TopTop
Begin typing your search above and press return to search.

ഒന്നിച്ചിരിക്കുന്ന രണ്ടു പേർക്കിടയിൽ നിങ്ങൾ നിശ്ചയിച്ചിരിക്കുന്ന അകലമെത്രയാണ്?

ഒന്നിച്ചിരിക്കുന്ന രണ്ടു പേർക്കിടയിൽ നിങ്ങൾ നിശ്ചയിച്ചിരിക്കുന്ന അകലമെത്രയാണ്?

ഈ അടുത്ത കാലത്ത് ഒരു പരസ്യം കണ്ടു. ഒരു കുടുംബം മൊത്തം ടിവിയിൽ പ്രോഗ്രാം കാണുന്നു. പെട്ടെന്ന് ഒരു കിസ്സ്‌ സീൻ വന്നു. എല്ലാവർക്കും ഒരു പിരിമുറക്കം, ഒരാൾക്കൊഴിച്ച്... കൂട്ടത്തിൽ ഒരു "യോ..യോ.." അമ്മൂമ്മ ഉണ്ടായിരുന്നു. ഒന്നും കേൾക്കാൻ വയ്യ എന്ന് പറഞ്ഞു ടിവിയുടെ വോളിയം കൂട്ടുന്നു. (ഫ്രഞ്ച് കിസ്സിൽ സൌണ്ട് കുറവാണെന്ന് പാവം അറിഞ്ഞില്ല). "എനിക്ക് ചപ്പാത്തിക്ക് കുഴക്കണം, എനിക്ക് ഉള്ളിയരിയണം" എന്നൊക്കെ പറഞ്ഞു മരുമക്കൾ സ്കൂട്ടാവാൻ നേരത്താണ് ആ യോ... യോ.... പഞ്ച് ഡയലോഗ്: "ഇത് മെയിൻ സീൻ ആണ്. ഇത് കണ്ടിട്ട് പോയാ മതി..." ഫുട്ബോൾ കളിക്കിടയിൽ കറണ്ട് കളയുന്ന കെഎസ്ഇബിക്കാരന്റെ പ്രേതം കൂടിയ പോലെ ചാനലുകാർ കൃത്യ സമയത്ത് പരസ്യം ഇട്ടു അമ്മൂമ്മയെ വെറുപ്പിച്ചു.

ഈ ഒരു പരസ്യം കണ്ടു കുറെ ചിരിച്ചുപോയി. പണ്ട് കുട്ടിക്കാലത്ത് സിനിമ കാണാൻ തെക്കേലെ മാമന്റെ വീട്ടില് പോകുമായിരുന്നു. അവിടെ മാമന്റെ മക്കളുടെ കൂട്ടുകാരും, അയലത്തെ ചേച്ചിമാരും ഒക്കെയായി ഒരു പട തന്നെ ഉണ്ടാകും. ഏറ്റവും പിറകിലായി വാതിലിൻ പടിയിലാകും മാമൻ ഇരിക്കുന്നത്. മാമൻ അത്ര യോ..യോ... അല്ലാത്തോണ്ട് ഇത്തിരി കടുകട്ടി സീൻ ഒക്കെ വന്നാൽ ആകെപ്പാടെ ഒരു വെപ്രാളമാ. ആയിടക്കാണ്‌ ഇടിവെട്ടുപോലെ ഒരു പരസ്യം വന്നത്. വേറൊന്നുമല്ല, "ലിറിൽ". ഇത്തിരി പോന്ന തുണിയും ചുറ്റി നമ്മുടെ പ്രീതി സിൻറ്റ ചേച്ചി ഒരു വള്ളിയിൽ പിടിച്ചു താഴേക്ക്‌ ചാടുന്നു. കൂടെ കാമറയും. അന്തരീഷത്തിൽ നിന്നും ഒരു പച്ച ലിറിൽ സോപ്പ് പറന്നു വരുന്നു. അതെടുത്ത് സുമോ ഗുസ്തിക്കാരെ പോലെ അലറി വിളിച്ചു ദേഹം മൊത്തം ആച്ചരം പൂച്ചരം തേക്കുന്നു. കൂടെ വള്ളിയിൽ തൂങ്ങി തവള ചാട്ടവും. ഒരു വള്ളിയിൽ നിന്ന് ചേച്ചി അടുത്ത വള്ളിയിലേക്ക്. അപ്പോൾ ക്യാമറാമാൻ ആദ്യ വള്ളിയിലേക്കു ചാടും. ചേച്ചി പിടിവിട്ടു വെള്ളത്തിൽ ചാടുമ്പോൾ ക്യാമറാമാൻ രണ്ടാമത്തെ വള്ളിയിൽ തൂങ്ങി നിൽക്കും. ചേച്ചി വീണ്ടും അടുത്ത വള്ളിയിൽ ഊഞ്ഞാലാടുമ്പോൾ ക്യാമറാമാൻ വെള്ളക്കുഴിയിലേക്ക് ചാടും. എന്നുവേണ്ട 3 സെക്കന്റ്‌ അകെ പരാക്രമണം. ഉയ്യോ.... ആദ്യത്തെ പ്രാവശ്യമേ ആ പരസ്യം മൊത്തമായി അങ്ങ് കാണാൻ പറ്റിയുള്ളൂ. എല്ലാരും അസ്ത്രപ്രജ്ഞരായി ഇരുന്നങ്ങു കണ്ടു.

അടുത്ത ഞായറാഴ്ച മുതൽ നെഞ്ചിലൊരു തീയുമായി ഇരുന്നാണ് ഞങ്ങൾ ഫിലിംസ് കാണുന്നത്. രണ്ടാമത്തെ പ്രാവശ്യം ലിറിൽ വന്നപ്പോൾ കൂടെ മാമന്റെ ശബ്ദവും വന്നു, "എന്ത് കൂത്ത് കാണാനാ ഇരിക്കുന്നെ ...@##$#$%%^^.... ആദ്യം പറഞ്ഞത് ഞങ്ങൾക്കും, രണ്ടാമത്തെ ചില്ലക്ഷരങ്ങൾ മൊത്തം പ്രീതിക്കും മാമൻ വീതിച്ചു കൊടുത്തു. "ഞങ്ങൾ പറഞ്ഞിട്ടാണോ മാമാ ഈ പെണ്ണ് തുണിയഴിച്ച് തുള്ളുന്നെ" എന്ന് മൌനമായി ചോദിക്കുന്നതായിരുന്നു ഓരോരുത്തരുടെയും മുഖങ്ങൾ. പിന്നെത്തൊട്ട് പ്രീതി സിന്റ വള്ളിയിൽ തൂങ്ങി ചാടാൻ തുടങ്ങുന്നതിനു മുൻപേ ഞങ്ങളെല്ലാവരും പെരുവിരലിൽ കുത്തി പുറത്തേക്കു ചാടും. കുറച്ചു പേര് അടുക്കളയിലേക്കു ഓടും, എന്നിട്ട് ചുമ്മാതെ കലത്തേലും ചട്ടിയേലും തട്ടിയും മുട്ടിയും ഉരുമിയും നില്ക്കും, ചിലർ ആകെയുള്ള ഒരു ടോയ്ലെറ്റ് ലക്ഷ്യമായി പോകും, എന്നിട്ട് ക്യൂ പാലിച്ചു ചുമ്മാ തറയിലേക്കു നോക്കി നിൽക്കും. ചിലർ കപ്പയുടെ തണ്ടിൽ നിന്നും വെറുതെ ഇലകൾ പറിച്ചു കളയുന്നുണ്ടാകും, പേരയും, ചേനയും, കാ‍ന്താരി മുളകിനെയും നിർന്നിമേഷരായി നോക്കുന്നവരും ഉണ്ടാകും. മാമൻ മാത്രം അപ്പോഴും അനക്കമൊന്നുമില്ലതെ വായില്ലാ കുന്നിലപ്പൂപ്പന്റെ പ്രതിമ കണക്കെ ടിവിയിൽ നോക്കിയിരിപ്പുണ്ടാകും. ഫിലിം തുടങ്ങുമ്പോൾ എല്ലാവരും ദീപാരാധനയ്ക്കു അമ്പല നടയിൽ ആളുകൾ കൂടുന്നപോലെ ടിവിക്ക് മുന്നില് നിരക്കും. അങ്ങനെ ലിറിൽ പരസ്യം മാമൻ ഒഴികെ ബാക്കി എല്ലാവർക്കും ഒരു കിട്ടാക്കനിയായി. മാമൻ മരിച്ചു കിടന്നപ്പോൾ പോലും മാമനു ചുറ്റും പ്രീതി സിന്റ വള്ളിയിൽ തൂങ്ങിയാടുന്നുണ്ടായിരുന്നു എന്ന് ചില അസൂയക്കാര് പറയുന്നുണ്ടായിരുന്നു.

