UPDATES

‘പൊതുമൈതാനം പൊതുജനങ്ങള്‍ക്ക്’; ജാതിവിവേചനത്തില്‍ തൊടാതെ വടയമ്പാടിയില്‍ സിപിഎം ഐക്യദാര്‍ഢ്യം

സിപിഎം നീക്കം രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ചെന്നു സമരക്കാര്‍; ഭരണത്തിലിരിക്കുമ്പോള്‍ ആവശ്യങ്ങള്‍ നടത്തിക്കാണിക്കണം

റവന്യൂ മൈതാനം പൊതു ഉടമസ്ഥതയില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വടയമ്പാടി ദളിത് ഭൂസമരത്തിന് പിന്തുണയുമായി സിപിഎം. എന്നാല്‍ സിപിഎം പിന്തുണ സ്വാഗതം ചെയ്യുന്നെങ്കിലും എങ്ങും തൊടാതെയുള്ള നിലപാട് ആശങ്ക ഉയര്‍ത്തുന്നുവെന്ന് സമരസമിതി. ആദ്യഘട്ടത്തില്‍ എന്‍എസ്എസ് റവന്യൂ ഭൂമി അടച്ചുകെട്ടിയതിനെതിരെ സിപിഎമ്മും രംഗത്ത് വന്നിരുന്നു. എന്നാല്‍ സമരം തുടങ്ങിയപ്പോഴേക്കും സിപിഎം അതില്‍ നിന്ന് വിട്ടു നിന്നു. പ്രസ്താവനയിലൂടെ പോലും സമരക്കാര്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കാതിരുന്ന പാര്‍ട്ടി ഇപ്പോള്‍ ജാതിക്കെതിരായ സമരത്തിനെ പിന്തുണച്ച് രംഗത്തെത്തിയതാണ് സമരക്കാരില്‍ സംശയമുണര്‍ത്തിയിരിക്കുന്നത്. എന്‍എസ്എസിന് പതിച്ചു നല്‍കിയ റവന്യൂ ഭൂമി പൊതു ഉടമസ്ഥതയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ഇന്നത്തെ മാര്‍ച്ചും ധര്‍ണ്ണയും.

വടയമ്പാടിയിലെ നൂറ്റമ്പതോളം കുടുംബങ്ങളാണ് ജാതിമതിലിനെതിരെ സമരം ചെയ്യുന്നത്. എന്‍എസ്എസ് ഉയര്‍ത്തിയ മതില്‍ ദളിതര്‍ പൊളിച്ചെങ്കിലും അതുയര്‍ത്തിയ സാമൂഹിക വെല്ലുവിളികള്‍ക്ക് ഒരു പരിഹാരം വേണമെന്നാണ് ദളിതരുടെ ആവശ്യം. പതിറ്റാണ്ടുകളായി ദളിതര്‍ നടവഴിയായിപ്പോലും ഉപയോഗിച്ചിരുന്ന ഒരേക്കറോളം റവന്യൂ ഭൂമി സ്വകാര്യ സ്വത്താക്കാനുള്ള നീക്കം ഇല്ലാതാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇഎംഎസ് സര്‍ക്കാര്‍ എന്‍എസ്എസിന് പതിച്ചുനല്‍കിയതാണ് വടയമ്പാടിയിലെ റവന്യൂ മൈതാനം. പട്ടയം റദ്ദാക്കി അത് മൈതാനം പൊതുവായി നിലനിര്‍ത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പട്ടയം റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതിന് പകരം മാര്‍ച്ചും ധര്‍ണയും നടത്താനുള്ള സിപിഎമ്മിന്റെ തീരുമാനം പ്രദേശത്തെ ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ട് തന്നെയാണെന്ന വിലയിരുത്തലിലാണ് സമരസമിതി അംഗങ്ങള്‍.

