Top

പരാജയപ്പെടില്ലെന്ന മനോഭാവമാണ് കരുത്ത്; പുനർനിർമാണത്തിലൂടെ നവകേരളത്തിലേക്ക്; നാലാം വർഷത്തില്‍ സർക്കാറിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി മുഖ്യമന്ത്രി

പരാജയപ്പെടില്ലെന്ന മനോഭാവമാണ് കരുത്ത്; പുനർനിർമാണത്തിലൂടെ നവകേരളത്തിലേക്ക്; നാലാം വർഷത്തില്‍ സർക്കാറിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി മുഖ്യമന്ത്രി
രാജ്യത്തിനുതന്നെ മാതൃകയാകുംവിധമുള്ള ഒട്ടേറെ പദ്ധതികൾ ഇക്കാലയളവിൽ ആവിഷ്കരിക്കാനും നടപ്പാക്കാനും കഴിഞ്ഞെന്നതിന്റെ ചാരിതാർഥ്യത്തോടെയാണ് കേരള സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചുവർഷംകൊണ്ട് നടപ്പാക്കേണ്ട വാഗ്ദാനങ്ങളിൽ ഭൂരിപക്ഷവും നിറവേറ്റി, പ്രളയാനന്തര പുതുകേരളത്തിന്റെ നിർമാണത്തിനായി നീങ്ങുന്നവേളയിലാണ് സർക്കാരിന്റെ മൂന്നാം വാർഷികമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. വാർഷികത്തോട് അനുബന്ധിച്ച് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സർക്കാറിന്റെ മുന്നുവർഷത്തെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയാണ് മുഖ്യമന്ത്രി ലേഖനത്തിൽ .

ഇടത് സർക്കാറിന്റെ മുന്നുവർഷം കേരളത്തിന്റെ ചരിത്രത്തിൽ പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു. വർഗീയ കലാപങ്ങളില്ലാത്ത, ക്രമസമാധാന പ്രശ്നങ്ങളില്ലാത്ത, ശാന്തിയുടെ, സഹവർത്തിത്വത്തിന്റെ വർഷങ്ങൾ. പരമ്പരാഗത സങ്കൽപങ്ങൾവിട്ട് വിഭവസമാഹരണ കാര്യത്തിൽ മൗലികവും പുതുമയുള്ളതുമായ വഴികൾ‐കിഫ്ബി പോലുള്ളവയിലൂടെ‐തേടുകയും വിജയിക്കുകയും ചെയ്ത വർഷങ്ങളായിരുന്നു ഇവ. ക്രമസമാധാനപാലനം, അഴിമതി നിർമാർജനം, ആരോഗ്യപരിപാലനം തുടങ്ങിയ വിവിധ മണ്ഡലങ്ങളിൽ തുടർച്ചയായ വർഷങ്ങളിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്തെന്ന് വിവിധങ്ങളായ ഏജൻസികളാൽ വിലയിരുത്തപ്പെട്ടു. ലോകത്തിന്റെ പല ഭാഗത്തുമുള്ള മലയാളിസമൂഹത്തിന്റെ പണം മാത്രമല്ല, കഴിവുകൾ കൂടി കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമ ഐശ്വര്യങ്ങൾക്കും വേണ്ടി ഉപയുക്തമാക്കാൻ പോരുമാറ് "ലോക കേരളസഭ'യിലൂടെ കഴിഞ്ഞു.

ഇതിന് പുറത്താണ് നിപ മുതൽ പ്രളയദുരന്തം വരെയുള്ളവയെ ആത്മവിശ്വാസത്തോടും നിശ്ചയദാർഢ്യത്തോടെ നേരിട്ടത്. മുപ്പത്തൊന്നായിരം കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടും മനസ്സ് തളരാതെ ആർജവമുള്ള മറികടക്കൽ പദ്ധതികൾ ആവിഷ്കരിച്ച് അവയെ അതിജീവിക്കുക മാത്രമല്ല, മുമ്പത്തേതിനേക്കാൾ മെച്ചപ്പെട്ട കേരളത്തെ സൃഷ്ടിക്കാൻ അർപ്പണബോധത്തോടെയുള്ള കർമപദ്ധതികൾ ആവിഷ്കരിച്ചു മുമ്പോട്ടുപോകുകയും ചെയ്തെന്നും മുഖ്യമന്ത്രി പറയുന്നു.

എന്നാൽ, ഒരു ജനതയ്ക്ക് അഭിമാനിക്കാൻ തക്ക നിലയിൽ കേരള പുനർനിർമാണത്തിലേക്കും സമഗ്ര വികസനത്തിലേക്കും ആധുനികവൽക്കരണത്തിലേക്കും സംസ്ഥാനം മുന്നേറുകയാണ്. കേരളമെന്ന പേർ കേട്ടാൽ അന്തരംഗം അഭിമാനപൂരിതമാകുന്ന അവസ്ഥയിലേക്കു നാം മാറുകയായി. ജാതീയവും വർഗീയവുമായ വേർതിരിവുകൾക്കതീതമായി മനുഷ്യമനസ്സുകൾ നവോത്ഥാനമൂല്യങ്ങൾക്കൊത്തുകൊണ്ട് ഇവിടെ ഒരുമിക്കുകയാണ്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അന്ധകാരത്തെ വകഞ്ഞുമാറ്റി കേരളം നവോത്ഥാനത്തിന്റെ വെളിച്ചം നിറഞ്ഞ പാതയിലൂടെ മൂന്നാം സഹസ്രാബ്ദഘട്ടത്തിന്റെ വികസനവേഗ പാതയിലൂടെ മുന്നേറുന്ന കാലമാണിത്. ഏതു മലയാളിക്കും അഭിമാനിക്കാവുന്ന അന്തരീക്ഷം സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ ഓരോ വീട്ടിലും സർക്കാരിന്റെ ഏതെങ്കിലും വിധമുള്ള ആനുകൂല്യങ്ങൾ ഇക്കാലയളവിൽ എത്തിക്കാനായി. ഉയർന്ന നിരക്കിലുള്ള ക്ഷേമ പെൻഷനുകൾ മുടക്കം കൂടാതെ നൽകി. ഭൂമിയില്ലാത്തവർക്ക് പട്ടയം, ദളിത് പിന്നോക്കാദി ജനവിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഉറപ്പുവരുത്തി, മുഴുവൻ ജനങ്ങൾക്കും നീതിയും ക്ഷേമവും ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. അതോടൊപ്പം പരിസ്ഥിതിക്ക് കോട്ടം തട്ടാത്തവിധം നാടിന്റെ വികസനം സാധ്യമാക്കുന്നതിലുമായിരുന്നു ശ്രദ്ധ. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ അവതരിപ്പിച്ച 35 ഇന പരിപാടികളെല്ലാം തന്നെ ഇതിനകം പൂർത്തീകരിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ടെന്നും ലേഖനം അവകാശപ്പെടുന്നു.

കൂടുതൽ വായനക്ക്- https://bit.ly/2Qn7nBo

Read More: കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഭൂമിയിടപാട് പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച 15 പുരോഹിതരെ കുടുക്കാനുള്ള മത-കോര്‍പ്പറേറ്റ്-ഭരണകൂട കളിയോ വ്യാജരേഖ കേസ്?

Next Story

Related Stories