ട്രെന്‍ഡിങ്ങ്

സരിതയുടെ ലൈംഗികാരോപണങ്ങള്‍ മായ്ച് കളയുമ്പോള്‍ സോളാറിന് സംഭവിക്കുന്നത്

Print Friendly, PDF & Email

പരിഗണനാ വിഷയവുമായി ബന്ധമില്ലാതിരുന്നത് എന്ന് സരിതയുടെ കത്തിനെക്കുറിച്ച് കോടതി ആവര്‍ത്തിച്ച് പറയുമ്പോഴും സരിത ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ലാതാവുന്നില്ല.

A A A

Print Friendly, PDF & Email

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഒരു ഉത്തരവ് വന്നത് ഇന്നലെയാണ്. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് സരിത എസ് നായരുടെ കത്ത് ഒഴിവാക്കണമെന്ന് ഹൈക്കോടതി വിധിച്ചു. കത്ത് ഒഴിവാക്കുന്നതിനൊപ്പം കത്തുമായി ബന്ധപ്പെട്ട് കമ്മീഷന്‍ നടത്തിയ പരാമര്‍ശങ്ങളും അഭിപ്രായങ്ങളും ശുപാര്‍ശകളുമെല്ലാം നീക്കം ചെയ്തുതുകൊണ്ട് മാത്രമേ സര്‍ക്കാര്‍ കേസ് പരിഗണിക്കാവൂ എന്നാണ് ഹൈക്കോടതി വിധി. 1073 പേജുകളുള്ള ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രസ്ഥാനത്തുണ്ടായിരുന്ന സരിത നായരുടെ കത്ത് നീക്കം ചെയ്യുന്നതോടെ അത് സര്‍ക്കാരിനേറ്റ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

ഒക്ടോബര്‍ 19ന് വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി അവതരിപ്പിച്ചത്. സരിതാനായരുടെ ഉടമസ്ഥതയിലുള്ള സോളാര്‍ കമ്പനിയും ഭരണാധികാരികളും ചേര്‍ന്ന് നടത്തിയ തട്ടിപ്പിനേക്കാള്‍ അന്ന് ചര്‍ച്ച ചെയ്യപ്പെട്ടത് സരിതാനായര്‍ എഴുതിയ കത്തും അതുമായി ബന്ധപ്പെട്ട കമ്മീഷന്‍ പരാമര്‍ശങ്ങളുമാണ്. ഒരു തട്ടിപ്പ് കേസിനേക്കാള്‍ സരിത നായര്‍ എന്ന സ്ത്രീയിലേക്കും അവരുടെ ശരീരവും ശാരീരിക ബന്ധങ്ങളുമെന്ന കേന്ദ്രത്തില്‍ ഈന്നിക്കൊണ്ടാണ് തട്ടിപ്പ് കേസ് പുറത്തുവന്ന നാള്‍ മുതല്‍ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സോളാര്‍ തട്ടിപ്പ് കേസിനെ കൈകാര്യം ചെയ്തുവന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ചതോടെ അത് മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസ് ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള വിരുന്നായി മാറി. സരിത നായരുമായി ശാരീരിക ബന്ധം പുലര്‍ത്തുകയും, അവരെ ലൈഗികാതിക്രമത്തിനിരയാക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ പേരുകളും അവര്‍ ചെയ്ത പ്രവര്‍ത്തികളുമെല്ലാം അക്കമിട്ട് നിരത്തിയ കമ്മീഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും ഏറെ ആഘോഷിക്കുകയും ചെയ്തു. വേങ്ങര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള സര്‍ക്കാരിന്റെ കരുനീക്കമായും റിപ്പോര്‍ട്ട് അവതരണം വിലയിരുത്തപ്പെട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും യുവനേതാക്കള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങളും പരാമര്‍ശങ്ങളും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു എന്നതും അത് അമിതപ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു എന്നതുമായിരുന്നു ആ വിലയിരുത്തലിന് പിന്നില്‍.

കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എണ്ണൂറ് പേജുകള്‍ നിറഞ്ഞുനില്‍ക്കുന്ന സരിത നായരുടെ കത്തും അതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും നീക്കം ചെയ്ത് പരിഗണിക്കുക എന്ന് വന്നാല്‍ കേസ് ദുര്‍ബലമായി എന്ന് തന്നെയാണ്. അഡ്വ. ആശ പറയുന്നു ‘ ഖജനാവിന് നഷ്ടമുണ്ടാക്കാത്തതാണ് സോളാര്‍ കേസ്. മുന്‍ മുഖ്യമന്ത്രിയുള്‍പ്പെടെ ഉള്‍പ്പെട്ട കേസില്‍ പ്രധാനമായും രണ്ട് ആരോപണങ്ങളാണ് നിലനിന്നത്. ഒന്ന്, സരിതാ നായര്‍ എന്ന യുവ സംരംഭകയെ അധികാരമുപയോഗിച്ച് ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചു. രണ്ട്, ഭരണവൃത്തങ്ങള്‍ സരിത നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പങ്കുപറ്റി. ഇതില്‍ ആദ്യത്തെ ആരോപണമാണ് കേസിലുടനീളം പലരും എടുത്തുകാട്ടിയത്. എന്നാല്‍ ആ ആരോപണത്തെ സരിതാ നായരുടെ കത്ത് മാത്രം അടിസ്ഥാനപ്പെടുത്തി വിശദീകരിക്കാനാണ് ശിവരാജന്‍ കമ്മീഷന്‍ ചെയ്തതെന്ന ആരോപണം റിപ്പോര്‍ട്ട് പുറത്തുവന്നത് മുതല്‍ക്കെ നിലനില്‍ക്കുന്നുണ്ട്. ഈ കത്തും അതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ നടത്തിയ പരാമര്‍ശങ്ങളും ശുപാര്‍ശകളും നീക്കം ചെയ്യുകയാണെങ്കില്‍ കേസ് ദുര്‍ബലമാവും. ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, കെ.സി.വേണുഗോപാല്‍ തുടങ്ങിയ പലര്‍ക്കുമെതിരെ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും കേസ് എടുക്കാവുന്നതാണ് എന്ന കമ്മീഷന്റെ ശുപാര്‍ശ പോലും സരിതാനായര്‍ എഴുതിയ ആ കത്തിനെ ആസ്പദമാക്കിയായിരുന്നു എന്നാണ് കരുതുന്നത്. എന്നാല്‍ ആ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമാണോ എന്ന് വിലയിരുത്താന്‍ പ്രത്യേക തെളിവെടുപ്പ് കമ്മീഷന്‍ നടത്തിയിരുന്നുമില്ല. അതോടെ അതിന് നിയമസാധുത ലഭിക്കാനുള്ള സാധ്യത കുറവായിരുന്നു. എന്നാല്‍ ലൈംഗികാതിക്രമ കേസുകള്‍ സോളാര്‍ കേസില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതോടെ കേസ് തട്ടിപ്പ് കേസ് ആയി മാത്രം ഒതുങ്ങും. അങ്ങനെ വന്നാല്‍ സരിത മാത്രം കുറ്റക്കാരിയാവുന്ന തരത്തില്‍ ഒരുപക്ഷേ അന്വേഷണവും നടപടിയും വന്നേക്കാം. കാരണം രാഷ്ട്രീയക്കാരും അന്നത്തെ ഭരണകര്‍ത്താക്കളും ആ തട്ടിപ്പിന്റെ പങ്കുപറ്റുകാര്‍ മാത്രമായി മാറുമെന്നതിനാല്‍ കേസ് ദുര്‍ബലമാവും.’