അതേ പോലെ വെള്ളിടി വെട്ടിക്കൊണ്ട് കണ്ട മറ്റൊരു ഐറ്റം ആയിരുന്നു സ്ഫടികത്തിലെ ഏഴില പൂഞ്ചോല എന്ന ഗാനരംഗം. ആ സിനിമ കണ്ട്, ആ ഒറ്റ പാട്ട് സീനിന്റെ പേരില്‍ രണ്ട് ആഴ്ച സിനിമ കാണാന്‍ പോയതേയില്ല.

അന്നൊക്കെ യാഥാസ്ഥിതികതയുടെ ചരടിൽ കെട്ടിയിടപ്പെട്ടവളായിരുന്നു ഞാന്‍. ഉറക്കെ മിണ്ടാന്‍, ഉറക്കെ ചിരിക്കാന്‍, നിഷേധിക്കാന്‍, തര്‍ക്കിക്കാന്‍ ഒന്നും കെല്‍പ്പും അനുവാദവും കിട്ടിയിരുന്നില്ല. കൂടെ പഠിക്കുന്ന ആണ്‍കുട്ടികളുമായി റോഡില്‍ വച്ച് കണ്ടാല്‍ ഒരി ചിരി കൈമാറണമെങ്കില്‍ ചുറ്റും നോക്കിയിരുന്നു. അന്ന് ഞാന്‍ മാത്രമല്ല ആ കാലയളവിലെ നാടന്‍ പെണ്‍കുട്ടികള്‍ക്കെല്ലാം അതായിരുന്നു അവസ്ഥ. എണ്ണം പറഞ്ഞ് വരുകില്‍ പെണ്ണുടലുകളാണ് ഏറെയെങ്കിലും അമ്മ വീട്ടില്‍ നിന്ന് ആദ്യമായി ജോലിക്കായി പുറത്തേക്കിറങ്ങിയ പെണ്‍കുട്ടി ഞാനായിരുന്നു. കൗമാരത്തിന്റെ എല്ലാ പിടച്ചിലുകളും ഉള്ളിലൊതുക്കി കൊച്ചിയെന്ന വലിയ നഗരത്തിലേക്ക് ഒരു ദിവസം പറിച്ച് നടേണ്ടി വന്നപ്പോള്‍ എന്റെ മാനസികാവസ്ഥ അതിഭീകരമായിരുന്നു. അമ്പലവും ദീപാരാധനയും സ്‌കൂളുും നടവഴികളും വായനശാലയും വീടും തൊടിയും മാത്രമായിരുന്നു അന്ന് വരെ എന്റെ ലോകം. എത്തിപ്പെട്ട തിരക്കുള്ളൊരു ലോകം എന്നില്‍ നിന്ന് കട്ടെടുത്തത് അത് വരെ മുടങ്ങാതെ ചൊല്ലിക്കൊണ്ടിരുന്ന സന്ധ്യാനാമവും, വിളക്കുകൊളുത്തലും, കയ്യാല ഓരത്ത് അയല്‍പക്കത്തെ ചേച്ചിമാരുമായുള്ള കുഞ്ഞ് വര്‍ത്തമാനങ്ങളും, മുടങ്ങാതെ വായിച്ചിരുന്ന മനോരമ ആഴ്ചപ്പതിപ്പും, തണുത്ത കാറ്റും, നിശബ്ദതയില്‍ നക്ഷത്രങ്ങളെ പെറ്റിടുന്ന ആകാശവും, നിലാവുകൊണ്ട് പൂക്കുന്ന തട്ടുമുല്ലകളും, കാവും ഒക്കെയായിരുന്നുവെങ്കില്‍ തിരികെ തന്നത് അതിനേക്കാള്‍ വിലപിടിപ്പുള്ളതായിരുന്നു.

