TopTop
Begin typing your search above and press return to search.

സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ നിന്ന്‍ എന്തു പഠിക്കാനാണ് സിപിഎം ശ്രമിക്കുന്നത്?

സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ നിന്ന്‍ എന്തു പഠിക്കാനാണ് സിപിഎം ശ്രമിക്കുന്നത്?

ജേക്കബ് സുധീര്‍

കേരളത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഉണ്ണിക്കണ്ണന്മാരും രാധമാരും അവരുടെ കുടുംബാംഗങ്ങളും കാണാന്‍ എത്തുന്നവരും സംഘപരിവാര്‍ രാഷ്ട്രീയം പിന്തുടരുന്നവരാണെന്ന ധാരണ വച്ച് പുലര്‍ത്തുന്നവരാണ് കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മുകാര്‍. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ബിജെപി ഇതിനോടകം 20-ല്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ വിജയിച്ചേനെ. എന്നാല്‍ കാവി മുണ്ട് ഉടുക്കുന്നവരും നെറ്റിയില്‍ കുങ്കുമം അണിയുന്നവരും സംഘപരിവാര്‍ അണികള്‍ ആണെന്ന ധാരണ തിരുത്തിയതും സിപിഎം അണികളായിരുന്നു. ആദ്യം അവര്‍ കാവി മുണ്ടുടുത്ത് ആ ധാരണ തിരുത്തി എങ്കില്‍ പിന്നീട് അതിന്റെ കളര്‍ ചുവപ്പാക്കി മാറ്റി. അനുകരണങ്ങള്‍ അവിടെ കൊണ്ടും അവസാനിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ സിപിഎം, ആര്‍എസ്എസ്സിനെ പ്രതിരോധിക്കുകയല്ല, ആര്‍എസ്എസ്സിനെ അനുകരിക്കുകയാണ് ചെയ്യുന്നത്. ഏതെങ്കിലും ആശയത്തെ പ്രതിരോധിക്കാന്‍ വേണ്ടി അതേ ആശയപ്രചാരണത്തിനുപയോഗിക്കുന്ന മാര്‍ഗങ്ങള്‍ തന്നെ തിരഞ്ഞെടുത്തു പ്രതിരോധിക്കുന്നു എന്ന് പറയുന്ന കലാപരിപാടികളെ അവര്‍ ചിലപ്പോള്‍ അടവ് നയം എന്നൊക്കെ ആലങ്കാരികമായി വിളിച്ചേക്കാം. എങ്കിലും നഗ്‌നമായ ഈ അനുകരണങ്ങള്‍ സിപിഎം രാഷ്ട്രീയത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കാന്‍ പോകുന്നത് എന്ന് നിസംശയം പറയാനാകും.

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം കേരളത്തില്‍ ആഴത്തില്‍ വേരൂന്നാന്‍ കാരണം അവരുടെ ആശയങ്ങളിലെ വ്യക്തതയും കാര്‍ക്കശ്യവും ചില ജനപക്ഷ നിലപാടുകളും കൊണ്ടാണെങ്കില്‍ അധികാരരാഷ്ട്രീയത്തിന്റെ അനന്ത സാധ്യതകള്‍ അക്കാലത്തെ നേതാക്കളുടെ സ്വപ്നങ്ങളെ അത്ര കണ്ടു സ്വാധീനിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആരും കമ്മ്യൂണിസ്‌റ് ആശയങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ കാലം കഴിയുംതോറും അധികാര രാഷ്ട്രീയത്തിന്റെ അനന്ത സാധ്യതകള്‍ ആശയങ്ങളില്‍ അല്‍പ്പ സ്വല്‍പ്പം മായം കലരാന്‍ ഇടയാക്കി എന്ന് തെളിയിക്കുന്നതാണ് ഇടക്കിടെ പാര്‍ട്ടി കോണ്‍ഗ്രസിലും പ്ലീനങ്ങളിലും ഇറങ്ങുന്ന പെരുമാറ്റ ചട്ടങ്ങളും അണികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങളും. അങ്ങനെയൊരു അവസ്ഥ നിലനില്‍ക്കെ സംഘപരിവാര്‍ രീതികളും മറ്റും ജനത്തെ വലിയ തോതില്‍ സ്വാധീനിക്കാന്‍ പറ്റുന്നവയാണ് എന്ന് സി പി എം നേതൃത്വം മനസിലാക്കി തുടങ്ങിയത് എന്നു മുതല്‍ എന്ന് വ്യക്തമല്ല.

