TopTop
Begin typing your search above and press return to search.

ഇരിപ്പിന്റെ രാഷ്ട്രീയം; തൊഴിലിടങ്ങളെന്ന് വിളിക്കപ്പെടുന്ന തടവറകള്‍ -1

ഇരിപ്പിന്റെ രാഷ്ട്രീയം; തൊഴിലിടങ്ങളെന്ന് വിളിക്കപ്പെടുന്ന തടവറകള്‍ -1

കാന്തന്‍

ഓരോ കാലത്തിന്റെയും നൈസര്‍ഗീകമായ രേഖപ്പെടുത്തലുകളാണ് സമരങ്ങള്‍. ഓരോ കാലഘട്ടത്തിലെയും ചൂഷിതരെയും ചൂക്ഷകരെയും അറിയുവാന്‍ അതാത് കാലങ്ങളിലെ സമരങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. ചൂഷിതര്‍ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങള്‍, ചൂഷകരുടെ മൂലധനാവശ്യങ്ങള്‍ക്ക് അനുസ്യൂതമായി പ്രാവര്‍ത്തികമാക്കപ്പെടുന്ന കുത്സിത താല്‍പര്യങ്ങളും പീഡനാത്മക രീതികളും മറ്റും എപ്രകാരമാണ് എന്ന് വ്യക്തമാക്കുന്നതില്‍ സമരങ്ങളുടെ പങ്ക് വളരെ വലുതാണ്. സമരമില്ലാത്ത ഒരു കാലഗതി വര്‍ത്തമാനത്തെ നിരാകരിച്ചു കൊണ്ടുള്ള കാലത്തിന്റെ വ്യാവഹരമായും അഥവാ ഒരു സമരത്തില്‍ നിന്നും മറ്റൊരു സമരത്തിലേക്കുള്ള യാത്രകളായും വ്യാഖ്യാനിക്കാവുന്നതാണ് .


മെയ് 1-ന് ശേഷം AMTU പ്രവര്‍ത്തകര്‍ തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ ഇരിക്കാനുള്ള അവകാശത്തിനു വേണ്ടി ഇത്തരത്തിലുള്ള ഒരു യാത്രയിലാണ് ഏര്‍പെട്ടിരിക്കുന്നത്. തൊഴിലാളികള്‍ തൊഴില്‍ മേഖലകളില്‍ ഇരിക്കാന്‍ പാടില്ലെന്നുള്ള, അലിഖിത നിയമത്തോടുള്ള, പീഡന മുറകളോടുള്ള പ്രതികരണമാണ് ഇരിക്കല്‍ സമരം. കൂടാതെ ഇരിക്കാനുള്ള തൊഴിലാളിക്കളുടെ പൊതുവായ അവകാശം നിഷേധിക്കുക വഴി മുതലാളിത്തം എപ്രകാരമാണ് മനുഷ്യാവകാശ ധ്വംസനങ്ങളുടെ പ്രതിനിധാനങ്ങളായി മാറുന്നു എന്നത് ഒരിക്കല്‍ കൂടി നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് ഇരിക്കല്‍ സമരം. ഇരിക്കുക എന്നത് ഒരു മനുഷ്യാവകാശമായി എടുത്തു പറയേണ്ട പരിതാപകരമായ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്, രാഷ്ട്രീയ പ്രബുദ്ധര്‍ എന്ന് ഊറ്റം കൊള്ളുന്ന കേരള സമുഹത്തിലെ തൊഴിലാളികളുടെ അവസ്ഥ.

കാര്‍ഷികമേഖലയിലെ തളര്‍ച്ചയും ദ്രുതഗതിയിലുള്ള നഗരവത്കരണവും 1990-കള്‍ക്ക് ശേഷം വ്യാപകമായ ആഗോളവത്കരണവും നമ്മുടെ ഉപഭോഗകച്ചവട സംസ്‌കൃതികളില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ കേരളത്തിലെ നിലവിലുള്ള മറ്റേതു മേഖലയേക്കാള്‍ ഉത്പാദനക്ഷമമായതും തൊഴില്‍ വാഗ്ദാനങ്ങള്‍ നല്കുന്നതുമായ മേഖലയായി വ്യവസായ മേഖലയെ (ട്രേഡ് സെക്ടര്‍) മാറ്റിയിരിക്കുന്നു. നമ്മുടെ ഒരു വലിയ വിഭാഗം യുവത്വം ആകൃഷ്ടരാവുന്ന മേഖലയായി ഐ.റ്റി മേഖല മാറിയിരിക്കുന്നു . പഠനം കഴിഞ്ഞാല്‍ ഉടനെ നല്ലൊരു സാമ്പത്തിക അടിത്തറയോട് കൂടിയ ജോലി എന്ന നിലക്കാണ് പലരും ഐ.റ്റി മേഖല തിരഞ്ഞെടുക്കുന്നത്. എന്നാല്‍ അതേ സമുഹത്തിലെ മറ്റൊരു വിഭാഗം, സെയില്‍സ്മാന്‍മാരും സെയില്‍സ് ഗേള്‍സുമാരുമായി സ്വയം തിരഞ്ഞെടുക്കുന്ന അഥവാ തിരഞ്ഞെടുക്കേണ്ടി വരുന്ന ഒരു മേഖലയാണ് ടെക്സ്റ്റൈല്‍ മേഖല. ഈ തൊഴില്‍ പരിസരങ്ങള്‍ അങ്ങേയറ്റം ചൂഷണാധിഷ്ഠിതവും പീഡനാത്മകവുമായി മാറിയിരിക്കുന്ന അന്തരിക്ഷമാണ് ഇന്ന് നിലനില്ക്കുന്നത്. മാത്രമല്ല സമുഹത്തിന്റെ സവര്‍ണ മനോഭാവത്തിന്റെ മൂര്‍ത്തമായ ചിഹ്നങ്ങളായി മാറിയിരിക്കുകയാണ് ഇത്തരം തൊഴിലിടങ്ങള്‍.

മാറി നില്ക്കുന്ന നിയമം

തൊഴില്‍ വ്യവസ്ഥ അനുസരിച്ച് എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്നാണ് നിയമങ്ങള്‍. ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമപ്രകാരം ഓവര്‍ടൈം അടക്കം 10 മണിക്കൂറില്‍ കൂടുതല്‍ ഒരു കാരണവശാലും ജോലി ചെയ്യേണ്ടതില്ല. പക്ഷേ കോഴിക്കോട് നഗരത്തിലെ ടെക്സ്റ്റൈല്‍ മേഖലയില്‍ 10 മണിക്കൂറില്‍ കുറഞ്ഞ് ജോലി ചെയുന്ന ഒരു തൊഴിലാളിയുമുണ്ടാവില്ല. ഓവര്‍ടൈം ചെയേണ്ടിവരുന്നപക്ഷം സ്ഥാപന ഉടമ ഇരട്ടി വേതനം നല്‌കേണ്ടതാണ്. മിനിമം വേജസ് ആക്റ്റ് പ്രകാരം ഒരു ദിവസം പണി എടുത്താല്‍ പോലും മിനിമം വേതനം (7500 രൂപ) നല്‍കേണ്ടതാണ്. എന്നാല്‍ ഇവിടെ 10-12 മണിക്കൂര്‍ നില്ക്കാതെയും മൂത്രമൊഴിക്കാതെയും പണി എടുത്താലും ഇവര്‍ക്ക് 4000 രൂപ മുതലാണ് ശമ്പളം. മൂന്നു വര്‍ഷം കഴിഞ്ഞവര്‍ക്ക് പോലും പരമാവധി ലഭ്യമാകുന്ന ശമ്പളം 8500 രൂപയാണ്. നിത്യ ചിലവിനു പോലും തികയാത്ത ഈ ശമ്പളം വെച്ച് തന്നെ സ്ഥാപനത്തിന്റെ അന്തസ്സിനൊത്ത യുണിഫോം വാങ്ങുകയും വേണം.

എട്ട് മണിക്കൂറില്‍ നാലു മണിക്കൂര്‍ അധ്വാനത്തിന്, ഒരു മണിക്കൂര്‍ ഇടവേള എന്ന നിയമം നിലനില്‌ക്കെയാണ് ഇരിക്കാനും മൂത്രമൊഴിക്കാനുമുള്ള അവകാശത്തിനായി ഇവര്‍ക്ക് പൊരുതേണ്ടി വരുന്നത്. ഭക്ഷണത്തിനായി അര മണിക്കൂറും മൂത്രമൊഴിക്കാനായി 10 മിനിട്ടുമാണ് അനുവദിച്ചു കിട്ടുന്നത്. അഞ്ചും ആറും നിലകളുള്ള കെട്ടിടങ്ങളില്‍ ഒന്നാമത്തെ നിലയിലോ, വേറെ ഏതെങ്കിലും ഒരു നിലയിലോ മാത്രമേ ടോയ്ലറ്റ് സൌകര്യം ഉണ്ടാവുകയുള്ളൂ. ഈ സാഹചര്യത്തില്‍ മറ്റു നിലകളിലുള്ള സ്റ്റാഫുകള്‍ക്ക് കോണി ഇറങ്ങി (ഉപോഭോക്താവ് ഒഴിച്ച് മറ്റാരെങ്കിലും ലിഫ്റ്റ് ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കിയിരുക്കയാണ് ) താഴെ വരാനും മൂത്രമൊഴിക്കാനും 10 മിനിട്ട് തികയാതെ വരികയും അങ്ങനെ എടുക്കുന്ന ഓരോ അധിക നിമിഷങ്ങളുടെയും കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയും. ഈ അധിക നിമിഷങ്ങളുടെ കടം തൊഴിലാളി തന്നെ പണി എടുത്തു വീട്ടണം. ഓരോ ദിവസവും ഒരു തൊഴിലാളിയില്‍ നിന്നും ഒരു മിനിട്ട് എന്ന തോതില്‍ 300ഉം 400ഉം തൊഴിലാളികളുള്ള ഒരു സ്ഥാപനത്തിന് 150-200 മണിക്കൂര്‍ കൂലിയില്ലാ അധ്വാനം ലഭിക്കുന്നു. ഇത്തരം തൊഴിലിടങ്ങളില്‍ പുരുഷന്മാര്‍ക്ക് സൌകര്യപ്രദമായ ഏകീകൃത വസ്ത്രമുള്ളപ്പോള്‍ സ്ത്രീകള്‍ പാരമ്പര്യവും (?) കുടുംബ, സദാചാര മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന 'സാരി' തന്നെ ധരിക്കണം എന്നുള്ളത് ഏത് കോപ്പിലെ നിയമമാണ്? സാരിയുടെ കഷ്ടതകള്‍ അത് ഉടുക്കുന്നവര്‍ക്ക് അറിയാം. അപ്പോള്‍ 10 മിനിട്ട് മൂത്രമൊഴിക്കാന്‍ കിട്ടുന്നതിന്റെ ന്യായവും (?) അന്യായവും ഒരു പോലെ സ്പഷ്ടമാവും.


മിഠായി തെരുവിലെ പല കെട്ടിടങ്ങളിലും ടോയ്ലറ്റ് - ഡ്രൈനേജ് സൌകര്യങ്ങളില്ല. മുതലാളിമാരുടെ മുന്‍കൂട്ടിയുള്ള അനുവാദത്തിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ഹോട്ടലുകളില്‍ ചായ കുടിക്കാന്‍ എന്ന വ്യാജേനയോ പൊതു മൂത്രപ്പുരകളിലോ പോവേണ്ടി വരുന്നു. പ്രശസ്തമായ shawshank redemption എന്നാ സിനിമയില്‍ മോര്‍ഗന്‍ ഫ്രീമാന്‍ ജയില്‍ മോചിതനായി ഒരു ഷോപ്പില്‍ ജോലി ചെയ്യുമ്പോള്‍ ഭക്ഷണം കഴിക്കാനും ടോയ്ലറ്റില്‍ പോകാനും ഷോപ്പ് ഉടമയോട് അനുവാദം ചോദിക്കുകയും ഓരോവട്ടവും തന്നോട് അനുവാദം ചോദിക്കണ്ട എന്ന് ഷോപ്പ് ഉടമ പറയുന്നതും, കഴിഞ്ഞ നാല്പതു വര്‍ഷമായി ദിനവും താന്‍ മൂത്രം ഒഴിക്കാന്‍ പോകുന്നത് പോലും അനുവാദം ചോദിച്ചിട്ടാണ് എന്നുള്ള മോര്‍ഗന്റെ ആത്മഗതം ഇവിടെ നല്ലൊരു ഐറണിയാവുകയാണ്. തൊഴിലിടങ്ങളും തടവറകളും തമ്മില്‍ തമ്മില്‍ മാറി പോവുന്നു ഇവിടെ.

ഇത്തരം അവസരങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് മുതലാളിമാരുടെ അശ്ശീല ചുവയുള്ള കമന്റുകളും മറ്റും അഭിമുഖീകരിക്കേണ്ടി വരുന്നു. ബേബി നാപ്കിന്‍ പോലുള്ള വാക്കുകള്‍ ഇവരുടെ നാക്കുകളില്‍ കൊടുമ്പിരി കൊള്ളുന്നു. സ്ത്രീകള്‍ ട്യൂബിട്ടു സഞ്ചി ഫിറ്റ് ചെയേണ്ടതാണെന്നും, കുത്തി ഇരിക്കാനാണ് അവിടെ പോകുന്നതെന്നും ആക്ഷേപിക്കുന്നവരുമുണ്ട്. മൂത്രമൊഴിക്കുക എന്നതൊരു ജൈവികമായ ആവശ്യമാണ് എന്ന് പോലും അവര്‍ അംഗീകരിക്കുന്നില്ല. നിന്ന് നിന്ന്‍ കാല് കഴയ്ക്കുമ്പോള്‍ ഒരു നേരത്തെ ആശ്വാസത്തിനായി ടോയ്ലറ്റുകളിലെക്കും മറ്റും ഓടുന്ന അവര്‍ മനുഷ്യരാണെന്ന വസ്തുത മുതലാളിമാരുടെ അബോധത്തില്‍ പോലും നിലനില്‍ക്കുന്നില്ലന്നു തോന്നും. പല സ്ത്രീ തൊഴിലാളികളും ഇതെല്ലാം ഭയന്ന് വീട്ടില്‍ എത്തുന്നത് വരെ മൂത്രമൊഴിക്കാറില്ല. ഒട്ടനേകം രോഗങ്ങളാണ് ഇവരെ കാത്തിരിക്കുന്നത് എന്ന് നിസ്സംശയം പറയാം. മിഠായി തെരുവിലെ നിലവിലുള്ള കമ്പോളവില അനുസരിച്ച് ഒരു സ്ക്വയര്‍ ഫീറ്റിന് 100 രൂപയാണ് വാടക. ലാഭക്കൊതി മൂലം ടോയ്ലറ്റ് സൌകര്യങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന ഇടംപോലും കടകളായി മാറ്റുന്നു. മിഠായി തെരുവിലെ യുണിറ്റി ടവര്‍, കോയെങ്കോ ബസാറുള്‍പ്പെടയുള്ള സ്ഥാപങ്ങളില്‍ കക്കൂസുകള്‍ പൊളിച്ചു കടകളാക്കി മാറ്റിയിരിക്കുകയാണ്. ഇതില്‍ നിന്നും കിട്ടുന്ന ലാഭത്തിന്റെ നേരിയ വിഹിതം മതി കൈക്കൂലി നല്കാന്‍.

അവര്‍ ഒന്നിരുന്നോട്ടെ


ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ടിലെ അവധികളെ കുറിച്ച് പ്രതിപാദിപ്പിക്കുന്ന പ്രകാരം ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും തൊഴിലാളിക്ക് അവധി കൊടുക്കണം. കൂടാതെ 12 മാസം പൂര്‍ത്തിയാക്കിയ ഒരു തൊഴിലാളി 12 ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിക്ക് അര്‍ഹരാണ്. സിക്ക് ലീവും സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യങ്ങളും വേറെ. എന്നാല്‍ നഗരത്തിലെ മിക്ക കടകളിലും മാസം കേവലം രണ്ട് അവധി മാത്രമാണ് നല്ക്കുന്നത്. ഇത്തരം ആനുകൂല്യങ്ങള്‍ക്ക് പുറമേ ഇ.എസ്.എ സൌകര്യം, ബോണസ്, അഡ്വാന്‍സ്, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, പ്രോവിഡന്‍റ് ഫണ്ട് എന്നീ ആനുകൂല്യങ്ങള്‍ക്കും നിയമപരമായി ഇവര്‍ അര്‍ഹരാണെങ്കിലും ഇതൊന്നും തന്നെ ഇവര്‍ക്ക് ലഭ്യമാക്കുന്നില്ല. നിയമപരമായി തൊഴിലാളികളുടെ വിവരങ്ങള്‍ യഥാതഥമായി രേഖപെടുത്തേണ്ടതാണെങ്കിലും ദീര്‍ഘകാലമായി പണി എടുക്കുന്നവര്‍ ആണെങ്കിലും ഓരോ ആറ് മാസം തികയുമ്പോഴും ഇവരെ പിരിച്ചു വിടുകയും പുതിയതായി നിയമിക്കുകയും ചെയ്തു കൊണ്ടുള്ള രേഖകള്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നു. സ്വാഭാവികമായി ഇവര്‍ താത്കാലിക ജീവനക്കാരായി തുടരുകയും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയുന്നു. പല തൊഴിലാളികള്‍ക്കും ഇത്തരത്തിലുള്ള നിയമങ്ങള്‍ ഉള്ളതായി പോലും അറിവില്ല. ഈ അജ്ഞതയുടെ ഉത്തരവാദിത്തവും സ്ഥാപന ഉടമകള്‍ക്ക് തന്നെയാണ്, കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്റ്റിന്റെ പ്രസക്ത ഭാഗങ്ങളുടെ മലയാള പരിഭാഷ ഓരോ കടയിലും പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ മിഠായി തെരുവിലെ കടകളില്‍ ഇങ്ങനെയുള്ള വ്യവസ്ഥകളും നീതിന്യായ സംവിധാനങ്ങളും ഒരു തീണ്ടാപ്പാട് അകലെ മാറി നില്‍ക്കുന്നു.

(തുടരും)


Next Story

Related Stories