Top

പക അടങ്ങുന്നില്ല; ഒഞ്ചിയത്തും ഓര്‍ക്കാട്ടേരിയിലും നടക്കുന്നത്

പക അടങ്ങുന്നില്ല; ഒഞ്ചിയത്തും ഓര്‍ക്കാട്ടേരിയിലും നടക്കുന്നത്
രണ്ടു ദിവസമായി സംഘര്‍ഷ മേഖലയാണ്‌ ഒഞ്ചിയം, ഏറാമല പഞ്ചയാത്തുകള്‍. സിപിഎം-ആര്‍എംപി പ്രവര്‍ത്തകര്‍ തമ്മില്‍ ഇവിടെ ഇടക്കിടെ സംഘര്‍ഷം ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണത്തെ സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ കരുതിക്കൂട്ടിയുള്ള നടപടികള്‍ ഉണ്ടെന്ന അഭിപ്രായവും നിലനില്‍ക്കുന്നുണ്ട്. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ആര്‍എംപി പ്രവര്‍ത്തകര്‍ ഏറാമല പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. തുടര്‍ന്നാണ്‌ ഈ മേഖലയിലെ വിവിധ ആളുകളുമായി സംസാരിക്കുന്നത്.

"മെനിഞ്ഞാന്ന് സന്ധ്യക്ക് ഓര്‍ക്കാട്ടീരി അങ്ങാടിയില്‍ വെച്ച് ആര്‍എംപി പ്രവര്‍ത്തകനായ ബിനുലാലിന്റെ ഓട്ടോറിക്ഷ സിപിഎം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പിന്നീട് ആളുകള്‍ ഇടപെട്ട് പ്രശ്‌നം ഒഴിവാക്കി. പിന്നീട് സിപിഎംകാര്‍, ആര്‍എംപി ലോക്കല്‍ സെക്രട്ടറിയായ ജയനേയും ഏരിയാ കമ്മിറ്റിയംഗം എ.കെ ഗോപാലനേയും ടൗണില്‍ വെച്ച് അടിച്ചു. പിന്നീട് പാര്‍ട്ടി ഓഫീസ് ആക്രമിക്കുകയായിരുന്നു. ഓര്‍ക്കാട്ടീരി കാലിച്ചന്തയില്‍ വെച്ച് ആര്‍എംപി യുത്ത് വിങ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ കഴിഞ്ഞ ആഴ്ച്ച ആക്രമിച്ചിരുന്നു. പിന്നീട് ഒരാഴ്ച്ച പ്രദേശം ശാന്തമായിരുന്നു. അതിനിടയിലാണ് ഇപ്പോള്‍ ടൗണിലെ പീടികയും ഓട്ടോറിക്ഷയും കാറും കത്തിച്ചത്. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനുശേഷം ഇതാദ്യമായാണ് ഇങ്ങനെ പരക്കെ ആക്രമണം നടക്കുന്നത്. രണ്ട് മൂന്ന് വീടുകളും ആക്രമിച്ചിട്ടുണ്ട്"
, തപാല്‍ വകുപ്പില്‍ നിന്നും പെന്‍ഷനായ ശ്രീധരന്‍ അഴിമുഖത്തോട് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന സംഭങ്ങളെ കുറിച്ച് ചന്ദ്രിക ദിനപത്രത്തില്‍ മാധ്യമപ്രവര്‍ത്തകനും ഒഞ്ചിയം സ്വദേശിയുമായ വി കെ സുരേഷ് പറയുന്നത്, "ഒരു വീട്ടുകൂടല്‍ ചടങ്ങിനിടയില്‍ രണ്ടാളുകള്‍ തമ്മില്‍ ചെറിയ തോതില്‍ ഒരു ഉന്തും തളളും നടന്നിരുന്നു. സന്ധ്യയായതോടെ ആ സംഭവം ഒരു സംഘര്‍ഷമാക്കി അവിടെത്തെ സിപിഎമ്മുകാര്‍ മുതലെടുത്തതാണെന്നാണ് ഞാന്‍ കരുതുന്നത്. വീട്ടുകൂടല്‍ ചടങ്ങിനിടയില്‍ നടന്ന സംഭവം പറഞ്ഞുകൊണ്ട് വൈകിട്ട് ഓര്‍ക്കാട്ടീരി ടൗണില്‍ സിപിഎം പ്രവര്‍ത്തകര്‍ സംഘടിക്കുകയായിരുന്നു. ടൗണില്‍ കേന്ദ്രീകരിച്ച അവര്‍ ആര്‍എംപി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.കെ ജയന്‍,അതുപോലെ തന്നെ ആര്‍എംപി ഏരിയ കമ്മിറ്റിയംഗം എ.കെ ഗോപാലന്‍ എന്നിവരെ ആക്രമിച്ചു. ഇതില്‍ എ.കെ ഗോപാലന്‍ എന്നയാള്‍ ഏകദേശം 80 വയസ് കഴിഞ്ഞ വ്യക്തിയാണ്. അദ്ദേഹം ഈ പ്രായത്തിലും അരിയിടിച്ച് അവിലുണ്ടാക്കുന്ന തൊഴില്‍ ചെയ്യുന്നു. അവില്‍ ഇടിച്ച് കഴിഞ്ഞ് എല്ലാ ദിവസവും അദ്ദേഹം ടൗണില്‍ എത്തി പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമാകും. അന്നു വൈകിട്ട് അദ്ദേഹം ടൗണില്‍ എത്തിയതായിരുന്നു. അദ്ദേഹം സിപിഎം പ്രവര്‍ത്തകന്‍ ആയിരുന്നപ്പോഴും ഗ്രാമപഞ്ചായത്തംഗമായിരുന്നു. പിന്നീട് ആര്‍എംപി ആയപ്പോഴും അദ്ദേഹം പഞ്ചായത്ത് അംഗമായിട്ടുണ്ട്. ജയനാണെങ്കില്‍ നേരത്തെ സിപിഎമ്മുകാരുടെ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ് ഇപ്പോഴും പരിക്കുകളെ അതിജീവിക്കുന്ന വ്യക്തിയുമാണ്. ഇവരെ മര്‍ദ്ദിച്ചത് കുന്നമക്കരയുളള ബ്രിജിത്ത് എന്ന പയ്യനും അവനോടൊപ്പം വന്ന കുന്നമക്കരയിലെ സിപിഎം പ്രവര്‍ത്തകരുമാണ്. മാരകമായി അടിയേറ്റ ഇവര്‍ ആര്‍എംപി ഓഫീസിലേക്ക് കയറി. അതോടെ, അക്രമികള്‍ ആയുധങ്ങളുമായി ഓഫീസിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നെ നാട്ടുകാര്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ അവിടെ നിന്നും പോയി. പിന്നീട് വിവരം അറിഞ്ഞ് വേണു ഉള്‍പ്പെടെയുളള ആര്‍എംപി നേതാക്കള്‍ ടൗണിലെത്തി. അപ്പോഴേക്കും ഒരു സംഘം സിപിഎമ്മുകാരും ടൗണില്‍ എത്തി. അവരില്‍ പലരും മുഖം മറച്ചിരുന്നു. ഇവര്‍ ടാക്‌സി സ്റ്റാന്റിലേക്ക് വന്നു. അതിനിടയില്‍ പൊലിസ് എത്തി. പൊലീസ് വന്നതോടെ സിപിഎം നേതാക്കള്‍ ആര്‍എംപിക്കാര്‍ക്കെതിരെ പോര്‍വിളി ആരംഭിച്ചു. അതോടെ ടൗണില്‍ സംഘര്‍ഷത്തിന്റെ അന്തരീക്ഷമായി മാറി.


ഈ സമയത്ത് വേണുള്‍പ്പെടെ 18 ആര്‍എംപിക്കാരെ സംരക്ഷിക്കാനെന്ന് പറഞ്ഞ് പോലീസ് പയ്യോളി സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. ഫലത്തില്‍ സംഭവിച്ചത്, പൊലീസിന്റെ തണലില്‍ സിപിഎം പ്രവര്‍ത്തകര്‍ ഓര്‍ക്കാട്ടീരി ടൗണില്‍ അഴിഞ്ഞാടുകയായിരുന്നു. പാര്‍ട്ടി ഓഫീസിന് മുമ്പിലൂടെ പോകുകയായിരുന്ന ഒ.കെ ചന്ദ്രനെ പിന്തുടര്‍ന്ന് അടിക്കുകയും അയാളുടെ വീടിന്റെ ജനല്‍ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു.  ടൗണില്‍ ആര്‍എംപി പ്രവര്‍ത്തകനായ നാരായണന്റെ റെഡിമെയ്ഡ് കട ഷട്ടര്‍ തുറന്ന് തീയിട്ട് നശിപ്പിച്ചു. പിന്നെ ആര്‍എംപി അനുഭാവിയായ അശോകന്റെ കടയ്ക്കും തീവെച്ചു. ലക്ഷക്കണക്കിനു രൂപയുടെ തുണിസാധനങ്ങള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തു. ശരിക്കും കൊളളയടിച്ചുവെന്ന് പറയാം. പീന്നീട് സമീപത്തുളള ആര്‍എംപി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയത് സിപിഎം ഏരിയാ സെക്രട്ടറി ടി.പി ബിനീഷാണ്. ഇതേത്തുടര്‍ന്ന് ആക്രമണ സംഭവങ്ങള്‍ ഒഞ്ചിയത്തേക്ക് വ്യാപിച്ചു. ഒഞ്ചിയത്ത് വെച്ച് രണ്ട് ആര്‍എംപി പ്രവര്‍ത്തകരെ അടിച്ച് കൈ ഒടിച്ചു. പിന്നീട് ഇരുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും അടിയും ആക്രമണങ്ങളും നടത്തി. ഇപ്പോള്‍ ശാന്തമാണെങ്കിലും ഭീതി നിറഞ്ഞ അന്തരീക്ഷമാണ്.
''

സംഭവത്തെ കുറിച്ച്  മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ജാഫര്‍ ഓര്‍ക്കാട്ടീരി പറയുന്നത് ഇങ്ങനെ: "കഴിഞ്ഞ ദിവസം പ്രദേശത്ത് സിപിഎമ്മിന്റെ തേര്‍വാഴ്ച്ചയാണ് നടന്നത്. പോലീസിന്റെ തണലിലാണ് ഈ ആക്രമണങ്ങളെല്ലാം സിപിഎമ്മുകാര്‍ നടത്തിയത്. മാത്രമല്ല. പ്രവര്‍ത്തകരെ കയറൂരി വിട്ടതുപോലെയായിരുന്നു. ആക്രമണം നടത്തുമ്പോള്‍ പിടിച്ച് മാറ്റാന്‍ പോലും പോലീസ് ശ്രമിച്ചില്ല. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സമയത്ത് പോലും ഇത്തരത്തിലുളള ആക്രമണം ഓര്‍കാട്ടീരിയില്‍ ഉണ്ടായിട്ടില്ല. ടിപി വധിക്കപ്പെട്ട ദിവസവും തുടര്‍ന്നുളള ഒരാഴ്ച്ചയോളം ഈ പ്രദേശം ആകെ മൂകമായിരുന്നുവെന്നല്ലാതെ ആക്രമണം ഉണ്ടായിട്ടില്ല. ഈ ടൗണില്‍ അതും ജനത്തിരക്കുളള സമയം, വൈകുന്നേരം ഏഴു മണിക്ക് ഇങ്ങനെയാരു ആക്രമണം ആദ്യമായിട്ടാണ്
.''

അതെസമയം, സംഘര്‍ഷമുണ്ടായിട്ടുണ്ടെന്നും പ്രകടനത്തില്‍ ചില ബോര്‍ഡുകളും മറ്റും തകര്‍ന്നിട്ടുണ്ടെന്നും സിപിഎം പ്രാദേശിക നേതൃത്വം സമ്മതിക്കുന്നുണ്ട്. സംഘര്‍ഷത്തിന്റെ ഒരു ഘട്ടത്തില്‍ ഒരു കാര്‍ കത്തിയിട്ടുണ്ടെന്നും നേതാക്കള്‍ സമ്മതിക്കുന്നു. പക്ഷെ, പോലിസിന്റെ തണലില്‍ ഏകപക്ഷീയമായ ആക്രമണം അഴിച്ചുവിട്ടുവെന്നത് ആര്‍എംപി പ്രചാരണമാണ് എന്നും അവര്‍ പറയുന്നു. പഴയ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ് അവര്‍. പാര്‍ട്ടിയുടെ ഏരിയാ സെക്രട്ടറിയായി ടി പി ബിനീഷ് ചുമതലയേറ്റതുമുതല്‍ മൃദുസമീപനമുളള ആര്‍എംപി പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് തിരികെ വന്നുതുടങ്ങിയിട്ടുണ്ട്. അതില്‍, ക്ഷുഭിതരായ ആര്‍എംപിക്കാര്‍ പലയിടങ്ങളില്‍ പ്രകോപനം ഉണ്ടാക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഉടലെടുത്ത സംഘര്‍ഷമെന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം.

സംഘര്‍ഷത്തിന്റെ തുടക്കം

ടി.പി ചന്ദ്രശേഖരന്റെ വധം തന്നെയാണ് ഈ സംഘര്‍ഷത്തിന്റെ തുടക്കം. പക്ഷെ, ഇടയ്ക്ക് ഈ പ്രദേശം ശാന്തമായിരുന്നു. വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും ചെറിയ തോതില്‍ പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് പക്ഷെ, നടുക്കുന്ന ആക്രമണ സംഭവങ്ങളാണ്. കഴിഞ്ഞയാഴ്ച്ച ഒരു സംഭവം ഉണ്ടായി. അതാണിപ്പോള്‍ ഒരു സംഘര്‍ഷത്തിനുളള കാരണമായതെന്നാണ് ഓര്‍ക്കാട്ടീരി സ്വദേശി പവിത്രന്‍ മാഷിന്റെ നീരീക്ഷണം. സംഘര്‍ഷത്തിലേക്ക് നയിച്ച മുഖ്യസംഭവത്തെ പറ്റി അദ്ദേഹം പറയുന്നത് ഇങ്ങനെ:  "
ഒരാഴ്ചയായിട്ട് സംഘര്‍ഷത്തിന്റെ ഒരു മേഘക്കൂട്ട് ഉരുണ്ട് കൂടിയിട്ടുണ്ടായിരുന്നു. പക്ഷെ, കഴിഞ്ഞ ദിവസത്തേത് ഒരു ഗൂഡാലോചനയുടെ ഭാഗം തന്നെയാണ്. ആദ്യം ഒരു ഓട്ടോറിക്ഷ തടയുന്നു. പിന്നെ എളങ്ങോളിയില്‍ ഒരു ആര്‍എംപി പ്രവര്‍ത്തകനെ ആക്രമിച്ചു. പിന്നീടാണ് ടൗണിലേക്ക് വരുന്നത്. കാര്‍ കത്തിച്ചു. പിന്നീട് കണ്ടത് കടകളുടെ ഷട്ടര്‍ തുറന്ന് അകത്തെ സാധനങ്ങള്‍ കത്തിക്കുന്നതാണ്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ പോലും ആക്രമിച്ച സംഭവം ഉണ്ടായി. വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചവരെ അവിടെയുളളവരെ വിളിച്ചുപറഞ്ഞ് ആക്രമിച്ചു. പൊതുവെ പറഞ്ഞാല്‍ അതൊരു തേര്‍വാഴ്ച്ച തന്നെയായിരുന്നു. തികച്ചും ആസൂത്രിതമായ അക്രമം. ഇതിന്റെ തുടക്കം കാലിച്ചന്തയില്‍ നടന്ന സംഭവമാണ്. പണ്ടുകാലത്ത് പേരുകേട്ട കന്നുകാലി ചന്തയായിരുന്നു ഓര്‍ക്കാട്ടീരി ചന്ത. ഓര്‍ക്കാട്ടീരി ശിവഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമാണിപ്പോള്‍ ചന്ത. ജനുവരി 26 മുതല്‍ 31 വരെയാണ് ഉത്സവം. അതിനിടയില്‍ ചന്തയില്‍ വെച്ച് റവല്യൂഷണറി യൂത്തിന്റെ ഒഞ്ചിയം മേഖല സെക്രട്ടറിയെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. അതാണ് തുടക്കം. ആ സംഭവത്തിന്റെ തുടര്‍ച്ചയാണ് ഈ സംഘര്‍ഷം."


