UPDATES

ട്രെന്‍ഡിങ്ങ്

പകപോക്കിയ ഉമ്മന്‍ ചാണ്ടി, നന്ദികേടു കാണിച്ച ചെന്നിത്തല, ഒതുക്കിയ മുരളി; കോണ്‍ഗ്രസിലെ അകക്കളികള്‍ പറഞ്ഞ് ടി എച്ച് മുസ്തഫ

ടിഎച് മുസ്തഫയുടെ ആത്മകഥയിലാണ് പല തുറന്നു പറച്ചിലുകളും ഉള്ളത്

സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഉള്‍പോരിന്റെ നേര്‍ചിത്രമാകുകയാണ് ഇന്നലെ പ്രകാശനം ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫയുടെ ആത്മകഥ. ഉമ്മന്‍ചാണ്ടിയും കെ.മുരളീധരനും തന്നോട് പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിച്ചു. താന്‍ കൈപിടിച്ചുയര്‍ത്തിയ രമേശ് ചെന്നിത്തലയും നന്ദി കാട്ടിയില്ല. കെ.കരുണാകരന്‍ ആശ്രിത വത്സലന്‍ തുടങ്ങി കോണ്‍ഗ്രസ് രാഷ്ടീയത്തിലെ ഉള്‍പോരിനെ കുറിച്ച് പുസ്തത്തില്‍ ടി.എച്ച് മുസ്തഫ കൃത്യമായി വിശദീകരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചത് തെറ്റായിരുന്നില്ലെന്ന നിലപാടും പുസ്തത്തില്‍ മുസ്തഫ പങ്കു വക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പ്രകാശനം ചെയ്ത ‘ടി.എച്ച് മുസ്തഫ കോണ്‍ഗ്രസില്‍ പിന്നിട്ട 60 വര്‍ഷം ‘എന്ന പുസ്തകത്തിലാണ് മുന്‍ നിര നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്നത്.

പുസ്തകത്തിന്റെ 54-ാം പേജില്‍ ഉമ്മന്‍ചാണ്ടിയെന്ന തന്ത്രശാലി എന്ന തലക്കെട്ടിന് താഴെ ഇപ്രകാരം പറയുന്നു.‘ 1996 ന് ശേഷം ഉമ്മന്‍ചാണ്ടി എന്നോട് പകയോടെയാണ് പ്രവര്‍ത്തിച്ചു വരുന്നത്.കെ.പി.സി.സി പ്രസിഡന്റായി വന്ന കെ.മുരളീധരന്‍ എന്നെ പാര്‍ട്ടിയുടെ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് സഹായകരമായ നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. എന്തുകൊണ്ടാണിതെന്നറിയില്ല. 23,500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്ന ഞാന്‍ മന്ത്രിയാകണമെന്ന് ആഗ്രഹിക്കുകയോ ആരോടെങ്കിലും ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. സ്പീക്കറാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയും മുരളിയും എന്നെ അതാക്കിയില്ല. എന്നെ ഒരു പ്രധാനപ്പെട്ട അസംബ്ലി കമ്മിറ്റിയുടെ മെമ്പറാക്കുകയോ ചെയര്‍മാന്‍ ആക്കുകയോ പോലും ചെയ്തില്ല. അതിന് ഉമ്മന്‍ചാണ്ടി മുരളിയെ കൂട്ടുപിടിച്ചു.

"</p

എ.കെ.ആന്റണി നിര്‍ദേശിച്ച് നിയമസഭയില്‍ നിന്ന് കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അതിന്റെ എക്‌സിക്യൂട്ടീവിലേക്ക് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയും മുരളിയും എന്നെ അനുവദിച്ചില്ല. അവിടെ നോമിനേഷന്‍ കൊടുത്ത എനിക്ക് ഉമ്മന്‍ചാണ്ടിയുടെ സഹായത്തോടെ മുരളി ഷോക്കോസ് നോട്ടീസയച്ചു. വയലാര്‍ രവി ഇടപെട്ടാണ് എന്നെ സസ്‌പെന്‍ഡ് ചെയ്യിപ്പിക്കാതിരുന്നത്’. കൂടാതെ കെ.കരുണാകരനെ രണ്ട് വട്ടം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ നേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടി ഗ്രൂപ്പിനും ഗ്രൂപ്പ് താത്പര്യങ്ങള്‍ക്കും വേണ്ടി തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയാന്‍ മിടുക്കനാണെന്നും അതേ പേജിലുണ്ട്.

"</p

പുസ്തകത്തിന്റെ 58-ാം പേജില്‍ കൈപിടിച്ചുയര്‍ത്തിയിട്ടും രമേശ് തഴഞ്ഞു എന്ന തലക്കെട്ടിന് കീഴെയാണ് രമേശിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്. മുസ്തഫ ഇങ്ങനെ പറയുന്നു‘ കെ.എസ്.യു വിന്റെ നേതൃ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ താന്‍ കൈപിടിച്ചുയര്‍ത്തിയിട്ടും ഉന്നത സ്ഥാനത്തെത്തിയപ്പോള്‍ രമേശ് തന്നെ തഴഞ്ഞു. 78 ലെ പിളര്‍പ്പിന് ശേഷം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ആലപ്പുഴയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോഴാണ് ഡി.സി.സി സെക്രട്ടറിയായിരുന്ന മാന്നാര്‍ അബ്ദുള്‍ അസീസ് രമേശിനെ കുറിച്ച് പറയുന്നത്. ട്യൂട്ടോറിയല്‍ രംഗവുമായി നടക്കുന്ന രമേശിനെ നന്നായി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നായിരുന്നു ശുപാര്‍ശ. തുടര്‍ന്ന് രമേശിനെ വിളിച്ചു വരുത്തി പരിചയപ്പെടുത്തി. അതിന് ശേഷം കെ.പി.സി.സി ഓഫീസിലെത്താന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കെ.എം. ചാണ്ടിയോടും കെ.കരുണാകരനോടും ആലോചിച്ചാണ് ജി കാര്‍ത്തികേയന്‍ പ്രസിഡന്റായ കെ.എസ്.യുവില്‍ രമേശിനെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്.  ’43 വര്‍ഷം കെ.പി.സി.സി എക്‌സിക്യൂട്ടീവിലുണ്ടായിരുന്ന തന്നെ രമേശ് ചെന്നിത്തല പ്രസിഡന്റായപ്പോള്‍ ഒഴിവാക്കിയെന്നും മുരളീധരന്റെയും ചെന്നിത്തലയുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി അനുമതി നല്‍കുകയായിരുന്നുവെന്നും മുസ്തഫ കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്ന തന്ന കെ.പി.സി.സി വൈസ് പ്രസിഡന്റാക്കാമെന്ന വാഗ്ദാനവും അട്ടിമറിക്കപ്പെട്ടു. ഭരണകാര്യത്തില്‍ അവിഹിത ഇടപെടലുകള്‍ നടത്തുകയും ഭരണസിരാ കേന്ദ്രങ്ങളില്‍ സദാ ചുറ്റികറങ്ങുകയും ചെയ്ത രമേശ് ചെന്നിത്തല, ജി.കാര്‍ത്തികേയന്‍, എം.ഐ.ഷാനവാസ് എന്നിവരെ കരുണാകരന്‍ പുറന്തളളിയതാണ് കോണ്‍ഗ്രസിലെ തിരുത്തല്‍വാദ ഗ്രൂപ്പുണ്ടാകാന്‍ കാരണമെന്നും മുസ്തഫ പറയുന്നു.

വാഹനത്തില്‍ അതിവേഗത്തില്‍ പായുന്നത് കെ.കരുണാകരന്റെ ഹോബിയായരുന്നെന്നും വേഗത കുറഞ്ഞാല്‍ കാളവണ്ടിയുടെ ഡ്രൈവറല്ലല്ലോ എന്ന് ചോദിച്ച് ഡ്രൈവറെ കളിയാക്കുകയും ചെയ്യുമായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. മക്കള്‍ രാഷ്ടീയവും കുടുംബ വാഴ്ചയും കെ.കരുണകരാന്റെ പ്രവര്‍ത്തനങ്ങളില്‍ അമിത സ്വാധീനം ചെലുത്തിയെന്നും പുസ്തകത്തിലുണ്ട്. വിവാദമായ പാമോയില്‍ ഇടപാടിന് പിന്നിലെ മുഴുവന്‍ ഉത്തരവാദിത്തവും അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍, സിവില്‍ സപ്ലൈസ് എം.ഡി.യായിരുന്ന ജിജിതോംസണ്‍, ചീഫ് സെക്രട്ടറി പത്മകുമാര്‍ എന്നിവര്‍ക്കാണെന്നും ആ ഇടപാടില്‍ തന്റെ കൈകള്‍ ശുദ്ധമാണെന്നും മുസ്തഫ അടിവരയിടുന്നു.

"</p

‘ രാഹുല്‍ ഗാന്ധിയെ താന്‍ വിമര്‍ശിച്ചത് പാര്‍ട്ടിയെ നേര്‍ വഴിക്ക് കൊണ്ട് പോകാനാണ്. ഒരു പാര്‍ട്ടിയുടെ ദേശീയ നേതാവിന് ചേര്‍ന്ന അന്തസ് അദേഹം പലപ്പോഴും കാണിക്കുന്നില്ല. അതുകൊണ്ടാണ് ജോക്കറെ പോലെയുളള സമീപനം അദേഹം മാറ്റണമെന്ന അഭിപ്രായം താന്‍ പറഞ്ഞത്.’ പുസ്തകത്തിന്റെ 64-ാം പേജില്‍ അദേഹം പറയുന്നു. കോണ്‍ഗ്രസ് രാഷ്ടീയത്തിലെ അകക്കളികള്‍ക്കൊപ്പം തനിക്കെതിരെ നടന്ന നീക്കങ്ങളും കൃത്യമായി വിവരിക്കുന്നതാണ് 128 പേജ് വരുന്ന പുസ്തകം.

 

ഫൈസല്‍ രണ്ടാര്‍

ഫൈസല്‍ രണ്ടാര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