ഒപ്പം പഠിച്ചിരുന്ന ആണ്‍കുട്ടികളുടെ കൂടെ, അടുത്ത് പോലും ഇരിക്കാത്ത എനിക്ക് സഹപ്രവര്‍ത്തകരായി കിട്ടിയതിലേറെയും ആണ്‍കുട്ടികളായിരുന്നു. പതിഞ്ഞ ശബ്ദത്തില്‍ മാത്രം സംസാരിച്ച് ഏറ്റവും പിന്നിലായി നിന്ന എന്നെ ഉറക്കെ സംസാരിക്കാന്‍ അവര്‍ പഠിപ്പിച്ചു. അടുത്തൊരാണ്‍കുട്ടി വന്നിരുന്നാല്‍ അരകിലോമീറ്റര്‍ അകലം പാലിച്ചിടത്ത് അടുത്തടുത്ത കസേരകളിലിരുന്ന് ജോലി ചെയ്തു. തിരക്കുള്ള ദിവസങ്ങളില്‍ വൈകിയിറങ്ങുമ്പോള്‍ ഹോസ്റ്റലിന് അടുത്തുവരെ രാത്രി അവര്‍ കൂട്ടുവന്നു. അന്നും ഹോസ്റ്റല്‍ ഗേറ്റ് വരെ അവരെ കൊണ്ടുവരാന്‍ ഭയമായിരുന്നു. കാരണം ഇനി അതിന്റെ പേരിലൊരു കഥ ഹോസ്റ്റലില്‍ കൂടാന്‍ അത് ധാരാളമായിരുന്നു.

പിന്നീടെപ്പോഴോ കൈവിരല്‍ തുമ്പിലെ അക്ഷരങ്ങളെ തിരിച്ചറിഞ്ഞു. ആദ്യമൊക്കെ പുഴയും മഞ്ഞും വെയിലും പ്രണയവും ഒക്കെയായ പതിവ് ചേരുവയായിരുന്നുവെങ്കില്‍ ഒരിക്കല്‍ ഇനിയവ എഴുതില്ല എന്നുതന്നെയുറച്ചു. ഞാനെന്ന പെണ്ണിനെ എഴുതി തുടങ്ങിയപ്പോള്‍ അത് വരെ സോഫ്റ്റ് എഴുത്തുകാരിയായ ഞാന്‍ പൊടുന്നനെ ധിക്കാരിയായി. എനിക്ക് എന്നെക്കുറിച്ച് എഴുതാന്‍ സ്വാതന്ത്ര്യമില്ലാത്ത വണ്ണം സദാചാര സമൂഹം ഉണര്‍ന്നു. അവരുടെ 'അരുതുകള്‍' എന്റെ 'അരുതായ്മകള്‍' ആയത് പൊറുക്കാനാവാത്ത തെറ്റായി മാറി. പണ്ടത്തെ നാണംകുണുങ്ങി പെണ്ണില്‍ നിന്നും മറ്റൊന്നിലേക്കും ഉടച്ചുമാറ്റി വാര്‍ക്കാന്‍ തയ്യാറാവാത്ത വീട്ടുകാര്‍ക്കിടയിലും 'ഇവളെന്താ ഇങ്ങനെ' എന്ന സജീവചര്‍ച്ചകള്‍ വന്നു. അനന്തരം അവരത് ഉരുട്ടി അമ്മയുടെ മനസ്സിലേയ്ക്ക് ഭാരമാക്കി വച്ചുകൊടുത്തു. മണ്‍മറഞ്ഞ് പോയ മാമന്റെ പുനര്‍സൃഷ്ടികളെ ഈ അടുത്ത ദിവസങ്ങളില്‍ കണ്ടുകൊണ്ടിരിക്കുകയാണ്.

