TopTop
Begin typing your search above and press return to search.

പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു; ഇനിയാര്‍ക്കാണ് ഹാദിയയുടെ കാര്യത്തില്‍ ആവലാതി?

പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു; ഇനിയാര്‍ക്കാണ് ഹാദിയയുടെ കാര്യത്തില്‍ ആവലാതി?

ഒടുവില്‍ ആ സ്ത്രീ ആള്‍ക്കൂട്ടത്തോട്, മാധ്യമപ്രവര്‍ത്തകരോട് വിളിച്ചുപറഞ്ഞു. "എനിക്ക് നീതി കിട്ടണം. അതുമാത്രമേ എനിക്ക് പറയാനുള്ളൂ. ഞാന്‍ മുസ്ലീമാണ്. ഷഫിന്‍ ജഹാന്‍ എന്റെ ഭര്‍ത്താവാണ്. എനിക്കെന്റെ ഭര്‍ത്താവിനൊപ്പമാണ് പോവേണ്ടത്. ഞാന്‍ 100 ശതമാനം എന്റെ ഭര്‍ത്താവിന്റെ കൂടെപ്പോവാനാണ് ആഗ്രഹിക്കുന്നത്". ജനങ്ങളോട് പറയാനുള്ളത് മുഴുവന്‍ ഹാദിയ ഒറ്റശ്വാസത്തില്‍ ചുരുങ്ങിയ വാക്കുകളില്‍ ധീരതയോടെ അലറിപ്പറഞ്ഞു. ലൗജിഹാദും സിറിയയിലെ ആടുമേക്കലും തുടങ്ങി ഹാദിയ എന്ന ഇരുപത്തഞ്ചുകാരിയുടെ തലയില്‍ കെട്ടിവച്ചതിനെല്ലാം അവര്‍ മറുപടി പറഞ്ഞുകഴിഞ്ഞു. ഇനിയാര്‍ക്കാണ് ഹാദിയയുടെ കാര്യത്തില്‍ ആവലാതി?

അധികാരവര്‍ഗവും കുടുംബവും ചേര്‍ന്ന് ആറ് മാസമായി ഒറ്റമുറിക്കുള്ളില്‍ തളച്ചിട്ട ഹാദിയ തനിക്ക് പറയാനുള്ളത് ജനങ്ങളോട് പറഞ്ഞിരിക്കുന്നു. ഇനി കോടതിയില്‍ എന്ത് എന്നുള്ള ചോദ്യത്തെ പോലും അപ്രസക്തമാക്കുന്നതായിരുന്നു ആ പ്രതികരണം. പ്രതികരിക്കാന്‍ പോലും സ്വാതന്ത്ര്യവും അനുമതിയുമില്ലാതെ തനിക്ക് പറയാനുള്ളതെല്ലാം അടക്കിവച്ച ഹാദിയയുടെ മനസ്സ് പൊട്ടി പുറത്തുവന്നതാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് അവര്‍ പറഞ്ഞ ആ വാക്കുകള്‍. മൂന്നോ നാലോ വാചകങ്ങള്‍- അതിലൂടെ സമൂഹത്തിന്റെയൊാകെ ആശങ്കകള്‍ക്കും ആവലാതികള്‍ക്കുമുള്ള മറുപടികൂടിയാണ് അവര്‍ നല്‍കിയത്.

ഇരുപത്തിയഞ്ച് വയസ്സുള്ള ഒരു സ്ത്രീക്ക് സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍, ഇഷ്ടമുള്ള മതവിശ്വാസപ്രകാരം, താത്പര്യമുള്ളയാള്‍ക്കൊപ്പം ജീവിക്കാന്‍ കഴിവില്ല എന്ന് കണ്ടെത്തിയ ജുഡീഷ്യറിയുടെ മുന്‍വിധിയെയാണ് ഹാദിയ ചോദ്യം ചെയ്തിരിക്കുന്നത്. ഒരു സ്ത്രീ തനിക്ക് അര്‍ഹമായ എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ട ഒരു മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ ജീവിക്കേണ്ടി വന്നപ്പോള്‍ ഒരു പ്രസ്താവന കൊണ്ടുപോലും അവളെ പിന്തുണയ്ക്കാത്ത, പുരോഗമന പ്രതിച്ഛായയുള്ള പ്രസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനുള്ള മറുപടികൂടിയായിരുന്നു അത്.

https://www.azhimukham.com/kerala-hadhya-human-rights-violation-police-high-court-cancelled-marriage-muslim-conversion/

നിയമപ്രകാരം വിവാഹം കഴിക്കാത്തവര്‍ക്ക് പോലും ഒന്നിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യവും സാഹചര്യവും നല്‍കുന്ന അതേ നിയമസംവിധാനം തന്നെയന്നാണ് വിവാഹം അസാധുവാക്കിക്കൊണ്ട് ഹാദിയയെ തടങ്കിലിലാക്കിയത്. പ്രായപൂര്‍ത്തിയായ യുവതിക്ക് സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്യം പോലും നല്‍കാതെ അവളെ വീട്ടുകാരുടെ സംരക്ഷണയില്‍ അയയ്ക്കുക, എന്നിട്ട് അവളുടെ സംരക്ഷണം ഉറപ്പാക്കാന്‍ പോലീസുകാരെ നിയോഗിക്കുക, കേട്ടുകേള്‍വിയില്ലാത്ത ഈ കോടതിവിധിയാണ് ആറ് മാസം ഹാദിയയെ പുറംലോകം കാണിക്കാതെ വീടിനുള്ളില്‍ അടച്ചിട്ടത്. കോടതിവിധി കേട്ടപാടെ കേള്‍ക്കാത്തപാടെ വനിതാപോലീസുള്‍പ്പെടെ 27 പോലീസുകാരെ ഹാദിയയുടെ വീട്ടില്‍ അവള്‍ക്ക് 'കാവലാ'യി നല്‍കിയാണ് പുരോഗമന കേരളത്തിലെ സര്‍ക്കാര്‍ മാതൃക കാട്ടിയത്. വിവാഹം റദ്ദാക്കി ഹാദിയയെ വീട്ടുകാരുടെ സംരക്ഷണയിലേക്കയച്ച മെയ് 24-ലെ കോടതി വിധിക്ക് ശേഷം ആ സ്ത്രീയുടെ ജീവിതം എങ്ങനെയായിരുന്നു? ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും വാദപ്രതിവാദങ്ങളും അന്ന് മുതല്‍ തന്നെ തുടങ്ങിയിരുന്നു.

ഹാദിയയെ വീട്ടുകാരുടെ സംരക്ഷണയിലയച്ച കോടതിവിധിയെ, വീട്ടുതടങ്കലാക്കി മാറ്റുന്നതിന് പിന്നില്‍ ആരുടെ ബുദ്ധിയാണ് പ്രവര്‍ത്തിച്ചത്? കേരളത്തില്‍ ഇതേവരെ ക്ലച്ച് പിടിക്കാത്ത 'ലൗജിഹാദ്' എന്ന പരികല്‍പ്പനയുടെ മുഖമായി ഹാദിയയെ മാറ്റി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിച്ച ആ സംഘപരിവാര്‍ കുബുദ്ധിക്ക് ചട്ടുകമാവുകയായിരുന്നു ഹാദിയയുടെ വീട്ടുകാര്‍. മതംമാറിയ ഹാദിയയുടെ സര്‍ട്ടിഫിക്കറ്റുകളുള്‍പ്പെടെ കൈക്കലാക്കി അവള്‍ക്ക് ഹൗസര്‍ജന്‍സി ചെയ്യാനുള്ള അവസരം പോലും നഷ്ടപ്പെടുത്തിയ ഹാദിയയുടെ അച്ഛന്‍ അശോകന്‍ യഥാര്‍ഥത്തില്‍ സംഘപരിവാര്‍ ശക്തികളുടെ പാവയായി മാറുകയായിരുന്നു.

https://www.azhimukham.com/news-wrap-i-am-waiting-for-november27-says-hadiya-to-rekhasharma-sajukomban/

വൈക്കം ടിവി പുരം സ്വദേശിയായ അഖില വൈദ്യപഠന കാലയളവിനിടയില്‍ ഇസ്ലാം മതം സ്വീകരിക്കാനൊരുങ്ങിയത് മുതല്‍ അസ്വസ്ഥതകള്‍ രൂപപ്പെട്ടിരുന്നു. തന്റെ മകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയായിരുന്നെന്ന് തുടങ്ങിയ പരാതികളുമായാണ് അശോകന്‍ കോടതിയെ സമീപിച്ചത്. ആദ്യം ആ ഹര്‍ജികള്‍ തള്ളിയെങ്കിലും കോടതി ഒടുവില്‍ അശോകനൊപ്പം നിന്നു. മാതാപിതാക്കളുടെ അനുവാദമില്ലാതെയും ദുരൂഹമായ സാഹചര്യത്തിലുമാണ് ഹാദിയയുടേയും ഷഫിന്‍ ജഹാന്റെയും വിവാഹം നടന്നതെന്ന് നിരീക്ഷിച്ച കോടതി പിന്നീട് വിവാഹം റദ്ദാക്കുകയായിരുന്നു. എന്നാല്‍ അന്ന് തന്നെ ഷഫിന്‍ തന്റെ ഭര്‍ത്താവാണെന്നും തങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്നുമെല്ലാം ഹാദിയ മാധ്യമങ്ങളോടുള്‍പ്പെടെ പറഞ്ഞിരുന്നു. എന്നാല്‍ ഹാദിയയുടെ വാദങ്ങളോ അഭിപ്രായമോ ആരും കണക്കിലെടുത്തില്ല. അങ്ങനെ, പോലീസ് സംരക്ഷണയോടെ അവള്‍ വീട്ടില്‍ അച്ഛന്റെയും അമ്മയുടെയും പോലീസുകാരുടേയും 'സംരക്ഷണ'യിലായി.

പക്ഷെ പിന്നീട് കാര്യങ്ങള്‍ മാറുന്നതാണ് കണ്ടതും കേട്ടതും. ഹാദിയയുടെ മുന്നില്‍ പുറംലോകത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ചു. അച്ഛന്‍ അശോകന്‍ അനുവദിക്കുന്നവരല്ലാതെ ഒരാള്‍ക്കും ഹാദിയയെ കാണാനുള്ള അനുവാദം പോലും ലഭിച്ചില്ല. സിപിഐ പാര്‍ട്ടി അംഗമായിരുന്ന അശോകന്‍ സ്ഥലത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആജ്ഞകള്‍ക്കൊത്ത് പ്രവര്‍ത്തിക്കുന്നയാളായി മാറിയതാണ് പിന്നീടുള്ള നാളുകളില്‍ കണ്ടത്. ബിജെപി, ആര്‍എസ്എസ്, വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ നിരന്തരം അശോകനെ കാണുകയും ഹാദിയയെ കാണാനനുവദിക്കുകയും ചെയ്ത കഥകളാണ് അയല്‍വാസികള്‍ക്കടക്കം പറയാനുണ്ടായിരുന്നത്.

http://www.azhimukham.com/update-i-am-a-muslim-i-wish-to-with-my-husband/

സര്‍ച്ച് ലൈറ്റുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ച്, ഹാദിയയുടെ വീടിനോട് ചേര്‍ന്ന് രണ്ട് ടെന്റുകളിലായി രാവും പകലും കാവലിരുന്ന പോലീസുകാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരു നാടിനെ ഭീതിയിലാഴ്ത്തിയ ഈ 'സംരക്ഷണം' തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പുറംലോകത്തെയറിയിച്ച, ഹാദിയയുടെ വീടുമായും അച്ഛന്‍ അശോകനുമായും അടുത്ത ബന്ധമുണ്ടായിരുന്ന സിപിഎം പാര്‍ട്ടി അംഗമായ അമൃതനെ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും പിന്തുണക്കാതെ ഒറ്റപ്പെടുത്തിയ സംഭവവുമുണ്ടായി. അമൃതന്റെ ഭാഷയില്‍ പറഞ്ഞാല്‍, "ആ വഴി സ്വന്തം വീട്ടിലേക്ക് പോവണമെങ്കില്‍ പോലും ഐഡന്റിറ്റി കാര്‍ഡ് കാണിച്ച് തീവ്രവാദിയല്ലൈന്ന് ബോധ്യപ്പെടുത്തേണ്ട് അവസ്ഥ"- അതായിരുന്നു ടി.വി.പുരം എന്ന ഗ്രാമം സാക്ഷ്യം വഹിച്ചത്. അയല്‍വാസികള്‍ക്ക് പോലും ഹാദിയയുടെ വീടിന്റെ ചുറ്റുമതിലിനപ്പുറത്തേക്ക് പ്രവേശനം അനുവദിച്ചില്ല.

ഒരു വശത്ത് കാര്യങ്ങള്‍ ഇങ്ങനെ തുടരവെ വീടിനുള്ളില്‍ ഹാദിയ ഉണ്ണുന്നതും ഉറങ്ങുന്നതും പോലും പോലീസ് കാവലിലായി. പുറംലോകവുമായി സംവദിക്കാന്‍, പുറത്തുനടക്കുന്ന കാര്യങ്ങളറിയാന്‍ പത്രമോ, ടിവിയോ, മൊബൈല്‍ ഫോണോ പോലും നിഷേധിക്കപ്പെട്ട ഹാദിയയ്ക്ക് കഴിയാതെ വന്നു. ഇതിനിടെ ഹിന്ദുമത സന്യാസിമാരടക്കം നിരവധിപേര്‍ ഹാദിയയ്ക്ക് കൗണ്‍സിലിങ് നടത്താന്‍ എത്തിയതിനും അയല്‍വാസികളില്‍ പലരും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരും ദൃക്‌സാക്ഷികളായിരുന്നു. ഹാദിയയെ കാണാനും സംസാരിക്കാനുമെത്തിയ മറ്റ് പലരേയും കോടതിവിധി അനുവദിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കാവല്‍ പോലീസുകാര്‍ തടഞ്ഞു.

ഹാദിയയുടെ അച്ഛന്‍ അനുവദിച്ചാല്‍ മാത്രം സന്ദര്‍ശനം അനുവദിക്കുകയെന്ന സ്ഥിതിയായി. ഹാദിയയെ വീട്ടിലെത്തി അവരെ കാണാനും സംസാരിക്കാനുമായി ശ്രമം നടത്തിയ ലേഖികയുടെ അനുഭവം ഇനി പറയാം. ഹാദിയയെ കാണാനാവില്ലെന്ന് പറഞ്ഞ് പോലീസും വീട്ടുകാരും തിരികെയയച്ചപ്പോള്‍, കോടതിയുടേയും പോലീസുകാരുടേയും നടപടിയില്‍ എതിര്‍പ്പുള്ള പ്രദേശവാസികളില്‍ ചിലരെ കാണുവാനും സംസാരിക്കാനുമുള്ള സാഹചര്യമുണ്ടായി. അവരില്‍ നിന്നാണ് ടി.വി പുരത്തും ഹാദിയയുടെ വീട്ടിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ഏകദേശ വിവരം ലഭിക്കുന്നത്. പിന്നീട് ഹാദിയയുടെ സുരക്ഷാ ചുമതലയുള്ള ഒരാള്‍ തന്നെ ആ സ്ത്രീ അനുഭവിക്കുന്ന ദുരിതങ്ങളുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും നേര്‍ചിത്രം വിവരിച്ചു.

http://www.azhimukham.com/news-wrap-sc-orders-to-produce-hadiya-in-court-sajukomban/