പാര്‍ലമെന്റില്‍ വെറും രണ്ട് എംപിമാര്‍ മാത്രമുണ്ടായിരുന്ന ബിജെപിക്ക് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം ഉത്തരേന്ത്യന്‍ ബെല്‍റ്റില്‍ ലഭിച്ചു എങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അവര്‍ക്കിപ്പോഴും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ല. ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും അവരുടെ വോട്ട് കൂടുന്നുണ്ട്. അതൊക്കെ കേവലം അവര്‍ ജന്മാഷ്ടമി പോലുള്ള ആഘോഷങ്ങള്‍ ആഘോഷിക്കുന്നത് കൊണ്ടാണെന്ന മണ്ടത്തരം വച്ച് പുലര്‍ത്തുന്നവരാവില്ല സിപിഎം നേതൃത്വം. എന്നിട്ടുമെന്തേ കഴിഞ്ഞ വര്‍ഷം മുതല്‍ സമാന്തര ശ്രീകൃഷ്ണ ജയന്തി ആഘോഷം, മതേതര ശ്രീകൃഷ്ണ ജയന്തി ആഘോഷം എന്ന പേരിലും പിന്നീട് അത് വലിയ തോതില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലെ വ്യതിചലനമായി വിമര്‍ശനമുയര്‍ന്നപ്പോള്‍ ഈ വര്‍ഷം ചട്ടമ്പിസ്വാമി ജയന്തി എന്ന പേരിലും ആഘോഷിക്കാന്‍ പാര്‍ട്ടി തയ്യാറായത്?
ബി ജെ പിയുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് കാരണം രാമക്ഷേത്ര നിര്‍മ്മാണ അവകാശവാദവും തീവ്രഹിന്ദുത്വ ആശയങ്ങളും മാത്രമല്ല, ഉത്തരേന്ത്യന്‍ ബെല്‍റ്റിലുണ്ടായ മറ്റു സോഷ്യലിസ്റ്റ് കക്ഷികളുടെ അധ:പതനവും യുപിഎയുടെ അവസാന നാളുകളിലെ അഴിമതി ആരോപണങ്ങളും എല്ലാം ഫലത്തില്‍ ബി ജെ പി രാഷ്ട്രീയത്തിന് അനുകൂലമായി; എങ്കിലും ഇതൊരു ശാശ്വതമായ മാറ്റമാണെന്ന് പ്രവചിക്കുക അസാധ്യം. ഇതിനു മുന്‍പും മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഹിമാചലിലും എല്ലാം ബിജെപി ഭരിച്ചിരുന്നതും അതിനു ശേഷം കോണ്‍ഗ്രസ് തിരിച്ചു വന്ന ചരിത്രവും നമുക്ക് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ ഒരു തിരഞ്ഞെടുപ്പ് വിധി കൊണ്ട് അളക്കാവുന്നതല്ല ദേശീയ രാഷ്ട്രീയവും പ്രാദേശിക രാഷ്ട്രീയവും.

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ശേഷം ആം ആദ്മി പാര്‍ട്ടി മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. എന്നാല്‍ അവര്‍ വിജയം ഉറപ്പിച്ചത് ഇന്ദ്രപ്രസ്ഥത്തില്‍ ശക്തമായ സ്വാധീനമുള്ള സംഘപരിവാര്‍ രാഷ്ട്രീയമോ രീതികളോ അനുകരിച്ചായിരുന്നില്ല. മറിച്ച് ജനപക്ഷ രാഷ്ട്രീയവും മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത സ്വരാജ് സങ്കല്‍പ്പങ്ങളും മുന്നോട്ടു വച്ചു കൊണ്ടായിരുന്നു. അതിനാല്‍ത്തന്നെ അന്ന് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന പ്രകാശ് കാരാട്ട് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും സിപിഎമ്മിന് കുറെ പഠിക്കാനുണ്ട് എന്ന് പറഞ്ഞപ്പോള്‍ ആരും നെറ്റി ചുളിച്ചില്ല. എന്നാല്‍ സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ നിന്നും എന്തെങ്കിലും പഠിക്കാനുണ്ട് എന്ന് പറയാതെ തന്നെ അവരെ കണ്ണും പൂട്ടി അനുകരിക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്‌റ് നേതൃത്വം അപകടകരമായ ഒരു ദിശയിലേക്കാണ് പാര്‍ട്ടിയെ കൊണ്ട് പോകുന്നത് എന്ന തിരിച്ചറിവ് ഉണ്ടാകാന്‍ ഇനിയും വൈകരുത്.

