TopTop
Begin typing your search above and press return to search.

അപരഹിംസോത്സവം അഥവാ സ്കൂൾ കലോത്സവം

അപരഹിംസോത്സവം അഥവാ സ്കൂൾ കലോത്സവം

സംസ്ഥാന സ്കൂൾ കലോത്സവം വീണ്ടും നടക്കുന്നു. നിരവധി വർഷങ്ങളായി കേട്ടുപഴകിയ എല്ലാ അതിശയോക്തികളും അലങ്കാരങ്ങളും കൗതുകവാർത്തകളും ഭീഷണികളും അഴിമതിവാർത്തകളും ആശതൻ നോവും നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും ഒക്കെ പങ്കുവെക്കപ്പെടുന്നുണ്ട്. എന്നത്തെയും പോലെ ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലോത്സവം എന്ന സ്ലോഗൺ ആവർത്തിച്ചു പറഞ്ഞുറപ്പിക്കുന്നുണ്ട്. പാലക്കാട്ടെ യാഗങ്ങൾക്ക് അടുപ്പുകൂട്ടിയപ്പോൾ രോമാഞ്ചം വരുന്ന വീരഭൂമിയെ പോലെ ദേഹണ്ഡത്തിനു വന്ന നമ്പൂരിശ്ശൻ അടുപ്പുകൂട്ടിയപ്പോൾ ചൊല്ലിയ മന്ത്രം, മിൽമാപ്പാൽ തിളയ്ക്കാൻ ചൊല്ലിയ മന്ത്രം എന്നിവ ചാനലുകാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എരിശ്ശേരിയിലെ ഉപ്പ്, കാളനിലെ എരിവ്, കറിവേപ്പില പൊങ്ങിക്കിടക്കുന്നത് മോര്, മറ്റേത് കുടിവെള്ളം എന്നിങ്ങനെ സവിശേഷറിപ്പോർട്ടുകൾ വേറെയുണ്ട്.

കൊച്ചുകലാകാരന്മാരുടേയും കാരികളുടെയും കുടുംബം, സ്വകാര്യസ്വത്ത് എന്നിവയുടെ ഉത്ഭവം സവിശേഷവിഷയമായി പഠിച്ച ചാനലെംഗൽസുകൾ ദാരിദ്ര്യവും കലാപഠനത്തിലെ കല്ലും മുള്ളും കാലുക്ക് മെത്തെയും സമാസമം ചേർത്ത് സെന്റിറിപ്പോർട്ടുകൾ വേറെ ചമയ്ക്കുന്നുണ്ട്. ‘പാരീരേഴും ജയിപ്പാനും പോരും ഞാനേകൻ’ എന്ന ഭാവത്തിൽ കലാധ്യാപകരുടെ ഉറഞ്ഞുതുള്ളൽ, ചങ്കിനകത്തൊരു ബാന്റടിമേളം, ഗ്രേഡില്ലെങ്കിൽ തെറിവിളിമേളം എന്ന രക്ഷിതാക്കളുടെ കലാസപര്യ, “ഇതോ കലോൽസവം! അതു തികച്ചുച്ചരിക്കാനും പഠിപ്പു തികഞ്ഞില്ലല്ലോ ഉണ്ണികളേ നിങ്ങൾക്ക്” എന്ന ചന്തുവിന്റെ പുച്ഛഭാവത്തിൽ പഴയ കലോത്സവ കലാകാരന്മാരുടേയും കാരികളുടെയും ഗൃഹാതുരപ്പൊങ്ങച്ചം – എന്നിങ്ങനെ എല്ലാ പതിവുചേരുവകളും ഇത്തവണയും ബഹുപാകം. ഇതിനെല്ലാം മുകളിൽ “കഴിഞ്ഞകൊല്ലം വരെയുണ്ടായ പോലെയല്ല, ഇത്തവണത്തെ കലോത്സവം ഒരു സംഭവമാണ്” എന്ന അധികൃതരുടെ ധൃതംഗപുളകം വേറെയും പതിവുപോലെയുണ്ട്.

