UPDATES

കല്ലിട്ട് കോടികള്‍ മുക്കിയിട്ടും ഈ ജീവിതങ്ങളെ കടലെടുക്കുന്നതെന്തുകൊണ്ട്?

യുഡിഎഫ് സര്‍ക്കാര്‍ തീരഭിത്തി നിര്‍മ്മിക്കാന്‍ ചിലവഴിച്ചത് 200 കോടി; കടന്നാക്രമിക്കുന്ന കടലിനും തങ്ങളുടെ സങ്കടം കാണാത്ത സര്‍ക്കാരിനും നടുവില്‍ തീരവാസികള്‍

‘ ഞങ്ങടെ മണ്ണൊലിച്ച് പോയി. വീട് പകുതീം പോയി. ഇനി ഒരു കടലും കൂടി കേറിയാ ബാക്കിയൊള്ളതും കൂടി തെര കൊണ്ടുപോകും. വീട്ടി കഞ്ഞി വയ്ക്കണ കലോം അടുപ്പുമടക്കം തെരവന്നടിച്ചോണ്ട് പോയി. ഇനി ഞങ്ങളെന്ത് ചെയ്യാനക്കൊണ്ടാണ്. വലിയ ഉദ്യോഗസ്ഥമ്മാരെല്ലാം വന്നേച്ച് ക്യാമ്പില്‍ പോണേനെക്കുറിച്ചാണ് പറയണത്. വള്ളത്തേപ്പോയി കിട്ടുന്നത് ഇച്ചിരി ഇച്ചിരീച്ചെ മിച്ചം വച്ചൊണ്ടാക്കിയതാണ് ഈ വാര്‍ക്ക കെട്ടിടം. അതാണിപ്പോ തകര്‍ന്ന് കെടക്കണത്.ക്യാമ്പീ ചെന്നാ എന്തൊക്കെയോ കിട്ടുമെന്നാണ് സാറന്‍മാര് പറയണത്. എന്നാ കിട്ടാനാ. ദേണ്ടെ, ഞങ്ങടിവിടന്ന് കഴിഞ്ഞ വര്‍ഷം ക്യാമ്പില്‍ പോയ 120 കുടുംബങ്ങളൊണ്ട്. അവസാനം കടലെറങ്ങിയപ്പോ കൊണ്ടുചെന്നാക്കിയവര് തന്നെ അവിടെ നിന്നും എറക്കി വിട്ടേച്ചു. ഇപ്പോ റെയില്‍വേ ക്രോസിന് തൊട്ടുപറ്റെ കൊറേ ടാര്‍പ്പായ വലിച്ചുകെട്ടിയ ഷെഡ്ഡുകളുണ്ട്. ഇവിടുന്ന് വീടും ഭൂമീം പോയി ക്യാമ്പീ പോയവരാണ് അവിടെ വഴിയില്‍ കെടക്കണത്. ആര്‍ക്കെങ്കിലും ദെണ്ണമുണ്ടോ? കടല് കേറിയാ അപ്പ എത്തും, എന്നിട്ട് ദേ, കൊറേ കല്ല്, ദേ കൊറേ അരി എന്നൊക്കെ പറഞ്ഞിട്ട് പോവും. പിന്നെ അടുത്ത കടല് കയറ്റം വരണം ഇവരെയൊക്കെ ഒന്നു കാണണേല്‍. കഴിഞ്ഞ വര്‍ഷം ഈ പുറക്കാട്ടീന്ന് മാത്രം നീളത്തില്‍ രണ്ട് വരി വീടുകളാണ് കടല് കൊണ്ടു പോയത്. നഷ്ടപ്പെട്ട ഭൂമീയ്ക്കും വീടിനുമുള്ള നഷ്ടപരിഹാരം തരാന്നാണ് പറച്ചില്. എന്നിട്ട്, ഈ സാറന്മാര് വന്ന് നോക്കീട്ട് ഈ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടിന് ഒരു വെലയിടും.വല്ല പത്തോ നാല്‍പ്പതിനായിരമോ കിട്ടിയാലായി. ഇതും കൊണ്ട് ഞങ്ങളെവിടെപ്പോവാനാണ്. അതുകൊണ്ട് ഒരു ക്യാമ്പിലേക്കും പോണില്ല. ഞാനും എന്റെ പെണ്ണുമ്പിള്ളയും രണ്ട് ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങളുമൊണ്ട്. ഞങ്ങള്‍ ഈ പൊളിഞ്ഞ വീട്ടില്‍ തന്നെ കെടക്കും. ഇന്ന് രാത്രി കടല് കൊണ്ടു പോണേല്‍ ഞങ്ങളേംകൂടെ കൊണ്ടുപൊക്കോട്ടെ.’  തീരഗ്രാമമായ അമ്പലപ്പുഴ പുറക്കാട്ടെ ചിത്രാംഗദന്‍ പറയുന്നത് കടല്‍ കയറുന്ന ഗ്രാമങ്ങളിലെ തീരനിവാസികളുടെ വേദനയാണ്. രണ്ട് ദിവസം മുമ്പ് കടലാക്രമണത്തില്‍ തകര്‍ന്ന തന്റെ വീട്ടില്‍ നിന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചിട്ടും ചിത്രാംഗദനും കുടുംബവും ഇതേവരെ മാറിയിട്ടില്ല.

കഴിഞ്ഞ രണ്ടാഴ്ചയായി ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ രൂക്ഷമായ കടലാക്രമണത്തില്‍ ഇതുപോലെ നിരവധി പേര്‍ക്ക് ഭൂമിയും വീടും നഷ്ടമായി. റവന്യൂ അധികൃതര്‍ നല്‍കുന്ന വിവരമനുസരിച്ച് സംസ്ഥാനത്ത് ഇതേവരെ കടലാക്രമണത്തില്‍ ആയിരത്തിലധികം വീടുകള്‍ ഭാഗികമായോ പൂര്‍ണ്ണമായോ തകര്‍ന്നു. അഞ്ഞൂറിലധികം കുടുംബങ്ങള്‍ നിലവില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നു. മറ്റുള്ളവര്‍ ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരിക്കുകയാണ്.

കടല്‍ഭിത്തിയില്ല, ഇനി പദ്ധതിയുമില്ല
പ്രതിവര്‍ഷം നൂറ് കണക്കിന് വീടുകളും ഏക്കറുകണക്കിന് ഭൂമിയും കടലെടുക്കുമ്പോഴും ഇതിന് തടയിടാന്‍ ശാശ്വത സംവിധാനമൊരുക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥ തീരവാസികളുടെ ജീവിത നിലവാരം തകര്‍ക്കുകയും ജീവന് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു. ഓരോ മുന്നണിയുടേയും പ്രകടന പത്രികയിലൊതുങ്ങുന്ന തീരസംരക്ഷണം ഇന്ന് തങ്ങളുടെ ബാധ്യതയല്ലെന്ന നിലപാടിലേക്ക് സംസ്ഥാന സര്‍ക്കാര്‍ മാറിക്കഴിഞ്ഞു. കടലിലേക്ക് ഇനി കല്ലിടേണ്ടെന്നും തീരവാസികളെ മാറ്റിപ്പാര്‍പ്പിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇനി കടല്‍ഭിത്തി നിര്‍മ്മിക്കേണ്ടെന്നും കടലിനോട് ചേര്‍ന്നുള്ള അമ്പത് മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ തീരത്തുനിന്ന് മാറ്റാനായുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. ഇതനുസരിച്ച് ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും സ്ഥലം കണ്ടെത്തി വീട് വയ്ക്കുന്നതിന് 10 ലക്ഷം രൂപ നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ഈ പദ്ധതിയുടെ പ്രാരംഭഘട്ട നടപടികള്‍ പോലും ഇതേവരെ ആരംഭിച്ചിട്ടില്ല.

