TopTop
Begin typing your search above and press return to search.

പ്രളയകാലത്തിന്റെ ഓമനയായി മനുഷ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഈ കൊച്ചുമിടുക്കിക്ക് 'വല്യ സ്‌പോര്‍ട്‌സുകാരി'യാകണം; ഇപ്പോള്‍ വേണ്ടത് ഒരു വീടാണ്

പ്രളയകാലത്തിന്റെ ഓമനയായി മനുഷ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഈ കൊച്ചുമിടുക്കിക്ക് വല്യ സ്‌പോര്‍ട്‌സുകാരിയാകണം; ഇപ്പോള്‍ വേണ്ടത് ഒരു വീടാണ്

രണ്ടാം പ്രളയകാലത്തെ അവധികള്‍ക്കു ശേഷം കോഴിക്കോട്ടെ മറ്റെല്ലാ സ്‌കൂളുകളെയും പോലെ ചെറൂപ്പ മണക്കാട് എ.എല്‍.പി സ്‌കൂളിലും ബുധനാഴ്ച വീണ്ടും ക്ലാസ്സുകള്‍ ആരംഭിച്ചു. സഹപാഠികള്‍ പതിവുപോലെ ക്ലാസ്സുകളിലെത്തിയിട്ടും, നാലാം ക്ലാസ്സുകാരിയായ മനുഷ മാത്രം ഇപ്പോഴും സ്‌കൂളില്‍ തിരികെയെത്തിയിട്ടില്ല. നിര്‍ത്താതെ പെയ്ത മഴയും ഇരച്ചു കയറിയ വെള്ളവും മനുഷയുടെ കൂരയും ബാഗും പുസ്തകങ്ങളും വസ്ത്രങ്ങളുമെല്ലാം ഒഴുക്കിക്കൊണ്ടുപോയിട്ട് ദിവസങ്ങളാകുന്നു. പഠിക്കാന്‍ മിടുക്കിയായ, കായികോത്സവങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ള മനുഷയെക്കുറിച്ചാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം മുഴുവന്‍ സംസാരിക്കുന്നത്. മാവൂര്‍ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലൊന്നില്‍ വച്ച്, പ്രളയകാലത്തിനിടെ മനുഷയ്ക്ക് അച്ഛനെ നഷ്ടമായിരുന്നു. മനുഷയുടെ അച്ഛന്‍, സര്‍ക്കസ് കലാകാരനായിരുന്ന രാജു, ക്യാമ്പില്‍ വച്ചാണ് കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചത്. പ്ലാസ്റ്റിക് ഷീറ്റ് വച്ചു മറച്ച കൂരയില്‍ കഴിഞ്ഞിരുന്ന, നേരത്തേ അമ്മ ഉപേക്ഷിച്ചു പോയ മനുഷ, അച്ഛന്റെ മരണത്തോടെ ഒറ്റപ്പെട്ടതായുള്ള വാര്‍ത്തകളെത്തുടര്‍ന്ന് സഹായവുമായി നിരവധി പേര്‍ സമൂഹമാധ്യമങ്ങള്‍ വഴി എത്തുകയും ചെയ്തിരുന്നു.

കുഞ്ഞുങ്ങളില്ലാത്ത തനിക്കും ഭാര്യക്കും മനുഷയെ ദത്തെടുക്കാന്‍ താത്പര്യമുണ്ടെന്നറിയിച്ചെത്തിയ ആലപ്പുഴ സ്വദേശിയായ ജതീഷും, സ്വന്തമായി സ്വത്തുക്കളൊന്നുമില്ലാത്ത ജതീഷിന് മനുഷയെ ദത്തെടുക്കുന്നതില്‍ തടസ്സമുണ്ടാകരുതെന്ന ആഗ്രഹവുമായി ഇവര്‍ക്കു വീടു നല്‍കാന്‍ സന്നദ്ധനായ ജിജു ജേക്കബും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു. പ്രളയകാലത്ത് പരസ്പരം കൈത്താങ്ങാകുന്ന മനുഷ്യരുടെ ഉദാഹരണങ്ങളായി സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ത്തിക്കാണിച്ചത് മനുഷയുടെ കഥയായിരുന്നു. മനുഷയ്ക്ക് താങ്ങാകാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് സമൂഹമാധ്യമങ്ങള്‍ വഴി സന്നദ്ധത അറിയിച്ചത്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും മനുഷ ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങേണ്ടിവരരുത് എന്ന ആഗ്രഹം പ്രകടിപ്പിച്ചവര്‍ അനവധിയാണ്. വഴിയോരത്ത് സര്‍ക്കസ് പ്രകടനങ്ങള്‍ നടത്തി ജീവിക്കുന്ന നാടോടി കുടുംബത്തില്‍ നിന്നുള്ള മനുഷയ്ക്ക് ഇത്തരം സഹായങ്ങള്‍ വലിയ ആശ്വാസമാകുമെന്നുതന്നെയാണ് നാട്ടുകാരുടെയും പഞ്ചായത്ത് അധികൃതരുടെയും അഭിപ്രായവും.

മാവൂരില്‍ പൊന്‍പറക്കുന്നിനു കീഴെ പ്ലാസ്റ്റിക് ഷീറ്റു കൊണ്ടു കെട്ടിമറച്ച രണ്ടു കുടിലുകളിലായാണ് മനുഷയുടെ കുടുംബം താമസിച്ചിരുന്നത്. അച്ഛനും ചേട്ടന്മാരും അടങ്ങുന്ന മനുഷയുടെ കുടുംബം ഒരു കുടിലിലും, പിതൃസഹോദരന്റെ കുടുംബം തൊട്ടടുത്ത കുടിലിലും. അച്ഛനും ചേട്ടനും ചേട്ടത്തിയമ്മയ്ക്കുമൊപ്പമാണ് മനുഷ ചെറൂപ്പയില്‍ താമസിച്ചിരുന്നത്. എല്ലാവരും തെരുവു സര്‍ക്കസ് കലാകാരന്മാര്‍ തന്നെ. രണ്ടു തലമുറകള്‍ക്കു മുന്‍പ് മൈസൂരില്‍ നിന്നും കേരളത്തിലെത്തിയതാണ് മനുഷയുടെ കുടുംബം. മനുഷയുടെ അച്ഛനും സഹോദരങ്ങളുമെല്ലാം ജനിച്ചതും കേരളത്തിലാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പലയിടത്തായുള്ള നാടോടി ജീവിതം നയിച്ച ശേഷമാണ് മാവൂരിലെത്തിയതെന്ന് മനുഷയുടെ സഹോദരന്‍ ശ്രീനിവാസന്‍ പറയുന്നു. "ഞങ്ങളൊന്നും മൈസൂരില്‍ പോയിട്ടുപോലുമില്ല. ഇരുപത്തിയഞ്ചു വര്‍ഷമെങ്കിലും ആയിക്കാണും മാവൂരിലെത്തിയിട്ട്. ചെറൂപ്പയില്‍ താമസമായിട്ട് പതിനേഴു വര്‍ഷം കഴിഞ്ഞു. വീട് എന്നു പറയാന്‍ മാത്രമൊന്നുമില്ല. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയിട്ട് ആ ഒറ്റമുറിയിലാണ് താമസിച്ചിരുന്നത്. മഴ നിര്‍ത്താതെ പെയ്തപ്പോള്‍ അതും പോയി. ക്യാമ്പിലെത്തിയപ്പോഴാണ് അച്ഛന് സുഖമില്ലാതായത്. തീരെ പ്രതീക്ഷിക്കാതെ അച്ഛനും മരിച്ചു. ഞങ്ങള്‍ക്ക് ഒരു സഹോദരന്‍ കൂടിയുണ്ട്. കുടുംബമായി എടപ്പാളിലാണ് താമസം. ഇവിടത്തെ വീട്ടില്‍ ഇനിയിപ്പോള്‍ ഞാനും ഭാര്യയും മനുഷയുമേയുള്ളൂ. പക്ഷേ വീടില്ലല്ലോ. ഇവിടെ നിന്നും എങ്ങോട്ടു പോകുമെന്നറിയില്ല."

ക്യാമ്പുകളെല്ലാം പിരിച്ചുവിട്ടതോടെ പോകാനിടമില്ലാതായ മനുഷയും കുടുംബവും ഇപ്പോള്‍ കണ്ണിപറമ്പ് ജി.എല്‍.പി സ്‌കൂളിനു സമീപം പഞ്ചായത്ത് വൃദ്ധസദനത്തിനായി പണിതിട്ടുള്ള കെട്ടിടത്തിലാണുള്ളത്. മനുഷയുടെ കുടുംബവും പിതൃസഹോദരന്റെ കുടുംബവും ഈ കെട്ടിടത്തില്‍ എത്രകാലം താമസിക്കാനാകും എന്ന ആശങ്കയിലാണ്. മനുഷയെക്കുറിച്ചുള്ള വാര്‍ത്തകളും, ദത്തെടുക്കാന്‍ പലരും സന്നദ്ധത പ്രകടിപ്പിക്കുന്ന വിവരവും സമൂഹമാധ്യമങ്ങള്‍ വഴി തന്നെയാണ് ബന്ധുക്കളും അറിഞ്ഞിട്ടുള്ളത്. തങ്ങളെ ഇക്കാര്യം സൂചിപ്പിച്ച് ആരും നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും, പലരും ദത്തെടുക്കാനും ഹോസ്റ്റലില്‍ നിര്‍ത്താനും താത്പര്യപ്പെടുന്നതായി പറഞ്ഞുകേട്ടുവെന്നുമാണ് ശ്രീനിവാസന്‍ പറയുന്നത്. "വാട്‌സ് ആപ്പിലൊക്കെ കണ്ടിരുന്നു. പക്ഷേ ഞങ്ങളെയൊന്നും ആരും നേരിട്ട് വിളിച്ചിട്ടില്ല. ദത്ത് കൊടുക്കുന്ന കാര്യം ചിന്തിച്ചിട്ടേയില്ല. കുടുംബം ഇല്ലാതെ ഒറ്റപ്പെട്ടുപോയവരെയല്ലേ ദത്തുകൊടുക്കുക. മനുഷയ്ക്ക് കുടുംബമില്ലേ. ഞങ്ങളൊക്കെയില്ലേ. പിന്നെ അവളെ എങ്ങനെ വേറൊരിടത്തേക്ക് വിടും? ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കാം എന്നും ചിലര്‍ പറയുന്നുണ്ട്. ഹോസ്റ്റലില്‍ വിടുന്നെങ്കിലും, ശനിയും ഞായറും ഞങ്ങള്‍ക്കൊപ്പം അവള്‍ വീട്ടില്‍ വേണം. അങ്ങിനെ പറ്റുന്നയിടത്തേ വിടൂ. പക്ഷേ ഇതൊന്നും ആരും ഞങ്ങളോട് നേരിട്ട് സംസാരിച്ചിട്ടില്ല."

മനുഷ എന്ന മിടുക്കിക്കുട്ടിയെക്കുറിച്ച് പറയാന്‍ പഞ്ചായത്ത് അധികൃതര്‍ക്കും നാട്ടുകാര്‍ക്കും ജനപ്രതിനിധികള്‍ക്കുമെല്ലാം ഒരുപാടുണ്ട്. വഴിയോരത്തെ കുടിലില്‍ നിന്നും ദിവസവും രാവിലെ ബാഗും ചുമന്ന് സ്‌കൂളിലേക്ക് നടന്നുപോകുന്ന മനുഷ അവിടുത്തുകാര്‍ക്ക് പതിവു കാഴ്ചയാണ്. "പഠിക്കാനൊക്കെ മിടുക്കിയാണ്. പക്ഷേ, ഈ സാഹചര്യത്തില്‍ ആ കുട്ടിക്ക് മുന്നോട്ടു പോകാനാകുമോ എന്ന് ന്യായമായും സംശയം തോന്നുന്നുണ്ട്. മനുഷയുടെ വീട്ടിലെല്ലാവരും തെരുവുസര്‍ക്കസ് ചെയ്യുന്നവരാണ്. വീട്ടിലെ അവസ്ഥയും മോശമാണ്. എന്തു തരത്തിലുള്ള സഹായം കിട്ടിയാലും ആ കുട്ടിക്ക് വലിയ ഉപകാരമായിരിക്കും. പലരും സാമ്പത്തികസഹായമൊക്കെ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നുണ്ട്. നഷ്ടപ്പെട്ടുപോയ ബാഗും പുസ്തകങ്ങളുമെല്ലാം പഞ്ചായത്തു തന്നെ വാങ്ങിച്ചുകൊടുക്കും. വീടിന്റെ കാര്യമാണ് സംശയത്തിലുള്ളത്", മനുഷയ്ക്കുള്ള സഹായവാഗ്ദാനം അറിയിക്കാന്‍ വൃദ്ധസദനത്തിന്റെ കെട്ടിടത്തിലെത്തിയ ചെറൂപ്പ വാര്‍ഡ് മെംബര്‍ സുനീഷ് പറയുന്നു.

മഴയത്ത് ഏതാണ്ട് എല്ലാം നഷ്ടപ്പെട്ടപ്പോഴും, മനുഷ ക്യാമ്പിലേക്ക് ഒരു പ്ലാസ്റ്റിക് കൂട് ഭദ്രമായി സൂക്ഷിച്ച് എത്തിച്ചിരുന്നു. ഏറെ വിലപിടിപ്പുള്ളതായി മനുഷ കരുതുന്ന മെഡലുകളും സര്‍ട്ടിഫിക്കറ്റുകളുമാണ് അതിനകത്ത്. 'ഓട്ടമത്സരത്തിനു കിട്ടിയ സമ്മാനങ്ങളാ'ണെന്നു പറഞ്ഞുകൊണ്ട് മനുഷ അതില്‍ നിന്നും പുറത്തെടുത്തു കാണിച്ചത് കായികോത്സവത്തില്‍ 100 മീറ്ററിലും 200 മീറ്ററിലും ഒന്നാം സ്ഥാനം നേടിയതിന്റെ സര്‍ട്ടിഫിക്കറ്റുകളും മെഡലുകളുമാണ്. നാടു മുഴുവന്‍ തന്നെക്കുറിച്ച് സംസാരിക്കുന്നതിനെക്കുറിച്ചോ, തനിക്കുവേണ്ടി പലയിടങ്ങളിലും സഹായങ്ങളൊരുങ്ങുന്നതിനെക്കുറിച്ചോ മനുഷയ്ക്ക് വ്യക്തമായ ധാരണയില്ല. പക്ഷേ, പഠിച്ച് വളര്‍ന്ന് 'വലിയ സ്‌പോര്‍ട്‌സുകാരിയാകണം' എന്ന് പറയാന്‍ മാത്രം രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നില്ല. സ്‌കൂളില്‍ പോകുന്നതിനെക്കുറിച്ചും വീണ്ടും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചുമുള്ള സ്വപ്‌നങ്ങളാണ് മനുഷയ്ക്ക് നിറയെയുള്ളത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മ ഉപേക്ഷിച്ചു പോയ മനുഷയെയും സഹോദരന്മാരെയും തെരുവു സര്‍ക്കസില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് വളര്‍ത്തിയത് അച്ഛന്‍ രാജുവായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിക്കുന്നതെങ്കിലും മനുഷയെ പറ്റാവുന്നത്ര പഠിപ്പിക്കുമെന്ന് സഹോദരന്‍ ശ്രീനിവാസനും പിതൃസഹോദരന്റെ മകന്‍ മുത്തുവും പറയുന്നു. ശ്രീനിവാസനും ഭാര്യ ഗൗരിയും മാവൂരിലും കോഴിക്കോട് ടൗണിലും സര്‍ക്കസും സൈക്കിളഭ്യാസവും കാണിച്ചാണ് ഉപജീവനം കണ്ടെത്തുന്നത്. തങ്ങള്‍ക്ക് പ്രതീക്ഷയുള്ളത് മനുഷയിലാണെന്നും, മനുഷയുടെ വിദ്യാഭ്യാസത്തിനു തന്നെയാണ് ഏറ്റവും പ്രാധാന്യം കൊടുക്കുന്നതെന്നുമാണ് ശ്രീനിവാസന്റെ പക്ഷം. നല്ല വിദ്യാഭ്യാസം നേടാനായി മനുഷയെ ഹോസ്റ്റലില്‍ നിര്‍ത്തണമെങ്കില്‍ അതിനും തയ്യാറാകാമെന്ന് ഇവര്‍ പറയുന്നു. "എത്രയോ കാലമായി ഞങ്ങള്‍ ഇവിടെ താമസിക്കുന്നു. പക്ഷേ ഞങ്ങളെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് മനുഷ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതിനു ശേഷമാണ്. ബാഗു വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ആദ്യമൊക്കെ പ്ലാസ്റ്റിക് കവറില്‍ പുസ്തകമിട്ടാണ് അവള്‍ സ്‌കൂളില്‍ പോയിരുന്നത്. അതു കണ്ടിട്ടാണ് ഇവിടെയുള്ളവര്‍ അവള്‍ക്ക് ബാഗും പുസ്തകങ്ങളും കുടയുമെല്ലാം വാങ്ങിക്കൊടുത്തത്. സ്‌കൂളില്‍ എല്ലാവര്‍ക്കും വലിയ കാര്യമാണ്. അത്രയും മിടുക്കിയാണ്. നാട്ടിലും എല്ലാവര്‍ക്കും ഇഷ്ടമാണ് അവളെ. അവള്‍ ഒന്നാം ക്ലാസ്സില്‍ ചേരുന്നതു വരെ ഞങ്ങള്‍ ഇവിടെയുള്ളതു പോലും ആര്‍ക്കുമറിയില്ലായിരുന്നു. പിന്നെ മനുഷയുടെ വീട്ടുകാര്‍ എന്നു പറഞ്ഞാണ് നാട്ടുകാരെല്ലാം ഞങ്ങളെ മനസ്സിലാക്കിയത്. അങ്ങനെയുള്ളപ്പോള്‍ ഞങ്ങള്‍ എങ്ങനെയും അവള്‍ക്കു കിട്ടേണ്ട വിദ്യാഭ്യാസം കൊടുക്കാനല്ലേ നോക്കൂ."

നിലവിലെ ജീവിത സാഹചര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ സാധിച്ചാലേ മനുഷയ്ക്ക് വിദ്യാഭ്യാസത്തിലും കായിക മേഖലയിലും മുന്നോട്ടു വരാന്‍ സാധിക്കൂ എന്നാണ് നാട്ടുകാരില്‍ പലരുടെയും അഭിപ്രായം. ദത്തെടുക്കാന്‍ തയ്യാറായി കുടുംബങ്ങള്‍ മുന്നോട്ടുവരികയാണെങ്കില്‍ മനുഷയ്ക്ക് അത് തീര്‍ച്ചയായും ഗുണം മാത്രമേ ചെയ്യുകയുള്ളൂ എന്ന് ജനപ്രതിനിധികളും പറയുന്നു. എന്നാല്‍, മനുഷയ്ക്ക് കുടുംബമായി തങ്ങളുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് ശ്രീനിവാസനും ഗൗരിയും. അച്ഛന്റെ സഹോദരനും അവരുടെ മക്കളും മുത്തശ്ശിയുമെല്ലാം അടങ്ങുന്ന കുടുംബത്തിന് താമസിക്കാന്‍ ഒരു വീടാണ് വേണ്ടതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇനിയെന്തു ചെയ്യാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് മനുഷയ്ക്കാകട്ടെ, പുഞ്ചിരി മാത്രമാണ് ഉത്തരം. "പഞ്ചായത്ത് മെംബെറെല്ലാം വന്നിരുന്നു. അവരൊക്കെ സഹായിക്കാം എന്നു പറഞ്ഞിട്ടുണ്ട്. പെട്ടെന്ന് തന്നെ സ്‌കൂളില്‍ പോകാന്‍ തുടങ്ങണം", ഇത്രയുമാണ് ഈ ഒമ്പതു വയസ്സുകാരിയുടെ ആഗ്രഹങ്ങള്‍. വീടും സാധനങ്ങളും നഷ്ടപ്പെട്ടിട്ടും മനുഷ നിധി പോലെ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കവറിലുണ്ട് ആ ആഗ്രഹങ്ങളെല്ലാം. നാളെ തങ്ങളുടെ മുഖമായി മാറേണ്ടത് മനുഷയാണെന്ന് ബോധ്യമുണ്ട് എന്നു പറയുന്ന കുടുംബവും അവള്‍ക്കൊപ്പമുണ്ട്. പലയിടങ്ങളില്‍ നിന്നായി പലരും വാഗ്ദാനം ചെയ്തിട്ടുള്ള സഹായങ്ങള്‍ തന്നെയാണ് ഇനി മനുഷയ്ക്ക് ആവശ്യം.

(റിപ്പോര്‍ട്ടിനൊപ്പമുള്ള മനുഷയുടെ ചിത്രം അനുവാദത്തോടെ എടുത്തതാണ്. അത് പകര്‍ത്താനോ ദുരുപയോഗം ചെയ്യാനോ പാടുള്ളതല്ല)


Next Story

Related Stories