സംഭവത്തിന്റെ തുടക്കത്തെ കുറിച്ച് സിപിഎം പ്രവര്‍ത്തകന്‍ പറയുന്നത് ഇങ്ങനെ: "പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷഭരിതമായ സാഹചര്യമാണുളളത്. പലയിടങ്ങളിലും ആളുകള്‍ തമ്പടിച്ചിരിക്കുകയാണ്. സംഘര്‍ഷത്തിന്റെ തുടക്കം ശരിക്കും പറഞ്ഞാല്‍, ആര്‍എംപിയില്‍ നിന്നും സിപിഎമ്മിലേക്ക് തിരിച്ചുവന്ന അനില്‍ കുമാറിനേയും കുടുംബത്തേയും ആര്‍എംപി പ്രവര്‍ത്തകര്‍ കഴിഞ്ഞ ഞായറാഴ്ച്ച വീട്ടില്‍ കയറി ആക്രമിച്ചു. അതിന്റെ ഭാഗമായി ടൗണില്‍ വെച്ച് ഇരുവിഭാഗവും തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും വാക്കേറ്റമുണ്ടായി. സംഭവം സംഘര്‍ഷത്തിലേക്ക് നയിക്കേണ്ടെന്ന് കരുതി ഇരുകൂട്ടരും പിരിഞ്ഞുപോയി. പക്ഷെ, അതിനുശേഷം ആര്‍എംപി പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐയുടെ കുന്നുമക്കര മേഖല സെക്രട്ടറി ബ്രിജിത്തിനെ ആക്രമിക്കാനായി ചെന്നു. ഡിവൈഎഫ്‌ഐ മേഖല വൈസ് പ്രസിഡണ്ട് നിഷാന്തും ബ്രിജിത്തും ടൗണില്‍ ചായ കുടിച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് ആര്‍എംപിക്കാര്‍ അവിടെ എത്തുന്നത്. അങ്ങനെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കടയുടെ ബോര്‍ഡും ഷട്ടറും തകര്‍ന്നുവെന്നത് ശരിയാണ്. ആ സംഘര്‍ഷാവസ്ഥ പിന്നീട് പടരുകയായിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുളള സംഘര്‍ഷത്തില്‍ അങ്ങോട്ടുമിങ്ങോട്ടുമുളള കല്ലേറിലാണ് അതെല്ലാം തകര്‍ന്നത്. അവര്‍ പ്രചരിപ്പിക്കുന്നതുപോലെ പോലീസിന്റെ തണലില്‍ ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. പാര്‍ട്ടി ഭരിക്കുമ്പോള്‍ അത്തരം കാര്യങ്ങള്‍ ഞങ്ങള്‍ സ്വാഭാവികമായും ചെയ്യാന്‍ മുതിരില്ല. ഈ സംഘര്‍ഷത്തിനിടയില്‍ ഫാന്‍സി കടകള്‍ക്കും കേടുപറ്റിയിട്ടുണ്ട്.


ആര്‍എംപിക്കാര്‍ പഴയ പല ഫോട്ടോകളും എടുത്ത് ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. അക്രമസംഭവങ്ങള്‍ നടന്ന ശേഷം പോലിസ് ആര്‍എംപി ഓഫീസ് റെയ്ഡ് നടത്തിയപ്പോള്‍ വാളും വടിവാളും ഇരുമ്പ് പൈപ്പുകളും അടങ്ങുന്ന വീഡിയോ ലഭിച്ചത് അതിന് തെളിവാണ്. അത് പോലിസ് കൊണ്ട് വെച്ചതാണെന്ന് അവര്‍ പറയുന്നുണ്ട്. പക്ഷെ, അതെല്ലാം തത്ക്കാലം പറഞ്ഞു നില്‍ക്കാനേ സഹായിക്കൂ. ഭരണപക്ഷത്ത് നിന്ന് അത്രത്തോളം ചെയ്യാന്‍ മാത്രം സിപിഎം പ്രവര്‍ത്തകര്‍ മണ്ടന്‍മാരല്ല. പാര്‍ട്ടിക്ക് പുതിയ ഏരിയാസെക്രട്ടറി വന്നതാണ് ആര്‍എംപിയെ പരിഭ്രാന്തരാക്കുന്നത്. ആര്‍എംപിയില്‍ നിന്നും പലരും തിരികെ വരാനുളള സംഭാഷണങ്ങള്‍ നടക്കുന്നുണ്ട്, അതാണ് മുഖ്യകാരണം. ഈ പ്രശ്‌നങ്ങള്‍ എല്ലാം തുടങ്ങുന്നത് ഓര്‍ക്കാട്ടീരി ചന്ത ദിവസമാണ്. അന്ന് ഒരു അടി നടന്നിട്ടുണ്ട്. ഓര്‍ക്കാട്ടീരി ചന്തയില്‍ ആര് അടിയുണ്ടാക്കിയാലും അത് സിപിഎമ്മുകാര്‍ ചന്ത അലങ്കോലമാക്കാന്‍ വേണ്ടി ചെയ്തതാണെന്നാണ് ബിജെപിയും ലീഗുകാരും ആര്‍എംപിക്കാരും പറഞ്ഞ് പരത്തുക".

http://www.azhimukham.com/trending-viral-cpm-has-no-right-to-protest-against-rss-fascism/

http://www.azhimukham.com/trending-viral-mswaraj-kkrema/

Next Story

Related Stories