UPDATES

ശബരിമലയിൽ വീണ്ടും യുവതീപ്രവേശം: ദളിത് ഫെഡറേഷൻ നേതാവ് എസ്‌പി മഞ്ജു അയ്യപ്പ ദർശനം നടത്തി

പൊലീസിന്റെ സഹായമില്ലാതെയാണ് താൻ മല കയറിയതെന്ന് മഞ്ജു പറഞ്ഞു.

ദളിത് ഫെഡറേഷൻ നേതാവ് എസ്പി മഞ്ജു ശബരിമലയിൽ ദർശനം നടത്തി. ഇതിന്റെ വീഡിയോ സഹിതം മഞ്ജു തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലില്‍ പങ്കുവെച്ചു.

പൊലീസിന്റെ സഹായമില്ലാതെയാണ് താൻ മല കയറിയതെന്ന് മഞ്ജു പറഞ്ഞു. ഉച്ചത്തിൽ ശരണം വിളി കേൾക്കുമ്പോഴെല്ലാം തന്നെ കണ്ടിട്ടാണോയെന്ന് സംശയിച്ചെങ്കിലും അയ്യപ്പന്റെ അനുഗ്രഹത്താൽ ഒന്നും സംഭവിക്കുകയുണ്ടായില്ലെന്ന് അവർ പറഞ്ഞു. ഇവർ മുമ്പൊരു തവണ ശബരിമല ദർശനത്തിന് ശ്രമിച്ചിരുന്നെങ്കിലും അക്രമികൾ തടഞ്ഞതിനാൽ സാധിക്കുകയുണ്ടായില്ല.

വീഡിയോ താഴെ കാണാം.

“നവോത്ഥാന കേരളം ശബരിമലയിലേക്ക് സമൂഹ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ദളിത് പ്രവർത്തക മഞ്ജു ജനുവരി 8 ന് രാവിലെ 7 .30 ന് ശബരിമല സന്ദർശിച്ച ചിത്രങ്ങൾ ഞങ്ങൾ പുറത്തു വിടുന്നു” എന്ന പ്രസ്താവനയോടെ മറ്റൊരു വീഡിയോയും ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.

നവോത്ഥാനകേരളം ശബരിമലയിലേക്ക് എന്ന പേജിൽ വന്ന പ്രസ്താവന

ശൂദ്ര കലാപത്തിന് നേതൃത്വം കൊടുത്ത് കേരളത്തെ അസ്വസ്ഥമാക്കിയ രാഹുൽ ഈശ്വർ മുതൽ സുകുമാരൻ നായർ വരെയുള്ളവരോടാണ് ….

ആരുടെയും നെഞ്ചിൻ കൂട്ടിൽ ചവിട്ടിയല്ലാതെ നവോത്ഥാന കേരളം ഇന്നലെ (ജനുവരി 8 )വീണ്ടും ശബരിമലയിലെ 18 ആം പടി ചവിട്ടി കയറിയിരിക്കുന്നു …

കേരളത്തിന്റെ മുന്നോട്ടു പോക്കിനെ തടയാൻ ഒരു പ്രതിലോമശക്തികളേയും അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് മലയാളി തന്നെയായ 36 വയസ്സുള്ള ദളിത് യുവതി പതിനെട്ടാം പടി കയറിയിരിക്കുകയാണ് . ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതൽ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തി രാവിലെ 10.30 ഓടെ അവർ തിരിച്ച് പമ്പയിലെത്തുകയും ചെയ്ത് സ്ത്രീവിരുദ്ധമായ ബ്രാഹ്മണാചാരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ് . ഓർമ്മിക്കുക , ഗർഭപാത്രം നീക്കം ചെയ്യാത്ത ആർത്തവ ചക്രം നിലക്കാത്ത യുവതിയാണ് ഇന്നലെ ശബരിമലയിലെത്തിയത് .

തന്ത്രിയോട് : താങ്കളുടെ ഭാഷയിൽ അമ്പലം അശുദ്ധമായിട്ട് 24 മണിക്കൂർ കഴിഞ്ഞിരിക്കുന്നു . ഒന്നുകിൽ വിശുദ്ധി നഷ്ടപ്പെട്ട മൂർത്തിക്കു മുമ്പിൽ പൂജ നടത്തി ഇന്നലെ രാവിലെ മുതൽ വഞ്ചിക്കപ്പെട്ട ലക്ഷക്കണക്കിന് ഭക്തരോട് മാപ്പ് പറയുക അല്ലെങ്കിൽ ബിന്ദുവിനേയും കനക ദുർഗ്ഗയേയും അപമാനിക്കാൻ ശുദ്ധി കലശം നടത്തിയതിന് പരസ്യമായി മാപ്പു പറയുക .

മഞ്ജുവിന്റെ ആദ്യ മല കയറ്റവും പിന്മാറ്റവും

ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ടും കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശിനിയുമായ മഞ്ജു ഒക്ടോബർ 20നാണ് ആദ്യമായി ശബരിമലയിൽ ദർശനത്തിന് ശ്രമിച്ചത്. അന്നേദിവസം ഉച്ചയോടെ ശബരിമല കയറാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പോലീസിനെ സമീപിക്കുകയായിരുന്നു. ഉണ്ടാകാനിടയുള്ള പ്രതിഷേധവും ബുദ്ധിമുട്ടുകളും ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് യുവതിയെ അറിയിച്ചെങ്കിലും മഞ്ജു പിന്‍മാറാന്‍ തയ്യാറല്ലെന്ന് അറിയിച്ചതോടെ ഇവരുമായി മലകയറാന്‍ പോലീസ് നടപടികള്‍ സ്വീകരിച്ച് വരുന്നതിനിടെ കനത്ത മഴ ആരംഭിച്ചു.

പ്രതിഷേധക്കാരുണ്ടാക്കുന്ന തടസ്സങ്ങള്‍ പൊലീസ് മഞ്ജുവിനെ ബോധ്യപ്പെടുത്തി. കൂടാതെ മഴയത്ത് കൂടുതൽ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും ഐജി ശ്രീജിത്ത് മഞ്ജുവിനെ അറിയിച്ചു. ഇത്തരം സാഹചര്യത്തില്‍ വലിയ തോതിലുള്ള സുരക്ഷ നല്‍കാന്‍ ആവില്ലെന്ന് പോലീസ് നിലപാട് സ്വീകരിക്കുകയായിരുന്നു.

ഇതോടെ വൈകീട്ട് 6.15ഓടെ മഞ്ജു പമ്പ പൊലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങി. എങ്കിലും ശബരിമലയിൽ കയറി അയ്യപ്പദർശനം നടത്തുകയെന്ന തീരുമാനത്തിൽ നിന്നും താൻ പിന്മാറിയിട്ടില്ലെന്ന് മഞ്ജു പിന്നീട് പറയുകയുണ്ടായി. ആരോഗ്യസ്ഥിതി അനുകൂലമാണെങ്കിൽ താൻ അടുത്ത ദിവസങ്ങളിൽ മല കയറാനായെത്തുമെന്നും അവർ പറഞ്ഞു. കാലാവസ്ഥ അടക്കമുള്ള സ്ഥിതിഗതികൾ പ്രതികൂലമായതിനാലാണ് പിന്മാറിയതെന്നും അന്നവർ ചൂണ്ടിക്കാട്ടി.

എസ്‌പി മഞ്ജുവിന്റെ വീടിനു നേരെ ആക്രമണസാധ്യത; സോഷ്യല്‍ മീഡിയയില്‍ തെറിവിളികളും ഭീഷണികളും

(This is a developing story)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