സര്‍ക്കാരേ, നിങ്ങള്‍ മാവോയിസ്റ്റാക്കുന്ന ദളിതര്‍ പോരാടിയത് അയിത്തത്തിനും ജാതിമതിലിനുമെതിരെയാണ്; മറക്കരുത്

വടയമ്പാടിയില്‍ സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗവും അഥവാ ഏതാണ്ട് മുഴുവന്‍ പേരും സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരോ അനുഭാവികളോ ആയിരുന്നു എന്നതാണ് തങ്ങളുടെ ഈ തോന്നലിന് ശക്തിപകരുന്നതെന്നും അവര്‍ പറയുന്നു. “ഭജനമഠത്തിന്റെ ഭൂമി പാെതുസ്വത്താക്കി നിലനിര്‍ത്തുക എന്ന ആവശ്യമാണ് സിപിഎം ഉന്നയിക്കുന്നത്. എന്നാല്‍ എന്‍എസ്എസിന് നല്‍കിയ പട്ടയം റദ്ദാക്കുന്നത് സംബന്ധിച്ചോ ജാതീയമായ കാര്യങ്ങളെക്കുറിച്ചോ അവര്‍ ഇതുവരെ പറഞ്ഞിട്ടില്ല. ഭരിക്കുന്നവര്‍ എന്ന നിലയില്‍ അങ്ങനെയൊരു സമീപനമാണല്ലോ വേണ്ടത്. സമരം ചെയ്യുന്നവരുടെ കാര്യങ്ങള്‍ അവരുമായി സംസാരിക്കുക പോലും ചെയ്യാതെയാണ് സിപിഎം മാര്‍ച്ചും പൊതുസമ്മേളനവും വിളിച്ചിരിക്കുന്നത്. അവര്‍ പുറത്തുനിന്ന് ഇടപെടുന്നു എന്ന് പറയുമ്പോള്‍ സമരക്കാരുമായി സംസാരിച്ച് അതിന്റെ കാര്യങ്ങളെങ്കിലും മനസ്സിലാക്കണം. സമരക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ട് വേണം ആരായാലും പുറത്തുനിന്ന് ഇടപെടാന്‍. അതുണ്ടായിട്ടില്ല. സമരത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെ മനസ്സിലാക്കാതെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ അത് കൂടുതല്‍ ആശയക്കുഴപ്പങ്ങളാണ് ഉണ്ടാക്കുന്നത്. സമരക്കാരുടേയും ഐക്യദാര്‍ഢ്യപ്പെടുന്നവരുടേയും നയങ്ങളില്‍ കൂടുതല്‍ വൈരുധ്യങ്ങളാണുണ്ടാവുക.

ഇതെല്ലാമാണെങ്കിലും ഞങ്ങള്‍ക്ക് പിന്തുണയുമായെത്തിയ സിപിഎമ്മിനെ ഞങ്ങള്‍ പൂര്‍ണമായും സ്വാഗതം ചെയ്യുകയാണ്. പക്ഷെ ഇത് അവരുടെ രാഷ്ട്രീയ നീക്കമാണെന്ന് ഞങ്ങള്‍ സംശയിക്കുന്നുമുണ്ട്. ഇവിടെ സമരം ചെയ്യുന്നവരില്‍ എല്ലാവരും സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായിരുന്നു. സ്വാഭാവികമായും ഇത്തരമൊരു പ്രശ്‌നം വരുമ്പോള്‍ ഞങ്ങള്‍ സിപിഎമ്മിന്റെ പിന്തുണ പ്രതീക്ഷിച്ചിട്ടുമുണ്ടായിരുന്നു. ഞങ്ങളെ കൈവിടില്ല എന്നൊരു ധൈര്യവുമുണ്ടായിരുന്നു. പക്ഷെ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ജാതിമതില്‍ കെട്ടാനുള്ള അനുമതി നല്‍കുകയാണുണ്ടായത്. ഇവിടെ നിന്ന് ജയിച്ച പഞ്ചായത്തംഗങ്ങളോ ഭരണാധികാരികളോ സമരം ശക്തമായപ്പോള്‍ പോലും ഇവിടേക്ക് ഒന്ന് വന്ന് നോക്കുക പോലുമുണ്ടായില്ല. ഇത്രയും കാലം ഒരു രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണയില്ലാതെയാണ് സമരം മുന്നോട്ട് കൊണ്ടുപോയത്. സമരം തകര്‍ക്കാനുള്ള വഴികളാണ് ഭരണകൂടം ആലോചിച്ചുകൊണ്ടിരിക്കുന്നത്. ആ സാഹചര്യത്തിലാണ് സിപിഎം പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇനിയെന്താണെന്ന് കണ്ട് തന്നെ അറിയണം.” സമരസമിതി അംഗം മാനുവല്‍ പറയുന്നു.

‘വഴിയേ പോകുന്ന കണ്ടനും കാളനും കയറി നിരങ്ങാനുളളതല്ല ക്ഷേത്രം’; ജാതിമതില്‍ പൊളിച്ച ദളിത് സമരം 100 ദിനം പിന്നിടുന്നു

എന്നാല്‍ തങ്ങള്‍ക്ക് ജാതിയും ജാതിമതിലുമല്ല പ്രശ്‌നമെന്നും ഇത് ഭൂമിയുടെ പ്രശ്‌നം മാത്രമാണ് എന്ന നിലപാടിലാണ് സിപിഎം. ജാതിവിവേചനത്തെ കുറിച്ച് മിണ്ടാതെ പൊതുമൈതാനം പൊതുജനങ്ങള്‍ക്ക് എന്ന ആവശ്യമാണ് സിപിഎം ഉയര്‍ത്തിയിരിക്കുന്നത്. ദളിതരുടേയും എന്‍എസ്എസിന്റേയും കൂടെയല്ല തങ്ങള്‍ എന്നുമാണ് പാര്‍ട്ടി നിലപാട്. സിപിഎം ഏരിയാ സെക്രട്ടറി സി.കെ വര്‍ഗീസിന്റെ വാക്കുകള്‍, “ഞങ്ങള്‍ക്ക് ഒരു ആവശ്യവുമില്ല. എന്‍എസ്എസിന്റെ പേര് പറയുന്നില്ല. ദളിതരുടേയും പേര് പറയുന്നില്ല. സര്‍ക്കാരിന് ഇടപെടാന്‍ പറ്റുമെങ്കില്‍ ഇടപെടുക. ആ മൈതാനം പൊതുജനങ്ങളുടേതാണ്. അത് പൊതുജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ് ഞങ്ങളുടെ ആവശ്യം. അവിടെ ജാതിവിവേചനമൊന്നുമില്ല. അത് ഭൂമിയുടെ പ്രശ്‌നം മാത്രമാണ്.”

പൊളിച്ചു നീക്കിയ സമരപന്തലിന്റെ സ്ഥാനത്ത് ക്ഷേത്രകമാനം; എന്‍എസ്എസിന് പോലീസിന്റെ പിന്തുണ; ഉത്സവം ബഹിഷ്ക്കരിക്കുമെന്ന് ദളിതര്‍

വോട്ടുകള്‍ നഷ്ടപ്പെടുത്താതെ എങ്ങനെ തന്ത്രപരമായി ഇതില്‍ ഇടപെടാമെന്നാണ് സിപിഎം ആലോചിച്ചുകൊണ്ടിരിക്കുന്നതെന്ന് സമരക്കാര്‍ പറയുന്നു. ഭരണം കയ്യിലുള്ളപ്പോള്‍ ഇന്ന് നടത്താനിരിക്കുന്ന മാര്‍ച്ച് പ്രഹസനമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

എന്‍ എസ് എസിന്റെ ജാതിമതിലിനെതിരെ സമരം ചെയ്യുന്ന ദളിത് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