ശ്രീകൃഷ്ണ ജയന്തി ആഘോഷം എത്രയോ വര്‍ഷങ്ങളായി ബാലഗോകുലത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിപ്പോരുന്നതാണ്. ഒരു വര്‍ഷം ആ ആഘോഷം കഴിഞ്ഞാല്‍ പിന്നെ അടുത്ത വര്‍ഷമാണ് ആ ആഘോഷം നടക്കാറ്. ഉണ്ണിക്കണ്ണന്മാരെ അണിയിച്ചൊരുക്കിയ ആ ഘോഷയാത്രക്ക് കുഞ്ഞുങ്ങളെ വിടുന്നത് ആരും മോഹന്‍ ഭഗവതിനെയും നരേന്ദ്ര മോദിയേയോ മനസ്സില്‍ കണ്ടു കൊണ്ടല്ല.

ഹിന്ദുമത വിശ്വാസികളുടെ ഇടയിലെ ഏറ്റവും ആരാധ്യനായ കൃഷ്ണ ഭഗവാനോടുള്ള ഭക്തിയോ ആരാധനയോ അല്ലെങ്കില്‍ കുഞ്ഞുങ്ങളെ ഉണ്ണിക്കണ്ണന്മാരായി അണിയിച്ചൊരുക്കി കാണാനുള്ള മാതാപിതാക്കളുടെ കൗതുകമോ മറ്റോ ആകാം കുഞ്ഞുങ്ങളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കാന്‍ വിടുന്നത്. അതൊക്കെ കുഞ്ഞു മനസ്സില്‍ വര്‍ഗീയത കുത്തി വെക്കാനുള്ള ശ്രമങ്ങള്‍ എന്ന് പറഞ്ഞാല്‍ അവിശ്വസനീയമാണ് അത്തരം വാദങ്ങള്‍. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കാണാന്‍ നാനാ ജാതി മതസ്ഥര്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വഴിയോരത്തു കാത്തു നില്‍ക്കുന്നത് സംഘപരിവാര്‍ രാഷ്ട്രീയത്തോടുള്ള മമത കൊണ്ടോ അവരോടുള്ള ഐക്യദാര്‍ഢ്യം കൊണ്ടോ അല്ല. മറിച്ച് ഒരു കാര്‍ണിവല്‍ നടക്കുമ്പോഴുണ്ടാകുന്ന ഘോഷയാത്രയിലെ വര്‍ണ്ണ വൈവിധ്യങ്ങളും ടാബ്ലോയും കാണുന്ന കൗതുകത്തോടെയാണ് ജന്മാഷ്ടമി ഘോഷയാത്രയും നാളിതു വരെ എല്ലാരും കരുതിപ്പോന്നിരുന്നത്.