ഇവയ്ക്കിടയിൽ നിന്ന് എന്താണീ കലോത്സവം നിർവ്വഹിക്കുന്ന ധർമ്മം എന്ന ചർച്ച അത്രമേൽ സംഗതമെന്നു തോന്നുന്നില്ല. എങ്കിലും ചില തോന്നലുകൾ പറയാതെ പോവാനും തോന്നുന്നില്ല. അതുകൊണ്ട് ഇത്രയും:

മൽസരത്തിന്റെ ആരോഗ്യ അനാരോഗ്യങ്ങൾ

കലോത്സവവിരോധികളായ കലാസ്നേഹികൾ, സഹൃദയർ എന്നൊക്കെ ഒരു മേനിക്കു പറയാം – പറയാറുള്ള ഒരു വിമർശനം കലയെ മത്സരയിനമാക്കുന്നു എന്നതാണ്. കല മത്സരിക്കാനുള്ളതല്ല എന്നതാണ് വാദം. എനിക്കതിൽ വലിയ അർത്ഥമൊന്നും തോന്നിയിട്ടില്ല. കല വേറെന്തിനുവേണ്ടിയുള്ള പടപ്പാണ് എന്നു ചോദിച്ചാലും വലിയ തീർച്ചയൊന്നും ആർക്കുമില്ലാത്ത സ്ഥിതിക്ക് കല കൊണ്ട് വേണമെങ്കിൽ മത്സരവുമാവാം. കല കൊണ്ട് മത്സരിച്ചുകൂടാ എന്ന ചിന്തയിൽ കലക്ക് മറ്റു സാമൂഹികപ്രവർത്തികൾക്കു മേൽ നൽകുന്ന ഒരു അധികമാനമുണ്ട്. അതു മുൻപേ നാം സാഹിത്യത്തിനു കൊടുത്തുപോന്ന മഹത്വപരിവേഷത്തിന്റെ തുടർച്ചയാണ്. അതായത് 'കവനത്തിനു കാശുവാങ്ങയോ, ശിവനേ സാഹിതി തേവിടിശ്ശിയോ' എന്ന പഴയ വിശുദ്ധവാദം.

അങ്ങനൊരു വിശുദ്ധിയും അധികമാനവും കലയ്ക്കില്ല. അഥവാ മനുഷ്യവിരുദ്ധപ്രവൃത്തിയായ കൊലയടക്കം സകലതും കലാത്മകമായും അല്ലാതെയും ചെയ്യാവുന്ന പ്രവൃത്തികളാണെന്നിരിക്കേ അത്തരമൊരു പാവനത്വത്തിൽ യാതൊരർത്ഥവുമില്ല. കലാകാരൻ പീഡിപ്പിക്കപ്പെട്ടാൽ എന്തോ അധികപ്രശ്നവും കലാകാരനെന്നു പേരുദോഷം കേൾപ്പിക്കാത്ത ‘സാധാരണ’ മനുഷ്യൻ പീഡിപ്പിക്കപ്പെട്ടാൽ സാധാരണസംഭവവും എന്ന ബോധം തന്നെ അടിമുടി മനുഷ്യവിരുദ്ധമാണ് എന്നുകൂടി ചേർത്തുവായിക്കാം. അതായത്, മനുഷ്യപ്രവൃത്തികളിലൊന്നായ കലയെ അതിന്റെ എല്ലാ ചന്തം ചാർത്തലുകളിൽ നിന്നും മാറ്റിനിർത്തിയാൽ, അത് മത്സരത്തിനും പാകമാണ്. മത്സരിക്കുക, ജയിക്കാനായി പ്രയത്നിക്കുക തുടങ്ങിയവ മനുഷ്യരാശിയുടെ സംസ്കാരശീലങ്ങളാണ്. ജീവിതമുടനീളം മത്സരങ്ങളിലൂടെ കടന്നുപോകേണ്ട ഒരു ജീവിതമാണ് മനുഷ്യന്റേത്. അതിനിടയിൽ സ്കൂളിലൊന്നു മത്സരിക്കാതിരുന്നിട്ട് ഒരു കാര്യവുമില്ല.

