Top

എന്നിട്ടവര്‍ ഇരുന്ന് തുടങ്ങിയോ? കണ്ണുരുട്ടുന്ന മുതലാളി പിരിച്ചുവിട്ടാലെന്തു ചെയ്യും? ടെക്‌സ്റ്റൈല്‍ തൊഴിലാളികള്‍ പറയുന്നത്

എന്നിട്ടവര്‍ ഇരുന്ന് തുടങ്ങിയോ? കണ്ണുരുട്ടുന്ന മുതലാളി പിരിച്ചുവിട്ടാലെന്തു ചെയ്യും? ടെക്‌സ്റ്റൈല്‍ തൊഴിലാളികള്‍ പറയുന്നത്
"ഓ, ഈ നിയമവും മറ്റുവൊന്നും ഞങ്ങള് നോക്കാറേയില്ല കൊച്ചേ. ഇരിക്കരുതെന്ന് പറയത്തില്ല. പക്ഷെ ഇരിക്കുന്നത് കണ്ടാല്‍ മുതലാളി പുരികം പൊക്കും. അത് കാണുമ്പോള്‍ ഇരിപ്പ് ഉറയ്ക്കുകേല. നാളെ ജോലിയില്ലെങ്കി പിന്നെ എന്നാ പറയാനാണ്", ആലപ്പുഴ സീമാസ് ടെക്‌സ്റ്റൈല്‍സിലെ ഒരു തൊഴിലാളി സ്ത്രീ ഇരിപ്പിടം ഉറപ്പാക്കിക്കൊണ്ടുള്ള നിയമഭേദഗതിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

ആലപ്പുഴ സീമാസ് ടെക്‌സ്റ്റൈല്‍സിലെ തൊഴിലാളികളാണ് വസ്ത്രവ്യാപാര കേന്ദ്രങ്ങളിലെ സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശവും ഉണ്ടെന്ന് ആദ്യമായി വാദിച്ചത്. രാവിലെ 9.30ന് ജോലിക്ക് കയറി വൈകിട്ട് 7.30ന് ജോലി കഴിയുന്ന സമയം വരെ ഒരേ നില്‍പ്പ് നില്‍ക്കേണ്ടി വരുന്ന തൊഴിലാളികള്‍ പ്രതികരിച്ചത് നില്‍പ്പ് സമരത്തിലൂടെയായിരുന്നു. അറുപതോളം ജീവനക്കാര്‍ ഇരിക്കാനായി നില്‍പ്പുസമരം ചെയ്തത് സമൂഹത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കി. അന്നേവരെ അഡ്രസ് ചെയ്യപ്പെടാതിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ (ഭൂരിഭാഗം വനിതകളുടെ) പ്രശ്‌നങ്ങള്‍ ഏവരും ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഒമ്പത് ദിവസത്തെ സമരത്തിനൊടുവില്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു. അതോടെ സമരം അവസാനിച്ചു. എന്നാല്‍ സീമാസില്‍ തുടങ്ങിയ സമരം പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല ടെക്‌സ്റ്റൈല്‍ ജീവനക്കാരും ഏറ്റെടുത്തു. ശമ്പളവര്‍ധനവും ആനുകൂല്യങ്ങളും സംബന്ധിച്ച ആവശ്യങ്ങള്‍ക്കൊപ്പം ഇരിക്കാനുള്ള സ്വാതന്ത്ര്യം എന്ന ആവശ്യവും പ്രധാനമായി ആ സമരങ്ങളില്‍ ഉയര്‍ന്നു കേട്ടു. ഒടുവില്‍ കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്തു. സ്ത്രീകള്‍ക്ക് ജോലിസമയത്തിനിടെ ഇരിക്കാനുള്ള അവകാശവും അവസരവും നല്‍കുന്നതടക്കമുള്ള ഭേദഗതികളാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴി നടപ്പാക്കുന്നത്. ഈ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നപ്പോള്‍ എന്താണ് വസ്ത്രവ്യാപാര കേന്ദ്രങ്ങളിലെ സ്ത്രീകളുടെ അവസ്ഥ എന്ന് അന്വേഷിക്കുകയാണ് ഞങ്ങള്‍.

സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുന്നതിന് മുമ്പ് തന്നെ, 2015 ആഗസ്തിലെ നില്‍പ്പുസമരം അവസാനിക്കുമ്പോള്‍ സീമാസ് മാനേജ്‌മെന്റ് അംഗീകരിച്ച ആവശ്യമായിരുന്നു ജോലിക്കിടയില്‍ ഇരിക്കാനുള്ള അവകാശം. തിരക്കില്ലാത്ത സമയങ്ങളില്‍ ഇരിക്കാമെന്ന വാഗ്ദാനമാണ് മാനേജ്‌മെന്റ് നല്‍കിയത്. എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാക്കി എന്നതിനുള്ള ഉത്തരം അവിടുത്തെ ജീവനക്കാര്‍ തന്നെ നല്‍കുന്നു. ഓരോ ഫ്‌ളോറുകളിലും കയറിയിറങ്ങി ജീവനക്കാരോട് സംസാരിക്കാനൊരുങ്ങുമ്പോള്‍ ഫ്‌ളോര്‍ മാനേജര്‍മാര്‍ വളരെ കൃത്യമായി പിന്തുടര്‍ന്നു എന്നതാണ് എടുത്തുപറയേണ്ട കാര്യം. ഇടക്ക് വെഡ്ഡിങ് സെക്ഷനില്‍ എത്തിയപ്പോള്‍ ഫ്‌ളോര്‍ മാനേജര്‍ എന്‍. രാജീവ് ഇടപെട്ടുകൊണ്ട് പറഞ്ഞത് ഇങ്ങനെയാണ്:
"ദേ കണ്ടില്ലേ, അവര്‍ എല്ലാവരും ഇരിക്കുന്നത്. ഇവിടെ പ്രശ്‌നമൊന്നുമില്ല. ഉണ്ടായിരുന്നതെല്ലാം അന്നത്തെ സമരത്തോടെ തീര്‍ന്നു. ഇപ്പോള്‍ കസ്റ്റമര്‍ ഇല്ലാത്ത സമയങ്ങളില്‍ ജീവനക്കാര്‍ക്ക് ഇരിക്കാം",
ഫ്‌ളോര്‍ മാനേജര്‍മാരുടെ സാന്നിധ്യത്തില്‍ അവര്‍ പറയുന്നതെല്ലാം തലകുലുക്കി അംഗീകരിക്കുകയും, "അത്തരം പ്രശ്‌നങ്ങളൊന്നും ഇവിടെയില്ല. ഞങ്ങളുമെല്ലാം ആ സമരത്തിന് ഉണ്ടായിരുന്നവരാണ്. അതിന് ശേഷം ഇവിടെ ഇരിക്കുന്നതിന് കുഴപ്പമൊന്നുമില്ല"
എന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്ന ജീവനക്കാരെയാണ് കണ്ടത്. ഇരിപ്പിട സൗകര്യങ്ങളെല്ലാം കേന്ദ്രത്തില്‍ ഒരുക്കിയിട്ടുമുണ്ട്.

എന്നാല്‍ ഫ്‌ളോര്‍ മാനേജര്‍മാരുടെ കണ്ണുവെട്ടിച്ച് ജീവനക്കാരോട് സംസാരിച്ചപ്പോള്‍, പേരും മറ്റ് ഐഡന്റിറ്റിയും വെളിപ്പെടുത്തിയില്ലെങ്കില്‍, ഫോട്ടോ എടുക്കില്ലെങ്കില്‍ 'ചില കാര്യങ്ങള്‍' പറയാന്‍ അവര്‍ തയ്യാറായി. "താഴെ നിലയില്‍ ഉള്ളവര്‍ക്കാണ് പ്രശ്‌നം. ബാക്കിയുള്ളവര്‍ക്ക് അതത്ര പ്രശ്‌നമാവുന്നില്ല. മുതലാളി കടയില്‍ വന്നാല്‍ പിന്നെ ഇരിക്കാന്‍ പറ്റില്ല. ഇരിക്കരുതെന്ന് ആരോടും പറയാറില്ല. പക്ഷെ ഇരിക്കുന്നത് കണ്ടാല്‍ ഞങ്ങളെത്തന്നെ നോക്കുകയും പുരികം പൊക്കിക്കാണിക്കുകയും ചെയ്യും. പുതിയ നിയമം വന്നതിലൊന്നും ഞങ്ങള്‍ക്കൊന്നും തോന്നുന്നില്ല. മുതലാളി നടത്തുന്ന സ്ഥാപനത്തില്‍ അവരെ ധിക്കരിച്ച് ഒന്നും ചെയ്യാന്‍ പറ്റില്ല. എന്തെങ്കിലും പറയുകയും പ്രതികരിക്കുകയും ചെയ്ത് ഇഷ്ടക്കേടുണ്ടാക്കിയാല്‍ അതിന് പണീഷ്‌മെന്റ് ലഭിക്കും. നില്‍പ്പ് സമരം കഴിഞ്ഞ് സമരം ഒത്തുതീര്‍പ്പായപ്പോള്‍ സമരം ചെയ്ത ആരേയും ജോലിയില്‍ നിന്ന് പറഞ്ഞുവിടില്ലെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിരുന്നു. അവര്‍ ആരേയും പറഞ്ഞുവിട്ടിട്ടില്ല. പക്ഷെ പല രീതിയില്‍ മാനസികപിരിമുറക്കം ഉണ്ടാക്കി. അത് സഹിക്കാന്‍ കഴിയാതെ മൂന്ന് പേര്‍ ജോലിയില്‍ നിന്ന് പിരിഞ്ഞുപോയി. ഞങ്ങളില്‍ പലരും അന്നത്തെ സമരത്തില്‍ പങ്കെടുത്തവരാണ്. പക്ഷെ ഇനി അങ്ങനെ പ്രതികരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം സ്ത്രീകളെ സംബന്ധിച്ച്, ഞങ്ങളെ സംബന്ധിച്ച് ജോലി ആവശ്യമാണ്. വരുമാനം നിലച്ചാല്‍ പട്ടിണിയാവും. പിള്ളേരെ പഠിപ്പിക്കണം. വീട്ടുചെലവ് നോക്കണം. അതുകൊണ്ട് നിന്നിട്ടായാലും ജോലി ചെയ്യുക, വീട്ടില്‍ പോവുക. അത്രേയുള്ളൂ. പിന്നെ ഇവിടെ ആകെ സിഐടിയു മാത്രമേയുള്ളൂ. അന്ന് സമരത്തിന് പിന്തുണ നല്‍കിയ സിഐടിയു നേതാക്കന്‍മാരൊന്നും ഇപ്പോള്‍ ഞങ്ങളെ തിരിഞ്ഞ് നോക്കാറില്ല. അവരും മുതലാളിമാരുമായി നല്ല കയ്യാണെന്നാണ് ഞങ്ങളുടെ സംശയം. അത്തരമൊരു സാഹചര്യത്തില്‍ വീണ്ടുമൊരു പ്രതിഷേധത്തിനും ഞങ്ങള്‍ക്ക് പാങ്ങില്ല",
പറയുന്നത് ആരെങ്കിലും കേള്‍ക്കുന്നുണ്ടോ, ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഇടക്ക് പാളി നോക്കിക്കൊണ്ടാണ് ഓരോരുത്തരും സംസാരം തുടര്‍ന്നത്. ജീവനക്കാരെല്ലാം ആരെയോ, എന്തിനെയൊക്കെയോ ഭയപ്പെടുന്നത് പോലെ.

സര്‍ക്കാര്‍ നിയമഭേദഗതിയുടെ പരിധിയില്‍ വരുന്നത് മൂന്നരലക്ഷം സ്ഥാപനങ്ങളും 35 ലക്ഷം തൊഴിലാളികളുമാണ്. എന്നാല്‍ അസംഘടിത മേഖലയിലെ ചൂഷണങ്ങള്‍ക്ക് അറുതി വരുത്താന്‍ ഈ നിയഭേദഗതി കൊണ്ടാവുമോ എന്ന സംശയമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. എറണാകുളം ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സില്‍ ഇരിപ്പിടങ്ങളെല്ലാം ഉണ്ട്. തങ്ങള്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മാനേജര്‍മാര്‍ പറയുന്നു. കസ്റ്റമര്‍ ഇല്ലാത്ത സമയങ്ങളില്‍ ഇരിക്കാം എന്നതാണ് ഇവിടുത്തെ ചട്ടം. പലരും ഇരിപ്പിട സൗകര്യത്തോട് സന്തോഷത്തോടെയാണ് പ്രതികരിച്ചതും. എന്നാല്‍ ചിലര്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ: "
കസ്റ്റമര്‍ ഇല്ലാതിരുന്നാല്‍ ഇരിക്കാം എന്നാണ്. ഇത് പോലെ തിരക്കുള്ള ഒരു കടയില്‍ കസ്റ്റമര്‍ ഇല്ലാതിരിക്കുന്നത് ചുരുങ്ങിയ സമയങ്ങളില്‍ മാത്രമാണ്. തിരക്കൊന്ന് കുറഞ്ഞ് ഇരിക്കാം എന്ന് വച്ചാല്‍ പലതരം ശകാരങ്ങളാണ്. മുതലാളിമാരുടെ താത്പര്യത്തിനനുസരിച്ചല്ലാതെ ജോലി ചെയ്യാന്‍ കഴിയില്ല. ആരോടെങ്കിലും പറഞ്ഞുപോയാല്‍ നാളെ മുതല്‍ ജോലിയുണ്ടാവില്ല. നിയമം വന്നകൊണ്ടൊന്നും വലിയ മാറ്റങ്ങള്‍ ഉണ്ടാവാന്‍ പോവുന്നില്ല. എന്നാലും പ്രതീക്ഷയില്ലാതില്ല".


എറണാകുളത്തെ മറ്റൊരു തിരക്കുള്ള വസ്ത്രവിപണന കേന്ദ്രമാണ് ശീമാട്ടി. അവിടെ ജീവനക്കാര്‍ക്കായി ഇരിപ്പിടങ്ങള്‍ ഇല്ല എന്നത് കാഴ്ചയില്‍ വ്യക്തമായ കാര്യം. എന്നാല്‍ ജീവനക്കാരോ സ്ഥാപന അധികൃതരോ പ്രതികരിക്കാന്‍ തയ്യാറായതുമില്ല.

Also Read: സ്ത്രീ തൊഴിലാളികള്‍ക്ക് ഇനി ഇരുന്ന് ജോലി ചെയ്യാം: നിയമഭേദഗതി പ്രാബല്യത്തില്‍


സ്ത്രീതൊഴിലാളികള്‍ക്ക് ജോലിക്കിടയില്‍ ഇരിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്ന നിയമഭേദഗതി നിലവില്‍ വരുന്നതിനു മുന്‍പേ തന്നെ അത്തരം സൗകര്യങ്ങള്‍ തങ്ങള്‍ ചെയ്തു നല്‍കിയിട്ടുള്ളതായാണ് കോഴിക്കോട്ടെ വന്‍കിട വസ്ത്രവ്യാപാര സ്ഥാപനങ്ങളുടെ അവകാശ വാദം. ഇരിപ്പു സമരം പിടിച്ചുകുലുക്കിയ കല്യാണ്‍ സില്‍ക്‌സും സാരീസുമടക്കമുള്ള തുണിക്കച്ചവട രംഗത്തെ ഭീമന്മാര്‍, തങ്ങളോളം ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നവരാരുമില്ലെന്നാണ് തറപ്പിച്ചു പറയുന്നത്. വനിതാജീവനക്കാര്‍ ജോലി ചെയ്യുന്നയിടങ്ങളില്‍ അങ്ങിങ്ങായി വച്ചിട്ടുള്ള സ്റ്റൂളുകളും കസേരകളും ചൂണ്ടിക്കാട്ടി മാനേജര്‍മാര്‍ തങ്ങളുടെ തൊഴിലാളി ക്ഷേമ നയങ്ങള്‍ വിശദീകരിക്കുമ്പോള്‍, സ്ത്രീതൊഴിലാളികളും മറുത്തൊന്നും പറയാതെ തലയാട്ടുന്നുണ്ട്.

"ഇപ്പോ കുഴപ്പമൊന്നുമില്ല, ഇരിക്കാന്‍ കസേരയെല്ലാമുണ്ട്. ഒഴിവുള്ളപ്പോള്‍ ഇരിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ല. സ്ത്രീകള്‍ക്കായിട്ട് പ്രത്യേകം റെസ്റ്റ് റൂമൊക്കെയുണ്ട്. നിന്നു തന്നെ ജോലി ചെയ്യണമെന്ന് ആരും നിര്‍ബന്ധിക്കാറുമില്ല", അല്പമകലെ നിന്നിരുന്ന അസിസ്റ്റന്റ് മാനേജരെ ഇടക്കിടെ നോക്കിക്കൊണ്ട് കല്യാണ്‍ സാരീസിലെ വനിതാജീവനക്കാരി പറഞ്ഞതിങ്ങനെയാണ്. എന്നിട്ടിപ്പോള്‍ ആരും ഇരിക്കുന്നതു കാണുന്നില്ലല്ലോ എന്ന ചോദ്യത്തിന് കസ്റ്റമേഴ്‌സില്ലേ എന്നായിരുന്നു ഉത്തരം. മിക്ക സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ പരിഭ്രമത്തോടെ മാത്രം പ്രതികരിക്കുകയോ അല്ലെങ്കില്‍ പ്രതികരിക്കാന്‍ വിസമ്മതിക്കുകയോ ചെയ്യുകയാണ്.

എല്ലാ മുന്‍നിര വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലും തൊഴിലാളികള്‍ക്കിരിക്കാന്‍ എന്ന പേരില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആരും ഇരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. താരതമ്യേന തിരക്കു കുറഞ്ഞ ഉച്ചനേരങ്ങളിലും, അതാതു സെക്ഷനുകളില്‍ തങ്ങളെ നിയോഗിച്ചിട്ടുള്ള ഭാഗങ്ങള്‍ക്കു മുന്‍പില്‍ നില്‍ക്കുക തന്നെയാണിവര്‍. എങ്കില്‍പ്പോലും, സ്ഥിതിഗതികളില്‍ മാറ്റമുണ്ടെന്ന് ഇവര്‍ പറയുന്നുണ്ടുതാനും.

"രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പിലാക്കിയവരാണ് ഞങ്ങള്‍. ഒരിക്കലും ജീവനക്കാരെ വിശ്രമിക്കുന്നതില്‍ നിന്നോ ഇരിക്കുന്നതില്‍ നിന്നോ വിലക്കുന്നില്ല. ഈ നിയമം പ്രാബല്യത്തില്‍ വന്നതൊന്നും സത്യത്തില്‍ ഞങ്ങളെ ഉദ്ദേശിച്ചായിരിക്കില്ല. ഇവിടെ പണ്ടു തൊട്ടേ ഇങ്ങിനെയാണ്. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഏര്‍പ്പെടുത്തുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങാണ് കഴിഞ്ഞ തവണ സംസ്ഥാന സര്‍ക്കാര്‍ ഞങ്ങള്‍ക്കു തന്നത്"
, കല്യാണ്‍ സില്‍ക്‌സിന്റെ ഫ്‌ളോര്‍ മാനേജര്‍ പറയുന്നതിങ്ങനെ. ഇരിപ്പുസമരവേദികളിലെ കല്യാണ്‍ സില്‍ക്‌സിലെയും സാരീസിലെയും ജീവനക്കാരുടെ പങ്കാളിത്തം ഓര്‍മിപ്പിച്ചപ്പോഴാകട്ടെ, മാധ്യമങ്ങളിലെ വാര്‍ത്തകള്‍ മാത്രം കണ്ട് തങ്ങളെ വിലയിരുത്തരുതെന്നായിരുന്നു ഉത്തരം. മാനേജര്‍മാരുടെ നിരീക്ഷണത്തിലാണ് തങ്ങള്‍ എന്ന് ഉറപ്പുള്ള ജീവനക്കാര്‍, ഇരിപ്പിടങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി പുഞ്ചിരിക്കുക മാത്രം ചെയ്യുന്നു. തൊഴില്‍ സ്ഥിരതയും അതിജീവനവും വലിയ വിഷയങ്ങളാകുന്ന ഇവര്‍ക്ക് എതിരഭിപ്രായം രേഖപ്പെടുത്തുക എന്നതു പോലും വലിയ പ്രയത്‌നമാണ്. ജോലിസമയത്ത് ജീവനക്കാരോട് സംസാരിക്കാനനുവദിക്കില്ല എന്നറിയിച്ച വസ്ത്രവ്യാപാരകേന്ദ്രങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

മിഠായിത്തെരുവടക്കമുള്ള വാണിജ്യകേന്ദ്രങ്ങളിലെ ചെറുകിട തുണിക്കടകളിലാണ് ലേബര്‍ ഓഫീസര്‍മാര്‍ ഈ പ്രശ്‌നം കണ്ടെത്തിയതെന്നും തങ്ങളുടെ സ്ഥാപനങ്ങള്‍ തൊഴിലാളി ക്ഷേമത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയാണെന്നും മറ്റു മുന്‍നിര സ്ഥാപനങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, സമരങ്ങള്‍ക്കു ശേഷം മിഠായിത്തെരുവിലെ തുണിക്കടകളില്‍ സ്ഥിതി ഭേദപ്പെട്ടിട്ടുണ്ട്. ഇടുങ്ങിയ കടമുറികളും തിരക്കും കാരണം മിക്കപ്പോഴും ഇരിക്കാന്‍ സാധിക്കാറില്ലെന്ന് ചില സ്ത്രീജീവനക്കാര്‍ക്ക് ഇപ്പോഴും പരാതിയുണ്ട്. എന്നാല്‍പ്പോലും, തിരക്കൊഴിഞ്ഞ നേരങ്ങളില്‍ ഒരു വലിയ വിഭാഗം കടകളിലും ജീവനക്കാരികള്‍ ഇരുന്നു വിശ്രമിക്കുന്നുണ്ട്. സ്ഥലപരിമിതിയുണ്ട്. എന്നിട്ടും അതിനുള്ളില്‍ നിന്നുകൊണ്ട് ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട് തന്റെ സ്ഥാപനത്തില്‍ ഇരിക്കുന്ന ജീവനക്കാരികളെ ചൂണ്ടിക്കാണിച്ച് മിഠായിത്തെരുവിലെ ഒരു വസ്ത്രവ്യാപാരി പറയുന്നു. അതേസമയം, ഓഫീസര്‍മാര്‍ വന്നു പരിശോധിച്ചു പോയതാണെന്ന് അവകാശപ്പെടുന്ന കടകളില്‍ ചിലതില്‍ ഇപ്പോഴും ഇരിപ്പിടങ്ങളില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. ഇരിപ്പു സമരം കൊണ്ടുവന്ന മാറ്റങ്ങള്‍ കോഴിക്കോട്ടെ വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും, വന്‍കിട വ്യാപാരികള്‍ ഇപ്പോഴും കണ്ണില്‍പ്പൊടിയിട്ട് തൊഴില്‍ ചൂഷണം നടത്തുന്നതായി ആരോപണമുണ്ട്.

ഏറെക്കാലം നീണ്ടു നിന്നതാണ് തൃശൂര്‍ കല്യാണ്‍ സില്‍ക്‌സിലെ സമരം. ആവശ്യങ്ങളില്‍ പ്രധാനം ഇരിക്കാനുള്ള അവസരം ഒരുക്കുക എന്നത് തന്നെയായിരുന്നു. കേന്ദ്രത്തിലെ മാനേജറെ ബന്ധപ്പെട്ടപ്പോള്‍ എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നിലവില്‍ ഒരു വിഷയങ്ങളും ഇല്ല എന്നുമാണ് അറിയിച്ചത്. എന്നാല്‍ "ഇതേവരെ ഒരു സൗകര്യവും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല" എന്നാണ് ജീവനക്കാര്‍ പ്രതികരിച്ചത്.

സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരികയും നിയമം നടപ്പാക്കുകയും ചെയ്യുന്നു എന്ന് പറയുമ്പോള്‍ തങ്ങള്‍ക്കുള്ള അസൗകര്യങ്ങള്‍ പോലും ഭയന്ന് പറയാതിരിക്കുന്ന ജീവനക്കാരെയാണ് പലയിടങ്ങളിലും കാണാന്‍ കഴിഞ്ഞത്. ഇരിപ്പിടങ്ങള്‍ പലയിടത്തും ഒഴിഞ്ഞ് തന്നെ കിടക്കുന്നു. ചിലയിടങ്ങളില്‍ ഇരിപ്പിടങ്ങളേയില്ല. സ്വകാര്യവിവരങ്ങള്‍ പുറത്ത് പോവില്ലെന്ന് ഉറപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഒരു അദാലത്ത് വയ്ക്കുകയാണെങ്കില്‍ എല്ലാ പുറംപൂച്ചും പുറത്തുചാടുമെന്നാണ് തൊഴിലാളികള്‍ രഹസ്യമായി പറയുന്നത്.

(വിവരങ്ങള്‍: കെ. ആര്‍ ധന്യ, ശ്രീഷ്മ, അമല്‍ ജോയ്, ജിഷ ജോര്‍ജ്)

https://www.azhimukham.com/newsupdate-women-employees-can-sit-now-law-amendment/

https://www.azhimukham.com/sales-girls-strike-kalyan-sarees-thrissur-irippu-samaram/

https://www.azhimukham.com/thrissur-kalyan-sarees-sails-girls-strike-irippu-samaram-transfer-amtu-padmini/

https://www.azhimukham.com/sitting-struggle-kalyan-silks-exploitation-in-work-field-maya-devi/

Next Story

Related Stories