കഴുകിയ വസ്ത്രങ്ങള്‍ വിരിക്കാന്‍ മാത്രം വീടിന് പുറത്തിറങ്ങാന്‍ സ്വാതന്ത്ര്യമനുവദിച്ചു നല്‍കിയ, സദാസമയവും മൗനിയായിരിക്കുന്ന, എന്നാല്‍ സംസാരിക്കുമ്പോള്‍ തന്റെ നിലപാടുകളില്‍ ഉറച്ച് വിശ്വസിക്കുന്നതായി പറയുന്ന, ഖുര്‍ആന്‍ പാരായണം നടത്തുന്ന ഹാദിയയെ അവര്‍ വഴിയാണ് അറിയുന്നത്. പിന്നീട് സമാധാനാന്തരീക്ഷം നഷ്ടപ്പെട്ട ഹാദിയയുടെ വീട്ടില്‍ അവര്‍ ശാരീരിക പീഡനത്തിന് ഇരയാവുന്നുണ്ടെന്നും, പ്രാര്‍ഥനാവേളകളില്‍ പോലും വീട്ടുകാര്‍ ഹാദിയയെ ഉപദ്രവിക്കാറുണ്ടെന്നുമുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം വരുമ്പോള്‍ ഹാദിയ സ്വന്തം വീട്ടില്‍ സന്തോഷവതിയാണെന്ന് പറഞ്ഞുഫലിപ്പിക്കാനുള്ള തത്രപ്പെടലിലായിരുന്നു പ്രദേശത്തെ സംഘപരിവാര്‍ ശക്തികള്‍.

തന്റെ മകള്‍ 'വഴിതെറ്റി' പോയതിന്റെ വേദനയനുഭവിക്കുന്ന അച്ഛന്റെ ദു:ഖമാണ് സംഘപരിവാര്‍ സംഘടനകളും അവരുടെ അപ്പോസ്തലന്‍മാരും പ്രചരിപ്പിച്ചത്. അച്ഛന്റെ വേദനകള്‍ക്ക് ചെവികൊടുത്ത സമൂഹം ഹാദിയ എന്ന സ്ത്രീയുടെ സ്വയംനിര്‍ണയാവകാശത്തെ മാനിച്ചതുമില്ല. കേരളത്തില്‍ നടന്നിട്ടുള്ള മതംമാറ്റ വിവാഹങ്ങള്‍ക്ക് പിന്നിലെ, പ്രത്യേകിച്ചും അഖില ഹാദിയയായതിന് പന്നിലെ 'ഗൂഢാലോചന' കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു. കേരള ക്രൈബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ അങ്ങനെ എന്‍ഐഎയും ഏറ്റെടുത്തു. തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

ഒരു സ്ത്രീ ഭര്‍ത്താവിനൊപ്പം അല്ലെങ്കില്‍ അച്ഛനൊപ്പം എന്ന പുരുഷാധിപത്യ സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ വിധിയിലൂടെ പകര്‍ത്തുകയായിരുന്നു ഹൈക്കോടതി എന്ന തിരിച്ചറിവിലേക്കാണ് ഹാദിയ കേസ് പരിശോധിച്ചാല്‍ നമ്മള്‍ എത്തിച്ചേരുക. ഇത്തരത്തില്‍ വിവാഹം അസാധുവാക്കി അച്ഛന്‍ അശോകനൊപ്പം ഹാദിയയെ അയച്ച കോടതി വിധിയാണ് ആദ്യം ചോദ്യം ചെയ്യപ്പെടേണ്ടത്. എന്നാല്‍ അച്ഛന്റെ സംരക്ഷണയില്‍ മാത്രം അയച്ച ഹാദിയയെ ഒരു മുറിയില്‍ നിന്ന് പുറത്തിറക്കരുതെന്ന് ആരാണ് നിശ്ചയിച്ചത്? ഹാദിയയുടെ സംരക്ഷണത്തിന് ഇരുപതിലധികം പോലീസുകാര്‍ നിരന്തരം കാവല്‍ വേണമെന്ന് ആരാണ് തീരുമാനിച്ചത്? ഒരാളെയും കാണാന്‍ അനുവദിക്കാതെ, ആരോടും സംസാരിക്കാനാവാതെ പുറംലോകവുമായുള്ള എല്ലാ ബന്ധവും ഹാദിയയ്ക്ക് നിഷേധിക്കുവാനും ആരാണ് തീരുമാനിച്ചത്? കോടതി വിധിയില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ആരാണ് തീരുമാനിച്ചത്? ഇത്രയും ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാവുകയാണ്. സംരക്ഷണത്തിനായി പോലീസുകാരെ അയച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ഇക്കാര്യം ചോദിച്ചപ്പോഴെല്ലാം, കോടതിവിധി നടപ്പാക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇതൊന്നും ഞങ്ങള്‍ തീരുമാനിച്ചതോ ഞങ്ങളുടെ ഇഷ്ടപ്രകാരമോ അല്ല, എല്ലാം മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമാണ് എന്ന ഉത്തരമാണ് ലഭിച്ചത്. അങ്ങനെയെങ്കില്‍ ആരാണ് മുകളില്‍ ഇരിക്കുന്നതെന്ന് അന്വേഷിക്കുമ്പോള്‍ സര്‍ക്കാരിലേക്കാണ് എല്ലാ വിരലുകളും ചൂണ്ടുന്നത്.

