Top

മലബാറിന്റെ ഭാഗധേയം നിര്‍ണയിച്ച അറയ്ക്കല്‍ സ്വരൂപം: കേരളത്തിലെ ഏക മുസ്ലിം രാജവംശത്തിന്റെ ചരിത്രം

മലബാറിന്റെ ഭാഗധേയം നിര്‍ണയിച്ച അറയ്ക്കല്‍ സ്വരൂപം: കേരളത്തിലെ ഏക മുസ്ലിം രാജവംശത്തിന്റെ ചരിത്രം
കേരളത്തില്‍ ചെറുതും വലുതുമായ നിരവധി രാജവംശങ്ങളുണ്ടായിരുന്നു. എന്നാല്‍ പരമ്പരാഗതമായി സ്വതന്ത്ര രാജാധികാരങ്ങളുള്ള സ്വരൂപങ്ങള്‍ കുറവായിരുന്നു. നാണയം അടിക്കുവാനുള്ള കമ്മട്ടങ്ങള്‍, വെണ്‍കൊറ്റക്കുട ചൂടാനുള്ള അവകാശം, ഉടമ്പടികളില്‍ ഒപ്പുവെക്കാനും മറ്റുള്ള രാജസ്ഥാനങ്ങളുമായി സന്ധിയിലും കരാറുകളിലും സ്വതന്ത്രമായി ഏര്‍പ്പെടാനുള്ള അവകാശങ്ങള്‍ എന്നിവയായിരുന്നു സ്വരൂപങ്ങളുടെ പ്രത്യേകതകള്‍. ഉത്തരമലബാറിലെ മുസ്ലിംജനതയുടെ സമ്പൂര്‍ണ്ണ നേതൃത്വമുണ്ടായിരുന്ന അറയ്ക്കല്‍ രാജകുടുംബം ഭരണാധികാരികള്‍ എന്നതിന് പുറമെ, മുസ്ലിംകളുടെ സാമുദായിക നേതൃത്വവും വഹിച്ചിരുന്നു.

കണ്ണൂര്‍ നഗരത്തിന്റെ അധിപതിയായ അലിരാജ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നതായി ചരിത്രങ്ങളില്‍ കാണാം. ധര്‍മപട്ടണവും പിന്നീട് കണ്ണൂരും ആസ്ഥാനമാക്കിയാണ് ഈ രാജകുടുംബം ഭരണം നടത്തിവന്നിരുന്നത്. രാജകുടുംബത്തില്‍ അലങ്കരിച്ച സിംഹാസനവും രാജകീയമുദ്രയും ചിഹ്നവും കൊടിയുമെല്ലാം ഉണ്ടായിരുന്നു. പ്രധാനമായും മൂന്ന് തരത്തിലുള്ള ഭൂസ്വത്തായിരുന്നു രാജകുടുബത്തിന് ഉണ്ടായിരുന്നത്. പൗരാണികമായി കുടുംബം നേടിയെടുത്ത അറയ്ക്കല്‍ പണ്ടാരം വക സ്വത്ത്, വാണിജ്യത്തിലൂടെ ആര്‍ജിച്ചെടുത്ത വലിയ പാണ്ടികശാല, പുതിയ പാണ്ടികശാല എന്നിവയായിരുന്നു അവ.

അറയ്ക്കല്‍ സ്വരൂപത്തിന്റെ ഭരണാധിപന്‍മാര്‍ സ്വന്തം പേരിന്റെകൂടെ ആലി രാജ എന്ന സ്ഥാനപ്പേര് കൂടി ചേര്‍ത്തിരുന്നു. മരുമക്കത്തായം പുലര്‍ത്തിപ്പോന്നിരുന്ന കുടുംബമായതിനാല്‍ തറവാട്ടിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി ലിംഗഭേദമന്യേ ഭരണത്തലപ്പത്ത് അവരോധിക്കപ്പെട്ടുവന്നു. അതിനാല്‍ തന്നെ അറയ്ക്കല്‍ രാജവംശത്തില്‍ പലപ്പോഴും സ്ത്രീകള്‍ ഭരണ നേതൃത്വം വഹിച്ചു. പ്രസ്തുത സ്ഥാനം അലങ്കരിക്കുന്ന സുല്‍ത്താനയെ അറയ്ക്കല്‍ ബിവിയെന്നും വലിയ ബിവിയെന്നുമാണ് വിശേഷിപ്പിച്ചിരുന്നത്. ജകനുമ്മ ബീവി, മര്‍യുമ്മ ബീവി, ആഇശ ബീവി തുടങ്ങിയ വിവിധ കാലഘട്ടങ്ങളില്‍ കണ്ണൂര്‍ ഭരിച്ച ബീവിമാരാണ്.

വില്യം ലോഗന്റെ മലബാര്‍ മാനുവലില്‍ 29 രാജാക്കന്‍മാരുടെ പേരുകള്‍ അടങ്ങുന്ന പട്ടികയുണ്ട്. അവരില്‍ ആദ്യത്തെ 5 പേര്‍ മുഹമ്മദ് അലി, അലീമുണ്ണി, കുഞ്ഞിമൂസ, ഹുസൈന്‍ അലി, ആലിമൂസ എന്നിവരാണ്. ഇതില്‍ അഞ്ചാമത്തെ രാജാവ് ആലിമൂസ 1183-84 കാലത്ത് മാലിദ്വീപ് കീഴടക്കിയതായും ലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അറയ്ക്കല്‍ രാജകുടുംബം ചരിത്രത്തില്‍ ആലിരാജ കുടുബം എന്നാണ് പ്രസിദ്ധമായത്. ധര്‍മപട്ടണത്തുനിന്നും കണ്ണൂരിലേക്ക് മാറിത്താമസിച്ച അറയ്ക്കല്‍ സ്വരൂപക്കാര്‍ അവിടെ കൊട്ടത്തളങ്ങള്‍ പണിയുകയും പള്ളികള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഒരു സാധാരണ ഗ്രാമമായിരുന്ന കണ്ണൂരിനെ പ്രമുഖ നഗരമാക്കി മാറ്റാനാണ് അവര്‍ ശ്രമിച്ചത്. അതിന്റെ ഫലമായി കേരളത്തിലെ രാഷ്ട്രീയ വാണിജ്യ മേഖലകളില്‍ കണ്ണൂരിനും അറയ്ക്കല്‍ രാജവംശത്തിനും ഗണനീയമായ സ്ഥാനം തന്നെ ലഭിച്ചു. ഈജിപ്ത്, അറേബ്യ, ആഫ്രിക്ക തുടങ്ങിയ പുറംനാടുകളുമായുള്ള വ്യാപാര സമ്പര്‍ക്കം വഴി കണ്ണൂര്‍ അഭിവൃദ്ധി പ്രാപിച്ചു. കുരുമുളക്, വെറ്റില, കാപ്പി, ഏലം, അടക്ക, മരത്തടികള്‍, കയറുല്‍പന്നങ്ങള്‍ തുടങ്ങിയവയായിരുന്നു പ്രധാന കയറ്റുമതി ഉത്പന്നങ്ങള്‍. ഇതോടൊപ്പം മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്ലിം കച്ചവടക്കാരെയും നാവികരെയും കണ്ണൂരിലേക്ക് ആകര്‍ഷിക്കുവാനും അറയ്ക്കല്‍ സ്വരൂപത്തിന് സാധിച്ചു.

അറബിക്കടലിലെ വിവിധ ദ്വീപ് സമൂഹങ്ങള്‍ അധീനപ്പെടുത്താന്‍ കഴിഞ്ഞുവെന്നതാണ് അറയ്ക്കല്‍ രാജവംശത്തിന്റെ പ്രധാനപ്പെട്ട നേട്ടം. നാവിക മേല്‍ക്കോയ്മയുള്ളവര്‍ക്ക് മാത്രമേ ദ്വീപുകള്‍ കീഴടക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. ജാതി നിയമം അനുസരിച്ച് അക്കാലത്ത് ഹിന്ദുക്കള്‍ക്ക് സമുദ്രസഞ്ചാരം നിഷിദ്ധമായിരുന്നതിനാല്‍ കേരളത്തിലെ ഒരൊറ്റ രാജാവിനും നാവികസേന ഉണ്ടായിരുന്നില്ല. എന്നാല്‍ അറയ്ക്കല്‍ രാജവംശത്തിന് കടലിന്റെയും ഉടമകളാകാന്‍ കഴിഞ്ഞു. പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെത്തുമ്പോള്‍ നാവിക കച്ചവടത്തിലും കടല്‍ ബന്ധങ്ങളിലൂടെ അറക്കല്‍ മമ്മാലി കുടുംബം ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം. അറബിക്കടലില്‍ അവരുടെ പത്തേമാരികളും കപ്പലുകളും നിറഞ്ഞു കിടന്നു. മിനിക്കോയ് ദ്വീപിനെ ലക്ഷദ്വീപില്‍ നിന്നും വേര്‍തിരിക്കുന്ന കടലിടുക്കിനെ പോര്‍ച്ചുഗീസ് രേഖകളില്‍ മമ്മാലി ചാനല്‍ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. കടലുകളുടെ മേല്‍ അറയ്ക്കല്‍ രാജാക്കന്മാരുടെ നാവികപ്പടയാളികള്‍ക്ക് എത്രമാത്രം മേല്‍ക്കോയ്മ ഉണ്ടായിരുന്നുവെന്ന് ഈ പേരില്‍ നിന്നും വ്യക്തമാണ്. അവരുടെ കപ്പല്‍ പട ഹിജ്‌റ 7-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ലക്ഷദ്വീപുകള്‍ കൈക്കലാക്കിയിരുന്നു. പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിന് മുന്‍പ് തന്നെ അവര്‍ മാലിദ്വീപുകളില്‍ ആധിപത്യം സ്ഥാപിച്ച് കഴിഞ്ഞിരുന്നു.

1766 മുതല്‍ 1790 വരെയുള്ള കാലയളവില്‍ മൈസൂര്‍ അധിപതികളുടെ ഉറ്റ സുഹൃത്തെന്ന നിലക്ക് മലബാര്‍ പ്രദേശത്തെ ശക്തമായ രാജവംശമായി ഇതിനിടയില്‍ അറയ്ക്കല്‍ സ്വരൂപം വളര്‍ന്നു. എന്നാല്‍ മൈസൂരിലെ രാഷ്ട്രീയ ഭാഗധേയം മാറിക്കൊണ്ടിരുന്നതിനനുസരിച്ച് അറയ്ക്കല്‍ സ്വരൂപത്തിന്റെ ശക്തിക്കും മാറ്റം സംഭവിച്ചു. രണ്ടും മൂന്നും മൈസൂര്‍ യുദ്ധങ്ങളില്‍ ഇംഗ്ലീഷുകാരുടെ ശക്തമായ ആക്രമണത്തില്‍ പെട്ട കണ്ണൂര്‍ രാജസ്ഥാനത്തിന്റെ അടിത്തറയ്ക്കു തന്നെ ഇളക്കം തട്ടി. ഈ രണ്ട് പ്രാവശ്യവും കണ്ണൂര്‍ കോട്ട കീഴടക്കാന്‍ ഇംഗ്ലീഷുകാര്‍ക്കു സാധിച്ചു. മൂന്നാം മൈസൂര്‍ യുദ്ധത്തിന്റെ ആരംഭത്തില്‍ (1790) തന്നെ ആബര്‍ ക്രോമ്പിയുടെ സൈന്യം കണ്ണൂര്‍ കീഴടക്കുകയും ഭരണാധികാരിയായിരുന്ന ബീവിയുമായി ഉടമ്പടിയില്‍ ഏര്‍പ്പെടുകയും ചെയ്തു.

23 ഏക്കര്‍ വിസ്തൃതിയുള്ള കണ്ണൂരിലെ കോട്ട മൈതാനി 1793ല്‍ സൈനികാവശ്യത്തിനായി ബ്രിട്ടീഷുകാര്‍ അറയ്ക്കല്‍ ബീവിയോട് ആവശ്യപ്പെട്ടു. യുദ്ധത്തിന് ശേഷം മലബാര്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായപ്പോള്‍ അറയ്ക്കല്‍ രാജവംശം ഇംഗ്ലീഷ് മേധാവിത്വത്തിന് കീഴിലമര്‍ന്നു. 1905 ആകുമ്പോഴേക്കും 3096 ഏക്കര്‍ സ്ഥലമൊഴിച്ച് ബാക്കി കണ്ണൂരും പരിസരങ്ങളും മുഴുവന്‍ ബ്രിട്ടീഷ് അധീനത്തിലായി. കണ്ണൂരും കന്റോണ്‍മെന്റും അറയ്ക്കല്‍ സ്വരൂപത്തിന് നഷ്ടപ്പെട്ടു. 1911 ആയപ്പോഴേക്കും ചെങ്കോലും ഉടവാളും നിശേഷം ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന്, ശക്തിക്ഷയം വന്ന അറക്കയ്ല്‍ സ്വരൂപത്തിന് ലക്ഷദ്വീപ് കൂടി ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുക്കേണ്ടി വന്നു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി നിജപ്പെടുത്തിയ അടുത്തൂണ്‍ പറ്റി ഒതുങ്ങിക്കഴിയേണ്ട സ്ഥിതിയിലേക്ക് ഈ രാജവംശം ചെന്നെത്തുകയും ചെയ്തു. കണ്ണൂര്‍ പ്രദേശത്ത് മാസപ്പിറവി നിര്‍ണ്ണയിക്കുക പോലെയുള്ള ചില പ്രത്യേകാവകാശങ്ങളിലും ആചാരങ്ങളിലും ഇപ്പോള്‍ ഈ രാജവംശത്തിന്റെ പ്രഭാവം ഒതുങ്ങിനില്‍ക്കുന്നു.

Next Story

Related Stories