UPDATES

ട്രെന്‍ഡിങ്ങ്

സോളാര്‍: ഒരു മുഖ്യമന്ത്രി നേരിട്ടു നടത്തിയ അഴിമതി; അത് രാഷ്ട്രീയ പകപോക്കലില്‍ തീരരുത്

യുഡിഎഫ് അവരുടെ രക്ഷയ്ക്കുവേണ്ടിയാണ് കമ്മീഷനെ തള്ളിപ്പറയുന്നതെങ്കില്‍ എല്‍ഡിഎഫും കമ്മീഷനെ ഇപ്പോഴും പൂര്‍ണവിശ്വാസത്തില്‍ എടുത്തിട്ടില്ലെന്നു വേണം കരുതാനെന്നും അഡ്വ. ജോണ്‍ ജോസഫ് ചൂണ്ടിക്കാട്ടുന്നു

ഒരു മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് ഒരു സ്വതന്ത്ര ജുഡീഷ്യല്‍ കമ്മിഷന്‍ കണ്ടെത്തിയ ഏറ്റവും വലിയ അഴിമതി കേസുകളില്‍ ഒന്നാണ് സോളാര്‍. കമ്മീഷന്‍ അതിന്റെ നാളുകള്‍ നീണ്ട തെളിവെടുപ്പുകളിലും സാക്ഷിവിസ്താരങ്ങളിലും കൂടി സോളാര്‍ അഴിമതിക്കു പിന്നിലുള്ളവരെ വസ്തുതകള്‍ പ്രകാരം വ്യക്തമാക്കിയിട്ടും, നിയമനടപടികള്‍ തുടരുമെന്ന പ്രഖ്യാപനത്തിനപ്പുറം കേരളം എന്തുകൊണ്ട് ഇത്തരമൊരു അഴിമതിക്കു കാരണക്കാരായവരെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നില്ല? എന്തുകൊണ്ട് ജനകീയ വിചാരണ ഇക്കാര്യത്തില്‍ നടക്കുന്നില്ല? ഒരു വിഭാഗം മാധ്യമങ്ങള്‍ സോളാര്‍ അഴിമതിയുടെ രാഷ്ട്രീയത്തെ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മാധ്യമ ചര്‍ച്ചകള്‍ക്കെടുത്തില്ലെങ്കിലും ഈ അഴിമതിയുടെ പിന്നിലുള്ളവരെ, വിചാരണയ്ക്ക് വിധേയരാക്കാന്‍ ജനകീയ കോടതികള്‍ക്ക് കഴിയേണ്ടതല്ലേ?  ജനകീയനായകന്‍ എന്നു പറയുന്നവരുടെ യാഥാര്‍ത്ഥ്യം എന്താണെന്ന് തിരിച്ചറിയേണ്ടത് ജനാധിപത്യത്തിന്റെ അന്തസ് നിലനിര്‍ത്തേണ്ടതിന് ആവശ്യമാണ്. സോളാര്‍ കേസ് ചര്‍ച്ച ചെയ്യേണ്ടത് കേരളം കണ്ട അഴിമതിയായാണ്. ഒരു ഭരണാധികാരിയും അയാള്‍ നയിച്ച സര്‍ക്കാരിന്റെയും പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുടെയും മുന്നണിയുടേയും ആളുകളും നടത്തിയ നീചവും ജനവിരുദ്ധവുമായ കുത്സിത പ്രവര്‍ത്തികളുമായാണെന്നുമാണ്. ഉമ്മന്‍ ചാണ്ടിയെന്ന ‘ജനനേതാവ്’ യഥാര്‍ത്ഥത്തില്‍ എന്താണെന്ന് ജനം മനസിലാക്കണമെന്നാണ് സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനില്‍ ആദ്യന്തം പങ്കെടുത്ത അഭിഭാഷകനായ ജോണ്‍ ജോസഫ് വീണ്ടും പറയുന്നത്.

