TopTop
Begin typing your search above and press return to search.

ആങ്ങളമാരുടെ മസില്‍ പവറില്‍ - സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം?

ആങ്ങളമാരുടെ മസില്‍ പവറില്‍ - സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം?
“പുറത്തുനിന്നുള്ളവന്മാർ അകത്ത് കയറി കളിച്ചാൽ ചിലപ്പോ ആൺപിള്ളേര് തല്ലിയെന്നിരിക്കും”.
കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ഏറ്റവുമധികം കേട്ട ഒരു മേനിപറച്ചിൽ ആണിത്. ആണുങ്ങളുടെ അക്രമങ്ങൾ ന്യായീകരിക്കപ്പെടുന്ന പല വഴികളിൽ ഒന്ന്. ഞാൻ ചിന്തിച്ചത് ഇതിന്റെ മറുവശമാണ്.

പുറത്തു നിന്നുള്ള അവളുമാർ അകത്ത് കയറി കളിച്ചാൽ ചിലപ്പോ പെൺപിള്ളേര് തല്ലിയെന്നിരിക്കും.

ഇങ്ങനൊരു വെല്ലുവിളി കേൾക്കാത്തത് എന്തുകൊണ്ടാവും? ഒരു വിമൻസ് കോളേജിന്റെ കാര്യമല്ല, ആണും പെണ്ണും ഒരുമിച്ചു പഠിക്കുന്ന ഒരു കോളേജിൽ പുറത്തു നിന്നുള്ള ഒരു പെണ്ണ് കയറിയാൽ, അവൾ അവിടെയുള്ള ആണുങ്ങളുമായി ഇടപഴകിയാൽ അവളെ കൂട്ടംകൂടി തല്ലണം എന്ന് പെണ്ണുങ്ങൾക്ക് തോന്നാത്തത് എന്തുകൊണ്ടാണ്?

പെണ്ണിന് ആണിനോടുള്ള ഉടമസ്ഥാവകാശം എത്രത്തോളം ഉണ്ടെന്നു നോക്കിയാൽ മനസ്സിലാകും സദാചാരത്തിന്റെ പേരിലുള്ള അക്രമങ്ങൾ സ്ഥിരമായി ആണുങ്ങൾ തന്നെ നടത്തുന്നത് എന്തുകൊണ്ടാണെന്ന്. അവൻ്റെ സഹപാഠി അവൻ്റെ സംരക്ഷണത്തിൽ ഉള്ളതാണ് എന്നാണു ഭാവം, ആങ്ങളയേ... ആങ്ങള! മൃഗങ്ങളുടെ ഇടയിലുള്ളത് പോലെ ഒരു territory നിശ്ചയിച്ച് വയ്ക്കുന്നതാണ് ഈ “ഞങ്ങടെ കോളേജിന്റെ” അന്തഃസത്ത. ആണധികാരത്തിന്റെ പലപ്രകടനങ്ങളിൽ ഒന്നാണ് സദാചാര പ്രവർത്തനങ്ങൾ. പൊതുബോധത്തിൽ ഇത് ആഴത്തിൽ പതിഞ്ഞിരുന്നു, സത്യമാണ്. പക്ഷേ ആഴത്തിൽ പതിഞ്ഞുപോയ പ്രതിലോമകരമായ രീതികളെ ഉടച്ച് കളഞ്ഞ് പുതിയ രീതികളെ വാർക്കാൻ ഇടതുപക്ഷം എന്ന ആശയത്തിന് കഴിയേണ്ടതല്ലേ?

യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് സദാചാര പോലീസിംഗ് അല്ലായെന്നാണ് പക്ഷേ മനസ്സിലാകുന്നത്. എസ്എഫ്ഐ എന്ന സംഘടനയുടെ അകത്ത് നടന്ന വിവേചനങ്ങളെ ചോദ്യം ചെയ്ത പെൺകുട്ടികളുടെ 'സ്വഭാവശുദ്ധി' ഓർമ്മിപ്പിച്ചു കൊണ്ടാണ് ജിജീഷ് എന്ന ചെറുപ്പക്കാരനെ അവർ കൈകാര്യം ചെയ്തത്. ഇത്തരത്തിൽ സ്വഭാവഹത്യ നടത്താനുള്ള ശ്രമങ്ങളെ ചോദ്യം ചെയ്തിരുന്നു ആ പെൺകുട്ടികൾ എന്നവർ ആവർത്തിച്ച് വാദിക്കുന്നുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവവും സംഘടനയിൽ ഇടതുപക്ഷ ബോധം ഇല്ലാത്ത ചിലർ നടത്തിയ അതിക്രമവുമാണെന്ന് പറഞ്ഞു തീർക്കാനാണ് പുതിയ ശ്രമങ്ങൾ. നേതാക്കന്മാരുടെ വാക്കുകളിലും ഈ സംഭവത്തിനെ കുറിച്ച് പരിശോധിക്കും എന്ന് മാത്രമേ ഉള്ളൂ, അഷ്മിതയും സൂര്യഗായത്രിയും ഉന്നയിച്ച, സംഘടനയുടെ സ്ഥിരം രീതിയായ സ്വഭാവഹത്യയും കൈയേറ്റവും എന്ന ആരോപണം പാടേ തിരസ്ക്കരിക്കപ്പെട്ടിരിക്കുകയാണ്.

ഇടതുപക്ഷ സംഘടനയാണ് എസ്എഫ്ഐ, അവരുടെ അടിസ്ഥാന ആദർശത്തിൽ നിന്ന് വ്യതിചലിച്ചാണ് പലകാലങ്ങളായി കോളേജുകളുടെ അകത്ത് അവർ പെരുമാറുന്നതെന്ന് ഒരുപാട് കുട്ടികൾ പറയുന്നുണ്ട്, പഠിച്ചിറങ്ങിയവരും പറയുന്നുണ്ട്. സംഘടനയെ തകർക്കാനുള്ള വിദേശ ശക്തികളുടെ ആരോപണങ്ങളായി ഇവയെ ഇനിയും തള്ളിക്കളയാൻ സാധിക്കുകയില്ല. ആത്മപരിശോധനയുടെ സമയമാണ്. ആരോടും പറയാണെമെന്നില്ല, പത്രസമ്മേളനം നടത്തി പ്രഖ്യാപനങ്ങളും വേണമെന്നില്ല, പ്രവർത്തിയിൽ തെളിയിച്ചാൽ മതിയാകും. ഈ ആരോപണങ്ങൾ തെറ്റാണെന്നോ, തെറ്റുണ്ടായെങ്കിൽ അത് തിരുത്തിയെന്നോ പ്രവർത്തിയിൽ തെളിയിച്ചാൽ മതിയാകും. ഇടതുപക്ഷ ബോധം നിങ്ങളുടെ പ്രവർത്തികളിൽ എവിടെ എന്നാണു ചോദ്യം, അല്ലാതെ നിങ്ങൾ മറ്റെന്തെങ്കിലും ആകാനല്ല പറയുന്നത്. നിങ്ങൾ തന്നെ വാക്കുകളിൽ ഉയർത്തുന്ന, മുദ്രാവാക്യത്തിൽ ഉയർത്തുന്ന ഇടതുപക്ഷ രാഷ്ട്രീയം പ്രവർത്തികളിൽ എന്തുകൊണ്ടില്ല എന്നാണു ചോദ്യം. രാഷ്ട്രീയമായ ഇടപെടലുകൾ ഏറ്റവും ഫലപ്രദമായി നടത്തുമ്പോൾ തന്നെയും ചെങ്കോട്ടകളുടെ ഉള്ളിൽ തന്നെയുള്ള നിങ്ങളുടെ കൂട്ടാളികൾ ആണ് ചോദ്യങ്ങൾ ഉയർത്തുന്നത്. സംഘടനയുടെ മീറ്റിങ്ങിൽ ഇതുന്നയിച്ചാൽ പോരേ എന്ന് തിരിച്ചു ചോദിക്കരുത്, അതിനു ശ്രമിച്ച് പരാജയപ്പെട്ട്, ആക്ഷേപിക്കപ്പെട്ട് കൈകാര്യം ചെയ്യപ്പെട്ട രണ്ടു പെൺകുട്ടികളാണ് ഇവിടെ നിങ്ങളോടു ചോദിക്കുന്നത്.ഈ ഒരു സംഭവത്തെ കുറിച്ച് മാത്രം അന്വേഷണം പോരാ, നിങ്ങളുടെ സംഘടനയുടെ ആണധികാര മനോഭാവങ്ങളെ കുറിച്ച് അന്വേഷിക്കണം, ഇത്രകാലമായിട്ടും ആണും പെണ്ണും പഠിക്കുന്ന കോളേജുകളിൽ പെൺകുട്ടികളെ പ്രസിഡന്റ സ്ഥാനത്തേയ്ക്ക് മത്സരിപ്പിച്ച് ജയിപ്പിക്കുന്നത് ഒരു സാധാരണ സംഭവമായി തീർക്കാൻ പോലും ഇടതുപക്ഷ സംഘടനകൾക്ക് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്. മുഖ്യധാരാരാഷ്ട്രീയത്തിൽ സ്ത്രീസംവരണം ചോദിച്ചു വാങ്ങിയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് നിങ്ങളെന്നിരിക്കേ, പേരിനുമാത്രം രണ്ടുമൂന്ന് സ്ഥാനങ്ങളിൽ പെൺകുട്ടികളെ നിർത്തി ആണുങ്ങളുടെ നിഴലുകളാക്കി വയ്ക്കുന്നതെന്തുകൊണ്ടാണ്? ലിംഗസമത്വവും തുല്യതയും ഭരണത്തിലും വരണമെന്ന് വിദ്യാർത്ഥി പ്രസ്ഥാനത്തിന് താത്പര്യമില്ലേ? പൊതുബോധത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികളെ പുരോഗമന രാഷ്ട്രീയം പഠിപ്പിക്കുന്ന ഉത്തരവാദിത്തം ഈ വിദ്യാർത്ഥി പ്രസ്ഥാനത്തിനില്ലേ? ഇത്ര കൊല്ലമായിട്ടും അത് ഫലപ്രദമായി സ്വന്തം ചെങ്കോട്ടകളിലെ ആണുങ്ങളിൽ പോലും എത്തിക്കാൻ കഴിയുന്ന വിധം ഒരു ആക്ഷൻ പ്ലാൻ ഉണ്ടാക്കാൻ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലേ? ചെങ്കോട്ടകളിലെ സംഘടനയെ ഒരു പെണ്ണ് നയിച്ചാൽ അംഗങ്ങളായ ആണുങ്ങളുടെ ആത്മാഭിമാനം നഷ്ടപ്പെട്ടു പോകുമെന്ന് ഭയമുണ്ടോ, അതോ വിപ്ലവം ആണിന്റെ മസിൽ പവറിൽ മാത്രം വരേണ്ട ഒന്നാണോ? മൂന്നു നേതാക്കന്മാർ ഇതിനെതിരെ പ്രതികരിച്ചു, എന്തുകൊണ്ട് ഈ മൂന്നു നേതൃസ്ഥാനങ്ങളിലും പുരുഷന്മാർ മാത്രമായി? സ്ത്രീ പ്രജകൾക്ക് എണ്ണത്തിൽ കുറവൊന്നും ഇല്ലല്ലോ കേരളത്തിൽ. ലിംഗസമത്വത്തിനു വേണ്ടിയും പൊതുബോധത്തിനെതിരേയും സംഘടനയുടെ അകത്ത് തന്നെ ബോധപൂർവ്വം പ്രവർത്തനങ്ങൾ കൊണ്ട് വരേണ്ട സമയം കൂടിയാണത്.

ഒരുകാര്യം വളരെ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്‌, ഇപ്പോഴും എതിർ ശബ്ദങ്ങളെ കഞ്ചാവ്‌ വേട്ട നടത്തി ഒതുക്കൂ, അനാശാസ്യത്തിനു പോലീസിൽ പിടിപ്പിക്കൂ എന്ന അഴുകി പുഴുത്ത ഉപദേശങ്ങൾ കടൽക്കിഴവന്മാരുടെ ശബ്ദത്തിൽ വരുന്നതിനെ വിദ്യാർത്ഥി പ്രസ്ഥാനം നഖശിഖാന്തം എതിർക്കുക എന്നതാണ്‌. യാതൊരു രീതിയിലും പുരോഗമനം വരാനുള്ള വഴിയല്ല അത്‌. പഴുകിത്തേഞ്ഞ സമൂഹത്തിന്റെ സദാചാരം വഹിക്കുന്നവരുടെ ഉപദേശങ്ങൾ നിങ്ങൾ അവഗണിച്ചില്ലെങ്കിൽ നിങ്ങളുടെ സംഘടന തന്നെയാകും കൂക്കുവിളികളിൽ മുങ്ങിപ്പോകുന്നത്‌.

ഇതൊക്കെ പറയാൻ വിദ്യാർത്ഥി പോലുമല്ലാത്ത പൊതുജന കോമരങ്ങൾക്ക് എന്തവകാശം എന്ന് ചോദിക്കാൻ മുട്ടി നിൽക്കുന്നവർ ഉണ്ടാകും - ഇടതുപക്ഷ ആശയം ആരുടേയും കുത്തകയല്ല, സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന ബോർഡ് വച്ച് ബ്രാഹ്മണിസം പ്രവർത്തിച്ചാൽ ചോദ്യങ്ങളുടെ പ്രവാഹമായിരിക്കും. നിങ്ങളുയർത്തുന്ന മുദ്രാവാക്യങ്ങളുടെ മൂല്യം കാത്തുസൂക്ഷിക്കാൻ നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്; അതൊന്നോർമ്മിപ്പിച്ചതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories