TopTop

മഹിജ കിട്ടിയെന്ന് പറയുന്ന നീതിയെക്കുറിച്ച് ചില സംശയങ്ങൾ

മഹിജ കിട്ടിയെന്ന് പറയുന്ന നീതിയെക്കുറിച്ച് ചില സംശയങ്ങൾ
നീതി വെറും മരീചികയും നീതിരാഹിത്യം ഒരു യാഥാർത്ഥ്യവുമായി മാറിയ ഒരു ഇരുണ്ട കാലഘട്ടത്തിൽ നിന്നു തന്നെയാണ് ഈ കുറിപ്പ്. അത്യന്തം വിസ്മയിപ്പിക്കുന്ന ചില കെട്ടുകാഴ്ചകളിലൂടെയാണ് ഈ കുറിപ്പെഴുത്തുകാരൻ കുറച്ചുകാലമായി കടന്നു പോകുന്നത് എന്ന് തുടക്കത്തിൽ തന്നെ സൂചിപ്പിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ഇങ്ങനെ പറയേണ്ടിവരുന്നത് ജിഷ്ണു പ്രണോയ് വിഷയത്തിൽ അടുത്തിടെ നടന്ന ഒരു സമരവും അതിന്റെ പരിസമാപ്തിയും ഉയർത്തുന്ന ചില വലിയ ചോദ്യങ്ങൾ കൂടിയാണെന്നും സൂചിപ്പിച്ചുകൊള്ളട്ടെ.

മകന് നീതി തേടി ഒരമ്മയും കുടുംബവും ഡിജിപി ഓഫീസിലേക്ക് സമരം നടത്താൻ പുറപ്പെടുന്നിടത്തു നിന്നും ആരംഭിച്ച രാഷ്ട്രീയ 'നാടക'ത്തിന്റെ പരിസമാപ്തി എന്ന വണ്ണം ആശുപത്രി കിടക്ക വിട്ട ജിഷ്ണുവിന്റെ അമ്മ മഹിജയുടെ 'എന്റെ മോന് നീതി കിട്ടി, എന്റെ ജിഷ്ണുവിന് നീതി കിട്ടി' എന്ന ചാനൽ ഭാഷണങ്ങളിലേക്ക് ചുരുക്കിക്കെട്ടി, മലപ്പുറം ഉപതെരഞ്ഞെടുപ്പിലേക്കും, അച്ഛനെയും അമ്മയെയും സഹാദരിയേയുമൊക്കെ വെട്ടിയരിഞ്ഞു ചുട്ടെരിച്ച കേദൽ എന്ന ചെറുപ്പക്കാരനിലേക്കും, ജിജ്ഞാസ വിട്ടുമാറാത്ത ആ അരുംകൊല വിശേഷങ്ങളിലേക്കും മാധ്യമങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. അതിനവരെ കുറ്റം പറയുന്നില്ല. മഹിജ തനിക്കു സ്വന്തം പാർട്ടിയിലും സർക്കാരിലും പൂർണ വിശ്വാസമാണെന്നും തന്റെ മകന് നീതി കിട്ടി എന്നും പറയുമ്പോൾ മാധ്യമങ്ങള്‍ പുതിയ വാർത്തകളിലേക്കു പടർന്നു കയറുന്നത് തികച്ചും സ്വാഭാവികം.

എങ്കിലും ഈ കുറിപ്പെഴുത്തുകാരന് മനസ്സിലാകാത്ത ചിലതുണ്ട് ഈ വിഷയത്തിൽ. അതിൽ പ്രധാനം ഇപ്പോൾ പുതിയതായി എന്ത് നീതിയാണ് മഹിജക്കും കുടുംബത്തിനും കിട്ടിയത് എന്നത് തന്നെ. അത് ശക്തിവേലിന്റെ അറസ്റ്റാണെന്നാണ് മഹിജ പറയുന്നത്. ശരിയാണ് ശക്തിവേലിനെ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ കോടതി ഇടപെട്ട് ശക്തിവേൽ അതീവ ശക്തിമാനായി പറന്നകന്നു. ഇതായിരുന്നോ മഹിജയും കുടുംബവും ആഗ്രഹിച്ചിരുന്ന നീതി എന്ന ചോദ്യം ബാക്കിയാവുന്നു.ഇത്രയൊക്കെ മതിയായിരുന്നെങ്കിൽ തുടക്കത്തിലേ പ്രതിരോധത്തിലായ സർക്കാരിനും പോലീസിനും എതിരെ എന്തിന് ഇങ്ങനെയൊരു സമര പ്രഹസനം എന്ന് ചോദിക്കേണ്ടിവരുന്നത് മറ്റു ചില പ്രശ്നങ്ങളെക്കൂടി ഉൾക്കൊണ്ടുകൊണ്ടാണ്. സമരത്തിന് പിന്തുണയുമായി എത്തിയ ഷാജിർ ഖാനും ഭാര്യ മിനിയും ശ്രീകുമാറും അറസ്റ്റിലായി ജയിലില്‍ കിടന്നതും കെഎം ഷാജഹാൻ എന്ന ഒരു തിരുത്തൽ വിപ്ലവകാരിക്ക് ജയിൽവാസത്തിന് പിന്നാലെ തൊഴിൽ സ്ഥാപനത്തിൽ നിന്നുള്ള സസ്പെന്‍ഷനും വാങ്ങിക്കൊടുത്ത ഈ സമരം എങ്ങനെ വിജയിച്ചുവെന്നാണ് മഹിജ പറയുന്നത് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. തുടക്കത്തിൽ പാളിയെങ്കിലും ചില അറസ്റ്റും അതിന്മേൽ കോടതി വിമർശനവും ഏറ്റുവാങ്ങേണ്ടി വന്ന ഒരു സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ പുറപ്പെടുക വഴി മച്ചുനിയന്‍ ശ്രീജിത്തും പാർട്ടി വിരുദ്ധരുടെ പട്ടികയിൽ ഇടം നേടിയതും ഈ സമരത്തിന്റെ വിജയമായി തന്നെ കാണേണ്ടിവരുമോ എന്ന് അറിയില്ല. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് ആരെയും പുറത്താക്കാൻ ഏതു ഈർക്കിൽ പാർട്ടിക്കും അവകാശമുണ്ട് എന്നിരിക്കെ 'അച്ചടക്കത്തിന്റെ അപ്പോസ്തലരായ' സിപിഎമ്മിന്റെ കാര്യം എടുത്തു പറയുയേണ്ടതില്ല. ആരെ കൊള്ളണം, തിരസ്കരിക്കണം എന്നൊക്കെ അതാതു പാർട്ടികളുടെ സ്വന്തം വിഷയമാകയാൽ അതിൽ ഇടപെടുക എന്നുവെച്ചാൽ 'പൊന്നുരുക്കിന്നിടത്തു പൂച്ചക്കെന്തു കാര്യം' എന്ന ചോദ്യത്തെ അഭിമുഖീകരിക്കുക എന്നേ അർത്ഥമുള്ളൂ.

വളയം സഖാക്കളുടെ പെരുമയെക്കുറിച്ച് ഈ അടുത്ത കാലത്ത് ആരോ എഴുതിക്കണ്ടു. സത്യമാണ്, ഉശിരുള്ള സഖാക്കളുടെ നാട് തന്നെയാണ് വളയം. ഈ ഉശിരുള്ള വളയത്തും തൊണ്ണൂറുകളുടെ തുടക്കത്തിൽ എൽടിടിഇ എന്ന ഒരു സ്വയം വിശേഷിത ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നവെന്നും ആ ഗ്രൂപ്പിന്റെ മുഖ്യ തൊഴിൽ ബോംബ് നിർമാണവും വില്‍പ്പനയും ആയിരുന്നുവെന്ന് എത്ര പേർക്ക് അറിയാം?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories