TopTop
Begin typing your search above and press return to search.

ഇനിയൊരു മകന്റെ ശവം കൂടി മണ്ണിനടിയിലേക്ക് തള്ളേണ്ട ഗതികേട് ഉണ്ടാക്കരുതേ; ഒരമ്മയുടെ അപേക്ഷയാണ്‌

ഇനിയൊരു മകന്റെ ശവം കൂടി മണ്ണിനടിയിലേക്ക് തള്ളേണ്ട ഗതികേട് ഉണ്ടാക്കരുതേ; ഒരമ്മയുടെ അപേക്ഷയാണ്‌

നെയ്യാറ്റിന്‍കരയില്‍ നിന്നും ഏകദേശം പത്ത് കിലോമീറ്റര്‍ പോകുമ്പോള്‍ വ്‌ളാത്തങ്കര കഴിഞ്ഞ് പൂഴിക്കുന്നില്‍ വാട്ടര്‍ ടാങ്കിന് പിന്നില്‍ ഒരു വീടുണ്ട്. ആ വീട്ടില്‍ വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരമ്മയുണ്ട്. ആ അമ്മയുടെ പേര് രമണിയെന്നാണ്. സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ 764 ദിവസങ്ങളായി ഒറ്റയാള്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ അമ്മയാണ് രമണി. ശ്രീജിത്തിന്റെ സമരം ഇന്ന് കേരള സമൂഹം ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യല്‍ മീഡിയ പറയുന്നത് പോലെ ശ്രീജിത്ത് എന്ന 'ഏട്ടനെ' മാത്രമല്ല കാണേണ്ടത്. ഈ അമ്മയുടെ കണ്ണീര് കൂടി നാം കാണേണ്ടതുണ്ട്. ഈ കണ്ണീരിന് കാരണക്കാര്‍ ജീര്‍ണിച്ച നമ്മുടെ സംവിധാനമാണെന്ന് ഓര്‍ത്ത് ഒരുവട്ടമെങ്കിലും കുറ്റബോധം തോന്നേണ്ടതുണ്ട്. ഒരു മകന്‍ മരിച്ചു, അവന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു മകന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ 'ചാവാന്‍' കിടക്കുന്നു. അതാണ് ഈ അമ്മയുടെ അവസ്ഥ.

ശ്രീജിത്ത് ഭക്ഷണം കഴിച്ചും കഴിക്കാതെയും സമരം ചെയ്യുമ്പോള്‍ ഈ അമ്മ ഉള്ളില്‍ തീയുമായാണ് പൂഴിക്കുന്നിലെ ആ ചെറിയ വീട്ടില്‍ കഴിയുന്നത്. വീട്ടിലെത്തിയ അഴിമുഖം പ്രതിനിധിയോട് ആ അമ്മ തന്റെ ആശങ്കകളെല്ലാം പങ്കുവച്ചു. ശ്രീജീവിനെ ലോക്കപ്പിലിട്ട് കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണമെന്ന് എന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ തന്നെ രമണിയുടെ മൂത്തമകന്‍ ശ്രീജുവിനെ ഒരു ലോറി ഇടിച്ചു തെറിപ്പിച്ചിരുന്നു. ആറ് മാസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയ ശ്രീജു ഇപ്പോള്‍ ഒരു പെട്രോള്‍ പമ്പില്‍ ജോലിയ്ക്ക് പോയി തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല.. രണ്ടാമത്തെ മകനായ ശ്രീജിത്ത് ആണ് ഏറ്റവും ഇളയവനായ ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്. ശ്രീജീവിന്റെ മരണത്തില്‍ നഷ്ടപരിഹാര തുക കിട്ടിയതല്ലേ? ഇനിയുമെന്തിന് ഈ സമരം? ശ്രീജിത്തിന് സര്‍ക്കാര്‍ ജോലി കിട്ടാന്‍ വേണ്ടിയാണോ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഈ അമ്മയ്ക്ക് പറയാനുള്ളത് ഇതൊക്കെയാണ്;

. 'പത്ത് ലക്ഷം രൂപയ്ക്ക് വേണ്ടിയല്ല ഞാനെന്റെ മോനെ പ്രസവിച്ച് വളര്‍ത്തിയത്. എന്നെ മണ്ണിനടിയിലേക്ക് വയ്‌ക്കേണ്ടവനാണ് ഇന്ന് മണ്ണിനടിയില്‍ കിടക്കുന്നത്. ഇപ്പോള്‍ എല്ലാദിവസവും എഴുന്നേല്‍ക്കുമ്പോള്‍ ആദ്യം കാണുന്നത് എന്റെ മോന്റെ ശവക്കല്ലറയാണ്. എന്തെങ്കിലും രോഗം വന്നോ അപകടത്തിലോ അല്ല എന്റെ മോന്‍ മരിച്ചത്. അച്ഛന്‍ മരിച്ചിട്ടും ഞാന്‍ കഷ്ടപ്പെട്ട് വളര്‍ത്തിയ എന്റെ മോനെ പോലീസുകാര്‍ കൊന്നതാണ്. അതെങ്ങനെ ഒരു അമ്മയ്ക്ക് താങ്ങാനാകും. ജോലി കിട്ടാനായാണ് ശ്രീജിത്ത് ഈ സമരം നടത്തുന്നതെങ്കിലും ആരോഗ്യം നശിപ്പിച്ച് ഇത്തരത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കിടക്കേണ്ട കാര്യമില്ലല്ലോയെന്നും രമണി ചോദിക്കുന്നു. ശ്രീജീവിന്റെ നഷ്ടപരിഹാരമായി ലഭിച്ച തുക പോലും കൈപ്പറ്റാന്‍ തയ്യാറാകാതിരുന്നവനാണ് ശ്രീജിത്ത്. ആ പണം കൂടി അവന്‍ തന്റെ പേരില്‍ നിക്ഷേപിക്കുകയാണ് ചെയ്തത്. വിസ്മയ സ്റ്റുഡിയോയില്‍ ജോലി ചെയ്താണ് ഡിഗ്രി പൂര്‍ത്തിയാക്കിയത്. ഏത് ജോലിയും ചെയ്യാന്‍ മടിയുമുണ്ടായിരുന്നില്ല.

ജസ്റ്റിസ് നാരായണ കുറുപ്പിന്റെ നേതൃത്വത്തിലുള്ള പോലീസ് കംപ്ലെയിന്റ് അതോറിറ്റി കുറ്റക്കാരാണെന്ന് വിധിയെഴുതിയ അന്നത്തെ പാറശാല സിഐ ഗോപകുമാര്‍, എഎസ്‌ഐ ഫിലിപ്പോസ്, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പ്രതാപചന്ദ്രന്‍, വിജയദാസ്, വ്യാജരേഖ ചമച്ച എസ്‌ഐ ഡി ബിജുകുമാര്‍ എന്നിവരെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാണ് അന്നത്തെ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ ഉത്തരവിട്ടത്. എന്നാല്‍ ഈ ഉദ്യോഗസ്ഥരെല്ലാം പല സ്റ്റേഷനുകളിലായി ഇപ്പോഴും പോലീസില്‍ തന്നെയുണ്ട്. കുറ്റക്കാരായ പോലീസുകാര്‍ പ്രമോഷനോടെയാണ് മറ്റ് സ്‌റ്റേഷനുകളിലേക്ക് മാറിപ്പോയത്. ഞങ്ങളുടെ പാര്‍ട്ടിയാണ് ഭരിക്കുന്നത് അതുകൊണ്ട് ഞങ്ങള്‍ക്കൊന്നും സംഭവിക്കില്ലെന്നാണ് ആ പോലീസുകാര്‍ തന്നെ ഇപ്പോള്‍ നാട്ടില്‍ മുഴുവന്‍ പറഞ്ഞു നടക്കുന്നത്. ഇതില്‍ ഫിലിപ്പോസ് എന്നയാള്‍ പെന്‍ഷനായെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവര്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ ശ്രീജിത്ത് സമരം അവസാനിപ്പിച്ച് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവനെയും ഇവര്‍ അപയാപ്പെടുത്തുമോയെന്ന ഭയമുണ്ട്. കാരണം അത്രമാത്രം കരുത്തരും സ്വാധീനമുള്ളവരുമാണ് ഇവര്‍. ശ്രീജീവിന്റെ കേസില്‍ തങ്ങള്‍ക്കൊന്നും സംഭവിച്ചില്ലെന്ന ധാര്‍ഷ്ട്യത്തിലാണ് ഇവര്‍ പൊതുജനമധ്യത്തില്‍ ജീവിക്കുന്നതും. സ്വന്തം ശമ്പളത്തില്‍ നിന്നും നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ അവര്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിരുന്നു. എന്നിട്ടും നളിനി മേഡത്തിന്റെ ഇടപെടല്‍ മൂലം ഞങ്ങള്‍ക്ക് ആ തുക ലഭിച്ചു. പണത്തേക്കാള്‍ എനിക്ക് വലുത് എന്റെ മകന്റെ ജീവന്‍ തന്നെയാണ്.

സര്‍ക്കാര്‍ സംരക്ഷിക്കുന്നത് ഇവിടെ കുറ്റക്കാരെയാണ്. പോലീസുകാര്‍ക്ക് ആരോടും എന്തും ചെയ്യാമെന്നാണ് ഇവിടുത്തെ അവസ്ഥ. ബിഎ വരെ പഠിച്ചവനാണ് ശ്രീജിത്ത്. കൂട്ടുകാരനെ പോലെ ജീവിച്ചിരുന്ന ശ്രീജീവ് മരണ വെപ്രാളത്തോടെ ആശുപത്രി കിടക്കയില്‍ കിടന്ന് പിടഞ്ഞത് അവന്റെ മുന്നില്‍ വച്ചാണ്. അവന്‍ ആ മരണം എങ്ങനെ സഹിക്കും? ജിഷ്ണുവിന്റെ കേസും ഇവന്റെ കേസും ഒരുമിച്ചാണ് സിബിഐയ്ക്ക് വിട്ടത്. ആ കേസ് സിബിഐ അന്വേഷിക്കില്ലെന്ന് വന്നപ്പോള്‍ സുപ്രിംകോടതി വരെ പോയി വാദിക്കാന്‍ ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ അതിനുള്ള സാമ്പത്തികമോ സ്വാധീനമോ ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ക്ക് പ്രതീക്ഷ ഇവിടുത്തെ സര്‍ക്കാരില്‍ മാത്രമാണ്. സിബിഐ അന്വേഷണം ഏറ്റെടുത്തുവെന്ന് ഉറപ്പു നല്‍കുന്ന അറിയിപ്പ് ഞങ്ങള്‍ക്ക് ലഭിച്ചാല്‍ എന്റെ മോനെ ആ സെക്രട്ടേറിയറ്റിന്റെ മുന്നില്‍ പട്ടിണി കിടക്കാന്‍ ഞാന്‍ സമ്മതിക്കില്ല. അവനും സമരം നിര്‍ത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഈ കേസില്‍ നിന്നും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ വേണ്ടിയാണ് എന്റെ മൂത്ത മോനെ അപകടത്തില്‍ പെടുത്തിയത്. ഇപ്പോഴും അവന് കഠിനമായ ഒരു ജോലിയും ചെയ്യാനാകില്ല. അതുകൊണ്ടാണ് മുമ്പ് കൂലിവേല ചെയ്തിരുന്ന അവന്‍ ഇപ്പോള്‍ പെട്രോള്‍ പമ്പില്‍ പോകുന്നത്. പോലീസ് കംപ്ലയിന്റ് അതോറിറ്റി കേസില്‍ മൊഴിയെടുത്തു കൊണ്ടിരുന്ന കാലത്താണ് ശ്രീജുവിന് അപകടം സംഭവിച്ചത്. അത്രയും കാലം മൊഴിനല്‍കാന്‍ എല്ലാവരെയും വിളിച്ചിരുന്നെങ്കിലും ഫിലിപ്പോസ് മാത്രമാണ് ഹാജരായിരുന്നത്. എന്നാല്‍ ശ്രീജുവിന് അപകടം സംഭവിച്ചതിന് ശേഷമുണ്ടായ ഹിയറിംഗില്‍ എല്ലാവരും എത്തിച്ചേര്‍ന്നു. ഞാനും ശ്രീജിത്തും ശ്രീജുവിനൊപ്പം ആശുപത്രിയിലായിരിക്കുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ ഞാന്‍ ആശുപത്രിയില്‍ നില്‍ക്കുകയും ശ്രീജിത്ത് ഹിയറിംഗിന് പോകുകയും ചെയ്തു. അവന്‍ വന്ന് പറഞ്ഞപ്പോഴാണ് ആദ്യമായി എല്ലാവരും എത്തിയത് ഞാന്‍ അറിഞ്ഞത്. ഞങ്ങള്‍ കേസില്‍ നിന്നും പിന്മാറാന്‍ ഈ ആക്‌സിഡന്റ് അവര്‍ സൃഷ്ടിച്ചതാണെന്ന് ഞങ്ങള്‍ കരുതാന്‍ കാരണം അതാണ്.

സിബിഐ അന്വേഷണത്തെ ഇവര്‍ എന്തിനാണ് പേടിക്കുന്നത്. അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരല്ലെന്ന് കണ്ടാല്‍ അവര്‍ക്ക് തിരികെ സര്‍വീസില്‍ വരാമല്ലോ? ഇപ്പോഴത്തെ സര്‍ക്കാരിനെ മാത്രം ഞങ്ങള്‍ കുറ്റം പറയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ശ്രീജീവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. 'ഇവിടെ ഇങ്ങനെ കിടന്ന് മഴ നനഞ്ഞാല്‍ വല്ല പനിയും പിടിക്കും, എഴുന്നേറ്റ് വീട്ടില്‍ പോടാ' എന്നാണ് പരാതികളുമായി അദ്ദേഹത്തെയും മുഖ്യമന്ത്രിയെയുമെല്ലാം സമീപിക്കുമ്പോള്‍ അദ്ദേഹം പരിഹസിച്ചുകൊണ്ട് പറഞ്ഞത്. ഗുരുതരമായ ഒട്ടനവധി കുറ്റകൃത്യങ്ങള്‍ ചെയ്ത എത്രയോ പേര്‍ ഇപ്പോഴും സ്വതന്ത്രമായി ഈ സമൂഹത്തില്‍ തന്നെ ജീവിക്കുന്നു. അവരോടൊന്നും പോലീസ് എന്റെ മകനോട് ചെയ്തതുപോലെ ചെയ്യുന്നില്ലല്ലോ? അവരെയെല്ലാം സംരക്ഷിക്കുകയല്ലേ ഇവിടുത്തെ സംവിധാനങ്ങള്‍ ചെയ്യുന്നത്. സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കാനല്ലേ ഈ സംവിധാനങ്ങളെല്ലാം വേണ്ടത്.

ഇപ്പോള്‍ ഈ കേരളത്തിലെ നാട്ടുകാരെല്ലാവരും എനിക്കും എന്റെ മോനും ഒപ്പമുണ്ടെന്ന് അറിയുമ്പോള്‍ സത്യത്തില്‍ കരച്ചില്‍ വരുന്നു. നഷ്ടപ്പെടുമെന്ന് പേടിച്ചിരിക്കുന്ന ഈ മോനെയെങ്കിലും എനിക്ക് തിരിച്ചുകിട്ടുമെന്ന് ഇപ്പോള്‍ തോന്നുന്നു. ഇനി ഞങ്ങള്‍ക്ക് നീതി നിഷേധിക്കാന്‍ ആര്‍ക്കും ആകില്ല. അതിന് ആരോടൊക്കെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല. നിങ്ങള്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ എന്റെ രണ്ടാമത്തെ മോന്‍ അധികൃതരുടെ മുന്നില്‍ ആ സെക്രട്ടേറിയറ്റ് പടിക്കല്‍ മരിച്ചു കിടക്കുന്നതും ഞാന്‍ കാണേണ്ടി വരുമായിരുന്നു. അവന്റെ ശരീരവും മണ്ണിനടിയിലേക്ക് തള്ളേണ്ട ഗതികേട് എനിക്ക് വരുമായിരുന്നു'.

ഈ ഒറ്റമുറി വീട്ടിലേക്ക് കയറുമ്പോള്‍ തന്നെ ഭിത്തി അലമാരയില്‍ ശ്രീജിത്ത് നേടിയ സമ്മാനങ്ങള്‍ കാണാം. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ആരംഭിക്കുന്നതിന് മുമ്പ് വരെയും ജിമ്മില്‍ പോയി ആരോഗ്യം സംരക്ഷിച്ചിരുന്ന ശ്രീജിത്ത് ബോഡി ബില്‍ഡിംഗ് മത്സരങ്ങളിലും മറ്റും പങ്കെടുക്കുകയും ജേതാവാകുകയും ചെയ്തിരുന്നു. അവിടെയെല്ലാം തുണയായി പോയ ശ്രീജീവിന്റെ മരണമാണ് ഇദ്ദേഹത്തിന് നിസ്സഹായനായി കണ്ടു നില്‍ക്കേണ്ടി വന്നത്. അതിന്റെ അമര്‍ഷമാണ്‌ ഇയാളെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ശ്രീജിത്ത് വീട്ടില്‍ അനിയന്റെ കേസുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരിക്കുന്ന ഫയലുകള്‍ക്കുള്ളില്‍ ശ്രീജീവിന്റെ ചിത്രത്തോടൊപ്പം മറ്റൊരു ചിത്രം കൂടിയുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജന്റെ ചിത്രം. രാജന് നീതി ലഭിക്കാനായി അലഞ്ഞ് ഒടുവില്‍ പരാജിതനായാണ് അദ്ദേഹത്തിന്റെ പിതാവ് ഈച്ചര വാര്യര്‍ മരിച്ചത്. ഒരു മകന് നീതി ലഭിയ്ക്കാനായി അധികാരികളോട് പൊരുതുന്ന മറ്റൊരു മകനെക്കൂടി ഈ അമ്മയ്ക്ക് നഷ്ടമാകാതിരിക്കാന്‍ ഈ കേരള സമൂഹത്തിന്റെ ഇടപെടലാണ് ഇവിടെ ആവശ്യം. ഒരു അമ്മയ്ക്കും മകനും മാത്രമല്ല ശ്രീജീവിന്റെ കൊലയാളികള്‍ ശിക്ഷിക്കപ്പെടുന്നതോടെ നീതി ലഭിക്കുന്നത് ഈച്ചര വാര്യരെ പോലുള്ളവര്‍ക്ക് കൂടിയാണെന്ന് നാം ഓര്‍ക്കണം.

ചിത്രങ്ങള്‍: സുര്‍ജിത്ത് കാട്ടായിക്കോണം

http://www.azhimukham.com/update-sreejith-friend-slams-chennithala/

http://www.azhimukham.com/kerala-brothers-mysterious-death-by-police-and-sreejith-asking-for-justice-by-doing-hunger-strike/

http://www.azhimukham.com/trending-dont-know-sreejiths-strike-still-continue-says-cm-office/

http://www.azhimukham.com/trending-sreejiths-struggle-is-an-essential-one-for-kerala-society/

http://www.azhimukham.com/brothers-mysterious-death-of-the-young-man-asking-for-justice-hunger-strike/

http://www.azhimukham.com/sreejiths-hunger-strike-for-justice-on-his-brothers-custody-murder/

http://www.azhimukham.com/sreejith-hunger-strike-brothers-death-by-kerala-police/

Next Story

Related Stories