ഇന്നലെ ഹൈക്കോടതി വിധി വന്നതിന് ശേഷം ഉമ്മന്‍ചാണ്ടി നടത്തിയ പ്രതികരണത്തിലും ഈ ആത്മവിശ്വാസം വ്യക്തമായിരുന്നു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രസ്ഥാനത്തുണ്ടായിരുന്ന സരിതയുടെ കത്ത് ഹൈക്കോടതി തള്ളിയതോടെ ഫലത്തില്‍ റിപ്പോര്‍ട്ട് അപ്രസക്തമായി എന്നായിരുന്നു മുന്‍മുഖ്യമന്ത്രിയുടെ പ്രതികരണം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കത്തല്ലാതെ മറ്റൊരു തെളിവും തനിക്കെതിരായി ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു. ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടേയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും ആവശ്യം ഹൈക്കോടതി തള്ളിയെങ്കിലും കത്ത് നീക്കം ചെയ്യാന്‍ ഹൈക്കോടതി വിധിക്കുകയായിരുന്നു. സരിത ഉന്നയിച്ച ലൈംഗികാരോപണങ്ങളും അവയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും നീക്കം ചെയ്തതിന് ശേഷമുള്ള റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് നിയമപരമായ നടപടി സ്വീകരിക്കാം. കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്താക്കുറിപ്പുകള്‍ പുനപരിശോധിക്കണമെന്നും 65 പേജുള്ള ഉത്തരവില്‍ സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതിനാല്‍ മാധ്യമങ്ങളും ജനങ്ങളും കത്ത് ചര്‍ച്ച ചെയ്യുന്ന സാഹചര്യമുണ്ടായി. അതോടെ ഹര്‍ജിക്കാരുടെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടു. സ്വകാര്യതക്കും ന്യായമായ വിചാരണക്കുമുള്ള അവകാശം ഇല്ലാതായി.

റിപ്പോര്‍ട്ട് സര്‍ക്കാരും കക്ഷികളും അംഗീകരിക്കണമെന്നില്ലെങ്കിലും ഹൈക്കോടതി മുന്‍ ജഡ്ജി തയ്യാറാക്കിയതായതിനാല്‍ പരാമര്‍ശങ്ങള്‍ നിയമപരമായി സാധുതയുള്ളതാണെന്നും സത്യസന്ധമാണെന്നുമുള്ള ധാരണ ഉണ്ടായി. സത്യം തെളിയിക്കപ്പെടുന്ന തരത്തില്‍ മാധ്യമങ്ങള്‍ ചര്‍ച്ചയും നടത്തി. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സത്യം തെളിയിക്കപ്പെടുന്നു എന്ന ധാരണ ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സരിതയുടെ കത്തുമായി ബന്ധപ്പെട്ട ഭാഗം ഉമ്മന്‍ചാണ്ടിയുടെ അന്തസിനേയും മൗലികാവകാശത്തേയും ബാധിക്കുന്നതാണ്. കത്തില്‍ പറയുന്ന കാര്യങ്ങള്‍ സോളാര്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുന്നതല്ല. സരിത 2013 ജൂലൈ 13ന് എഴുതി എന്ന് പറയുന്ന കത്ത് കമ്മീഷന് ലഭിച്ചത് 2016 ജൂണ്‍ ആറിനാണ്. ഒരാള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കില്‍ കമ്മീഷന്‍ നോട്ടീസ് അയച്ച് വിളിച്ചുവരുത്തി വാദം കേള്‍ക്കണം. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് നോട്ടീസ് നല്‍കിയത് 2015 ജൂലൈ ഒമ്പതിനാണ്. നോട്ടീസ് അയച്ച് ഉമ്മന്‍ ചാണ്ടിയെ വിളിച്ചുവരുത്തുകയാണ് വേണ്ടിയിരുന്നത്. പകരം സരിതയുടെ കത്തിന്റെ പകര്‍പ്പ് കമ്മീഷന്‍ അയച്ചുനല്‍കിയത് നിയമപരമല്ല എന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍ സരിതയുടെ കത്ത് നീക്കം ചെയ്തത് കൊണ്ടോ അതുമായി ബന്ധപ്പെട്ട് പരമാര്‍ശങ്ങള്‍ എടുത്ത് കളഞ്ഞതുകൊണ്ടോ ഉമ്മന്‍ചാണ്ടിയും സംഘവും രക്ഷപെടില്ല എന്നാണ് കമ്മീഷന്‍ തെളിവെടുപ്പില്‍ പങ്കെടുത്ത അഡ്വ.ജോണ്‍ ജോസഫ് പറയുന്നത്. ‘കമ്മീഷന്റെ കണ്ടെത്തല്‍ ഒന്നും സരിതയുടെ കത്തിനെ അടിസ്ഥാനമാക്കിയല്ല. ഒരു സ്ത്രീ അവളുടെ ദുരവസ്ഥകള്‍ രേഖപ്പെടുത്തി അറിയിച്ചാല്‍ അത് പരിഗണിക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കത്ത് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ കമ്മീഷന്‍ കണ്ടെത്തലുകള്‍ ആ കത്തിനെ ആശ്രയിച്ചിട്ടില്ല. സരിതയെ ലൈംഗികമായി ദുരുപയോഗം ചെയ്തു, ബലാല്‍ക്കാരം ചെയ്തു എന്ന വെളിപ്പെടുത്തുന്ന കത്ത് പോലീസ് പരിഗണിച്ച് വേണ്ട നടപടികളെടുക്കണമെന്നാണ് കമ്മീഷന്‍ പറഞ്ഞിട്ടുള്ളത്. സരിതയും അവരുടെ കമ്പനിയും ഭരണവര്‍ഗത്തിന്റെ പിന്തുണയോടെ ജനങ്ങളെ കബളിപ്പിച്ച് പണമുണ്ടാക്കാന്‍ ശ്രമിച്ചു. അതിന് പ്രതിഫലമായി ഭരണകക്ഷികള്‍ പണം കൈപ്പറ്റി എന്നിവയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍. പണം കൈപ്പറ്റിയതോടൊപ്പം ലൈംഗികമായി ഉപയോഗപ്പെടുത്താന്‍ ശ്രമം നടന്നിട്ടുണ്ട് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണോ അതെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നത് അതിലെ ഒരു കണ്ടെത്തല്‍ മാത്രമാണ്. കത്തും പരാമര്‍ശങ്ങളും നീക്കുന്നത് വഴി റിപ്പോര്‍ട്ട് അപ്രസക്തമാവുന്നില്ല. പകരം ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് കേസ് എടുക്കാന്‍ കഴിയില്ലെന്ന് മാത്രം.’

