TopTop
Begin typing your search above and press return to search.

ഒരമ്മയ്ക്ക് സ്വന്തം ചോരക്കുഞ്ഞിനെ വില്‍ക്കാനാവുമോ? ഒരന്വേഷണം

ഒരമ്മയ്ക്ക് സ്വന്തം ചോരക്കുഞ്ഞിനെ വില്‍ക്കാനാവുമോ? ഒരന്വേഷണം

ചിത്രങ്ങള്‍: സുനിത മാത്യൂസ്

ഒരമ്മയ്ക്ക് സ്വന്തം ചോരക്കുഞ്ഞിനെ വില്‍ക്കാനാവുമോ? വില്‍ക്കുന്നുണ്ടെങ്കില്‍, അതെന്ത് മാനസികാവസ്ഥയിലായിരിക്കും? എന്താവും അവരെ ഇതിന് പ്രേരിപ്പിച്ചിട്ടുണ്ടാവുക?

പാലക്കാട് കുനിശ്ശേരി കണ്ണ്യാര്‍കോടിലെ ബിന്ദു എന്ന വീട്ടമ്മ സ്വന്തം കുഞ്ഞിനെ വിറ്റുവെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് ഈ ചോദ്യങ്ങളാണ്. ആ ചോദ്യങ്ങള്‍ക്ക് പിറകെ, ബിന്ദുവിന്റെ വീടിരിക്കുന്ന സ്ഥലത്തേക്ക് ചെന്നപ്പോള്‍, എന്നാല്‍, ഉത്തരങ്ങള്‍ സങ്കീര്‍ണ്ണമായി. നമുക്ക് എളുപ്പം മനസ്സിലാവാത്ത എന്തൊക്കെയോ ദുരൂഹതകള്‍ ബാക്കിനില്‍ക്കുന്നു എന്ന തോന്നല്‍ ശേഷിക്കുന്നു.

ആ കുഞ്ഞിന് മുന്നു ദിവസം പ്രായമായിരുന്നു

കഴിഞ്ഞ ദിവസമാണ് ആ വാര്‍ത്ത പുറത്തുവന്നത്. ബിന്ദുവിനും ഭര്‍ത്താവ് പൊള്ളാച്ചി സ്വദേശി രാജനും അഞ്ച് മക്കളുണ്ട്. ഇതില്‍ മൂന്ന് ദിവസം മാത്രം പ്രായമുള്ള അഞ്ചാമത്തെ കുഞ്ഞിനെ മൂന്നാഴ്ച മുമ്പ് ഒരു ലക്ഷം രൂപയ്ക്ക് വിറ്റു എന്നായിരുന്നു വാര്‍ത്ത. സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിലാണ് വില്‍പ്പന നടത്തിയത് എന്നാണ് സംഭവം അന്വേഷിച്ച ആലത്തൂര്‍ പൊലീസ് പറയുന്നത്. ഭര്‍ത്താവിന്റെ അമ്മ വിജി കുഞ്ഞിനെ പൊള്ളാച്ചിയില്‍ കൊണ്ടുപോയി വിറ്റതായി ബിന്ദു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പത്ത് മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള നാല് കുട്ടികളെ വളര്‍ത്താന്‍ തന്നെ ബുദ്ധിമുട്ടുന്നതിനാല്‍, ഇനിയൊരു കുഞ്ഞു കൂടി വേണ്ടെന്ന് പറഞ്ഞ് രാജന്റെ അറിവോടെ അയാളുടെ അമ്മ ഡിസംബര്‍ 29ന് കുഞ്ഞിനെ വില്‍ക്കുകയായിരുന്നു എന്നായിരുന്നു ബിന്ദു പറഞ്ഞത്.

പ്രസവ ശുശ്രൂഷകള്‍ക്കായി പാലക്കാട്ട് നിന്നും ബിന്ദുവിനെ തമിഴ്‌നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. അതിനു ശേഷം ബിന്ദു കുഞ്ഞില്ലാതെ തിരികെ കുനിശ്ശരിയിലെ വീട്ടിലെത്തി. കുഞ്ഞെവിടെ എന്ന അയല്‍ക്കാരുടെ ചോദ്യത്തിന് തൃപ്തികരമായ മറുപടി കിട്ടാതെ വന്നപ്പോള്‍ സംശയം മുറുകി. തുടര്‍ന്ന് അയല്‍ക്കാര്‍ തൊട്ടടുത്തുള്ള അംഗന്‍വാടിയില്‍ ഇക്കാര്യം അറിയിച്ചു. അംഗന്‍വാടി ടീച്ചറായ കുമാരി ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും അവര്‍ പൊലീസില്‍ ബന്ധപ്പെടുകയും ചെയ്തു. ശിശുക്ഷേമ സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബിന്ദു അറസ്റ്റിലായി.

ബിന്ദുവിനും ഭര്‍ത്താവ് രാജനും അയാളുടെ അമ്മയ്ക്കും എതിരെ ആലത്തൂര്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി. അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ രാജനും അമ്മയും കസ്റ്റഡിയില്‍ ആയിട്ടുണ്ട്. അതിനിടെ, കുഞ്ഞിനെ തമിഴ്‌നാട്ടില്‍നിന്നും പൊലീസ് കണ്ടെത്തി. ആലത്തൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈറോഡില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ വില കൊടുത്തു വാങ്ങിയ ഈറോഡ് സ്വദേശി ജനാര്‍ദ്ദനനും പിടിയിലായതായി പൊലീസ് അറിയിച്ചു. കുഞ്ഞിനെ വില്‍ക്കാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച കസ്തൂരി എന്ന തമിഴ്നാട് സ്വദേശിയായ സ്ത്രീയെയും കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍നിന്നും കിട്ടിയ വിവരങ്ങള്‍ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.

പാലക്കാട്ടേക്ക് എത്തിച്ച കുഞ്ഞിപ്പോള്‍ ശിശുക്ഷേമ സമിതിയുടെ നിര്‍ദേശപ്രകാരം മലമ്പുഴ ആനന്ദഭവനിലാണ്. ഇവരുടെ മറ്റ് നാല് മക്കളെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റിയെങ്കിലും മൂത്ത കുട്ടി ഇപ്പോള്‍ വീട്ടില്‍ ബിന്ദുവിന്റെ അമ്മയ്‌ക്കൊപ്പമാണ്.

അയല്‍ക്കാര്‍

നാട്ടുകാര്‍ക്ക് പറയാനുള്ളത്

ഈ വാര്‍ത്തകള്‍ക്കിടെയാണ് കഴിഞ്ഞ ദിവസം ബിന്ദുവിന്റെ വീട് തേടിപ്പോയത്. കുനിശേരിയില്‍ ചെന്ന് കണ്ണ്യാര്‍കോടിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ തന്നെ ആളുകള്‍ ചോദിച്ചു, 'പത്രക്കാരാണോ, ബിന്ദുവിന്റെ വീട്ടിലേക്കാവുമല്ലേ'

അപരിചിതരുടെ തലവെട്ടം കണ്ടാല്‍ മനസ്സിലാവുന്ന ആ നാട്ടുവഴിയില്‍ ഇപ്പോള്‍ തീരെ പരിചയം ഇല്ലാത്തവരാണ് വന്നു പോകുന്നത്. ചാനല്‍ ക്യാമറകളും പോലീസ് വാഹനങ്ങളും അന്വേഷിച്ച് വരുന്ന വഴിയായി അത് മാറി. അതൊരു കുഞ്ഞിനെ വിറ്റു കളഞ്ഞ നാട് ആയിട്ട് കുറച്ചു നാളേ ആയുള്ളൂ. അതിന്റെ അമ്പരപ്പ് ആ നാട്ടുവഴികളില്‍ കണ്ടുമുട്ടിയ നാട്ടുകാരെല്ലാം പങ്കുവെച്ചു.

ഇതുവരെ ഇങ്ങിനൊന്ന് ഈ നാട്ടില്‍ ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആണയിട്ട് പറയുന്നു. അതിനും മാത്രം ദാരിദ്ര്യം അവര്‍ക്ക് ഉണ്ടായിരുന്നില്ലല്ലോ എന്നും അവര്‍ ആശ്ചര്യപ്പെടുന്നു. ദിവസം പത്തെണ്ണൂറ് രൂപയുടെ ജോലി ചെയ്യുന്ന ഒരാളാണ് രാജനെന്നും ബിന്ദുവും ജോലിക്ക് പോവുന്നുണ്ടെന്നും അയല്‍ക്കാരില്‍ ചിലര്‍ പറയുന്നു. കുഞ്ഞിനെ വില്‍ക്കാന്‍ മാത്രമുള്ള കഷ്ടപ്പാട് അവര്‍ക്കില്ലെന്നും അയല്‍ക്കാര്‍ പറയുന്നു. അതിലേറെ ദാരിദ്ര്യമുള്ളവര്‍ അവിടെ ഉണ്ടായിട്ടും ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല എന്നുമവര്‍ ആശ്ചര്യം കൂറുന്നു.

ബിന്ദുവും കുട്ടികളും താമസിച്ചിരുന്ന വീട്

അയല്‍ക്കാരുടെ ഉല്‍ക്കണ്ഠകള്‍

ബിന്ദുവിന്റെ വീട്ടിലെത്തിയപ്പോള്‍ അതു പൂട്ടിയിട്ടിരിക്കുകയാണ്. തീരെ ചെറിയ ഒരു വീട്. ദാരിദ്ര്യം പുതഞ്ഞു നില്‍ക്കുന്ന വീടാണെന്ന് ഒറ്റ നോട്ടത്തിലറിയാം. ബിന്ദു പോയതോടെ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതി കൊണ്ടുപോയിരിക്കുന്നു. ബിന്ദുവിന്റെ അമ്മ അവിടെയില്ല. അവര്‍ പുറത്തെവിടെയോ ആണ്. ഈ സംഭവത്തില്‍ ബിന്ദുവിനോടാണ് സംസാരിക്കേണ്ടത്, അവരുടെ അറിവോടെയാണോ ഇത് നടന്നത് എന്നാണറിയേണ്ടത്. എന്നാല്‍, അവര്‍ പൊലീസ് പിടിയിലാണ്. പുറത്തിറങ്ങുന്നതുവരെ അവരുടെ ഭാഷ്യം ഇനി പൊലീസ് പറയുന്നത് മാത്രമാണ്. ഭര്‍ത്താവും സ്ഥലത്തില്ല. കുട്ടികളെയും കാണാന്‍ കഴിയില്ല. അതിനാല്‍, അവരുടെ ഭാഗത്തുനിന്നുള്ള വിവരങ്ങള്‍ കിട്ടാന്‍ ഒരു വഴിയുമില്ല.

ഇനിയുള്ള സാധ്യത അയല്‍ക്കാരാണ്. ബിന്ദുവിന്റെ വീടിനടുത്തുള്ള വീടുകളിലേക്ക് ചെന്നപ്പോള്‍ ചിലരൊക്കെ സംസാരിക്കാന്‍ തയ്യാറായി. രാജനും ബിന്ദുവും ദിവസക്കൂലിക്ക് ജോലിക്ക് പോകുന്നതായി അയല്‍വാസികളെല്ലാം പറയുന്നു. രാജന് അല്ലറ ചില്ലറ മദ്യപാനശീലം ഉണ്ട്. എന്നാല്‍, കൊടും ദാരിദ്ര്യത്തിനുള്ള കാരണം അതാവില്ല. അയാള്‍ വീട് പുലര്‍ത്താനുള്ള പൈസ സമ്പാദിക്കുന്നുണ്ട് എന്നാണ് അവരുടെ പക്ഷം.

അവരെല്ലാം ഊന്നിപ്പറയുന്നത് ഒരു കാര്യമാണ്. ആ കുഞ്ഞുങ്ങളുടെ അവസ്ഥ ദയനീയമാണ്. ദാരിദ്ര്യമല്ല അതിനു കാരണം. ബിന്ദുവിന്റെയും അമ്മയുടെയും താത്പ്പര്യമില്ലായ്മയാണ്. കുഞ്ഞുങ്ങളെ നോക്കുന്നതില്‍ ഇരുവര്‍ക്കും ഒരു താത്പ്പര്യവുമില്ല എന്ന് അയലത്തെ സ്ത്രീകള്‍ തന്നെ പറയുന്നു. കുട്ടികള്‍ക്ക് കൃത്യമായി ഭക്ഷണം കൊടുക്കാനോ അവരെ വൃത്തിയോടെ പരിപാലിക്കാനോ ബിന്ദുവും അമ്മയും ശ്രദ്ധിക്കാറില്ല. ആ കുഞ്ഞുങ്ങള്‍ വീണ്ടുമിനി വീട്ടിലേക്ക് വരാതിരിക്കട്ടെ എന്നാണ്, തൊട്ടടുത്ത വീട്ടിലെ ചെറുപ്പക്കാരിയായ സ്ത്രീ പറഞ്ഞത്.

ബിന്ദുവിന്റെ പ്രസവങ്ങള്‍ എല്ലാം തമിഴ്‌നാട്ടിലെ ഭര്‍തൃവീട്ടിലാണ് നടന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇത്തവണ ഗര്‍ഭിണി ആയപ്പോഴും ബിന്ദു അങ്ങോട്ടാണ് പോയത്. പ്രസവം കഴിഞ്ഞ് കുട്ടിയുമായി വരുമെന്നാണ് കരുതിയത്. എന്നാല്‍, തമിഴ് നാട്ടില്‍നിന്നും തിരിച്ചു വന്നത് ബിന്ദു തനിച്ചായിരുന്നു, കുഞ്ഞില്ല. കുഞ്ഞെവിടെ എന്ന് ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ നോക്കുമെന്നായിരുന്നു ബിന്ദുവിന്റെ മറുപടി. അപ്പോള്‍, മുലപ്പാലൊക്കെ എങ്ങനെ കിട്ടും എന്ന ചോദ്യത്തിന് മറുപടി ഉണ്ടായില്ല. മറ്റ് ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും കൃത്യമായ മറുപടികള്‍ ഉണ്ടായില്ല. തുടര്‍ന്നാണ്, അയല്‍വാസികള്‍ക്ക് സംശയം കനത്തത്. ബിന്ദുവിന്റെ അലക്ഷ്യഭാവവും നിസ്സംഗതയും അവരുടെ സംശയം പെരുപ്പിച്ചു. അങ്ങനെയാണ് തൊട്ടടുത്ത അംഗന്‍വാടിയില്‍ വിവരമറിയിച്ചത്.

താനാണ് ഈ വിവരം ചൈല്‍ഡ് ലൈനിലും പൊലീസിലും അറിയിച്ചതെന്ന് അംഗന്‍വാടിയിലെ അധ്യാപിക കുമാരി പറഞ്ഞു. അയല്‍ക്കാര്‍ വിവരമറിയിച്ചപ്പോഴാണ് ഇങ്ങനെ ചെയ്തത്. അങ്ങനെയാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞിനെ വിറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാം എന്നുള്ള ഉദ്ദേശത്തോട് കൂടിയാണ് ബിന്ദു അഞ്ചാമതും ഗര്‍ഭം ധരിച്ചത് എന്ന സംശയവും ടീച്ചര്‍ക്കുണ്ട്. വിദ്യാഭ്യാസം ഇല്ലാത്തതും നിയമകാര്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയുമാവാം കുഞ്ഞിനെ വില്‍ക്കാന്‍ ധൈര്യം നല്‍കിയതെന്നും കുമാരി ടീച്ചര്‍ കരുതുന്നു.

കുമാരി ടീച്ചര്‍

ആ കുഞ്ഞുങ്ങള്‍ ഇനിയെന്താവും?

എന്നാല്‍, ഒരയല്‍വാസി മറ്റൊരു വിവരം പങ്കുവെച്ചു. സത്യത്തില്‍, ദാരിദ്ര്യം തന്നെയാണ് വില്ലന്‍. അവര്‍ക്ക് ബിപിഎല്‍ കാര്‍ഡിനു പകരം എപിഎല്‍ കാര്‍ഡാണ്. മദ്യപാനവും മറ്റുമായി നടക്കുന്ന രാജന്‍ കൃത്യമായി ജോലിക്ക് പോവാറില്ല. അയാള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വേറെയും. മക്കളെ നോക്കാന്‍ കഴിയാതെ തന്നെയാണ് അവരെ വീട്ടിലാക്കി ബിന്ദു വീട്ടുജോലിക്ക് പോവുന്നത്. ബിന്ദുവിന്റെ അമ്മയാവട്ടെ, കുട്ടികളെ നോക്കുന്നതിനേക്കാള്‍ അലസയായി ഇരിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. തമിഴ്‌നാട്ടിലെ രാജന്റെ സാഹചര്യം അറിയില്ല. ദാരിദ്ര്യവും മറ്റ് പരാധീനതകളും തന്നെയാവണം, ഇത്തരമൊരു കടുംകൈയ്ക്ക് ഇവരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്നും പേരു വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലെന്നു പറഞ്ഞശേഷം അവര്‍ പറയുന്നു.

കാര്യമെന്തായാലും കുഞ്ഞിനെ വിറ്റു എന്നത് സത്യമാണ്. അത് ഭര്‍ത്താവിന്റെ അറിവോടെയാണെന്ന് ബിന്ദു പറയുന്നു. ഭര്‍ത്താവിന്റെ അമ്മയും അന്നാട്ടിലെ ചില ഇടനിലക്കാരുമാണ് അതിനു തുനിഞ്ഞത് എന്നുമവര്‍ പറയുന്നു. ദാരിദ്ര്യം ചൂഴ്ന്നുനില്‍ക്കുന്ന തമിഴ് ഗ്രാമങ്ങളിലെ ജീവിതാവസ്ഥകളില്‍ ഇത്തരം ഇടനിലക്കാര്‍ മുതലെടുക്കുന്നുണ്ടാവണം. അതാവണം, ഇതുപോലൊരു സാധ്യത തേടണ്ടേിവന്നത്. പക്ഷേ, ഭൂരിഭാഗം അയല്‍ക്കാരുടെയും നാട്ടുകാരുടെയും മുന്നില്‍ ബിന്ദു തന്നെയാണ് മുഖ്യ അപരാധി. അങ്ങനെ പറയാന്‍ അവര്‍ക്ക് അവരുടേതായായ കാരണങ്ങളുണ്ട്. എന്നാല്‍, അവരില്‍ പലരും സ്വന്തം ദേശത്തിന് ഇങ്ങനെയൊരു ദുഷ്‌പേര് കൊണ്ടുവന്നവള്‍ എന്ന നിലയില്‍ കടുത്ത അരിശത്തോടെയാണ് ബിന്ദുവിനെ കാണുന്നത്. ദാരിദ്ര്യം അടക്കമുള്ള കാരണങ്ങളെ അവഗണിക്കാന്‍ അവര്‍ക്ക് പ്രേരണയാവുന്നത് ജീവിതസദാചാരപരമായ പ്രശ്‌നങ്ങള്‍ കൂടിയാണെന്ന് തോന്നുന്നു.

ബിന്ദുവിന്റെ അമ്മ താമസിക്കുന്ന വീട്

മടങ്ങുമ്പോള്‍ ആ വീടിനെ ക്യാമറയില്‍ പകര്‍ത്തി. ബിന്ദുവിന്റെയും രാജന്റെയും വീട്. ഭക്ഷണവും നല്ല സാഹചര്യങ്ങളുമില്ലാതെ നാല് കുട്ടികള്‍ വളരുന്ന ഒരിടം. വിറ്റില്ലായിരുന്നുവെങ്കില്‍, ആ തീച്ചൂളയിലേക്ക് അഞ്ചാമത്തെ കുഞ്ഞും എത്തിയേനെ. ആ കുഞ്ഞും ദാരിദ്ര്യം തിന്നു കഴിഞ്ഞേനെ. അന്നേരമൊന്നും ഒരയല്‍ക്കാരും നാട്ടുകാരും അവരെക്കുറിച്ചാലോചിച്ച് വേവലാതിപ്പെടില്ലായിരുന്നു. ഇപ്പോള്‍ പക്ഷേ, എല്ലാവരുടെയും ഉല്‍ക്കണ്ഠകളുടെ കേന്ദ്രസ്ഥാനത്താണ് ആ വീട്. ആ കുട്ടികള്‍. ആ കുടുംബം.

ഇനി പറയേണ്ടത് നിയമമാണ്, പൊലീസും കോടതിയുമാണ്. ആ കുഞ്ഞുങ്ങള്‍ ഇനി എന്താവും? അവരുടെ ജീവിതം ഇനി എന്താവും?


Next Story

Related Stories