TopTop
Begin typing your search above and press return to search.

പത്മനാഭസ്വാമി ക്ഷേത്രത്തിന് 5195 വർഷം പഴക്കമെന്ന് ശശി തരൂർ; തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ

പത്മനാഭസ്വാമി ക്ഷേത്രത്തിന് 5195 വർഷം പഴക്കമെന്ന് ശശി തരൂർ; തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് 5195 വർഷം പഴക്കമുണ്ടെന്ന് വാദിക്കുന്ന ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. ചരിത്രം വളച്ചൊടിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ കൊടുക്കുകയാണോ പണ്ഡിതനെന്ന് അറിയപ്പെടുന്ന ശശി തരൂർ എന്ന് വിമർശനമുയർന്നതോടെ പേജിൽ നിന്ന് പ്രസ്തുത പോസ്റ്റ് നീക്കം ചെയ്യപ്പെട്ടു.

ഒട്ടും ആധികാരികതയില്ലാത്ത ഒരു സോഴ്സിനെ വെച്ചാണ് കേരളത്തിൽ ഗുഹാജീവിതവും കല്ലായുധങ്ങളും മാത്രമുണ്ടായിരുന്ന 5000 വർഷങ്ങൾക്കു മുമ്പ് പത്മനാഭസ്വാമി ക്ഷേത്രം നിലവിലുണ്ടായിരുന്നെന്ന് ശശി തരൂർ അടിച്ചു വിട്ടത്. ഇതേ വെബ്സൈറ്റ് തങ്ങളുടെ വാദം സ്ഥാപിക്കാൻ എൽഎ രവിവർമ എന്നൊരാളെയാണ് ആശ്രയിച്ചിരിക്കുന്നത്. ചരിത്രമെഴുത്തുകാരെന്ന നിലയിൽ അംഗീകരിക്കപ്പെട്ടിട്ടില്ലാത്തവരുടെ തെളിവുകളുടെ പിൻബലമില്ലാത്ത വാദങ്ങളെ ശശി തരൂരിനെപ്പോലൊരു പണ്ഡിതൻ പിൻപറ്റുമോയെന്ന ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത്. അതെസമയം, ശശി തരൂർ എംപിയുടെ പേജ് കൈകാര്യം ചെയ്യുന്നത് മറ്റു പലരുമാകാമെന്ന സാധ്യതയും ചിലർ നൽകുന്നുണ്ട്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെ ഇന്ന് കാണുന്ന ശിൽപ്പരൂപത്തിലേക്ക് മാറ്റിയത് അനിഴംതിരുന്നാൾ മാർത്താണ്ഡ വർമ്മ മഹാരാജാവാണ്. 1731ലായിരുന്നു ഇത്. എട്ടുവീട്ടിൽ പിള്ളമാരെ പ്രതിരോധിക്കാനുള്ള തന്ത്രമെന്ന നിലയിൽ രാജ്യത്തെ ക്ഷേത്രത്തിന് അടിയറ വെച്ചതും ഇതിനു ശേഷമായിരുന്നു.

സോഷ്യൽ മീഡിയ ക്ഷേത്രത്തിന്റെ ചരിത്രം തിരഞ്ഞ് ആധികാരികതയുള്ള സോഴ്സുകള്‍ ഇതിനകം തന്നെ തപ്പിപ്പിടിച്ചെടുത്തിട്ടുണ്ട്. ഇവയിലൊന്ന് താഴെ കൊടുക്കുന്നു. ശ്രുതി എസ് പങ്കജിന്റെ ഫേസ്ബുക്ക് കുറിപ്പാണിത്.

കുറിപ്പ് വായിക്കാം

പ്രിയപ്പെട്ട Dr. Shashi Tharoorji, അങ്ങ് രാഷ്ട്രീയത്തിലിറങ്ങുന്നതിന് ഒരു പതിറ്റാണ്ടു മുൻപ് അങ്ങയെ ആദരവോടും അത്ഭുതത്തോടും കൂടി വായിച്ച ഒരാളാണ് ഞാൻ. ഇന്ത്യയുടെയും ലോകത്തിന്റെയും ചരിത്രത്തിൽ അഗാധ പാണ്ഡിത്യം ഉള്ള അങ്ങ് ഇമ്മാതിരി ഒരു വിഢിത്തം പോസ്റ്റ് ചെയ്തത് അങ്ങയുടെ തന്നെ ക്രെഡിബിലിറ്റി ചോദ്യം ചെയ്യുന്നതാണ്. അങ്ങയുടെ ഓഫീസിലെ ഏതോ വിവരമില്ലാത്തവൻ ചെയ്തതാണ് ഇത് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. മനു സി പിള്ളയെ പോലുള്ള പ്രമുഖചരിത്രകാരൻ ഉണ്ടായിരുന്ന അങ്ങയുടെ ഓഫിസ് !


5000 ലേറെ വർഷത്തെ പഴക്കം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് എന്നൊക്കെ പറയുമ്പോൾ കുറേയാളുകളിൽ ഉണ്ടാക്കപ്പെടുന്ന ഫാൾസ് പ്രൈഡിനു വേണ്ടി ഇങ്ങനെ പോസ്റ്റ് ചെയ്യാൻ അങ്ങ് ഒരു ബിജെപി എം .പി അല്ല !

തിരുവനന്തപുരം നഗരത്തിന്റെ ചരിത്രത്തെ അങ്ങയേക്കാൾ അഭിമാനബോധത്തോടെ നോക്കി കാണുന്ന ഒരു തിരുവനന്തപുരം കാരനാണ് ഞാനും. ക്ഷേത്രത്തിന്റെ പഴക്കം എനിക്കറിയാവുന്ന വിധത്തിൽ ഒന്നു പറയാം.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഇന്നു കാണുന്ന രൂപത്തിൽ പുനർ നിർമ്മിച്ചത് അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മയാണ് 1730 കളിൽ. വർമ്മയുടെ കാലത്ത് തന്നെ ക്ഷേത്രം അതി പ്രതാപമാർന്ന ഒന്നും രാജാധികാരത്തിനു തൊടാൻ പറ്റാത്തതുമാരുന്നു. 8 തുളു പോറ്റിമാരും ഒരു ശ്രീകാര്യക്കാരനും ചേർന്ന 8 അരയോഗമാണ് ക്ഷേത്രം ഭരിച്ചിരുന്നത്.ഇവരുടെ കരംപ്പിരിവുകാരായിരുന്നു പ്രമാണിമാരായ എട്ടു വീട്ടിൽ പിളളമാർ. വർമ്മ രാജാവാകാതിരിക്കാൻ ഉപജാപം കളിച്ചു 4 പോറ്റി മാരെ കഴുതപ്പുറത്തു കയറ്റി നാടുകടത്തികൊണ്ടും പിള്ളമാരെ തട്ടികൊണ്ടും ആണ് വർമ്മ ഭരണം തുടങ്ങിയത്.


അതിനു മുൻപ് 1680 ലോ മറ്റോ ക്ഷേത്രം പൂർണ്ണമായും തീ പിടിച്ചു തശിച്ചിരുന്നു. അന്നു അവശേഷിച്ച ചില താളിയോലകളിലെ പഴക്കം ചെന്ന 13 - 14 നൂറ്റാണ്ടിലെ രേഖകൾ ആണ്. അത് സ്റ്റേറ്റ് ആർക്കൈവ്സിലുണ്ട് എന്നു പറയുന്നു. സോ 13-14 നൂറ്റാണ്ടിൽ ക്ഷേത്രമുണ്ട് എന്നതിന് പ്രൂഫ് ഉണ്ട്. 15-)o നൂറ്റാണ്ടിൽ ഗുരുനാനാക്ക് ക്ഷേത്രം സന്ദർശിക്കുകയും ക്ഷേത്രത്തെ പറ്റിയും നഗരത്തെ പറ്റിയും കവിത രചിക്കുകയും ചെയ്തു എന്നു പറഞ്ഞാൽ അക്കാലത്തു തന്നെ ക്ഷേത്രം അതിപ്രശസ്തമാരുന്നു എന്നു മനസ്സിലാക്കാം.


പിന്നെയുള്ളത് കലാ സാഹിത്യ സൃഷ്ടികളിൽ ഉള്ള രേഖപ്പെടുത്തലുകളാണ്. AD 900 കാലഘട്ടത്തിൽ ജീവിച്ചിരുന്ന തമിഴ് കവി നമ്മാൾവാർ ക്ഷേത്രത്തെ പറ്റി രചിച്ചിട്ടുണ്ട്. അതുപോലെ അതേ കാലഘട്ടത്തിലെ ഭാഗവത പുരാണത്തിലും സ്യാനന്ദൂരപുര സമുച്ഛയം എന്ന ഗ്രന്ഥത്തിലും ക്ഷേത്രത്തെ പറ്റി പറയുന്നു. സ്യാനന്ദൂരം എന്നു പറഞ്ഞാൽ മനസ്സിലായോ? തിരുവനന്തപുരത്തിന്റെ പഴയ പേര് .ശ്രീ ആനന്ദവുരം ലോപിച്ചു സ്യാനന്ദപുരവും സ്യാനന്ദൂരവും ആയതാണ്. ബ്രാഹ്മണരുടെ കേരളത്തിലേക്കുള്ള വരവ് 7-9 നൂറ്റാണ്ടിനിടക്കാണ്. ഇങ്ങനെ ഒക്കെ വച്ചു നോക്കുമ്പോൾ ക്ഷേത്രത്തിന് 1100 - 1200 വർഷത്തിനിടയിൽ പഴക്കം ഉണ്ട് എന്നു അനുമാനിക്കാം. എന്നാൽ തന്നെയും ഞങ്ങളുടെ നഗരം ദക്ഷിണേന്ത്യയിലെ ഏറ്റവും പൗരാണിക നഗരമാണ് എന്ന് ഞങ്ങൾക്ക് അഭിമാനിക്കാം. അങ്ങയുടെ നളളില്ലാതെ തന്നെ ഞങ്ങൾ ഭയങ്കര സംഭവമാണ് 🙂


സാർ പറയുന്ന 5600 കൊല്ലം മുൻപ് ഹിന്ദുമതം പോലുമില്ല എന്ന് സാറിനറിയാം. സാറിന്റെ പേഴ്സണൽ ID യിൽ ഇതെന്താണ് വരാത്തത്? ക്രെഡിബിലിറ്റി പോവും അല്ലേ? അപ്പോ MP Thiruvananthapuram പേജിലിട്ടത് ഞങ്ങൾ തിരുവനന്തപുരത്തുകാർ ഒക്കെ ഉണ്ണാക്കന്മാർ എന്നു കരുതി ആണോ അതോ ചുമ്മാ പൊക്കി വിട്ടാൽ രോമം എണീറ്റു നിൽക്കുന്ന ചാണക ടീമാണെന്നു കരുതിയാണോ?


Next Story

Related Stories