പരിഗണനാ വിഷയവുമായി ബന്ധമില്ലാതിരുന്നത് എന്ന് സരിതയുടെ കത്തിനെക്കുറിച്ച് കോടതി ആവര്‍ത്തിച്ച് പറയുമ്പോഴും സരിത ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ലാതാവുന്നില്ല. സരിതയുടെ ശരീരവും ശാരീരിക ബന്ധങ്ങളുടെ കഥകളും ആഘോഷിക്കുന്ന കപട സദാചാര മലയാളി സമൂഹത്തിന്റെ പറച്ചിലുകളും അപഹാസങ്ങളും മാറ്റി നിര്‍ത്താം. എന്നാല്‍ സരിത ഇതുമായി ബന്ധപ്പെട്ടുയര്‍ത്തിയ ആരോപണങ്ങള്‍ അന്വേഷിക്കുകയും നിയമപരമായി നടപടിയെടുക്കേണ്ടതുമാണ്. യുവസംരംഭകയ്ക്ക് ബിസിനസും ജീവിതവുമായി മുന്നോട്ട് പോവുന്നതിന് അധികാരവര്‍ഗത്തെ പ്രീണിപ്പിക്കേണ്ടി വരിക, അധികാര വര്‍ഗത്തിന്റെ ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരിക, സരിത തുറന്നുകാട്ടിയത് അധികാര വ്യവസ്ഥയുടെ ഈ ദുഷിപ്പാണ്. സരിതയില്‍ ആരോപിക്കപ്പെടുന്നത് പോലെ ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നെങ്കില്‍ പോലും അത് അധികാര വര്‍ഗം തങ്ങളുടെ അധികാരമുപയോഗിച്ച് ചെയ്യുമ്പോള്‍ ലൈംഗികാതിക്രമമായി തന്നെയാണ് കണക്കാക്കപ്പെടുക. എന്നാല്‍ ഇവയൊന്നും ഇനി സോളാര്‍ കേസിന്റെ പരിധിയില്‍ വരില്ല. സരിത നായര്‍ മുഖ്യപ്രതിയായ, രാഷ്ട്രീയ നേതാക്കള്‍ പങ്കുപറ്റലുകാരായ തട്ടിപ്പ് കേസായി മാത്രം സോളാര്‍ കേസ് ഒതുങ്ങും.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Me:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