TopTop
Begin typing your search above and press return to search.

ഇന്നാണെങ്കില്‍ വിവേകാനന്ദനെ അവര്‍ തല്ലിക്കൊന്നിട്ടുണ്ടാകും, ശബരിമലയില്‍ മുഖ്യമന്ത്രി പറഞ്ഞത് കേരളത്തിന്റെ നിലപാട്: സ്വാമി സന്ദീപാനന്ദഗിരി സംസാരിക്കുന്നു

ഇന്നാണെങ്കില്‍ വിവേകാനന്ദനെ അവര്‍ തല്ലിക്കൊന്നിട്ടുണ്ടാകും, ശബരിമലയില്‍ മുഖ്യമന്ത്രി പറഞ്ഞത് കേരളത്തിന്റെ നിലപാട്: സ്വാമി സന്ദീപാനന്ദഗിരി സംസാരിക്കുന്നു

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അനുകൂലനിലപാട് സ്വീകരിച്ച സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേരെ ഇന്നലെ അജ്ഞാതരുടെ ആക്രമണമുണ്ടായി. വെളുപ്പിനെ 2.30-ന് ആക്രമണം നടത്തിയവര്‍ ആശ്രമത്തില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. കുറ്റവാളികള്‍ക്കായുള്ള അന്വേഷണം തുടരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്‌.

കുണ്ടമണ്‍ഭാഗത്തുള്ള ക്ഷേത്രത്തിന്റെ പിറകില്‍ സ്ഥിതി ചെയ്യുന്ന സാലാഗ്രാമം ആശ്രമത്തിന്റെ പരിസരത്ത് എത്തുമ്പോള്‍ അവിടെ നിറയെ ആളുകളാണ്. കാര്‍ പോര്‍ച്ചില്‍ ഉണ്ടായിരുന്ന രണ്ട് കാറുകളും ഒരു ഹോണ്ട ആക്ടീവ ടൂവീലറും കത്തിക്കരിഞ്ഞ് കിടക്കുന്നു. എല്ലായിടത്തും ടയര്‍ എരിഞ്ഞ ഗന്ധം. തറയിലാകെ കരി. സന്ദീപാനന്ദഗിരിയെ കാണാനും ആശ്വസിപ്പിക്കാനും മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍. സ്വാമി തിരക്കിലാണ്, വെയിറ്റ് ചെയ്യണമെന്ന് പറഞ്ഞു കൊണ്ട് ആശ്രമത്തിലുള്ള അനിത എത്തി കാര്യങ്ങള്‍ വിശദീകരിച്ചു തുടങ്ങി: "രാത്രി രണ്ടേ മുക്കാലിനാണ് ഔട്ട്ഹൗസില്‍ താമസമുള്ളവര്‍ എന്തോ ശബ്ദം കേട്ട് പുറത്തേക്കിറങ്ങി നോക്കുന്നത്. അയല്‍പ്പക്കത്തുള്ളവര്‍ അപ്പോഴേക്കും ഫയര്‍ഫേഴ്സിനെയും പോലീസിനെയും വിളിച്ചിരുന്നു. പുറത്തെ വാതില്‍ അടച്ചിരുന്നതിനാല്‍ ശബ്ദം ഉള്ളിലേക്ക് വലിയ തോതില്‍ കേട്ടിരുന്നില്ല എന്നാണ് തോന്നുന്നത്. ഇന്നലെ സെക്യൂരിറ്റി ഇല്ലായിരുന്നു. സെക്യൂരിറ്റി ഇനി ജോലിക്ക് വരില്ലെന്ന് പറഞ്ഞാണ് പോയത്. ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായിട്ടും അയാള്‍ ആശ്രമത്തിലേക്ക് വന്നിട്ടുമില്ല. അയാള്‍ക്ക് ഇതില്‍ ബന്ധമുണ്ടോ എന്നൊന്നും അറിയില്ല. ഫയര്‍ഫോഴ്സ് കൃത്യസമയത്ത് വന്നിരുന്നില്ലെങ്കില്‍ ഗീത ക്ഷേത്രത്തിന് തീ പിടിക്കുമായിരുന്നു.

ശബരിമല വിഷയത്തില്‍ അഭിപ്രായം പറഞ്ഞു തുടങ്ങിയതു മുതല്‍ അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ആശ്രമത്തിലേക്ക് ഹിന്ദു ഐക്യവേദിയുടെ ഒരു ജാഥയുണ്ടായിരുന്നു. അന്ന് പോലീസിന്റെ നിര്‍ദ്ദേശപ്രകാരം വാഹനങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. അതിന് ശേഷം ഇന്നലെയാണ് കാര്‍ കൊണ്ടുവന്നത്. പകല്‍സമയം ശ്രീദേവി, രേണുക എന്നീ ജോലിക്കാരും പാചകക്കാരിയുമാണ് ഇവിടെയുണ്ടാകുക. സ്വാമിയും 82 വയസുള്ള ക്ലാരയും മാത്രമാണ് ആശ്രമത്തില്‍ ഇപ്പോള്‍ താമസമുള്ളൂ", ആ റൂമില്‍ തന്നെയിരുന്ന വൃദ്ധയെ ചൂണ്ടിക്കാട്ടി അനിത പറഞ്ഞു.

ഒരു ആക്രമണം നടന്ന വീട്ടിലിരിക്കുകയാണെന്ന ഒരു ഭാവവും ക്ലാരയുടെ മുഖത്ത് ഉണ്ടായിരുന്നില്ല. ചുറ്റിലും വന്നുപോകുന്നവരോടെല്ലാം ചെറുപുഞ്ചിരി നല്‍കിയിരുന്ന ക്ലാര സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: "ഞാന്‍ ഡിസംബര്‍ മുതല്‍ ആശ്രമത്തിലാണ് ഉള്ളത്. രാത്രി ഒച്ച കേട്ടു. പക്ഷേ എഴുന്നേറ്റ് നോക്കിയില്ല. എനിക്ക് ഊഹിക്കാന്‍ പറ്റിയിരുന്നില്ല. പക്ഷേ പേടിയൊന്നുമില്ല, രാവിലെ കാപ്പി ഉണ്ടാക്കി എഴുന്നേറ്റ് വന്നപ്പോഴാണ് സ്വാമി എന്നോട് പറഞ്ഞത്. നമ്മുടെ സ്വത്ത് എന്ന് പറയുന്നത് ഇതൊന്നുമല്ല. നമ്മുടെ അന്തരാത്മാവാണ് നമ്മുടെ സ്വത്ത്. ഒരു കാര്‍ കത്തിപ്പോയത് പൊതുനഷ്ടമാണ്. അതിന്റെ പേരില്‍ പേടിക്കേണ്ട കാര്യമില്ല".

ക്ലാരയോട് സംസാരിച്ച് തീരുമ്പോള്‍ ലൈബ്രറിയിലേക്ക് വരാന്‍ അനിത പറഞ്ഞു. ആ മുറി നിറയെ ഹൈന്ദവപുരാണങ്ങളെക്കുറിച്ചും ഇതിഹാസങ്ങളെക്കുറിച്ചുമുള്ള പുസ്തകങ്ങളായിരുന്നു. അതിന് നടുവിലായിയുള്ള മേശക്ക് ചുറ്റുമിരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും മധ്യത്തില്‍ സന്ദീപാനാന്ദഗിരി. കയറി ഇരിക്കൂവെന്ന ആംഗ്യം കാണിച്ചു കൊണ്ട് അദ്ദേഹം സംസാരം തുടര്‍ന്നു.

"ഇവിടെ പാളയം പള്ളിയിലെ ഇമാമും ഞാനും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മുറിയില്‍ ഞാന്‍ വിശ്രമിച്ചിട്ടുണ്ട്. അങ്ങനെയൊരു സൗഹൃദം കേരളത്തിലുണ്ട്. അത് തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. സ്വാമി അഗ്‌നിവേശിനും ഇതാണ് സംഭവിച്ചത്. സതി പുനരാവിഷ്‌കരിക്കാനുള്ള സന്ദര്‍ഭത്തില്‍, അദ്ദേഹം ധര്‍മം പറഞ്ഞ് സമൂഹത്തില്‍ പ്രവര്‍ത്തിച്ചു. അന്ന് മുതലാണ് അഗ്നിവേശ് സംഘപരിവാറിന്റെ കണ്ണിലെ കരടാകുന്നത്. സ്വാമിജിയെ ഞാന്‍ പരിചയപ്പെടുന്നത് മെല്‍ബണില്‍ വെച്ചാണ്. യുഎസ് പാര്‍ലമെന്റ് ഓഫ് റിലീജിയണില്‍ സ്വാമിജിയുടെ ഒരു പേപ്പര്‍ പ്രസന്റേഷനില്‍ വെച്ചാണ്. ആ സ്വാമിജിയെയാണ് ഈ അടുത്തകാലത്ത് പേപ്പട്ടിയെ പോലെ തല്ലിയത്. സംഘപരിവാറിന് ശരിയായ സനാതന ധര്‍മം പറയുന്നവരെ വേണ്ട. വിവേകാനന്ദ സ്വാമി ഇന്നുണ്ടായിരുന്നെങ്കില്‍ തല്ലിക്കൊന്നിട്ടുണ്ടാകും. ബനാറിസിലും വാരണാസിയിലും കോടികള്‍ ചെലവാക്കി അമ്പലം പണിയുന്നു, ഞാന്‍ നിങ്ങളോട് ചോദിക്കുന്നു, നിങ്ങളീ പട്ടിണിപ്പാവങ്ങളെ കാണുന്നില്ലേ? എന്നാണ് സ്വാമി അന്ന് ചോദിച്ചിരുന്നത്. ശങ്കരാചാര്യരെയാകട്ടെ സ്വന്തം അമ്മയുടെ കര്‍മം പോലും ചെയ്യാന്‍ സമ്മതിച്ചിരുന്നില്ല. ഇന്ന് അവര്‍ക്ക് സ്വാമി വിവേകാനന്ദനും ശങ്കരാചാര്യരും വേണ്ടപ്പെട്ടവരാണ്.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്ന കേസ് കൊടുത്തത് അന്യമതസ്ഥരാണെന്നാണ് അവര്‍ ആദ്യം പറഞ്ഞ കള്ളം. അങ്ങനെ മതം പറഞ്ഞ് അവര്‍ക്ക് വിഭാഗീയതയുണ്ടാക്കണം. മൂഢമായ കടുംപിടിത്തവും വിഭാഗീയതയും കൂടിച്ചേര്‍ന്നാണ് മതഭ്രാന്ത് ഉണ്ടാകുന്നത്. അതാണ് രാഹുല്‍ ഈശ്വര്‍ ചെയ്യുന്നതും. രാഹുല്‍ ഈശ്വറിന് മതത്തെക്കുറിച്ച് ഒന്നും അറിയില്ല. കുറെ ഫണ്ട് എവിടെന്നൊക്കെയോ ഇതിന്റെ പേരില്‍ കിട്ടുന്നുണ്ട്. ഇതൊക്കെ അന്വേഷിക്കേണ്ടതാണ്.

വളരെ ഗൗരവപരമായ വിഷയങ്ങളായ പെട്രോള്‍ വില വര്‍ദ്ധന, നോട്ട് നിരോധനം, റാഫേല്‍ തുടങ്ങിയവയെപ്പറ്റി ചോദിക്കാതിരിക്കാനാണ് അവര്‍ ചാനല്‍ ചര്‍ച്ചകളിലും മറ്റും ചാണകത്തില്‍ നിന്ന് പ്ലൂട്ടോണിയം കിട്ടുമെന്നും പശുവിന്റെ കൊമ്പിനിടയില്‍ റേഡിയോ തരംഗങ്ങളുണ്ടെന്നുമുള്ള മണ്ടത്തരങ്ങള്‍ പറയുന്നത്. ശബരിമല പ്രശ്‌നം സജീവമാക്കി നിര്‍ത്തുമ്പോള്‍ ബിജെപിക്ക് മറ്റ് കാര്യങ്ങളൊന്നും അഡ്രസ് ചെയ്യേണ്ട കാര്യമില്ല. അമിത്ഷാ ഇപ്പോള്‍ കണ്ണൂരില്‍ വന്നിരിക്കുന്നതും ഇതിന്റെയൊക്കെ ഭാഗമായിട്ടാണ്.

ബിജെപി വളരെ പെട്ടെന്ന് ഇങ്ങനെ വളര്‍ന്നതിന് കോണ്‍ഗ്രസിന്റെ സംഭാവനയുണ്ട്. മുഖ്യപ്രതിപക്ഷത്തിലേക്ക് ബിജെപി വരുമ്പോള്‍ കോണ്‍ഗ്രസാണ് ഇവിടെ ഇല്ലാതാവുന്നത്. ഇപ്പോള്‍ അവര്‍ മാറിചിന്തിക്കുന്നുണ്ടെങ്കിലും വളരെ താമസിച്ചു പോയി. ബിജെപിയുടെ വിജയം ഉണ്ടായതും അവിടെയാണ്. അതിന് കോണ്‍ഗ്രസ് വലിയ വില കൊടുക്കേണ്ടി വരും. കുറഞ്ഞത് നെഹ്‌റുവിന്റെ സമീപനമെങ്കിലും അവര്‍ക്ക് ഓര്‍ക്കമായിരുന്നു. ഗാന്ധിജിയില്‍ നിന്ന് അവര്‍ വളരെ ദൂരം പോയ്ക്കഴിഞ്ഞു.

വാസ്തവത്തില്‍ ഇവര്‍ മണ്ടന്മാരാണ്. ഇവര്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം, അതായത് ഗാന്ധിജിയെ വധിച്ചത് മുതലുള്ളതെല്ലാം മണ്ടത്തരങ്ങളാണ്. ഏതെങ്കിലും രാഷ്ട്രീയനേതാവിനെതിരെ ഇങ്ങനെ ചെയ്താല്‍ അത് വേറെ കാര്യമാണ്. ജനങ്ങളുടെ ഇടയില്‍, സന്ദീപാനന്ദഗിരി എന്ന് പറയുന്നത് ഭഗവത് ഗീതയും ഉപനിഷത്തും പറഞ്ഞു കൊടുക്കുന്ന ആളാണ്. എല്ലാ വിഷയത്തിലും ഞാന്‍ കയറി സംസാരിക്കില്ലല്ലോ..."

കഴിഞ്ഞ രാത്രി എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു: "കൈരളി ചാനലിലെ ചര്‍ച്ച കഴിഞ്ഞതിന് ശേഷം ഇവിടെ വരുമ്പോള്‍ 8.30 ആയി. ന്യൂസൊക്കെ കണ്ടതിന് ശേഷമാണ് ഉറങ്ങാന്‍ പോയത്. മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ അധ്യക്ഷതയില്‍ റിലീജിയസ് ഹാര്‍മണിയസ് മീറ്റിംഗ് ഉണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തോടനുബന്ധിച്ച് ഹിന്ദു, ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങളിലുള്ളവരുടെ ഒരു മീറ്റിങ്. അതിന് പോകാന്‍ 5 മണിക്ക് വണ്ടി വരും. അപ്പോള്‍ അതിനായി അലാറമൊക്കെ വെച്ചാണ് കിടന്നത്. ശക്തമായി കതകിന് മുട്ടുന്നത് കേട്ടപ്പോള്‍ ടാക്സി ഡ്രൈവര്‍ വന്നുവെന്ന് കരുതി. തുറന്ന് നോക്കിയപ്പോള്‍ അടുത്ത വീട്ടിലെയാളുകള്‍ വന്ന് കാര്‍ കത്തുന്നുവെന്ന് പറഞ്ഞു. പെട്ടെന്ന് തന്നെ ഫയര്‍ എഞ്ചിന്‍ വന്നു. തീ കെടുത്തി. മഴക്കാലത്ത് മരം വീണ് ഗേറ്റ് തകര്‍ന്നു പോയിരുന്നു. പിന്നീട് അത് ശരിയാക്കാന്‍ പറ്റിയില്ല. സിസിടിവിയും മിന്നലില്‍ കേടായിരുന്നു. ഇന്നലെ സെക്യൂരിറ്റിയുമില്ലായിരുന്നു. അപ്പോള്‍ ഇതെല്ലാം അറിയാവുന്ന ആളുകളാകും എത്തിയത്.

കൊല്ലം അമൃതവിദ്യാലായത്തിലെ വേദിയില്‍ വെച്ച് മഹാഭാരതയുദ്ധം നമ്മള്‍ നമ്മളോട് ചെയ്യേണ്ടതാണെന്നും അത് ജയിച്ചാല്‍ വേറെ ഒന്നും നടക്കില്ല എന്നും പറഞ്ഞിരുന്നു. പക്ഷേ പത്രത്തില്‍ വന്നത്, മഹാഭാരതയുദ്ധം ഇല്ല: സന്ദീപാനാന്ദഗിരി എന്നാണ്. ഇത് ഇവര്‍ തെറ്റായി വായിച്ചു. മാതൃഭൂമിയില്‍ ഇതിനെ വിശദീകരിച്ചു കൊണ്ട് അവരുടെ എഡിറ്റോറിയല്‍ വന്നു. അപ്പോള്‍ ഇവരുടെ വിചാരകേന്ദ്രത്തില്‍ പോയി പരമേശ്വര്‍ജിയെ കണ്ടു. അദ്ദേഹം നമ്മുടെ ആശ്രമത്തിലൊക്കെ വരുന്ന ആളായിരുന്നു. അന്ന് അദ്ദേഹം എന്നോട് പറഞ്ഞു, അങ്ങ് ഒറ്റക്കൊക്കെ ആരോടെങ്കിലും ഇങ്ങനെയൊക്കെ പറഞ്ഞോളൂ. ഒരു വലിയ കൂട്ടത്തില്‍ പറയരുത്. അപ്പോഴാണ് അദ്ദേഹം ഇത്ര മൂരാച്ചിയാണെന്ന് മനസിലാക്കുന്നത്. അത് ധര്‍മത്തിന് ശരിയല്ലല്ലോ എന്ന് ഞാന്‍ ചോദിച്ചു. ഇതേ നിലപാടാണ് സ്വാമി തുടരുന്നതെങ്കില്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കാന്‍ തയാറായിക്കോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്", സന്ദീപനന്ദ ഗിരി പറഞ്ഞു.

"ചാനല്‍ ചര്‍ച്ചകളില്‍ നമ്മള്‍ പറയുന്ന വസ്തുതയെ അവര്‍ പി.കെ ഷിബു എന്നൊക്കെ പറഞ്ഞാണ് കൗണ്ടര്‍ ചെയ്യുന്നത്. സ്വാമിയാണെന്നൊന്നും അവര്‍ പറയണമെന്നില്ല. പക്ഷേ പേര് മാറ്റേണ്ടതില്ലല്ലോ... എന്താണ് ഇവര്‍ ഉദ്ദേശിക്കുന്ന സ്വാമികള്‍? ബിസിനസ് ചെയ്യുന്നവരോ? ഒരു ആശ്രമത്തില്‍ ഇത്രയും പുസ്തകങ്ങളുള്ള ഒരു ലൈബ്രറി തന്നെ ഇവിടെ മാത്രമേ ഉണ്ടാകൂ. ആര്‍ക്കും ഇവിടെ വരാം. ഹിന്ദു ധര്‍മം പഠിക്കാം. പക്ഷേ സംഘപരിവാറിന് അവര്‍ പറയുന്നത് പോലെയൊക്കെ പറഞ്ഞാല്‍ മാത്രമേ നമ്മളെ അവര്‍ ഹിന്ദുവായി അംഗീകരിക്കുകയുള്ളൂ. അതുകൊണ്ട് ഇന്നലെ തന്നെ അവര്‍ തീരുമാനമെടുത്തു, ഇനി എന്നെ നീട്ടിവെക്കരുതെന്ന്. ആയിരത്തിന്റെ നോട്ടിലെ ഗവര്‍ണറുടെ കൈയൊപ്പിന്റെ വിലയേ ഇന്ന് തന്ത്രി കുടുംബത്തിന് ശബരിമലയിലുള്ളൂവെന്ന് ഞാന്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. കൃത്യമായി ചരിത്രം പറഞ്ഞാല്‍ തന്നെ അവര്‍ അസ്വസ്ഥരാകുന്നുണ്ട്. കാരണം അവര്‍ ചരിത്രത്തിലില്ലല്ലോ.

സംഭവം അറിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രി വിളിച്ച് സമാധാനിപ്പിച്ചു. മുഖ്യമന്ത്രി കൃത്യമായ നിലപാട് ഇക്കാര്യത്തില്‍ പറഞ്ഞത് തന്നെ വലിയ കാര്യമാണ്. അത് ഒരു വ്യക്തിയുടെ സ്റ്റേറ്റ്മെന്റല്ല, കേരളത്തിന്റെ സ്റ്റേറ്റ്മെന്റാണ്. അത് കേരളത്തിലുള്ളവര്‍ മനസിലാക്കും"- അദ്ദേഹം പറഞ്ഞു.

https://www.azhimukham.com/trending-about-sandeepanandagiri-and-his-politics/

https://www.azhimukham.com/offbeat-political-play-by-sanghparivar-starts-by-attacking-ashram-of-sandeepanandagiri-writes-ka-antony/

https://www.azhimukham.com/offbeat-swami-sandeepananda-giri-asking-some-questions-pandalam-royal-family-and-thazhamon-tantri-family/

https://www.azhimukham.com/trending-swami-sandeepananda-giri-questioning-people-against-sabarimala-women-entry/


Next Story

Related Stories