UPDATES

ട്രെന്‍ഡിങ്ങ്

കീശ മുതൽ പേന വരെ, അലുവ മുതൽ പത്തിരി വരെ: മലയാളഭാഷയുടെ വിദേശ സംബന്ധങ്ങൾ

അറബിയും ആഫ്രിക്കനും ഇംഗ്ലീഷുകാരും ശ്രീലങ്കക്കാരും നെതർലാൻഡ്സുകാരുമെല്ലാം മലയാളികളായി മാറിയിരിക്കുന്നുവെന്ന് കണ്ണാടിയില്‍ നോക്കാൻ ശീലിച്ചാൽ നമുക്ക് മനസ്സിലാകും. വന്നവരെല്ലാവരും തിരികെ പോയിട്ടില്ല.

‘മലയാളത്തനിമ’ എന്നും ‘മലയാള പൈതൃകം’ എന്നുമെല്ലാം നമ്മൾ സ്ഥിരമായി ഉപയോഗിക്കാറുള്ള പ്രയോഗങ്ങളാണ്. ചിലരെങ്കിലും ഈ പ്രയോഗങ്ങളെ മനസ്സിലാക്കിയിരിക്കുന്നത് കേരളത്തിന് മറ്റേത് നാട്ടിൽ നിന്നും വ്യതിരിക്തമായ, ആരോടും കടപ്പാടില്ലാത്ത, ‘ശുദ്ധമായ’ ഒരു തനിമയും പൈതൃകവും ഉണ്ടെന്നാണ്. അത്തരക്കാർക്ക് നിരാശ തോന്നാമെങ്കിലും ആ സത്യം പറയാതിരിക്കാൻ നിർവ്വാഹമില്ല.

കേരളത്തിന് ആരോടും കടപ്പാടില്ലാത്ത ഒരു സംസ്കാരമില്ല എന്നതാണ് സത്യം. ഉള്ളത്, ലോകത്തിൽ രൂപംകൊണ്ടിട്ടുള്ള ഏതാണ്ടെല്ലാ പ്രമുഖ സംസ്കൃതികളോടും ഇടപെട്ടും സംബന്ധം പുലർത്തിയും വളർന്നുവന്നതാണ് കേരളത്തിന്റെ സംസ്കാരം. അറബിയും ആഫ്രിക്കനും ഇംഗ്ലീഷുകാരും ശ്രീലങ്കക്കാരും നെതർലാൻഡ്സുകാരുമെല്ലാം മലയാളികളായി മാറിയിരിക്കുന്നുവെന്ന് കണ്ണാടിയില്‍ നോക്കാൻ ശീലിച്ചാൽ നമുക്ക് മനസ്സിലാകും. വന്നവരെല്ലാവരും തിരികെ പോയിട്ടില്ല. വിവാഹവും സംബന്ധവും ബലാൽസംഗവും മുതല്‍ എന്തെല്ലാം ചരിത്രത്തിൽ സംഭവിച്ചിരിക്കുന്നു! ഇനിയും വിശ്വസിക്കാൻ മനസ്സില്ലാത്തവർക്ക് നമ്മുടെ ഭാഷയിലേക്ക് നോക്കാം. എന്താണവിടെ കാണുന്നത്? ഭാഷയിലെ അടിസ്ഥാന വാക്കുകൾ മിക്കതും മലയാളികളല്ല, വിദേശികളാണ്!

പോർച്ചുഗീസ്, ഡച്ച്, പേര്‍ഷ്യൻ, സിറിയൻ, ഇംഗ്ലീഷ് തുടങ്ങി മലയാളത്തിലേക്ക് കലർന്നിട്ടുള്ള വാക്കുകൾ നിരവധി ഭാഷകളിൽ നിന്നുള്ളവയാണ്. ഉദാഹരണത്തിന് കീശ എന്ന വാക്ക് അതേ ഉച്ചാരണമുള്ള പേർഷ്യന്‍ വാക്കിനെ നാം കടമെടുത്തതാണ്. പറങ്കി, ഗോതമ്പ് തുടങ്ങി ഇനിയും നിരവധി വാക്കുകൾ പേർഷ്യക്കാരിൽ നിന്നും വാങ്ങി മലയാളികൾ കീശയിലിട്ട് നടക്കുന്നുണ്ട്.

നായര്‍-കത്തോലിക്ക-ലീഗ് സഖ്യം വീണ്ടുമൊന്നിച്ച ശബരിമലയിലെ ‘വിമോചന സമരം’: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെട്ടതിന്റെ ചരിത്രപരമായ കാരണങ്ങള്‍

പുരാതനമായ ഹീബ്രു ഭാഷയിൽ നിന്നും നമ്മൾ ചില്ലറ വാക്കുകളൊന്നുമല്ല സ്വന്തമാക്കിയിട്ടുള്ളത്. അലുവ എന്ന വാക്ക് ഹീബ്രുവാണ്.

ബാക്കി എന്ന വാക്ക് അറബികൾ ബാക്കി വെച്ചിട്ടു പോയതാണെന്ന് എത്ര പേരറിയുന്നു? ദുനിയാവ്, ഹർജി, ഹാജർ, ജില്ല, കലാശം, കത്ത്, മാപ്പ്, മൈതാനം, പത്തിരി, നക്കൽ (കോപ്പി എന്ന അർത്ഥത്തിൽ), വക്കീൽ, ദല്ലാൾ, തർജ്ജിമ തുടങ്ങിയ വാക്കുകളെല്ലാം വന്നത് അറബിയിൽ നിന്നാണ്.

അരാമിക് ഭാഷയിൽ നിന്നും വന്ന വാക്കാണ് മാലാഖ എന്നറിയാമോ? കൂദാശ, മാമോദീസ തുടങ്ങി ക്രിസ്ത്യാനികൾ ആത്മീയവ്യവഹാരങ്ങളിലുപയോഗിക്കുന്ന നിരവധി വാക്കുകളുടെ വരവ് സുറിയാനി ക്രിസ്ത്യാനികൾക്കൊപ്പമാണ്.

പേന എന്ന വാക്ക് മലയാളത്തിലേക്ക് വന്നത് പോർച്ചുഗീസുകാർക്കൊപ്പമാണ്. അലമാര എന്ന വാക്കിന്റെ ഉത്ഭവം അർമാരിയോ എന്ന പോർച്ചുഗീസ് വാക്കിൽ നിന്നാണ്. ആയ എന്ന വാക്കിന്റെ മാതൃത്വം പോർച്ചുഗീസ് ഭാഷയിലെ ഐയ (Aia) എന്ന വാക്കിലാണ്. Cadeira എന്ന പോർച്ചുഗീസ് വാക്ക് മലയാളത്തിലെത്തിയപ്പോൾ കസേര എന്നാണ് ഉച്ചരിക്കപ്പെട്ടത്. Sacco എന്ന വാക്ക് ചാക്ക് എന്നാക്കി നമ്മൾ ഉപയോഗിക്കുന്നു. Janela എന്ന വാക്കിന് നമ്മുടെ ഉച്ചാരണം ജനാല എന്നാകുന്നു.

കക്കൂസ് നമുക്കങ്ങനെ ഇല്ലായിരുന്നു. വെളിമ്പറമ്പായിരുന്നു ശരണം. കക്കൂസ് കേരളത്തില്‍ വ്യാപകമാക്കിയ ഡച്ചുകാർ തന്നെ അതിന് വിളിക്കാനുള്ള നാമവും നമുക്ക് നൽകി. Kakhuis എന്നാണ് നെതർലാൻഡ്സുകാർ ഉച്ചരിക്കുക.

അടുത്തകാലത്ത് ഭാഷയിലേക്ക് വന്ന വാക്കുകളിലൊന്നാണ് ‘ക്ണാപ്പൻ.’ മലബാർ ജില്ലയുടെ അസിസ്റ്റന്റ് കളക്ടറും മജിസ്ട്രേറ്റുമായിരുന്ന ആർതർ റോലാണ്ട് ക്നാപ്പ് എന്ന സായിപ്പിന്റെ മണ്ടൻ ഭരണപരിഷ്കാരങ്ങൾ കണ്ട് പിരാന്ത് വന്ന നാട്ടുകാരാണ് ഈ വാക്കിന്റെ സ്രഷ്ടാക്കൾ. ഒന്നിനും കൊള്ളാത്തവൻ എന്ന അർത്ഥത്തിൽ ക്ണാപ്പൻ എന്ന് വിളിക്കുന്നു.

ഓസ്സ് എന്നൊരു വാക്ക് മലയളത്തിലുണ്ട്. ഓസിന് കിട്ടിയാൽ എന്തും കഴിക്കും എന്നൊക്കെ പറയും. പണച്ചെലവില്ലാതെ കിട്ടുന്നത് എന്ന അർത്ഥത്തിൽ. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത് ഔദ്യോഗിക കത്തുകളും പാർസലുകളും പോസ്റ്റൽ ചെലവില്ലാതെ അയയ്ക്കാമായിരുന്നു. ഇതിന് ‘ഒസിഎസ്’ അഥവാ ‘ഓൺ കമ്പനി സർവീസ്’ എന്നാണ് പറഞ്ഞിരുന്നത്. ഈ പ്രയോഗമാണ് ഓസ്സ്, ഓസ്സി എന്നൊക്കെയായി മാറിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