TopTop
Begin typing your search above and press return to search.

സീറോ മലബാര്‍ സഭയെ പിടിച്ചു കുലുക്കുന്ന വ്യാജരേഖ കേസ്; ഗവേഷക വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍

സീറോ മലബാര്‍ സഭയെ പിടിച്ചു കുലുക്കുന്ന വ്യാജരേഖ കേസ്; ഗവേഷക വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍

സിറോ മലബാര്‍ സഭയിലെ ഏറ്റവും ഒടുവിലത്തെ വിവാദമായ വ്യാജരേഖ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യയെയാണ് ആലുവ ഡിവൈഎസ്പി കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ ഒന്നാം പ്രതിയാക്കപ്പെട്ട ഫാ. പോള്‍ തേലക്കാട്ടിന് ഇമെയില്‍ വഴി വിവാദ രേഖകള്‍ അയച്ചു നല്‍കിയതും ഈ രേഖകള്‍ കൃത്രിമമായി ചമച്ചതും ഇയാളാണ് എന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്താതെ ആദിത്യയെ 24 മണിക്കൂറില്‍ കൂടുതല്‍ കസ്റ്റഡിയില്‍ വച്ച് പോലീസ് വ്യാജ രേഖ കേസിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഈ ചെറുപ്പക്കാരന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമത്തിലാണെന്നാണ് ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സ് (എഎംടി) ആരോപിക്കുന്നത്.

ഗവേഷണ വിദ്യാര്‍ത്ഥിയായ ആദിത്യ സഭയുമായി ബന്ധപ്പെട്ട ഒരു സ്ഥാപത്തിലെ സിസ്റ്റം അഡ്മിന്റെ താത്കാലിക ജോലി നോക്കുകയായിരുന്നു. ഈ സമയത്താണ് സ്ഥാപനത്തിന്റെ ഔദ്യോഗിക ഡേറ്റാ ബേസില്‍ നിന്നും ആദിത്യക്ക് സീറോ മലബാര്‍ സഭയിലെ ഉന്നതന്മാരുമായി ബന്ധപ്പെട്ട ചില രേഖകള്‍ കിട്ടുന്നതെന്നു പറയുന്നു. രേഖകള്‍ കിട്ടിയ വിവരം ആദിത്യ, തനിക്ക് പരിചയമുള്ള ഫാ. ടോണി കല്ലൂക്കാരനെ അറിയിച്ചു. അങ്കമാലി സാന്തോപുരം ഇടവകയിലെ വികാരിയും കര്‍ദ്ദിനാളിന്റെ മുന്‍ ഓഫിസ് സെക്രട്ടറിയുമായിരുന്ന ഫാ. ടോണി കല്ലൂക്കാരനാണ് ഫാ. പോള്‍ തേലക്കാട്ടിനെ വിവരങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശിക്കുന്നത്. ഫാ. ടോണി തന്നെ ആദിത്യക്ക് ഫാ. തേലക്കാട്ടിനെ പരിചയപ്പെടുത്തി കൊടുത്തുവെന്നും പറയുന്നു. ഫാ. തേലക്കാട്ടിനെ നേരില്‍ കണ്ട് വിവരങ്ങള്‍ പറഞ്ഞശേഷമാണ് ആദിത്യ രേഖകള്‍ ഇ-മെയില്‍ വഴി അയച്ചു നല്‍കുന്നത് എന്നാണ് പോലീസ് പറയുന്നത്.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചെന്ന ആരോപണം നേരിടുകയും കേസില്‍ പ്രതിയാവുകയും ചെയ്ത ഫാ. പോള്‍ തേലക്കാട്ട് ആലുവ ഡിവൈഎസ്പി ഓഫീസില്‍ മൊഴി നല്‍കാന്‍ എത്തിയി സമയത്ത് കൈമാറാന്‍ ശ്രമിച്ചത് ആദിത്യ നല്‍കിയ രേഖകളായിരുന്നു. കര്‍ദ്ദിനാളിനെതിരായ രേഖകള്‍ തനിക്ക് ഇമെയില്‍ വഴി കിട്ടിയതാണെന്ന് ഫാ. തേലക്കാട്ട് പോലീസിനോട് പറയുകയും ചെയ്തിരുന്നു. ആ സമയത്ത് ഫാ. തേലക്കാട്ട് നല്‍കിയ രേഖകള്‍ സ്വീകരിക്കാന്‍ പോലീസ് വിസമ്മതിച്ചെങ്കിലും കഴിഞ്ഞ ദിവസം വൈദികന്റെ ഓഫിസില്‍ നേരിട്ട് എത്തി അദ്ദേഹത്തെിന്റെ കമ്പ്യൂട്ടര്‍ പരിശോധിക്കുകയും രേഖകള്‍ സ്വീകരിച്ചു മടങ്ങുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ആദിത്യയെ കസ്റ്റഡിയില്‍ എടുത്തത്.

Also Read: സത്യദീപത്തില്‍ റെയ്ഡ് നടന്നെന്ന വാര്‍ത്തയ്ക്ക് പിന്നിലാര്? കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്

അതേസമയം രേഖകള്‍ പുറത്തു പോയെന്ന വിവരം അറിഞ്ഞതിനു പിന്നാലെ ആരോപണം നേരിടുന്ന സ്ഥാപനത്തില്‍ നിന്നും ആദിത്യയെ പുറത്താക്കി. ആ സമയത്ത് സ്ഥാപനത്തിന്റെ ചുമതലയിലുണ്ടായിരുന്ന വൈദികരെയും മാറ്റിയതായി പറയുന്നു. ആദിത്യ പറയുന്നതുപോലെയുള്ള രേഖകള്‍ തങ്ങളുടെ ഡേറ്റ ബെയ്‌സില്‍ ഇല്ലെന്നും വ്യാജ ആരോപണങ്ങളാണെന്നുമാണ് സ്ഥാപനം ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഡേറ്റാ ബെയ്‌സ് റീസെറ്റ് ചെയ്ത് യാഥാര്‍ത്ഥ്യം മറയ്ക്കാനാണ് ശ്രമം നടന്നിരിക്കുന്നതെന്നാണ് പരാതി.

ആദിത്യ കൃത്രിമ രേഖ ഉണ്ടാക്കിയെന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് ആക്ഷേപം. കേവലമൊരു സഭാംഗവും വിദ്യാര്‍ത്ഥിയുമായ ആദിത്യ സഭയുടെ പരമാധികാരിയായ കര്‍ദ്ദിനാളിനെതിരേ വ്യാജരേഖകള്‍ ഉണ്ടാക്കാന്‍ തയ്യാറാകില്ലെന്നാണ് എഎംടിയെ പോലെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഫാ. തേലക്കാട്ടിന് ആദിത്യ കൈമാറിയ രേഖകള്‍ വ്യാജമല്ലെന്നും ഇവര്‍ പറയുന്നു.

ആദിത്യയുടെ കാര്യത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്ന നടപടികള്‍ സംശയാസ്പദമാണെന്നും ആരോപണമുണ്ട്. ചോദ്യം ചെയ്യാനെന്ന പേരില്‍ വ്യാഴാഴ്ച്ച രാവിലെ ഒമ്പതരയോടെയാണ് ആദിത്യയെ വിളിപ്പിക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ച്ച രാത്രി പത്തര ആയിട്ടും ആദിത്യയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായിരുന്നില്ല. 24 മണിക്കൂര്‍ കൂടുതല്‍ ആരെയും സ്റ്റേഷന്‍ കസ്റ്റഡിയില്‍ വയ്ക്കരുതെന്ന് നിയമം ഉള്ളപ്പോഴാണ് നിയമവിരുദ്ധമായി ആദിത്യയെ ഡിവൈഎസ്പി ഓഫിസില്‍ പിടിച്ചിരുത്തിയതെന്നാണ് പരാതി.

ചോദ്യം ചെയ്യാന്‍ വിളിപ്പിക്കപ്പെട്ട ഫാ. ടോണി കല്ലൂക്കാരന്‍ വെള്ളിയാഴ്ച്ച ഡിവൈഎസ്പി ഓഫിസില്‍ എത്തിയപ്പോഴാണ് ആദിത്യയെ വിട്ടിട്ടില്ലെന്ന വിവരം അറിയുന്നത്. ഫാ. ടോണിയെ മൊഴിയെടുത്ത ശേഷം വിട്ടയച്ചെങ്കിലും ആദിത്യയെ പോകാന്‍ അനുവദിച്ചില്ല. വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് എഎംടിയുടെ നേതൃത്വത്തില്‍ ആലുവ ഡിവൈഎസ്പി ഓഫിസില്‍ വിശ്വാസികള്‍ കാര്യം തിരക്കിയെത്തിയെങ്കിലും പോലീസ് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും പരാതിയുണ്ട്. ആദിത്യയുമായി ബന്ധമുണ്ടെന്നു പറയുന്ന വൈദികനെ വിട്ടയയ്ക്കുമ്പോഴും ചെറുപ്പക്കാരനെ മാത്രം തടഞ്ഞുവയ്ക്കുന്നതിനു പിന്നില്‍ ചില ഗൂഡലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് എഎംടി പറയുന്നത്. കര്‍ദ്ദിനാളിനും സംഘത്തിനുമെതിരേയുള്ള രേഖകള്‍ പുറത്തുവരാതിരിക്കാനും അഥവ വന്നാല്‍ അവ വ്യാജമാണെന്നു വരുത്തി തീര്‍ക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമായി ആദിത്യയെ ബലിയാടാക്കുകയാണെന്നും എഎംടി പറയുന്നു. അവരുടെ വാക്കുകളിലേക്ക്: ഫാ. പോള്‍ തേലക്കാട്ടിന് ഇ മെയില്‍ വഴി രേഖകള്‍ അയച്ചു കൊടുത്ത ആദിത്യയെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. തേലക്കാട്ട് അച്ചനില്‍ നിന്ന് പിടിച്ചെടുത്ത ഇമെയില്‍ രേഖകള്‍ താനയച്ചതാണെന്ന് ആദിത്യ സമ്മതിച്ചതായാണ് അറിയുന്നത്. ആരോപിക്കപ്പെടുന്ന പ്രമുഖ സ്ഥാപനങ്ങളില്‍ ആദിത്യ ജോലി ചെയ്തിരുന്നു. ആ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ അവിടുത്തെ ഔദ്യോഗിക ഡേറ്റാബേസില്‍ നിന്ന് ലഭിച്ച രേഖകള്‍ തന്നെയാണെന്നും കര്‍ദ്ദിനാളിനെതിരായ രേഖകള്‍ വ്യാജമല്ലെന്നും ആദിത്യ അവകാശപ്പെട്ടതായും അറിയുന്നു. എന്നാല്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അവരുടെ ഔദ്യോഗിക ഡേറ്റാബേസില്‍ നിന്ന് ഇത് സംബന്ധമായ വിവരങ്ങള്‍ നീക്കിക്കളഞ്ഞതായാണ് അറിയുന്നത്. ഇങ്ങിനെയാണെങ്കില്‍ കൂടുതല്‍ ശാസ്ത്രീയമായ പരിശോധനകള്‍ വേണ്ടി വന്നേക്കാം. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഔദ്യോഗിക ഇ മെയില്‍ അഡ്രസില്‍ നിന്ന് അയച്ച രേഖകള്‍ വ്യാജമാണെന്ന് തീര്‍ത്തു പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് പോലീസിപ്പോള്‍. എന്നാല്‍ വ്യാഴാഴ്ച്ച രാവിലെ 9.30ന് ചില സംശയങ്ങള്‍ ചോദിക്കാന്‍ എന്ന പേരില്‍ വിളിച്ചു വരുത്തിയ പോലീസ് ആദിത്യയെ അനധികൃതമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. രാത്രി വൈകിയും ആദിത്യയെ റിലീസ് ചെയ്യാനോ അറസ്റ്റു ചെയ്യാനോ പോലീസ് തയ്യാറാകുന്നില്ല എന്നത് ദുരൂഹമാണ്. ഇത് നിയമ ലംഘനമാണ്. ആദിത്യയെ ബലിയാടാക്കി യഥാര്‍ത്ഥ വസ്തുത മറച്ചു വക്കാനുള്ള പോലീസിന്റെ ഗൂഢശ്രമമായാണ് കാണേണ്ടത്.

അതേസമയം പോലീസ് ആദിത്യയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയതായും സൂചനകള്‍ പുറത്തുവരുന്നുണ്ട്.

Also Read: സ്വാതന്ത്ര്യദിനത്തില്‍ കാട്ടില്‍ കണ്ടെത്തിയ അവള്‍ക്ക് പോലീസ് സ്വതന്ത്രയെന്ന് പേരിട്ടു; ഉപേക്ഷിച്ച അമ്മ ഇപ്പോള്‍ ജയിലില്‍; സിനിമയെ വെല്ലുന്ന ഒരു ജീവിതകഥ


Next Story

Related Stories