TopTop
Begin typing your search above and press return to search.

'അഭയാര്‍ഥി സമര'ത്തില്‍ കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല; ഹോസ്റ്റലില്ല, ഭക്ഷണമില്ല, ഇപ്പോള്‍ ക്ലാസുകളുമില്ല

അഭയാര്‍ഥി സമരത്തില്‍ കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല; ഹോസ്റ്റലില്ല, ഭക്ഷണമില്ല, ഇപ്പോള്‍ ക്ലാസുകളുമില്ല

കാസര്‍ഗോഡ് പെരിയയില്‍ പ്രവര്‍ത്തിച്ചുവരുന്ന കേന്ദ്ര സര്‍വകലാശാലയില്‍ ബാലാരിഷ്ടതകള്‍ മാറിയിട്ടില്ല. വളരെ നാള്‍ കാത്തിരുന്ന് കേരളത്തിന് കിട്ടിയ ക്യാമ്പസില്‍ പ്രശ്‌നങ്ങളൊഴിഞ്ഞ കാലം വളരെ കുറവായിരുന്നു. സ്റ്റാഫ് നിയമനം മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വരെ അടിമുടി ആരോപണങ്ങളില്‍ മുങ്ങിയിരുന്ന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വിദ്യാര്‍ത്ഥികളുടെ അഭയാര്‍ത്ഥി സമരം (സ്റ്റുഡന്റ് റഫ്യൂജി മൂവ്‌മെന്റ്) എന്ന് പേരിട്ട സമരത്തിന്റെ പേരിലാണ് വീണ്ടും ക്യാമ്പസ് കലുഷിതമാകുന്നത്.

പുതിയ അധ്യയനവര്‍ഷം തുടങ്ങുമ്പോള്‍ ഓരോ കോഴ്‌സുകള്‍ക്കും സീറ്റ് വര്‍ധിപ്പിച്ചിരുന്നു. 26ല്‍ നിന്നും 40ലേക്കും 15ല്‍ നിന്നും 30ലേക്കും സീറ്റ് വര്‍ധിപ്പിച്ചെങ്കിലും അതിന് ആവശ്യമായ രീതിയില്‍ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പുതിയ അഡ്മിഷന്‍ ലഭിച്ച നൂറിലധികം വിദ്യാര്‍ത്ഥികള്‍ താമസിക്കാനിടമില്ലാതെ സമരത്തിനിറങ്ങിയിരിക്കുകയാണ്.

'കേവലം രണ്ട് പേര്‍ക്ക് മാത്രം താമസിക്കാന്‍ സാധിക്കുന്ന മുറിയില്‍ തറയിലും മറ്റുമായി അഭയാര്‍ത്ഥികളെപ്പോലെ വിദ്യാര്‍ത്ഥികള്‍ കഴിയുകയാണ്. നാല്‍പ്പതോളം പേര്‍ വാടകയ്ക്കും, പേയിംഗ് ഗസ്റ്റ് ആയും താമസം മാറിപ്പോയിട്ടുണ്ട്. എന്നാല്‍ നല്ലൊരു ശതമാനവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളാണ് സമരമിരിക്കുന്നത്. അവര്‍ക്ക് ക്യാമ്പസിലെ ഹോസ്റ്റലും ഭക്ഷണവും മാത്രമാണ് ആശ്രയം. സമരം തുടങ്ങുന്നതിന് മുന്‍പ് സ്റ്റുഡന്റ് ഡീനുമായും വൈസ് ചാന്‍സലറുമായും ചര്‍ച്ച ചെയ്‌തെങ്കിലും ഞങ്ങള്‍ക്കനുകൂലമായ മറുപടിയുണ്ടായില്ല. അതിന് ശേഷമാണ് ക്യാമ്പസിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ സമരത്തിന് തുടക്കം കുറിച്ചത്. പിന്നീട് സര്‍വകലാശാലയുടെ കീഴിലുള്ള പടന്നക്കാട് വിദ്യാനഗര്‍ ക്യാമ്പസിലും വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങി' - ക്യാമ്പസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഭിനന്ദ് പറയുന്നു.

ഒഡീഷക്കാരനായ രബീന്ദര്‍ ഒന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായാണ് ക്യാമ്പസിലെത്തിയത്. ഇതര സംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ചില വിട്ടുവീഴ്ചകളിലൂടെ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ നല്‍കിയെങ്കിലും രബീന്ദറിന് ഇതുവരേയും ഹോസ്റ്റല്‍ ലഭിച്ചില്ല. ഭാഷയോ ദേശമോ പരിചയക്കാരോ ഇല്ലാതെ രബീന്ദറിനെപോലെ പുതിയ അഡ്മിഷനിലെത്തിയ രാജസ്ഥാന്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയും ഹോസ്റ്റല്‍ ലഭിക്കാതെ കഴിയുകയാണ്. പുറത്ത് താമസ സൗകര്യത്തിന് മാത്രമായി മാസം 4,500 രൂപയാണ് നല്‍കേണ്ടി വരുന്നത്. ഭക്ഷണത്തിനും വലിയ ചെലവാണ്. ക്യാമ്പസിലെ ഹോസ്റ്റലില്‍ താമസത്തിന് ആറ് മാസത്തേക്ക് 2,200 രൂപ മാത്രമേയുള്ളുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. 1200ഓളം വിദ്യാര്‍ത്ഥികളുള്ള ക്യാമ്പസില്‍ 47 ശതമാനം പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമായിരിക്കുന്നത്. പുതിയ ഹോസ്റ്റല്‍ എന്ന ആവശ്യം പ്രാവര്‍ത്തികമല്ലാത്തതിനാല്‍ താത്ക്കാലികമായി ഒരു ഷെല്‍ട്ടര്‍ എന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കും വരെ, ക്ലാസ് കഴിഞ്ഞാല്‍ ക്യാമ്പസില്‍ സമരം കിടക്കാനാണ് അവരുടെ തീരുമാനം. പ്രശ്‌നത്തിന്റെ നിജസ്ഥിതി വ്യക്തമായി മനസിലാക്കാന്‍ ആര്‍.റ്റി.ഐ ഫയല്‍ ചെയ്ത് മറുപടി കാത്തിരിക്കുകയാണ് കുട്ടികള്‍.

