TopTop

'സജീഷേട്ടാ ആം ഓള്‍മോസ്റ്റ് ഓണ്‍ ദ വേ... പാവം കുഞ്ഞു, അവനെ ഒന്ന് ഗള്‍ഫില്‍ കൊണ്ട് പോവണം'; ലിനിയുടെ ആഗ്രഹം പോലെ കുഞ്ഞു ഒടുവില്‍ ഗള്‍ഫിലെത്തി

"സജീഷേട്ടാ ആം ഓള്‍മോസ്റ്റ് ഓണ്‍ ദ വേ. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സോറി. നമ്മുടെ മക്കളെ നന്നായി നോക്കണം. പാവം കുഞ്ഞു, അവനെ ഒന്ന് ഗള്‍ഫില്‍ കൊണ്ട് പോവണം...", നിപ നല്‍കിയ വേദനകളില്‍ ഒന്നായിരുന്നു ഈ വരികള്‍. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ആയിരുന്ന ലിനി അവസാനമായി ഒരു തുണ്ട് കടലാസില്‍ എഴുതി വിദേശത്തായിരുന്ന ഭര്‍ത്താവ് സജീഷിന് നല്‍കാന്‍ ഏല്‍പ്പിച്ചത്. എഴുത്തില്‍ പറഞ്ഞത് പോലെ ലിനിക്ക് ഭര്‍ത്താവിനെ കാണാന്‍ കഴിഞ്ഞില്ല. സജീഷ് ബഹ്‌റനില്‍ നിന്നെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ലിനി മരണത്തിന് കീഴടങ്ങി. ലിനിയുടേയും സജീഷിന്റേയും മൂത്തമകന്‍ കുഞ്ഞുവിന്റെ ആഗ്രഹമായിരുന്നു അച്ഛനും അമ്മയ്ക്കുമൊപ്പം ഗള്‍ഫില്‍ പോവണമെന്ന്. എന്നാല്‍ മരിക്കും മുമ്പ് അത് സാധിക്കാന്‍ ലിനിക്കായില്ല. നിപ വൈറസ് ബാധിച്ച് മരണത്തിലേക്ക് നടന്നടുക്കുമ്പോള്‍ ലിനി സജീഷിനോട് ആവശ്യപ്പെട്ടതും ഇക്കാര്യമാണ്. ഒടുവില്‍ സജീഷ് കുഞ്ഞുവുമായി പോയി, അവനാഗ്രഹിച്ച ഗള്‍ഫിലേക്ക്.

ഖത്തറില്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഒരുക്കിയ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സജീഷിനെ ഭാരവാഹികള്‍ പ്രത്യേകം ക്ഷണിച്ചിരുന്നു. കുഞ്ഞുവിനൊപ്പമാണ് സജീഷ് ഖത്തറിലേക്ക് പുറപ്പെട്ടത്. നിപ വൈറസ് ബാധിച്ചുള്ള മരണം നടന്നിട്ട് ഒരു വര്‍ഷമാവുമ്പോള്‍ ലിനിയുടെ ആഗ്രഹം സാധിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സജീഷ്. "ലിനിയുടെ ആഗ്രഹം സാധിച്ചു. അസോസിയേഷന്റെ പരിപാടിക്ക് പുറമെ നിപ വൈറസിനെ ആസ്പദമാക്കി ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചുമുണ്ടായിരുന്നു. അങ്ങനെ കുഞ്ഞുവിനേയും കൊണ്ട് പോയി. ഇളയകുട്ടിയെ കൊണ്ടുപോവാന്‍ കഴിഞ്ഞില്ല. പക്ഷെ അവനേയും കൊണ്ടുപോവും. അടുത്ത് തന്നെ ഞങ്ങള്‍ മൂന്ന് പേരും കൂടി ബഹ്‌റനിലേക്ക് പോവും. ഞാന്‍ ജോലി ചെയ്തിരുന്നിടത്ത് കൂടെയുണ്ടായിരുന്നവരും സുഹൃത്തുക്കളും ചേര്‍ന്ന് ഞങ്ങളെ മൂന്ന് പേരേയും ക്ഷണിച്ചിട്ടുണ്ട്. വിസിറ്റിങ് വിസയില്‍ മക്കളെ അവിടെ കൊണ്ട് ചെന്ന് എല്ലായിടവും കാണിക്കാനാണ് അവര്‍ പ്ലാന്‍ ചെയ്യുന്നത്."


പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു ലിനി. നിപ വൈറസ് ബാധിതര്‍ ആദ്യം ചികിത്സ തേടിയത് താലൂക്ക് ആശുപത്രിയിലാണ്. ഇവരെ ശുശ്രൂഷിച്ച ലിനിക്കും നിപ ബാധിച്ചു. വീട്ടില്‍ നിന്ന് മക്കളോട് യാത്ര പറഞ്ഞിറങ്ങിയ ലിനിക്ക് ആശുപത്രിയില്‍ വച്ചാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. പിന്നീട് മക്കള്‍ അമ്മയെ കണ്ടിട്ടില്ല. പനി തളര്‍ത്തിയിട്ടും ആശുപത്രിയിലെത്തി ജോലി തുടര്‍ന്ന ലിനിയെ സജീഷ് ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്: "
മെഡിക്കല്‍ കോളേജില്‍ പോവുന്നതിന് രണ്ട് ദിവസം മുന്നെ ഞാന്‍ വിളിച്ചിരുന്നു. അപ്പോള്‍ പനിയാണ്, തീരെ വയ്യ എന്ന് പറഞ്ഞിരുന്നു. പനിയായതുകൊണ്ട് ഡ്യൂട്ടിക്ക് പോവണ്ട എന്ന് ഞാന്‍ പറഞ്ഞതാണ്. പക്ഷെ ഇന്ന് അവിടെ ആളില്ല, അതുകൊണ്ട് ഡ്യൂട്ടിക്ക് കയറണം എന്ന് പറഞ്ഞ് പോയി. അന്ന് വൈകിട്ട് ഡോക്ടര്‍ തന്നെയാണ് ഇവിടെ വീട്ടില്‍ കൊണ്ടുവിട്ടത്. മെഡിക്കല്‍ കോളേജിലേക്ക് പോവുന്ന വഴിക്ക് എന്നെ വീഡിയോ കോള്‍ ചെയ്തിരുന്നു. പനി മാറുന്നില്ല, ആശുപത്രിയിലേക്ക് പോവുകയാണ്, പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞു. പിന്നീട് ഏട്ടന്‍ വിളിച്ച് എന്തായാലും വന്നോളൂ എന്ന് പറഞ്ഞു. ഇവിടെയെത്തിയപ്പോഴാണ് ക്രിട്ടിക്കല്‍ ആണെന്ന് അറിയുന്നത്. ഒരു തവണ ഐസിയുവില്‍ കയറി ഞാന്‍ കണ്ടു. ഓക്സിജന്റെ അളവ് കുറവായതിനാല്‍ ഓക്സിജന്‍ നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. മാസ്‌ക് വച്ചിരുന്നതിനാല്‍ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. അതായിരുന്നു അവസാന കാഴ്ച. മരിച്ചതിന് ശേഷം ഐസിയുവിലുള്ള സിസ്റ്ററാണ് അവള്‍ ബോധമുള്ള സമയത്ത് എഴുതിയാണെന്ന് പറഞ്ഞ് എനിക്കെഴുതിയ കത്ത് തരുന്നത്. അവള്‍ക്ക് ചിലപ്പോള്‍ നേരത്തെ എല്ലാം അറിയാവുന്നതുകൊണ്ടായിരിക്കാം."


Also Read: ‘സജീഷേട്ടാ ഐ ആം ഓള്‍മോസ്റ്റ് ഓണ്‍ ദി വേ, നമ്മുടെ കുഞ്ഞുങ്ങളെ നോക്കിക്കോണേ’; നൊമ്പരമായി നഴ്സ് ലിനിയുടെ അവസാന വാക്കുകള്‍

അഞ്ച് വയസ്സുള്ള റിഥുലിനെയും രണ്ട് വയസ്സുകാരന്‍ സിദ്ധാര്‍ഥിനേയും അമ്മയില്ലാത്ത വീട്ടില്‍ വിട്ട് പോവാന്‍ സജീഷിന് കഴിയുമായിരുന്നില്ല. കുട്ടികളെ നോക്കി നാട്ടില്‍ എന്തെങ്കിലുമൊരു ജോലി എന്ന് കരുതിയിരുന്ന സജീഷിന് സര്‍ക്കാര്‍ കൈത്താങ്ങായി. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സര്‍ക്കാര്‍ ജോലി നല്‍കി.
"ഇപ്പോള്‍ ജോലിയും അതുകഴിഞ്ഞ് വീട്ടില്‍ മക്കളുടെ കാര്യങ്ങളും നോക്കി ഇങ്ങനെ പോവുന്നു. എല്ലാം പതിയെ ശരിയായി വരുന്നു. ഞാനും മക്കളും ലിനിയുടെ വീട്ടിലാണ്. ഇവിടെ അമ്മ മാത്രമേയുള്ളൂ. അമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. കുഞ്ഞുവിന് എല്ലാം അറിയാം. അമ്മയ്‌ക്കെന്താണ് പറ്റിയതെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവന്‍ പറയും. പക്ഷെ ചെറുതിനാണ് ഇപ്പഴും പ്രശ്‌നം. അവനിപ്പോഴും ചോദിക്കും. പക്ഷെ പറയുമ്പോള്‍ മനസ്സിലാക്കുന്നുണ്ട്."


സ്വന്തം കര്‍ത്തവ്യം ആത്മാര്‍ഥതയോടെ ചെയ്ത് മരണത്തിന് കീഴടങ്ങിയ ലിനിയുടെ മുഖമാണ് നിപ വൈറസിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരിക. മരണത്തിന്റെ ദു:ഖം ഒഴിയുന്നില്ലെങ്കിലും ലിനിയുടെ കുടുംബം എന്ന അഭിമാനത്തിലാണ് തങ്ങളുടെ ജീവിതം എന്നും സജീഷ് പറയുന്നു

Next Story

Related Stories