Top

'നാട്ടുകാര്‍ക്ക് അവരുടെ വിള നശിപ്പിക്കാനെത്തുന്ന മറ്റൊരു കാട്ടാനയോ കാട്ടുപന്നിയോ മാത്രമാണ് മധു'

"ഓനെ പിന്നെ അടിക്കാണ്ട് വെറുതെ വിടാന്‍ പറ്റുവോ? ഓനെ ഇനിയും വച്ചോണ്ടിരുന്നാല്‍ ങ്ങള് തരുവോ ഞങ്ങടെ പോയ മൊതലൊക്കെ? മരിക്കണന്ന് കരുതീട്ടാവില്ല അതൊന്നും ചെയ്തത്. സഹികെട്ടിട്ടാണ് നാട്ടുകാര്‍ മധുവിനെ അന്വേഷിച്ച് പോയത്", കൊന്ന് തിന്നിട്ടും വിശപ്പ് തീരാത്തവരെ കണ്ടിട്ടുണ്ടോ? അട്ടപ്പാടിയിലെ ചിലര്‍ അങ്ങനെയാണ്. മോഷ്ടാവെന്ന് ആരോപിച്ച് മധു എന്ന ആദിവാസി യുവാവിനെ അടിച്ചുകൊന്നു. കേരളം മുഴുവന്‍ മധുവിന്റെ കൊലപാതകത്തില്‍ കണ്ണീര്‍ വീഴ്ത്തുമ്പോള്‍ ആ കൊല സംഭവിക്കേണ്ടത് തന്നെയായിരുന്നു എന്ന ക്രൂരമായ 'തിരിച്ചറിവു'ള്ളവരാണ് അട്ടപ്പാടിയിലെ ചില നാട്ടുകാര്‍. അതില്‍ ഒരാളുടെ പ്രതികരണമാണ് ആദ്യം നല്‍കിയത്. മധു ക്രൂരമായി കൊല്ലപ്പെട്ടിട്ട്, നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നിട്ട് രണ്ട് ദിവസമായതേയുള്ളൂ. അതിനുള്ളില്‍, സംഭവം നടന്നതിന് പിന്നാലെ മധുവിനെ ആക്രമിച്ച ആള്‍ക്കൂട്ടത്തെ ന്യായീകരിച്ചുകൊണ്ട് പലരുമെത്തി. മരിച്ചിട്ടും മധുവിനെതിരെയുള്ള വിദ്വേഷ പ്രചരണങ്ങള്‍ തുടര്‍ന്നുവരികയാണ്.

മധു ഒരു മോഷ്ടാവ് തന്നെയാണെന്ന് തെളിയിക്കുകയാണ് ചിലരുടെ പ്രധാന ഉദ്ദേശം. അതിനായി മധു രാത്രിയില്‍ മുക്കാലി ടൗണിലെത്തി മോഷണ ശ്രമം നടത്തുന്ന വീഡിയോ എന്ന പേരില്‍ അനവധി വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിന് പുറമെ മധു ഒരു 'പൊതുശല്യം' ആണെന്ന് പ്രചരിപ്പിക്കുന്ന ഓഡിയോ ക്ലിപ്പുകളും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നുണ്ട്. ആക്രമണത്തെ തുടര്‍ന്ന് മധു മരിച്ചതില്‍ സഹതാപം പ്രകടിപ്പിക്കുമ്പോഴും അയാള്‍ ആക്രമിക്കപ്പെടേണ്ടവനും ആള്‍ക്കൂട്ട വിചാരണക്ക് വിധേയനാക്കപ്പെടേണ്ടവനും തന്നെയാണെന്ന് ഈ ന്യായീകരണ സംഘം വലിയതോതില്‍ പ്രചരണം തുടരുകയാണ്.

മുക്കാലി ടൗണിലെ കടകളില്‍ സ്ഥിരമായി മോഷണം നടത്തി വരികയും 'പിടികിട്ടാപ്പുള്ളി'യായി തുടരുകയും ചെയ്തുപോന്ന മധുവിനെ ഇരുപതോളം പേര്‍ കാട്ടില്‍ കയറി സാഹസികമായി പിടികൂടുകയായിരുന്നു എന്നാണ് ചിലരുടെ ഭാഷ്യം. നാട്ടുകാര്‍ക്ക് മുഴുവന്‍ ശല്യമായിരുന്ന മധുവിനെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുക എന്ന 'സത്കൃത്യ'മേ നാട്ടുകാര്‍ ചെയ്തിട്ടുള്ളൂ എന്നും ഇക്കൂട്ടര്‍ പറയുന്നു. മറ്റുചില്‍ മധുവിനെ മാവോയിസ്റ്റും ആക്കുന്നുണ്ട്. സ്ഥിരമായി കടകളില്‍ കയറി ഭക്ഷണം സാധനങ്ങള്‍ മോഷ്ടിച്ച് മാവോയിസ്റ്റുകള്‍ക്ക് എത്തിച്ച് നല്‍കിയിരുന്നയാളാണ് കൊല്ലപ്പെട്ട ആദിവാസി യുവാവ് എന്നരീതിയിലാണ് ചില പ്രചരണങ്ങള്‍.

ആന്തരിക രക്തസ്രാവമാണ് മധുവിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നും വാരിയെല്ല് തകര്‍ന്നതായും തലയ്ക്ക് ശക്തമായ ക്ഷതം ഏറ്റിട്ടുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തലയ്‌ക്കേറ്റ മര്‍ദ്ദനമാണ് മരണകാരണം. ഒരു വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. വാരിയെല്ലില്‍ ഉരുണ്ട ഇരുമ്പുവടി കൊണ്ടോ മറ്റോ മര്‍ദനമേറ്റിട്ടുണ്ട്. തൊലിപ്പുറത്ത് അടിയുടെ പാടുകളുണ്ട്. തലച്ചോറിലും ശ്വാസകോശത്തിലും നീര്‍ക്കെട്ടുണ്ടായിരുന്നു. കല്ലിലോ ചുവരിലോ തല ഇടിച്ചിട്ടുണ്ട്. ഒട്ടേറെ പേര്‍ ചേര്‍ന്നു നടത്തിയ മര്‍ദനത്തിന്റെ സൂചനകളാണ് ശരീരത്തിലുള്ളത്. മര്‍ദ്ദനമേല്‍ക്കാത്ത ഭാഗങ്ങള്‍ കുറവാണ്. തുട, നെഞ്ച്, പുറംഭാഗം എന്നിവിടങ്ങളിലൊക്കെ കഠിന മര്‍ദനമേറ്റതിന്റെ പാടുകളുണ്ട് എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ടിനേയും മധുവിന്റെ മരണത്തേയും ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തേയും ചേര്‍ത്തുവച്ച് നാട്ടുകാരുടെ ആക്രമണത്താലല്ല മധു മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും ചിലര്‍ നടത്തുന്നുണ്ട്. തലയ്ക്ക് ശക്തമായ ക്ഷതമേറ്റ, വാരിയെല്ല് തകര്‍ന്നയാള്‍ എങ്ങനെയാണ് മുക്കാലി ടൗണ്‍ വരെ നടന്നെത്തിയത്? പോലീസ് ജീപ്പിനുള്ളിലേക്ക് കയറുന്നത് വരെ യാതൊരു ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കാതിരുന്ന മധു പിന്നീട് മരിച്ചത് നാട്ടുകാരുടെ ആക്രമണം കൊണ്ടാണെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കാനാവും എന്ന ചോദ്യങ്ങളാണ് ഇവര്‍ നിരവധി വാട്‌സ്ആപ്പ്  ഗ്രൂപ്പുകളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നത്. മധുവിനെ ടൗണില്‍ കൊണ്ടുവന്നതിന് ശേഷമുള്ള വീഡിയോ ദൃശ്യങ്ങളും പോലീസ് ജീപ്പിലേക്ക് കയറ്റുന്നതിന്റെ ദൃശ്യങ്ങളുമുള്‍പ്പെടെ ഷെയര്‍ ചെയ്തുകൊണ്ടാണ് ഇവര്‍ ഇത്തരത്തില്‍ സംശയം പ്രകടിപ്പിക്കുന്നത്.

"കാര്യം അവന്‍ മോഷ്ടാവ് തന്നെയാണെന്ന് തന്നെ വച്ചാലും കൊല്ലെണ്ടായിരുന്നു" എന്നാണ് അട്ടപ്പാടി സ്വദേശിയായ മറ്റൊരാള്‍ പറഞ്ഞത്. വിശപ്പ് മാറ്റാനായി മോഷ്ടിക്കേണ്ട സാഹചര്യം അട്ടപ്പാടിയിലില്ല എന്നതാണ് വേറെ ചിലരുടെ വാദം. മാനസികാസ്വാസ്ഥ്യം കൊണ്ടോ മറ്റെന്തോ കാരണം കൊണ്ടോ മധു മോഷ്ടാവ് തന്നെയാണെന്ന് അവര്‍ ഊന്നിപ്പറയുന്നു. പക്ഷെ നിയമവിചാരണക്ക് അയാളെ വിട്ടുകൊടുക്കാതെ ആള്‍ക്കൂട്ട വിചാരണ ചെയ്തത് മാത്രമാണ് തെറ്റെന്നാണ് ഇവര്‍ പറയുന്നത്.

മുക്കാലി

ആദിവാസികളോടുള്ള കുടിയേറ്റ ജനതയുടെ പൊതുമനോഭാവമാണ് ഇത്തരം പ്രചരണങ്ങള്‍ വ്യക്തമാക്കുന്നതെന്ന് സമൂഹ്യപ്രവര്‍ത്തകനായ റൂബിന്‍ പറയുന്നു. "പലപ്പോഴും കുടിയേറ്റക്കാര്‍ ആദിവാസികളോട് മോശം സമീപനമാണ്. ശത്രുവിനെപ്പോലെയാണ് ആദിവാസികളെ അവര്‍ കാണുന്നത്. അവരുടെ എന്തൊക്കെയോ ഇല്ലാതാക്കാന്‍ എത്തുന്ന, മോഷ്ടിച്ചുകൊണ്ടുപോവാനെത്തുന്ന ആളുകള്‍ എന്ന രീതിയിലുള്ള പെരുമാറ്റമാണ് പലപ്പോഴും ആദിവാസികളോട്. പക്ഷെ വാസ്തവത്തില്‍, 'അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല' എന്ന വചനം തന്നെയാവും ഈ പ്രശ്‌നത്തെ കാണാന്‍ ഏറ്റവും ഉചിതം. കാരണം കുടിയേറ്റക്കാര്‍ അവരുടെ നിലനില്‍പ്പിനായി പോരാടുന്നവരാണ്. ജീവിക്കാനായി രാപ്പകലില്ലാതെ അധ്വാനിക്കുന്നവരാണ്. അവര്‍ കഷ്ടപ്പെട്ട് നുള്ളിപ്പെറുക്കിയുണ്ടാക്കുന്ന എന്തെങ്കിലും, അത് കാര്‍ഷിക വിളകളാവാം, അല്ലെങ്കില്‍ അവര്‍ നടത്തുന്ന കടകളിലെ സാധനങ്ങളാവാം, അത് എന്ത് തന്നെയായാലും ഒരു മണി അരി നഷ്ടപ്പെട്ടാല്‍ അതുപോലും അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിലെ നാട്ടുകാര്‍ എന്ന് വിളിക്കുന്ന കുടിയേറ്റക്കാര്‍ക്ക് സഹിക്കാനാവില്ല. അവരുടെ മുന്നില്‍ ഇത് ആദിവാസിയാണോ, ആദിവാസികള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം ഇങ്ങനെയൊന്നും ഇല്ല. അവരുടെ ചിന്തയില്‍ പോലും അതില്ല. ഇല്ലാത്തവരില്ല എന്നല്ല. അതില്‍ ആദിവാസികള്‍ സഹജീവികളാണെന്നും ഒന്നുചേര്‍ന്ന് പോവേണ്ടവരാണെന്നും മനസ്സിലാക്കുകയും ഇഴുകിച്ചേര്‍ന്ന് ജീവിക്കുകയും ചെയ്യുന്ന എത്രയോ പേരുണ്ട്, എത്രയോ പ്രദേശങ്ങളുണ്ട്.


എന്നാല്‍ ചില മേഖലകളില്‍ നിന്ന് ആദിവാസികള്‍ കൂട്ടത്തോടെ പുറത്താക്കപ്പെടുന്നുണ്ട്. നാട്ടുകാര്‍ അവരെ 'ശല്യ'മായി മാത്രം കണക്കാക്കുന്നതുകൊണ്ടാണത് സംഭവിക്കുന്നത്. കാട്ടുപന്നിയും കാട്ടാനയും വിളകള്‍ നശിപ്പിക്കാനെത്തിയാല്‍ എങ്ങനെയാണോ അവര്‍ അതിനെ കണക്കാക്കുന്നത് അതേ മനോഭാവത്തോടെ, അതേ ലാഘവബുദ്ധിയോടെയാണ് ആദിവാസികളേയും അവര്‍ കാണുന്നത്; ഒരര്‍ഥത്തില്‍ വന്യജീവികളായി തന്നെ. അപ്പോള്‍ അവരുടെ മുന്നില്‍ ഒരു പഴമോ അരിയോ ഒക്കെ മോഷ്ടിക്കാനെത്തുന്ന/എന്ന് പറയപ്പെടുന്ന മധു ഒരു പൊതുശല്യമായിരിക്കും. കാട്ടാന ശല്യം ഒഴിവാക്കുക എന്ന് പറയുന്നത് പോലെ മധുവിനെപ്പോലുള്ള ആദിവാസികളെ ഇല്ലാതാക്കാനേ അവരുടെ ബോധം പറയുകയുള്ളൂ. ആ ബോധത്തില്‍ നിന്നുണ്ടായ നടപടിയാണ് അക്രമവും മധുവിന്റെ മരണവും. വീണ്ടും അയാളെ കള്ളനായി ചിത്രീകരിക്കുകയും ഒരു 'പൊതുശല്യ'ത്തെ ഒഴിവാക്കി എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വരുന്നതും ആ ബോധത്തില്‍ നിന്ന് തന്നെയാണ്. പക്ഷെ അതിന് കുടിയേറ്റക്കാരായ നാട്ടുകാരെ കുറ്റപ്പെടുത്താനാവുകയുമില്ല എന്നതാണ് വാസ്തവം"
.

http://www.azhimukham.com/kerala-relatives-talks-on-madhu-who-lynched-by-mob-in-attappady/

http://www.azhimukham.com/opinion-m-geethanandan-on-tribal-man-madhus-murder/

http://www.azhimukham.com/kerala-adaptation-mob-lynching-government-and-public-dont-know-tribes-actual-needs-cs-chandrika/

http://www.azhimukham.com/kerala-how-behaving-public-society-to-tribal-people-in-kerala/

Next Story

Related Stories