത തരത്തില്‍ ഒഴുക്കും. വീടിനകത്ത് പോലും ചുഴികള്‍ രൂപപ്പെട്ടിരിക്കുന്ന അവസ്ഥ. ശാരിക മൂന്ന് മാസം ഗര്‍ഭിണിയാണ്. രണ്ട് ദിവസം മഴവെള്ളം മാത്രം കുടിച്ച് ജീവിച്ച് ദുരന്ത ദിനങ്ങളുടെ ഓര്‍മ്മകള്‍ ഇപ്പോഴും അവരെ പേടിപ്പെടുത്തുന്നു. 'എങ്ങനെ രക്ഷപെട്ടെന്ന് അറിയത്തില്ല. എന്തൊക്കെയായാലും ജീവന്‍ തിരിച്ച് കിട്ടി' പറയുമ്പോള്‍ അവരുടെ മുഖത്ത് ആശ്വാസം മാത്രം.

ചെങ്ങന്നൂര്‍ കല്ലിശേരി വാഴാര്‍മംഗലത്തെ വാടകവീട്ടിലേക്കുള്ള അപ്രതീക്ഷിത വെള്ളം വരവിന്റെ ഓര്‍മ്മകള്‍ പങ്കുവക്കുകയാണ് ശാരിക. "14ന് രാത്രി റോഡിലൊന്നും ഒരു തുള്ളി വെള്ളമില്ലായിരുന്നു. പക്ഷെ പിറ്റേന്ന് റോഡില്‍ കഴുത്തറ്റം വെള്ളമായി. ഞങ്ങളുടേത് കുറച്ച് താഴ്ന്ന പ്രദേശമാണ്. രണ്ട് ദിവസം അടുപ്പിച്ച് മഴ പെയ്താല്‍ റോഡ് മുങ്ങുന്ന സ്ഥലമാണ്. ഞങ്ങളും അതേ പ്രതീക്ഷിച്ചുള്ളൂ. പക്ഷെ പതിവില്ലാത്ത രീതിയില്‍ ഒഴുക്കുണ്ടായിരുന്നു. അവിടെ വീടുകളിലൊക്കെ വള്ളങ്ങളുള്ള സ്ഥലമാണ്. വള്ളത്തിലെങ്ങോട്ടെങ്കിലും പോവാമെന്ന് വച്ചപ്പോള്‍ ഒഴുക്കില്‍ പെട്ട് വള്ളം മറിയോമെന്ന പേടിയായിരുന്നു. പിന്നെ വെള്ളം ഒഴിഞ്ഞുപോവും എന്നതായിരുന്നു കരുതിയത്. പക്ഷെ വെള്ളം പതിയെ കയറാന്‍ തുടങ്ങി. എന്നാലും ഞങ്ങളുടെ വീട് കുറച്ച് പൊങ്ങിയാണ് നില്‍ക്കുന്നത്. അവിടേക്ക് വെള്ളം വരുമെന്ന് ഒട്ടും പ്രതീക്ഷിക്കുന്നില്ല. കറണ്ടും ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യദിനത്തിന്റെ അന്ന് വൈകിട്ടായപ്പോള്‍ മൊബൈലിന്റെ ചാര്‍ജ് തീര്‍ന്നു. ടൗണില്‍ കറണ്ടുണ്ടെന്നറിഞ്ഞ് മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഭര്‍ത്താവ് വള്ളത്തില്‍ കയറിപ്പോയി.

