ശബരിമല LIVE; വിധിക്ക് സ്റ്റേ ഇല്ല; പുനപ്പരിശോധനാ ഹരജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ വാദം കേൾക്കും

ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഉത്തരവിനെതിരെ സമര്‍പ്പിച്ചിരിക്കുന്ന 49 പുനഃപരിശോധന ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളുമാണ് പരിഗണിക്കുന്നത്

സുപ്രീം കോടതിയുടെ തീരുമാനം സംബന്ധിച്ച് നിയമ വശങ്ങൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. പുതിയ നിർദേശത്തിലും വിധി സ്റ്റേ ചെയ്തിട്ടില്ലെന്നാണ് മനസിലാക്കുന്നത്. അതിനാൽ യുവതി പ്രവേശനം അനുവദിക്കുന്ന മുൻ വിധി ഇപ്പോഴും നിലനിൽക്കുകയാണെന്നും  അദ്ദേഹം വ്യക്തമാക്കി.


വിധി കോടതി സ്‌റ്റേ ചെയ്തില്ലെങ്കില്‍ നമുക്ക് ചെയ്യാമല്ലോ? ‘കെ പി ശശികല

ഹിന്ദു ഐക്യവേദി നേതാവും അയ്യപ്പ കര്‍മ്മ സമിതി വര്‍ക്കിങ് പ്രസിഡന്റുമായ കെ പി ശശികല സുപ്രീംകോടതി തീരുമാനത്തോട് പ്രതികരിച്ചു. ‘തുറന്ന കോടതിയില്‍ വീണ്ടും വാദിക്കാന്‍ അവസരം ലഭിക്കുന്നത് തന്നെ വലിയ വിജയമാണ്.

കോടതി വിധി സ്‌റ്റേ ചെയ്തിട്ടില്ല. പക്ഷെ ജനുവരി 22 വരെ സ്റ്റേ ചെയ്യാന്‍ ഞങ്ങള്‍ക്കറിയാം. അതിനുള്ള എല്ലാ ആസൂത്രണങ്ങളും പൂര്‍ത്തിയായി. ഈ തീരുമാനം പ്രതീക്ഷിച്ചുകൊണ്ട് തന്നെ ഞങ്ങള്‍ എല്ലാം ആസൂത്രണം ചെയ്തുകഴിഞ്ഞു. എത്ര ദിവസം എന്നത് പ്രശ്‌നമല്ല. ഇത്രയും ജനങ്ങളില്ലേ? എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളെ സംബന്ധിച്ച് അത് പാടുള്ള കാര്യമല്ല.’ കെ പിശശികല പറഞ്ഞു.


ശബരിമല വിഷയത്തിൽ പുനപ്പരിശോധന ഹർജികള്‍ തുറന്ന കോടതിയിൽ വാദം കേൾക്കുമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. മുൻ വിധിയിൽ മാറ്റം വന്നിട്ടില്ല. എന്നാൽ വിധി സംബന്ധിച്ച് സർക്കാർ തലത്തിൽ ആലോചിച്ച് നീരുമാനം എടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്വിണന്‍ വ്യക്തമാക്കി. വിധി എന്തായാലും നടപ്പാക്കുക എന്നതാണ് നിലപാടെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും.


പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ആളുകളെ കൊണ്ടുവന്ന് തീർത്ഥാടന കാലത്തെ യുദ്ധക്കളമാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. തുറന്ന കോടതിയിൽ വാദം കേൾക്കുന്നത് വാദങ്ങൾ അറിയിക്കാൻ സഹായി്കുകമെന്നും ചെന്നിത്തല പ്രതികരിച്ചു.


ശബരിമല വിഷയത്തില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള തീരുമാനം മികച്ചതെന്ന് മന്ത്രി എകെ ബാലന്‍ പ്രതികരിച്ചു. വിധി പൂര്‍ണമായി പരിശോധിച്ച ശേഷം മറ്റ് തീരുമാനങ്ങള്‍ എടുക്കുമെന്നും നിയമ വകുപ്പ് മന്ത്രി കൂടിയായ എ കെ ബാലന്‍ വ്യക്തമാക്കി.


ശബരിമല സ്തീ പ്രവേശനം സംബന്ധിച്ച റിവ്യൂ ഹർജികൾ പരിഗണിക്കാനുള്ള തീരുമാനം വിശ്വാസികളുടെ വിജയമെന്ന് ബിജെപി. നല്ല നീക്കമാണ് കോടതി ഇന്ന് നടത്തിയതെന്നും പാര്‍ട്ടി സംസ്ഥാന  അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി.


തൃപ്തി ദേശായി ശബരിമലയിലേക്ക്. മണ്ഡലകാലത്തിന് ദിവസങ്ങൾക്കകം നട തുറക്കാനിരിക്കെ ദർശനത്തിനായി ഉടൻ എത്തുമെന്ന് ആക്റ്റിവിസ്റ്റ്  തൃപ്തി ദേശായി. നടതുറക്കുന്നതിന് അടുത്ത ദിവസം തന്നെ ശബരിലയിലെത്തുമെന്നും അവർ പ്രതികരിച്ചു.


സുപീം കോടതി നിർദേശത്തിന്റെ ചുരുക്കം.

എല്ലാവർക്കും നന്ദി പറഞ്ഞ് ശബരിമല തന്ത്രി കണ്ഠരര് രാജിവര് രംഗത്തെത്തി. കോടതിവിധിയെ മാനിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. വിധി എന്തായാലും നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും ദേവസ്വം മന്ത്രി പ്രതികരിച്ചു.


റിട്ട് ഹരജികളും ഭരണഘടനാ ബഞ്ചിന്റെ തീരുമാനത്തിന് വിട്ടിരിക്കുയാണ്. എല്ലാ കക്ഷികൾക്കും കോടതി നോട്ടീസയയ്ക്കും.


റിവ്യൂ ഹരജികളിന്മേൽ സുപ്രീംകോടതിയുടെ തീരുമാനം ചർച്ച ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരുന്നു.


ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസിലെ 49 പുനപ്പരിശോധനാ ഹരജികളിന്മേൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി തീരുമാനം. സെപ്തംബർ 28ന് വന്ന ഭരണഘടനാബഞ്ചിന്റെ വിധിക്ക് സ്റ്റേ ഇല്ല. മുൻ വിധിക്ക് സ്റ്റേ ഇല്ലെന്ന് ഉത്തരവിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ്, ജസ്റ്റിസ്സുമാരായ സഞ്ജയ് കിഷൻ കൗൾ, കെഎം ജോസഫ്, എന്നിവരടങ്ങിയ ബഞ്ചാണ് ഈ തീരുമാനമെടുത്തത്.


കോടതിയിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് അയ്യപ്പ ധർമ സേനാ പ്രസിഡണ്ട് രാഹുൽ ഈശ്വർ. ജല്ലിക്കട്ട് മാതൃകയിൽ ഓർഡിനൻസ് വരണം. പോരാട്ടം തുടരുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. നിയമപരമായും ‘മറ്റു രീതികളിലും’ പോരാട്ടം തുടരും. ഇതിനായി തമിഴ്നാട്ടിലും ആന്ധ്രയിലും താൻ സംസാരിച്ചിട്ടുണ്ടെന്നും രാഹുൽ ഈശ്വർ പറയുന്നു. താൻ സാധാരണക്കാരനായതു കൊണ്ട് ആരാണ് ഓർഡിനൻസ് കൊണ്ടു വരേണ്ടതെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരനായ താൻ കാർ വിറ്റിട്ടാണെങ്കിലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.


റിവ്യൂ ഹരജികൾ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിച്ചു. നാലു മണിയോടെ തീരുമാനം വരുമെന്ന് റിപ്പോർട്ടുകൾ.റിവ്യൂ ഹരജികൾ തള്ളണമെന്നാണ് സർക്കാർ വാദിച്ചത്. പതിനഞ്ച് മിനിറ്റുകളാണ് പുനപ്പരിശോധനയ്ക്ക് കോടതി എടുത്തത്. റിവ്യൂ ഹരജികൾ തള്ളുകയോ, തുറന്ന കോടതിയിൽ വാദം കേൾക്കാൻ മാറ്റി വെക്കുകയോ ചെയ്യാം. ഇതിൽ ഏതാണ് സംഭവിക്കുക എന്ന് നാലു മണിയോടെ അറിയാം.


പുനപ്പരിശോധനാ ഹരജികളുടെ എണ്ണം 49 ആയി. റിട്ട് ഹരജികൾ പിന്നീട് പരിഗണിക്കും. ഇന്ന് മാത്രം രണ്ട് പുനഃപരിശോധനാ ഹർജികളാണ് സമർപ്പിച്ചത്. ഈ റിവ്യൂ ഹർജികളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കുകയാണ്.


ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടന ബഞ്ച് ഉത്തരവിനെതിരെ സമര്‍പ്പിച്ചിരിക്കുന്ന പുനഃപരിശോധന ഹര്‍ജികളും റിട്ടുകളും സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടന ബഞ്ച് ആണ് പുനഃപരിശോധന ഹര്‍ജികള്‍ പരിശോധിക്കുന്നത്. ജസ്റ്റീസുമാരായ രോഹിങ്ടണ്‍ നരിമാന്‍, എ എന്‍ ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. തുറന്ന കോടതിയില്‍ വാദം വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യമെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. പകരം ചീഫ് ജസ്റ്റീസിന്റെ ചേംബറില്‍ ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. വൈകുന്നേരം മൂന്ന് മണിയോടെയാണ് വാദം ആരംഭിക്കുക. മറ്റ് അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം ഇല്ല.

49 പുനഃപരിശോധന ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളുമാണ് കോടതി മുന്നാകെ എത്തിയിരിക്കുന്നത്. ശബരിമല മുഖ്യതന്ത്രി, ശബരിമല തന്ത്രിമാരില്‍ ഒരാളായ കണ്ഠരര് രാജീവര്, നായര്‍ സര്‍വീസ് സൊസൈറ്റിക്കു വേണ്ടി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍, പന്തളം കൊട്ടാരം നിര്‍വാഹക സമിതി, കേരള ക്ഷേത്ര സംരക്ഷണ സമിതി, ശബരിമല അയ്യപ്പ സേവ സമാജം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, പി സി ജോര്‍ജ് എംഎല്‍എ, യോഗ ക്ഷേമ സഭ എന്നിവരാണ് പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയവരില്‍ പ്രമുഖര്‍. പതിനഞ്ചോളം സ്വകാര്യവ്യക്തികളും പുനഃപരിശോധന ഹര്‍ജി നല്‍കിയവരുടെ കൂട്ടത്തിലുണ്ട്. ജി വിജയകുമാര്‍, എസ് ജയാ രാജ് കുമാര്‍, ശൈലജ വിജയന്‍ ആന്‍ഡ് അദേഴ്‌സ്, അഖില ഭാരതീയ മലയാളീ സംഘ് എന്നിവരാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്.

2018 സെപ്തംബര്‍ 28 ന് ആണ് ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന ചരിത്ര വിധി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബഞ്ച് പുറപ്പെടുവിക്കുന്നത്. 1965 ലെ കേരള ക്ഷേത്രപ്രവേശന നിയമം അനുശാസിക്കുന്ന 3(b) ചട്ടം ഭരണഘടന വിരുദ്ധം എന്നായിരുന്നു ഈ ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ട് സുപ്രിം കോടതി പറഞ്ഞത്. ഭരണഘടനയുടെ 25 ആം വകുപ്പ് പ്രകാരം മതാചാരം പാലിക്കാനുള്ള ഹിന്ദു സ്ത്രീയുടെ അവകാശം സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ലംഘിക്കുന്നതാണ് കേരള സര്‍ക്കാര്‍ പാസാക്കിയ 3(b) ചട്ടം എന്നും കോടതി ചൂണ്ടിക്കാണിച്ചു. അഞ്ചംഗ ഭരണഘടന ബഞ്ചില്‍ അഞ്ചില്‍ നാലുപേരുടെ പിന്തുണയോടെയായിരുന്നു വിധി ഉണ്ടായത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജ. ആര്‍ എഫ് നരിമാന്‍, ജ. എഎം ഖാന്‍വില്‍ക്കര്‍, ജ. ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അനുകൂലമായി വിധിയെഴുതിയപ്പോള്‍ ജ. ഇന്ദു മല്‍ഹോത്ര വിയോജിപ്പ് പ്രകടിപ്പിച്ച് വിധിയെഴുതി.

അഞ്ചംഗ ഭരണഘടന ബെഞ്ചിലെ നാല് ജഡ്ജിമാരുടെ ഭുരിപക്ഷ വിധിന്യായത്തിലൂടെ, പ്രത്യേക സമയങ്ങളില്‍, നിലനില്‍ക്കുന്ന ആചാരത്തിന്റെയോ കീഴ്‌വഴക്കങ്ങളുടെയോ ഭാഗമായി സ്ത്രീകള്‍ പൊതു ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത് എന്ന് നിഷ്‌ക്കര്‍ഷിക്കുന്ന Kerala Hindu Places of Public Worship (authorization of entry) Rule 1965 ന്റെ റൂള്‍ 3(b) അസാധുവാക്കപ്പെടുകയും ഉണ്ടായി. എല്ലാ ജനങ്ങല്‍ക്കും വിവേചനങ്ങള്‍ക്കിടയില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിക്കാം എന്ന Kerala Hindu Places of Public Worship (authorization of entry) Act 1965 വകുപ്പ് 3 ന്റെയും, യാതൊരു തരത്തിലുള്ള ഒഴിവാക്കലോ, വിവേചനമോ കൂടാതെ ആക്ടിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ ഗവണ്‍മെന്റിനെ ചുമതലപ്പെടുത്തുന്ന 4(1) വകുപ്പിന്റേയും അതോടൊപ്പം ഭരണഘടന ആര്‍ട്ടിക്കിള്‍ 25(1) ഉറപ്പ് നല്‍കുന്ന മതവിശ്വാസത്തിനുള്ള സ്വാതന്ത്രത്തിന്റേയും ആര്‍ട്ടിക്കിള്‍ 15(1) ന്റേയും ലംഘനമാണ് റൂള്‍ 3(ബി) എന്ന് സുപ്രീം കോടതിയുടെ തന്നെ Union of India and others V. Sreenivasan (20127SCC683) State of Tamil Nadu V.P. Krishna Moorthi & Others (2006) 4SCC 517) എന്നീ കേസുകളുടെ വിധിന്യായങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ കോടതി നിരീക്ഷിക്കുകയുണ്ടായി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25(1) ല്‍ പറയുന്ന ധാര്‍മ്മികത ഭരണഘടനയുടെ ആമുഖത്തില്‍ സൂചിപ്പിക്കുന്ന തത്വങ്ങളില്‍ നിന്ന് രൂപം കൊള്ളുന്ന ഭരണഘടനാ ധാര്‍മ്മികതയെയാണ് വിവക്ഷിക്കുന്നതെന്നു കോടതിയുടെ വിലയിരുത്തുണ്ടായി. ഭരണഘടനയില്‍ ഉള്‍ചേര്‍ന്നിട്ടുള്ള ധാര്‍മ്മികത മതവിശ്വാസങ്ങളുടേയും ധാര്‍മ്മികതക്ക് മുകളില്‍ ആണെന്നാണ് കോടതി സൂചിപ്പിച്ചത്. ഒരു മതവിഭാഗത്തിന്റെ ഒഴിവാക്കാനാവാത്ത ആചാര സവിശേഷതയായി ശബരമലയിലെ സ്ത്രീ വിലക്കിനെ കാണണമെന്ന വാദവും കോടതി നിരാകരിച്ചിരുന്നു.

സെപ്തംബര്‍ 28ന് വന്ന ഈ വിധിക്കെതിരെ സമര്‍പ്പിച്ചിരിക്കുന്ന പുനഃപരിശോധന ഹര്‍ജികളാണ് സുപ്രിം കോടതി ഇന്ന് പരിശോധിക്കുന്നത്. എന്തായിരിക്കും പുനഃപരിശോധന ഹര്‍ജികളുടെ സാധ്യതകള്‍ എന്ന ചോദ്യത്തിന് നിയമവിദഗ്ധര്‍ നല്‍കുന്ന പ്രധാന സൂചന പുനഃപരിശോധന ഹര്‍ജികള്‍ അംഗീകരിക്കുക എന്നത് വളരെ വിരളം എന്നാണ്. സെപ്തംബര്‍ 28 ലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി പുനഃപരിശോധന ഹര്‍ജികള്‍ തള്ളാനാണ് കൂടതല്‍ സാധ്യത. സംഭവിക്കാന്‍ സാധ്യതയായി പറയുന്ന മറ്റൊന്ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാം എന്ന് കോടതി പറയുന്നതായിരിക്കും. അതിന് സാധ്യത കുറവാണെന്നും പറയുന്നു. ചീഫ് ജസ്റ്റീസിന്റെ കോടതിയിലായിരിക്കും റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റീസ് കെ എം ജോസഫ് എന്നിവരുടെ ബഞ്ച് ആണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത്. പതിനൊന്നുമണിയോടെയായിരിക്കും റിട്ട് ഹര്‍ജികള്‍ പരിഗണിക്കാന്‍ എടുക്കുന്നത്. സമര്‍പ്പിക്കപ്പെട്ട നാല് റിട്ട് ഹര്‍ജികളും തള്ളിക്കളയാനാണ് സാധ്യതയെന്നു വിലയിരുത്തല്‍ ഉണ്ട്. ഒരു റിട്ട് ഹര്‍ജിയിലെ വിധിക്കെതിരേ നല്‍കുന്ന മറ്റൊരു റിട്ട് ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്ന ഒമ്പതംഗം ഭരണഘടന ബഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലാകാം കോടതിയുടെ തീരുമാനം ഉണ്ടാവുക എന്നാണ് പറയുന്നത്. അല്ലാത്ത പക്ഷം ചൂണ്ടിക്കാണിക്കുന്ന നാല് സാധ്യതകള്‍, റിട്ട് ഹര്‍ജിയിലെ എതിര്‍കക്ഷികളായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉള്‍പ്പെടെ നോട്ടീസ് അയക്കുക, പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം റിട്ട് ഹര്‍ജികളും പരിഗണിക്കാന്‍ തീരുമാനം എടുക്കുക, അഞ്ചംഗ ബഞ്ചിനെക്കാള്‍ അംഗങ്ങള്‍ കൂടുതലുള്ള മറ്റൊരു ബഞ്ചിലേക്ക് പരിഗണിക്കാന്‍ വിടുക, പുനഃപരിശോധന ഹര്‍ജികളിലെ തീരുമാനം വന്നശേഷം പരിഗണിക്കാം എന്നു പറഞ്ഞ് റിട്ട് ഹര്‍ജികള്‍ മാറ്റിവയ്ക്കുക എന്നിവയാണ്.

ശബരിമല വിധി; പുനഃപരിശോധനാ ഹര്‍ജിയുടെ സാധ്യതകള്‍ എന്തെല്ലാം?

ശബരിമല കേസില്‍ നിന്നും ആര്യാമ സുന്ദരം പിന്‍മാറിയിരുന്നില്ലെങ്കില്‍ നാളെ സര്‍ സിപി ചിരിക്കുമായിരുന്നു

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