Top

കടത്തിനു മേല്‍ കടം കയറ്റുന്ന ഭൂമി വാങ്ങലുകള്‍; എറണാകുളം-അങ്കമാലി അതിരൂപത വന്‍ സാമ്പത്തിക കുഴപ്പത്തില്‍

കടത്തിനു മേല്‍ കടം കയറ്റുന്ന ഭൂമി വാങ്ങലുകള്‍; എറണാകുളം-അങ്കമാലി അതിരൂപത വന്‍ സാമ്പത്തിക കുഴപ്പത്തില്‍
എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ നടന്ന ഭൂമിയിടപാടില്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം ആരോപണ വിധേയനായിരിക്കുകയാണ്. ഇങ്ങനെയൊരു തട്ടിപ്പ് അതിരൂപതയുടെ ചരിത്രത്തില്‍ ഇതാദ്യമായാണെന്നും ഇനിയിത്തരത്തില്‍ ഒന്നും അതിരൂപതയുടെ കീഴില്‍ നടക്കാതിരിക്കാനുമായി SAVE ARCHDIOCESE CAMPAIGN നടത്തുകയാണ് വിശ്വാസികള്‍. അതിരൂപതയ്ക്ക് പൈതൃക സ്വത്തായി കിട്ടിയിട്ടുള്ള ഭൂമിയാണ് ചിലര്‍ ചേര്‍ന്ന് കള്ളക്കച്ചവടം നടത്തി സഭയേയും വിശ്വാസികളെയും ഒരുപോലെ വഞ്ചിച്ച് സ്വാര്‍ത്ഥലാഭം നേടി എന്നാണ് ആരോപണം. അതിരൂപതുടെ ഭൂമി ഇടപാടിനെ കുറിച്ചുള്ള അന്വേഷണ പരമ്പരയുടെ ആദ്യഭാഗം ഇവിടെ വായിക്കാം;


http://www.azhimukham.com/kerala-syro-malabar-archdiocese-land-sale-allegations-cardinal-mar-george-alencherry/

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭൂമി വില്‍പ്പനയില്‍ നടന്നതായി പറയപ്പെടുന്ന ക്രമക്കേടുകള്‍ പോലെ തന്നെയാണ് ഭൂമി വാങ്ങിയതിനു പിന്നിലും ഉള്ളത്. സമീപകാലത്തായി അതിരൂപതയുടെ പേരില്‍ മൂന്നു സ്ഥലങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നാണ് SAVE ARCHDIOCESE CAMPAIGN അംഗങ്ങള്‍ പറയുന്നത്. ഇതില്‍ പ്രധാനപ്പെട്ടതായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത് മറ്റൂരിലെ ഭൂമിയാണ്. എറണാകുളം-അങ്കമാലി അതിരൂപതയുടെ മേല്‍ നികത്താനാവാത്ത സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിച്ച ഒരു ഭൂമിയിടപാടായിരുന്നു ഇതെന്നാണ് ആക്ഷേപം.

ദീര്‍ഘവീക്ഷണമോ മതിയായ ഒരുക്കമോ ഇല്ലാതെ മെഡിക്കല്‍ കോളേജിനെന്ന പേരില്‍ മറ്റൂര്‍ ഭാഗത്ത് 23.22 ഏക്കര്‍ ഭൂമിയാണ് അതിരൂപത വാങ്ങിയത്. ഭൂമി വാങ്ങുന്നതിനായി 43 കോടി 21 ലക്ഷം രൂപയാണ് ആധാരപ്രകാരം അതിരൂപത ഉടമസ്ഥന് നല്‍കിയത്. എന്നാല്‍ ഇതേ വസ്തുവിന്റെ ഇടപാടിനെന്ന പേരില്‍ സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ നിന്നും അതിരൂപത ലോണ്‍ എടുത്തിരിക്കുന്നത് 59 കോടി രൂപ. 43 കോടിയോളം രൂപ മാത്രം വില വരുന്ന ഭൂമിയിടപാടിന് വേണ്ടി എന്തിനാണ് ഇത്രയും രൂപ ലോണ്‍ എടുത്തതെന്ന ചോദ്യത്തിന് അതിരൂപതാധ്യക്ഷന്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നത് ആക്ഷേപം ഉന്നയിക്കുന്നവര്‍ നിരന്തരം ഉയര്‍ത്തുന്ന ചോദ്യമാണ്. ഈ ലോണിന്റെ പലിശയായി കഴിഞ്ഞ മൂന്നുവര്‍ഷമായി 18 കോടി രൂപ അതിരൂപത അടച്ചിരിക്കുന്നതും ചോദ്യം ചെയ്യപ്പെടുകയാണ്. ഇതു പോലെ മറ്റൊരു ഭൂമിയിടപാടാണ് കോട്ടപ്പടിയിലേത്. 2017 ഏപ്രില്‍ ഏഴിനാണ് കോതമംഗലത്തു നിന്നും 10 കിലോമീറ്റര്‍ അകലെയായി കോട്ടപ്പടിയില്‍ വനമേഖലയോട് ചേര്‍ന്ന് 25 ഏക്കര്‍ സ്ഥലം വാങ്ങിയത്. ഇതിനായി സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ നിന്നും 4 കോടി അമ്പതുലക്ഷം രൂപയും ഫെഡറല്‍ ബാങ്കില്‍ നിന്നും ഒരു കോടി 50 ലക്ഷം രൂപയും ലോണ്‍ എടുത്തു.

ഈ സ്ഥലം വാങ്ങിയതിനു പിന്നില്‍ മറ്റൊരു തിരിമറിയും ആരോപിക്കപ്പെടുന്നു. അതിരൂപതയുടെ കീഴില്‍ ഉണ്ടായിരുന്ന കാക്കനാട്ടെ സ്ഥലം വില്‍ക്കാന്‍ ഏല്‍പ്പിച്ച ഇടനിലക്കാരനില്‍ നിന്നും ബാക്കിയായി കിട്ടാനുള്ള 18 കോടിക്കൊപ്പം ലോണ്‍ എടുത്ത ആറു കോടിയും കൂടി മുടക്കി മൊത്തം 24 കോടിക്കാണ് കോട്ടപ്പടിയിലെ ഭൂമി വാങ്ങിയതെന്നാണ്  ആരോപണം. ഇത്രയും തുക മുടക്കി വാങ്ങിയ ഭൂമിയാകട്ടെ കഴിഞ്ഞ 22 വര്‍ഷങ്ങളായി വില്‍ക്കാനിട്ടിട്ടും വിറ്റുപോവാതിരുന്ന വനമേഖലയില്‍പ്പെട്ട സ്ഥലവും! സെന്റിന് മുപ്പതിനായിരം പോലും വിലയില്ലാത്ത ഈ ഭൂമി അതിരൂപത വാങ്ങിയതായി പറയുന്നത് 96,000 രൂപ സെന്റിന് നല്‍കിയും. കാക്കനാട്ടെയും തൃക്കാക്കരയിലേയും ഭൂമി വിറ്റതില്‍ നിന്നും കിട്ടാനുള്ള തുകയുടെ കാര്യത്തില്‍ ഉണ്ടായ കബളിപ്പിക്കലും അരക്ഷിതാവസ്ഥയുമാണ് ഈ സ്ഥലം ഈടായി എഴുതി വാങ്ങാന്‍ അതിരൂപത നിര്‍ബന്ധിതമായത്. അതായത് വസ്തു കച്ചവടക്കാരന്‍ അതിസമര്‍ത്ഥമായി അതിരൂപതയെ കളിപ്പിച്ചിരിക്കുന്നു. എന്നാല്‍ ഈ കളിപ്പിക്കലിന് അയാള്‍ക്ക് സഹായം ചെയ്തവര്‍ അതിരൂപതയ്ക്കുള്ളില്‍ തന്നെയുള്ളവരും, യഥാര്‍ത്ഥത്തില്‍ ഇവിടെ കളിപ്പിക്കപ്പെട്ടത് സഭയും സഭാവിശ്വാസികളുമാണ്. ഇതില്‍ നേട്ടം കൊയ്തവര്‍ ചതിച്ചതും അവരെയാണെന്നു അതിരൂപത സംരക്ഷണ കാമ്പയിന്‍ പ്രതിനിധികള്‍ ആക്ഷേപം ഉന്നയിക്കുന്നു.

http://www.azhimukham.com/offbeat-believers-of-zero-malabar-church-sanfransisco-sprotest-sajanjose/

ഈ സ്ഥലം അതിരൂപത വാങ്ങിയെന്ന് മറ്റുള്ളവര്‍ അറിയുന്നത് നേതൃത്വത്തിലുള്ളവര്‍ പറഞ്ഞിട്ടല്ല എന്നൊരാരോപണവുമുണ്ട്. കോട്ടപ്പുറത്തെ ഭൂമിയില്‍ അതിരൂപത വക സ്ഥലം എന്ന ബോര്‍ഡ് വച്ചിരിക്കുന്നത് കണ്ട് ആരോ ഫോട്ടോയെടുത്ത് വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചതോടെയാണ് പല വൈദികരും ഇക്കാര്യം അറിയുന്നത്. കഴിഞ്ഞ സെപ്തംബറിലെ കൊയ്‌നോനിയായില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ സ്ഥലം വാങ്ങിച്ചിട്ടില്ല, പണം കൊടുത്തിട്ടില്ല, അഞ്ച് ഏക്കര്‍ ഭൂമിദാനം കിട്ടിയതാണ് എന്നൊക്കെയാണ് രൂപതാധ്യക്ഷന്‍ ഉള്‍പ്പെടെ പറഞ്ഞതെന്നു വൈദികര്‍ പറയുന്നു. ഈ ഭൂമി 2017 ഏപ്രില്‍ മാസം ആധാരം ചെയ്തതാണ്. എന്നിട്ടാണ് പിന്നീടതെക്കുറിച്ച് പല കള്ളങ്ങളും പറഞ്ഞതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റൂരിലെ ഭൂമി വാങ്ങാന്‍ 59 കോടി ലോണ്‍ എടുത്ത് അതിന്റെ പലിശയിനത്തില്‍ വര്‍ഷം ആറുകോടി അടച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് വീണ്ടും ആറു കോടി ലോണ്‍ എടുത്തത്. ഈ ലോണ്‍ പോലും അതിരൂപതയുടെ കീഴിലുള്ള ഒരു കമ്മിറ്റിയിലും ആലോചിക്കാതെ ചെയ്തതാണന്നും ആരോപണം.

മറ്റൊരു ഭൂമി വാങ്ങല്‍ ഇടുക്കിയിലെ ദേവികുളത്താണ്. 2017 ഫെബ്രുവരി 22 നാണ് ദേവികുളം പഞ്ചായത്തില്‍ 17 ഏക്കര്‍ ഭൂമി ഒരു കോടി 60 ലക്ഷം രൂപയ്ക്ക് വാങ്ങിയതായി പറയുന്നത്. ഈ തുകയും ബാങ്ക് വായ്പ. ഈ ഭൂമിയാകട്ടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി അടയാളപ്പെടുത്തിയിരിക്കുന്നതും. ഈ ഭൂമി വാങ്ങിയത് അധികാരപ്പെട്ട ഒരു കമ്മിറ്റിയുടെയും അനുവാദത്തോടെയായിരുന്നില്ലെന്ന് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് തന്നെ 2017 നവംബര്‍ ആറിന് കൂടിയ യോഗത്തില്‍ പരസ്യമായി സമ്മതിച്ചിട്ടുമുണ്ടെന്ന് പറയുന്നു. ഭൂമി വാങ്ങാന്‍ ലോണ്‍ എടുക്കാന്‍ ഏതെങ്കിലും കാനോനിക കമ്മിറ്റിയില്‍ നിന്നും അനുവാദം കിട്ടിയിരുന്നോ എന്നതും സംശയമാണ്. ഇക്കാര്യങ്ങളെല്ലാം സൂക്ഷമമായ പരിശോധനയ്ക്ക് വച്ചാല്‍ ഇതിന്റെ പിന്നിലുള്ള വന്‍തട്ടിപ്പുകള്‍ പുറത്തു വരുമെന്നാണ് SAVE ARCHODISESES CAMPAIGN പ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നത്. തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. തെളിവുകള്‍ സഹിതം ഇക്കാര്യങ്ങള്‍ ഒരിക്കല്‍, കൂടുതല്‍ വ്യക്തതയോടെ തെളിയിക്കാമെന്നാണ് അവര്‍ ഉറപ്പ് പറയുന്നത്.

Next Story

Related Stories