Top

അവനവനെതിരെ സമരം ചെയ്ത് ജയിലിൽ പോയവൻ: ദി ക്യൂരിയസ് കേസ് ഓഫ് കെ സുരേന്ദ്രൻ

അവനവനെതിരെ സമരം ചെയ്ത് ജയിലിൽ പോയവൻ: ദി ക്യൂരിയസ് കേസ് ഓഫ് കെ സുരേന്ദ്രൻ
കേരളത്തിലെ കോൺഗ്രസ്സുകാരെ ഇടതുപക്ഷക്കാരായാണ് സഞ്ജയ് ഗാന്ധി കരുതിയിരുന്നതെന്ന് വയലാർ രവി ഒരിക്കൽ പറയുകയുണ്ടായി. കൗ ബെൽറ്റ് കോൺഗ്രസ്സുകാരെ അപേക്ഷിച്ച് 'വലതു തീവ്രവാദം' കേരളത്തിലെ കോൺഗ്രസ്സുകാർക്ക് കുറവായിരുന്നു എന്നതൊരു യാഥാർത്ഥ്യമാകാം. കേരളത്തിലെ ബിജെപിക്കാരെക്കുറിച്ചും സമാനമായൊരു 'ആരോപണം' ഇടക്കാലത്ത് ഉയർന്നു വന്നിരുന്നു. ഭാവിയിലെന്നെങ്കിലും ബിജെപി, പാശ്ചാത്യ രാജ്യങ്ങളിൽ കാണുന്നതു പോലത്തെ ഒരു സാധാരണ കൺസർവേറ്റീവ് പാർട്ടിയായി പരിണമിക്കുകയാണെങ്കിൽ താരതമ്യേന വിഷം കുറവായ കേരളത്തിലെ ബിജെപിക്കാരായിരിക്കും അതിന്റെ നേതൃത്വത്തിലെത്തുക എന്നൊരു നിരീക്ഷണം. കെ സുരേന്ദ്രൻ അന്നത്തെ പ്രധാനമന്ത്രിയാകാനിരുന്നയാളാണ്. നിർഭാഗ്യകരമെന്നു പറയട്ടെ അമിത് ഷായുടെ നേതൃത്വം അതിനനുവദിക്കുമെന്ന് തോന്നുന്നില്ല.

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കണമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട കക്ഷിയാണ് കെ സുരേന്ദ്രൻ. മാത്രവുമല്ല, ശബരിമല സ്ത്രീപ്രവേശനം വലതുതീവ്ര മനോഭാവക്കാരുടെ ബുദ്ധിജീവി സദസ്സുകളിലെ ചായ് പെ ചർച്ച മാത്രമായിരുന്ന കാലത്തിന്റെ ചില 'മൂല്യങ്ങൾ' അയാളിൽ അറിഞ്ഞോ അറിയാതെയോ കയറിക്കൂടിയിരിക്കണം. മാതൃഭൂമിയില്‍ ഒ രാജഗോപാൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലൊന്നിൽ (അങ്ങനെത്തന്നെ പറയണം. സംഘപരിവാറുകാർ നൂറ്റാണ്ട് കണക്കിനാണ് പിന്നോട്ടു പോകുക എന്നാണല്ലോ!) എഴുതിയ ലേഖനത്തിന് കിട്ടിയ പിന്തുണ തുലോം കുറവായിരുന്നു. 'രാജേട്ടനെ' ബിജെപിക്കാർ തള്ളിപ്പറയുകയും ആർഎസ്എസ്സുകാർ അംഗീകരിക്കുകയും ചെയ്യുകയുണ്ടായി അക്കാലത്ത്. ഇതെല്ലാം ശാഖയിൽ ഈ ലേഖനം അനൗദ്യോഗികമായി ചർച്ച ചെയ്യുമ്പോൾ സന്നിഹിതനായിരുന്ന വാനവരമ്പൻ ഓർമയിൽ നിന്നെടുത്തെഴുതുന്നതാണ്.

ഈ കാലം തീർച്ചയായും കെ സുരേന്ദ്രന്റെ ഓർമയിലുണ്ടായിരിക്കും. ചെറുപ്പകാലത്ത് തലയിൽക്കയറിയ 'ശുദ്ധിവാദം' കലർന്ന ആർഎസ്എസ്സിന്റെ ആശയങ്ങൾ ഊറിക്കിടക്കുന്നതു കൊണ്ടാകാം ഒരു വർഷം മുമ്പത്തെ ഫേസ്ബുക്ക് പോസ്റ്റിൽ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സുരേന്ദ്രൻ അനുകൂലിച്ചത്. പുറമേക്ക് പുരോഗമനം എന്ന് തോന്നുന്ന ആർഎസ്എസ്സിന്റെ ഈ നിലപാടിനു പിന്നിലും ബ്രാഹ്മണ പ്രത്യയശാസ്ത്രമാണെന്ന് സുരേന്ദ്രൻ മനസ്സിലാക്കിയിരിക്കാൻ സാധ്യത കുറവാണ്. സ്ത്രീകളെ ക്ഷേത്രങ്ങളിൽ സ്ഥിരമായി വിലക്കുന്നത് ബ്രാഹ്മണരീതിയല്ല. അത്തരമൊരു ആചാരം ഏതെങ്കിലും ക്ഷേത്രത്തിലുണ്ടെങ്കിൽ അതിനെ ഇല്ലാതാക്കേണ്ടത് ബ്രാഹ്മണ്യത്തിന്റെ ആവശ്യമാണ്. ഇതിൽ സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമൊന്നുമില്ലെന്ന് ശ്രദ്ധിക്കണം. മറിച്ച്, ശുദ്ധമായ ബ്രാഹ്മണ്യം സ്ഥാപിച്ചെടുക്കുക എന്ന ലക്ഷ്യം മാത്രമേയുള്ളൂ. ശുദ്ധമായ ബ്രാഹ്മണ്യത്തിനകത്ത് സ്ത്രീയെ സ്ഥാനം വേറെ വിശദീകരിക്കേണ്ടതില്ലല്ലോ.

തുടക്കത്തിൽ ബിജെപിയുടെ ബ്രാഹ്മണപക്ഷത്തു നിന്ന കെ സുരേന്ദ്രൻ പിന്നീട് ശൂദ്രപക്ഷത്തേക്ക് നീങ്ങിയതിന്റെ കാരണമെന്താകാം? അഥവാ ബിജെപിയുടെ യാഥാസ്ഥിതിക ബൗദ്ധികതയുടെ പക്ഷത്തു നിന്നും താൽക്കാലിക രാഷ്ട്രീയവാദത്തിന്റെ പക്ഷത്തേക്ക് സുരേന്ദ്രനെ കൊണ്ടു ചെന്നെത്തിച്ചത് എന്താകാം? ഗതികേട് എന്നൊരു വാക്ക് മാത്രമേ ഇതിനെ വിശദീകരിക്കാൻ പോന്നതായി മലയാളത്തിലുള്ളൂ.

"അത്യനർഘമാമീ മുഹൂർത്തത്തിൽ ഉത്തമേ നീ മരിക്കണം"

ആചാരം ലംഘിക്കപ്പെട്ടാൽ ആത്മഹത്യ ചെയ്യുമെന്ന് കെപി ശശികല പ്രഖ്യാപിക്കുമ്പോഴും, പ്രസ്തുത ആത്മഹത്യാ പ്രഖ്യാപനത്തിന് കേരള സമൂഹം എല്ലാ പിന്തുണയും നൽകുമ്പോഴും കെ സുരേന്ദ്രൻ ഒട്ടൊരു മടിയോടെ മാറി നിൽക്കുകയായിരുന്നു. എവിടെ തൊടണമെന്ന് കണക്കുകൂട്ടുകയായിരുന്നു സുരേന്ദ്രൻ എന്നു വേണം കാണാൻ. സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് പച്ചയ്ക്ക് പറയാൻ തന്റെ തന്നെ ഫേസ്ബുക്ക് ഭൂതകാലം സമ്മതിക്കുന്നുമില്ല. കെ സുരേന്ദ്രന്‍ മുതൽ ഒ രാജഗോപാൽ വരെയുള്ളവർക്ക് ഇറങ്ങാനുള്ള ഇടം അതിമനോഹരമായാണ് സംഘപരിവാർ ഒരുക്കിയതെന്നത് ശ്രദ്ധേയമാണ്. ഒറ്റ സംഘടനാ രൂപമായി ഒരു പ്രവര്‍ത്തനത്തിനും ഇറങ്ങാതിരിക്കുകയാണ് ആദ്യം ചെയ്തത്. വിഘടിച്ചു നിൽക്കുന്ന, വിവിധ അഭിപ്രായങ്ങളുള്ള ഗ്രൂപ്പുകളെന്ന വ്യാജവും ദുർബലവുമായ പ്രതിച്ഛായയിൽ വിശ്വാസമർപ്പിച്ച് സുരേന്ദ്രൻ ഇപ്രകാരം ശരണാടവി പൂകി: "ആചാരലംഘനം അനുവദിക്കില്ല. സ്വാമി ശരണം അയ്യപ്പോ!"

സ്ത്രീപ്രവേശനം അനുവദിക്കില്ല എന്നതിൽ നിന്ന്, ആർത്തവകാലത്ത് സ്ത്രീക്ക് അശുദ്ധിയുണ്ട് എന്ന തുറന്ന പ്രഖ്യാപനത്തിൽ നിന്ന്, കാര്യങ്ങളെ 'ആചാരലംഘനം' എന്ന അടഞ്ഞ വാക്കിലേക്ക് ചുരുട്ടിക്കൂട്ടി ആശയക്കുഴപ്പത്തിലൂടെ ആശയവ്യക്തത വരുത്തി. ആചാരങ്ങൾ ലംഘിക്കാനുള്ളതാണ് എന്ന 'നവോത്ഥാന പ്രഖ്യാപന'ത്തിലൂടെ ഈ അജണ്ടയിൽ പ്രമുഖരെല്ലാം വീണു. സുരേന്ദ്രൻ സുരക്ഷിതനായി.

സ്വന്തം ആശയത്തിൽ വിശ്വസിച്ച് നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി ജയിലിൽ പോകുകയും പിന്നീട് അതിനെല്ലാം വിരുദ്ധമായി പ്രവർത്തിക്കാമെന്ന് മാപ്പെഴുതിക്കൊടുത്ത് തിരിച്ചിറങ്ങുകയും ചെയ്യുന്ന പാരമ്പര്യം സുരേന്ദ്രന്റെ സംഘടനയ്ക്കുണ്ട്. എന്നാൽ, സ്വന്തം ആശയത്തിന് നേർവിപരീതമായ ആശയത്തിനു വേണ്ടി പ്രവർത്തിച്ച് ജയിലിൽ പോയ പാരമ്പര്യം, അത് സുരേന്ദ്രനു മാത്രമേ അവകാശപ്പെടാനുണ്ടാകൂ. അങ്ങേയറ്റം വിചിത്രമത്രെ സുരേന്ദ്രന്റെ മാർഗങ്ങൾ.

https://www.azhimukham.com/trending-offbeat-minister-thomas-isaac-says-k-surendran-treated-irumudikkettu-as-throwing-fire-cracker-sabarimala-womens-entry-protest/
https://www.azhimukham.com/updates-kp-sasikala-age-raw-in-social-media/

https://www.azhimukham.com/trending-interview-bindu-thankom-kalyani-who-tried-to-reach-sabarimala-after-suprem-court-verdict-sheethal-writes/

https://www.azhimukham.com/trending-k-surendran-lies-reveals-police-station-cctv-footage-released-kadakampalli-surendran/

https://www.azhimukham.com/newsupdates-318-young-women-preparing-to-visit-sabarimala-this-december/


Next Story

Related Stories