‘ആലപ്പുഴ ജില്ലയില്‍ വര്‍ഷങ്ങളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 128 കുടുംബങ്ങളാണ്. ഇവരില്‍ 18 കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തി വീട് വയ്ക്കുന്നതിനായി സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുണ്ട്. എന്നാല്‍ 128 പേരില്‍ നിന്ന് 18 കുടുംബങ്ങളെ തിരഞ്ഞെടുക്കുക എന്നത് ദുഷ്‌കരമാണ്. അതിനാല്‍ ഇതില്‍ 71 കുടുംബങ്ങളെ തിരഞ്ഞെടുത്ത് ആദ്യഘട്ട ലിസ്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇത്രയും പേര്‍ക്ക് ഒന്നിച്ച് ഫണ്ട് നല്‍കാന്‍ സാധിക്കുന്നത് വരെ സര്‍ക്കാര്‍ നല്‍കിയ തുക വിതരണം ചെയ്യേണ്ട എന്നാണ് നിലവിലെ തീരുമാനം. വീടും സ്ഥലവും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പോലും സഹായം നല്‍കാന്‍ സര്‍ക്കാരിനാവുന്നില്ല. അപ്പോള്‍ 50 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഫണ്ട് അനുവദിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തെ പ്രത്യാശയോടെ നോക്കിക്കാണാനാവില്ല. തീരസംരക്ഷണത്തിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 200 കോടിയോളം രൂപയാണ് ചെലവായത്. നിലവിലെ സര്‍ക്കാര്‍ തീരസംരക്ഷണത്തിനായി 40 ലക്ഷം രൂപ മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. തീരവാസികളുടെ ഒരു പ്രശ്‌നത്തിനും ഉടന്‍ പരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.’ ധീവരസഭ അംഗമായ സുധിലാല്‍ പറയുന്നു.

കാലവര്‍ഷത്തിനൊപ്പം കടന്നാക്രമിക്കുന്ന കടലിനും തങ്ങളുടെ സങ്കടം കാണാത്ത സര്‍ക്കാരിനും നടുവില്‍ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ് തീരവാസികള്‍. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നൂറ് കിലോമീറ്ററോളം ഭാഗത്ത് ഇനിയും കടല്‍ഭിത്തി നിര്‍മ്മാണം അവശേഷിക്കുന്നു. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഏത് നിമിഷവും വീടും ഭൂമിയും കടലെടുക്കുമെന്ന ആശങ്കയില്‍ കഴിയുന്നത്. വര്‍ഷങ്ങളായി കടല്‍ ഭിത്തി നിര്‍മ്മാണം പ്രഖ്യാപനത്തില്‍ ഒതുങ്ങുന്ന ഈ പ്രദേശങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമാവുമ്പോള്‍ ‘അടിയന്തിര കടല്‍ഭിത്തി’ എന്ന പേരില്‍ കല്ലിറക്കി പോവുകയാണ് പതിവ്. ഇത് ഒരു തരത്തിലും കടല്‍ ക്ഷോഭത്തെ പ്രതിരോധിക്കാന്‍ പ്രാപ്തമല്ലെന്ന് ഇതേവരെ അനുഭവങ്ങള്‍ തെളിയിക്കുന്നു. സുനാമി വ്യാപക നാശം വിതച്ച ആറാട്ടുപുഴ പഞ്ചായത്തിലുള്‍പ്പെടെ കടല്‍ ഭിത്തി നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാകാനുണ്ട്. വലിയഴീക്കല്‍, പെരുമ്പള്ളി, വട്ടച്ചാല്‍, രാമഞ്ചേരി, പള്ളിക്കാട് ഭാഗങ്ങളിലാണ് കടല്‍ഭിത്തി നിര്‍മ്മിക്കാനുള്ളത്. പെരുമ്പള്ളി ഭാഗത്ത് കടലും കായലുമായുള്ള അകലം 35 മീറ്റര്‍ മാത്രമായി ചുരുങ്ങി. തീരദേശ റോഡും കടലുമായുള്ള ദൂരം അഞ്ച് മീറ്റര്‍ മാത്രമാണ്. പ്രതിവര്‍ഷം ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലകളില്‍ പ്രതിവര്‍ഷം എട്ട് മീറ്റര്‍ തീരശോഷണം ഉണ്ടാവുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. കരിമണലിന്റെ കലവറയായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരത്താണ് സംസ്ഥാനത്ത് തന്നെ ഏറ്റവും ശക്തമായ തീരശോഷണം അനുഭവപ്പെടുന്നത്. കരിമണല്‍ ഖനന നീക്കത്തിനെതിരെ 2004ല്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ സമരം സംഘടിപ്പിച്ചത് പെരുമ്പള്ളി തീരത്തായിരുന്നു. പ്രതിഷേധ കൂട്ടായ്മ നടന്ന പ്രദേശം ഇന്ന് ഒരു കിലോമീറ്ററോളം ഉള്‍ക്കടലിലാണെന്നതാണ് യാഥാര്‍ഥ്യം. പഠനങ്ങള്‍ പറയുന്ന കണക്കിലും മേലെ ഇത്രയേറെ തീര ശോഷണം സംഭവിക്കുന്ന ഇവിടെ ഇക്കുറി ശക്തമായ കടല്‍ക്ഷോഭമുണ്ടായാല്‍ കടലും കായലും ഒന്നാകുന്ന വിപത്തിന് ആറാട്ടുപുഴ തീരം സാക്ഷിയാവും.