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നല്ല കാറ്റ് തുടങ്ങി. കാറ്റിനൊപ്പം തന്നെ വെള്ളവും കൂടിവന്നു. ഞങ്ങളുടെ മുറ്റത്ത് വെള്ളമെത്തിയാല്‍ റോഡില്‍ ഒന്നരയാള്‍ പൊക്കത്തില്‍ വെള്ളമായെന്നാണ്. ഭര്‍ത്താവ് തിരിച്ചെത്തുന്ന സമയമായപ്പോഴേക്കും മുറ്റത്ത് നന്നായി വെള്ളം കയറി. ഞങ്ങളുടെ അപ്പുറത്തെ വീട് ഒരു താഴ്ന്ന സ്ഥലത്താണ്. അവരുടെ പോര്‍ച്ച് കഴിഞ്ഞ് അടുക്കളയിലേക്ക് വെള്ളം കയറിത്തുടങ്ങി. വള്ളമെടുത്ത് ഞങ്ങളെങ്ങനെയെങ്കിലും പോവാമെന്ന് കരുതിയപ്പോള്‍ അപ്പുറത്തെ രണ്ട് വീടുകളിലെ ആളുകള്‍ കൂടി ഞങ്ങളുടെ വീട്ടിലേക്ക് വന്നു. രണ്ട് നിലയായതിനാല്‍ ഇവിടെ കയറിയിരിക്കാമെന്നായിരുന്നു. അവര്‍ കുറച്ച് പ്രായമായവരുമാണ്. ഞങ്ങള്‍ അപ്പോള്‍ പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങുന്നത് ശരിയല്ലല്ലോ. എല്ലാവരും വന്നതുകൊണ്ട് പേടിയങ്ങ് മാറി. അന്ന് ഞങ്ങള്‍ എല്ലാവരും കൂടി ഭക്ഷണം കഴിച്ചു. പെട്ടെന്ന് കാല് നനയാന്‍ തുടങ്ങി. അപ്പോഴും കാലിന്റെയത്ര വെള്ളമേ വരൂ എന്നാണ് ധാരണ. പക്ഷെ പെട്ടെന്ന് തന്നെ നമ്മുടെ പകുതി വരെയായി വെള്ളം. അപ്പോള്‍ പിന്നെ സര്‍ട്ടിഫിക്കറ്റുകളും പറ്റുന്ന ഇലക്ട്രോണിക് സാധനങ്ങളുമെല്ലാം മുകളിലേക്ക് മാറ്റി. വേറൊന്നും എടുക്കാനുള്ള സാഹചര്യം അപ്പോള്‍ ഇല്ലായിരുന്നു. മുകളിലേക്ക് കയറിയപ്പോഴേക്കും മുകള്‍ നിലയിലേക്കുള്ള കോണിപ്പടികളും മുങ്ങിത്തുടങ്ങി. പ്രായമായവര്‍ക്കൊക്കെ ഭക്ഷണം കൊടുക്കണമല്ലോ എന്നു വിചാരിച്ച് ഗ്യാസും വെള്ളത്തില്‍ പൊങ്ങിക്കിടന്ന കുറച്ച് സാധനങ്ങളും എടുത്തുകൊണ്ട് വന്നു.

ഇരുട്ടായതുകൊണ്ട് പുറത്തെ കാര്യങ്ങള്‍ കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അടുത്ത ദിവസം രാവിലെ ബോട്ടോ വള്ളമോ വരുമായിരിക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. ഉറങ്ങി എന്ന് പറയാന്‍ പറ്റില്ല; എങ്ങനെയോ നേരം വെളുപ്പിച്ചു. ഉണര്‍ന്നെണീറ്റപ്പോഴാണ് ശരിക്കും അതിന്റെ രൂക്ഷത മനസ്സിലായത്. പമ്പാതീരമായതുകൊണ്ട് കടല് ക്ഷോഭിച്ച് കിടക്കുന്നത് പോലെ ഒഴുക്കായിരുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധമായിരുന്നു ഒഴുക്ക്. വാതിലിന്റെ അടുത്തെല്ലാം ചുഴി പോലെയായിരുന്നു. അതോടെ വള്ളത്തിന് ഒരിക്കലും വരാന്‍ പറ്റാത്ത സാഹചര്യമാണെന്ന് മനസ്സിലായി. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായി. കുറേ നമ്പറുകളില്‍ വിളിച്ചു. വാട്‌സ്ആപ്പില്‍ വരുന്ന നമ്പറുകളിലെല്ലാം വിളിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. കളക്ടറെയുള്‍പ്പെടെ വിളിച്ചു. എല്ലാവര്‍ക്കും രക്ഷിക്കണമെന്നുണ്ട്. പക്ഷെ അവിടേക്ക് വരാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല. ഞങ്ങളുടെ വീട് കുറച്ച് ഉള്ളിലാണ്. മരങ്ങളെല്ലാം ധാരാളമുണ്ട്. രക്ഷപെടുത്തണമെങ്കില്‍ പോലും മരങ്ങള്‍ക്കിടയിലൂടെ കയറിവരാന്‍ പറ്റുന്ന സാഹചര്യമല്ല. ഞങ്ങള്‍ മുകളിലിരുന്ന് കുറേ ബഹളമൊക്കെ വച്ചു. പക്ഷെ അപ്പഴേക്കും ആ പ്രദേശത്ത് തന്നെ ആരുമില്ല എന്ന് ഞങ്ങള്‍ക്ക് തോന്നി. കാരണം നമ്മള്‍ കൊടുക്കുന്ന ശബ്ദത്തിനൊന്നും മറുപടി വന്നിരുന്നില്ല. ആ ദിവസവും അങ്ങനെ പോയി.

അപ്പോള്‍ ഹെലികോപ്റ്റര്‍ റസ്‌ക്യൂ തുടങ്ങിയിട്ടില്ല. ഹെലികോപ്റ്റര്‍ വരുമായിരിക്കും എന്ന് പ്രതീക്ഷിച്ചു; നേവിയുടെ ബോട്ടും. പിറ്റേന്നും കുറേ ഫോണ്‍വിളികള്‍ ഉണ്ടായെങ്കിലും കാര്യമുണ്ടായില്ല. പക്ഷെ കുറച്ചുകഴിഞ്ഞപ്പോള്‍ എന്‍ഡിആര്‍എഫിന്റെ ബോട്ട് അത് വഴി പോയി. ഞങ്ങള്‍ കുറേ ബഹളം വച്ചു. അവര്‍ കുറേ നേരം ഞങ്ങളുടെ ദിശയിലേക്ക് നോക്കി നിന്നു. പക്ഷെ ഒഴുക്ക് കാരണം അവരും പോയി. പ്രതീക്ഷ നഷ്ടപ്പെട്ടു. ഒന്നര ലക്ഷം രൂപ കൊടുത്താല്‍ നമ്മളേം രക്ഷപെടുത്താന്‍ പ്രൈവറ്റ് ഹെലികോപ്റ്റര്‍ കിട്ടും എന്നൊക്കെ ഓരോരുത്തര്‍ ഫോണ്‍ വിളിച്ച് പറഞ്ഞു. അതും ഞങ്ങള്‍ ശ്രമിച്ചു. എത്രലക്ഷം കൊടുത്താലും രക്ഷപെട്ടാല്‍ മതി എന്ന അവസ്ഥയായിരുന്നു. അതിനിടക്ക് ഞാന്‍ റിസര്‍ച്ചിന് ഉപയോഗിക്കുന്ന പുസ്തകങ്ങളും മറ്റും വെള്ളത്തില്‍ മുങ്ങിപ്പോയത് ചാക്കിലാക്കി മുകളിലേക്ക് എടുത്ത് വച്ചു. അതുകഴിഞ്ഞ് ഞങ്ങള്‍ പോയിക്കിടന്ന് ഉറങ്ങി. ഉറങ്ങാന്‍ പോയതല്ല. ഇനി പറ്റത്തില്ല എന്ന് കരുതി. എല്ലാവരും ഒരേപോലെ തളര്‍ന്നു. കുറച്ചുപേര്‍ക്ക് ഛര്‍ദ്ദി തുടങ്ങി. മുകളില്‍ ബാത്‌റൂം ഉള്ളതുകൊണ്ട് ബാത്‌റൂമില്‍ പോവാന്‍ പറ്റി. പക്ഷെ വെള്ളമില്ലായിരുന്നു. പൊങ്ങിവന്ന വെള്ളം ബക്കറ്റിലാക്കി കൊണ്ടുവന്ന് ബാത്‌റൂമില്‍ പോവുമായിരുന്നു. മഴയുണ്ടായിരുന്നതുകൊണ്ട് മുകളിലുള്ള പാത്രം കൊണ്ടുവച്ച് കുറച്ച് മഴവെള്ളം പിടിച്ചു. അതിങ്ങനെ കുടിച്ചുകൊണ്ടിരുന്നു. ആദ്യം കുറച്ച് അരിമാവുണ്ടായിരുന്നതുകൊണ്ട് ദോശയൊക്കെ ഉണ്ടാക്കിയെങ്കിലും അതെല്ലാം തീര്‍ന്നിരുന്നു. പ്രായമായവരൊക്കെ ഷുഗറിന്റെ മരുന്ന് കഴിക്കുന്നവരാണ്. ഞാന്‍ ഗര്‍ഭിണിയും. മരുന്ന് കഴിക്കുന്നതുകൊണ്ട് ഭക്ഷണം കഴിക്കാതിരിക്കാനും പറ്റില്ല. പക്ഷെ ഭക്ഷണം തീര്‍ന്നതോടെ എല്ലാവരും ആശങ്കയിലായി. കുറച്ച് ബിസ്‌ക്കറ്റ് കയ്യിലുണ്ടായിരുന്നത് വച്ച് കുറേയൊക്കെ അഡ്ജസ്റ്റ് ചെയ്തു.

ഞങ്ങളെല്ലാവരും കിടന്ന സമയത്താണ് ഒരു ബോട്ടിന്റെ ശബ്ദം കേട്ടത്. ഞങ്ങളെല്ലാവരും ബഹളം വച്ചു. ഞങ്ങളുടെ വീടിന്റെ പുറകുവശത്ത് താരതമ്യേന ഒഴുക്ക് കുറവായിരുന്നു. ഒരു ബോട്ട് അതിലൂടെ വന്നു. അന്നേരം നമുക്ക് അറിയില്ല മീന്‍പിടുത്തക്കാരാണ് അതെന്ന്. അക്കൂട്ടത്തിലെ ഒരു പയ്യന്‍ ആ പ്രദേശത്തുള്ളയാളാണ്. അയാളാണ് നമ്മളെ കാണിച്ചുകൊടുക്കുന്നത്. പക്ഷെ സത്യത്തില്‍ അവരോട് തിരിച്ചുപൊക്കോളാന്‍ പറയാമെന്ന് ഒരു നിമിഷത്തില്‍ ഞങ്ങള്‍ കരുതി. കാരണം ആ ഒഴുക്കില്‍ ചെറുതായൊന്ന് നിലതെറ്റിയാല്‍ അവര്‍ പമ്പയില്‍ പോയിക്കിടക്കും. പക്ഷെ അവര്‍ അവിടെയുള്ള മരങ്ങളെല്ലാം അരിവാള്‍ വച്ച് വെട്ടി നമ്മുടെ അടുത്തേക്ക് വന്നു. താഴെ വഴി ഇറങ്ങാന്‍ പറ്റുമോ എന്ന് ചോദിച്ചു. ചെറുപ്പക്കാരായി ഞാനും ഭര്‍ത്താവും മാത്രമേയുള്ളൂ. ബാക്കിയെല്ലാം പ്രായമായവരാണ്. അതുകൊണ്ട് താഴെവഴി ഇറങ്ങാന്‍ പറ്റില്ലായിരുന്നു. ഇറങ്ങി വാതില്‍ തുറന്നാല്‍ നമ്മുടെ അവസ്ഥ എന്താവുമെന്ന് അറിയില്ലായിരുന്നു.

പിന്നെ അവര്‍ കയര്‍ ഇട്ട് മുകളിലേക്ക് വന്ന് അവരുടെ തോളില്‍ തന്നെ ഞങ്ങളെ വച്ച് ബോട്ടിനകത്തേക്ക് കയറ്റി. പക്ഷെ അപ്പോഴും ഞങ്ങള്‍ക്ക് ടെന്‍ഷന്‍ കൂടുകയായിരുന്നു. ഒഴുക്കിനകത്തുകൂടി പോവുന്നത് ഞങ്ങള്‍ക്ക് പരിചയമില്ലാത്ത കാര്യമാണല്ലോ. അവര്‍ അനങ്ങാതെ ഇരുന്നോളാന്‍ പറഞ്ഞു. ഞങ്ങള്‍ അങ്ങനെയിരുന്നു. ആ ഒരു യാത്ര ഒരിക്കലും മറക്കാന്‍ പറ്റില്ല, രക്ഷപെട്ടോ എന്ന് ചോദിച്ചാല്‍ രക്ഷപെട്ടു. എന്നാല്‍ പോവുന്ന വഴിക്ക് എന്തെങ്കിലും പറ്റുമോ എന്നായിരുന്നു. പോവുന്ന വഴിക്ക് ബോട്ടിന്റെ എഞ്ചിന്‍ കേടായി. അപ്പോഴും കരുതി ഇത് അവസാനമായിരിക്കും എന്ന്. പോവുന്ന വഴിക്ക് അട്ടയും പഴുതാരയുമുള്‍പ്പെടെയുള്ള ജീവികള്‍ നമ്മുടെ ദേഹത്തും കയറുന്നുണ്ട്. എങ്ങനെയൊക്കെയോ അവര്‍ ബോട്ട് റീസ്റ്റാര്‍ട്ട് ചെയ്തു. ബോട്ട് വിട്ടു. ബോട്ട് ചുറ്റിക്കറങ്ങും, എന്നാലും പേടിക്കരുതെന്നായിരുന്നു അവര്‍ ഞങ്ങളോട് പറഞ്ഞത്. എങ്ങനെയൊക്കെയോ ഒരുവിധം കരയിലെത്തി. എത്തുമ്പോള്‍ തന്നെ ഒരു വീട്ടിലേക്കാണ് നേരെ കയറുന്നത്. അവര്‍ ചൂട് കാപ്പിയും കഞ്ഞിയും തന്നു."

ഭയം മാത്രം തന്ന ഒരു പ്രളയമായിരുന്നെങ്കിലും ഒരുപാട് പേരെ പരിചയപ്പെടാന്‍ കഴിഞ്ഞു എന്ന ഗുണമുണ്ടായി എന്ന് ശാരിക പറയുന്നു. "നമ്മള്‍ പ്രതീക്ഷിക്കാത്തയിടങ്ങളില്‍ നിന്ന് സഹായങ്ങള്‍ കിട്ടി. പ്രതീക്ഷിച്ചവരില്‍ നിന്ന് അത് കിട്ടിയതുമില്ല". വാഴാര്‍മെഗലത്തിന് ഒന്നരകിലോമീറ്റര്‍ ദൂരെയുള്ള അഴകിയകാവ് എന്ന സ്ഥലത്തായിരുന്നു പിന്നീട് ശാരികയും ഭര്‍ത്താവും താമസിച്ചത്. അവിടെ താന്‍ നേരില്‍ കണ്ട മറ്റൊരു രക്ഷാപ്രവര്‍ത്തനത്തിന്റെ അനുഭവവും ശാരിക പറയുന്നു; "ആറ് സാധാരണയുള്ളതിനേക്കാള്‍ പത്തോ പന്ത്രണ്ടോ അടി ഉയര്‍ന്നിരുന്നു. അഴകിയകാവ് കടവില്‍ ഒറ്റനിലയുള്ള ഷീറ്റിട്ട ഒരു കൊച്ചുവീടുണ്ടായിരുന്നു. ആ ഷീറ്റിന്റെ മുകളില്‍ ഏഴോ എട്ടോ പേര് കയറിയിരിക്കുകയാണ്. പെണ്ണുങ്ങളായിരുന്നു കൂടുതലും. അപ്പോഴേക്കും ഹെലികോപ്റ്റര്‍ റസ്‌ക്യൂ തുടങ്ങിയിരുന്നു. അതിനിടക്ക് ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഒരു ബോട്ട് പിടിവിട്ട് ഒഴുകി എന്ന ഒരു വാര്‍ത്ത പരന്നു. ആ ബോട്ട് നോക്കാന്‍ വേണ്ടി ഹെലികോപ്റ്റര്‍ വന്നു. അപ്പോഴാണ് ഇവരെ കണ്ടത്. ആ ഷീറ്റിന് മുകളിലുണ്ടായിരുന്നവരെ അവര്‍ രക്ഷപെടുത്തി. അല്ലെങ്കില്‍ ഉറപ്പായിട്ടും തീര്‍ന്നേനെ".https://www.azhimukham.com/kerala-congress-leader-pc-vishnunath-contenting-saji-cheriyan-mlas-claims-on-kerala-flood-in-chengannur-kr-dhanya/

https://www.azhimukham.com/kerala-saji-cheriyan-mla-from-flood-affected-chengannur-speaks-to-kr-dhanya/

https://www.azhimukham.com/kerala-after-flood-chengannur-survive-report-by-kr-dhanya/


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories