UPDATES

കൊടുംപട്ടിണി, മനോരോഗം, വീടില്ല, വസ്ത്രമില്ല; കേരളത്തിലെ ചോലനായ്ക്ക വിഭാഗത്തെ പറ്റിയാണ്‌

ആകെയുള്ള 400 പേരില്‍ 14 പേര്‍ മനോരോഗികള്‍; 30-ഓളം കുട്ടികള്‍- അങ്കന്‍വാടി പോലുമില്ല

മാതിക്ക് 23 വയസ്സായിരുന്നു. നിലമ്പൂര്‍ കരുളായി ഉള്‍വനത്തില്‍ അച്ചനളയിലെ ചോലനായ്ക്ക ഗോത്രത്തിലെ അംഗം. കുപ്പമല കാളച്ചെക്കന്റെ ഭാര്യ. വിഷ്ണുവിന്റേയും സുസ്മിതയുടേയും അമ്മ. അവര്‍ക്ക് വീടുണ്ടായിരുന്നില്ല. വലിയ ഷീറ്റ് നീളത്തില്‍ വലിച്ചു കെട്ടിയ ഒരു മറയ്ക്കുള്ളില്‍ മാതിയെയും കാളച്ചെക്കനെയും പോലെ കുറേപ്പേരുടെ കൂടെ താമസം. കഴിക്കാന്‍ ഭക്ഷണമുണ്ടായിരുന്നില്ല. മിക്കപ്പോഴും കട്ടന്‍ചായ മാത്രം കുടിച്ച് ജീവിതം. ആവശ്യത്തിന് വസ്ത്രമുണ്ടായിരുന്നില്ല. മേലാകെ ചാരം വാരിപ്പൂശിയായിരുന്നു പലപ്പോഴും ഉള്‍വനത്തിലെ കൊടും തണുപ്പില്‍ നിന്ന് അവര്‍ രക്ഷ നേടിയിരുന്നത്. ഈ സാഹചര്യങ്ങളാവണം മാതിയെ മനോരോഗിയാക്കിയത്. മാതിയ്ക്ക് മനോരോഗമാണെന്ന് മനസ്സിലാക്കിയ മഹിളാ സമഖ്യാ പ്രവര്‍ത്തകര്‍ അവരെ ചികിത്സയ്ക്കായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആരും ഉത്തരവാദിത്തമേറ്റെടുക്കാനില്ലാത്ത മാതിയെ അധികനാള്‍ അവിടെ നിര്‍ത്തി ചികിത്സിക്കാന്‍ ആശുപത്രി അധികൃതര്‍ ഒരുക്കമല്ലായിരുന്നു. അവര്‍ മാതിയെ തിരികെ ഊരിലേക്കയച്ചു. ഇത് രണ്ട് തവണ കൂടി ആവര്‍ത്തിക്കപ്പെട്ടു. രണ്ടാഴ്ച മുമ്പ് രോഗം മൂര്‍ച്ഛിച്ച മാതി ഊരില്‍ നിന്നിറങ്ങിപ്പോയി. പിന്നീട് അവര്‍ എവിടെയാണെന്ന് ആരും കണ്ടില്ല. ബുധനാഴ്ച ഉച്ചയോടെ വനത്തിന് നടുവില്‍ അവശയായ മാതി കിടക്കുന്നത് കണ്ട ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അവരെ കിലോമീറ്ററുകള്‍ നടന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്ന മാതിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മാതി മരിച്ചു. അവിടെയും തീര്‍ന്നില്ല ദുരിതം. അച്ചനളയില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ ഇപ്പുറമുള്ള പി.കെ. കോളനിവരെ വ്യാഴാഴ്ച രാത്രി ആംബുലന്‍സ് മൃതദേഹമെത്തിച്ചു. എന്നാല്‍ വന്യമൃഗങ്ങളടക്കമുള്ള കൊടും വനത്തിലൂടെയുള്ള യാത്ര ദുഷ്‌കരമായതിനാല്‍ വെള്ളിയാഴ്ച നേരം വെളുക്കും വരെ മൃതദേഹവുമായി ബന്ധുക്കള്‍ പി.കെ കോളനിയില്‍ അച്ചനളയിലേക്കുള്ള വഴിയില്‍ തങ്ങി. ചെങ്കുത്തായ വഴിയിലൂടെ മൃതദേഹം കൊണ്ടുപോവുക അത്ര എളുപ്പമായിരുന്നില്ല. ഒടുവില്‍ മുളയില്‍ ചാക്കുകെട്ടി മഞ്ചലുണ്ടാക്കി മൃതദേഹം അതില്‍ കയറ്റി നാട്ടുകാര്‍ ഒമ്പത് കിലോമീറ്ററോളം നടന്ന് മാതിയുടെ മൃതദേഹം അച്ചനളയിലെ ഊരിലെത്തിച്ചു.

നാനൂറില്‍ താഴെ മാത്രം വരുന്ന ചോലനായ്ക്കരുടെ ജീവിതത്തിന് ഒരു ഉദാഹരണം മാത്രമാണ് മാതി. ഇനിയും കുറേ മാതിമാര്‍ ഇവിടെ ഭക്ഷണവും വസ്ത്രവും വീടുമില്ലാതെ അരക്ഷിതരായി, മനോരോഗികളായി കഴിയുന്നു. കേരളം ഒന്നാം നമ്പറാണെന്ന വാദം ഒരു വശത്ത് ശക്തമാവുമ്പോഴാണ് മാതിമാര്‍ പട്ടിണി കിടന്ന് മരിക്കുന്നത്. വര്‍ഷാവര്‍ഷം ആദിവാസി വികസനത്തിനായി സര്‍ക്കാര്‍ മാറ്റിവക്കുന്ന കോടികള്‍ എന്തുകൊണ്ടാണ് ഇവരിലേക്കെത്താതിരിക്കുന്നത്? ഏറ്റവും കരുതലും സംരക്ഷണവും അര്‍ഹിക്കുന്നവരെന്ന് കേന്ദ്രസര്‍ക്കാര്‍ പോലും നിര്‍ദ്ദേശിച്ച, ഇല്ലാതായിക്കൊണ്ടിരിക്കുന്ന പ്രാക്തന ഗോത്രവിഭാഗക്കാരായ ചോലനായ്ക്കരെ സംരക്ഷിക്കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത്? വര്‍ഷകാലത്ത് ഇവരുടെ ഷീറ്റ് മേല്‍ക്കൂര പുതുക്കി നല്‍കാത്തതിന് ‘നിലമ്പൂരില്‍ നിന്ന് ഷീറ്റ് കിട്ടിയില്ല’ എന്ന ലളിതമായ ന്യായം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ എന്തുകൊണ്ട് പട്ടികവര്‍ഗ വികസന വകുപ്പ് ഓഫീസര്‍മാര്‍ക്ക് കഴിയുന്നു? ഈ ചോദ്യങ്ങള്‍ക്കെല്ലാം പുരോഗമന കേരളവും സര്‍ക്കാരും ഉത്തരം നല്‍കേണ്ടിയിരിക്കുന്നു.

"</p

ചിത്രം കടപ്പാട്: മാധ്യമം

ചോലനായ്ക്ക ഊരുകളിലെ 14 പേര്‍ മനോരോഗത്തിന് അടിമകളാണെന്നതാണ് മഹിളാ സമഖ്യ പ്രവര്‍ത്തകരുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഇരുപതിനും ഇരുത്തഞ്ചിനും മധ്യേ പ്രായമുള്ള യുവതീയുവാക്കളാണ് മനോരോഗികളായി മാറിയിരിക്കുന്നതെന്നാണ് ഇവര്‍ നല്‍കുന്ന വിവരം. നാനൂറില്‍ താഴെ മാത്രം വരുന്ന ചോലനായ്ക്കരില്‍ ഇത്രയും പേര്‍ മനോരോഗത്തിന് അടിമകളായിട്ടും അതിന്റെ കാരണമെന്തെന്ന് അന്വേഷിക്കുന്നതിനോ അതിന് പരിഹാരം കാണുന്നതിനോ, രോഗികള്‍ക്ക് വേണ്ട ചികിത്സ നല്‍കുന്നതിനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നു. ഉള്‍വനത്തിലായതിനാല്‍ വിദ്യാഭ്യാസവും ആരോഗ്യ കേന്ദ്രങ്ങളും ഇവര്‍ക്ക് അന്യമാണ്. ഇതിനേക്കാളെല്ലാം ഭീതിതമാണ് ഊരുകളിലുള്ള പട്ടിണി. പട്ടിണിയും പോഷാകാഹാരക്കുറവും മൂലം ചോലനായ്ക്കരിലെ രണ്ട് കുട്ടികള്‍ക്ക് സോമാലിയ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ക്വാഷിയോര്‍ക്കര്‍ രോഗം കണ്ടെത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ചോലനായ്ക്ക ഊരുകളില്‍ അവരുടെ ക്ഷേമം അന്വേഷിച്ചെത്തുന്ന മഹിളാ സമഖ്യാ പ്രവര്‍ത്തകര്‍ പറയുന്നത് ഊരുകളിലെ ഭീതിതമായ അവസ്ഥയാണ്. ‘മാതി താമസിച്ചിരുന്ന അച്ചനള ഊരില്‍ മാത്രം നാല് മനോരോഗികളുണ്ട്. അവരുടെ ജീവിത സാഹചര്യങ്ങള്‍ തന്നെയായിരിക്കും രോഗത്തിന് കാരണമാവുന്നതെന്നാണ് മനസ്സിലായിട്ടുള്ളത്. മാഞ്ചേരി, അച്ചനള, പാട്ടക്കരിമ്പ് തുടങ്ങിയ ഊരുകളിലാളി 14 പേര്‍ മനോരോഗികളാണ് എന്നാണ് കണക്ക്. നിലമ്പൂരില്‍ ആദിവാസികള്‍ക്ക് സ്‌നേഹമോ പരിചരണമോ ചികിത്സയോ നല്‍കുന്ന കേന്ദ്രങ്ങള്‍ ഇല്ല എന്നതാണ് പ്രശ്‌നം. കുറേ വര്‍ഷങ്ങളായി ഞങ്ങള്‍ ഇത് തന്നെ പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നാല്‍ യാതൊരു ഫലവുമില്ല. ഞങ്ങള്‍ ഒരിക്കല്‍ പരിശോധനയ്ക്ക് ചെല്ലുമ്പോള്‍ തണുപ്പകറ്റാന്‍ വസ്ത്രങ്ങളില്ലാത്തതുകൊണ്ട് ശരീരത്തിലാകെ ചാരം വാരിപ്പൂശുന്ന ഒരു കൂട്ടത്തെയാണ് കണ്ടത്.

കേരളത്തിലെ തന്നെ വികസനത്തില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്ന വിഭാഗക്കാരാണ് ചോലനായ്ക്കര്‍. അതീവദുര്‍ബലരായി കേന്ദ്രസര്‍ക്കാര്‍ കണക്കാക്കിയ കേരളത്തിലെ അഞ്ച് ആദിവാസി വിഭാഗങ്ങളില്‍ ഒന്നാണ്. അവര്‍ക്കായി പ്രത്യേക പദ്ധതികള്‍ രൂപീകരിക്കുക എന്ന കാര്യങ്ങള്‍ ഉണ്ടാവുന്നില്ല. ഉള്‍വനങ്ങളില്‍ താമസിക്കുന്നവരായതിനാല്‍ സ്വന്തമായി പണം സമ്പാദിക്കാനുള്ള സാധ്യതകള്‍ അവര്‍ക്ക് കുറവാണ്. അവര്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ സ്വീകരിക്കുന്ന വന സംരക്ഷണ സമിതി തിരികെ അവര്‍ക്ക് പണം നല്‍കും. എന്നാല്‍ അത് തുച്ഛമായ തുകയാണ്. ഞങ്ങള്‍ നടത്തിയ പഠനത്തില്‍ നിന്ന് മനസ്സിലായ കാര്യം ഒരേ കുടുംബത്തിലെ രണ്ട് കുട്ടികള്‍ ക്വാഷിയോര്‍ക്കര്‍ രോഗത്തിന് അടിമകളാണ് എന്നതാണ്. കഠിനമായ പട്ടിണിയുണ്ടാവുന്നയിടങ്ങളില്‍ മാത്രമേ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യാറുള്ളൂ. വനവികസനത്തിലൂടെ യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ഇക്കൂട്ടരെ തടവിലാക്കുകയാണ് ചെയ്തിട്ടുള്ളത്. അവരുടെ സഞ്ചാര സ്വാതന്ത്ര്യം നിയന്തിക്കപ്പെട്ടു, ജീവിതം നശിപ്പിക്കപ്പെട്ടു. എന്നിട്ടും അവര്‍ക്ക് ഒന്നും നല്‍കാതിരിക്കുന്നു. പലരും മനോരോഗികളാവുന്നു. ഒരു കുട്ടിയെ പോലും പഠിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കുന്നില്ല.

ഊരുകളിലെ സ്ത്രീകള്‍ പല തവണ ബലാത്സംഗത്തിനിരകളാവേണ്ടി വന്നിട്ടുണ്ട് എന്നതാണ് മനസ്സിലായ മറ്റൊരു കാര്യം. ഞങ്ങളുടെ കീഴില്‍ ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയുണ്ട്. ഞങ്ങളേറ്റെടുക്കുമ്പോള്‍ അവള്‍ മാനസിക രോഗിയായിരുന്നു. ഇപ്പോള്‍ ചികിത്സിച്ച് അത് മാറി. എന്നാല്‍ തിരികെ വിടാനാവാത്ത സ്ഥിതിയാണ്. കാരണം അത്രയും മോശമാണ് ഊരുകളിലെ സ്ത്രീകളുടെ സാഹചര്യം. വനപാലകര്‍ അവരുടെ ആളുകളെ ഊരുകളിലേക്ക് കടത്തി വിടുകയും ചോലനായ്ക്കരെ പുറത്ത് പോവുന്നതില്‍ നിന്ന് നിയന്ത്രിക്കുകയും ചെയ്യും. ആയിരം പുരുഷന്‍മാര്‍ക്ക് 838 സ്ത്രീകള്‍ എന്ന അനുപാതമാണ് ഇവിടെയുള്ളത്. അടുത്തുള്ള ആശുപത്രിയിലേക്കെത്തണമെങ്കില്‍ തന്നെ മുവ്വായിരവും നാലായിരവും രൂപ ജീപ്പിനും മറ്റുമായി ചെലവാകും. ഭൂമിയോ വീടോ ഇല്ല. മുപ്പതോളം ചെറിയ കുട്ടികള്‍ ഊരുകളിലുണ്ട്. എന്നാല്‍ ഒരു അങ്കണവാടി തുടങ്ങണമെന്ന് 2013മുതല്‍ ആവശ്യമുന്നയിച്ചിട്ടും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.’

നിലമ്പൂര്‍ കരുളായി വനത്തിലാണ് ചോലനായ്ക്കര്‍ ഗോത്രവിഭാഗക്കാര്‍ താമസിക്കുന്നത്. വന്യമൃഗങ്ങള്‍ ജീവിതത്തെ തടസ്സപ്പെടുത്തുമ്പോള്‍ കൂടുതല്‍ കൂടുതല്‍ ഉള്‍ വനങ്ങളിലേക്ക് ഇടം അന്വേഷിച്ച് പോവുന്നവര്‍. പാകം ചെയ്ത ഭക്ഷണത്തേക്കാള്‍ കായ്കളും കിഴങ്ങുകളും കഴിച്ച് ജീവിക്കാനാഗ്രഹിക്കുന്ന സമൂഹം. എന്നാല്‍ വന വികസന പദ്ധതികളുടെ ഭാഗമായി വനങ്ങള്‍ പ്ലാന്റേഷനുകളായപ്പോള്‍ അവരുടെ ഭക്ഷണങ്ങളും സ്വാഭാവികമായി ഇല്ലാതായി. അപ്പോള്‍ ഇവര്‍ക്ക് ഭക്ഷണം നല്‍കേണ്ട ചുമതല സര്‍ക്കാരിനായി. സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളുമായി സര്‍ക്കാരും പട്ടികവര്‍ഗ വികസന വകുപ്പുമുണ്ട്. എന്നാല്‍ അതെല്ലാം ഇവരിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാവുന്നില്ല. കിലോമീറ്ററുകള്‍ അകലെയുള്ള റേഷന്‍കടകളിലേക്ക് എത്തിപ്പെടണമെങ്കില്‍ ഇവര്‍ക്ക് ഒരു ദിവസത്തിലുമധികം വേണം. സര്‍ക്കാര്‍ നല്‍കുന്ന അരിയും സാധനങ്ങളുമായി ചെങ്കുത്തായ വഴികളിലൂടെ മണിക്കൂറുകള്‍ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടോര്‍ത്ത് പലരും റേഷന്‍ വാങ്ങാന്‍ എത്താറില്ല.

അച്ചനളയില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയുള്ള പി.കെ.കോളനിയില്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ആഴ്ചയിലൊരിക്കല്‍ ഇവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യും. വിശപ്പ് സഹിക്കാനാവാതെ ചോലനായ്ക്കര്‍ പി.കെ.കോളനിയിലെത്തും. പക്ഷെ ഇവര്‍ക്ക് നല്‍കുന്ന ഭക്ഷണ സാധനങ്ങള്‍ മൂന്ന് ദിവസത്തേക്ക് പോലും തികയുന്നതല്ലെന്നതാണ് തങ്ങളുടെ അനുഭവത്തില്‍ ബോധ്യപ്പെട്ടിട്ടുള്ളതെന്ന് ഗോത്രവിഭാഗക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന രാഘവന്‍ പൂഞ്ചോലച്ചെരുവ് പറയുന്നു; ‘ഭക്ഷണസാധനങ്ങള്‍ കിട്ടാനായി ഇത്രയും ദൂരം താണ്ടി എത്തുന്ന ഇവരോട് നീതിപൂര്‍വമല്ല ഉദ്യോഗസ്ഥര്‍ ഇടപെടുന്നത്. ഒരാഴ്ചത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ പലപ്പോഴും ഇവര്‍ക്ക് ലഭിക്കാറില്ല. മറ്റൊരു കാര്യം, ചോലനായ്ക്കര്‍ സ്വന്തമായി പാചകം ചെയ്ത് കഴിക്കാന്‍ അറിയാത്ത പ്രാകൃതരായി ജീവിക്കാന്‍ താത്പര്യപ്പെടുന്ന ഗോത്രവിഭാഗക്കാരാണ്. പലപ്പോഴും സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണ സാധനങ്ങള്‍ ഊരുകളില്‍ കെട്ടിക്കിടക്കുന്നതിനും ഞങ്ങള്‍ സാക്ഷിയായിട്ടുണ്ട്. അത് അവര്‍ക്ക് അറിവില്ലാത്തതിനാലാണ്. അവര്‍ ഭക്ഷണമാക്കിയിരുന്ന കായ്കനികള്‍ ഇപ്പോള്‍ കാടുകളില്‍ ലഭിക്കാത്ത സാഹചര്യത്തില്‍ അവരെ ഈ പ്രശ്‌നത്തില്‍ നിന്ന് മറികടക്കാന്‍ സഹായിക്കേണ്ടതാണ്. എന്നാല്‍ ഒരു വഴിപാട് കഴിച്ച് പോവുന്ന പോലെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പലപ്പോഴും പെരുമാറാറ്.’

"</p

എന്നാല്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് ഓഫീസര്‍ മുഹമ്മദ് കുഞ്ഞ് പറഞ്ഞു. മാതി മരിച്ചു എന്ന കാര്യം അറിഞ്ഞതല്ലാതെ അതിന്റെ കാരണം തനിക്കറിയില്ലെന്നും ഊരില്‍ പട്ടിണിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘കാട്ടിനുള്ളില്‍ താമസിക്കുന്നവരാണ് ചോലനായ്ക്കര്‍. അവര്‍ക്കാവശ്യമുള്ളതെല്ലാം സര്‍ക്കാര്‍ പറയുന്ന പ്രകാരം നല്‍കാറുണ്ട്. കഴിഞ്ഞ മാസം അവര്‍ക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ 2000 രൂപ വീതം നല്‍കി. വകുപ്പ് പ്രമോട്ടര്‍മാരുടെ സഹായത്തോടെ അവര്‍ സാധനങ്ങളെല്ലാം വാങ്ങിപ്പോവാറുണ്ട്. ഓണത്തിന് പതിനഞ്ച് കിലോ അരിയും മറ്റ് സാധനങ്ങളും വിതരണം ചെയ്തിരുന്നു. പട്ടിണിയാണെന്ന് അവരാരും ഞങ്ങളോട് ഇന്നുവരെ പരാതി പറഞ്ഞിട്ടില്ല’.

ഉള്‍വനങ്ങളിലെത്തി ചോലനായ്ക്കര്‍ വിഭാഗക്കാര്‍ക്ക് ഭക്ഷണം എത്തിക്കാനും വീട് വച്ച് നല്‍കാനും സര്‍ക്കാരിനായില്ലെങ്കില്‍ അവര്‍ക്ക് താത്പര്യമുള്ള ഒരു സ്ഥലം കണ്ടെത്തി അവര്‍ക്ക് സുരക്ഷിതരായി താമസിക്കാനുള്ള ഇടമൊരുക്കണമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. അതീവ ദുര്‍ബല ആദിവാസി വിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഇടപെട്ടില്ലെങ്കില്‍ പട്ടിണിയും ദാരിദ്ര്യവും രോഗങ്ങളും ചേര്‍ന്ന് ഒരു ഗോത്രവിഭാഗത്തെ തന്നെ ഇല്ലാതാക്കും എന്ന മുന്നറിയിപ്പാണ് സാമൂഹ്യപ്രവര്‍ത്തകര്‍ മുന്നോട്ട് വക്കുന്നത്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