സര്‍ക്കാര്‍ ഈ കേസ് എങ്ങനെ മുന്നോട്ടു കൊണ്ടു പോകും എന്നത് ഏറെ പ്രസക്തമാണ്. കാരണം ഇതൊരു ലൈംഗിക ചൂഷണകഥയായി കാണേണ്ടതല്ലെന്ന് മുന്നേ പറഞ്ഞതാണ്. പക്ഷേ, എല്‍ഡിഎഫ് നേതാക്കാന്മാരില്‍ പോലും ഇത്തരത്തില്‍ ഒരു ചിന്തയാണ് നിലനില്‍ക്കുന്നതെന്നതാണ് കാണാനാകുന്നത്. ആ തരത്തില്‍ ഒരു രാഷ്ട്രീയ തിരിച്ചടി നല്‍കാനാണ് ശ്രമിക്കുന്നതെങ്കില്‍ വലിയൊരു അഴിമതിയാണ് അവര്‍ മൂടിവയ്ക്കാന്‍ സഹായിക്കുന്നതെന്ന് പറയേണ്ടി വരുമെന്നാണ് അഡ്വ. ജോണ്‍ ജോസഫ് പറയുന്നത്.

ഇത് ഒരു ലൈംഗികചൂഷണ കുറ്റം മാത്രമല്ല; രണ്ടായിരത്തോളം മണിക്കൂര്‍ സോളാര്‍ കമ്മീഷനില്‍ ഇരുന്ന അഡ്വക്കേറ്റിന്റെ വെളിപ്പെടുത്തലുകള്‍

ലൈംഗിക ചൂഷണം ഇവിടെ കാണേണ്ടത് അഴിമതിയുടെ മറ്റൊരു രൂപമായാണ്. പണം വാങ്ങി സര്‍ക്കാര്‍ സൗകര്യം ചെയ്തുകൊടുക്കുന്നതുപോലെയാണ് ലൈംഗികതയ്ക്ക് വിധേയമാകുന്നുവെങ്കില്‍ ഞങ്ങള്‍ ഭരണൗകര്യങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്തു തരാമെന്ന് സരിതയോട് മന്ത്രിമാരും ജനപ്രതിനിധികളും പറയുന്നത്. ഇവിടെ നടന്ന ലൈംഗിക ചൂഷണം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നതാണ് ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതായത് ഇതൊരു പീഢനക്കസ് മാത്രമല്ല. വേണമെങ്കില്‍ പ്രതികള്‍ക്ക് പറയാം, പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികതയാണ് നടന്നിരിക്കുന്നത്. സരിത ആ സമയത്ത് തന്നെ ചൂഷണം ചെയ്‌തെന്ന പേരില്‍ പരാതിയോ ഒന്നും നല്‍കിയതുമില്ല. സ്വാഭാവികമായും കോടതികളില്‍ ലൈംഗികപീഢനമെന്ന പേരില്‍ കേസ് വന്നാല്‍ തള്ളിപ്പോകാനാണ് സാധ്യതയും. എന്നാല്‍ സരിത ലൈംഗികബന്ധത്തിന് സമ്മതിക്കുന്നത് അഴിമതിയുടെ ഭാഗമായാണ് എന്നത് ചൂണ്ടിക്കാണിക്കപ്പെടുമ്പോഴാണ് ഇവിടെ നടന്നത് ക്രൈം ആയി മാറുന്നത്. പണം വാങ്ങുന്നതുപോലെ, ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചിരിക്കുന്നു. പക്ഷേ, ഭരണകര്‍ത്താക്കളായിരുന്നവരെയും ജനപ്രതിനിധികളായിരുന്നവരേയും നാം കേവലം അശ്ലീലകഥാപാത്രങ്ങളായി മാത്രം ആഘോഷിക്കുമ്പോള്‍ അവര്‍ സംസ്ഥാനത്തോട്, ജനാധിപത്യരീതിയില്‍ കിട്ടിയ അധികാരങ്ങള്‍ ഉപയോഗിച്ച് തന്നെ നടത്തിയ കൊള്ളയാണ് മറച്ചുവയ്ക്കപ്പെടുന്നത്.

പുറത്തുവന്നത് അഴിമതിയുടെയും ലൈംഗിക ചൂഷണത്തിന്റെയും നാറിയ കഥകള്‍: സോളാര്‍ റിപ്പോര്‍ട്ട് പൂര്‍ണരൂപം

ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ പൂര്‍ണമായി തള്ളിക്കളയുകയും പോരാത്തതിന് അതിനെ അവമതിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തുകയുമാണ് യുഡിഎഫ് ചെയ്യുന്നത്. ഈ കമ്മിഷനെ നിയോഗിച്ചത് ഉമ്മന്‍ ചാണ്ടിയെന്ന ഭരണാധികാരിയാണ്. അതേ ഭരണാധികാരി തന്നെ കമ്മീഷനെ തള്ളിപ്പറയുന്നു. ഭരണാധികാരികള്‍ കോടതിയേയും കമ്മീഷനുകളെയും ധിക്കരിച്ചാല്‍ പിന്നെ ഈ രാജ്യത്ത് നിയമവാഴ്ച എങ്ങനെയാണ് നടക്കുക? ഏതു വിധേനയും സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനാണവര്‍ നോക്കുന്നത്. അതിനുവേണ്ടി എത്രവേണമെങ്കിലും തരംതാഴാനും തയ്യാറാകുന്നു, ജനം ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങളാണെന്ന് അഡ്വ. ജോണ്‍ ജോസഫ് പറയുന്നു.