ഇതിനിടെ ഹാദിയ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ സ്വന്തം തീരുമാനങ്ങളെടുക്കാന്‍ പക്വതയില്ലാത്ത പെണ്‍കുട്ടിയായി മാത്രം കാണുന്ന പുരുഷാധിപത്യ സംവിധാനത്തിന്റെ ഇടപെടലുകള്‍ക്കെതിരെയും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തു. ഹിന്ദു-മുസ്ലീം തീവ്രവാദ സംഘടനകള്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിലുപരിയായി ഒരു വ്യക്തിയെന്ന നിലയ്ക്കുള്ള സ്വാതന്ത്ര്യവും അവകാശങ്ങളും ഹാദിയ എന്ന സ്ത്രീയും അര്‍ഹിക്കുന്നുണ്ടെന്ന സാമാന്യയുക്തിയെ പോലും വകവക്കാത്ത ഭരണകൂടത്തിനെതിരെയും പ്രതിഷേധങ്ങള്‍ രൂപപ്പെട്ടു.

http://www.azhimukham.com/opinion-hadiya-case-kiss-of-love-protest-and-rss-popular-front-organisations-debate/

കോണ്‍ഗ്രസ് ഭരിക്കുന്ന, സിപിഎമ്മിനും സിപിഐക്കും വലിയ തോതില്‍ സ്വീകാര്യതയുള്ള, പാര്‍ട്ടിയുടെ കോട്ട എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന പഞ്ചായത്തില്‍, ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ പ്രകടനത്തിന് മുതിര്‍ന്നാല്‍ വോട്ട് നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഒരാളും അതിന് മുതിര്‍ന്നില്ല. തന്റെ നിയോജക മണ്ഡലത്തിലെ ഒരു സ്ത്രീ അടിച്ചമര്‍ത്തപ്പെടന്നു വിവരം മനസ്സിലാക്കിയിട്ടും ഒരു ഇടപെടലും നടത്താതെ, ഒരു സ്ത്രീകൂടിയായ സിപിഐ എല്‍എല്‍എയും വിഷയത്തില്‍ തൊടാതെ മാറി നിന്നു. തീവ്രവാദ ബന്ധമെന്നും ലൗ ജിഹാദെന്നുമെല്ലാം സംഘപരിവാര്‍ ശക്തികള്‍ കൊട്ടിഘോഷിച്ച ഹാദിയയുടെ വിഷയത്തില്‍ ഇടപെട്ടാല്‍ ഹിന്ദുഭൂരിപക്ഷ പ്രദേശമായ വൈക്കം ടിവി പുരത്തെ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാവുമെന്ന ഭയം തന്നെയായിരുന്നു ഇതിന് കാരണം.

പുരോഗമന പ്രസ്ഥാനങ്ങളും പ്രമുഖ രാഷ്ട്രീയ സംഘടനകളും വനിതാ സംഘടനകളും മറ്റെവിടെയോ നടക്കുന്ന വിഷയമെന്ന മട്ടില്‍ ഉദാസീന നിലപാട് സ്വീകരിച്ചപ്പോള്‍ ജെ. ദേവിക, സണ്ണിഎം കപിക്കാട് തുടങ്ങിയ സാമൂഹികപ്രവര്‍ത്തകരുടെ ഇടപെടലും ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കലുകളും ചെറിയ ചലനമുണ്ടാക്കി. എന്നാല്‍ ഇവര്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനോ നല്‍കിയ പരാതികള്‍ ഏതെങ്കിലും ആ അര്‍ഥത്തില്‍ പരിഗണിക്കാനോ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല എന്നിടത്താണ് ഭരണകൂട മൗനത്തിന്റെ വ്യാപ്തി വ്യക്തമായത്. ഒന്നാം നമ്പര്‍ കേരളമെന്ന മുദ്രാവാക്യം ദിവസത്തില്‍ നാല് തവണയെങ്കിലും മറക്കാതെ ഉരുവിട്ട പിണറായി ഭക്തര്‍, ഹാദിയയുടെ വിഷയം മനപ്പൂര്‍വം മറന്നു. സര്‍ക്കാരിന്റെ ഏജന്‍സിയാണെ ധാരണയില്‍ സംസ്ഥാന വനിതാ കമ്മീഷനും ഈ സ്ത്രീയ്ക്ക് സ്വാതന്ത്ര്യവും അവകാശവും ലഭിക്കേണ്ടതാണെന്ന കാര്യം ശ്രദ്ധിച്ചില്ല.

http://www.azhimukham.com/india-hadiya-case-and-nia-investigation-on-love-jihad/

എന്നാല്‍ കേസ് പരിഗണിക്കവെ സുപ്രീംകോടതി ഹാദിയ കേസില്‍ വളരെ പ്രധാനപ്പെട്ട ചില നിരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത സുപ്രീംകോടതി ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കാന്‍ കോടതിക്ക് അവകാശമില്ലെന്നും നിരീക്ഷിച്ചു. എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യകതയും സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യ്‌തെങ്കിലും ക്രൈംബ്രാഞ്ചിനൊപ്പം എന്‍ഐഎയും കേസ് അന്വേഷിക്കണമെന്ന നിലപാടിലാണ് കോടതിയെത്തിയത്. വിവാദങ്ങള്‍ കൊഴുക്കുമ്പോഴും ഹാദിയയെ നേരില്‍ കാണുവാന്‍ ശ്രമിക്കുക പോലും ചെയ്യാതിരുന്ന സംസ്ഥാന വനിതാ കമ്മീഷന്‍ കേസില്‍ കക്ഷിചേര്‍ന്നതാണ് ആകെ ആശ്വാസകരമായ നടപടിയുണ്ടായത്. ഒടുവില്‍ കേസ് പരിഗണിക്കവെ നവംബര്‍ 27ന് ഹാദിയയെ നേരില്‍ കേള്‍ക്കണമെന്നും അച്ഛന്‍ ഹാദിയയെ കോടതി മുമ്പാകെ ഹാജരാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനിടെ അടച്ചിട്ട മുറിയില്‍ ഹാദിയയെ വിചാരണ ചെയ്യണമെന്ന അശോകന്റെ ആവശ്യം സുപ്രീംകോടതി തള്ളി. അങ്ങനെയാണ് ആറ് മാസത്തെ ഇടവേളക്ക് ശേഷം ഹാദിയ പുറംലോകത്തെ വായു ശ്വസിച്ചത്. പോലീസുകാരുടേയും അച്ഛനമ്മമാരുടേയും സുരക്ഷാവലയത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ഹാദിയ തനിക്ക് പറയാനുള്ളത് മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞു. പോലീസുകാര്‍ തടഞ്ഞിട്ടും അവള്‍ ശക്തമായി തന്നെ പ്രതികരിച്ചു. അത് പറയുന്നതിനിടയിലും അധികാരത്തിന്റെ കൈകള്‍ അവളെ പിടിച്ചുവലിച്ച് കൊണ്ടുപോവാന്‍ ശ്രമിക്കുകയായിരുന്നു.

കോടതി ഹാദിയയെ കേള്‍ക്കണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ദേശീയ വനിതാ കമ്മീഷന്‍ അംഗം ഹാദിയയെ സന്ദര്‍ശിച്ചത്. നടന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നും ഹാദിയ സ്വന്തം വീട്ടില്‍ സന്തോഷവതിയാണെന്നും ഹാദിയയുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്രയുമായപ്പോഴാണ് ഹാദിയയെ സന്ദര്‍ശിക്കുന്നതില്‍ തെറ്റില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന് ബോധ്യപ്പെട്ടത്. എന്നാല്‍ ദേശീയ വനിതാ കമ്മീഷനംഗത്തിന് മുന്നില്‍ തുറക്കപ്പെട്ട വാതിലുകള്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന് മുന്നില്‍ തുറക്കപ്പെട്ടില്ല. ഹാദിയയെ കാണാതെ കമ്മീഷന് മടങ്ങേണ്ടി വന്നു. എന്നാല്‍ ഹാദിയ മനുഷ്യാവകാശ ലംഘനം നേരിടുണ്ടെന്ന് ജോസഫൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹാദിയ വിഷയത്തില്‍ സംസ്ഥാനത്തെ ഉത്തരവാദിത്തപ്പെട്ട പദവി വഹിക്കുന്ന ഒരാളില്‍ നിന്നുണ്ടായ ആദ്യ പ്രതികരണവും ഇതായിരുന്നു.

http://www.azhimukham.com/offbeat-when-kerala-high-court-cross-the-constitutional-limits-in-hadia-case-by-pramod/

സംഘപരിവാര്‍ സംഘടനകളുടെ പ്രചരണങ്ങള്‍ക്കും ആവലാതി പറച്ചിലിനും, ഇടത് പുരോഗമന സംഘടനകളുടേയും മറ്റ് രാഷ്ട്രീയ സംഘടനകളുടേയും പുരോഗമനവാദികളുടെയും മൗനത്തിനുമിടയില്‍ എന്‍ഐഎയും ക്രൈബ്രാഞ്ചും ഹാദിയയ്ക്ക് അനുകൂലമായ നിലപാടെടുത്തു എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേസ് അന്വേഷിച്ച എന്‍ഐഎയും ക്രൈംബ്രാഞ്ചും ഹാദിയയുടെ മൊഴിയെടുത്തതിന് ശേഷം ഹാദിയ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാംമതം സ്വീകരിച്ചതെന്നും മതംമാറ്റവും വിവാഹവും നിര്‍ബന്ധിത പ്രവര്‍ത്തിയായിരുന്നില്ല എന്നുമാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

ഇനി കോടതിയിലാണ്. തിങ്കളാഴ്ച സുപ്രീംകോടതി ഹാദിയയെ കേള്‍ക്കും. ഹാദിയക്ക് പറയാനുള്ളത് മുഴുവന്‍, ഈ വിഷയത്തില്‍ ആശങ്കകളും ആവലാതികളും വ്യാജപ്രചരണങ്ങളും നിറഞ്ഞ് നിന്നിരുന്ന സമൂഹം കേട്ടു. അതുകൊണ്ട് തന്നെ ഇനി കോടതിയില്‍ നടക്കുന്നത് തികച്ചും സാങ്കേതികമായ കാര്യങ്ങള്‍ മാത്രമാണ്. സ്വകാര്യത പോലും നിയമം മൂലം അംഗീകരിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന നാട്ടില്‍ ഹാദിയ എന്ന സ്ത്രീക്ക് നീതി ലഭിക്കുമോ ഇല്ലയോ എന്ന ചോദ്യം മാത്രമാണ് ഇനി ബാക്കിയാവുന്നത്.

http://www.azhimukham.com/newswrap-ayisha-returns-to-hindu-religion-sajukomban/


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories