UPDATES

വിവാദങ്ങള്‍ക്കിടെ ഇന്ന് സിറോ മലബാര്‍ സഭയുടെ നിര്‍ണായക സിനഡ്, വൈദികരുടെ പ്രതിഷേധം ചര്‍ച്ചയാകും

അതിരൂപതയുടെ ഭരണകാര്യങ്ങള്‍ ചര്‍ച്ചയാകും

സിറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് ഇന്ന് യോഗം ചേരും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ് ഞെരളത്ത്, മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പ് ജേക്കബ് മനത്തോടത്ത് എന്നിവരുള്‍പ്പെടുന്നതാണ് സ്ഥിരം സിനഡ്. മാര്‍ മനത്തോടത്ത് വത്തിക്കാനില്‍ ആയതിനാല്‍ പങ്കെടുക്കില്ല.

ആലഞ്ചേരിക്കെതിരെ 200 ഓളം വൈദികര്‍ ഉയര്‍ത്തിയിരിക്കുന്ന പ്രതിഷേധം സിനഡ് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ആലഞ്ചേരിക്കെതിരെ കടുത്ത വാക്കുകളിലാണ് വൈദികര്‍ പ്രതിഷേധിച്ചത്. ഇത്തരം ഒരു സംഭവം സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു.

റിന്യൂവല്‍ സെന്ററിലായിരുന്നു 200-ഓളം വൈദികര്‍ പ്രതിഷേധിച്ചത്. ആലഞ്ചേരിക്ക് അനുകൂലമായ വത്തിക്കാന്‍ തീരുമാനത്തിലും ഇവര്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു.

അതിരൂപതയുടെ ഭരണം സംബന്ധിച്ച കാര്യങ്ങള്‍ സിനഡുമായി ആലോചിച്ച് തീരുമാനിക്കണമെന്നാണ് വത്തിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഇന്ന നടക്കും. ഉച്ചതിരിഞ്ഞാണ് എറണാകുളം കാക്കനാട്ട് മൗണ്ട് സെന്റ് തോമസിലാണ് യോഗം.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് അതിരൂപതയിലെ അധികാരങ്ങള്‍ തിരികെ നല്‍കിയ നടപടി ഒരുതരത്തിലും അംഗീരിക്കാന്‍ കഴിയില്ലെന്നാണ് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ കൂടിയ വൈദിക യോഗത്തിന്റെ നിലപാട്. സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് അതിരൂപതയ്ക്ക് വേണമെന്ന ആവശ്യമാണ് വൈദികര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഭൂമി കുംഭകോണത്തില്‍ നിരപരാധിയാണെന്നു തെളിയിക്കാത്തിടത്തോളം കര്‍ദിനാളിനെ അംഗീകരിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും വൈദികര്‍ പറയുന്നു.

എറണാകുളം അതിരൂപതയില്‍പ്പെട്ട ഒരാളെ തന്നെ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് ആക്കണമെന്നാണ് വൈദികരുടെ ആവശ്യം. അങ്ങനെയൊരാള്‍ക്കേ അതിരൂപതയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂവെന്നാണ് വൈദികരുടെ വാദം. അത്തരത്തിലൊരു ആര്‍ച്ച് ബിഷപ്പിനെയല്ലാതെ കര്‍ദിനാളിനെ അംഗീകരിക്കാനോ അനുസരിക്കാനോ നിലവിലെ സാഹചര്യത്തില്‍ കഴിയില്ലെന്ന സൂചന വ്യക്തമായി തന്നെ വൈദികര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഭൂമിവില്‍പ്പനയില്‍ താന്‍ നിരപരാധിയാണെന്നു സഭയേയും വിശ്വാസികളെയും ബോധ്യപ്പെടുത്താന്‍ കര്‍ദിനാളിന് ഇതുവരെ ആയിട്ടില്ലെന്നാണ് വൈദികര്‍ ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയുള്ളൊരു അതിരൂപത അധ്യക്ഷന്റെ കല്‍പ്പനകളും സര്‍ക്കുലറുകളും ഇടയലേഖനങ്ങളും മറ്റു നിര്‍ദേശങ്ങളും പള്ളികളില്‍ വായിക്കാന്‍ മനസാക്ഷി അനുവദിക്കില്ലെന്നാണ് വൈദികര്‍ പറയുന്നത്. ഈയൊരു സാഹചര്യത്തില്‍ അതിരൂപതയിലേക്കുള്ള സാമ്പത്തിക വിഹിതം ഇടവക പൊതുയോഗങ്ങള്‍ നല്‍കാതെ വന്നാല്‍ അതിനെയാര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന മുന്നറിയിപ്പുകൂടി വൈദികര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. തങ്ങള്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നതിന്റെ പേരില്‍ ഏതെങ്കിലും കള്ളക്കേസില്‍ അതിരൂപത മെത്രാന്മാരെയോ വൈദികരെയോ വിശ്വാസികളെയോ കുടുക്കാന്‍ നോക്കിയാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന വെല്ലുവിളിയും വൈദികര്‍ ഉയര്‍ത്തുന്നുണ്ട്.

സഹായമെത്രാന്മാരായിരുന്ന ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും ബിഷപ്പ് ജോസ് പുത്തന്‍വീട്ടിലിനെയും പ്രതികാരബുദ്ധിയോടെ കര്‍ദിനാള്‍ അതിരൂപതയില്‍ നിന്നും പുറത്താക്കിയ നടപടി വൈദികരെയും വിശ്വാസികളെയും ഒരുപോലെ വേദനിപ്പിച്ചുവെന്നും എന്ത് തെറ്റ് ചെയ്തിട്ടാണ് സഹായമെത്രാന്മാരെ രാത്രിക്കു രാത്രി പുറത്താക്കിയതെന്നു വിശദീകരണം നല്‍കണമെന്നും വൈദികര്‍ ആവശ്യപ്പെടുന്നുണ്ട്. മെതത്രാന്മാരുടെ ഭാഗത്തു നിന്നും തെറ്റുകളോ വീഴ്ച്ചകളോ ഉണ്ടായാല്‍ അവരോട് വിശദീകരണം ചോദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ തങ്ങളോട് ഒരു വിശദീകരണവും ആരും ചോദിച്ചിട്ടില്ലെന്നാണ് ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറയുന്നത്. എന്തു തെറ്റ് ചെയ്തിട്ടാണെന്നുള്ള കാരണം പോലും പറയാതെയും യാതൊരു വിശദീകരണവും ചോദിക്കാതെയും സഹായമെത്രാന്മാരെ ശിക്ഷിച്ചുകൊണ്ട് അവരെ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ നിന്നും പുറത്താക്കിയ നടപടിയുടെ അധാര്‍മികതയെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നാണ് വൈദിക യോഗത്തിന്റെ വക്താവ് കൂടിയായ ഫാ. ജോസ് വയലിക്കോടത്ത് പറയുന്നു.

വൈദികയോഗത്തിന്റെ ആവശ്യങ്ങള്‍ പ്രമേയമായി പാസാക്കിയിട്ടുണ്ട്. ഇത് സഭ സ്ഥിരം സിനഡിന് സമര്‍പ്പിക്കുമെന്നാണ് വൈദികര്‍ അറിയിച്ചിരുന്നത്. ഇക്കാര്യങ്ങള്‍ ഇന്ന് സിനഡ് പരിഗണിച്ചേക്കും എന്നാണു സൂചനകള്‍.

Also Read: ഞങ്ങള്‍ വിമതരല്ല, ഔദ്യോഗികം; കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ പടയൊരുക്കവുമായി 289 വൈദികരുടെ യോഗം, നൂറിലധികം വൈദികരുടെ പിന്തുണ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