ലോകം വീണ്ടും പഴയ പോലെ ചുരുക്കി വയ്ക്കാന്‍ ആലോചിച്ചിരുന്ന സമയത്താണ് 'സദാചാര പോലീസ്' സംഭവങ്ങള്‍ തുടര്‍ച്ചയായി വായിക്കേണ്ടി വന്നത്. ഒന്നിച്ച് യാത്ര ചെയ്താല്‍, ഒരുമിച്ചിരുന്നാല്‍, ശരീരമൊന്നു ഉരസിയാല്‍ അവിടെ പറന്നെത്തുന്ന സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാര്‍. അടുത്തിരിക്കുന്ന ഉടലുകളില്‍ അശ്ലീലം മാത്രം തപ്പിയെടുക്കുന്നവര്‍. എനിക്ക് മനസ്സിലാവുന്നില്ല, ആണും പെണ്ണും അടുത്തിരുന്നാല്‍ അതിനിടയില്‍ കാമം മാത്രം വായിച്ചെടുക്കുന്നത്. അവര്‍ കാമുകരാവാം, അതല്ലെങ്കില്‍ സുഹൃത്തുക്കളാവാം. അല്ലെങ്കില്‍ ഒന്നിച്ച് പഠിച്ച് പിന്നീട് കണ്ടെത്തിയ സഹപ്രവര്‍ത്തരാവാം. അതുമല്ലെങ്കില്‍ ചിന്തകളില്‍ ഒരേ വേവ്‌ലെങ്ത് ഉള്ളവരാകാം. അല്‍പ്പസമയം അവരുടേതായ ലോകത്ത് ഇരിക്കുമ്പോള്‍, അത് മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് ഒന്നും ഏശാതിരിക്കുമ്പോള്‍ ചിലര്‍ക്ക് മാത്രം എന്താണ് ഇത്ര പ്രശ്‌നം? ഒന്നിച്ചിരിക്കുന്ന ആണിനും പെണ്ണിനും വേണ്ട നിങ്ങളുടെ ശരീരഭാഷ എന്താണ്? ഇവര്‍ക്കിടയില്‍ ഉണ്ടാകാവുന്ന അകലം എത്ര ഇഞ്ചായിട്ടാണ് നിങ്ങള്‍ അളന്ന് വച്ചിരിക്കുന്നത്? പൊതുസ്ഥലത്ത് അടുത്തിരുന്നാല്‍ എന്ത് അശ്ലീലമാണ് നിങ്ങള്‍ക്ക് തോന്നുന്നത്? താലിയും നെറുകയില്‍ സിന്ദൂരവും ഉണ്ടെങ്കിലേ അടുത്തിരിക്കാന്‍ അനുവാദമുള്ളു എന്നു വാശിപിടിക്കുന്നതെന്തിനാണ്?

'എന്റെ മകള്‍ ഡിവോഴ്‌സ് ആയി നിന്നാലും വേണ്ടില്ല. അയലത്തുകാരന്റെ മകന്‍ എന്താണ് കല്യാണം കഴിക്കാത്തതെന്ന്' മതില്‍പ്പൊക്കം തലയുയര്‍ത്തി ഒളിഞ്ഞുനോക്കുന്നവന്റെ മാനസിക വിഭ്രാന്തി തന്നെയാണിത്. ഈ സദാചാരക്കാര്‍ക്കും ഒപ്പമുള്ളത് മകന്‍, മകള്‍, ഭര്‍ത്താവ്, ഭാര്യ, സഹോദരന്‍, സഹോദരി കൂട്ടുകാരന്‍, കൂട്ടുകാരി എന്നൊക്കെ തൊട്ട് സാക്ഷ്യം പറയേണ്ടി വരുന്നത് ഗതികേട് തന്നെയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രീതിസിന്റയെ കണ്ട മാമന്റെ അതേ മാനസികാവസ്ഥ തന്നെ ഇന്നത്തെ സമൂഹത്തിനും.

കാലം എത്ര മുന്നോട്ട് ഓടിയാലും സമൂഹത്തിന്റെ ഇത്തരം സദാചാര ചിന്താഗതി ഒരു മാറ്റവുമില്ലാതെ അങ്ങനെ നില്‍ക്കും. എത്ര വിദ്യാഭ്യാസം നേടിയാലും കൈയ്യിലുള്ള ഭൂതക്കണ്ണാടി അവര്‍ ഉപേക്ഷിക്കില്ല. അതിശക്തമായ ചോദ്യം ചെയ്യലുകളും ചെറുത്തുനില്‍പ്പും ഉണ്ടാകാത്തിടത്തോളം കാലം വേരോടെ അവരീ സമൂഹത്തില്‍ പടരും.

ചങ്ങലയ്ക്കിടാത്തടത്തോളം കാലം ഈ ഭ്രാന്ത് തുടരും. ഒന്ന് തൊട്ടാൽ വീഴാവുന്ന ഉറപ്പേ ഈ മിന്നാരങ്ങള്‍ക്ക് ഉള്ളൂവെങ്കില്‍ അതിശക്തമായ തൊടലിലൂടെ നമുക്കത് കഴിയട്ടേയെന്ന് ആശിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories