TopTop

എല്ലാം സര്‍ക്കാര്‍ തന്നെ തരുമെന്ന് പ്രതീക്ഷിക്കരുത്-അഞ്ജു ബോബി ജോര്‍ജ്ജ്

എല്ലാം സര്‍ക്കാര്‍ തന്നെ തരുമെന്ന് പ്രതീക്ഷിക്കരുത്-അഞ്ജു ബോബി ജോര്‍ജ്ജ്

കോഴിക്കോട് നടന്ന ദേശീയ സ്കൂള്‍ കായിക മേളയില്‍ ആധിപത്യം സ്ഥാപിച്ച് 19 ാം കിരീടവുമായി കേരളത്തിന്റ ചുണക്കുട്ടികള്‍ തിരികെ അവരുടെ വിദ്യാലയങ്ങളിലേക്കെത്തി. അഹങ്കരിക്കാവുന്ന വിജയമാണ് അവര്‍ നമുക്കായി നേടിയത്. ആഘോഷിക്കാനുള്ള അവസരമാണെങ്കിലും ചില ആശങ്കകളും ഇതോടൊപ്പം ഉയരുന്നുണ്ട്. വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം ഇവര്‍ ഏതുവഴി തിരഞ്ഞെടുക്കും എന്നുള്ളതാണ് അതിലൊന്ന്‌. സ്പോര്‍ട്സ് ക്വോട്ടയിലൊരു ജോലി എന്നതിലുപരി കായികമേഖലയ്ക്ക് ഇവര്‍ എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട് എന്നതും ചര്‍ച്ചയ്ക്കു വിധേയമാകേണ്ട വിഷയമാണ്. കഴിഞ്ഞു പോയ കായികമേളകളില്‍ റെക്കോര്‍ഡുകള്‍ നേടിയ പലരുടേയും പേരുകള്‍ ഇന്ന് ഈ മേഖലയില്‍ നിന്ന് തന്നെ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിനു വേണ്ടി വിജയങ്ങള്‍ കൊയ്ത അവരുടെ മുന്‍പോട്ടുള്ള വഴിയ്ക്ക് തടസ്സമാകുന്നതെന്താണ്, അവര്‍ക്കായി ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെ എന്നിങ്ങനെ ഈയവസരത്തില്‍ ഉയരുന്ന സംശയങ്ങളോട് പദ്മശ്രീ, രാജീവ് ഗാന്ധി ഖേല്‍ രത്ന, അര്‍ജ്ജുന അവാര്‍ഡ് ജേതാവും സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റുമായ പ്രശസ്ത കായികതാരം അഞ്ജു ബോബി ജോര്‍ജ്ജ് സംസാരിക്കുന്നു.

ഓരോ ഘട്ടത്തിലും കുട്ടികള്‍ക്കാവശ്യമുള്ള പരിശീലനത്തിനു മാറ്റമുണ്ടാവണം. വളര്‍ച്ചയുടെ ഘട്ടത്തില്‍ നമ്മള്‍ കഴിക്കുന്ന ആഹാരസാധനങ്ങളില്‍ മാറ്റങ്ങള്‍ വരുന്നതുപോലെയാണ് പരിശീലനവും. കഴിവിന് മൂര്‍ച്ച കൂട്ടുവാന്‍ അത് അത്യാവശ്യമായ ഘടകമാണ്. ആദ്യ ഘട്ടങ്ങളില്‍ ഉള്ള പരിശീലകന്‍ തന്നെ അവസാനഘട്ടം വരെ തുടരുകയാണെങ്കില്‍ അവരുടെ കഴിവിനെ കൂടുതല്‍ മോള്‍ഡ് ചെയ്യുവാന്‍ കഴിയാത്ത ഒരു അവസ്ഥയിലേക്കാവും അതെത്തുക. സ്കൂള്‍ തലത്തിനു സമാനമാവില്ല അതിനു ശേഷം. അപ്പോഴുള്ള ട്രെയിനര്‍മാര്‍ക്ക് പരിമിതികളുണ്ടാവും. കോളേജ് തലത്തിലേക്കും സംസ്ഥാന തലത്തിലേക്കും ഉയര്‍ന്നു വരുമ്പോള്‍ പരിശീലകരുടെ കാര്യത്തിലും മാറ്റങ്ങളുണ്ടാവണം. കപ്പാസിറ്റി ഉള്ള കൈകളിലേക്കു തന്നെ കുട്ടികള്‍ എത്തിച്ചേരണം. എന്നാലേ മാറ്റങ്ങള്‍ ഉണ്ടാവുകയുള്ളൂ. അല്ലെങ്കില്‍ അവരുടെ കരിയര്‍ അവസാനിക്കും.

ചിലപ്പോള്‍ പരിശീലകരുടെ ഈഗോയ്ക്കും ബലിയാടാവുന്നത്‌ കുട്ടികളായിരിക്കും. 'ഇത്രയും വളര്‍ത്തിയത് ഞാനല്ലേ, ഇനിയും അതുതന്നെ മതി' എന്ന് പരിശീലകന്‍ തീരുമാനിച്ചാല്‍ കായിക താരത്തിന്റെ വളര്‍ച്ച മുരടിക്കുകയാണ്. മറ്റൊന്നാണ് കുട്ടികളെ അമിതമായി പരിശീലനം ചെയ്യിപ്പിക്കുന്ന പ്രവണത. എല്ലാവര്‍ക്കും അവരുടെതായ കായിക പരിമിതികളുണ്ട്. അതു കണക്കിലെടുക്കാതെ ‘ഓവര്‍ ബേണ്‍’ ചെയ്യിക്കുന്നതും ഒരു കാരണമാണ്.എല്ലാം സര്‍ക്കാര്‍ തന്നെ നല്‍കും എന്ന് പ്രതീക്ഷിക്കുന്നത് എപ്പോഴും പ്രാവര്‍ത്തികമാവണമെന്നില്ല. അങ്ങനെ സര്‍ക്കാര്‍ സഹായം മാത്രം കൊണ്ട് ആരും ഇതുവരെ കായികരംഗത്തു മുന്നേറിയിട്ടുമില്ല. നമ്മുടെ കഴിവ് മനസ്സിലാക്കിയാല്‍ അതിനു പറ്റിയ പരിശീലനം നേടുക എന്നതാണ് അടുത്തപടി. ചിലപ്പോള്‍ കൊമേഴ്സ്യല്‍ ആയിത്തന്നെ പരിശീലകരെ കണ്ടെത്തേണ്ടി വരും. എല്ലാവരും സാമ്പത്തികമായി നല്ല നിലയില്‍ ഉള്ളവരാവണം എന്നില്ല. അങ്ങനെ ഉള്ളവര്‍ക്കായി സായി സെന്‍ററുകള്‍ സഹായം നല്‍കുന്നുണ്ട്. അല്ലാത്തവര്‍ സ്വന്തം ലെവലില്‍ തന്നെ ആവശ്യമായ പരിശീലനം നേടുക.

സ്കൂള്‍ കായികമേളകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികള്‍ക്ക് കൂടുതല്‍ ഉയരങ്ങളിലെത്തിച്ചേരാന്‍ സഹായകമാവുന്ന രണ്ടു പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഒന്നാമതായി ഏഷ്യന്‍ ഗെയിംസിന് തയ്യാറെടുക്കുന്ന 'എലീറ്റ്' കാറ്റഗറിയിലുള്ള കുട്ടികള്‍ക്കായുള്ള പ്രത്യേക സഹായങ്ങളാണ്. പരിശീലകര്‍, ആവശ്യമുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ അവര്‍ക്കാവശ്യമുള്ള സാങ്കേതികപിന്തുണ അടക്കം നല്‍കും. കേരളത്തിനു പുറത്തുള്ള പരിശീലകരെ വരുത്തേണ്ടതുണ്ടെങ്കില്‍ അതിനു മാര്‍ഗ്ഗമുണ്ടാക്കും. രണ്ടാമതായി ജൂനിയര്‍ ആയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള അബ്ദുല്‍ കലാം സ്കോളര്‍ഷിപ്പാണ്. അതുവഴി പ്രതിമാസം 10000 രൂപ വിദ്യാര്‍ഥികള്‍ക്കു ലഭിക്കും. സ്കൂള്‍ തലത്തിലുള്ള കായിക താരങ്ങള്‍ക്ക് വലിയൊരു സഹായമായിരിക്കും. കഴിവുള്ള കുട്ടികള്‍ക്ക് ഇത് രണ്ടും നേടാനാകും. പിന്നീടുള്ളത് അവരെ നന്നായി ട്രെയിന്‍ ചെയ്യുന്ന സ്കൂളുകള്‍ക്കായുള്ള പിന്തുണയാണ്. കോച്ചുകള്‍ക്ക് പരിശീലനം എന്ന ഒരു പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. കാലങ്ങള്‍ക്കനുസരിച്ചുള്ള പഠനം പരിശീലകര്‍ക്കും ലഭിക്കേണ്ടതുണ്ട്. ഓരോ വര്‍ഷവും അവരെ അപ്ഡേറ്റ് ചെയ്യുന്ന രീതിയിലുള്ള പോഗ്രാം അധികം താമസിയാതെ തന്നെ ആരംഭിക്കും.


Next Story

Related Stories