TopTop
Begin typing your search above and press return to search.

അതേ, കടുംവെട്ടാണ് നടക്കുന്നത്; കായിക കേരളത്തിലെ ക്ഷണിക താരങ്ങള്‍

അതേ, കടുംവെട്ടാണ് നടക്കുന്നത്; കായിക കേരളത്തിലെ ക്ഷണിക താരങ്ങള്‍

കെ സി അരുണ്‍

രണ്ട് മാസത്തിനിടെ കോഴിക്കോട് കായികാരവങ്ങള്‍ രണ്ട് തവണ ഉയര്‍ന്നു. ഒന്ന് സംസ്ഥാന തലത്തിലും രണ്ടാമത്തേത് ദേശീയ തലത്തിലും. സംസ്ഥാന തലത്തില്‍ ഒരു പിടി സ്‌കൂളുകള്‍ തമ്മില്‍ കടുത്ത മത്സരം തന്നെ മെഡലുകള്‍ക്കായി നടന്നിരുന്നു. എന്നാല്‍ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റിലാകട്ടെ തുടര്‍ച്ചയായി 19-ആം വര്‍ഷത്തിലും കേരളം ചാമ്പ്യന്മാരായി. അതും എതിരാളികളെ ബഹുദൂരം പിന്നിലാക്കി കൊണ്ട്. നാളത്തെ അഞ്ജു ബോബി ജോര്‍ജ്ജുമാരേയും പി ടി ഉഷമാരേയും ടി സി യോഹന്നാന്മാരേയും ഒക്കെ കായിക കേരളം കണ്ടെത്തി. ഈ 19 വര്‍ഷത്തിനിടെ മെഡല്‍ നേടിയവരും നേടാതെ പോയവരുമായ നൂറു കണക്കിന് താരങ്ങളാണ് കേരളത്തിനുവേണ്ടി ട്രാക്കിലിറങ്ങിയത്. പക്ഷേ, വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ദേശീയ തലത്തിലേക്ക് എത്തുന്നത്. സ്‌കൂള്‍ മേളകള്‍ക്ക് ശ്രദ്ധ ലഭിക്കും മുമ്പ് കേരളത്തില്‍ വളര്‍ന്നു വന്ന തലമുറകള്‍ അന്താരാഷ്ട്ര പ്രശസ്തി ഇവിടേക്ക് എത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ പറയാന്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണുള്ളത്. എവിടെയാണ് കേരളത്തിന് പിഴയ്ക്കുന്നത്.

99 ശതമാനം പേരും ദേശീയ തലത്തിലേക്ക് എത്തുന്നില്ലെന്ന് പതിറ്റാണ്ടുകളായി ട്രാക്കില്‍ കുട്ടിത്താരങ്ങള്‍ക്ക്‌ വേഗതയുടെ രഹസ്യമോതി കൊടുക്കുന്ന എസ് എസ് കൈമള്‍ പറയുന്നു. പി ടി ഉഷയടക്കം അനവധി ദേശീയ അന്തര്‍ ദേശീയ താരങ്ങളെ കോഴിക്കോട് സര്‍വകലാശാലയില്‍ പരിശീലിപ്പിച്ച പരിചയമുള്ള കൈമള്‍ ഈ കൊഴിഞ്ഞു പോക്കിനുള്ള കാരണവും പറഞ്ഞു തരും. കുട്ടിക്കാലത്ത് തീവ്രമായ പരിശീലനം ലഭിക്കുന്നതു കാരണം കുട്ടികള്‍ പെട്ടെന്ന് ഫലം തന്നശേഷം വീണുപോകും. കേരളത്തിലെ സ്‌കൂളുകളിലെ മണ്‍ട്രാക്കുകള്‍ക്ക് അങ്ങനെ കത്തിത്തീര്‍ന്ന കായിക ജന്മങ്ങളുടെ കഥകളേറെ പറയാനുണ്ടാകും.

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പേരും പെരുമേം മെഡലും. ഇതാണ് കേരളത്തിലെ സ്‌പോര്‍ട്‌സ് മികവു പുലര്‍ത്തുന്ന സ്‌കൂളുകളുടെ ആപ്തവാക്യം. അതിനായി ഈ സ്‌കൂളുകളിലെ കായികാദ്ധ്യാപകര്‍ കുട്ടികള്‍ക്ക് അമിതമായ പരിശീലനമാണ് നല്‍കുന്നത്. ഒരു കായിക താരത്തിന് 15ആം വയസ്സില്‍ നല്‍കേണ്ട പരിശീലന ഭാരം പത്താം വയസ്സില്‍ നല്‍കുന്നുവെന്ന് ദേശീയ കായിക പരിശീലന ക്യാമ്പുകളില്‍ വര്‍ഷങ്ങളുടെ പരിശീലന പരിചയമുള്ള ടി പി ഔസേപ്പ് പറയുന്നു. അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഏക ലോകചാമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജിന്റെ പരിശീലകനായിരുന്നു അദ്ദേഹം. പ്ലസ്ടു ആകുമ്പോഴേക്കും പരാവധി ഭാരം കൊടുക്കും. അതിനാല്‍ സ്‌കൂള്‍ തലത്തില്‍ മികച്ച പ്രകടനം ഉണ്ടാകുകയും പിന്നീട് മങ്ങിപ്പോകുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. റബ്ബറില്‍ നിന്ന് കടുംവെട്ട് വെട്ടിയാല്‍ എങ്ങനെയിരിക്കും. മരം പട്ടുപോകും. വരുമാനം നിലയ്ക്കും. അതു തന്നെയാണ് കേരളത്തിന്റെ കായിക രംഗത്ത് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. ബേണിങ് ഔട്ട് എന്നാണ് ഇതിനെ കായിക വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്നത്.

18-19 വയസ്സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ തലമുറ സ്‌കൂളുകള്‍ക്ക് മെഡലുകള്‍ ലഭിക്കുന്നതിനായി ക്ലാസുകളില്‍ തോല്‍പ്പിച്ചിടപ്പെടുന്നുമുണ്ട്. 2009-ല്‍ എസ്‌തോണിയയില്‍ നടന്ന ലോക സ്‌കൂള്‍ മീറ്റില്‍ 400 മീറ്ററില്‍ നാലാം സ്ഥാനത്ത് എത്തിയ പാലക്കാട്ടുകാരന്‍ നിഖില്‍ ഈ ബേണ്‍ ഔട്ടിനും തോല്‍പ്പിച്ചിടലിനും ഇരയാണ്. നിഖില്‍ പത്താം ക്ലാസ് രണ്ടു തവണ പഠിച്ചിട്ടുണ്ട്. പരീക്ഷയില്‍ തോറ്റിട്ടല്ല. അവന്റെ മെഡലില്‍ കണ്ണുവച്ച സ്‌കൂള്‍ മാനേജര്‍ പരീക്ഷ എഴുതിപ്പിക്കാതെ ഒരുകൊല്ലം കൂടെ പത്താം ക്ലാസില്‍ ഇരുത്തുകയായിരുന്നു.

400 മീറ്റര്‍ 49.77 സെക്കന്റില്‍ ഓടിയിരുന്ന നിഖിലില്‍ നാലാം സ്ഥാനത്ത് എത്തിയത് 53 സെക്കന്റുകള്‍ കൊണ്ടായിരുന്നു. കേരളത്തില്‍ തിരിച്ചെത്തി സ്വീകരണ വേദികളില്‍ കൈയടിയുടെ ആരവങ്ങള്‍ക്ക് നടുവില്‍ ഇരിക്കുമ്പോഴും അവനെ ഇത് അലട്ടിക്കൊണ്ടിരുന്നു. ദേശീയ ക്യാമ്പില്‍ അമിതമായ പരിശീലനം നല്‍കിയതിന്റെ ഫലമാണ് ഇതെന്ന് അവന്‍ തിരിച്ചറിഞ്ഞു. 55 കിലോഗ്രാം സ്‌കോട്ട് ചെയ്തിരുന്ന നിഖിലിന് 80 കിലോഗ്രാം സ്‌കോട്ടാണ് അവിടെ ചെയ്യിപ്പിച്ചത്. ഇത് പതിയെ പരിക്കിലേക്ക് നയിച്ചു. കുതികാല്‍ വേദനയും മസില്‍ പുള്ളും അവനെ അലട്ടി. പതിയെ പോഡിയത്തില്‍ നിന്ന് ട്രാക്കിലെ പിന്‍നിരയിലേക്ക് അവന്റെ സ്ഥാനം മാറി.

പണ്ട് പത്താം ക്ലാസ് കഴിഞ്ഞ് കോളെജിലെത്തുന്ന താരത്തിന് കുറച്ചു കൂടി മെച്ചപ്പെട്ട കായികാദ്ധ്യാപകരും സൗകര്യങ്ങളുമാണ് കാത്തിരിക്കുന്നത്. എന്നാല്‍ ഇന്ന് പത്താം ക്ലാസും പ്ലസ്ടുവും കഴിഞ്ഞാണ് കോളെജിലേക്കെത്തുന്നത്. ഇത് കായിക രംഗത്തെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് പോകുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.അത്‌ലറ്റിക്‌സിലേക്ക് വരുന്നത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലെ കുട്ടികളാണ്. ചെറുപ്രായത്തില്‍ ശരിയായ പോഷണം ലഭിക്കാതെ വളരുന്ന ഈ കുട്ടികളുടെ ശരീരത്തിലേക്കാണ് അമിത പരിശീലനത്തിന്റെ ഭാരം പരിശീലകര്‍ എടുത്തു വച്ചു കൊടുക്കുന്നത്. ഏഷ്യന്‍ ഗെയിംസ്, ഒളിമ്പിക്‌സ് തുടങ്ങിയ ദീര്‍ഘ കാല ലക്ഷ്യം വച്ചു വേണം കുട്ടികളെ പരിശീലിപ്പിക്കേണ്ടത്. അതിനുള്ള ശാസ്ത്രീയമായ പരിശീലനം നല്‍കുന്നതിന് പകരം കടും വെട്ടാണ് ഇന്നത്തെ സ്‌കൂള്‍ ട്രാക്കുകളില്‍ നടക്കുന്നത്.

സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വീടുകളില്‍ നിന്നുള്ള കുട്ടികളില്‍ അവര്‍ക്ക് ചെറുപ്രായത്തില്‍ ലഭിച്ച പോഷണത്തിന്റെ ഫലം കാണാറുണ്ടെന്ന് പി ടി ഉഷ പറയുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ സ്‌കൂള്‍, കോളെജ് തലത്തില്‍ നേടിയ മെഡലുകളുടെ പിന്‍ബലത്തില്‍ റെയില്‍വേ, സര്‍വീസസ്, എഫ് സി ഐ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് പോകുകയും ചെയ്യുന്നു. ഇതേതുടര്‍ന്ന് അവരില്‍ ഭൂരിപക്ഷം പേരുടേയും കായിക ജീവിതത്തിന്റെ ട്രാക്ക് തെറ്റുകയും ചെയ്യുന്നു. സ്‌കൂളുകള്‍ക്കുവേണ്ടി മെഡല്‍ നേടിയിരുന്ന അവര്‍ പിന്നെ ആ സ്ഥാപനങ്ങളുടെ ഷെല്‍ഫുകളില്‍ നിറയ്ക്കാനുള്ള മെഡലുകള്‍ കൊണ്ടു വരികയെന്ന ലക്ഷ്യം മാത്രമാകും ഉണ്ടാകുക.

സ്‌കൂളുകളിലെ പരിശീലകരുടെ നിലവാരമില്ലായ്മയും ലോക നിലവാരത്തിലേക്ക് അവര്‍ക്ക് എക്‌സ്‌പോഷര്‍ ലഭിക്കാത്തതും കുട്ടികളേയും ബാധിക്കും. താന്‍ പരിശീലകനായിരുന്നപ്പോള്‍ വിദേശത്തു നിന്ന് പരിശീലനത്തെ സംബന്ധിച്ച കോഴ്‌സ് മെറ്റീരിയലുകള്‍ സംഘടിപ്പിക്കുമായിരുന്നുവെന്ന് ഔസേപ്പ് ഓര്‍ക്കുന്നു. പക്ഷേ ഇന്ന് എത്ര അധ്യാപകര്‍ ഇത് ചെയ്യുന്നുണ്ട്.

കുരുന്നിലേ പിടികൂടുകയെന്ന മന്ത്രം നാഴികയ്ക്കു നാല്‍പ്പതു വട്ടം ഉരുവിടുന്ന കായിക മേലാളന്‍മാര്‍ ഇതൊന്നും കാണുകയില്ല.

കേരളത്തില്‍ നിന്നും അന്താരാഷ്ട്ര തലത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നതില്‍ ടിന്റു ലൂക്കയ്ക്കുശേഷം മറ്റാരുടേയെങ്കിലും പേര് പെട്ടെന്ന് ഓര്‍മ്മ വരുമോ. ഉണ്ടാകില്ല. കാരണം മറ്റുള്ളവര്‍ എല്ലാം ലക്ഷ്യബോധവും ആരോഗ്യവും നഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കുന്നുണ്ട്. കായിക മാമാങ്കങ്ങള്‍ നടക്കുമ്പോള്‍ പഴയ സ്‌കൂള്‍ താരങ്ങള്‍ മണ്ണ് ചുമക്കുന്നതിന്റേയും വാര്‍ക്ക പണിയെടുക്കുന്നതിന്റേയും കണ്ണീര്‍ക്കഥകള്‍ പത്രങ്ങളില്‍ വായിക്കാറില്ലേ.

കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ നടത്തത്തില്‍ 10ആം സ്ഥാനത്ത് എത്തിയ കെ ടി ഇര്‍ഫാനും ഇപ്പോള്‍ ദീര്‍ഘദൂര മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുകയും ഒളിമ്പിക് യോഗ്യത നേടുകയും ചെയ്ത ഒപി ജയ്ഷയും ഒന്നും സ്‌കൂള്‍ ഗെയിംസുകളുടെ കണ്ടുപിടിത്തങ്ങള്‍ അല്ലെന്ന കാര്യം കൂടി ചേര്‍ത്തു വായിക്കുമ്പോഴേ നമ്മുടെ സ്‌കൂള്‍ ട്രാക്കുകളില്‍ സംഭവിക്കുന്ന ദുരന്തത്തിന്റെ ചിത്രം മനസ്സിലാകുകയുള്ളൂ.

(അഴിമുഖം അസിസ്റ്റന്റ് എഡിറ്ററാണ് കെ സി അരുണ്‍)

(ഫോട്ടോകള്‍ സക്കീര്‍ ഹുസൈന്‍)

Next Story

Related Stories