TopTop
Begin typing your search above and press return to search.

അച്ഛന്‍ മീന്‍ വില്‍ക്കുന്നു, അമ്മ തൊഴിലുറപ്പിന്; സൈന്യം തക്കാളിപ്പെട്ടിയില്‍ എത്തിച്ച ജവാന്റെ കുടുംബം ജീവിക്കുന്നത് ഇങ്ങനെ

അച്ഛന്‍ മീന്‍ വില്‍ക്കുന്നു, അമ്മ തൊഴിലുറപ്പിന്; സൈന്യം തക്കാളിപ്പെട്ടിയില്‍ എത്തിച്ച ജവാന്റെ കുടുംബം ജീവിക്കുന്നത് ഇങ്ങനെ

രാപ്പകലില്ലാതെ രാജ്യത്തിന് കാവലിരിക്കുന്ന, ഓരോ ഇന്ത്യന്‍ പൗരന്റെയും ജീവന് സംരക്ഷണമൊരുക്കുന്ന ജവാന്മാരുടെ ജീവനോടും ജീവിതത്തോടുമുള്ള അങ്ങേയറ്റം ബഹുമാനം സൈബര്‍ സ്‌പേസില്‍ ഇരുന്ന് ഭാരതീയര്‍ സ്ഥിരമായി പടച്ചു വിടാറുണ്ട്. കമാന്‍ഡോ ഓപ്പറേഷനുകളും ജവാന്മാരുടെ ധീര മരണവും ചിത്രീകരിച്ച് ഓരോ പ്രേക്ഷകനിലും രാജ്യ സ്‌നേഹമുണര്‍ത്തുന്ന ചിത്രങ്ങള്‍ വെള്ളിത്തിരയിലും വിരളമല്ല. എന്നാല്‍, നാടിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്ന, സ്വന്തങ്ങളും ബന്ധങ്ങളും മന:പൂര്‍വം തിരസ്‌കരിക്കേണ്ടി വരുന്ന ഈ ജവാന്മാരുടെ യഥാര്‍ത്ഥ ജീവിതാവസ്ഥ ഇത്തരം മിഥ്യാ ധാരണകള്‍ക്കുമപ്പുറമാണ്. ജവാന്മാരെ വാനോളം പുകഴ്ത്തിപ്പാടുന്ന ഓരോ ഇന്ത്യന്‍ പൗരനും അവരുടെ ജീവിതാവസ്ഥയിലേക്ക് എത്തി നോക്കിയാല്‍ കാണാന്‍ കഴിയുക കഷ്ടപ്പാടുകളും അവഗണനകളും അപമാനങ്ങളും കൊണ്ട് ജീവിച്ച് മരിക്കേണ്ടി വന്ന ഒരു വിഭാഗം 'കാവല്‍ ഭടന്മാ'രുടെ കേട്ടാല്‍ വിശ്വസിക്കാനാകാത്ത ജീവിത കഥകളാണ്.

കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഢില്‍ മരണപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍ അനില്‍ അച്ചന്‍കുഞ്ഞിന്റെ കുടുംബത്തിന്, അദ്ദേഹത്തിന്റെ ദീര്‍ഘകാല രാജ്യ സേവനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പാരിതോഷികം എംബാം ചെയ്യാതെ ചീഞ്ഞളിഞ്ഞ്, പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള തിരിച്ചറിയാനാകാത്ത ഒരു മൃതശരീരമായിരുന്നു. കാല്‍ വിരലിലെ അടയാളങ്ങള്‍ കൊണ്ട് മാത്രം തിരിച്ചറിയാന്‍ കഴിഞ്ഞ ഒരു ശരീരത്തിലാണ് ഉറ്റവര്‍ക്കും ഉടയവര്‍ക്കും അന്ത്യോപചാരമര്‍പ്പിക്കേണ്ടി വന്നത്. ദേശസ്‌നേഹവും ജവാന്മാരോടുള്ള ബഹുമാനവും സദാസമയം 'ട്വീറ്റ്' ചെയുന്ന ഒരു കേന്ദ്ര സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോഴാണ് അനിലിന് മരണാനന്തരം ഒരു സാധാരണ ഭാരതീയ പൗരന് ലഭിക്കേണ്ട പരിഗണന പോലും ലഭിക്കാതെ പോയത്. ഒരു ജവാന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നത് മാത്രമല്ല, മരണാനന്തരം അടുത്ത ബന്ധുക്കള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്കെതിരെയും ഭരണകൂടം കണ്ണടച്ചിരിക്കുകയാണ്.

ഭാര്യയും അഞ്ചു വയസ്സ് പ്രായമുള്ള മകളും വാര്‍ധക്യ രോഗങ്ങളാല്‍ ക്ഷീണിതരായ മാതാപിതാക്കളും അനിലിന്റെ മരണശേഷം നിത്യ ചിലവിനു വേണ്ടി നെട്ടോട്ടമോടുകയാണ്. ഒരു സൈനികന്റെ മരണശേഷം കുടുംബത്തിന് ലഭിക്കേണ്ട പെന്‍ഷന്‍ പോലും ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഹരിപ്പാട് മാങ്കിയില്‍ തെക്കതില്‍ വീട്ടില്‍ എത്തിയിട്ടില്ല. അനിലിന്റെ ഭാര്യ ലിനിമോള്‍ക്ക്, വളര്‍ന്നു വരുന്ന കുഞ്ഞിന് എങ്ങനെ നല്ല വിദ്യാഭ്യാസം നല്‍കുമെന്നും, പ്രായമായ മാതാപിതാക്കളെ എങ്ങനെ നോക്കുമെന്നും ഇനിയും അറിയില്ല. പഠന കാലത്ത് തന്നെ വിവാഹം ചെയ്യേണ്ടി വന്നതിനാല്‍ ലിനിമോള്‍ക്ക് ബിരുദ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ ജോലികളൊന്നും തരപ്പെട്ടതുമില്ല.

അനിലിന്റെ മരണ സമയത്ത് നിരവധി സഹായങ്ങള്‍ വാഗ്ദാനം ചെയ്ത മുന്‍നിര രാഷ്ട്രീയ നേതാക്കളും ഇന്ന് ഈ കുടുംബത്തിന്റെ കണ്ണീരു കാണാന്‍ ഒരുക്കമല്ല. ജാതിയും മതവും ചോദിച്ച് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന രാഷ്ട്രീയ വൃത്തങ്ങളും ഈ നാട്ടില്‍ തന്നെയുണ്ടെന്നുള്ളതിന്റെ തെളിവുകളാണ് ഈ ജവാന്റെ മരണം. വാഗ്ദാനങ്ങള്‍ തന്നിട്ടുപോയവരുടെ ഇപ്പോഴത്തെ നിലപാടുകള്‍ മനസ്സിലായത് കൊണ്ടാകണം ഹൃദ്രോഗിയായ അച്ഛന്‍ മീന്‍ വില്‍ക്കാന്‍ പോകുന്നതും വാര്‍ധക്യ രോഗങ്ങളുള്ള അമ്മ തൊഴിലുറപ്പ് പണിക്ക് പോകാന്‍ തുടങ്ങിയതും. ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ലിനിമോളുടെ സഹോദരന്‍ കെ. ലിനു സംസാരിക്കുന്നു:

http://www.azhimukham.com/so-no-more-roy-mathews-commit-suicide-in-armed-forces/

"എന്റെ അളിയന്‍ മരണപ്പെട്ടിട്ട് ഒരു വര്‍ഷവും ഒന്‍പത് മാസവും കഴിഞ്ഞു. അവസാനമായി ഒരു വൃത്തിയുള്ള ഭൗതിക ശരീരം പോലും ഞങ്ങള്‍ക്ക് ലഭിച്ചില്ല. തക്കാളിയും മറ്റും ഇട്ടുവെയ്ക്കുന്ന തരത്തിലുള്ള, ഒട്ടും ഉറപ്പില്ലാത്ത ഒരു പെട്ടിയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് മൃതദേഹം നാട്ടിലെത്തിച്ചത്. വളരെ അഴുകി, ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ തുണി പോലുമില്ലാത്ത, കണ്ടാല്‍ തിരിച്ചറിയാനാകാത്ത ഒരു ശരീരമാണ് ലഭിച്ചത്. അനിലിന്റെ മൃതദേഹം തന്നെയാണോ എത്തിയിട്ടുള്ളത് എന്ന കാര്യത്തില്‍ സ്ഥിരീകരണം നടത്താന്‍ കഴിയാത്തതിനാല്‍ ആദ്യം ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍, പിന്നീട് കാല്‍വിരലുകളിലെ ചില അടയാളങ്ങള്‍ വെച്ച് മൃതദേഹം അനിലിന്റേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞു. ജവാന്മാരെ വാനോളം പ്രശംസിക്കുന്ന, രാജ്യസ്‌നേഹം ഓരോ പൗരന്റെയും സിരകളില്‍ ഒഴുക്കി വിടുന്ന ഒരു പ്രധാനമന്ത്രിയുടെ ഭരണ കാലത്താണ് ഒരു ജവാന്റെ മൃതദേഹത്തെ ഈ രീതിയില്‍ അപമാനിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് നാട്ടില്‍ നിന്നും പോയ ഒരു മകന്റെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം ഈ അവസ്ഥയില്‍ കാണേണ്ടി വരുന്നത്,അല്ലെങ്കില്‍ അവസാനമായി ഒന്ന് കെട്ടിപ്പിടിച്ച് കരയാന്‍ പോലും പറ്റാത്ത തരത്തിലൊരു ശരീരം കണ്മുന്നിലെത്തുമ്പോള്‍ ഒരു കുടുംബത്തിനുണ്ടാകുന്ന വിഷമത്തിന്റെ ആഴം അനുഭവിച്ചവര്‍ക്ക് മാത്രം മനസിലാക്കാം.

അനിലിന്റെ മരണ കാരണത്തില്‍ ഞങ്ങള്‍ക്ക് ഇപ്പോഴും സംശയയമുണ്ട്. ജോലിക്കിടെ ഛത്തീസ്ഗഡില്‍ വെച്ചായിരുന്നു മരണം. വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് സൈനിക വകുപ്പില്‍ നിന്നും കിട്ടിയ വിശദീകരണം. എന്നാല്‍, തലച്ചോറില്‍ രക്തം കട്ടപിടിച്ചാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു രണ്ടും തമ്മിലുള്ള വൈരുധ്യത്തിലാണ് ഞങ്ങള്‍ക്ക് സംശയം. ഞാനും ഇന്ത്യന്‍ സേനയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ്. മരണത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ തന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്കുന്നതെല്ലാം എന്റെ ജോലിയെ ബാധിക്കും. മാത്രവുമല്ല, പരാതി പ്രകാരം യഥാര്‍ത്ഥ മരണകാരണം സ്ഥിരീകരിക്കപ്പെട്ടാല്‍ അത് പല ജവാന്മാര്‍ക്കും ജോലി നഷ്ടപ്പെടാന്‍ കാരണമാകും. പല കുടുംബങ്ങളും ദുരിതത്തിലാകും. തെറ്റുചെയ്തവരാണെങ്കില്‍ പോലും, ഞങ്ങളുടെ കുടുംബത്തിന് വന്ന ഗതി മറ്റൊരു ജവാന്റെയും കുടുംബത്തിനുണ്ടാകരുത്. അത് എന്റെ സഹോദരിക്കും നിര്‍ബന്ധമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ഒരു കേസ് നല്‍കാനൊന്നും ഞങ്ങള്‍ മുതിരുന്നില്ല.

http://www.azhimukham.com/no-compensation-received-to-soldier-kin-linimol-anil-dhanya/

മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നുള്ളത് ഒരു വശം, മരണാനന്തരം ഒരു സൈനികന്റെ കുടുംബത്തിന് നിയമപ്രകാരം നല്‍കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കുന്നില്ല എന്നത് മറ്റൊരു വശം. അനില്‍ മരിച്ച് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പെന്‍ഷന്‍ വീട്ടിലെത്തിയിട്ടില്ല. മരിച്ച ഒരു സൈനികന്റെ ഭാര്യയ്ക്ക് ലഭിക്കേണ്ട ജോലി എന്റെ സഹോദരിയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എല്ലാ വാതിലുകളും മുട്ടി നോക്കി. കാണാവുന്ന രാഷ്ട്രീയ നേതാക്കളെയെല്ലാം നേരില്‍ കണ്ട് സഹായമഭ്യര്‍ത്ഥിച്ചു. എന്നാല്‍, ഒരു പാവപ്പെട്ട ജവാന്റെ കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ക്ക് ആരും ചെവികൊള്ളുന്നില്ല.

അനില്‍ മരിച്ചത് 2016 മാര്‍ച്ച് മാസത്തിലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയമായിരുന്നു അത്. അതിനാല്‍ തന്നെ പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളെല്ലാം സഹായ വാഗ്ദാനങ്ങളും നീതി സംരക്ഷണങ്ങളുമെല്ലാം വിളിച്ചു പറഞ്ഞു മുന്നോട്ടു വന്നു. അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മൃതദേഹത്തിന്റെ മുന്നില്‍ വെച്ചാണ് അനിലിന്റെ കുടുംബത്തിന് വേണ്ട സാമ്പത്തിക സഹായം, വീട്, മകളുടെ വിദ്യാഭ്യാസം എല്ലാം ഉറപ്പുവരുത്തുന്നുവെന്നും അര്‍ഹിക്കുന്ന നീതി നേടിത്തന്നിരിക്കും എന്നും ഉറപ്പുതന്നത്. എന്നാല്‍ ഇന്നദ്ദേഹം കൈമലര്‍ത്തുന്നു. ഭരണം കയ്യിലില്ലെന്നും മരണ സമയത്ത് പ്രഖ്യാപിച്ച ഫണ്ട് നല്‍കാന്‍ യാതൊരു നിര്‍വാഹവുമില്ലെന്നാണ് പറയുന്നുത്.

കുമ്മനം രാജശേഖരന്‍, കെ സി വേണുഗോപാല്‍ എം.പി, പിണറായി വിജയന്‍ മുതലായ ഓരോ പാര്‍ട്ടിയുടെയും നേതാക്കളെ നേരിട്ടുകണ്ട് പരാതി നല്‍കിയിട്ടുള്ളതാണ്. എന്നാല്‍, ഞങ്ങളൊരു ക്രിസ്ത്യന്‍ മത വിഭാഗക്കാരായതിനാല്‍ ബിജെപി നേതാക്കള്‍ തീര്‍ത്തും അവഗണിക്കുകയാണ്. അപേക്ഷ സമര്‍പ്പിക്കാന്‍ ചെല്ലുമ്പോള്‍ ആദ്യം ചോദിക്കുന്നത് ഹിന്ദുവാണോ എന്നാണ്. അല്ല എന്നാണ് മറുപടിയെങ്കില്‍ അവരില്‍ നിന്നും ഒരുതരത്തിലുമുള്ള സഹായങ്ങളും ലഭിക്കാന്‍ പോകുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്. കുമ്മനം രാജശേഖരനെ പോലെ കേന്ദ്ര നേതൃത്വങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള നേതാക്കള്‍ വിചാരിച്ചാല്‍ ഒരു സൈനികന്റെ ഭാര്യക്ക് ജോലി വാങ്ങിക്കൊടുക്കാന്‍ ആണോ പ്രയാസം? ഭരണം അവരുടെ കയ്യില്‍ ഉണ്ട്. വേണ്ടെന്ന് വെച്ചിട്ട് തന്നെയാണ്.

http://www.azhimukham.com/tejbahaduryadav-constable-bsf-allegation-against-bsf-again/

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലേറിയ ഇടതുസര്‍ക്കാരില്‍ നിന്നും 10 ലക്ഷം രൂപ അടിയന്തിര ധനസഹായം ലഭിച്ചിരുന്നു. ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഷയങ്ങളെ പല മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും അതുവഴി മുഖ്യമന്ത്രി സഹായധനം നല്‍കുകയും ചെയ്തു. ആ പണം കൊണ്ട് ബാങ്ക് ലോണും പലിശയും വീട്ടി. ബാക്കി രൂപയും ജോലി സ്ഥലത്തുനിന്നും ലഭിച്ച രൂപയും ചേര്‍ത്ത് 2 സെന്റ് സ്ഥലത്ത് വീടുവെക്കാനും സാധിച്ചു. അതില്‍ ഇനി ഒരു രൂപ പോലും ശേഷിക്കുന്നില്ല. നിത്യചിലവ് കഴിയണം, മകളെ സ്‌കൂളില്‍ അയക്കണം, വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കണം ഇതിനെല്ലാം എന്റെ സഹോദരിയ്ക്ക് ഒരു ജോലി ആവശ്യമാണ്. പ്യൂണിന്റെ ജോലിയാണെങ്കില്‍ കൂടിയും ഒരു ജോലി ലഭിക്കേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തില്‍ വളരെ അത്യാവശ്യമാണ്. അതിനു വേണ്ടി മാത്രമാണ് ഇപ്പോള്‍ ഞങ്ങള്‍ ഓരോ നേതാക്കന്മാരുടെയും പിന്നാലെ ഓടി നടക്കുന്നത്.

ഇലക്ഷന്‍ അടുക്കുമ്പോള്‍ വന്ന് കണ്ണീര് വീഴ്ത്തുകയും കെട്ടിപ്പിടിച്ച് കരയുകയും ചെയ്ത ഒരു നേതാവിനെയും ഒന്ന് നേരില്‍ കണ്ട് സംസാരിക്കാന്‍ പോലും ഇന്ന് പറ്റുന്നില്ല. അല്ലെങ്കില്‍ തന്നെ അവര്‍ക്കെല്ലാം എന്തു നഷ്ടം? കൂടിയപക്ഷം അടുത്ത ഇലക്ഷനില്‍ മൂന്നോ നാലോ വോട്ടുകള്‍ നഷ്ടപ്പെടുമായിരിക്കും. എല്ലാം നഷ്ടമായത് ഞങ്ങളുടെ കുടുംബത്തിനാണ്.അനിലിന്റെ ഹൃദ്രോഗിയായ അച്ഛന്‍ ഇപ്പോള്‍ മീന്‍ വില്പനക്കിറങ്ങേണ്ടി വന്നു, ഒരുപാട് അസുഖങ്ങള്‍ ഉള്ള അമ്മ തൊഴിലുറപ്പ് ജോലിക്ക് പോകേണ്ടിവന്നു.

ഒരു സൈനികന്റെ കുടുംബത്തോട് കാണിക്കേണ്ട ആദരവ് എന്നൊന്നും പറയുന്നില്ല, കേവലം മാനുഷിക പരിഗണനയുടെ പുറത്തെങ്കിലും എന്റെ സഹോദരിക്കൊരു ജോലി നല്‍കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഒരുക്കമായാല്‍ മാത്രം മതി. ഫേസ്ബുക്കിലും മറ്റും സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാന ചെയ്ത് നിരവധി പേര്‍ മുന്നോട്ടു വന്നിരുന്നു. എന്നാല്‍, അതൊന്നും ഞങ്ങള്‍ സ്വീകരിച്ചില്ല. അനില്‍ എന്ന സൈനികനും അവന്റെ കുടുംബവും ന്യായമായി അര്‍ഹിക്കുന്നതെന്തോ അത് മാത്രം ലഭിച്ചാല്‍ മതി. അത് ലഭിച്ചേ തീരൂ.

http://www.azhimukham.com/malayali-jawan-found-died-in-nashik/


Next Story

Related Stories