വിദ്യാര്‍ത്ഥിസമരം ശക്തമായതോടെ സര്‍വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ പോകാതെ സമരവും പഠിത്തവുമായി ക്യാമ്പസില്‍ തന്നെ തങ്ങുന്നു. തങ്ങളുടെ സമരം പൊളിക്കാനാണ് കേന്ദ്രസര്‍വകലാശാല അടച്ചിട്ടതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. റിസര്‍ച്ച് സ്‌കോളേഴ്‌സ് ആയ വിദ്യാര്‍ത്ഥികളാണ് നിലവില്‍ ഇവര്‍ക്ക് ക്ലാസെടുക്കുന്നത്. പെരിയ ക്യാമ്പസില്‍ മാത്രമാണ് ഇത്തരത്തില്‍ ക്ലാസുകള്‍ നടത്തുന്നത്. ക്ലാസ് തുറന്നു കൊടുക്കാത്തതിനാല്‍ ലൈബ്രറിയിലും വരാന്തയിലും സൗകര്യപ്രദമായ മറ്റു ഹാളുകളിലുമാണ് ക്ലാസുകള്‍. അധ്യാപകര്‍ റിസര്‍ച്ച് ലാബ് തുറന്നുകൊടുക്കാത്തതിനെ തുടര്‍ന്ന് ഗവേഷണ വിദ്യാര്‍ത്ഥികളും സമരത്തില്‍ പങ്കുചേരുകയായിരുന്നു. ക്ലാസ് ബഹിഷ്‌കരിച്ചുകൊണ്ടല്ല തങ്ങളുടെ സമരമെന്നും രാത്രിയില്‍ മാത്രമാണ് അഭയാര്‍ത്ഥി സമരം നടത്തിവന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

തുടര്‍ച്ചയായി നടത്തേണ്ട ഗവേഷണങ്ങള്‍ പാതിവഴിക്ക് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ലാബ് അടച്ചിട്ടതുമൂലം തങ്ങളുടെ ഗവേഷണ പഠനത്തെ കാര്യമായി ബാധിച്ചിരിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പടന്നക്കാട്ടെയും വിദ്യാനഗര്‍ ക്യാമ്പസിലെയും വിദ്യാര്‍ത്ഥികള്‍ രാത്രികാല സമരം മാത്രമാണ് ഇപ്പോള്‍ നടത്തിവരുന്നത്. ഇവിടെ പഠനം തത്ക്കാലം വിദ്യാര്‍ത്ഥികള്‍ ആരംഭിച്ചിട്ടില്ല.

അതിനിടെ ഹോസ്റ്റല്‍ സൗകര്യം ഉറപ്പാക്കുന്നതിനായി വൈസ് ചാന്‍സലര്‍ വ്യാഴാഴ്ച തന്നെ ഡല്‍ഹിക്ക് പോകുമെന്നാണ് യൂണിവേഴ്സിറ്റി അധികൃതര്‍ പറയുന്നത്. കാസര്‍ഗോഡ് എം.പി പി കരുണാകരനും, കണ്ണൂര്‍ എം.പി പി.കെ.ശ്രീമതി ടീച്ചറും ചേര്‍ന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിക്ക് ഹോസ്റ്റല്‍ സൗകര്യം സംബന്ധിച്ച ആവശ്യങ്ങളടങ്ങുന്ന നിവേദനം സമര്‍പ്പിച്ചിരുന്നു. കോളേജ് അടിച്ചിട്ടെങ്കിലും വകുപ്പ് മേലധികാരികളും മറ്റു ജീവനക്കാരും ജോലിക്കാരും യൂണിവേഴ്സിറ്റിയില്‍ എത്താന്‍ വി.സിയും രജിസ്ട്രാറും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

കോളേജിലെത്തിയിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തുകൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അധ്യാപകര്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ പിജി കോഴ്സുകള്‍ക്ക് സീറ്റ് വര്‍ദ്ധിപ്പിച്ചത് മൂലമാണ് ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടായത്. സ്റ്റുഡന്‍സ് കൗണ്‍സിലില്‍ വിദ്യാര്‍ത്ഥികളും, ഡീന്‍ കൗണ്‍സിലില്‍ അധ്യാപകരും ഈ തീരുമാനത്തെ എതിര്‍ത്തിരുന്നുവെങ്കിലും എല്ലാം ശരിയാക്കുമെന്ന വിസിയുടെ ഉറപ്പിലാണ് സീറ്റ് വര്‍ദ്ധിപ്പിച്ചത്. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍ വിസിയും രജിസ്ട്രാറുമാണെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരില്‍ ചിലരും കുറ്റപ്പെടുത്തുന്നത്.


Next Story

Related Stories