ജന്മാഷ്ടമി ഘോഷയാത്രയില്‍ യുവാക്കളെ ആകര്‍ഷിക്കാനുള്ള എന്തോ ഒന്നുണ്ടെന്ന കരുതിപ്പോന്ന സിപിഎം ആണ് അവരെ അനുകരിച്ച് യുവാക്കളെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സമാന്തര ഘോഷയാത്രകള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചതും അതിനു വ്യാഖ്യാനങ്ങളും ന്യായീകരണങ്ങളും നിരത്താന്‍ ശ്രമിച്ചതും. എന്നാല്‍ അവരുടെ അനുകരണങ്ങള്‍ അവിടം കൊണ്ടും തീരുന്നില്ല എന്ന് സമീപകാല രീതികള്‍ പരിശോധിച്ചാല്‍ മനസിലാകും. റെഡ് വോളണ്ടിയര്‍മാരുടെ യൂണിഫോം കാക്കി പാന്റും ചുവപ്പ് ഷര്‍ട്ടും ആയിരുന്നു എങ്കില്‍ സമീപകാലത്ത് അവരുടെ കൈകളില്‍ ഒരു വടി കൂടി കാണാന്‍ തുടങ്ങി. എത്രയോ കാലങ്ങളായി ആര്‍എസ്എസ് ശാഖകളില്‍ അവരുടെ അഭ്യാസമുറകള്‍ക്കായി അവരുപയോഗിക്കുന്ന കുറുവടി എന്നാക്ഷേപിച്ച വടികള്‍ റെഡ് വാളന്റീയര്‍മാരുടെ കൈകളില്‍ എങ്ങനെ എത്തി? എന്തുകൊണ്ട് എത്തി? എന്ന ചോദ്യത്തിനുത്തരം ആര്‍എസ്എസ് ആശയങ്ങളെ പ്രതിരോധിക്കാന്‍ എന്നാണെങ്കില്‍ അതവരെ അനുകരിച്ചതാണ് എന്നല്ലേ അതിന്റെ ശരിയായ അര്‍ഥം? അനുകരണങ്ങള്‍ ഘോഷയാത്രയിലും വോളന്‍റിയര്‍മാരുടെ കൈകളില്‍ വടി കൊടുത്തു കൊണ്ടും തീരുന്നില്ല. മതേതര യോഗയും കണ്ണൂരില്‍ വച്ച് നടന്ന ആയോധന പരിശീലനങ്ങളും എല്ലാം നഗ്‌നമായ അനുകരണങ്ങളില്‍ ചിലതു മാത്രം.

സ്വാതന്ത്ര്യാനന്തര കേരളത്തില്‍ നിലനിന്ന സാമ്പത്തിക, സാമൂഹിക അവസ്ഥയല്ല ഇന്ന് കേരളത്തില്‍ നിലവിലുള്ളത്. അതുകൊണ്ട് തന്നെ അന്നത്തെ കമ്മ്യൂണിസ്റ്റ് മുദ്രാവാക്യങ്ങള്‍ പലതും ഇന്ന് പ്രായോഗികമല്ല. അതിനാല്‍ത്തന്നെ പാര്‍ട്ടി ഒരു ആശയ പ്രതിസന്ധി നേരിടുന്നുണ്ട്. എന്നാല്‍ അതിനു പരിഹാരം മറ്റാശയങ്ങളുടെ അനുകരണമാണെന്ന് കരുതുന്നതിലും വലിയ അപചയം മറ്റൊന്നില്ല. നാളിതുവരെ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന സമരങ്ങളോ ബഹുജന പ്രക്ഷോഭങ്ങളോ നടത്താന്‍ ആര്‍ എസ് എസ്‌ - സംഘപരിവാര്‍ രാഷ്ട്രീയത്തിനു കഴിഞ്ഞിട്ടില്ല. ബഹുജന അടിത്തറയുള്ള ഈ കാലത്തും വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്താന്‍ പറ്റുന്ന ഒരു സംഘടന, കേവല പ്രതിരോധ വാദത്തിന്റെ പേരില്‍ അവരെ അനുകരിക്കാന്‍ പോകുന്നത് നിര്‍ത്തി തങ്ങളുടെ ആശയങ്ങള്‍ പോളിഷ് ചെയ്ത് കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്താല്‍ തിളങ്ങുമെന്നുറപ്പുള്ള നേതൃത്വമാണ് ഇവിടെ വേണ്ടത്. അവരുടെ അടവുനയങ്ങളൊക്കെ കാണാനും കേള്‍ക്കാനും തന്നെയാകും കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് വിയോജിപ്പുള്ള, മറ്റു കക്ഷി രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പോലും താല്‍പര്യം.


(മാഹി സ്വദേശിയായ ജേക്കബ് സുധീര്‍ ദുബായില്‍ ഷിപ്പിംഗ് കമ്പനിയില്‍ ഓപ്പറേഷന്‍ മാനേജറായി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories