TopTop
Begin typing your search above and press return to search.

സിസ്റ്റര്‍ ലൂസിക്കുവേണ്ടി ശബ്ദിക്കുന്നവര്‍ തീവ്രവാദികളെന്ന് സഭ, ഫാ. വട്ടോളിയെ പുറത്താക്കുമെന്നും ഭീഷണി

സിസ്റ്റര്‍ ലൂസിക്കുവേണ്ടി ശബ്ദിക്കുന്നവര്‍ തീവ്രവാദികളെന്ന് സഭ, ഫാ. വട്ടോളിയെ പുറത്താക്കുമെന്നും ഭീഷണി

സി. ലൂസി കളപ്പുരയെ പുറത്താക്കിയ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ നടപടിക്കെതിരേ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദ ബന്ധമുള്ളവരാണെന്ന ആരോപണവുമായി സീറോ മലബാര്‍ സഭ സിനഡ്. സി. ലൂസിയെ പുറത്താക്കിയ നടപടിയെ ന്യായീകരിച്ചുകൊണ്ടാണ് കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നവര്‍ക്കെതിരേ ഗുരുതരാരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ബലാത്സംഗ കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയ കന്യാസ്ത്രീകളെ പിന്തുണയ്ക്കാന്‍ രൂപീകരിച്ച സേവ് അവര്‍ സിസ്റ്റേഴ്‌സ്(എസ്ഒഎസ്) സംഘടനയ്‌ക്കെതിരേയും സീറോ മലബാര്‍ സഭ രംഗത്തു വന്നിട്ടുണ്ട്. ഫാ. അഗസ്റ്റിന്‍ വട്ടോളിയ്‌ക്കെതിരേയും സഭയുടെ മുന്നറിയിപ്പുണ്ട്.

സി. ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ സന്ന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച്, സി. ലൂസിക്ക് പിന്തുണയുമായി മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന യോഗത്തിനെതിരേയാണ് സീറോ മലബാര്‍ സഭ സിനഡ് രംഗത്തു വന്നിരിക്കുന്നത്. ഈ പരിപാടിക്കെതിരേ പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് സിനഡ് ആവശ്യപ്പെട്ടിരിക്കുന്നത്. സന്യസ്തരുടെ സംരക്ഷകരെന്ന വ്യാജേന സഭാവിരുദ്ധ ഗ്രൂപ്പുകളും തീവ്രവാദബന്ധമുള്ള സംഘടനകളും സാമൂഹ്യവിരുദ്ധരും ഒന്നു ചേര്‍ന്ന് പുതിയ സമരമുഖം തുറക്കുന്നതിനെ നിയമപാലകര്‍ ഗൗരവമായി കാണണം. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ ക്രൈസ്തവര്‍ക്കെതിരെ സമരങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നതില്‍ ആശങ്കയുണ്ട്. ചില വിമതസ്വരങ്ങളെ മറയാക്കി നിയമാനുസൃതം ജീവിക്കുന്ന സന്യസ്തരുടെ ജീവനും ഭവനത്തിനും ഭീഷണി ഉയരുന്നത് ഏറെ അപകടകരമാണ്. ഈവിഷയത്തില്‍ സര്‍ക്കാരിന്റെ സത്വരശ്രദ്ധ പതിയണം; സിനഡ് തീരുമാനങ്ങളായി പുറത്തുവന്ന വാര്‍ത്താകുറിപ്പില്‍ പറയുന്ന കാര്യങ്ങളാണിത്.

സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയ എഫ്‌സിസി തീരുമാനം നിയമാനുസൃതമാണെന്നാണ് സിനഡ് പറയുന്നത്. ഒരു സന്യാസിനീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെട്ട് സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുന്ന രീതി അപലപനീയമാണെന്നാണ് സി. ലൂസിക്കുവേണ്ടി ഉയരുന്ന ശബ്ദങ്ങളെ എതിര്‍ത്തുകൊണ്ട് സിനഡ് വാദിക്കുന്നത്. കാനോനികമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തോടെ സി. ലൂസിക്കെതിരേ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹത്തിന്റെ ജനറാള്‍ എടുത്ത നടപടി തികച്ചും നിയമാനുസൃതമാണെന്ന് പറയുന്നതിലൂടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിഷയത്തില്‍ ഉള്‍പ്പെടെ സഭ നേതൃത്വത്തിന്റെ പല നടപടികളെയും ചോദ്യം ചെയ്ത സി.ലൂസിയെ പൂര്‍ണമായും പിന്തള്ളിക്കളയുകയാണ് സീറോ മലബാര്‍ സഭ സിനഡ് ചെയ്തിരിക്കുന്നത്.

കന്യാസ്ത്രീ പീഡനക്കേസില്‍ സഭ നേതൃത്വത്തിനെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച സേവ് അവര്‍ സിസ്റ്റേഴ്‌സ് മൂവുമെന്റ് സി. ലൂസിക്കു വേണ്ടിയും രംഗത്തു വരുന്നതിനെ തടയാനെന്നോണമാണ് അച്ചടക്കനടപടി ഉള്‍പ്പെടെയുള്ള മുന്നറിയിപ്പുമായി സിനഡ് ഇടപെട്ടിരിക്കുന്നത്. ഫാ. അഗസ്റ്റിന്‍ വട്ടോളിയുടെ നേതൃത്വത്തിലായിരുന്നു കന്യാസ്ത്രീ സമരത്തിന് പിന്തുണയുമായി സേവ് അവര്‍ സിസ്റ്റേഴ്‌സ് രൂപം കൊള്ളുന്നത്. എസ്ഒഎസ്സിന്റെ പിന്തുണയില്‍ ആയിരുന്നു എറണാകുളം വഞ്ചി സ്‌ക്വയറില്‍ 14 ദിവസം മിഷണറീസ് ഓഫ് ജീസസ് സന്ന്യാസി സൂമൂഹത്തിന്റെ കുറവിലങ്ങാട് മഠത്തിലുള്ള അഞ്ചു കന്യാസ്ത്രീകള്‍ സമരം നടത്തിയതും. ഈ സമരത്തിന്റെ ഫലമായിട്ടായിരുന്നു ബിഷപ്പ് ഫ്രാങ്കോയെ പൊലീസ് കന്യാസ്ത്രീ പീഡനക്കേസില്‍ അറസ്റ്റ് ചെയ്യുന്നത്. ഈ കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം കോട്ടയം സെഷന്‍സ് കോടതിയില്‍ ആരംഭിക്കുകയും ചെയ്തു.

ഇപ്പോള്‍ സി. ലൂസിക്കുവേണ്ടിയും സേവ് അവര്‍ സിസ്‌റ്റേഴ്‌സ് രംഗത്തിറങ്ങാന്‍ പോകുന്നുവെന്ന ആശങ്കയിലാണ് സീറോ മലബാര്‍ സഭ നേതൃത്വമുള്ളത്. സേവ് അവര്‍ സിസ്റ്റേഴ്‌സ് എന്ന പേരിലുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സന്യാസ സമൂഹങ്ങള്‍ക്ക് അപമാനകരമാണെന്നാണ് സിനഡ് പറയുന്നത്. തീവ്രവാദ സംഘടനകളില്‍ ഉള്ളവരും സഭ വിരുദ്ധരും യുക്തിവാദികളുമായവരെയാണ് എസ്ഒഎസ് കൂട്ടുപിടിച്ചിരിക്കുന്നതെന്ന് കന്യാസ്ത്രീ സമരകാലത്തും സഭ നേതൃത്വം ആരോപിച്ചിരുന്നു. അതേ ആരോപണം തന്നെയാണ് ഇപ്പോഴും ഉയര്‍ത്തിയിരിക്കുന്നത്. മാനന്തവാടി രൂപതയിലെ ക്ലാരിസ്റ്റ് പ്രൊവിന്‍ഷ്യല്‍ ഹൗസിനു മുന്നില്‍ സേവ് അവര്‍ സിസ്റ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ വിവിധ തീവ്രവാദസംഘടനകളാണ് പ്രതിഷേധ സമരം നടത്തുന്നതെന്നാണ് സിനഡിന്റെ വിമര്‍ശനം.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവടത്തിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന വിവരം പുറത്തു കൊണ്ടുവന്ന ഫാ. അഗസ്റ്റിന്‍ വട്ടോളിയെ വീണ്ടും ലക്ഷ്യം വയ്ക്കാനും ഈ അവസരം സീറോ മലബാര്‍ സഭ നേതൃത്വം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇപ്പോഴത്തെ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതും ഫാ. വട്ടോളിയാണെന്നാണ് സഭ നേതൃത്വത്തിന്റെ ആരോപണം. അതുകൊണ്ട് തന്നെയാണ് വൈദികന്റെ പേരെടുത്ത് പറഞ്ഞ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതും. ഫാ. അഗസ്റ്റിന്‍ വട്ടോളിയുടെ രക്ഷാകര്‍തൃത്തത്തില്‍ നടക്കുന്ന ഈ സംഘടനയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണമെന്ന് മുന്‍ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭ നിയമാനുസൃതം സ്വീകരിച്ച നടപടിക്കെതിരേ സമരത്തിനിറങ്ങുന്നവര്‍ സഭയുടെ അച്ചടക്ക നടപടി നേരിടേണ്ടിവരും. ഇക്കാര്യത്തില്‍ ഫാ. വട്ടോളിയുടെ നേതൃത്വവും പങ്കാളിത്തവും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് അദ്ദേഹത്തെയും സിനഡ് ഓര്‍മ്മപ്പെടുത്തുന്നു എന്നാണ് സിനഡ് തീരുമാനമായി പുറത്തുവന്ന വാര്‍ത്താക്കുറിപ്പില്‍ ഉള്ളത്.

അതിരൂപത ഭൂമിക്കച്ചവടത്തില്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ തെളിവുകള്‍ നിരത്തി ശബ്ദം ഉയര്‍ത്തിയ ഫാ.വട്ടോളിയെ സഭയില്‍ നിന്നും പുറത്താക്കാന്‍ കിട്ടിയ അവസരമായി കന്യാസ്ത്രീ സമരവും എസ്ഒഎസ് മൂവ്‌മെന്റും ഒരുവിഭാഗം പ്രയോജനപ്പെടുത്തിയിരുന്നു. സിറോ മലബാര്‍ സഭയെ പ്രതികൂട്ടിലാക്കുന്ന തരത്തില്‍ സമൂഹത്തില്‍ ഇറങ്ങി നടത്തുന്ന പ്രതിഷേധ പരിപാടികളുടടെ പേരില്‍ ഫാ. വട്ടോളിയെ പൗരോഹിത്യജീവിതത്തില്‍ നിന്നും പുറത്താക്കുമെന്ന് കാണിച്ച് നോട്ടീസ് നല്‍കുകയും ഉണ്ടായിട്ടുണ്ട്. മേലില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയാണെങ്കില്‍ സഭ ചട്ടപ്രകാരമുള്ള നടപടിക്ക് ഫാ. വട്ടോളി വിധേയനാകേണ്ടി വരുമെന്ന മുന്നറിയിപ്പായിരുന്നു അതിരൂപത ആസ്ഥാനത്ത് നിന്നും നല്‍കിയത്. അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ അദ്ദേഹം പ്രതിയായ പീഡനക്കേസ് അട്ടിമറിക്കുമെന്നും കന്യാസ്ത്രീകളുടെ ജീവന് അപകടമുണ്ടാക്കുമെന്നും പരാതി ഉയര്‍ത്തി 2018 നവംബര്‍ 14 ന് തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നില്‍ എസ് ഒ എസ്സിന്റെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു. ഈ ധര്‍ണയില്‍ എസ്ഒഎസ് മൂവ്മെന്റ് കണ്‍വീനര്‍ എന്ന നിലയില്‍ പുരോഹിതനായ അഗസ്റ്റിന്‍ വട്ടോളി പങ്കെടുത്തത് പൊതുസമൂഹത്തില്‍ സഭയുടെ സല്‍പേരിന് ദോഷമുണ്ടാക്കിയെന്നും വിശ്വാസ്യതയെ തകര്‍ക്കുന്നതിന് കാരണമായെന്നുമായിരുന്നു സഭ നേതൃത്വത്തിന്റെ കണ്ടെത്തല്‍. മേലില്‍ ഇത്തരം ധര്‍ണകളിലോ മറ്റോ പങ്കെടുക്കുന്നതില്‍ നിന്നും ഫാ. വട്ടോളിയെ ശക്തമായി വിലക്കുകയാണെന്നും സമാനമായ പ്രവര്‍ത്തികളില്‍ വീണ്ടും പങ്കാളിയാവുകയാണെങ്കില്‍, അച്ചടക്കലംഘനത്തിന് സഭ ചട്ടങ്ങള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്നും കാണിച്ച് എറണാകുളംഅങ്കമാലി അതിരൂപതയുടെ മുന്‍ അപ്പോസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് മുന്നറിയിപ്പ് നല്‍കുകയുമായിരുന്നു. എന്നാല്‍ ഈ നോട്ടീസിന് നല്‍കിയ വിശദീകരണത്തില്‍ തന്റെ നിലപാടുകളില്‍ ഉറച്ചു തന്നെ നില്‍ക്കുകയായിരുന്നു ഫാ. വട്ടോളി ചെയ്തത്. അതേസമയം തന്നെ സഭ നേതൃത്വത്തിന്റെ ആവശ്യം അംഗീകരിച്ച് എസ്ഒഎസ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറി നില്‍ക്കാനും ഫാ. വട്ടോളി തയ്യാറായിരുന്നു.

എന്നാല്‍ സഭ നേതൃത്വം ഇപ്പൊഴും നടത്തുന്ന ആരോപണം ഫാ. അഗസ്റ്റിന്‍ വട്ടോളി തന്നെയാണ് എസ്ഒഎസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ്. സി. ലൂസി വിഷയത്തിലും ഫാ. വട്ടോളി സഭ നേതൃത്വത്തെ വെല്ലുവിളിക്കുകയാണെന്ന കുറ്റപ്പെടുത്തലാണ് ഉള്ളത്. എന്നാല്‍ ഇത്തരം ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും തള്ളിക്കളഞ്ഞുകൊണ്ട് സീറോ മലബാര്‍ സിനഡിനെതിരേ ശക്തമായ ഭാഷയില്‍ പ്രതികരണവുമായാണ് സേവ് അവര്‍ സിസ്റ്റേഴ്‌സ് രംഗത്തു വന്നിട്ടുള്ളത്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ് സിനഡ് എന്നാണ് എസ്ഒഎസ്സിന്റെ വിമര്‍ശമം.

സേവ് അവര്‍ സിസ്റ്റേര്‍സ് എന്ന സംഘടനയെക്കുറിച്ച് സീറോ മലബാര്‍ സഭയുടെ സിനഡ് പുറത്തിറക്കിയ പ്രസ്താവന തികച്ചും അപലപനീയവും വസ്തുതാ വിരുദ്ധവുമാണെന്നാണ് എസ്ഒഎസ് കണ്‍വീനര്‍ ഫെലിക്‌സ് ജെ പുല്ലാടന്‍ പറയുന്നത്. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങളില്‍ മനം നൊന്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്ന് രൂപപ്പെട്ട മുന്നേറ്റമാണ് സേവ് അവര്‍ സിസ്റ്റേര്‍സ്. തുടക്കത്തില്‍ ഫാ. അറസ്റ്റില്‍ വട്ടോളി അതിന്റെ കണ്‍വീനര്‍ ആയിരുന്നു എന്നതൊഴിച്ചാല്‍ ഇപ്പോഴത്തെ ഭരണ സമിതിയുമായി ഫാ. അഗസ്റ്റിന്‍ വട്ടോളിക്ക് യാതൊരു ബന്ധവുമില്ല. ഫാ. വട്ടോളി ഈ സംഘടനയുടെ രക്ഷാധികാരിയല്ല. ഈ സ്വതന്ത്ര സംഘടനയെക്കുറിച്ച് വസ്തുതാ വിരുദ്ധമായ പ്രസ്താവനകളുമായി മുന്നോട്ട് പോയാല്‍ സംഘടന അവര്‍ക്കെതിരെ നിയമ നടപടികളടക്കമുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും; എസ്ഒഎസ് കണ്‍വീനര്‍ പറയുന്നു.

സേവ് അവര്‍ സിസ്റ്റേഴ്‌സിലെ അംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ തീവ്രവാദ സംഘടനകള്‍, സഭാ വിരുദ്ധ പ്രവര്‍ത്തകര്‍, സാമൂഹ്യ വിരുദ്ധര്‍ എന്ന പ്രയോഗം നടത്തിയ സിനഡ് പ്രവര്‍ത്തി അപഹാസ്യമാണെന്നാണ് സംഘടന പ്രതിനിധികള്‍ പറയുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംഘടനകളുടെ കാര്യത്തില്‍ ഒരു സഭയുടെ സിനഡിന് അഭിപ്രായം പറയാന്‍ അവകാശമില്ല. ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കുന്നതിന് വേണ്ടി കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെയും സാമൂഹ്യ പ്രവര്‍ത്തകരെയും അപലപിക്കുന്ന രീതി സീറോ മലബാര്‍ സിനഡിന് ചേര്‍ന്നതല്ലെന്നും എസ്ഒഎസ്സുകാര്‍ കുറപ്പെടുത്തുന്നു.

സ്ത്രീപക്ഷ പ്രവര്‍ത്തനങ്ങളുമായി സേവ് അവര്‍ സിസ്റ്റേഴ്‌സ് മുന്നോട്ടു പോകുമെന്നാണ് പ്രതിനിധികള്‍ ഉറപ്പിച്ച് പറയുന്നത്. സ്ത്രീ സുരക്ഷ കേരളത്തിലെ പൊതു സമൂഹത്തിന്റെ പ്രശ്‌നമാണ്. അതില്‍ ജാതി മത വ്യത്യാസങ്ങളില്ല. ഇതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സഭ നടപടി എടുക്കും എന്നു പറഞ്ഞത് സീറോ മലബാര്‍ സഭയുടെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ വെളിച്ചത്ത് കൊണ്ടു വരുന്നതാണെന്നും എസ്ഒഎസ് പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തുന്നു.


Next Story

Related Stories