“കമ്മീഷനെ അവമതിക്കുന്നവര്‍ക്കെരേ നടപടിയെക്കാനാണ് തയ്യാറാകേണ്ടത്. രാഷ്ട്രീയക്കാര്‍ മാത്രമല്ലല്ലോ, പൊലീസ് ഉദ്യോഗസ്ഥരും അതിനു മുതിര്‍ന്നില്ലേ. ഡിജിപി ഹേമചന്ദ്രനെ ആദ്യഘട്ടത്തില്‍ കമ്മിഷന് പൂര്‍ണവിശ്വാസമായിരുന്നു. മുന്‍ധാരണകള്‍ പ്രകാരമായിരിക്കാം അത്. ഹേമചന്ദ്രനെ കൂടുതല്‍ വിസ്തരിക്കണമെന്നു ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍  ഒരുഘട്ടത്തില്‍ കമ്മിഷന്‍ എനിക്കെതിരേ നടപടിയെടുക്കേണ്ടി വരുമെന്നു വരെ പറഞ്ഞതാണ്. പക്ഷേ പോകെപ്പോകെ കമ്മിഷന് യാഥാര്‍ത്ഥ്യം മനസിലാവുകയായിരുന്നു. അതേപോലെയാണ് ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തിലും. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് ആദ്യം ഉണ്ടായിരുന്ന ധാരണകള്‍ തെറ്റാണെന്ന് തിരിച്ചറിഞ്ഞത് കമ്മീഷനെ ഞെട്ടിക്കുകയായിരുന്നു. ഒരു നാടിന്റെ മുഖ്യമന്ത്രി കള്ളങ്ങള്‍ക്കു മേല്‍ കള്ളങ്ങള്‍ പറയുകയായിരുന്നുവെന്ന് കമ്മീഷനു ബോധ്യപ്പെടുകയായിരുന്നു. ഇതൊന്നും സരിത എന്ന ഒറ്റയാളുടെ മൊഴികള്‍ മാത്രം വിശ്വസിച്ചല്ല. കമ്മീഷനെതിരേ പറയുന്നവര്‍ ഈ കാര്യങ്ങള്‍ കൂടി മനസിലാക്കണം. കമ്മീഷനു മുന്നില്‍ വന്ന തെളിവുകള്‍, സാക്ഷിമൊഴികള്‍ ഇവയെല്ലാം വച്ചാണ് ഓരോ കണ്ടെത്തലുകളിലും അവര്‍ എത്തിച്ചേര്‍ന്നത്. ഇത്തരത്തിലൊരു കമ്മീഷനെയാണ് ഇപ്പോ ള്‍ ഒരു കൂട്ടര്‍ തള്ളിപ്പറയുന്നതും. പൊലീസ് അസോസിയേഷന്‍ സെക്രട്ടറി അജിത്തിനെതിരേ കമ്മിഷന്‍ അച്ചടക്കനടപടിക്ക് ശിപാര്‍ശ ചെയ്തിരുന്നു. അജിത് ചെയ്ത അതേ കുറ്റമാണ് ഹേമചന്ദ്രനും ചെയ്തത്. കമ്മീഷനെ പരസ്യമായി അവമതിച്ചു. പക്ഷേ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനുശേഷമായിരുന്നു ഹേമചന്ദ്രന്റെ വിമര്‍ശനം. അതുകൊണ്ട് നടപടി ശിപാര്‍ശകളൊന്നും കമ്മീഷന്‍ നടത്തിയിട്ടില്ല. ജനങ്ങള്‍ ഈ കാര്യം മനസിലാക്കണം. തങ്ങളുടെ തെറ്റുകള്‍ മൂടിവയ്ക്കാന്‍ നിയമസംവിധാനങ്ങളെ വരെ തള്ളിപ്പറയാന്‍ ഈ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നുവെന്ന കാര്യം.

ഉമ്മന്‍ ചാണ്ടി നിസ്സഹായാവസ്ഥയില്‍ എന്നെ ചൂഷണം ചെയ്തു: സരിത മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

യുഡിഎഫ് അവരുടെ രക്ഷയ്ക്കുവേണ്ടിയാണ് ഇത്തരം അപചയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെങ്കില്‍ എല്‍ഡിഎഫും കമ്മീഷനെ ഇപ്പോഴും പൂര്‍ണവിശ്വാസത്തില്‍ എടുത്തിട്ടില്ലെന്നു വേണം കരുതാനെന്നും അഡ്വ. ജോണ്‍ ജോസഫ് ചൂണ്ടിക്കാട്ടുന്നു. കമ്മീഷനെ കുറിച്ച് കൃത്യമായ ബോധ്യം എല്‍ഡിഎഫ് നേതാക്കള്‍ക്കില്ല. അവര്‍ വേണ്ടത്ര ആദരവ് കമ്മിഷന് കൊടുത്തിട്ടില്ലെന്നു തന്നെ വേണം പറയാന്‍. കമ്മീഷനെ പൂര്‍ണമായി ന്യായീകരിക്കാന്‍ ഇടതുപക്ഷ നേതാക്കള്‍ തയ്യാറായിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടിനു മേല്‍ അഡ്വക്കേറ്റ് ജനറലിന്റെ പരിശോധനയ്ക്കപ്പുറം ജ. അരിജിത്ത് പാസായത്തിന് റിപ്പോര്‍ട്ട് റഫര്‍ ചെയ്തത് കമ്മീഷനില്‍ അവര്‍ക്ക് പൂര്‍ണ വിശ്വാസം ഇല്ലാ എന്നതു വ്യക്തമാക്കുന്നു എന്നും അഡ്വ. ജോണ്‍ ജോസഫ് പറയുന്നു.

കമ്മീഷന്‍ കണ്ടെത്തിയ വസ്തുതകള്‍ ഉള്ളപ്പോള്‍, വീണ്ടും അതിന്‍മേല്‍ അന്വേഷണം നടത്താനും പൊലീസ് നടത്തുന്ന ആ അന്വേഷണത്തിനുശേഷം എഫ് ഐ ആര്‍ ഇടാമെന്നുമൊക്കെയുള്ള തീരുമാനം കമ്മീഷനെ അവഹേളിക്കലാണെന്നാണ് അഡ്വ. ജോണ്‍ ജോസഫ് വ്യക്തമാക്കുന്നത്. ജുഡീഷ്യല്‍ കമ്മീഷന്റെ ശരി തെറ്റുകളെക്കുറിച്ചാണോ വീണ്ടുമൊരു അന്വേഷണം കൊണ്ട് അര്‍ത്ഥമാക്കേണ്ടതെന്നാണ് ചോദ്യം.

പക്ഷേ ഇപ്പോഴും നിലനില്‍ക്കുന്ന വിശ്വാസം കമ്മീഷന്‍ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നത് തന്നെയായിരിക്കും പൊലീസ് നടത്തുന്ന അന്വേഷണത്തിന്റെ അവസാനവും എന്നതാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ രാഷ്ട്രീയസാധ്യതകള്‍ കൈവിട്ടു കളയില്ലെന്നും കരുതാം. ഫാക്ട് ഫൈന്‍ഡിംഗ് ചുമതല മാത്രമുണ്ടായിരുന്ന ജ. ശിവരാജന്‍ കമ്മീഷന് കിട്ടിയതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന്റെ കൂടുതല്‍ വ്യാപകമായ അന്വേഷണത്തിലൂടെ കണ്ടെത്താന്‍ കഴിയും. ഇനിയും മൂന്നരവര്‍ഷത്തോളം ഇടതു മുന്നണി തന്നെ ഭരിക്കുമെന്നതിനാല്‍, പൊലീസ് അവരെ ധിക്കരിക്കില്ലെന്നതിനാലും സോളാര്‍ അഴിമതിക്കേസില്‍ ജൂഡീഷ്യല്‍ കമ്മീഷന്‍ കുറ്റക്കാരായി കണ്ടെത്തിയവരില്‍ നിയമം അതിന്റെ കുരുക്ക് കൂടുതല്‍ മുറുക്കും എന്നു തന്നെ വിശ്വസിക്കുന്നതായി അഡ്വ. ജോണ്‍ ജോസഫ് പറയുന്നു. മറിച്ച് സംഭവിക്കുകയാണെങ്കില്‍ അത് ജനങ്ങളുടെ തോല്‍വിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