TopTop
Begin typing your search above and press return to search.

തൃശൂര്‍ കേരള വര്‍മ കോളേജിനെതിരെ ഒരു വിദ്യാര്‍ത്ഥിനി ഉയര്‍ത്തുന്ന പരാതി

തൃശൂര്‍ കേരള വര്‍മ കോളേജിനെതിരെ ഒരു വിദ്യാര്‍ത്ഥിനി ഉയര്‍ത്തുന്ന പരാതി

തൃശൂര്‍ കേരള വര്‍മ കോളേജില്‍ വിദ്യാര്‍ത്ഥികളോട് മാനേജ്‌മെന്റ് കാണിക്കുന്നത് വിവേചനപരമായ സമീപനമാണെന്നും മെറിറ്റടിസ്ഥാനത്തില്‍ അര്‍ഹതയുള്ള കുട്ടികളെ ഒഴിവാക്കി മാനേജ്‌മെന്റിന്റെ ഇഷ്ടക്കാര്‍ക്ക് കോളേജ് ഹോസ്റ്റല്‍ അനുവദിക്കുന്നു എന്ന ആരോപണവുമായി വിദ്യാര്‍ത്ഥിനി രംഗത്ത്. മെറിറ്റില്‍ ലഭിച്ച അഡ്മിഷന്‍, വീട്ടില്‍ നിന്നുള്ള ദൂരം, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ചൂണ്ടിക്കാണിച്ച് നിരവധി അഭ്യര്‍ത്ഥനകള്‍ നടത്തിയിട്ടും മാനേജ്‌മെന്റും ഹോസ്റ്റല്‍ ചാര്‍ജുള്ള അധ്യാപികയും ചേര്‍ന്നു നടത്തുന്ന തിരിമറികള്‍ മൂലം ഒടുവില്‍ പഠനം നിര്‍ത്തി തനിക്ക് ടിസി വാങ്ങി പോരേണ്ടി വന്നു എന്ന് മലപ്പുറം തിരൂര്‍ സ്വദേശിനിയായ അഷിത ആരോപിക്കുന്നു.

ഏറെ പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയുമാണ് പ്ലസ് ടു പഠനത്തിന് ശേഷം തൃശൂര്‍ കേരള വര്‍മ കോളേജില്‍ അഷിത തുടര്‍ പഠനത്തിനായി എത്തിയത്. പ്ലസ് ടു പരീക്ഷയില്‍ 94 ശതമാനം മാര്‍ക്ക് വാങ്ങിയ അഷിതയ്ക്ക് ആഗ്രഹിച്ച കോഴ്‌സ് ആയ ബിഎ ഫംഗ്ഷണല്‍ ഇംഗ്ലീഷ് ആദ്യ അലോട്ട്‌മെന്റില്‍ തന്നെ കിട്ടി. ജനറല്‍ മെറിറ്റ് ലിസ്റ്റില്‍ അഷിതയുടെ സ്ഥാനം മൂന്നാമത് ആയിരുന്നു. എന്നാല്‍ അധ്യയന വര്‍ഷം ആരംഭിച്ച് മൂന്നു മാസങ്ങള്‍ക്കു ശേഷം മറ്റു നിവൃത്തിയില്ലാതെ പേരുകേട്ട ഒരു കലാലയത്തില്‍ നിന്നും ടിസി വാങ്ങി പോരേണ്ടി വന്നിരിക്കുന്നു ഈ പെണ്‍കുട്ടിക്ക്. എസ്എഫ്‌ഐയുടെ ചുവപ്പ് കോട്ടയെന്നു പേരു കേട്ട കോളേജില്‍ ഇടതുപക്ഷ ചിന്താഗതിക്കാരിയായ തന്റെ പ്രശ്‌നത്തെ ഗൗനിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനാ നേതൃത്വം പോലും തയ്യാറായില്ല എന്നും അഷിത പറയുന്നു.

"നമ്മളീ ആഘോഷിച്ചു കൊണ്ടു നടക്കുന്ന പുരോഗമന പ്രസ്ഥാനങ്ങളെയും അതിന്റെ വക്താക്കളെയും ഒക്കെ അടുത്തറിയുമ്പോഴാണ് വര്‍ഗീയതയും സാംസ്‌കാരിക ജീര്‍ണ്ണതയും ഒക്കെ എത്ര കണ്ടു നമ്മുടെ സമൂഹത്തില്‍ വേരോടിയിരിക്കുന്നു എന്ന് ബോധ്യം വരുന്നത്. ജൂലൈ മാസത്തിലെ ആദ്യ അലോട്ട്‌മെന്റില്‍ തന്നെ ഫങ്ഷണല്‍ ഇംഗ്ലീഷ് കോഴ്‌സിന് എനിക്ക് അഡ്മിഷന്‍ കിട്ടിയിരുന്നു. കോളേജില്‍ ചേര്‍ന്ന അന്നു തന്നെ ഹോസ്റ്റലിനുള്ള അപേക്ഷയും കൊടുത്തിരുന്നു. എനിക്ക് സ്ഥിരമായി ദൂരയാത്ര ചെയ്യാൻ പറ്റാത്ത ആരോഗ്യ പ്രശ്നങ്ങളുണ്ട്. അതുമൂലമുള്ള പ്രശ്‌നങ്ങളും, വീട്ടില്‍ നിന്നുള്ള ദൂരവും, മെറിറ്റ് ലിസ്റ്റിലെ എന്റെ സ്ഥാനവും എല്ലാം അക്കമിട്ട് നിരത്തി മേഴ്‌സി പെറ്റീഷന്‍ പോലുള്ള അപേക്ഷ എഴുതി. ജാതിയും മതവും ഉള്‍പ്പെടെ എല്ലാ വിവരങ്ങളും പൂരിപ്പിച്ചു കൊടുത്തു. ബീഫ് ഫെസ്റ്റിവല്‍ നടത്തിയ കോളേജിലെ ഹോസ്റ്റലില്‍ വിളമ്പുന്നത് 'ശുദ്ധ വെജിറ്റേറിയന്‍ ' ഭക്ഷണമാണ്. അതിനുള്ള സമ്മതപത്രവും ഒപ്പിട്ട് കൊടുത്തു. ഒടുവില്‍ ബാക്കിയുള്ള അലോട്ട്മെന്റുകള്‍ എല്ലാം കഴിഞ്ഞ് പത്തു ദിവസങ്ങള്‍ക്കു ശേഷം ഒരു കാള്‍ വന്നു. നിലമ്പൂരില്‍ നിന്നൊക്കെ കുട്ടികള്‍ ഉണ്ടെന്നും അതുകൊണ്ട് എനിക്ക് ഹോസ്റ്റലില്‍ അഡ്മിഷന്‍ തരാന്‍ പറ്റില്ല, വെയ്റ്റിംഗ് ലിസ്റ്റില്‍ എന്റെ പേരുണ്ട് എന്നായിരുന്നു ഹോസ്റ്റല്‍ അധികാരികള്‍ പറയാനുണ്ടായിരുന്നത്. തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ കൂടെ ആ വെയ്റ്റിംഗ് ലിസ്റ്റില്‍ പ്രതീക്ഷ വച്ച് കടന്നു പോയി. അങ്ങനെയിരിക്കുമ്പോഴാണ് വെയ്റ്റിംഗ് ലിസ്റ്റില്‍ പേരു പോലും ഇല്ലാതിരുന്ന ചില കുട്ടികള്‍ക്ക് ഹോസ്റ്റല്‍ കിട്ടിയതായി അറിഞ്ഞത്. 100 കിലോമീറ്ററോളം ദൂരെ താമസിക്കുന്ന എനിക്ക് നിഷേധിച്ച ഹോസ്റ്റല്‍ 40 കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്ക് കൊടുത്തു. എന്നേക്കാള്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികള്‍ക്ക് വരെ ഹോസ്റ്റല്‍ കൊടുത്തു. മാനേജ്‌മെന്റിന്റെ ഇഷ്ടക്കാര്‍ ആയിരിക്കുക, അവര്‍ക്ക് താത്പര്യമുള്ള മതവും സമുദായവും ആയിരിക്കുക എന്നതാണ് കേരള വര്‍മ്മ കോളേജില്‍ ഹോസ്റ്റല്‍ കിട്ടുവാനുള്ള ഏക മാനദണ്ഡം. ഈയിടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യില്‍ നിന്ന് വിരമിച്ച ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തും പറഞ്ഞത് കേരള വര്‍മ്മയില്‍ വ്യക്തമായ വിവേചനങ്ങള്‍ ഉണ്ടെന്നാണ്. 35 വര്‍ഷം മുന്‍പ് ലെക്ചര്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാമനായ അദ്ദേഹത്തെ തഴഞ്ഞു താഴ്ന്ന റാങ്കിലുള്ളവരെ നിയമിച്ചിരുന്നു."

തനിക്ക് നിഷേധിക്കപ്പെട്ട ഹോസ്റ്റല്‍ ലഭിക്കാനും കേരള വര്‍മയില്‍ തന്നെ പഠിക്കാനും നടത്തിയ ശ്രമങ്ങള്‍ നിരവധിയാണെന്ന് പറയുന്നു അഷിത. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ നിന്ന് പോലും ആശ്വാസകരമായ ഒരു സമീപനവും ഉണ്ടായില്ല എന്ന് അഷിത പറയുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ പ്രശ്‌നം മനസ്സിലാക്കി പിന്തുണ നല്‍കാതെ മാനേജ്‌മെന്റിന്റെയും ഹോസ്റ്റല്‍ ഇന്‍-ചാര്‍ജിന്റെയും നിലപാട് അതേപടി ആവര്‍ത്തിച്ച് അവരുടെ വക്താക്കള്‍ എന്ന പോലെയാണ് എസ്എഫ്ഐ നേതാക്കള്‍ പോലും പെരുമാറിയതെന്ന് അഷിത പറയുന്നു.

"എസ് എഫ് ഐ ബാനര്‍ കെട്ടും, ജാഥ നടത്തും വര്‍ഷാവര്‍ഷം വെയില്‍ മാറി മഴ വരുന്ന പോലെ ഇലക്ഷന്‍ വരും, ജയിക്കും. വീണ്ടും അടുത്ത സീസണ്‍ വരെ എല്ലാം യാന്ത്രികമായി തുടരും. അത്രേയുള്ളൂ. അതിനപ്പുറം ഒരു വിദ്യാര്‍ത്ഥിയുടെ ന്യായമായ ഒരു പ്രശ്‌നത്തില്‍ ഇടപെടാനോ ആത്മാര്‍ത്ഥതയോടും സ്ഥിരതയോടും കൂടെ അതിനൊരു പരിഹാരം കാണുന്നത് വരെ ഒപ്പം നില്‍ക്കാനോ അവര്‍ക്കാര്‍ക്കും സമയമോ താത്പര്യമോ ഇല്ല. കോളേജ് ഹോസ്റ്റലിന്റെ ഇന്‍- ചാര്‍ജ്ജ് എക്കണോമിക്‌സ് ഡിപ്പാര്‍ട്‌മെന്റിലെ ഡോ. എം. സിന്ധു എന്ന അധ്യാപികയാണ്. എകെപിസിടിഎ സംഘടനയുടെ നേതൃനിരയിലുള്ള അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് അവിടെ കാര്യങ്ങള്‍ നടക്കുന്നത്. എനിക്ക് ഹോസ്റ്റല്‍ കിട്ടില്ല എന്നറിഞ്ഞപ്പോള്‍ എന്റെ അച്ഛന്‍ അവരെ ഒന്ന് കണ്ട് സംസാരിക്കാന്‍ ചെന്നിരുന്നു. അച്ഛനോട് കയര്‍ത്തും ഭീഷണിയുടെ സ്വരത്തിലുമാണ് അവര്‍ സംസാരിച്ചത്. 'ഇത് മാനേജ്‌മെന്റ് സ്ഥാപനമാണ്, ഇവിടെ ഞങ്ങള്‍ തീരുമാനിക്കുന്നതേ നടക്കു ' എന്നാണ് അവര്‍ അച്ഛനോട് പറഞ്ഞത്. തുടര്‍ന്ന് എസ് എഫ് ഐ നേതാക്കളെ ചെന്ന് കണ്ട് സംസാരിച്ചു. ഇലക്ഷന് മുന്‍പായിരുന്നു അത്. അപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത എസ്എഫ്ഐക്കാര്‍ ഇടത് അധ്യാപക സംഘടനയിലെ സിന്ധു ടീച്ചര്‍ ഉള്‍പ്പെട്ട പ്രശ്‌നമാണെന്ന് അറിഞ്ഞതോടെ നയം മാറ്റി. മാനേജ്‌മെന്റ് പറയുന്നത് തന്നെ ആവര്‍ത്തിച്ച നേതാക്കള്‍ എസ്എഫ്ഐക്ക് ഈ പ്രശ്‌നത്തില്‍ ഇടപെടാന്‍ സാധ്യമല്ല എന്ന് വ്യക്തമാക്കി.

കേരള വര്‍മ്മ കോളേജിലെ ജാതി, മത വിവേചനത്തിന്റെ ആഴത്തെ കുറിച്ച് ബോധ്യം വന്നപ്പോള്‍ ഇനി ഒരു വഴിക്കും എനിക്ക് സഹായം കിട്ടില്ല എന്ന് മനസ്സിലായി. ഒടുവില്‍ ഈ കഴിഞ്ഞ നവംബര്‍ മാസത്തില്‍ ഞാന്‍ കോളേജില്‍ ചെന്ന് ടിസി വാങ്ങി പഠനം അവസാനിപ്പിച്ചു. ഇതില്‍ വളരെ വിഷമം തോന്നിയ സംഗതി, ആ കോളേജിലെ ഒരൊറ്റ അധ്യാപകര്‍ പോലും ഞാന്‍ എന്തുകൊണ്ട് ടിസി വാങ്ങിപോകുന്നു എന്ന് ചോദിച്ചില്ല. നല്ല മാര്‍ക്കുള്ള ഒരു കുട്ടി പഠനം നിര്‍ത്തി പോവുമ്പോ എന്താ കാരണം എന്ന് പോലും അന്വേഷിക്കാത്ത അധ്യാപകരുടെ മനോഭാവം ഒന്നാലോചിച്ചു നോക്കൂ. ഇത്രയും പാരമ്പര്യമുള്ള ഒരു കോളേജല്ലേ, ഒരു അധ്യാപിക എങ്കിലും 'ഞങ്ങളൊന്ന് ശ്രമിക്കട്ടെ' എന്നെങ്കിലും ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഇത്രയും അപമാനവും സങ്കടവും എനിക്ക് തോന്നില്ലായിരുന്നു".

ഇപ്പോള്‍ മാധ്യമങ്ങളിലൂടെ അഷിതയുടെ പരാതി പുറത്തു വന്നു തുടങ്ങിയപ്പോള്‍ സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സണ്‍ ചിന്താ ജെറോം അഷിതയെ വിളിച്ചിരുന്നു. നിയമ നടപടികളിലേക്ക് പോവാന്‍ ഉപദേശവും നല്‍കി. അപ്പോഴും തനിക്ക് വിലപ്പെട്ട ഒരു അധ്യയന വര്‍ഷം നഷ്ടമായില്ലേ എന്ന് ചോദിക്കുന്നു അഷിത.

"കോളേജിലേക്കും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേയ്ക്കും ഈ പ്രശ്‌നം കാണിച്ചു നിരവധി മെയിലുകള്‍ ഞാന്‍ അയച്ചിരുന്നു. ഒരെണ്ണത്തിന് പോലും മറുപടി കിട്ടിയില്ല. അവരുടെ തിരക്കു കൊണ്ടാണ് മറുപടി തരാത്തതെന്നാണ് ചോദിച്ചപ്പോള്‍ പറഞ്ഞ ന്യായം. ഈ പ്രശ്‌നത്തില്‍ എനിക്ക് ആകെ കിട്ടിയ മറുപടി ഗവര്‍ണ്ണറുടെ ഓഫീസില്‍ നിന്നാണ്. ഇവര് പറയുന്നത് വച്ച് അദ്ദേഹം എന്താ തിരക്കില്ലാത്ത ആളായതുകൊണ്ടാണോ എനിക്ക് മറുപടി തന്നത്."

ഗവര്‍ണ്ണറുടെ ഇടപെടലിനെ തുടര്‍ന്ന് അഷിതയുടെ പരാതിയിന്മേല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോസ്റ്റല്‍ പ്രവേശനത്തെ കുറിച്ച് അധ്യാപികയായ സിന്ധുവിന്റെ പേരില്‍ ഇതിനു മുന്‍പും പല പരാതികളും ഉണ്ടായിട്ടുണ്ടെന്നും അവര്‍ക്ക് മാനേജ്‌മെന്റിലുള്ള സ്വാധീനം കൊണ്ടാണ് മറ്റു അധ്യാപകര്‍ പോലും ഒരെതിര്‍പ്പും പ്രകടിപ്പിക്കാത്തതെന്നും അഷിത ആരോപിക്കുന്നു. ആരും എതിര്‍ത്തില്ലെങ്കില്‍ ഇവര്‍ അടുത്ത വര്‍ഷവും ഇതേ പോലെ കുട്ടികളോട് വിവേചനം കാണിക്കും എന്ന് ബോധ്യം വന്നതുകൊണ്ടാണ് ടിസി വാങ്ങി പോന്നിട്ടും ഈ വിഷയത്തില്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് അഷിത വ്യക്തമാക്കി.

അഷിതയുടെ ആരോപണത്തിന്മേല്‍ കേരള വര്‍മ്മ കോളേജിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം അറിയാന്‍ ഹോസ്റ്റല്‍ ഇന്‍-ചാര്‍ജ്ജായ ഡോ. എം സിന്ധുവിനെയും കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കൃഷ്ണകുമാരിയെയും അഴിമുഖം ബന്ധപ്പെട്ടിരുന്നു. എന്നാല്‍ കോളേജില്‍ എല്ലാം മുറപോലെയാണ് നടക്കുന്നതെന്നും, പരാതി തന്നാല്‍ മറുപടി തരാമെന്നും കൂടുതല്‍ പ്രതികരണത്തിന് തങ്ങള്‍ തയ്യാറല്ല എന്ന മറുപടിയാണ് ലഭിച്ചത്.

Next Story

Related Stories