എന്നാൽ, മനുഷ്യസംസ്കാരം ഏതു മത്സരങ്ങളേയും മനുഷ്യോന്മുഖമാക്കിത്തീർത്തിട്ടുണ്ട്. അതിനാണ് ‘ജനാധിപത്യത്തിന്റെ വെളിച്ചം’ എന്ന്‍ ജവഹർലാൽ നെഹ്രു പറഞ്ഞത്. എന്താണ് ജനാധിപത്യം എന്ന ചോദ്യത്തിന് “ഓട്ടമത്സരത്തിൽ ഒന്നാമതെത്തുന്നവൻ തനിക്കു പിന്നിലോടിയവരാണ് തന്നെ ജയിപ്പിച്ചത് എന്ന ബോധമുൾക്കൊള്ളുകയും അവരോടു സമഭാവനയുണ്ടാവുകയും ചെയ്യുന്നതിന്റെ പേരാണ് ജനാധിപത്യം” എന്നാണ് ഗാന്ധി പ്രതിവചിച്ചത്. ആധുനികമായ ഏതു മത്സരത്തിനും അതിന്റെ ആന്തരികശരീരത്തിൽ ഈ ജനാധിപത്യത്തിന്റെ മനുഷ്യോന്മുഖമായ വെളിച്ചത്തെ ജ്വലിപ്പിച്ചുനിർത്തുക പ്രധാനകാര്യമാണ്. ആ വെളിച്ചമുള്ളിടത്തോളം മത്സരങ്ങൾ കേവലം മത്സരങ്ങൾ മാത്രമാവുകയില്ല. അപ്പോഴാണ് മത്സരങ്ങളുടെ ഒരു സംഘാതത്തെ നമുക്ക് യഥാർത്ഥ അർത്ഥത്തിൽ ‘ഉത്സവം’ എന്നു വിളിക്കാനാവുക. ഒളിമ്പിക്സ് നോക്കുക – അനേകം രാജ്യങ്ങളിലെ മത്സരാർത്ഥികൾ തമ്മിൽ വീറോടെ മൽസരിക്കുന്നു. ഗ്രേഡും തേങ്ങയുമല്ല, ഗോൾഡ്, സിൽവർ എന്നിങ്ങനെ മെഡലുകൾ വാങ്ങുന്നു. അതാണാ ഉത്സവത്തിന്റെ കേന്ദ്രസ്ഥാനം. എന്നാൽ അതുമാത്രമല്ല ഒളിമ്പിക്സ്. അതുമാത്രമായിത്തീരരുത് എന്ന ബോധ്യം ഒരു ആധുനികബോധമാണ്.

രാഷ്ട്രങ്ങൾ അവയുടെ അതിർത്തിരേഖകളും കാലുഷ്യങ്ങളും മറന്ന് ഒരു കളിക്കളത്തിലെത്തുകയും പരസ്പരം പങ്കുവെപ്പുകളുടെ ഒരു വലിയ ഒത്തുചേരൽ സാധ്യമാക്കുകയും ചെയ്യുക എന്ന സങ്കൽപ്പം അതിനുണ്ട്. (ഇതു പറഞ്ഞപ്പോൾ ഒരു കലോത്സവസ്നേഹി പറഞ്ഞത് അത് ഓടിയും ചാടിയും ശാരീരികകഴിവുകൾ തെളിയിക്കുന്നവരുടെ കാര്യം, ഇത് പ്രതിഭകളുടെ കലയാണെന്നാണ്! എന്നാ കലയാന്നേ!) ശരി, നമുക്കു നമ്മുടെ നാട്ടിൽ ഒരു മാസം മുൻപ് നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ തന്നെയെടുക്കുക. അതിലും മത്സരമുണ്ട്. മത്സരസിനിമകൾ തമ്മിൽ കടുത്ത മത്സരമുണ്ട്. പക്ഷേ അതുമാത്രമല്ല ഇതുവരെയും ഫിലിം ഫെസ്റ്റിവൽ. ലോകത്തിന്റെ പല കോണുകളിൽ നിന്ന് ചലച്ചിത്രത്തെ സ്നേഹിക്കുന്നവർ ഒത്തുകൂടുകയും പരസ്പരം സ്നേഹം പങ്കുവെക്കുകയും സർഗാത്മകവിചാരങ്ങളിലേർപ്പെടുകയും മുതൽ, സാമൂഹികപ്രശ്നങ്ങളുടെ പ്രതിരോധവേദി വരെയായി ഉയരുന്ന ഒരു ബ്വഹുസ്വരധർമ്മങ്ങളുടെ വിപുലസ്ഥാനമായി അന്താരാഷ്ട്ര ചലച്ചിത്രോൽസവം പരിണമിക്കുന്നത് നാം കണ്ടിട്ട് ദിവസങ്ങളേ ആയുള്ളൂ.

പറഞ്ഞുവന്നത്, മത്സരത്തെ ആധുനികത അതിന്റെ സംസ്കാരശീലം കൊണ്ട് മനുഷ്യോന്മുഖമാക്കിത്തീർക്കുകയും മത്സരത്തെ ആനന്ദകരമാക്കുകയും മത്സരേതരമായ അനേകം പ്രവർത്തനങ്ങളിലേക്ക് കണ്ണിചേർക്കുകയും ചെയ്തിട്ടുണ്ട് എന്നാണ്. അല്ലാതെ നായാടിക്കൊണ്ടുവന്ന ഒരു ഇറച്ചിക്കഷ്ണത്തിനുവേണ്ടി പ്രാചീനഗുഹാമനുഷ്യർ പരസ്പരം അടികൂടിയതിന്റെ അതേ ഭാഷയിൽ നിലനിർത്തുന്ന ഒരു പ്രാകൃതബോധമല്ല ആധുനികമായ മഃട്സരബോധം.

അപ്പോൾ ചോദിച്ചോട്ടെ,

ഈ സംസ്ഥാന സ്കൂൾ കലോത്സവം പങ്കുവെക്കുന്ന ഉത്സവബോധം എന്താണ്?

അപരഹിംസയുടെ ഉൽസവപ്പറമ്പ്

ചാനലുകളിലെ വയറ്റിപ്പിഴപ്പിനുള്ള അഭ്യാസത്തിനും പത്രക്കാരുടെ മധുരമനോഹരവർണ്ണ ചിത്രങ്ങൾക്കുമപ്പുറം കലോത്സവം നിരീക്ഷിക്കുന്ന മനസ്സുക്കൾ ആർക്കും മനസ്സിലാവുന്ന കാര്യം ഇത്രയുമാണ് – ഈ നടക്കുന്നത് കലാവിരുദ്ധമായ ഒരു പ്രവൃത്തി എന്നതിലപ്പുറം മനുഷ്യവിരുദ്ധമായൊരു പ്രവൃത്തിയാണ്. പരസ്പരം കടിച്ചുകീറാനുള്ള ആന്തരികചോദനകളോടെ ഒരു കൂട്ടം മനുഷ്യർ കലോത്സവനഗരിയിലേക്ക് വരുന്നു. അവരുടെ കൈയിലെ കരുക്കളാണ് കുട്ടികൾ അവരെ ഇറക്കി വെട്ടിയും പയറ്റിയും അവരിൽ ചിലർ സന്തോഷിക്കുന്നു, ചിലർ ദു:ഖിക്കുന്നു, ചിലർ കലഹിക്കുന്നു. ഇതിൽ ഇവർ തന്നെ നിരന്തരം വ്യവഹരിക്കുന്ന ‘മഹത്തായ കല’ തന്നെ എവിടെയുമില്ല.

അപരഹിംസയ്ക്കായുള്ള പ്രേരണയാണ് മിക്ക കുട്ടികളിലും ഉറച്ചുപോവുന്ന ജീവിതപാഠം. രക്ഷിതാക്കൾ വൻതോതിൽ പണം ഇൻവെസ്റ്റ് ചെയ്തും കുട്ടികളെ ഞെക്കിപ്പഴുപ്പിച്ചും നടത്തുന്ന ഒരു സെന്റിമെന്റൽ ബിസിനസ്സിന്റെ ലഹരിയിൽ, സമ്മാനം വാങ്ങിക്കൊടുക്കുന്ന ഏജന്റുമാർ ഈ അത്യാർത്തിഭൂതങ്ങളിൽ നിന്ന് പണം തട്ടിപ്പറിക്കുന്നതിന്റെ ലഹരിയിൽ, അതിനിടയിൽ പണം പിടുങ്ങുന്ന മറ്റനേകം ഇടനിലക്കാർ അതാതിന്റെ ലഹരിയിൽ - ഇങ്ങനെ അപരഹിംസയുടെ ഒരു പെരുമ്പടപ്പാണ് കലോത്സവം. ഈ മൽസരത്തിന്റെ ഓട്ടപ്പാച്ചിലല്ലാതെ ഒരു സർഗാത്മകവ്യാപാരവും അവിടെ കാര്യമായി നടക്കുന്നില്ല, നടക്കുകയുമില്ല. അപ്പോൾ പാവം ചാനലുകൾ, വഴിവക്കിലിരുന്ന് ചിത്രം വരച്ച ഒരു അന്ധനേയോ ട്രാഫിക്ക് നിയന്ത്രിക്കുന്ന പോലീസുകാരന്റെ കലയോ തേടിപ്പോവുന്നു എന്നേയുള്ളൂ, ആ കലയൊന്നും കലോത്സവത്തിന്റെ ആവിഷ്കരണത്തിൽ ഇടമുള്ള കാര്യമല്ല. പണം പോയാലും പവർ വരട്ടെ എന്നാഗ്രഹിക്കുന്ന രക്ഷിതാക്കളുടെ ദുരയും മാനം പോയാലും പണം വരട്ടെ എന്നാഗ്രഹിക്കുന്ന ഏജന്റ് – കലാധ്യാപക – വിധിനിർണ്ണയ സംഘത്തിന്റെ അത്യാർത്തിയും തമ്മിലാണ് യഥാർത്ഥമത്സരം. കുട്ടികൾ മുന്നിൽ ചില വേഷമൊക്കെ കെട്ടി തുള്ളിച്ചാടുന്നു എന്നേയുള്ളൂ. ഇതിനെയാണ് നാം ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലയെന്നു പറയുന്നത്. ഏഷ്യയുടെ ഒരു യോഗം, അത്രേ പറയാനുള്ളൂ.

കലാവിരുദ്ധമായ മത്സരഘടന

ഇനി അടിസ്ഥാനപ്രശ്നങ്ങളിലേക്ക് പോകാം. കലോത്സവത്തിലെ കലാമത്സരങ്ങളുടെ മത്സരഘടന പൊതുവേ എടുത്തു പരിശോധിച്ചാൽ, ഇത്രമേൽ കലാവിരുദ്ധമായി എത്ര ശ്രമിച്ചാലും മറ്റാർക്കും കലാമത്സരം സാധ്യമാവില്ല എന്നു മനസ്സിലാവും. പരിഷ്കരിച്ചുപരിഷ്കരിച്ച് കലോത്സവമെത്തി നിൽക്കുന്ന മത്സരഘടനയുടെ സ്ഥിതിയാണിത്. ലളിതമായ പ്രശ്നം മാത്രം ഇപ്പോൾ വ്യക്തമാക്കാം.

ഈ കലോത്സവത്തിൽ രണ്ടു തരം കലകൾ ആണുള്ളത്.

1) നൈസർഗികകലകൾ

2) കൃത്രിമകലകൾ

ഈ രണ്ടാമത് പറഞ്ഞ ഇനം എന്താന്നുവെച്ചാൽ, കലോത്സവത്തിനായി നിർമ്മിക്കപ്പെട്ടതോ പ്രത്യേകിച്ചൊരു സ്വാഭാവികതയുമില്ലാതെ നിർമ്മിക്കപ്പെട്ടതോ ആയ കലകളാണ്. ഇപ്പറയുന്നതിൽ ഒരു ശുദ്ധകലാവാദം കാണുന്നവരുണ്ടാവാം, അവരോട് നല്ല നമസ്കാരം.

ഉദാഹരണത്തിന് ‘ഫോക്ക് ഡാൻസ്’ (folk dance) എന്നൊരിനമുണ്ട്. കൂടുതൽ നല്ല പേര് ‘ഫെയ്ക്ക് ഡാൻസ്’ (fake dance) എന്നാണ്. ഫോക്ക് എന്ന പദവുമായോ ഫോക്‌ലോർ പ്രതിനിധീകരിക്കുന്ന കലാസംസ്കാരവുമായോ ഇതിനു കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല. മലംകുറവനും കുറത്തിയും ഒക്കെയായിരുന്നു മുൻപെങ്കിൽ ഇപ്പോഴങ്ങനെ ഇന്നതെന്നൊന്നുമില്ല പ്രമേയം. എന്തുമാവാം. നോട്ടുനിരോധനം വേണമെങ്കിൽ ആവാം (ഇതുവായിക്കുന്ന ലെ നാടോടിനൃത്തരചയിതാവ്. ആഹാ! ലഡുപൊട്ടി) നോട്ടു നിരോധിക്കും മുൻപ് ആടിപ്പാടി നടന്ന ഒരു കൈനോട്ടക്കാരി, കുറത്തി, പക്ഷിശാസ്ത്രം. നോട്ടുനിരോധനം വന്നതോടെ കൂട്ടിവെച്ച പൈസപോയി. അല്ലേൽ വേണ്ട, ഭർത്താവ് ക്യൂനിന്ന് മരിച്ചു. നെഞ്ചത്തടി, നിലവിളി, തളർന്നുവീഴ്ച. ഇത്രേയുള്ളൂ. മാങ്ങപറിയും ചളീൽകുത്തുമായി ചിരപുരാതനമായ നാലു സ്റ്റെപ്പും. ഇതൊരു കലാരൂപമാണെന്നാണ് കലോത്സവമാനുവൽ പറയുന്നത്. കലോത്സവത്തിലല്ലാതെ ഈ കലാരൂപം അവതരിപ്പിക്കുന്ന മറ്റൊരിടം ആകെ ടീച്ചർമാർ റിട്ടയറായിപ്പോവുന്ന സ്കൂളിലെ ആനന്ദോത്സവത്തിലോ മറ്റോ ആവും. ഇങ്ങനെ പലതരം കലാരൂപങ്ങളുണ്ട്. ജനഗണമന ചൊല്ലലും മുൻപൊരു കലാരൂപമായിരുന്നു. ഇപ്പോഴതുണ്ടോ എന്ന് കൃത്യമായറിയില്ല. ഉണ്ടെങ്കിൽ അതു നടക്കുന്ന സ്റ്റേജിനു മുന്നിൽ കസേരയിടാൻ പറ്റില്ലല്ലോ ഇപ്പോൾ. അതൊരു പ്രശ്നമാണ്.

ഇനി മറ്റൊരു കൂട്ടം കലകൾ ഇപ്പോഴും ജീവനുള്ള കലകളാണ്. കഥകളി മുതൽ ചവിട്ടുനാടകം വരെയും ഭരതനാട്യം മുതൽ തായമ്പക വരെയും ഈ ശ്രേണിയിൽ വരും. ഇവയിൽ നടപ്പുള്ള കാര്യം ഇവയെ പരമാവധി വൾഗറാക്കുക എന്നതാണ്. അതു കഴിയുന്നത്ര ഭംഗിയായി നിർവ്വഹിക്കപ്പെടാൻ എപ്പോഴും കലോത്സവം ശ്രദ്ധിക്കുന്നുണ്ട്. അതെങ്ങനെയൊക്കെ എന്നു നോക്കാം.

1) താൻ ആവിഷ്കരിക്കുന്ന കലയിൽ താൻ ചെയ്യുന്നതടക്കമുള്ള ഒന്നിനേപ്പറ്റിയും ഒരു വിവരവും കുട്ടിക്കില്ലാതിരിക്കുക എന്നതാണ് പരമപ്രധാനമായ കാര്യം. ഇത്തവണ, ഇപ്പോള്‍ തീർന്ന കഥകളിപ്പദമത്സരത്തെപ്പറ്റി തന്നെ ഒരു റിപ്പോർട്ട് കണ്ടിരുന്നു. മിക്കവാറും കുട്ടികൾ പാടുന്നത് നളചരിതപദങ്ങളാണ്. കുട്ടികൾക്കത് നളചരിതത്തിലെയാണെന്ന് കഷ്ടിച്ചറിയാം. നളചരിതം എഴുതിയതാരാണെന്ന് അറിയില്ല. നളചരിതത്തിന്റെ കഥയറിയില്ല. ഈ പദം നടക്കുന്ന സന്ദർഭം അത്രയുമറിയില്ല. ഇത്രയും അറിവില്ലായ്മ കുട്ടികൾക്കുണ്ടാവാൻ പഠിപ്പിച്ചവർ തന്നെ നന്നേ മനസ്സുവെച്ചിരിക്കണം. അല്ലെങ്കിൽ കുട്ടികളെങ്ങനെയെങ്കിലും അതറിഞ്ഞുപോയേനേ. ഭാവാത്മകസംഗീതമാണ് കഥകളിയുടേത് എന്നാണ് വെപ്പ്. കഥയും കഥാസന്ദർഭവുമറിയാതെ എന്തു ഭാവം! അല്ലെങ്കിൽ തന്നെ ഈ പരീക്ഷണത്തിൽ ദയനീയമെന്നല്ലാതെ എന്തു ഭാവം! ഇത് മിക്കവാറും എല്ലാ കലാരൂപങ്ങളിലും ഒരേപോലെ ദീക്ഷിക്കപ്പെടുന്ന അലിഖിതനിയമമാകുന്നു. ഭരതനാട്യക്കാരികൾക്ക് വർണ്ണമെന്താ ശബ്ദമെന്താ തില്ലാനയെന്താ എന്നറിയില്ല. കുച്ചിപ്പുഡിക്കാരികൾ തരംഗം എന്താന്നു ചോദിച്ചാൽ ചിലപ്പോള്‍ സയൻസ് പുസ്തകത്തിലെ ഉത്തരം തന്നേക്കും. മോഹിനിയാട്ടക്കാരികളോട് പിന്നെന്തു ചോദിക്കണം എന്നാർക്കും വലിയ നിശ്ചയമില്ലാത്തതുകൊണ്ട് കുഴപ്പമില്ല.

2) കുട്ടികൾ അവതരിപ്പിക്കുന്നത് അതാതുകലയിലെ ഏറ്റവുമവസാനമോ മറ്റോ പഠിക്കുന്ന കാര്യം ആയിരിക്കണം. കർണാടകസംഗീതം മത്സരത്തിൽ തോടിയും സിംഹേന്ദ്രമധ്യമവും ഒക്കെ വേണം. തോടി ശീലിച്ചെടുക്കാൻ വേണ്ട കാലമോ സാവകാശമോ കിട്ടാത്ത തൊണ്ടയിൽ അവ കഷ്ടപ്പെടുന്നതാണ് കലാപ്രകടനം. കഥകളിവേദിയിൽ കാണുക കഥകളിനടന്മാർ മുപ്പതോ നാൽപ്പതോ വർഷം കഴിഞ്ഞു കെട്ടുന്ന കത്തിവേഷങ്ങളും പച്ചവേഷങ്ങളുമാണ്. കാലകേയവധം അർജ്ജുനന്റെ “കുടിലതയകതാരിൽ” എന്ന ഭാഗമോ രാവണോത്ഭവം രാവണന്റെ “ഗംഭീരവിക്രമ” എന്ന പദമോ ഒക്കെയാണ് കുട്ടികൾ ചെയ്യുക. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും ഒക്കെ വർണ്ണം എന്നവർ പേരിട്ടുവിളിക്കുന്ന ഒരോട്ടപ്പാച്ചിലോ മറ്റെന്തോ തരം സ്വതന്ത്ര ഇനങ്ങളോ ഒക്കെയാണ്. സ്റ്റേജിൽ കയറിയാൽ ഇറങ്ങുന്ന വരെ ഒറ്റശ്വാസത്തിൽ കളിക്കാമോ എന്നാണ് ഗവേഷണം. അപസ്മാരബാധയാണെന്നേ മിക്ക ഇനങ്ങളിലും തോന്നൂ. കേരളനടനം എന്നൊരു സവിശേഷനിർമ്മിതിയുണ്ട്. കുറച്ച് കഥകളിയും പിന്നെ തരംപോലെ തോന്നുന്ന പലതും കുത്തിക്കെട്ടിയ ഒരു സകലകുലാബി. എന്തായാലും കുട്ടികൾ അതിസങ്കീർണ്ണവും അവർക്കെടുത്താൽ പൊങ്ങാത്തതുമായ ആവിഷ്കരണങ്ങൾ വേണം പൊക്കാൻ എന്നു നിർബന്ധമാണ്. കവിതാലാപനം എന്ന സുകുമാരകല പോലും നോക്കിയാലിതു കാണാം.

3) വിധികർത്താക്കൾക്ക് തങ്ങളുടെ കലയിൽ പൊതുവേ വിവരം കുറവായിരിക്കും എന്ന ബോധ്യമുള്ളതുകൊണ്ട്, മാനുവലിൽ അതാതു ഇനങ്ങളിൽ മാർക്ക് നൽകേണ്ട വിധം വിവരിച്ചിട്ടുണ്ട്. അതുനോക്കി ഏതു കൊഞ്ഞാണനും മാർക്കിടാവുന്നതാണ്. ഭാവം, താള, ലയ, ശ്രുതി, സ്വരം എന്നിങ്ങനെ വയലാർ മോഡലിലാണ് നിർദ്ദേശങ്ങൾ

4) പൊതുവേ അൽപ്പം സമാധാനമുള്ള ഓഫ് സ്റ്റേജ് ഇനങ്ങളിൽ വിഷയം അപ്പപ്പോൾ തരുന്നതാണ്. കവിതയെഴുതേണ്ട വിഷയം കുട്ടികൾക്കു കൊടുത്താൽ ‘ജഡ്ജസ് പ്ലീസ് നോട്ട്’ അലർച്ചകൾക്കിടയിൽ ഇരുന്ന് അവർ നിർമ്മിക്കുന്ന പടപ്പാണ് കവിത.

ഇതെല്ലാം മത്സരത്തിന്റെ കാര്യം. വിധിനിർണ്ണയമോ? എന്നും രക്തരൂക്ഷിതവിപ്ലവങ്ങൾ നടക്കുന്ന സ്ഥലം അതാണ്. എന്റെ കുട്ടിക്ക് ഒന്നാം സ്ഥാനം കിട്ടുമ്പോൾ മാത്രമാണ് വിധിനിർണ്ണയം ന്യായയുക്തമാവുന്നത് എന്ന് എല്ലാ രക്ഷിതാക്കൾക്കും കലാധ്യാപകർക്കും തീർച്ചയുണ്ട്. ഒരു മത്സരത്തിൽ എങ്ങനെ വന്നാലും കുറച്ചുപേർക്കേ സമ്മാനം ലഭിക്കൂ. കൂടുതൽ പേർ ലഭിക്കാത്തവരായിരിക്കുന്നിടത്തോളം പൊതു അഭിപ്രായസർവ്വേയിൽ എല്ലാ വിധിനിർണ്ണയവും മോശമാകുന്നു. എന്നാൽ മറുപുറമോ? സംസ്ഥാനതലത്തിൽ പോലും മിക്കവാറും ഒരിനത്തിനും അതിന്റെ ആധികാരികശബ്ദങ്ങൾ വിധികർത്താക്കള‌ല്ല. ഏജന്റുമാരും രക്ഷിതാക്കളും വിധികർത്താക്കളുമെല്ലാമടങ്ങുന്ന ഒരു മാഫിയയുടെ കൈയിലാണ് എല്ലാ പ്രസ്റ്റീജ് ഇനങ്ങളും. ഒരു വര്‍ഷത്തിലെ സംസ്ഥാനയുവജനോത്സവത്തിന്റെ ജഡ്ജസ് ലിസ്റ്റ് എടുത്തുനോക്കിയാൽ എത്രപേർ അവരവർ ജഡ്ജ് ചെയ്ത കലയിൽ ഉള്ളവരാണ്, ഉള്ളവരെങ്കിൽ തന്നെ എത്രമേൽ പ്രസ്തുതകലയിലെ ആധികാരികശബ്ദമാണ് എന്നു വ്യക്തമാവും. ഇരുപത്തഞ്ചുശതമാനം സംശയമാണ്. ഒരിക്കൽക്കൂടി, ഇതാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേള.

ഇനിയും പറഞ്ഞുനീട്ടുന്നില്ല. കലോത്സവം പരിഷ്കരിക്കുക എന്നൊരഭിപ്രായം എനിക്കില്ല; നിർത്തലാക്കുകയാണ് വേണ്ടത്. എന്നീട്ടീ ഘടന തന്നെ തോട്ടിലെറിഞ്ഞ് മറ്റൊരു കലോത്സവത്തെ നിർമ്മിക്കണം. അതിൽ കുട്ടികളുടെ പരസ്പരസ്നേഹവും സഹകരണവും കലാത്മകതയുമാവണം കേന്ദ്രസ്ഥാനം. ബാക്കി സകലതും പുറത്താക്കപ്പെടണം. കുറേ കലോത്സവഭുക്കുകളുടെ, പരാന്നഭോജികളുടെ ജോലി നഷ്ടപ്പെടുന്ന ന്യായം കണക്കിലെടുക്കരുത്. എന്നാലേ എന്തെങ്കിലും മാറ്റമുണ്ടാവാനിടയുള്ളൂ.

ഒന്നുകൂടി അവസാനം – ഇപ്പറഞ്ഞ എല്ലാ അശ്ലീലവുമുണ്ടെങ്കിൽ തന്നെയും അതിൽ നിന്നു വന്ന അനേകം കലാകാരന്മാർ ഇന്നു കലാമേഖലയിലില്ലേ, അവർ മുതലക്കൂട്ടമല്ലേ എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ – തീ പിടിക്കുന്നിടത്തൊക്കെ ഫയർ എഞ്ചിൻ കാണുന്നുണ്ട് എന്നുവെച്ച് ഫയർ എഞ്ചിനാണ് തീപിടുത്തത്തിനു കാരണം എന്നു കരുതരുത്. തീപിടുത്തത്തിന് മറ്റനേകം കാരണങ്ങളുണ്ട്. കലയുടെ അഗ്നിബാധയിൽ കലോത്സവത്തിന് ഒരിടവുമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories