TopTop

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുക്കരുതെന്ന് പ്രചരിപ്പിച്ചതായി മറുനാടന്‍ മലയാളിക്കെതിരെ കേസ്; ചിലര്‍ വിദ്വേഷം തീര്‍ക്കുകയാണെന്ന് ഷാജന്‍ സ്കറിയ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുക്കരുതെന്ന് പ്രചരിപ്പിച്ചതായി മറുനാടന്‍ മലയാളിക്കെതിരെ കേസ്; ചിലര്‍ വിദ്വേഷം തീര്‍ക്കുകയാണെന്ന് ഷാജന്‍ സ്കറിയ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നുണ പ്രചരിപ്പിച്ചെന്നാരോപിച്ചുള്ള പരാതിയില്‍ ഓൺലൈന്‍ വാർത്താ പോർട്ടൽ 'മറുനാടൻ മലയാളി' എഡിറ്റര്‍ക്കെതിരെ പൊലീസ് കേസ്സെടുത്തു. തിരുവനന്തപുരം പേരൂർക്കട പോലീസാണ് എസ്‌.പി സോമരാജൻ എന്നയാളുടെ പരാതിയിൽ കേസ്സെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും സംഭാവന ചെയ്യരുതെന്ന് തന്റെ വാർത്താ മാധ്യമത്തിലൂടെ ഷാജൻ സ്കറിയ പ്രചരിപ്പിച്ചെന്നാണ് സോമരാജന്റെ ആരോപണം.

ജൂലൈ അഞ്ചാംതിയ്യതി മറുനാടൻ മലയാളിയിൽ പ്രസിദ്ധീകരിച്ച 'അഞ്ച് നയാ പൈസ കൊടുക്കരുത്' എന്ന തലക്കെട്ടിലുള്ള വാർത്തയാണ് പരാതിക്കടിസ്ഥാനമെന്ന് ദേശാഭിമാനി ഓൺലൈൻ പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. ദുരിതാശ്വാസ നിധിക്കെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രചാരണം നടക്കുന്നതിനിടെയാണ് ഒരു വാർത്താ മാധ്യമത്തിനെതിരെയും പരാതി ഉയർന്നിരിക്കുന്നത്.

എന്നാല്‍, പ്രളയ ദുരിതാശ്വാസത്തിനായി പണം നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയ അഴിമുഖത്തോട് വിശദീകരിച്ചു. താൻ ഈ വർഷത്തെ പ്രളയം തുടങ്ങുന്നതിനും ആഴ്ചകൾക്കു മുമ്പ്, ജൂലൈ 5ന് ചെയ്ത ഒരു വീഡിയോയാണ് സിപിഎം സൈബർ കേന്ദ്രങ്ങൾ ഇപ്പോൾ ഉയർത്തിക്കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആ വീഡിയോയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ധൂർത്തിനെക്കുറിച്ചാണ് താൻ പറഞ്ഞത്. കാര്യങ്ങൾ ഈ വിധമാണെങ്കിൽ ഫണ്ടിലേക്ക് പണം നൽകുന്ന കാര്യം ജനങ്ങൾ രണ്ടാമതൊന്ന് ആലോചിക്കുമെന്നും പറഞ്ഞിരുന്നു. ഇത് പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ കാര്യമേയല്ല. ഇപ്പോൾ മാറിയ സന്ദർഭത്തിൽ അതും പൊക്കിപ്പിടിച്ച് തന്നോടുള്ള മുൻ വിദ്വേഷങ്ങൾ തീര്‍ക്കുകയാണ് സൈബർ കേന്ദ്രങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. "വെള്ളപ്പൊക്കം തുടങ്ങിയപ്പോള്‍ ഈ വീഡിയോ സംഘപരിവാറുകാര്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടു. ആ സന്ദര്‍ഭത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിലേക്ക് പണം നല്‍കണമെന്ന് പറഞ്ഞ് ഞാന്‍ വീഡിയോ ചെയ്തിരുന്നു. പിന്നീട് സൈബര്‍ ഭീഷണികള്‍ തുടങ്ങിയപ്പോള്‍ ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് കൊടുക്കേണ്ട കാര്യമില്ലെന്നും ഞാന്‍ പറഞ്ഞതാണ്." മറ്റൊരു സന്ദര്‍ഭത്തില്‍ പറഞ്ഞ കാര്യത്തെ അവിടെ നിന്നും അടര്‍ത്തിയെടുത്ത് തനിക്കെതിരെ പ്രയോഗിക്കുന്നതാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഷാജന്‍‍ സ്കറിയ വിശദീകരിച്ചു.

അതിനിടെ മറുനാടന്‍ മലയാളിക്കെതിരെ സിപിഎം സൈബര്‍ കേന്ദ്രങ്ങളില്‍ പ്രചാരണം ശക്തമാണ്. മറുനാടന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്യിക്കാനുള്ള ആലോചനകളും നടക്കുന്നതായി വിവരമുണ്ട്.

അതെസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം പ്രവഹിക്കുകയാണ്. എതിര്‍ പ്രചാരണങ്ങളും ദുരിതാശ്വാസനിധിക്ക് അനുകൂലമാകുന്നുവെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. അതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) വിലാസത്തിന് സമാനമായ മറ്റൊരു വിലാസം സൃഷ്ടിച്ച് തട്ടിപ്പ് നടത്തുന്നതായി പോലീസ് കണ്ടെത്തി. ഇതില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങളിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് ചൊവ്വാഴ്ച വൈകിട്ട് 8 വരെ 1.61 കോടി രൂപയാണ് എത്തിയത്. ശരാശരി 25 മുതല്‍ 35 ലക്ഷംവരെയാണ് ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസം ലഭിക്കാറുള്ളത്. പണം നല്‍കരുതെന്ന പ്രചാരണം വന്നതോടെ ജനങ്ങള്‍ കൂടുതല്‍ ആവേശത്തോടെ പണം നല്‍കിത്തുടങ്ങിയെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

വ്യാജവാര്‍ത്ത: പൊലീസ് നടപടികള്‍ തുടങ്ങി

സാമൂഹികമാധ്യമങ്ങളിലൂടെ പ്രളയ സംബന്ധിയായതും ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടതുമായ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ഒരാള്‍ അറസ്റ്റിലായി. തിരുവല്ല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ തമ്പിയുടെ മകന്‍ രഘു (48) ആണ് അറസ്റ്റിലായത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെതിരെ സംസ്ഥാനത്ത് 27 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ രണ്ടു വീതവും കൊല്ലം സിറ്റി, കൊല്ലം റൂറല്‍, ഇടുക്കി, എറണാകുളം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ റൂറല്‍, പാലക്കാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഒന്നു വീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയുള്ള അന്വേഷണവും മറ്റു നിയമനടപടികളും ഊര്‍ജ്ജിതപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.

Next Story

Related Stories