Top

പൊരിവെയിലില്‍ ഇഷ്ടവിഭവങ്ങളുമായി പാഞ്ഞുവരുന്ന ആ മനുഷ്യര്‍ക്കും ജീവിതമുണ്ട്; സ്വിഗ്ഗി തൊഴിലാളികളെ സമരത്തിലേക്കെത്തിച്ച കാരണങ്ങള്‍

പൊരിവെയിലില്‍ ഇഷ്ടവിഭവങ്ങളുമായി പാഞ്ഞുവരുന്ന ആ മനുഷ്യര്‍ക്കും ജീവിതമുണ്ട്; സ്വിഗ്ഗി തൊഴിലാളികളെ സമരത്തിലേക്കെത്തിച്ച കാരണങ്ങള്‍
കൊച്ചിയിലെ ട്രാഫിക് ബ്ളോക്കുകള്‍ നഗരത്തിലിറങ്ങുന്നവരുടെ പേടിസ്വപ്നമാണ്. കലൂരുള്ളവര്‍ ഇടപ്പള്ളിയിലെ ബിരിയാണിയും പാലാരിവട്ടത്തുള്ളവര്‍ കാക്കനാടുള്ള മീന്‍കറി ഊണും വേണ്ടെന്ന് വെക്കുക, ഈ കുരുക്ക് കടന്ന് അപ്പുറത്തെത്തേണ്ടതിന്‍റെ മെനക്കേടോര്‍ത്താണ്.

മെട്രോയും മേല്‍പ്പാലങ്ങളും വന്നിട്ടും പൂര്‍ണ്ണമായും അഴിഞ്ഞു തീരാത്ത ഗതാഗതക്കുരുക്കില്‍ അടുത്ത കാലത്തായി പക്ഷേ ഒരു പതിവു കാഴ്ചയുണ്ട്. ഇരുചക്രവാഹനങ്ങളില്‍ കറുത്ത ടീഷര്‍ട്ടണിഞ്ഞ് ദീര്‍ഘചതുരത്തിലുള്ള ഭക്ഷണപ്പെട്ടി പുറകില്‍ തൂക്കിയ ആളുകള്‍. കൂടുതലും യുവാക്കള്‍. അപൂര്‍വ്വമായി പെണ്‍കുട്ടികള്‍. അതിരാവിലെ മുതല്‍ പൊരിവെയിലത്തും ഇരുട്ട് പരന്നാലും ട്രാഫിക് ബ്ളോക്കിലും സമാന്തരവഴികളിലുമൊക്കെ ഒന്നിലധികം പേരെ കണ്ട് മുട്ടിയേക്കും. പേരു കേട്ട ഹോട്ടലുകളുടെ മുമ്പിലാണെങ്കില്‍ തിക്കി തിരക്കി ഇവരുടെ വണ്ടികളുണ്ടാകും. ബഹുരാഷ്ട്ര ഓണ്‍ലൈന്‍ ഫുഡ് ആപ്ളിക്കേഷനുകളിലെ ഡെലിവറി തൊഴിലാളികളാണിവര്‍. ഒരൊറ്റ വിരലമര്‍ത്തലിനപ്പുറം ഇഷ്ടപ്പെട്ട ഭക്ഷണം വാതില്‍ക്കലെത്തുന്ന സൗകര്യത്തിലേക്ക് കൊച്ചി മാറിയപ്പോള്‍ അതിന്‍റെ കണ്ണിയായി ജീവിതം പച്ചപിടിപ്പിക്കാന്‍ ശ്രമിക്കുന്ന നൂറുകണക്കിന് യുവാക്കള്‍. ദൂരക്കൂടുതലോ പുറത്തിറങ്ങാനുള്ള മടിയോ ജോലിത്തിരക്കോ ഒക്കെ വേണ്ടെന്ന് വെപ്പിച്ചിരുന്ന പലയിനം ഭക്ഷണങ്ങള്‍ ഞൊടിയിടയില്‍ നമ്മുടെ തീന്‍മേശയില്‍ കൊണ്ടെത്തിക്കുന്നവര്‍ കടുത്ത തൊഴില്‍ ചൂഷണത്തിന് കൂടി വിധേയരായി കൊണ്ടിരിക്കുകയാണെന്നാണ് സ്വിഗ്ഗി എന്ന ഫുഡ് ആപ്പിലെ 250-ലധികം തൊഴിലാളികള്‍ സമരത്തിനിറങ്ങിയതോടെ പുറത്ത് വരുന്നത്.

12 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന ഡെലിവറി തൊഴിലാളികളുണ്ട് സ്വിഗ്ഗിയില്‍. അത്രയും മണിക്കൂര്‍ പൊരിവെയിലത്ത് വാഹനമോടിച്ചാലാണ് 1000 രൂപയ്ക്ക് തുല്യമായ ജോലിയാകുക. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളെ പുറകിലേറ്റി പോകുന്നവര്‍ക്ക് അത്തരം രുചികളെ പരീക്ഷിക്കാനുള്ള സാധ്യത പോലുമില്ല. നാല്‍പ്പതോ അമ്പതോ രൂപയുടെ ഊണെന്ന കൊച്ചിയിലെ ഏറ്റവും കുറഞ്ഞ ഉച്ച ഭക്ഷണവും തട്ടുകടകളിലെ രാത്രിയാഹാരവും കഴിച്ചാല്‍ തന്നെ ഒരാള്‍ക്ക് ഇരുന്നൂറ് രൂപയോളം ആ ഇനത്തിലാകും. ഇതിന് പുറമേ ഇന്ധനച്ചിലവിലേക്ക് കൊടുക്കേണ്ടി വരിക മുന്നൂറ് രുപയിലധികം. ട്രാഫിക് ബ്ളോക്കുകളില്‍ കുരുങ്ങി ഓര്‍ഡര്‍ കൊടുക്കേണ്ട സ്ഥലത്ത് എത്തുമ്പോഴേക്കും എണ്ണച്ചിലവ് പിന്നെയും കൂടും.

ഒരു ഓര്‍ഡര്‍ വന്ന് കഴിഞ്ഞ് ഹോട്ടലില്‍ നിന്ന് പാക്ക് ചെയ്ത ഭക്ഷണവും വാങ്ങി 4 കിലോമീറ്ററിനുള്ളിലുള്ള ലക്ഷ്യസ്ഥാനത്തെത്തിച്ചാല്‍ ഒരു തൊഴിലാളിക്ക് സ്വിഗ്ഗി നല്‍കി വന്നിരുന്നത് 25 രൂപയാണ്. കൂടുതല്‍ വരുന്ന ഓരോ കിലോമീറ്ററിന് 5 രൂപയും. ഹോട്ടലില്‍ നിന്ന് ഭക്ഷണപാക്കറ്റ് ലഭിക്കാനുള്ള താമസം, വണ്ടിയോടിച്ചെത്തേണ്ട ദൂരം, വലിയ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ എട്ടും പത്തും നിലകളിലേക്ക് കയറിയെത്തേണ്ട സമയം എന്നതൊക്കെ കൂട്ടിയാല്‍ കുറഞ്ഞത് അരമണിക്കൂറെടുക്കും ഒരു ഓര്‍ഡര്‍ പൂര്‍ത്തിയാകാന്‍. 25 രൂപ സമ്പാദിക്കുന്നതില്‍ നിന്നാണ് നാല് കിലോമീറ്റര്‍ ഓടാനുള്ള പെട്രോള്‍ ചിലവും. അതിനിടെയാണ് കഴിഞ്ഞ തിങ്കളാഴ്ച 5 കിലോമീറ്റര്‍ ഓടിയാല്‍ 25 രൂപ എന്ന തരത്തിലുള്ള മാറ്റം യാതൊരു മുന്നറിയിപ്പും കൂടാതെ കമ്പനി നടപ്പിലാക്കിയത്. കാത്തിരിപ്പ് സമയത്തിനുള്ള പൈസയും കൃത്യമായ തോതില്ലാതെ കമ്പനിക്ക് ഇഷ്ടമുള്ള തുക എന്ന രീതിയിലേക്കാക്കി എന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.

തുടര്‍ന്ന് ഇവര്‍ സമരത്തിലേക്ക് നീങ്ങുകയായിരുന്നു. 200-ലധികം പേരാണ് ചൊവ്വാഴ്ച്ച നടത്തിയ തൊഴില്‍മുടക്കില്‍ പങ്കെടുത്തത്.

കമ്പനിയിലെ മാറ്റങ്ങളെല്ലാം തോന്നും വിധമാണെന്നും തൊഴിലാളികളുടെ ക്ഷേമത്തെ അവര്‍ പരിഗണിക്കുന്നില്ലെന്നും സമരത്തിന്‍റെ മുന്‍നിരയിലുള്ള സ്വിഗ്ഗി തൊഴിലാളികളില്‍ ഒരാളായ ആല്‍ഫി വിശദമാക്കി. "രണ്ട് തരത്തിലുള്ള വേതനമാണ് ഇപ്പോള്‍ തൊഴിലാളികള്‍ക്ക് കിട്ടുന്നത്. ആറു മാസം മുമ്പ് ചേര്‍ന്നവര്‍ക്ക് ആയിരം രൂപയുടെ ജോലി ചെയ്താല്‍ അഞ്ഞൂറു രൂപ കമ്പനി ഇന്‍സെന്‍റീവ് എന്ന നിലയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ പുതുതായി ജോയിന്‍ ചെയ്തവര്‍ക്ക് അതില്ല. ആഴ്ചയില്‍ 3500 രൂപയ്ക്ക് ഓടിയാല്‍ 500 എന്ന കണക്കാണ്. പഴയ രീതിയാണെങ്കില്‍ 12 മണിക്കൂര്‍ ഓടിയാല്‍ ഭക്ഷണവും എണ്ണയും കഴിഞ്ഞുള്ള പൈസയും ഇന്‍സെന്‍റീവും കൂടി ജീവിക്കാനുള്ള പൈസയാകുമായിരുന്നു. ഇപ്പോള്‍ ഈ പൊരിവെയിലത്ത് ജീവന്‍ പണയം വെച്ച് ഓടിച്ചിട്ടും കയ്യില്‍ ബാക്കിയാകുന്നത് 450 രൂപയാണ്.''


പുതിയ പരിഷ്കാരം അനുസരിച്ച് മുമ്പ് 12 മണിക്കൂര്‍ കൊണ്ട് ലഭിച്ച പൈസയാകണമെങ്കില്‍ ഇപ്പോള്‍ 16 മണിക്കൂര്‍ പണിയെടുക്കണം. കോട്ടയം സ്വദേശിയായ ആല്‍ഫി ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 11 വരെ സ്വിഗ്ഗിയില്‍ ജോലി ചെയ്യും. ആ തുക കൊണ്ട് എറണാകുളം നഗരത്തില്‍ ഭാര്യക്കും ഒരു വയസ്സുള്ള കുഞ്ഞിനുമൊപ്പം ജീവിക്കാനാകില്ലെന്നാകുമ്പോള്‍ ഇതിനു ശേഷം ഊബര്‍ ടാക്സിയും ഓടിക്കും.

Azhimukham Special: സര്‍ക്കാര്‍ സ്കൂളുകള്‍ എന്ന് ഇന്നാരും അവജ്ഞയോടെ പറയില്ല; വിദ്യാഭ്യാസ രംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിക്കുകയാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍


200-ലധികം പേര്‍ ആദ്യ ദിവസം സമരത്തിനിറങ്ങിയെങ്കിലും വരും ദിവസങ്ങളില്‍ അവരുടെ എണ്ണത്തില്‍ കുറവാണ് സംഭവിച്ചത്. പരസ്പരം പരിചയമില്ലാത്ത, ഏതെങ്കിലും തരത്തില്‍ സംഘടിതരല്ലാത്ത ഒരു കൂട്ടം തൊഴിലാളികളെ പിന്തിരിപ്പിക്കാന്‍ കമ്പനി ഉടനടി തന്നെ ഇടപെടല്‍ നടത്തി. സമരത്തിലുണ്ടായ 40 പേരെ സസ്പെന്‍ഡ് ചെയ്തു. നേതൃത്വത്തിലുള്ള 8 പേര്‍ക്കെതിരെ കള്ളപ്പരാതി നല്‍കി. പഠിക്കുന്നതിനിടക്കും മറ്റ് ജോലികള്‍ക്കിടയിലും മുഖ്യവരുമാനമായും ഒക്കെ ഈ തൊഴിലില്‍ ഏര്‍പ്പെട്ട മനുഷ്യര്‍ പലരും ഭയപ്പെട്ട് തിരികെ ജോലിയില്‍ കയറാന്‍ അത് മതിയായിരുന്നു. എങ്കിലും പ്രതിഷേധത്തെ മുഴുവനായും അണയ്ക്കാന്‍ കമ്പനിയുടെ ഇടപെടലുകള്‍ക്ക് ആയിട്ടില്ല.

പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയെങ്കിലും കമ്പനി നല്‍കിയ പരാതി കള്ളപ്പരാതിയാണെന്ന് കണ്ട് വിട്ടയച്ചുവെന്ന് സമരത്തിന്‍റേ നേതൃത്വത്തിലുള്ള സാംസണ്‍ പറയുന്നു. "40 പേരോളം സസ്പെന്‍ഷനിലാകുകയും എട്ട് പേര്‍ക്കെതിരെ കള്ളക്കേസ് കൊടുക്കുകയും ചെയ്തതോടെ കുറേ പേര്‍ക്ക് അതൊരു ഭീഷണിയായി. ഞങ്ങള്‍ ഹോട്ടല്‍ അടിച്ചു പൊളിച്ചു, ജോലിക്കാരെ തടസപ്പെടുത്തി എന്നൊക്കെയായിരുന്നു പരാതി. ഏത് ഹോട്ടലാണെന്നൊക്കെ എസ്.ഐ ചോദിച്ചിട്ട് മാനേജ്മെന്‍റ് പ്രതിനിധി പറഞ്ഞില്ല. അങ്ങനെ ഞങ്ങളെ വെറുതേ വിട്ടു.''


സമരക്കാര്‍ കമ്പനിയിലെ മറ്റുള്ളവരുടെ ജോലി തടസപ്പെടുത്തുന്നു എന്നായിരുന്നു പരാതിയെന്നും അങ്ങനെ ഉണ്ടാകില്ലെന്ന ഉറപ്പില്‍ പരാതിയില്‍ പറഞ്ഞവരെ വിളിച്ച് സംസാരിച്ചു വിട്ടയച്ചെന്നും പാലാരിവട്ടം എസ്.ഐ അഴിമുഖത്തോട് പറഞ്ഞു. ഇവര്‍ക്കെതിരെ നടപടികളൊന്നും എടുത്തിട്ടില്ല.

സമരത്തിനിറങ്ങിയ 17 പേര്‍ ഒപ്പിട്ട് ബുധനാഴ്ച ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വേതനത്തിലെ ക്രമക്കേടുകളും ചൂഷണവും പരിഹരിക്കണമെന്നും സ്ഥാപനത്തെ ദിനംപ്രതി മോണിറ്റര്‍ ചെയ്യാന്‍ ഒരു സര്‍ക്കാര്‍ സംവിധാനം കൊണ്ട് വരണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ചൊവ്വാഴ്ച പാലരിവട്ടത്തുള്ള സ്വിഗ്ഗി ഓഫീസ് ഉപരോധിച്ചതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ സമരക്കാരേയും മാനേജ്മെന്‍റിനേയും വിളിച്ചു വരുത്തിയെങ്കിലും തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാനുള്ള പോലീസിന്‍റെ നിര്‍ദ്ദേശവും മാനേജ്മെന്‍റ് അവഗണിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

വേതനപ്രശ്നം പരിഹരിക്കുകയും പുറത്താക്കിയവരെ തിരിച്ചെടുക്കുകയും ചെയ്യുന്നത് വരെ സമരത്തില്‍ തന്നെയാണെന്ന് നിയമവിദ്യാര്‍ത്ഥിയും പാര്‍ട്ടൈം സ്വിഗ്ഗി തൊഴിലാളിയുമായ അഖില്‍ സോമന്‍ വ്യക്തമാക്കി. 
"സമരത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ കണ്ട് ലേബര്‍ ഓഫീസര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയിരുന്നു. ഞങ്ങള്‍ പരാതിയും നല്‍കിയിട്ടുണ്ട്. പന്ത്രണ്ടാം തിയ്യതിയാണ് വിളിപ്പിച്ചിട്ടുള്ളത്. മാന്യമായ വേതനം തരികയും സര്‍ക്കാര്‍ ഇടപെടലുണ്ടാകുകയും പ്രതികരിച്ച ആളുകളെ തിരിച്ചെടുക്കുകയും ചെയ്യുന്നത് വരെ സമരം ഉണ്ടാകും.''


വിദ്യാർത്ഥികളേ ഇതിലേ ഇതിലേ…/ ഡോക്യുമെന്റെറി


Next Story

Related Stories