സുനാമി പുനരധിവാസ പദ്ധതിയും തീരത്തിന് ഗുണപ്പെട്ടില്ല
2004 ഡിസംബര്‍ 26ന് കേരള തീരത്തേക്ക് ആഞ്ഞടിച്ച സുനാമി ഭീമന്‍ തിരമാലകള്‍ വരുത്തിവച്ച കൊടും നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാന്‍ സുനാമി പുനരധിവാസ പദ്ധതിയെന്ന പേരില്‍ അനുവദിച്ചത് 1686 കോടി രൂപയായിരുന്നു. അന്ന കേരളം ഭരിച്ചിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും പിന്നീട് ഭരണത്തില്‍ വന്ന വി.എസ്. സര്‍ക്കാരിന്റെയും കാലത്ത് തീരവാസികളുടെ പുനരുജ്ജീവനത്തിനായി തയ്യാറാക്കിയ പദ്ധതികള്‍ പാളുകയും തുക വകമാറ്റി ചെലവഴിക്കുകയും ചെയ്തതോടെ തീരനിവാസികളുടെ ദുരവസ്ഥ ഇന്നും പഴയപടി തുടരുകയാണ്. കടല്‍ഭിത്തി നിര്‍മ്മാണമുള്‍പ്പെടെയുള്ള തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചിരുന്നത്.

‘ഞാന്‍ പാലായില്‍ ഒരു കല്യാണത്തിന് പോയപ്പോഴാണ് ഒരു ബോര്‍ഡ് കണ്ടത്. ‘സുനാമി പുനരധിവാസ പദ്ധതി പ്രകാരം സംരക്ഷിച്ച കുളം’ എന്ന്. മലയോര മേഖലയായ പാലയും സുനാമിയും തമ്മില്‍ എന്ത് ബന്ധമാണെന്ന് ഞാന്‍ സംശയിച്ചു. മാണി സാറിന്റെ മണ്ഡലമായതുകൊണ്ട് വലിയ അത്ഭുതമൊന്നും തോന്നിയില്ല. ഞങ്ങള്‍ക്ക് തരാനുള്ള കാശൊക്കെ ഇവര്‍ ഇങ്ങനെ കുളം സംരക്ഷിച്ചും, റോഡ് പണിതുമെല്ലാം തീര്‍ത്തു എന്നാണ് തോന്നുന്നത്. വീടുകളിലേക്കുള്ള സ്വകാര്യ റോഡുകള്‍ പോലും സുനാമി പുനരധിവാസ പദ്ധതിയില്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നതാണ് വസ്തുത. അങ്ങനെ കൊടുക്കുന്നതില്‍ തെറ്റില്ലായിരിക്കാം. കടലിനെ ആശ്രയിച്ച്, കടലിന് പറ്റെ താമസിക്കുന്ന ഞങ്ങളുടെ സുരക്ഷ മാത്രമെന്താണ് സര്‍ക്കാരിന്റെ ലിസ്റ്റില്‍ പെടാത്തത്? സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എത്രയോ കോടി രൂപ ചെലവഴിക്കുന്നു. തീരവാസികളേയും കൂടി പരിഗണിച്ചാല്‍ എന്താണ്? ചില സ്ഥലങ്ങളിലെല്ലാം കടല്‍ ഭിത്തിയും പുലിമുട്ടുമുണ്ട്. ബാക്കിയുള്ളിടത്തുകൂടി ഇത് നിര്‍മ്മിക്കാന്‍ ഇപ്പോള്‍ മുടക്കിയ അത്രയും തുക എന്തായാലും വേണ്ടി വരില്ല. പലയിടത്തായി കുറേശെ ഭിത്തി കെട്ടിയിട്ടിരിക്കുകയാണ് ഇപ്പോള്‍. അതുകൊണ്ടുള്ള ദുരിതവും ഇവിടുത്തെ ജനങ്ങള്‍ക്കാണ്. കടല്‍ഭിത്തിയുള്ള സ്ഥലത്ത് തടയുന്ന കടലും കൂടി ഭിത്തിയില്ലാത്തിടത്തേക്ക് ഇരച്ചുകയറും. പുറക്കാട്, നീര്‍ക്കുന്നം, കാട്ടൂര്‍ പ്രദേശങ്ങളിലെ കടലാക്രമണം കൂടുതലാവുന്നത് ഇക്കാരണം കൊണ്ട് കൂടിയാണ്. സുനാമിയില്‍ വീട് പോയ ആളാണ് ഞാന്‍. അന്ന് ഇവിടെ നിന്ന് എല്ലാം വിറ്റുപെറുക്കി പോവാമെന്ന് കരുതിയിരുന്നപ്പോള്‍ സര്‍ക്കാര്‍ എനിക്ക് രണ്ടരലക്ഷം രൂപ തന്നു, വീടുവയ്ക്കാന്‍. തീരം സംരക്ഷിക്കുമെന്ന വാഗ്ദാനവും തന്നു. അതുകൊണ്ടാണ് ഇവിടെ നിന്നത്. രണ്ടരലക്ഷം കൊണ്ട് ഒന്നുമാവത്തില്ലല്ലോ. അതും ബാങ്കില്‍ നിന്ന് വായ്പയെടുത്തതും, വേറെ ചിലരില്‍ നിന്ന് കടം വാങ്ങിയതുമെല്ലാം കൂട്ടി വീടുവച്ചു. ഇപ്പോ കടലിന് തൊട്ടുപറ്റെയാണ് വീട്. ഏത് നിമിഷവും വീടും ഭൂമിയും നഷ്ടപ്പെടാം. ബാങ്കിലെ കടം പോലും വീട്ടിയിട്ടില്ല. സര്‍ക്കാരിന്റെ വാക്കുകേട്ട് നിന്നിട്ട് ബാധ്യത മാത്രം ബാക്കിയായി’ തൃക്കുന്നപ്പുഴയിലെ മത്സ്യത്തൊഴിലാളിയായ തങ്കച്ചന്‍ പറഞ്ഞു.

അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണം
മുംബൈ ഐ.ഐ.ടി.യുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ പുറക്കാട്, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ മേഖലകളില്‍ 15 പുലിമുട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തിരിക്കുന്നതെന്ന് ആറാട്ടുപുഴ സ്വദേശിയും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനുമായ കൃഷ്ണകുമാര്‍ പറയുന്നു. ‘സാധാരണ ഗതിയില്‍ പുലിമുട്ടിന് 500 മീറ്റര്‍ നീളമെങ്കിലുമുണ്ടാവണമെന്നാണ്. പക്ഷെ 50, 100 മീറ്റര്‍ നീളമുള്ള പുലിമുട്ടുകളാണ് നിലവില്‍ സംസ്ഥാനത്ത് നിര്‍മ്മിക്കപ്പെട്ടവയിലധികവും. പുലിമുട്ടിനോട് ചേര്‍ന്ന് കടല്‍ഭിത്തിയും വേണമെന്നുണ്ട്. ഇത് പലയിടത്തുമില്ല. അതിനാല്‍ കോടികള്‍ മുടക്കി പുലിമുട്ട് നിര്‍മ്മിച്ചു എന്നല്ലാതെ തീരത്തിന് ഇത് പ്രയോജനം ചെയ്തിട്ടില്ല. തിരയുടെ ശക്തി കുറയ്ക്കുന്നതിനാണ് പുലിമുട്ട് നിര്‍മ്മിക്കുന്നത്. എന്നാല്‍ പുലിമുട്ടിന്റെ നീളം കുറവായതിനാലും ഇതിനോട് ചേര്‍ന്ന് കടല്‍ഭിത്തിയില്ലാത്തതിനാലും തിര അതിശക്തമായി തന്നെ തീരത്തേക്കടിച്ചെത്തുന്ന കാഴ്ചയാണ് കാണുന്നത്’.

അളവും കണക്കുമില്ലാത്ത അടിയന്തിര കടല്‍ഭിത്തി
‘എല്ലാ വര്‍ഷവും കടല്‍ കയറാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തന്നെ കുറേ ലോറികള്‍ കടല്‍ത്തീരത്തെത്തും. എന്നിട്ട് എവിടെ, എങ്ങനെ എന്ന് പോലും നോക്കാതെ കുറേ പലിയ പാറക്കല്ലുകള്‍ കൊണ്ടെയിറക്കിയിട്ട് പോവും. എന്നിട്ടെന്ത് ഗുണം? കൃത്യമായ അളവിലും നീളത്തിലും ഉയരത്തിലും ചെയ്താല്‍ ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാവും. പക്ഷെ പരാറുകാര്‍ക്ക് പണം കൈക്കലാക്കാമെന്നല്ലാതെ തീരം സംരക്ഷിക്കേണ്ട ബാധ്യതയുണ്ടോ? ഈ വര്‍ഷം ഇപ്പോള്‍ തന്നെ ആലപ്പുഴ ജില്ലയ്ക്കായി അഞ്ച് ലക്ഷം രൂപ എമര്‍ജന്‍സി സ്റ്റോണ്‍ ഇടാന്‍ അനുവദിച്ചിട്ടുണ്ട്. കാലവര്‍ഷം കടുത്ത് കടലാക്രമണത്തിന്റെ ശക്തി വര്‍ധിക്കുമ്പോള്‍ ഈ കണക്കുമുയരും. എല്ലാ വര്‍ഷവും ഇത് നടക്കുന്നതാണെന്ന് ഇറിഗേഷന്‍, റവന്യൂ അധികൃതര്‍ക്ക് അറിയാം. പക്ഷെ മുന്‍കൂട്ടി ടെന്‍ഡര്‍ വിളിക്കുക പോലുമില്ല. കടലാക്രമണം വന്ന് നാശനഷ്ടങ്ങളൊക്കെയുണ്ടായിക്കഴിയുമ്പോള്‍ ടെന്‍ഡര്‍ വിളിച്ചു എന്ന് വരുത്തി, ‘വിശ്വസ്തരായ’ കരാറുകാരെ കല്ലിറക്കാന്‍ ഏല്‍പ്പിക്കുകയാണ് ചെയ്യാറ്. എമര്‍ജന്‍സി സ്‌റ്റോണ്‍ നിരത്താന്‍ മാത്രം ഓരോ വര്‍ഷവും കോടികളാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. ഈ പണമുണ്ടെങ്കില്‍ കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കാം. പക്ഷെ കടല്‍ഭിത്തി കെട്ടിക്കഴിഞ്ഞാല്‍ പിന്നെ കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഈ കളി നടക്കില്ലല്ലോ?’ നീര്‍ക്കുന്നം സ്വദേശി സനുകുമാര്‍ ആരോപിക്കുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